Showing posts with label KPL. Show all posts
Showing posts with label KPL. Show all posts

Sunday, July 5, 2020

"സ്ട്രൈക്കരെ നായ കടിച്ചു . ടീമിന് സമനില" |കഥ-5| ആനപ്പറമ്പിലെ വേൾഡ് കപ്പ് സമർപ്പിക്കുന്ന | 'കാൽപ്പന്തിന്റെ 101 കഥകൾ' |



ഇന്ന് നമ്മള്‍ പോവുന്നത് ഫുട്‌ബോള്‍ തറവാട്ടിലേക്കാണ്-ഇംഗ്ലണ്ടിലേക്ക്. കാല്‍പ്പന്ത് കളിയുടെ ആസ്ഥാനമായ രാജ്യത്ത് അസംഖ്യം ഫുട്‌ബോള്‍ ക്ലബുകളുണ്ട്. ഓരോ കൗണ്ടിക്കും സ്വന്തം ക്ലബുണ്ടെങ്കില്‍ കൊച്ചു പ്രദേശങ്ങള്‍ക്കും അവരുടെ പ്രാദേശികത ഉയര്‍ത്തി ചെറിയ ക്ലബുകളുണ്ട്. എല്ലായിടത്തും നല്ല മൈതാനങ്ങള്‍, നല്ല സംവിധാനങ്ങള്‍. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ എല്ലാവര്‍ക്കും സുപരിചിതമാണ്. 20 വന്‍ ക്ലബുകള്‍ പോരടിക്കുന്ന ലോകത്തിലെ ഏറ്റവും ആരാധകരുള്ള ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്. അവിടെ കളിക്കുന്നവര്‍ ലിവര്‍പൂളും മാഞ്ചസ്റ്റര്‍ സിറ്റിയും മാഞ്ചസ്റ്റര്‍ യുനൈറ്റഡും ആഴ്‌സനലും ചെല്‍സിയും ടോട്ടനവുമെല്ലാമാണെങ്കില്‍ ഈ കഥയിലെ ക്ലബ് എല്ലാവര്‍ക്കും അത്ര സുപരിചിതിമായിരിക്കില്ല. പക്ഷേ 121 വര്‍ഷത്തെ വലിയ പാരമ്പര്യം ക്ലബിനുണ്ട്-ടോര്‍ക്കെ യുനൈറ്റഡ് അസോസിയേഷന്‍ ഫുട്‌ബോള്‍ ക്ലബ് എന്ന ടോര്‍ക്കെ യുനൈറ്റഡ് എഫ്.സി. ഫുട്‌ബോള്‍ മൈതാനങ്ങളില്‍ ദി ഗള്‍സ് എന്നാണ് ടീം അറിയപ്പെടുക. 1899 ല്‍ സ്ഥാപിച്ച ക്ലബ് ഇംഗ്ലീഷ് ദേശീയ ലീഗില്‍ സ്ഥിരമായി കളിക്കുന്നവരാണ്. മികച്ച റെക്കോര്‍ഡും അവര്‍ക്കുണ്ട്. 2019 ല്‍ എഫ്.എ കപ്പിലും ടീം പങ്കെടുത്തിരുന്നു. മൂന്നാം റൗണ്ട് വരെയെത്തി അവിടെ ബ്രൈട്ടണോട് പരാജയപ്പെട്ടവരാണ്.
ലോക ഫുട്‌ബോള്‍ ചരിത്രത്തില്‍ ടോര്‍ക്കെയുടെ പേരില്‍ വിഖ്യാത നേട്ടങ്ങളില്ല കെട്ടോ. വലിയ കിരീടങ്ങളൊന്നും അവര്‍ സ്വന്തമാക്കിയിട്ടില്ല. അവര്‍ക്കായി സൂപ്പര്‍ താരങ്ങളാരും കളിച്ചിട്ടുമില്ല. പക്ഷേ ലോക ഫുട്‌ബോളിന്റെ രസകരമായ അധ്യായങ്ങള്‍ തിരഞ്ഞാല്‍ അവിടെ ടോര്‍ക്കെയുണ്ട്. ആ കഥയാണ് പറയാന്‍ പോവുന്നത്.

