Showing posts with label gkfc. Show all posts
Showing posts with label gkfc. Show all posts

Tuesday, June 16, 2020

സ്പോർട്സ് കൗൺസിലിന്റെ 'വാഴകൾ'

.

സ്പോർട്സും കൃഷിയും തമ്മിൽ എന്താ ബന്ധം.. കേൾക്കുമ്പോൾ അത്ഭുതം തോന്നിയേക്കാം.. പക്ഷെ ഞങ്ങളുടെ കേരളത്തിൽ സ്പോർട്സും കൃഷിയും തമ്മിൽ വൻ അന്തർധാരയാണുള്ളത്. ഒരു തുണ്ട് ഭൂമി പോലും കൃഷിചെയ്യാൻ ലഭിക്കാതെ / അല്ലെങ്കിൽ കൃഷിക്ക് ഉപയോഗിക്കാൻ സാധിക്കാതെ നിൽക്കുമ്പോൾ കേരളത്തിൽ സ്റ്റേഡിയങ്ങളും സ്പോർട്സ് കോംപ്ലക്സുകളും കൃഷിക്ക് എന്ത് കൊണ്ട് ഉപയോഗിച്ചുകൂടാ എന്ന വിപ്ലവാത്മകമായ ആശയമാണ് ഉരുത്തിരിഞ്ഞു വന്നിട്ടുള്ളത്. ഐഡിയ കൊടുത്തതോ..?  കേരളത്തിന്റെ കായിക വികസനം മാനം മുട്ടെ ഉയർത്തിയ ശേഷം ബാക്കിയുള്ള ഊർജ്ജം കൃഷിയുടെ വികസനത്തിനായി ചിലവഴിക്കാൻ തീരുമാനിച്ച സാക്ഷാൽ കേരള സ്പോർട്സ് കൗൺസിൽ.
 
പയ്യനാട് സ്റ്റേഡിയം നാശോന്മുഖമായി കിടക്കുന്നു, കളികൾ ഇല്ല എന്നൊക്കെ കായിക പ്രേമികൾ വിലപിക്കുമ്പോൾ അവിടം  വൃക്ഷലതാതിഫലമൂലാതികൾ കൊണ്ട് അലങ്കരിക്കാൻ ഒരുങ്ങുകയാണ് സ്പോർട്സ് കൗൺസിൽ.  പയ്യനാട് സ്റ്റേഡിയത്തിലെ പാർക്കിങ് ഏരിയ, ഇൻഡോർ സ്റ്റേഡിയം, നീന്തൽകുളം എന്നിവ പണിയാൻ ഉദ്ദേശിച്ചിട്ടുള്ള സ്ഥലത്തു വാഴകൃഷി നടത്തി നൂറു മേനി കൊയ്യാൻ ഒരുങ്ങുകയാണ് അധികൃതർ. ഒരു നല്ല കായികഭാവി ഭിക്ഷ ചോദിക്കുന്ന സ്ഥലത്തു സുഭിക്ഷകേരളം പദ്ധതിയാണ് നടത്താൻ ഉദ്ദേശിച്ചിട്ടുള്ളത്.ഈ ആഹ്ലാദകരമായ വാർത്ത ഇതുവരെ സ്പോർട്സ് കൗൺസിൽ നിഷേധിച്ചിട്ടില്ല എന്നാണ് അറിവ്...

എന്തായാലും  ഈ തീരുമാനത്തെ കായിക പ്രേമികൾ ഇരു കയ്യും നീട്ടി സ്വീകരിക്കണം എന്നാണ് എനിക്ക് പറയാൻ ഉള്ളത്.തൃശ്ശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ വെണ്ടയും അമരയും കോഴിക്കോട് പാവലും പടവലവും കോട്ടപ്പടിയിൽ പയറും മുളകും ചീരയും മറ്റിടങ്ങളിൽ നെൽകൃഷി മുതൽ കുരുമുളക് വരെ കൃഷി ചെയ്യണം. പറ്റിയാൽ അക്വാട്ടിക് കോംപ്ലെക്സിലെ നീന്തൽകുളങ്ങൾ മീൻ വളർത്തലിന് വിട്ടു കൊടുക്കണം.. നാട്ടിലെ ഗവ: സ്‌കൂളുകളിലെ ഗ്രൗണ്ടുകൾ റബ്ബർ കൃഷിക്ക് അനുയോജ്യമായി മാറ്റണം. അങ്ങിനെ കാർഷിക രംഗത്തുള്ള സ്വയം പര്യാപ്തത പെട്ടെന്ന് കൈ വരിക്കണം.. കായിക രംഗം നശിച്ചു നാറാണക്കല്ലു പിടിച്ചാലെന്താ നമുക്ക് കൃഷി നടത്താലോ. ഐ എം വിജയൻ  ഗ്രൗണ്ട് ഉഴുതു മറിക്കുന്നതും പി ടി ഉഷ ഞാറു നടുന്നതും പി യു ചിത്ര കള പറിക്കുന്നതുമൊക്കെ ഫോട്ടോ എടുത്തു ഒരു മാർക്കറ്റിങ്ങും നടത്താം. 



