Saturday, November 30, 2019

ഗോകുലത്തിന്റെ തേരോട്ടത്തിന് ഇന്ന് കിക്ക് ഓഫ്

2019-20 സീസണിലേക്കുള്ള ഹീറോ ഐ ലീഗ് ഇന്ന് ആരംഭിക്കുന്നു. കേരളത്തിന്റെ അഭിമാനമായ ഡ്യൂറണ്ട് കപ്പ് ചാമ്പ്യന്മാർ ഗോകുലം കേരള എഫ് സി സ്വന്തം തട്ടകമായ കോഴിക്കോട് ഇ എം എസ് കോർപറേഷൻ സ്റ്റേഡിയത്തിൽ നേരൊക്ക എഫ് സിക്കെതിരെയാണ്  പടക്കിറങ്ങുന്നത്. മാർക്കസ് ജോസഫും ഹെൻറി കിസിക്കയും ഉബൈദും സൽമാനും ഇർഷാദും  മായക്കണ്ണനുമൊക്കെ അണിനിരക്കുന്ന മലബാറിയൻസ് ഐ ലീഗിലെ ഹോട്ട് ഫേവറൈറ്റുകളായി മാറിക്കഴിഞ്ഞു. കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും കൂടുമാറിയെത്തിയ യുവ വിങ്ങർ ജിതിൻ എം എസിന്റെ ഐ ലീഗ് അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.

©️സൗത്ത് സോക്കേഴ്സ് മീഡിയ വിംഗ്

Thursday, November 14, 2019

ഫുട്ബോൾ കമ്പം മൂത്ത് നാടുവിട്ട 14 കാരനെ 46 ദിവസങ്ങൾക്ക് ശേഷം പോലീസ് കണ്ടെത്തി


News Credits : Kerala Police 

46 ദിവസമായി കാണാനില്ലായിരുന്ന 14 കാരൻ അമറിനെ ശിശുദിനം ആഘോഷിക്കുന്ന ഇന്ന് തന്നെ ഒരു നിയോഗം പോലെ കണ്ടെത്തി കേരള പോലീസ്.  വീട്ടുകാരുടേയും നാട്ടുകാരുടേയും നാളുകൾ നീണ്ട  അന്വേഷണങ്ങള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും വിരാമം.  

46 ദിവസം മുമ്പ് യാതൊരു തുമ്പുമില്ലാതെ കാണാതായ 14 കാരന്‍ അമറിനെ കണ്ടെത്താൻ വേണ്ടി അമറിന്‍റെ കുടുംബം ബഹു. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തില്‍ ബഹു. ഡിജിപിയുടെ നിര്‍ദ്ദേശാനുസരണം DYSP ശ്രീ. ജിജിമോന്റെ  നേതൃത്വത്തില്‍  പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയുണ്ടായി. സീനിയർ സിവിൽ പോലീസ് ഓഫീസർ  ജോജി , സിവിൽ പോലീസ് ഓഫീസർമാരായ നിയാസ് മീരാന്‍ , സുനില്‍ എന്നിവരായിരുന്നു അന്വേഷണ സംഘത്തിൽ.  നീണ്ട ദിവസങ്ങളിലെ അന്വേഷണത്തിനൊടുവില്‍ കോയമ്പത്തൂരില്‍ നിന്ന് അമറിനെ കണ്ടെത്തുകയായിരുന്നു. അതോടൊപ്പം കുട്ടിയെ തട്ടിക്കൊണ്ടു പോയത്  ഭിക്ഷാടന മാഫിയ ആണെന്ന് തുടങ്ങി  മറ്റ് പല  ഊഹാപോഹങ്ങൾക്കും വിരാമമായി. 