സ്‌ട്രൈക്കറെ നായ കടിച്ചു, ടീമിന് സമനില

1987 ലെ ഇംഗ്ലീഷ് ദേശീയ ഫുട്‌ബോള്‍ ലീഗ്. മെയ് 9 ന് ടോര്‍ക്കെയും ക്ര്യു അലക്‌സാണ്ടറിയയും തമ്മിലുള്ള നിര്‍ണായക പോരാട്ടം. രണ്ട് ടീമുകള്‍ക്കും മല്‍സരം നിര്‍ണായകമായിരുന്നു. കാരണം പോയിന്റ് ടേബിളില്‍ പിറകിലാണ്. പരാജയപ്പെട്ടാല്‍ തരം താഴ്ത്തല്‍ ഭീഷണിയുണ്ട്. ഇംഗ്ലീഷ് ഫുട്‌ബോളില്‍ തരം താഴ്ത്തപ്പെടുക എന്ന് പറഞ്ഞല്‍ അതിനോളം വലിയ വേദനയില്ല. ടോര്‍ക്കെ എന്ന നഗരത്തിന്റെ പ്രതിനിധികളാണ് ടോര്‍ക്കെ എഫ്.സി. തോറ്റാല്‍ താരങ്ങളെ നാട്ടുകാര്‍ തന്നെ കൈകാര്യം ചെയ്യുന്ന അവസ്ഥ. കൂടാതെ സ്വന്തം മൈതാനത്താണ് കളി. 6000 പേര്‍ക്ക് ഇരിപ്പിടമുള്ള സ്‌റ്റേഡിയത്തില്‍ അതിന്റെ ഇരട്ടി കാണികളുമുണ്ട്. മല്‍സരം ആദ്യ 45 മിനുട്ട് പിന്നിടുമ്പോള്‍ ക്ര്യു അലക്‌സാണ്ടറിയക്ക് രണ്ട് ഗോള്‍ ലീഡ്. ടോര്‍ക്കെ ക്ലബിന്റെ താരങ്ങളും ആരാധകരുമെല്ലാം നിരാശയുടെ പുതപ്പിനുള്ളിലായിരുന്നു. ക്ര്യു അലക്‌സാണ്ടറിയയുടെ പ്രതിരോധമാവട്ടെ ശക്തമായിരുന്നു. എളുപ്പത്തില്‍ കടന്നു കയറാന്‍ കഴിയാത്ത അവസ്ഥ. ആരാധകര്‍ ഒന്നുറപ്പിച്ചു-ഈ സീസണില്‍ ടീം തരം താഴ്ത്തപ്പെട്ടത് തന്നെ.
രണ്ടാം പകുതി ആരംഭിക്കുന്നു. തുടക്കത്തില്‍ തന്നെ ടോര്‍ക്കെക്ക് അനുകൂലമായ ഫ്രീകിക്ക്. ക്ര്യ അലക്‌സാണ്ടറിയാക്കാര്‍ പ്രതിരോധ മതില്‍ തീര്‍ത്തു. ടോര്‍ക്കെക്കായി ഷോട്ട് പായിക്കാന്‍ എത്തിയത് അവരുടെ സ്‌ട്രൈക്കര്‍ ജെയിംസ് ആന്റണി മഗ്നിച്ചോല്‍. പെനാല്‍ട്ടി ബോക്‌സിന് പുറത്ത് നിന്നുള്ള ഫ്രീകിക്കായിരുന്നതിനാല്‍ ചെറിയ പ്രതീക്ഷകളുണ്ടായിരുന്നു. ടീമിന് മല്‍സരത്തിലേക്ക് തിരികെ വരാന്‍ എന്തെങ്കിലും സാധ്യത ആ കിക്ക് മാത്രമായിരുന്നു. സ്‌റ്റേഡിയം നിശബ്ദം. സമ്മര്‍ദ്ദത്തിന്റെ പകല്‍ വെളിച്ചത്തില്‍ കിക്കെടുക്കാന്‍ റഫറിയുടെ വിസില്‍. മഗ്നിച്ചോല്‍ മുന്നോട്ട് വന്നു- നീളന്‍ ഷോട്ടായിരുന്നു. പ്രതിയോഗികളില്‍ ഒരാളുടെ ദേഹത് തട്ടി പന്ത് വലയില്‍ കയറി. പിന്നെ ആരവമായിരുന്നു. ഒരു ഗോള്‍ തിരിച്ചടിക്കാനായല്ലോ...
അതോടെ ടീം ആകെ മാറി. ആക്രമണങ്ങള്‍ മാത്രം. സ്‌ക്കോട്ടുലാന്‍ഡുകാരനായ മഗ്നിച്ചോല്‍ തന്നെയായിരുന്നു ആക്രമണങ്ങളുടെ സുത്രധാരന്‍. പക്ഷേ ഒരു ഗോള്‍ കൂടി തിരിച്ചടിച്ച് സമനില നേടാനുള്ള അവരുടെ ശ്രമങ്ങള്‍ നിര്‍ഭാഗ്യങ്ങളില്‍ തട്ടി. അവസാന മിനുട്ടുകളില്‍ മഗ്നിച്ചോല്‍ പന്തിനായി കുതിക്കവെ അപ്രതീക്ഷിതമായി മൈതാനത്ത് ഒരു നായ-ജര്‍മന്‍ ഷെപ്പേര്‍ഡ് വിഭാഗത്തില്‍പ്പെട്ട കൂറ്റന്‍ നായ. മഗ്നിച്ചോല്‍ പന്തിനായി ഓടുമ്പോള്‍ അതേ വേഗതയില്‍ പിറകെ നായയും. പന്ത് പുറത്തേക്ക് പോയ വേളയില്‍ കളിക്കാരന്‍ വേഗത കുറച്ചപ്പോള്‍ അതാ അദ്ദേഹത്തിന്റെ ദേഹത്തേക്ക് ചാടി കയറിയിരിക്കുന്നു വലിയ നായ. റഫറിയും സഹതാരങ്ങളും ഗ്യാലറിയും അന്ധാളിച്ച് നില്‍ക്കവെ ബ്രൈന്‍ എന്ന് പേരുളള ആ കുറ്റന്‍ നായ താരത്തിന്റെ ദേഹം കടിച്ചു കീറി. വലത് കാലിലും നന്നായി കടിച്ചു. സ്വന്തം താരത്തെ രക്ഷിക്കാന്‍ ഓടിയടുത്ത ടോര്‍ക്കെയുടെ സഹതാരങ്ങളും ഒരു നിമിഷം നായയുടെ അരികിലേക്ക് എത്താന്‍ മടിച്ചു. റഫറി വിസിലുമായി ഓടിയെത്തി. മഗ്നിച്ചോല്‍ ആകെ പരിഭ്രാന്തനായിരുന്നു. നായയുടെ ഉടമ വന്ന് രംഗം ശാന്തമാക്കിയെങ്കിലും രക്തത്തില്‍ കുളിച്ചിരുന്നു കളിക്കാരന്‍. സംഭവിച്ചത് ഇത്രയുമാണ്-പുറത്തേക്ക് പോവുന്ന പന്തിനെയാണ് മഗ്നിച്ചോല്‍ ചേസ് ചെയ്തത്. ഇംഗ്ലണ്ടിലെ ഫുട്‌ബോള്‍ സ്‌റ്റേഡിയങ്ങളുടെ പ്രത്യേകത മൈതാനത്തിന് അരികില്‍ വരെ കസേരകളുണ്ടാവും. അവിടെ കളി കാണുകയായിരുന്നു ബ്രൈന്‍ എന്ന നായയുടെ ഉടമ. പക്ഷേ മഗ്നിച്ചോല്‍ ഓടിയടുത്തപ്പോള്‍ നായ കരുതി ഈ വരവ് തന്റെ ഉടമയെ ആക്രമിക്കാനാണെന്ന്. അങ്ങനെയാണ് അവനും രംഗത്ത് വന്നത്.