അല്ല സാറമ്മാരെ ഒരു ചോദ്യം..പ്രളയങ്ങളിൽ നാശ നഷ്ടങ്ങൾ നേരിട്ട ഒറിജിനൽ കർഷകർക്ക് അർഹിച്ച  ധനസഹായങ്ങൾ നൽകിയോ.. കായിക താരങ്ങൾക്ക് ജോലിയും വീടുമൊക്കെ വാഗ്ദാനം ചെയ്തിരുന്നത് പൂർത്തിയായോ.. ഇതൊക്കെ എന്തെങ്കിലും ചെയ്തിട്ട് പോരേ ഇന്നാട്ടിലെ സ്റ്റേഡിയങ്ങളിൽ കൃഷി നടത്തുന്നത്.. ആദ്യം മണ്ണിൽ പണിയെടുത്ത് തളരുന്ന കർഷകരെ സഹായിക്കാൻ ശ്രമിക്കണം. ഒപ്പം അവശത അനുഭവിക്കുന്ന കായിക രംഗത്തെ ഒന്ന് കൈപിടിച്ച് ഉയർത്തണം. ഇത് പട്ടിയൊട്ട് പുല്ല് തിന്നുകേമില്ലപശുവിനെക്കൊണ്ട് തീറ്റിക്കത്തുമില്ല എന്ന് പറഞ്ഞ ഗതിയായല്ലോ എന്റെ കായിക പരമ്പര ദൈവങ്ങളെ.. എന്തായാലും നമ്മുടെ കായിക രംഗത്തെ 'വളർത്താൻ' ഇത്രേം നല്ല ഐഡിയകൾ കണ്ടു പിടിക്കുന്ന സ്പോർട്സ് കൗൺസിൽ തലവന്മാരെ പൊന്നാട അണിയിപ്പിച്ച് ആദരിക്കണം. എന്നിട്ട് കൃഷി നടത്തുന്ന സ്റ്റേഡിയത്തിൽ നിർത്തിയാൽ കൃഷി നശിപ്പിക്കുന്ന ക്ഷുദ്ര ജീവികളും പറവകളുമൊക്കെ കണ്ടം വഴി ഓടിക്കൊള്ളും.. കണ്ടറിയാം കേരള കായികരംഗമേ നിനക്ക് എന്ത് സംഭവിക്കുമെന്ന്... 
NB: ഇനി ഇതിൽ പലരുടെയും ന്യായീകരണങ്ങളും മറ്റും  വരാനുണ്ട്. അതു കൂടിയായാൽ പൂർത്തിയായി. കേരള സംസ്ഥാനത്തെ ഏത് തരിശുഭൂമിയിലും നിങ്ങൾ കൃഷി ഇറക്കിക്കൊള്ളൂ.. എതിർപ്പില്ല.. ഈ സ്റ്റേഡിയങ്ങളെയും അനുബന്ധ സ്ഥലങ്ങളെയും ഒന്ന് ഒഴിവാക്കിക്കൂടെ എന്നൊരു അപേക്ഷ മാത്രമേ ഉള്ളു. 

📝അബ്ദുൾ റസാക്ക് സൗത്ത് സോക്കേഴ്സ് 

Saturday, November 30, 2019

ഗോകുലത്തിന്റെ തേരോട്ടത്തിന് ഇന്ന് കിക്ക് ഓഫ്





2019-20 സീസണിലേക്കുള്ള ഹീറോ ഐ ലീഗ് ഇന്ന് ആരംഭിക്കുന്നു. കേരളത്തിന്റെ അഭിമാനമായ ഡ്യൂറണ്ട് കപ്പ് ചാമ്പ്യന്മാർ ഗോകുലം കേരള എഫ് സി സ്വന്തം തട്ടകമായ കോഴിക്കോട് ഇ എം എസ് കോർപറേഷൻ സ്റ്റേഡിയത്തിൽ നേരൊക്ക എഫ് സിക്കെതിരെയാണ്  പടക്കിറങ്ങുന്നത്. മാർക്കസ് ജോസഫും ഹെൻറി കിസിക്കയും ഉബൈദും സൽമാനും ഇർഷാദും  മായക്കണ്ണനുമൊക്കെ അണിനിരക്കുന്ന മലബാറിയൻസ് ഐ ലീഗിലെ ഹോട്ട് ഫേവറൈറ്റുകളായി മാറിക്കഴിഞ്ഞു. കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും കൂടുമാറിയെത്തിയ യുവ വിങ്ങർ ജിതിൻ എം എസിന്റെ ഐ ലീഗ് അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.

©️സൗത്ത് സോക്കേഴ്സ് മീഡിയ വിംഗ്

Saturday, September 21, 2019

ഐ. എസ്. എൽ ടീമുകളോട് കൊമ്പുകോർക്കാൻ ഗോകുലം


ഡ്യുറണ്ട്‌ കപ്പ് ജേതാക്കളായ കേരളത്തിന്റെ സ്വന്തം ഐ ലീഗ് ടീമായ ഗോകുലം കേരള പ്രീസീസണ് പൂരത്തിലേക്ക്. ഐ. എസ്. എൽ ടീമുകളാണ് തങ്ങളുടെ പ്രീസീസൻ മത്സരങ്ങളുടെ ഭാഗമായി ഗോകുലത്തിനോട് ഏറ്റുമുട്ടുന്നത്. മുംബൈ എഫ്. സി, ബാംഗ്ലൂർ, അത്ലറ്റികോ ഡി കൊൽക്കത്ത, ജംഷെഡ്പൂർ, ചെന്നൈ എന്നി ക്ലബുകളാണ് ഇതിനോടകം താൽപ്പര്യം പ്രകടിപ്പിച്ചിട്ടുള്ളത്. ഇത്തവണ ഐഎസ്എൽ ക്ലബുകൾ എല്ലാം ഇൻഡ്യയിൽ തന്നെയാണ് പ്രീസീസൻ കളിക്കുന്നത്.


SouthSoccers - Together for Football

Wednesday, August 28, 2019

അപ്രതീക്ഷിതമായി ഒരു കൂടിക്കാഴ്ച്ച.


ജോലിത്തിരക്ക് മൂലം ഡ്യൂറണ്ട് കപ്പ് ഫൈനലോ സെമിയോ ഒന്നും കാണാൻ സാധിച്ചില്ല. എന്നാലും സോഷ്യൽ മീഡിയയിലൂടെ ഗോകുലത്തിന്റെ വിജയവാർത്തകൾ അറിയാൻ സാധിച്ചിരുന്നു.ചങ്ക് ബ്രോ ഉബൈദും കൂട്ടരും നേടിയ വിജയത്തിന്റെ വാർത്തകൾ കേട്ട് അഭിമാനം കൊണ്ട് കണ്ണു നിറഞ്ഞു പതീറ്റാണ്ടുകൾക്ക് ശേഷം ഏഷ്യയിലെ പഴക്കമേറിയ ടൂർണമെന്റ് കിരീടം മലയാളമണ്ണിൽ എത്തിച്ചതിൽ ഏറെ ആവേശം കൊണ്ടിരുന്നു. എന്നാൽ ടീമിനെ എയർപോർട്ടിൽ സ്വീകരിക്കാനോ റൂമിൽ പോയി കാണാനോ സാധിച്ചില്ല.ഫുട്ബോൾ സഹയാത്രികനായ അമീർ ബാബു മണ്ണാർക്കാട് നിന്ന് വന്ന് അവരെ കണ്ടത് കൂടി അറിഞ്ഞപ്പോൾ അസൂയയും സങ്കടവും തോന്നി. എന്നാൽ എന്നെ ഞെട്ടിച്ചുകൊണ്ട് 'ഉബുവും' ഷംനാദും ഇന്ന് രാവിലെ എന്റെ ഷോപ്പിൽ വന്നത് അപ്രതീക്ഷിതമായിരുന്നു. 

