കുഞ്ഞിക്കയോളം കവാത്ത്പറമ്പിനെ പ്രണയിച്ച ഫുട്ബാളർമാർ മലപ്പുറത്തുണ്ടാവില്ല. ബാല്യം തൊട്ട് വാർധക്യം വരെ വെള്ളപ്പട്ടാളം കവാത്ത് നടത്തിയിരുന്ന വിശാലമായ പറമ്പിൽ പന്തിനു പിറകെ തളരാതെ ഓടിയ പാക്കരതൊടി കുഞ്ഞിമുഹമ്മദ് എന്ന കുഞ്ഞിക്ക ഓർമയായിട്ട് ആറു വർഷമാകുന്നു.
മലപ്പുറം കണ്ട മികച്ച ഫുട്ബാളറും പരിശീലകനുമായിരുന്ന കുഞ്ഞിക്കയുടെയും അദ്ദേഹത്തിന്റെ കളി വേദിയായിരുന്ന കവാത്ത് പറമ്പിന്റെയും ഓർമകൾക്ക് മരണമില്ല.
പാറനമ്പിയുടെ പടിപ്പുരക്കു മുന്നിലുണ്ടായിരുന്ന പഴയ കവാത്ത്പറമ്പ് അതിവിശാലമായിരുന്നു.അന്നവിടെ നാല് കളിസ്ഥലങ്ങളുണ്ടായിരുന്നു. വലിയ മൈതാനത്ത്' വെള്ളപ്പട്ടാളം പന്ത് തട്ടുമ്പോൾ ചെറിയ മൈതാനങ്ങളിൽ നാട്ടുകാരായ ബാല്യക്കാരായിരുന്നു കാൽപന്ത് കളിച്ചിരുന്നത്. വലിയ മാങ്ങ അണ്ടി അലുമിനിയം പേപ്പറിൽ പൊതിഞ്ഞ ഗോളമായിരുന്നു കുട്ടികളുടെ അന്നത്തെ പന്ത് .വെള്ളക്കാരുടെ പന്ത് മൈതാനത്തിനു പുറത്തു പോകുമ്പോൾ അതെടുത്തുകൊടുക്കാൻ കുട്ടികളുടെ പട തന്നെ പന്തിനു പിറകെയുണ്ടാകും. കാറ്റുനിറച്ച തുകൽ ഗോളം അന്നാദ്യമായിട്ടായിരുന്നവർ കാണുന്നത്. അതു കൊണ്ടു തന്നെ പന്തിൽ തൊടാനും കയ്യിൽ പിടിക്കാനും കുട്ടികൾക്ക് വലിയ ആവേശമായിരുന്നു.എന്നാൽ, കുഞ്ഞിമുഹമ്മദ് തുകൽ ഗോളത്തോടൊപ്പം അവ തട്ടുന്ന വെള്ളക്കാരന്റെ മാന്ത്രിക കാലുകളും ശ്രദ്ധിച്ചു. അവരുടെ കളി അടവുകൾ കണ്ടു പഠിച്ച് അവ കൂട്ടുക്കാർക്കിടയിൽ പ്രയോഗിച്ചു. അങ്ങിനെ ഏഴാം വയസ്സിൽ തന്നെ കുഞ്ഞിമുഹമ്മദിന് കുട്ടികൾക്കിടയിൽ താരപരിവേഷം കൈവന്നു. വെള്ളപ്പട്ടാളത്തിൽ നിന്നും ലഭിച്ച കാൽപന്ത് കളി അടവുകൾ അവർക്കെതിരെ തന്നെ പ്രയോഗിക്കാൻ കുഞ്ഞിമുഹമ്മദടക്കമുള്ളനാട്ടുകാരെ പ്രാപ്തരാക്കി. അങ്ങിനെ ബൂട്ടിട്ട സായ്പ്പൻമാരും നഗ്നപാദരായ നാട്ടുകാരും പരസ്പരം ഏറ്റുമുട്ടി.നാട്ടുകാരുടെ ടീമിൽ മുതിർന്നവരായിരുന്നു കൂടുതലെങ്കിലും കുഞ്ഞിമുഹമ്മദിനെ പോലുള്ള മിടുക്കരായ ബാല്യക്കാരെയും ടീമിലുൾപ്പെടുത്തി. ബ്രിട്ടീഷ് റെജിമെന്റിലെ മികച്ച കളിക്കാരെ നാടൻ കളിക്കരുത്തു കൊണ്ട് തോൽപ്പിച്ചു വിട്ട ജിന്ന് മൊയ്തീന്റെയും മറ്റും കൂടെ കുഞ്ഞു കുഞ്ഞിക്കയും തകർത്തുകളിച്ചു.