മൈതാനത്ത് കിടന്ന താരത്തെ പരിചരിക്കാനായി ടീമിന്റെ മെഡിക്കല്‍ സംഘമെത്തി. പുറത്തും കാലിലും വലിയ കെട്ടുകള്‍ക്കായി അഞ്ച് മിനുട്ടോളമെടുത്തു. ഈ സമയമത്രയും രണ്ട് ടീമിലെയും കളിക്കാര്‍ മഗ്നിചോലിന് ചുറ്റുമായിരുന്നു. അവസാനം റഫറി കളി തുടരാന്‍ നിര്‍ദ്ദേശം നല്‍കി. നായയുടെ വിളയാട്ടത്തില്‍ നഷ്ടമായ അഞ്ച് മിനുട്ട് അധിക സമയമായി പ്രഖ്യാപിച്ച് കളി തുടരാന്‍ പറഞ്ഞു.
ക്ര്യു അലക്‌സാണ്ടറിയാ താരങ്ങളെല്ലാം പ്രതിരോധം തീര്‍ത്തു. അഞ്ച് മിനുട്ട് പിടിച്ചുനിന്നാല്‍ മതിയല്ലോ. പക്ഷേ ടോര്‍ക്കെയുടെ പോള്‍ ഡോബ്‌സണ്‍ എന്ന മുന്‍നിരക്കാരന്‍ പണി പറ്റിച്ചു. അസാമാന്യ വേഗതയില്‍ പന്തുമായി കയറിയ ഡോബ്‌സണ്‍ ടോര്‍ക്കെയുടെ സമനില ഗോള്‍ നേടിയപ്പോള്‍ സ്‌റ്റേഡിയം ഒരിക്കല്‍ കൂടി ആവേശഭരിതമായി. താമസിയാതെ റഫറിയുടെ ലോംഗ് വിസിലുമെത്തി. മല്‍സരം 2-2. സമനില വഴി ടോര്‍ക്കെക്കാര്‍ തരം താഴത്തല്‍ ഭീഷണിയില്‍ നിന്ന് രക്ഷപ്പെടുകയും ചെയ്തു.
അടുത്ത ദിവസത്തെ വലിയ വാര്‍ത്ത ടോര്‍ക്കെയുടെ മാനം കാത്ത താരങ്ങളായിരുന്നില്ല-ആ ജര്‍മന്‍ ഷെപ്പേര്‍ഡായിരുന്നു. കാരണം നായ രംഗ പ്രവേശം ചെയ്തിലായിരുന്നുവെങ്കില്‍ ടോര്‍ക്കെക്ക് ആ അഞ്ച് മിനുട്ട് അധികസമയം ലഭിക്കുമായിരുന്നില്ല. സമനില ഗോള്‍ സ്‌ക്കോര്‍ ചെയ്യാനും കഴിയുമായിരുന്നില്ല. സ്വന്തം താരത്തിന്റെ രക്തം കുടിച്ചെങ്കിലും ടോര്‍ക്കെ ആരാധകര്‍ ഇന്നും ബ്രൈന്‍ എന്ന നായയെ മറക്കാന്‍ വഴിയില്ല. മല്‍സരത്തിന് ശേഷം മഗ്നിച്ചോലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 17 സ്റ്റിച്ചുകള്‍ വേണ്ടി വന്നു അദ്ദേഹത്തിന്. കാലിലും പുറത്തുമായി നായയുടെ പല്ലിറങ്ങിയ മൂന്ന് വലിയ കുഴികളും.

കമാൽ വരദൂർ 🖋️

ആനപറമ്പിലെ വേൾഡ് കപ്പ് ഒരുക്കുന്ന കമാൽവരദൂർ എഴുതുന്ന 101 ഫുട്ബോൾ കഥകൾ നിങ്ങൾക്ക് സൗത്ത് സോക്കേഴ്സിലൂടെ വായിക്കാം 

Monday, June 22, 2020

"ഒരു കളി, 178 ദിവസം" |കഥ-2| ആനപ്പറമ്പിലെ വേൾഡ് കപ്പ് സമർപ്പിക്കുന്ന | 'കാൽപ്പന്തിന്റെ 101 കഥകൾ' |



നിങ്ങളൊക്കെ ഫുട്‌ബോള്‍ നന്നായി കളിക്കുന്നവരല്ലേ... ഒരു മല്‍സരം എത്ര മിനുട്ടാണ് എന്ന് കളി അറിയുന്നവരോട് ചോദിക്കുന്നത് അവരെ പരിഹസിക്കുന്നതിന് തുല്യമാണ്. 90 മിനുട്ടാണ് ഫുട്‌ബോള്‍ മല്‍സരത്തിന്റെ ഔദ്യോഗിക സമയം. ചിലപ്പോള്‍ ഇഞ്ച്വറി സമയമുണ്ടാവും. അത് ശരാശരി അഞ്ച് മിനുട്ട്. ഇനി നോക്കൗട്ട് മല്‍സരമാണെങ്കിലോ..?  90 മിനുട്ട്  മല്‍സരം സമനിലയിലാണെങ്കില്‍ 30 മിനുട്ട് അധികസമയം അനുവദിക്കും. അപ്പോഴും സമനിലയാണെങ്കില്‍ ഷൂട്ടൗട്ട്. അവിടെയും റിസല്‍ട്ട് വന്നിട്ടില്ലെങ്കില്‍ സഡന്‍ഡെത്ത് വരും. അങ്ങനെയാണ് മല്‍സരത്തില്‍ തീരുമാനമുണ്ടാവുക.  സമനിലയും അധികസമയവും ഷൂട്ടൗട്ടും പിന്നെ ഡസന്‍ഡെത്തുമെല്ലാം ചേരുമ്പോള്‍ തന്നെ 140 മിനുട്ട്. അതായത്-രണ്ടര മണിക്കൂര്‍. പക്ഷേ നമ്മുടെ ഫുട്‌ബോള്‍ ചരിത്രം നോക്കിയാല്‍ രണ്ട് വലിയ മല്‍സരങ്ങളുണ്ട്. ഒരു മല്‍സരം ദീര്‍ഘിച്ചത് മൂന്നര മണിക്കൂറോളം.  മറ്റൊരു മല്‍സരം ദീര്‍ഘിച്ചത് 178 ദിവസം. ആ കഥകളാണ് പറയാന്‍ പോവുന്നത്- കേള്‍ക്കാന്‍ റെഡിയല്ലേ...