കോഴിക്കോട് ടൗണിൽ പോയിരുന്ന എന്നെ തേടി ഞാൻ ജോലി ചെയ്യുന്ന ഒയാസിസ്‌ ഗ്രാൻഡ് മാർട്ടിൽ രണ്ടു സുഹൃത്തുക്കൾ എത്തിയെന്നു കേട്ടപ്പോൾ ആരാണെന്ന് അന്വേഷിച്ചു. രണ്ടു ഗോകുലം താരങ്ങൾ ആണെന്നായിരുന്നു സൂപ്പർവൈസറുടെ മറുപടി.  സന്തോഷവും അഭിമാനവും തോന്നിയ നിമിഷം.അവരോട്  കുറെയേറെ ചോദിച്ചറിയാനുണ്ടായിരുന്നു. എന്നാൽ നാട്ടിൽ പോകുന്നതിന്റെ തിരക്കുകൾ കാരണം ചുരുങ്ങിയ സമയമേ അവരെ കയ്യിൽ കിട്ടിയുള്ളൂ. എന്നാലും പരിമിതമായ സമയത്തിനുള്ളിൽ കുറെ കാര്യങ്ങൾ സംസാരിച്ചു.
ഗോകുലം ഡ്യൂറണ്ട് കപ്പിന് തയ്യാറെടുത്തത് മുതൽ ആരാധകരെ പോലെ കളിക്കാരും ആവേശത്തിലായിരുന്നു. ഐ ലീഗിന് മുന്നോടിയായുള്ള പ്രീ സീസൺ ടൂർണമെന്റ് എന്നതിനേക്കാൾ ഏഷ്യയിലെ ഏറ്റവും പഴക്കമേറിയ ടൂർണമെന്റ് പുനരാരംഭിക്കുന്നു, അതിൽ കേരളത്തെ പ്രതിനിധികരിച്ചു കൊണ്ട് ഗോകുലം കളിക്കുന്നു. കഴിവ് തെളിയിക്കാൻ കിട്ടിയ മികച്ച അവസരം. ക്യാപ്റ്റൻ മാർക്കസ്ജോസെഫ് മികച്ച പ്രകടനത്തിലൂടെ ഗോൾഡൻ ബൂട്ടും ഗോൾഡൻ ബോളും സ്വന്തമാക്കി.ഉബൈദ് ഗോൾഡൻ ഗ്ലൗവും  സെമിയിലെ പെനാൽറ്റി ഷൂട്ടൗട്ടിൽ ഉബൈദിന്റെ സമ്മർദ്ദത്തെ കുറിച്ച് ചോദിച്ചപ്പോൾ സ്വതസിദ്ധമായ ചിരിയോടെ പറഞ്ഞു. ഓരുടെ ഓരോ കളിക്കാരെക്കുറിച്ചും എനക്ക് നല്ല വ്യക്തമായ ധാരണ ഉണ്ടായിരുന്നു. അത് ഒരു മേൽകൈ തന്നു. പിന്നെ പരിശ്രമവും ദൈവാനുഗ്രഹവും. മുൻപ് തനിക്ക് ഏറെ പിന്തുണ നൽകിയതും പ്രോത്സാഹിപ്പിച്ചിരുന്നതും ഈസ്റ്റ്‌ ബംഗാൾ ആരാധകർ ആയിരുന്നു എങ്കിലും കളത്തിൽ എതിർപക്ഷത്തായിരുന്നത് ദൈവനിശ്ചയമായിരുന്നിരിക്കാം. അവരുടെ ടീമിൽ കളിക്കുമ്പോൾ തന്ന സ്നേഹത്തെ കുറിച്ച് പറയുവാൻ വാക്കുകളില്ല. മാർക്കസിന്റെ പ്രകടനത്തെ കുറിച്ച് ചോദിച്ചപ്പോൾ ഷംനാദ് ഒറ്റവാക്കിൽ ഉത്തരം പറഞ്ഞു.. 'എക്സ്ട്രാ ഓർഡിനറി..'ഗോകുലത്തിന്റെ കരുത്തനായ സ്‌ട്രൈക്കർ തന്നെയാണ് ടൂർണമെന്റിന്റെ  പ്രധാന താരം എന്നത് ടീമിന്റെ ആവേശം ഇരട്ടിയാക്കി. മോഹൻ ബഗാനെതിരെ വഴങ്ങിയ ഗോളിനെ കുറിച്ച് ചോദിച്ചപ്പോൾ ഉബൈദ് പറഞ്ഞത് ഇങ്ങനെ. ഗോൾ വീണതിൽ ഒന്നു പതറിയെങ്കിലും പിന്നീട് മനസ്സാന്നിധ്യം വീണ്ടെടുത്തു. കൂടുതൽ പിഴവുകൾ വരാതിരിക്കാൻ പരമാവധി ശ്രമിച്ചു. ഫൈനൽ ആണെന്നതും എതിരാളികളെ കുറിച്ചുള്ള ബോധവും കൃത്യമായി ബോളുകൾ നേരിടാൻ മനസ്സിനെ പ്രാപ്തനാക്കി.
വിജയം ആഘോഷിക്കുന്നതിനിടക്ക് ഒരു സ്റ്റാഫ് മാത്രം പൊട്ടിക്കരയുന്ന വീഡിയോ കണ്ടു. അതാരാണെന്ന് ചോദിച്ചപ്പോൾ തങ്ങളുടെ ഫിസിയോയെ കുറിച്ച് പറയാൻ ഉബൈദിനും ഷംനാദിനും നൂറു നാക്കാണ്.