ഒരിക്കൽ കവാത്ത് പറമ്പിൽ വെള്ളപ്പട്ടാളവും നാട്ടുകാരും തമ്മിൽ കളിക്കുകയാണ്. പന്തുമായി ചാട്ടുളി പോലെ കുഞ്ഞിമുഹമ്മദ് മുന്നേറുകയാണ്. തടയാൻ ശ്രമിച്ച ബ്രിട്ടീഷ് സൈനികന് കുഞ്ഞിമുഹമ്മദിൽ നിന്നും പരിക്കേറ്റു.പ്രതിഷേധ സൂചകമായി പട്ടാളക്കാർ കളി നിറുത്തി ക്യാമ്പിലേക്ക് മടങ്ങി. അന്ന് രാത്രി പട്ടാള ക്യാമ്പിൽ ഒരു സൈനികൻ മരിച്ചുവെന്ന വാർത്ത നാട്ടിലാകെ പരന്നു.സംഭവം കുഞ്ഞിമുഹമ്മദിന്റെ കാതിലുമെത്തി. പട്ടാള ക്യാമ്പിൽ ബൂട്ട് തുടയ്ക്കുന്ന ജോലി ചെയ്യുന്ന നാട്ടുകാരനോട് സംഭവത്തെക്കുറിച്ചന്വേഷിച്ചു. കേട്ടത് സത്യമാണങ്കിൽ നാടു വിടാൻ കുഞ്ഞിമുഹമ്മദ് മനസ്സിലുറപ്പിച്ചു. എന്നാൽ, മരിച്ചത് അസുഖബാധിതനായ മറ്റൊരു സൈനികനാണന്നറിഞ്ഞപ്പോഴാണ് കുഞ്ഞിമുഹമ്മദിന് ആശ്വാസമായത്.
രണ്ടാം ലോക മഹായുദ്ധ കാലത്താണ് കളിയിൽ മിടുക്കനും ആരോഗ്യവാനുമായ കുഞ്ഞിമുഹമ്മദിനെ ആർമി കമാണ്ടന്റിന്റെ പ്രത്യേക താൽപര്യപ്രകാരം ബ്രിട്ടീഷ് ആർമിയിലെടുക്കുന്നത്. ശ്രീലങ്ക, ബർമ്മ ,ഇന്തോനേഷ്യ തുടങ്ങിയ നിരവധി രാജ്യങ്ങളിൽ അദ്ദേഹം സൈന്യത്തോടൊപ്പം സഞ്ചരിച്ചു. കൂടെ പന്തും കളിച്ചു. കളി മിടുക്ക് സൈന്യത്തിലെ ഭാരിച്ച ജോലികളിൽ നിന്നും രക്ഷപ്പെടാൻ കുഞ്ഞിക്കക്ക് സഹായകമായി.പിന്നീട് ഇന്ത്യൻ ആർമിയിലെത്തിയതോടെ ബാംഗ്ലൂർ ആർമി കോറി (എ.എസ്.സി) നുവേണ്ടി പന്ത് തട്ടി. ടീമിൽ ഹാഫ് ബാക്ക് പൊസിഷനിൽ കുഞ്ചിക്ക അപാര ഫോമിലായിരുന്നു. ഡി.സി.എം, ഡ്യൂറാൻറ്, റോവേഴ്സ്, ഐ.എഫ്.എ.ഷീൽഡ് എന്നീ പ്രശസ്ത ടൂർണമെന്റുകളിൽ എ.എസ്.സിക്കു വേണ്ടി അദ്ദേഹം കളിച്ചു.