കളിയോട് കളി

രണ്ടാം ലോക മഹായുദ്ധമെന്ന് കേട്ടാല്‍ നമ്മുടെ മുന്നിലേക്ക് വരുന്ന രണ്ട് നഗരങ്ങള്‍ ജപ്പാനിലെ ഹിരോഷിമയും നാഗസാക്കിയുമല്ലേ... പക്ഷേ യുദ്ധകാലത്ത് ഫുട്‌ബോള്‍ പ്രേമികളെല്ലാം വലിയ വേദനയിലായിരുന്നു-കളികളെല്ലാം  ഉപേക്ഷിക്കപ്പെട്ട സമയം.  പല മൈതാനങ്ങളും യുദ്ധ വേദികളായ കാഴ്ച്ച. 1945 ലായിരുന്നല്ലോ യുദ്ധത്തിന് വിരാമമായത്. അതോടെ കളിമുറ്റങ്ങളും ഉണര്‍ന്നു. 1946  മാര്‍ച്ച് 30ന്  ഇംഗ്ലണ്ടിലെ സ്‌റ്റേക്ക്‌പോര്‍ട്ടിലുള്ള വലിയ റഗ്ബി മൈതാനമായ എഡ്ഗിലി പാര്‍ക്കില്‍  അക്കാലത്തെ രണ്ട് പ്രമുഖ ഇംഗ്ലീഷ് ക്ലബുകള്‍ ഏറ്റുമുട്ടി. ആതിഥേയരായ സ്റ്റോക്ക് പോര്‍ട്ട് കൗണ്ടിയും ഡോണ്‍കാസ്റ്റര്‍ റോവേഴ്‌സും.  ഇംഗ്ലീഷ് പ്രീമിയര്‍ ലീഗായിരുന്നില്ല കെട്ടോ. സെക്കന്‍ഡ് ഡിവിഷനുമല്ല. മൂന്നാം ഡിവിഷന്‍ പോരാട്ടം. പക്ഷേ ആവേശത്തിന് കുറവുണ്ടായിരുന്നില്ല. ഇവര്‍ തമ്മിലുള്ള ആദ്യ പാദ പോരാട്ടം 2-2 ലായിരുന്നു. ഏത് വിധേനയും വിജയിയെ കണ്ടെത്താന്‍ നടന്ന രണ്ടാം പാദം 90 മിനുട്ട് പിന്നിട്ടപ്പോഴും  2-2 ല്‍ തന്നെ. അതോടെ റഫറി 30 മിനുട്ട് എക്‌സ്ട്രാ സമയം അനുവദിച്ചു. ആ സമയത്തും സമനില. അക്കാലത്ത് ഇംഗ്ലണ്ടില്‍ മാത്രം നിലവിലുണ്ടായിരുന്ന കീഴ്‌വഴക്കമായിരുന്നു ജയിക്കും വരെ കളി തുടരുക എന്നത്. അതായത്  കളി അനിശ്ചിതമായി തുടരും. ആരാണോ ആദ്യ ഗോള്‍ സ്‌ക്കോര്‍ ചെയ്യുന്നത്, അവര്‍ വിജയിക്കും. പില്‍ക്കാലത്ത് അംഗീകരിക്കപ്പെട്ട ഗോള്‍ഡന്‍ ഗോള്‍ ശൈലി പോലെ. അങ്ങനെ കളി തുടര്‍ന്നു. ആകാശത്ത് നിന്ന്് സൂര്യന്‍ മറയാന്‍ തുടങ്ങി. അപ്പോഴും ഗോളില്ല. 173- ാം മിനുട്ടില്‍ സ്‌റ്റോക്ക് പോര്‍ട്ട് സിറ്റിയുടെ  ലെസ് കോക്കര്‍ പന്ത് പ്രതിയോഗികളുടെ വലയില്‍ എത്തിച്ചിരുന്നു. അവര്‍ ആഘോഷവും തുടങ്ങങിയപ്പോഴതാ റഫറി പറയുന്നു കളിക്കാരന്‍ ഓഫ് സൈഡാണെന്ന്. ഫ്‌ളഡ്‌ലിറ്റ് സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍  സന്ധ്യയായപ്പോള്‍ കളി നിര്‍ത്തി. അന്ന് തന്നെ മറ്റൊരു റിപ്ലേ പോരാട്ടത്തിന് തീരുമാനമായി. എവിടെ കളി നടക്കണമെന്നതിന് ടോസിട്ടു. അതില്‍ ഭാഗ്യം  ഡോണ്‍കാസ്റ്ററിനായിരുന്നു. അങ്ങനെ മൂന്നാം പാദം. അതില്‍ നാല് ഗോളിന് ഡോണ്‍കാസ്റ്റര്‍ അനായാസം ജയിച്ചു. അപ്പോഴേക്കും മല്‍സരം പിന്നിട്ട സമയം കൂട്ടുകാര്‍ ഓര്‍ത്തുനോക്കു.... 3 മണിക്കൂര്‍ 23 മിനുട്ട്...! ലോക ഫുട്‌ബോള്‍ ചരിത്രത്തില്‍ ഇത്രയേറെ സമയം ചെലവഴിച്ച ഒരു മല്‍സരം ഇന്നുമില്ല...
ഇതോടൊപ്പം നമ്മുടെ കേരളത്തിലെ രസമുള്ള അനുഭവം പറയട്ടെ. ഇവിടെ മുമ്പ് പ്രമുഖ ടീമുകളുടെ മല്‍സരങ്ങള്‍ പലപ്പോഴും സമനിലകളായി മാറാറുണ്ടായിരുന്നു. അത് സംഘാടകരുടെ വേലയായിരുന്നുട്ടോ..... സംഘാടകര്‍ റഫറിമാരെ സ്വാധീനിക്കും. പ്രമുഖരുടെ പോരാട്ടമാവുമ്പോള്‍ കാണികള്‍ നിറഞ്ഞെത്തും. ആദ്യ മല്‍സരം സമനിലയില്‍ അവസാനിക്കുമ്പോള്‍ അടുത്ത ദിവസം ഇതേ മല്‍സരം നടത്തും. അന്നും കാണികള്‍ നിറഞ്ഞെത്തും. അങ്ങനെ സംഘാടകര്‍ക്ക്് കാശുണ്ടാക്കാം. ഈ കളി കച്ചവടത്തില്‍ കളിക്കാര്‍ക്കും റഫറിക്കും കമ്മീഷന്‍ നല്‍കിയിരുന്നൂട്ടോ.....