അദ്ദേഹത്തിന്റെ കഴിവിലാണ് ഫിറ്റ്നെസ്സോടെ കളിക്കാൻ സാധിച്ചതു. എതിർ താരങ്ങൾക്ക് പലപ്പോഴും ക്രാമ്പും ഇഞ്ചുറിയും നേരിട്ടെങ്കിലും തങ്ങൾക്ക് അത്തരമൊരു വിഷമഘട്ടം നേരിടേണ്ടി വന്നില്ല.മികച്ച സഹകരണമായിരുന്നു അദ്ദേഹത്തിന്റെത്.
കോച്ച് സാന്റിയാഗോ സാർ , ടെക്‌നിക്കൽ ഡയറക്ടർ ബിനോ സാർ എന്നിവരുടെ തന്ത്രങ്ങളും യഥാസമയത്തുള്ള ചേഞ്ചുകളും കളികളുടെ ഗതി നിർണയിക്കുന്നവയായിരുന്നു.ടീമിലുള്ള എല്ലാവരും ഒരേ മനസ്സോടെ പൊരുതിയതിന്റെ ഫലമാണ് നമ്മൾ നേടിയ ഈ നേട്ടം..സപ്പോർട്ടിങ് സ്റ്റാഫും മികച്ച പിന്തുണ നൽകി.മുൻ സഹകളിക്കാരായ ജോബി, മിർഷാദ്, എന്നിവർ കിരീടനേട്ടത്തിൽ അഭിനന്ദിച്ചിരുന്നു.. ഈ സീസണിൽ മൂന്നും മൂന്നു വഴിക്കായിരുന്നു എന്ന് ഷംനാദ് കൂട്ടിച്ചേർത്തു. ജോബി എ ടി കെ യിലും മിർഷാദ് ഈസ്റ്റ്‌ ബംഗാളിലുമാണ്.മോഹൻ ബഗാനിൽ എത്തിയ സുഹൈറും ആശംസകളുമായി റൂമിൽ എത്തിയിരുന്നു.  പിന്നെ ഈ നേട്ടങ്ങളും സന്തോഷങ്ങളും തങ്ങളുടെ ആരാധകരായ ബറ്റാലിയക്കും കേരളത്തിലെ ഫുട്ബോൾ പ്രേമികൾക്കുമായി സമർപ്പിക്കുന്നു. അതുപോലെ പ്രളയ ദുരന്തത്തിൽ നിസ്സഹായരായ സഹോദരങ്ങൾക്കും.
എയർപോർട്ടിൽ തങ്ങളെ  സ്വീകരിക്കാൻ ബറ്റാലിയയുടെ നേതൃത്വത്തിൽ ആരാധകർ എത്തിയത് മനസ്സ് നിറച്ചു.



ഇനിയുള്ള പ്ളാനിനെ കുറിച്ച് ചോദിച്ചപ്പോൾ ഐ ലീഗിൽ കിരീടം നേടാൻ ഉറച്ചു തന്നെയാണ് ടീമും മാനേജ്മെന്റും തയ്യാറെടുക്കുന്നത് എന്നാണ് ഇരുവരുടെയും മറുപടി. കുറച്ചു പ്രീ സീസൺ മത്സരങ്ങൾക്ക് കൂടി സാധ്യതയുണ്ടെന്നു സൂചിപ്പിച്ചപ്പോൾ ബ്ലാസ്റ്റേഴ്‌സുമായുള്ള ഒരു മത്സരത്തിന്റെ സാധ്യത അന്വേഷിച്ചപ്പോൾ ഗോകുലം തയ്യാറാണ്, ബ്ലാസ്റ്റേഴ്‌സ് കൂടി സഹകരിച്ചാൽ നടക്കും എന്നാണ് മറുപടി ലഭിച്ചത്.

എന്റെ സൂപ്പർമാർക്കറ്റിന്റെ ഭാഗമായ കാക്റ്റസ് റെസ്റ്റോ കഫെയിൽ നിന്നും അല്പം സ്നേഹസൽകാരവും കഴിഞ്ഞ ശേഷമാണ് ഞങ്ങൾ പിരിഞ്ഞത്.വീണ്ടും വരുമെന്ന പ്രതീക്ഷയോടെ അവരെ യാത്രയാക്കി.
📝
അബ്ദുൾ റസാക്ക്
സൗത്ത് സോക്കേഴ്സ്

Wednesday, August 21, 2019

നിസാരം ! ഷൂട്ടൗട്ടിൽ രക്ഷകനായി ഉബൈദ്; ഗോകുലം കേരള ഡ്യൂറന്റ് കപ്പ് ഫൈനലിൽ


ഈസ്റ്റ് ബംഗാളിനെ പെനാൽട്ടി ഷൂട്ടൗട്ടിൽ കീഴടക്കി കേരളത്തിന്റെ സ്വന്തം ഗോകുലം കേരള എഫ്സി ഡ്യൂറന്റ് കപ്പ് ഫൈനലിൽ. പെനാൽട്ടി ഷൂട്ടൗട്ടിൽ ഈസ്റ്റ് ബംഗാളിന്റെ രണ്ടു പെനാൽട്ടി സേവ് ചെയ്ത് കണ്ണൂർകാരൻ ഉബൈദാണ് ഗോകുലത്തിന്റെ വിജയ ശില്പി


ഫൈനൽ ലക്ഷ്യമാക്കി ഇറങ്ങിയ ഗോകുലത്തിന് തുടക്കത്തിൽ തന്നെ ഗോൾ വഴങ്ങേണ്ടി വന്നു. ഉബൈദിന്റെ പിഴവിൽ നിന്നും ലഭിച്ച ബോൾ ഉഗ്രൻ ഗോളിലൂടെ വലയിലാക്കി സമദ് അലീ ഈസ്റ്റ് ബംഗാളിനെ മുന്നിലെത്തിച്ചു. ഗോൾ വീണത്തോടെ ഗോകുലം നിരന്തരം ആക്രമണങ്ങൾ നടത്തിയെങ്കിലും ഒന്നും ലക്ഷ്യം കാണാൻ കഴിഞ്ഞില്ല. എന്നാൽ ഇഞ്ചുറി ടൈമിൽ ഗോകുലം നടത്തിയ മികച്ച മുന്നേറ്റം ഗോകുലത്തിന് പെനാൽട്ടി സമ്മാനിച്ചു. കിക്ക് എടുക്കാൻ വന്ന ക്യാപ്റ്റൻ ജോസഫ് ഗോൾ വലയിലാക്കി. ടൂർണമെന്റിലെ ഗോൾ നേട്ടം 9 ആക്കി ഉയർത്തി.  എക്സ്ട്രാ ടൈമിലും സമനിലയിൽ പിരിഞ്ഞതോതെ മത്സരം ഷൂട്ടൗട്ടിലേക്ക് കടന്നു. ഈസ്റ്റ് ബംഗാളിന്റെ രണ്ടു കിക്കുകൾ രക്ഷപ്പെടുത്തി ഉബൈദ് ഗോകുലത്തിന്റെ  ഹീറോ ആയി.