പട്ടാളത്തിൽ നിന്നും അവധിക്ക് നാട്ടിലെത്തുമ്പോൾ കവാത്തുപറമ്പിൽ കാലിൽ ബൂട്ടണിഞ്ഞായിരുന്നു കുഞ്ഞിക്ക കളിച്ചിരുന്നത്. അതാകട്ടെ നാട്ടുകാർക്ക് കൗതുക കാഴ്ചയുമായിരുന്നു. കുഞ്ഞിക്ക നാടണയുമ്പോൾ ഒരു കൂട്ടം ബൂട്ടുമായാണ് അദ്ദേഹം എത്തിയിരുന്നത്. ബൂട്ട് പലർക്കും നൽകിയിരുന്നുവെങ്കിലും അവരതിന്റെ മുകൾഭാഗം വെട്ടിമാറ്റി ചെരുപ്പാക്കി ഉപയോഗിക്കുകയായിരുന്നുവത്രെ. സൈനിക ജീവിതത്തിന്റെ അവസാന വർഷങ്ങളിൽ തിരുവനന്തപുരം പാങ്ങോട് പട്ടാള ആസ്ഥാനത്ത് ഫിസിക്കൽ ട്രെയിനറായും കുഞ്ഞിക്ക സേവനമനുഷ്ടിച്ചിട്ടുണ്ട്.
സൈനിക ജീവിതത്തോട് വിട പറഞ്ഞതോടെ കുഞ്ഞിക്കയെ കവാത്തുപറമ്പിൽ വീണ്ടും കാണാൻ തുടങ്ങി.എന്നാൽ, ഇക്കുറി പരിശീലക വേഷത്തിലാണന്ന വ്യത്യാസമുണ്ടായിരുന്നു. കുഞ്ഞിക്കയുടെ സാന്നിധ്യം കൊതിച്ച് അനേകം ചെറുപ്പക്കാർ രാവിലെയും വൈകീട്ടും കവാത്ത് പറമ്പിലെത്തിയിരുന്നു. തലയിലൊരുതൊപ്പി വെച്ച് ട്രാക്ക് സ്യൂട്ടണിഞ്ഞ് യുവാക്കളെ വെല്ലുന്ന ആവേശത്തോടെയാണ് അദ്ദേഹം പന്തിനു പിറകെ കൂടിയിയിരുന്നത്. മലബാർ ഫുട്ബാളിലെ ഗ്ലാമർ ടീമായിരുന്ന മലപ്പുറം സോക്കർ ക്ലബ്ബിനെ പതിറ്റാണ്ടുകളോളമാണ് കുഞ്ഞിക്ക പരിശീലിപ്പിച്ചത്. അദ്ദേഹത്തിന്റെ പരിശീലനക്കളരിയിൽ നിന്നും പിറവി കൊണ്ട കളിക്കാരെ എണ്ണിത്തിട്ടപ്പെടുത്തുക തന്നെ പ്രയാസമാണ്.പുതു തലമുറക്ക് പരിശീലനം നൽകുന്നത് ഒരു നിയോഗമായി ഏറ്റെടുത്ത കുഞ്ഞിക്കക്ക് തന്റെ ജീവിതത്തിന്റെ അവസാന കാലത്ത് കവാത്തുപറമ്പിന്റെ ശോചനീയാവസ്ഥയിൽ കടുത്ത പ്രതിഷേധമുണ്ടായിരുന്നു.