ആദ്യപകുതി 2019 ല്‍, രണ്ടാം പകുതി 2020 ല്‍

ഇനി ഏറ്റവുമധികം ദിവസമെടുത്ത മല്‍സരമാണ്....ആ ചരിത്രം നമുക്ക് അരികിലാണ് കെട്ടോ.... ഈ കോവിഡ് കാലത്ത്. സ്പാനിഷ് ലാലീഗ എന്ന് പറഞ്ഞാല്‍ നിങ്ങളെല്ലാം ചാടിയെഴുന്നേല്‍ക്കില്ലേ. അവിടെ മെസിയുണ്ട്, കരീം ബെന്‍സേമയുണ്ട്, ഈഡന്‍ ഹസാര്‍ഡുണ്ട്... അങ്ങനെ എല്ലാവരും ഇഷ്ടപ്പെടുന്ന സൂപ്പര്‍ താരങ്ങളെല്ലാം കളിക്കുന്ന വലിയ ലീഗ്. ലാലീഗയുടെ സെക്കന്‍ഡ് ഡിവിഷനിലും സൂപ്പര്‍ താരങ്ങളുണ്ട്. ഗംഭീര അങ്കങ്ങള്‍ നടക്കാറുണ്ട്. 2019 ഡിസംബര്‍ 15ന് ലാലീഗ സെക്കന്‍ഡ് ഡിവിഷനില്‍  വലിയ മല്‍സരം. ആല്‍ബെസറ്റോ എന്ന ക്ലബും റയോ വലിസാനോ എന്ന ക്ലബും നേര്‍ക്കുനേര്‍. വലിസാനോയുടെ മൈതാനത്തായിരുന്നു അങ്കം. സ്‌റ്റേഡിയം നിറഞ്ഞ് കവിഞ്ഞ ജനക്കൂട്ടം. കളി തുടങ്ങി അല്‍പ്പം കഴിയുന്നതിന് മുമ്പ് തന്നെ വലിസാനോ ഫാന്‍സ് ബഹളം തുടങ്ങി. ആല്‍ബെസറ്റോ നിരയില്‍ കളിക്കുന്ന ഉക്രൈനിയന്‍ താരം  റോമന്‍ സോസുലിക്കെതിരെയായിരുന്നു ബഹളം. റോമന്‍ വലത് പക്ഷ തീവ്രവാദിയാണെന്നും അദ്ദേഹം  നാസി അനുകൂലിയാണെന്നുമെല്ലാമുളള മുദ്രാവാക്യങ്ങളുമായി  സ്‌റ്റേഡിയത്തില്‍ ഒന്നടങ്കം വലിയ ബഹളം. റോമന്‍ മുമ്പ് വലിസാനോക്ക് കളിച്ച താരമായതിനാല്‍ അദ്ദേഹത്തെക്കുറിച്ച് ആരാധകര്‍ക്ക്് വ്യക്തമായ ചിത്രമുണ്ടായിരുന്നു. ബഹളം തുടരുന്നതിനിടെ റഫറി ആദ്യ പകുതി അവസാനിപ്പിച്ചു. ആരാധകരോട് അടങ്ങാനും റഫറി നിര്‍ദ്ദേശം നല്‍കി. എന്നാല്‍ ഒരു തരത്തിലും ആരാധകര്‍ വഴങ്ങിയില്ല. അങ്ങനെ മല്‍സരം ആദ്യ പകുതിയില്‍ അവസാനിപ്പിക്കാന്‍ റഫറി തീരുമാനിച്ചു. ആ സമയത്ത്് മല്‍സരത്തില്‍ ആരും സ്‌ക്കോര്‍ ചെയ്തിരുന്നില്ല. അതിനിടെ ആല്‍ബെസറ്റോയുടെ എഡ്ഡി ഇസ്രാഫിലോവ് ചുവപ്പ് കാര്‍ഡില്‍ പുറത്താവുകയും ചെയ്തിരുന്നു.

രണ്ടാം പകുതി എന്ന് നടത്താനാവുമെന്ന ആശയകുഴപ്പത്തില്‍ നില്‍ക്കവെയാണ് കോവിഡ് എന്ന മഹാമാരി വന്നത്. തുടര്‍ന്ന് ലോക്ഡൗണും പ്രഖ്യാപിക്കപ്പെട്ടു. കളികളെല്ലാം അവസാനിപ്പിക്കാനും തീരുമാനിച്ചതോടെ സെക്കന്‍ഡ് ഡിവിഷനിലെ ഈ പോരാട്ടം  അപൂര്‍ണമായി നിന്നു. കോവിഡില്‍ മല്‍സരങ്ങള്‍ നീണ്ട് പോയി. ഒടുവില്‍ സ്പാനിഷ് ഫുട്‌ബോള്‍ അസോസിയേഷനും സര്‍ക്കാരും കാണികളില്ലാതെ ഫുട്‌ബോള്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ചപ്പോള്‍ ആദ്യം നടത്തിയത് ഈ മല്‍സരമായിരുന്നു. അതായത് രണ്ടാം പകുതി. 2020 ജൂണ്‍ ഒമ്പതിനായിരുന്നു പോരാട്ടം. 45 മിനുട്ട്  മാത്രമായി അങ്കം തുടര്‍ന്നപ്പോള്‍  ആല്‍ബെസറ്റോ നിരയില്‍ പത്ത് പേര്‍ മാത്രം. ഗ്യാലറി ശൂന്യമായത് കൊണ്ട് ബഹളമില്ല. ലൂയിസ് അഡ്വിന്‍സുല നേടിയ ഗോളില്‍ വലിസാനോ ജയിച്ചു കയറിയപ്പോള്‍ പിറന്നത് വലിയ ചരിത്രം.
178 ദിവസം കൊണ്ടാണ് ഈ മല്‍സരം പൂര്‍ണമായത്. ഇങ്ങനെ ഒരു മല്‍സരവും ചരിത്രത്തില്‍ ഇല്ല.