ഇന്ന് നടക്കുന്ന രണ്ടാം സെമിഫൈനലിലെ വിജയികളെ ഗോകുലം ഫൈനലിൽ നേരിടും. മോഹൻബഗാനും റയൽ കാശ്മീരും തമ്മിലാണ് രണ്ടാം സെമി

Saturday, March 23, 2019

കെപിൽ; എഫ് സി കേരളക്കും ഗോകുലത്തിനും വിജയം


കേരള പ്രീമിയർ ലീഗിൽ ഇന്ന് നടന്ന മത്സരങ്ങളിൽ എഫ് സി കേരളക്കും ഗോകുലം കേരള എഫ്സിക്കും വിജയം. എഫ് സി കേരള ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഷൂട്ടേഴ്സ് പടന്നയെ കീഴടക്കിയത്. ഹാരി മോറിസിന്റെ ഇരട്ടഗോളുകളാണ് ഷൂട്ടേഴ്സ് പടന്നക്ക് ലീഗിലെ ആദ്യ തോൽവി സമ്മാനിച്ചത്.വിഷ്ണുവാണ് പടന്നയുടെ ആശ്വാസഗോൾ നേടിയത്

ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ നിലവിലെ ജേതാക്കളായ ഗോകുലം കേരള എഫ്സി പുതുമുഖങ്ങളായ കോവളം എഫ് സിയെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി.  80ആം  യുവതാരം ക്രിസ്റ്റ്യൻ സമ്പയാണ് ഗോകുലത്തിന്റെ വിജയഗോൾ നേടിയത്.

ഗ്രൂപ്പിൽ നാല് മത്സരങ്ങളിൽ 12 പോയിന്റുമായി ഗോകുലം കേരള എഫ്സിയാണ് ഒന്നാമത്. മൂന്ന് മത്സരങ്ങളിൽ നിന്നും ആറ് പോയിന്റുമായി എഫ് സി കേരളയും ഷൂട്ടേഴ്സ് പടന്നയുമാണ് തൊട്ടു പിറകിൽ.

Monday, January 21, 2019

അർജുൻ ജയരാജിന്‌ വിലക്ക്


ചെന്നൈ സിറ്റിക്കെതിരായ ഐ ലീഗ് മൽസരത്തിൽ എതിർതാരത്തെ കൈമുട്ടു കൊണ്ട് ഇടിച്ചതിനു ഗോകുലം താരം അർജുൻ ജയരാജിനു രണ്ട് മത്സരങ്ങളിൽ നിന്നു വിലക്ക്. ഇതു കൂടാതെ 2 ലക്ഷം രൂപ പിഴയും അടക്കണം.എ. ഐ. എഫ്. എഫ് അച്ചടക്ക സമിതിയാണ് സസ്‌പെൻഷൻ ഏർപ്പെടുത്തിയത്.
    ചെന്നൈ മിഡ്ഫീൽഡർ ശ്രീനിവാസ് പാണ്ഡ്യനെ കളിയുടെ 48 മിനിറ്റിലാണ് ഫൗൾ ചെയ്തത്. ഇതിനു പിന്നാലെ രണ്ടു താരങ്ങളെയും റഫറി ചുവപ്പു കാർഡ് കാട്ടി പുറത്താക്കിയിരുന്നു.മത്സരത്തിൽ 3-2 നു ചെന്നൈ സിറ്റി വിജയിച്ചിരുന്നു.

Sunday, December 23, 2018

ആർക്കാണ് ഈ ഐ ലീഗിന്റെ നാശം കാണേണ്ടത്


വർത്തമാന കാലത്ത് ഏറ്റവും വലിയ ഫുട്ബോൾ മാർക്കറ്റാണ് ഇന്ത്യ എന്നതിന് യാതൊരു സംശയമില്ല,പക്ഷേ മറ്റു രാജ്യങ്ങളിലുള്ള ഫുട്ബോൾ മത്സരങ്ങൾക്ക് നമ്മുടെ രാജ്യത്ത് കിട്ടുന്ന പ്രചാരം നമ്മുടെ നാട്ടിൽ നടക്കുന്ന ലീഗുകൾക്ക് കിട്ടുന്നുണ്ടോ എന്ന കാര്യം  ചർച്ചയ്ക്കു വിധേയമാക്കേണ്ട ഒന്നായി മാറിയിരിക്കുകയാണ്, നമുക്കറിയാം സ്പാനിഷ് ലീഗ് ഇന്ത്യയിലെ പ്രേക്ഷകരെ മുൻനിർത്തിക്കൊണ്ട് അവരുടെ സമയത്തിൽ വരെ മാറ്റങ്ങൾ വരുത്തിക്കൊണ്ടാണ് പുതിയ സീസണിൽ തുടക്കം കുറിച്ചിരിക്കുന്നത്. വിദേശ ലീഗുകളിൽ കളിക്കുന്ന പല വമ്പൻ ടീമുകളും അവർ ഇന്ത്യയിലെ സാംസ്കാരികമായ ഇന്ത്യയുടെ ഓരോ ആഘോഷങ്ങളിലും പങ്കുചേരുന്നത് ഇന്ത്യ എന്ന വലിയ മാർക്കറ്റിനെ മുന്നിൽ കണ്ടുകൊണ്ടുതന്നെയാണ് എന്ന് നമുക്കെല്ലാവർക്കും അറിയാം,
ഫുട്ബോൾ അഭിനിവേഷം സിരകളിൽ ലഹരിയായി കൊണ്ടുനടക്കുന്ന അതിനുവേണ്ടി എന്ത് സാഹസത്തിനും തയ്യാറാവുന്ന ഒരു ജനവിഭാഗം ഉള്ള ഒരു നാട്ടിൽ നമ്മുടെ പ്രാദേശിക ലീഗായ i ലീഗിനെ അതിൻറെ സംരക്ഷണാവകാശം കൈവശപ്പെടുത്തിയ സ്റ്റാർ നെറ്റ്‌വർക്ക് നടത്തിക്കൊണ്ടിരിക്കുന്ന തികച്ചും അവഗണന പരം ആയിട്ടുള്ള നിലപാടുകൾ തുറന്നുകാണിക്കുക എന്നുള്ളത് ഈ നാട്ടിലെ ഓരോ കായിക പ്രേമിയുടെയും ബാധ്യതയാണ്, താരതമ്യേനെ കാൽപന്ത് സംസ്കാരം വളരെ കുറഞ്ഞ രാജ്യങ്ങളിലെ ലീഗുകൾക്ക് അതാത് രാജ്യത്തെ ടെലികാസ്റ്റിംഗ് അവകാശം നേടിയ അതോറിറ്റികൾ അവർക്ക് ചെയ്യാവുന്നതിന്റെ പരമാവതി മികവോടെ പ്രേക്ഷകരുടെ മുന്നിൽ എത്തിക്കാൻ മത്സരിക്കുന്നത് നമുക്ക് കാണാം .  ഇന്ത്യയിലെ അവസ്ഥയോ ? സാങ്കേതിക മികവില്ലാത്തതിന്റെ കാരണം കൊണ്ട് ഐ ലീഗിന്റെ പ്രേക്ഷക പിന്തുണ കുറഞ്ഞു പോകുന്നത് ലീഗിന്റെ പോപ്പുലാരിറ്റി കുറവാണെന്നു ചിത്രീകരിച്ചു മത്സരങ്ങളുടെ സംപ്രേഷണങ്ങൾ വെട്ടി ചുരുക്കി  വളർന്നു വരുന്ന പുത്തൻ കായിക സംസ്കാരത്തിന്റെ ഭാഗമാകേണ്ട ഇന്ത്യയുടെ മുൻ നിര ലീഗിനെ മാറ്റി നിർത്തുന്നത് ഒരിക്കലും അനുവദിച്ചു കൂടാ . ലൈവ് മത്സരങ്ങൾ നടക്കുന്ന സമയങ്ങളിൽ ടെലികാസ്റ്റിംഗ്‌ നടത്താതെ വർഷങ്ങൾക്കു മുന്നേ കഴിഞ്ഞു പോയ ക്രിക്കറ്റിനെയും കബഡിയുടെയും ഹൈലെറ്റസ്‌കൾ കാണിക്കുന്നതിന്റെ വാണിജ്യ തന്ദ്രം മനസിലാകുന്നില്ല . സ്റ്റാർ നെറ്റ് വർക്കിന്‌ താല്പര്യം ഇല്ല എങ്കിൽ മറ്റു ടെലികാസ്റ്റിംഗ് സ്ഥാപനങ്ങളെ അതിനു അനുവദിക്കുകയാണ് വേണ്ടത് . അല്ലാതെ ഈ രാജ്യത്തിന്റെ തനതു കാൽപ്പന്തു സംസ്കാരത്തിന്റെ മുകളിൽ കത്തി വെച്ച് കൊണ്ട് മറ്റെന്തിനേയോ വളർത്താനുള്ള പുറപ്പാട് ഈ നാട്ടിലെ കായിക പ്രബുദ്ധ സമൂഹ വക വെച്ച് തരും എന്ന് കരുതുന്നു എങ്കിൽ അതിന് സ്റ്റാർ നെറ്റ്വർക് വലിയ വില കൊടുക്കേണ്ടി വരും . അന്താരാഷ്ട്ര നിലവാരത്തിൽ ഉള്ള തത്സമയ പ്രക്ഷേപണം സാധ്യമാക്കാൻ കഴിവുള്ള സ്റ്റാർ നെറ്റ്വർക് ഇനിയെങ്കിലും ഈ ലീഗിനെ തകർക്കാൻ ഉള്ള സങ്കടിത നീക്കത്തിൽ നിന്നും പിന്മാറണം . ഇത് കാല്പന്തിനെ പ്രണയിച്ചവരുടെ അപേക്ഷ ആണ് .