( കുഞ്ഞിക്കയുടെ കാലശേഷമാണ് കവാത്തുപറമ്പ് എന്ന കോട്ടപ്പടി മൈതാനം പുൽതകിടിയോടു കൂടിയ സ്‌റ്റേഡിയമാക്കി മാറ്റിയത് ) അദ്ദേഹം അസുഖബാധിതനായി കിടപ്പിലാകുന്നതിനു തൊട്ടു മുമ്പുവരെ ദിവസവും കവാത്തുപറമ്പിലെത്തുമായിരുന്നു. സൂര്യോദയത്തിനു മുമ്പ് അവിടെയെത്തിയിരുന്ന കുഞ്ഞിക്ക വൈകീട്ട് എല്ലാവരും മടങ്ങിയശേഷമേ അവിടം വിടുമായിരുന്നുള്ളൂ. മൈതാനത്തെത്തിയാൽ അവിടെ കിടന്നിരുന്ന കല്ലും മുള്ളും കുപ്പിച്ചില്ലുകളും മാറ്റുന്ന ജോലി തെല്ലും മടികൂടാതെ ആ വയോധികൻ ചെയ്യുമായിരുന്നു. അദ്ദേഹമടക്കമുള്ള അനേകം പ്രതിഭാധനർ പന്തുതട്ടി വളർന്ന കവാത്തുപറമ്പ് പച്ചപ്പുല്ല് വിരിച്ച മനോഹര സ്റ്റേഡിയമാക്കിയത് കാണാനുള്ള ഭാഗ്യം കുഞ്ഞിക്കക്കുണ്ടായില്ല.എന്നാൽ, സ്‌റ്റേഡിയം നാട്ടുകാർക്ക് തുറന്നുകൊടുക്കാത്ത അധികൃതരു ടെ നടപടി അദ്ദേഹം ജീവിച്ചിരിപ്പുണ്ടായിരുന്നങ്കിൽ ശക്തമായി എതിർക്കപ്പെടുമായിരുന്നു.
മലപ്പുറം ഫുട്ബാളിന്റെ വളർച്ചയിൽ മുഖ്യ ഘടകമായിരുന്ന കവാത്ത്പറമ്പ് എന്ന കളിക്കളത്തെ സംരക്ഷിക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ച പാക്കരതൊടി കുഞ്ഞിമുഹമ്മദ് എന്ന കുഞ്ഞിക്കക്ക് അർഹിക്കുന്ന ഒരംഗീകാരവും ലഭിച്ചിട്ടില്ല.
" ബ്രിട്ടീഷുകാരിൽ നിന്നും കളി പഠിച്ച് അവരുമായി കളിച്ച ഞങ്ങളുടെ തലമുറയിൽ നിന്നുമാണ് മലപ്പുറത്ത് ഫുട്ബാൾ വളർന്നതും പ്രചരിച്ചതും. ആ തലമുറയിലെ അവസാന കണ്ണികളിലൊരാളാണ് ഞാൻ. അത് അംഗീകരിക്കാനും മനസ്സിലാക്കാനും ആരും തയ്യാറല്ല " എൺപത്തിയെട്ടുകാരാനായ കുഞ്ഞിക്ക മരിക്കുന്നതിനു മുമ്പ് ഒരിഭിമുഖത്തിൽ വേദനയോടെ പറഞ്ഞ വാക്കുകളാണിത്. ആ വാക്കുകൾ ഫുട്ബാളിനെ സ്നേഹിക്കുന്നവരുടെ മനസ്സിൽ നീറ്റലായി എന്നുമുണ്ടാകും.
കടപ്പാട് - സലീംക്ക
NB - മലപ്പുറത്തുള്ള പലോരും പറയാറുണ്ട് കേരളത്തില്‍ ആദ്യം ബൂട്ടിട്ട് കളിച്ച ആള് കുഞ്ഞിക്ക ആയിരിക്കും എന്ന്..
#കാവാത്ത്_പറമ്പ് = #കോട്ടപ്പടി_സ്റ്റേഡിയം
0 comments:
Post a Comment