കമാൽ വരദൂർ 🖋️

Sunday, June 21, 2020

"ബ്രസീല്‍ കരഞ്ഞ ആ രാത്രി" |കഥ-1| ആനപ്പറമ്പിലെ വേൾഡ് കപ്പ് സമർപ്പിക്കുന്ന | 'കാൽപ്പന്തിന്റെ 101 കഥകൾ' |



കൂട്ടുകാരേ,
ഒരു പന്ത് നിങ്ങള്‍ തട്ടിയാല്‍ എത് എത്ര ദൂരം പോവും...? അത് നിങ്ങളുടെ തട്ടലിന്റെ ശക്തി പോലെയിരിക്കുമല്ലേ.... അതേ, ഫുട്‌ബോളിന് അതിര്‍ത്തിയില്ല. ദൂരെ, ദൂരെ, വേഗ വേഗത്തില്‍ അത് പോവും. 6000 വര്‍ഷത്തെ ഫുട്‌ബോള്‍ പാരമ്പര്യത്തിലുടെ സഞ്ചരിച്ചാല്‍ കഥകള്‍ക്ക് പഞ്ഞമില്ല. ഓരോ മല്‍സരവും ഓരോ കഥയല്ലേ... മല്‍സരങ്ങള്‍, അതിന്റെ ഒരുക്കം, വിജയം അല്ലെങ്കില്‍ തോല്‍വി-എല്ലാം നല്ല കഥകളാണ്. എനിക്ക് വളരെ ഇഷ്ടപ്പെട്ട, കേട്ടപ്പോള്‍ കരഞ്ഞ് പോയ ഒരു കഥയില്‍ തുടങ്ങട്ടെ... അത് നിങ്ങള്‍ക്കും ഇഷ്ടപ്പെടും. ഈ കഥ നടന്ന സ്ഥലവും വ്യക്തിയുടെ വീടും ഞാന്‍ സന്ദര്‍ശിച്ചതാണ്. കഥ കേള്‍ക്കാന്‍ റെഡിയല്ലേ....

ബ്രസീല്‍ എന്ന് കേട്ടാല്‍ അത് ഫുട്‌ബോളാണല്ലോ...? നമ്മുടെ ഇന്ത്യയെക്കാള്‍ വലിയ രാജ്യം. വിസ്തീര്‍ണത്തില്‍ ഇന്ത്യ ഏഴാമതാണെങ്കില്‍ ബ്രസീല്‍ അഞ്ചാമതാണ്. നമ്മുടെ രാജ്യം പോലെ തന്നെ പ്രകൃതിരമണീയമായ രാജ്യം. മലകളും കുന്നുകളും താഴ്‌വരകളും പുഴകളുമെല്ലാമായി അടിപൊളി. ആ വലിയ രാജ്യത്തിലുടെ സഞ്ചരിച്ചാല്‍ എവിടെയും കാണാം നല്ല ഗ്രൗണ്ടുകള്‍. എല്ലാവരും കളിക്കുന്നത് ഫുട്‌ബോള്‍. വിഖ്യാത നഗരങ്ങള്‍ പലതുമുണ്ട് കെട്ടോ ബ്രസീലില്‍. സാവോപോളോ അതി വലിയ പട്ടണമാണ്. ബ്രസീലിയ രാജ്യത്തിന്റെ ആസ്ഥാനമാണ്. പക്ഷേ നമ്മള്‍ പോവുന്നത് റിയോഡി ജനീറോയിലേക്കാണ്.

അവിടെ വിഖ്യാതമായ ഒരു മൈതാനമുണ്ട്- അറിയില്ലേ- മരക്കാന.... ആ പേര് കേള്‍ക്കുമ്പോള്‍ തന്നെ ആവേശമായില്ലേ നിങ്ങള്‍ക്ക്.... ലോകത്ത് ഏത് ഫുട്‌ബോള്‍ താരവും കളിക്കാന്‍ കൊതിക്കുന്ന മൈതാനം. ഞങ്ങള്‍ സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ടര്‍മാരുടെ വലിയ സ്വപ്‌നവും അവിടെ പോയി മല്‍സരം റിപ്പോര്‍ട്ട് ചെയ്യലാണ്. ഈ കാര്യത്തില്‍ ഞാന്‍ ഭാഗ്യാവാനാണ് കെട്ടോ- 2014 ലെ ലോകകപ്പിലും 2016 ലെ റിയോ ഒളിംപിക്‌സിലുമായി നിരവധി തവണ മരക്കാനയില്‍ പോയി മല്‍സരം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.


ലോകകപ്പിന്റെ ചരിത്രമെല്ലാം കൂട്ടുകാര്‍ക്ക് പരിചയമുള്ളതാണല്ലോ. 1930 ലായിരുന്നു ആദ്യ ലോകകപ്പ്-അതങ്ങ് ഉറുഗ്വേയില്‍. നാല് വര്‍ഷത്തിന് ശേഷം 1934 ല്‍ ഇറ്റലിയിലെത്തി ലോകകപ്പ്. വീണ്ടും നാല് വര്‍ഷത്തിന് ശേഷം ലോകകപ്പ് നടന്നത് 1938 ല്‍ ഫ്രാന്‍സില്‍. പക്ഷേ നമ്മള്‍ പറയാന്‍ പോവുന്ന കഥ നാലാം ലോകകപ്പിലേതാണ്. 1950 ല്‍ ബ്രസീല്‍ ആതിഥേയരായ ആദ്യ ലോകകപ്പ്. 2014 ലെ ലോകകപ്പിന് പോയപ്പോള്‍ സാവോപോളോ നഗരത്തില്‍ വെച്ച് ഒരാളെ പരിചയപ്പെട്ടു. കരീസോ മസോക്ക എന്നായിരുന്നു പേര്. സാവോപോളോ നഗരത്തിലെ പൗലിസ്റ്റ അവന്യൂവിലെ 21-ാം സ്ട്രീറ്റില്‍ പുസ്തക വില്‍പ്പനക്കാരന്‍. കടുത്ത ഫുട്‌ബോള്‍ പ്രേമി. അദ്ദേഹത്തിന്റെ പിതാവ് ഉബാതേ മസോക്ക.  1950 ലെ ലോകകപ്പ് ഫൈനല്‍  നേരില്‍ കാണാന്‍ ജീവിതത്തിലെ മൊത്തം സമ്പാദ്യവുമായി സാവോപോളോയില്‍ നിന്നും 400 കീലോമീറ്റര്‍ അകലെയുള്ള റിയോയിലേക്ക് പിതാവ് പോവുന്നു. പിറ്റേ ദിവസം കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി പിതാവ് തിരികെ വന്ന കാഴ്ച്ചയാണ് കരീസോ പറഞ്ഞത്.  അദ്ദേഹം പറഞ്ഞ കഥ കേട്ടപ്പോള്‍ എന്റെ കണ്ണും നിറഞ്ഞു.