അസ്ഹർ വെള്ളമുണ്ട
ഫുട്‍ബോളിനോടാണ് പ്രണയം

Thursday, November 29, 2018

വീണ്ടും ഒരു മലയാളി താരം കൂടെ ഗോകുലം എഫ്സിയിൽ ; ഒപ്പം ഘാന യുവതാരവും


ഐ ലീഗിനായി രണ്ട് താരങ്ങളെ കൂടെ ഗോകുലം കേരള എഫ്സി  രജിസ്റ്റർ ചെയ്തു. മലയാളി താരം നാസർ പിഎയെയും ഘാന യുവതാരം ക്രിസ്റ്റ്യൻ സാബയെയുമാണ് ഐ ലീഗിനായി ഗോകുലം കേരള എഫ്സി രജിസ്റ്റർ ചെയ്തത്.

മലയാളി വിംഗർ നാസർ ഇനി ഗോകുലത്തിനായി ഐ ലീഗിൽ കളിക്കും.
ഗുരുവായൂർ സ്വദേശിയായ നാസർ വ്യാസ എൻഎസ്എസ് കോളേജിലൂടെയാണ് കരിയർ തുടങ്ങിയത്. 2015-16 സീസണിൽ വാസ്കോ ഗോവയ്ക്ക് വേണ്ടി കളിച്ച താരം കഴിഞ്ഞ സീസണിലാണ് ഗോകുലം കേരള എഫ്സിയിൽ എത്തുന്നത്. എന്നാൽ പരിക്ക് മൂലം താരത്തിന് കളിക്കാൻ കഴിഞ്ഞിരിക്കുന്നില്ല. ഗോവയിൽ നടന്ന പ്രീ സീസൺ ടൂർണമെന്റായ AWES കപ്പിൽ മികച്ച പ്രകടനമാണ് നാസർ പുറത്തെടുത്ത്. ടൂർണമെന്റിൽ മൂന്ന് ഗോളുകൾക്കാണ് നാസർ ഗോകുലം കേരള എഫ്സി ക്ക് വേണ്ടി നേടിയത്.



ഘാന യുവതാരം ക്രിസ്റ്റ്യൻ സാബയാണ് ഗോകുലം ഐ ലീഗിനായി രജിസ്റ്റർ ചെയ്ത മറ്റൊരു താരം. പത്തൊമ്പതുക്കാരനായ ക്രിസ്റ്റ്യൻ സാബ ഇരു വിംഗുകളിലും ഒരു കളിക്കുന്ന താരമാണ്. നിലവിൽ റിസർവ് ടീമിനൊപ്പം കളിക്കുന്ന താരത്തിന്റെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഇതാണ് താരത്തിന് സീനിയർ ടീമിലേക്കുള്ള വഴിയൊരുക്കിയത്

Thursday, November 22, 2018

ബിനോ ജോർജ് : മലബാറിയന്സിന്റെ സ്വന്തം പെരുന്തച്ചൻ.. ദി റിയൽ ലെജൻഡ് കില്ലർ!!