കേരളം , തമിഴ്നാട് , കര്‍ണ്ണാടക , ഗോവ , മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ  നിരവധി അനാഥാലയങ്ങളിലും , ഫുട്ബോള്‍ ക്ലബുകള്‍ , വിവിധങ്ങളായ സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ നടത്തിയ അന്വേഷണങ്ങള്‍ക്ക് ഒടുവിലാണ്  ഇന്ന് രാവിലെ കോയമ്പത്തൂരിലെ ഒരു  ഫുട്ബോള്‍ പരിശീലന കേന്ദ്രത്തിൽ ഫുട്ബോൾ കളിക്കാനായി എത്തിയ അമറിനെ  അന്വേഷണ സംഘം കണ്ടെത്തുന്നത് . പല സംസ്ഥാനങ്ങളിലെ മലയാളി അസോസിയേഷനുകള്‍ , വിവിധങ്ങളായ സോഷ്യല്‍ മീഢിയ കൂട്ടായ്മകൾ എന്നിവയുമായി  സഹകരിച്ച് പോലീസ് അന്വേഷണം തുടരുകയായിരുന്നു. എന്നാൽ ഇതൊന്നുമറിയാതെ കൂളായി വൈകുന്നേരം  പാനിപൂരി കടയില്‍ ജോലിയും രാവിലെ ഫുട്ബോള്‍ കളിയുമായി കഴിയുകയായിരുന്നു ഫുട്ബോള്‍ കമ്പക്കാരനായ  അമര്‍ .

#keralapolice

Saturday, November 9, 2019

തളർത്താനാണ് ഭാവമെങ്കിൽ കുതിക്കാനാണ് തീരുമാനം


'ചെറുതിന്റെ' വലിയ കളികൾ കാണാൻ ഇരിക്കുന്നതേ ഉള്ളു.
 ഒരു വ്യാഴവട്ടത്തെ ഇടവേളക്ക് ശേഷം സന്തോഷ്‌ ട്രോഫി നേടിയതിൽ മുഖ്യ പങ്ക് വഹിച്ച ജിതിൻ എം എസ് അന്ന് വൻ ക്ലബുകളുടെ നോട്ടപുള്ളിയായിരുന്നു. എഫ് സി കേരളയുടെ ആക്രമണങ്ങൾക്ക് കുന്തമുനയായിരുന്ന ജിതിൻ കേരള ബ്ലാസ്റ്റേഴ്സിലേക്കായിരുന്നു കൂടുമാറിയത്. എന്നാൽ പ്രതീക്ഷകൾക്ക് വിപരീതമായി സീനിയർ ടീമിൽ ഒരിക്കൽ പോലും അവസരം ലഭിച്ചില്ല. ഈ സീസണിൽ ക്യാംപിലെ ജിതിൻ ഒഴിച്ച് എല്ലാവരെയും (റിസർവ് താരങ്ങളെപ്പോലും ഉൾപ്പെടുത്തി ) വിദേശപര്യടനത്തിന് പോയപ്പോൾ കടുത്ത അവഗണയിൽ മനം നൊന്തുപോയ ആ യുവതാരം ബ്ലാസ്റ്റേഴ്സിനോട് അകലുകയായിരുന്നു. ഒരിക്കൽ കൂടി സന്തോഷ്‌ ട്രോഫി ക്യാമ്പിലേക്ക് വിളിക്കപ്പെട്ട ജിതിൻ തന്റെ പ്രതിഭ എന്താണെന്ന് തന്നെ തഴഞ്ഞവർക്കുള്ള മറുപടിയായി കളത്തിൽ കാണിച്ചു കൊടുത്തിരിക്കുകയാണ്. തമിഴ്നാടിനെതിരെ നേടിയ ആറു ഗോളുകളിൽ കേരള ടീമിനായി ജിതിൻ എം എസ് വക സംഭാവന എണ്ണം പറഞ്ഞ രണ്ടെണ്ണമാണ്.ഭാവിയുടെ വാഗ്ദാനമായ ഒരു  കളിക്കാരനെ തളർത്താൻ കളത്തിനു പുറത്ത് കളിക്കുന്നവർക്ക് ഒല്ലൂർക്കാരുടെ 'ചെറുതിന്റെ' മറുപടി കളത്തിലൂടെ തന്നെയാണ്. അതു തന്നെയാണ് ഹീറോയിസം

Labels

Followers