നേരത്തെ ഞാന്‍ പറഞ്ഞില്ലേ, ഫുട്‌ബോള്‍ എന്നാല്‍ ബ്രസീലുകാര്‍ക്കത് ജീവനാണ്. എന്നും അടിപൊളി ടീമാണ് ബ്രസീല്‍. കളിക്കാരോട് ജനത്തിനെല്ലാം വലിയ ആരാധനയാണ്. ഫുട്‌ബോളിനെ ഇത്രമാത്രം സ്‌നേഹിച്ചിട്ടും നമുക്കെന്താ ലോകകപ്പ് ഒരിക്കല്‍ പോലും ലഭിക്കാത്തത് എന്ന വലിയ ചോദ്യം എല്ലാ ബ്രസീലുാര്‍ക്കുമുണ്ടായിരുന്നു. ആദ്യ ലോകപ്പ് ഉറുഗ്വേക്കാര്‍ റാഞ്ചി. അത് സഹിക്കാനാവുമായിരുന്നില്ല ബ്രസീലുകാര്‍ക്ക്. കാരണം ഉറുഗ്വേ അവരുടെ അയല്‍ക്കാരാണ്. കൊച്ചുരാജ്യവും. അവര്‍ ലോകകപ്പ് നേടിയെങ്കില്‍ എന്ത് കൊണ്ട് നമുക്കത് പാടില്ല എന്ന ചോദ്യം എല്ലാ ബ്രസീലുകാര്‍ക്കുമുണ്ടായിരുന്നു. അതിനവരേ കുറ്റം പറയാനുമാവില്ല. കാരണം അത്ര മാത്രം അവര്‍ കാല്‍പ്പന്തിനെ സ്‌നേഹിച്ചിരുന്നുട്ടോ...
50 ല്‍ സ്വന്തം നാട്ടില്‍ ലോകകപ്പ്. എല്ലാവരും മതിമറന്നു. ലോകകപ്പ് നേരില്‍ കാണാമല്ലോ. അവരുടെ പ്രാര്‍ത്ഥന പോലെ സ്വന്തം ടീം ഫൈനലില്‍. എതിരാളികളോ ബദ്ധ വൈരികളായ ഉറുഗ്വേ. 1950 ജൂലൈ 16ന് ഫൈനല്‍. അത് മരക്കാനയില്‍. ഒരു ലക്ഷമാളുകള്‍ക്ക്് അവിടെ ഇരിപ്പിടമുണ്ട്. പക്ഷേ എത്തിയത് രണ്ട് ലക്ഷം പേര്‍. ഓര്‍ത്തുനോക്കു, ഇത്തരത്തിലൊരു അവസ്ഥ. മൈതാനത്തിന്റെ ടച്ച്് ലൈന്‍ വരെ ആളുകള്‍. ചരിത്രത്തില്‍  തന്നെ ഏറ്റവും വലിയ കാണികള്‍. എവിടെയും സാംബാതാളം. എല്ലാവരും അണിഞ്ഞത് മഞ്ഞക്കുപ്പായം. സ്‌റ്റേഡിയത്തിന് പുറത്തും ലക്ഷകണക്കിനാളുകള്‍. കൂട്ടുകാരേ, ഇന്നുള്ളത് പോലെ വലിയ ടെലിവിഷന്‍ സ്‌ക്രീന്‍ ഒന്നും അന്നില്ല. സ്‌റ്റേഡിയത്തിന് പുറത്ത് തിങ്ങിനിറഞ്ഞവരുടെ പ്രതീക്ഷ ഗ്യാലറികളിലെ ആരവങ്ങള്‍ മാത്രമായിരുന്നു. ആരവങ്ങള്‍ ഉയര്‍ന്നാല്‍ അത് ഗോളാണെന്ന് അവര്‍ തിരിച്ചറിയും.  മല്‍സരം തുടങ്ങുന്നതിന് മുമ്പ് ചെറുതായി ചാറ്റല്‍ മഴ പെയ്തു. നമ്മളെ പോലെ തന്നെ വലിയ വിശ്വാസികളാണ് ബ്രസീലുകാര്‍. ചാറ്റല്‍ മഴ ശുഭലക്ഷണമാണെന്ന് എല്ലാ ബ്രസീലുകാരും കരുതി. കളി തുടങ്ങി. ബ്രസീലിന് അവസരങ്ങളുടെ പെരുമഴ. ഗോള്‍ മാത്രമില്ല. ആദ്യ പകുതിയില്‍ 0-0. രണ്ടാം പകുതി ആരംഭിച്ചതും ബ്രസീല്‍ മുന്നിലെത്തി. ഫ്രൈക്ക എന്ന മധ്യനിരക്കാരനായിരുന്നു സ്‌ക്കോറര്‍. സ്‌റ്റേഡിയം പൊട്ടിത്തെറിച്ചു. ഗ്യാലറിയിലും ഗ്യാലറിക്ക്് പുറത്തും എല്ലാവരും കെട്ടിപ്പിടിച്ചു. ആ ഗോള്‍ പക്ഷേ ഉറുഗ്വേയെ ഉണര്‍ത്തുകയാണ് ചെയ്തത്. ജുവാന്‍ ആല്‍ബെര്‍ട്ടോ ഷിയാഫിനോ വഴി അധികം താമസിയാതെ ഉറുഗ്വേ ഒപ്പമെത്തി. പക്ഷേ ആ ഗോളില്‍ ഒരു കൈയ്യടി പോലുമുണ്ടായില്ല. കാരണം സ്‌റ്റേഡിയത്തിലെ രണ്ട് ലക്ഷവും ബ്രസീലുകാരായിരുന്നു. അവര്‍ക്ക് വലിയ ഷോക്കായിരുന്നു ആ സമനില ഗോള്‍. പിന്നെ മൈതാനമെന്നത് ശ്മശാനം പോലെയായിരുന്നു. ബ്രസീലുകാര്‍ തളര്‍ന്നു. അവസരം കാത്തിരുന്ന ഉറുഗ്വേയുടെ സൂപ്പര്‍ താരം ഗിഗിയ ഓടിക്കയറി. ബ്രസീലിന്റെ ഗോള്‍ക്കീപ്പര്‍ മോസിര്‍ ബാര്‍ബോസ മുന്നോട്ട് വന്നു. ഗോള്‍ക്കീപ്പര്‍ക്കും പോസ്റ്റിനും ഇടയിലുടെ ഗിഗിയ പന്ത് വലയിലാക്കിയപ്പോള്‍ ഉറുഗ്വേക്ക് ലീഡ്.... മല്‍സരം അവസാനിക്കാന്‍ 11 മിനുട്ട് മാത്രം ബാക്കി. സ്‌റ്റേഡിയത്തില്‍ ഒരു കുട്ടി പോലും മിണ്ടുന്നില്ല. എല്ലാവരും കരയുകയായിരുന്നു. റഫറിയുടെ ലോംഗ് വിസില്‍ മുഴങ്ങങിയപ്പോള്‍ ഉറുഗ്വേക്കാര്‍ തുള്ളിച്ചാടി. രണ്ട് ലക്ഷം ബ്രസീലുകാരും ഒന്നും മിണ്ടാതെ സ്‌റ്റേഡിയം വിട്ടു. എല്ലാ കടകളും അടച്ചു. ബാറുകള്‍ പൂട്ടി. പൊട്ടിക്കരയുന്ന ബ്രസീലുകാരായിരുന്നു എങ്ങും. സ്വന്തം മൈതാനത്ത്, ബദ്ധ വൈരികളായ അയല്‍ക്കാരോട് ലോകകപ്പ് ഫൈനലില്‍ തോല്‍ക്കുകയെന്നത് ഒരു ബ്രസീലുകാരനും ആലോചിക്കാന്‍ പോലും കഴിയുമായിരുന്നില്ല. പിന്നീട് അഞ്ച് തവണ ബ്രസീല്‍ ലോകകപ്പ് നേടിയല്ലോ. കൂട്ടുകാര്‍ക്കറിയില്ലേ പെലെ, ഗാരിഞ്ച, ദീദി, വാവ, റൊണാള്‍ഡോ തുടങ്ങിയവരെയെല്ലാം. എല്ലാവരും  ലോകകപ്പ് നേടിയവര്‍. പക്ഷേ ഒരു ബ്രസീലുകാരനോട് ചോദിച്ചാല്‍ ഈ അഞ്ച് നേട്ടത്തേക്കാള്‍ അവന്റെ അഭിമാനത്തെ സാരമായി ബാധിച്ചത് 50 ലെ ആ ഫൈനല്‍ തോല്‍വിയാണ്. ഇപ്പോഴും ആ തോല്‍വിയോര്‍ത്ത് അവര്‍ കരയാറുണ്ട്.
അന്ന് പൊട്ടിക്കരഞ്ഞ ബ്രസീലുകാരില്‍ ഒരാളായിരുന്നു  മുകളില്‍ പറഞ്ഞ കരീസോയുടെ പിതാവ് ഉബാതേ മസോക്ക. അദ്ദേഹം അടുത്ത ദിവസമാണ് റിയോയില്‍ നിന്നും സാവോപോളോയിലെത്തിയത്. മധുരവുമായി തിരികെ വരുന്ന പിതാവിനെയും കാത്ത് കരീസോ കാത്തു നിന്നിരുന്നു. പക്ഷേ പിതാവ് ഒന്നും മിണ്ടാതെ സ്വന്തം ചെറിയ മുറിയില്‍ കയറി. പിന്നെ അദ്ദേഹം എഴുന്നേറ്റില്ല. ഹൃദയാഘാതത്തില്‍ അദ്ദേഹം മരിച്ചു. ആ സംഭവത്തിന് ശേഷം ഓരോ ജൂലൈ 16 ഉം കരീസോക്ക് വേദനയാണ്.....
ലോക ഫുട്‌ബോളില്‍ ഏറ്റവും വലിയ വേദനാ മല്‍സരം ഇതായിരുന്നു. കഥ അവസാനിപ്പിക്കുന്നതിന് മുമ്പ് ഒന്ന് കൂടെ പറയട്ടെ. 2014 ലെ ലോകകപ്പ് സെമിയില്‍ ബ്രസീല്‍ ഏഴ് ഗോളിന് ജര്‍മനിയോട് തോറ്റതും വലിയ കഥയാണ്. ആ മല്‍സരം ഞാന്‍ നേരില്‍ കണ്ടത്. ആ കഥയുടെ വൈകാതെ പറയാട്ടോ...... 