തൃശ്ശൂർക്കാരനായ ബിനോ ജോർജ് എന്ന പരിശീലകന്റെ പേര് മലയാളി ഫുട്ബോൾ പ്രേമികൾ പ്രത്യേകിച്ച് ഗോകുലം ആരാധകർ മനസ്സിൽ വെച്ചാരാധിക്കാൻ  തുടങ്ങിയിരിക്കുന്നു..വെറും പരിശീലകനല്ല..കാല്പന്തിന്റെ ചാണക്യതന്ത്രങ്ങളുടെ മൂർത്തീഭാവമാണ് ബിനോ എന്ന അതികായൻ.. മലയാളി താരങ്ങൾക്ക് പ്രാമുഖ്യം കൊടുത്തുകൊണ്ട് മലയാളികളുടെ സ്വന്തം ലെജൻഡ് കില്ലേഴ്സ് ഐ ലീഗിന്റെ പോയിന്റ് ടേബിളിൽ മുന്നോട്ടു കുതിക്കുന്നത് ബിനോയുടെ ചിറകിലേറിയാണ്. യഥാർത്ഥ ലെജൻഡ് കില്ലർ ബിനോയുടെ തന്ത്രങ്ങൾ തന്നെയാണെന്ന് ഇന്ത്യൻ ഫുട്ബോൾ ലോകം മനസ്സിലാക്കാൻ തുടങ്ങിയിരിക്കുന്നു.. കേരളീയ ഫുട്ബോൾ യുവത്വത്തിന് പുത്തനുണർവ് സംഭാവന ചെയ്ത ബിനോ ജോർജിനെ കുറിച്ച് കൂടുതൽ അറിയാൻ ശ്രമിക്കാം


തൃശ്ശൂർ മോഡൽ ബോയ്സിന് വേണ്ടി പന്ത് തട്ടാൻ തുടങ്ങിയ ബിനോ അണ്ണാമലൈ യൂണിവേഴ്സിറ്റി താരമാകുകയും അതിലൂടെ തമിഴ്നാട് U21 ടീമിൽ എത്തുകയും ചെയ്തിരുന്നു. ഗോവയിലെ എം പി ടി ക്ലബിനും കൊൽക്കത്തയിലെ മുഹമ്മദന്സിനും ബാംഗ്ലൂരിലെ യുബി ക്ലബിനും പന്ത് തട്ടിയ ബിനോ കേരളത്തിൽ എഫ് സി കൊച്ചിൻ ടീമിന്റെ പോരാളിയായിരുന്നു. 

വിവ കേരളയുടെയും ചിരാഗിന്റെയുമൊക്കെ സഹപരിശീലകനായ ബിനോ യുണൈറ്റഡ് സ്പോർട്സ് ക്ലബിന്റെ മുഖ്യപരിശീലകനാകുന്നത് 2015ൽ ആണ്..കേരളത്തിലെ ആദ്യത്തെ എ എഫ് സി പ്രൊഫഷണൽ കോച്ചിംഗ് ഡിപ്ലോമ കരസ്ഥമാക്കിയ പരിശീലകൻ കൂടിയായിരുന്നു ബിനോ. കേരളത്തിൽ പുതിയ ഫുട്ബോൾ ടീം ഉണ്ടാക്കാൻ എത്തിയ സാക്ഷാൽ ഗോകുലം ഗോപാലൻ തന്റെ ടീമിനെ മുന്നിൽ നിന്ന് നയിക്കാൻ  ബിനോയെപ്പോലെയുള്ള ഒരു പോരാളിയെ തേടുകയായിരുന്നു.. പിന്നീട് നടന്നത് ചരിത്രമാണ്.. ബിനോ ജോർജ് എന്ന ചാണക്യന്റെ തന്ത്രങ്ങളിൽ ഗോകുലം കേരള എഫ്‌സി ഇന്ത്യൻ ഫുട്ബോൾ ലോകത്ത് നടത്തിയ പോരാട്ടങ്ങളുടെ ചരിത്രം. പ്രഥമ ഐ ലീഗ് സീസണിൽ തന്നെ വമ്പന്മാരായ ഈസ്റ്റ് ബംഗാളിനെയും മോഹൻബഗാനെയും അട്ടിമറിച്ച് ലെജൻഡ് കില്ലേഴ്സ് എന്ന പേര് ടീമിന് സമ്മാനിച്ചു..ഒപ്പം കേരള പ്രീമിയർ ലീഗ് ജേതാക്കളുമാക്കി.  ഇടക്കാലത്ത് ടെക്‌നിക്കൽ ഡയറക്ടറുടെ ചുമതല ഏറ്റെടുത്തെങ്കിലും പ്രീ സീസണിലെ ടീമിന്റെ തളർച്ച ബിനോയെ വീണ്ടും മുഖ്യപരിശീലകന്റെ റോളിലേക്ക് എത്തിച്ചു..ഇപ്പോൾ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള ടീമിന്റെ ബുദ്ധികേന്ദ്രം ബിനോ തന്നെയാണ്.സുഹൈർ  അർജുൻ ജയരാജ്‌, ഗനി, ഷിബിൻലാൽ, സൽമാൻ തുടങ്ങിയ മലയാളി താരങ്ങളെ ഫുട്ബോൾ പ്രേമികളുടെ മനസ്സിലേക്ക് എത്തിച്ച ബിനോ മറ്റു ടീമുകളുടെ പേടിസ്വപ്നമായി മാറുകയാണ്.. കളിക്കളത്തിൽ ബിനോയുടെ കുട്ടികൾ പോരാട്ടത്തിനിറങ്ങുമ്പോൾ ഡഗ്ഔട്ടിൽ നിർദ്ദേശങ്ങളുമായി നിൽക്കുന്ന ബിനോ ഗോകുലം ആരാധകരായ ബറ്റാലിയക്ക് താരരാജാവിനെപോലെയാണ്.


തൃശ്ശൂർക്കാരനായത് കൊണ്ടായിരിക്കണം, ഇലഞ്ഞിത്തറ മേളത്തിൽ പതിഞ്ഞു തുടങ്ങുന്ന കൊട്ട് കലാശത്തിൽ പതിനായിരങ്ങളെ ആവേശത്തിലാറാടിക്കുന്ന പോലെ പതിയെ തുടങ്ങുന്ന കളി എതിരാളികളെ മനസ്സിലാക്കി വേഗവും ഊർജ്ജവും കൂട്ടി കൊണ്ടുവന്നു കളി കൈപ്പിടിയിൽ ഒതുക്കുന്ന കേളി തന്ത്രമാണ് ബിനോയുടെത്. കുടമാറ്റത്തിൽ എതിരാളികളെ ഞെട്ടിക്കുന്ന ഐറ്റം എടുക്കുന്ന ദേശക്കാരെ പോലെ ബിനോ കൊടുക്കുന്ന സബ്സ്റ്റിട്യൂഷൻ കളിയുടെ ഗതിയെതന്നെ ഗോകുലത്തിന്റെ വരുതിയിൽ വരുത്താനുതകുന്നതായിരിക്കും. എല്ലാത്തിനുമുപരി ടീമിൽ അണിനിരക്കുന്ന ഗജവീരന്മാരുടെ നടുവിൽ തിടമ്പേറ്റിയ കൊലകൊമ്പനെപ്പോലെ ഗോകുലം കേരള എഫ്‌സിയെ നയിക്കാൻ ബിനോയെക്കാൾ മികച്ച ഒരു പരിശീലകൻ ടീം മാനേജ്മെന്റിന് ചിന്തിക്കാൻ പോലുമാകില്ല. മാനേജ്മെന്റിനും ആരാധകർക്കും ഒരുപോലെ സൂപ്പർസ്റ്റാറായ ബിനോയും പട്ടാളവും ഐ ലീഗിന്റെ തിടമ്പ് കേരളത്തിലേക്ക് എത്തിക്കട്ടെ എന്നാശംസിക്കുന്നു ..

സൗത്ത് സോക്കേഴ്സ് മീഡിയ വിങ് 

Saturday, November 17, 2018

കേരളത്തിന്റെ ഫുട്ബോൾ പ്രയാണത്തിൽ ഗോകുലത്തിന്റെ പ്രസക്തി...



ലോക ഫുട്ബോളിൽ എന്നും ആസ്വാദകന്റെ റോളിൽ മാത്രമുണ്ടായിരുന്ന മലയാളി ചെറുതായി ഗിയർ ചേഞ്ച് ചെയ്തപ്പോൾ ഒരുപിടി ക്ലബുകളും ഒരു കൂട്ടം പ്രതിഭകളുമാണ് കാല്പന്തിന്റെ സുവർണ വെളിച്ചത്തിലേക്ക് എത്തിയത്.. ഐ ലീഗും ഐ എസ് എല്ലും സെക്കൻഡ് ഡിവിഷനും ഒപ്പം കേരള പ്രീമിയർ ലീഗുമെല്ലാം അരങ്ങുതകർക്കുമ്പോൾ മലയാളി ഫുട്ബോൾ ലോകവും സ്മാർട്ടാകുകയാണ്..കേരള ബ്ലാസ്റ്റേഴ്‌സ്, ഗോകുലം കേരള, എഫ് സി കേരള,കോവളം എഫ്‌സി  സാറ്റ് തിരൂർ,എഫ്‌സി തൃശ്ശൂർ, ക്വാർട്സ് എന്നിങ്ങനെ ഇപ്പോൾ അരങ്ങേറ്റത്തിന് തയ്യാറെടുക്കുന്ന കൊച്ചി എഫ് സി വരെ എത്തി നില്കുന്നു..പ്രതിഭകളെ ഉണ്ടാക്കുന്നതിൽ എഫ് സി കേരളയും എഫ് സി തൃശൂരുമൊക്കെ തമ്മിൽ  ഒരു മത്സരം തന്നെയുണ്ടോ എന്ന് സംശയിച്ചു പോകും...അതുപോലെ അവരെ സ്വന്തമാക്കുന്നതിൽ  മറ്റു ഇന്ത്യൻ ക്ലബുകളും.. എന്തായാലും കേരള ഫുട്ബോൾ ഊർജ്ജസ്വലമായിത്തന്നെ മുന്നോട്ടു പോകുന്നുണ്ട്..


 ഗോകുലം കേരള എഫ് സി ഇത്തവണ ഐ ലീഗിൽ മികച്ച പ്രകടനം തന്നെ കാഴ്ച വെക്കുമ്പോൾ ചുക്കാൻ പിടിക്കുന്നത് മലയാളി താരങ്ങൾ തന്നെയാണ്.. ടീമിന്റെ സ്റ്റീയറിങ് വീണ്ടും ബിനോ ജോർജിനെ ഏല്പിച്ച മാനേജ്മെന്റിന്റെ വിശ്വാസം കാത്തു സൂക്ഷിക്കുന്ന പ്രകടനം തന്നെയാണ് ബിനോയുടെ ടീം കളത്തിൽ കാഴ്ചവെക്കുന്നത്..വിപി സുഹൈർ, അർജുൻ ജയരാജ്‌, ഷിബിൻരാജ്, ഗനി അഹമ്മദ് പോലെയുള്ള മലയാളി താരങ്ങൾ മലബാരിയൻസിനു വേണ്ടി കൈ മെയ് മറന്നു പൊരുതുമ്പോൾ ഇ.എം.എസ് സ്റ്റേഡിയത്തിലെ ബറ്റാലിയ സ്റ്റാൻഡ് ആവേശത്തിരയിലാറാടുകയാണ്.. ആദ്യ സീസണിൽ തന്നെ ജയന്റ് കില്ലേഴ്സ് എന്ന പേര് സമ്പാദിച്ചത് ചുമ്മാതല്ല എന്ന് ഈ സീസണിലെ പ്രകടനം അടിവരയിട്ട് പറയുന്നു.. കഴിഞ്ഞ സീസണിൽ നിന്നും വത്യസ്തമായി ഹോം മത്സരങ്ങൾ വൈകിട്ട് ആയതും ഫ്ലവർസ് ചാനലിൽ തത്സമയം സംപ്രേക്ഷണം ഉള്ളതും മലബാരിയൻസിലേക്ക് കൂടുതൽ അടുക്കാൻ ഫുട്ബോൾ ആരാധകരെ പ്രേരിപ്പിക്കുന്നുണ്ട്.. അന്റോണിയോ ജർമൻ, മൂസ തുടങ്ങിയ വിദേശ താരങ്ങൾ ഉണ്ടായിട്ടും കളികളിൽ കയ്യടിവാങ്ങുന്നത് അധികവും മലയാളി താരങ്ങളാണ്..മലയാളി യുവത്വത്തിന് പ്രാധാന്യം നൽകി ബിനോ ജോർജ് വാർത്തെടുക്കുന്ന ടീമിൽ നിന്നും അസൂയാവഹമായ നേട്ടങ്ങൾ ഇനിയും നമുക്ക് പ്രതീക്ഷിക്കാം.. അതുപോലെ കേരള ഫുട്ബോളിന്,ആരാധകർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കാൻ മുന്നോട്ടു വരുന്ന ഗോകുലം കേരള മാനേജ്മെന്റിനെയും അഭിനന്ദിക്കേണ്ടിയിരിക്കുന്നു.. മലബാറിയൻസും  ബറ്റാലിയയും കേരള ഫുട്ബോളിനെ ഇന്ത്യൻ ഫുട്ബോൾ ലോകത്തിന്റെ നെറുകയിൽ എത്തിക്കുമെന്ന് പ്രത്യാശിക്കാം..

Labels

Followers