കമാൽ വരദൂർ 🖋️


കാല്പന്തിനെ പ്രണയിച്ചവർക്കായി ഇതാ ആനപ്പറമ്പിലെ വേൾഡ് കപ്പ് സമർപ്പിക്കുന്ന .." കാൽപ്പന്തിന്റെ 101 കഥകൾ "




2018 JUNE 15
റഷ്യ യിൽ നടന്ന  വേൾഡ്കപ്പിന്റെ ആദ്യ മൽസരം നടന്നിട്ട്  ഇന്നേക്ക്‌ 2 വർഷം തികയുന്നു. ഇൗ രണ്ടു വർഷങ്ങളുടെ ഇടവേളയിൽ ആണ് ആനപ്പറമ്പിലെ വേൾഡ് കപ്പ് സിനിമയുടെ പ്രാരംഭ പ്രവർത്തനങ്ങളും  ഷൂട്ടിങ്ങും നടന്നത് . സിനിമയുടെ POST PRODUCTION ജോലികൾ നടന്നു കൊണ്ടിരിക്കുകയാണ് .   ഇൗ കോവിഡ് കാലം  കഴിഞ്ഞു തീയേറ്ററുകളിൽ തുറക്കുമ്പോൾ ഇൗ കൊച്ചു സിനിമയും നിങ്ങളെ സന്തോഷിപ്പിക്കാൻ എത്തും.  ഫുട്ബോളും ഫാന്റസിയും ചേർന്നുള്ള രസക്കൂട്ടാണ് ഇൗ സിനിമ നിറയെ. ആന്റണി വർഗീസും ( നിങ്ങളുടെ സ്വന്തം പെപ്പെ ) , ബാലു വർഗീസും ലൂക്മാനും , ടീ ജീ രവിയും ,  ഐ എം വിജയനും , ജോപോൾ അഞ്ചേരിയും കൂടെ ഒരു കൂട്ടം കുട്ടികളും കൂടാതെ കുറച്ച്  സർപ്രൈസുകളും നിങ്ങൾക്കായി കാത്തിരിക്കുന്നു . 

സിനിമയുടെ പ്രമോഷൻ ഭാഗമായി പ്രശസ്ത  സ്പോർട്സ് ലേഖകനും ,  എഴുത്തുകാരനും ചന്ദ്രിക പത്രത്തിന്റെ ചീഫ് എഡിറ്ററുമായ   കമാൽ വരദൂർ എഴുതുന്ന  " കാൽപന്തിനെ 101 കഥകൾ "  നിങ്ങൾക്കുവേണ്ടി ഒരുങ്ങുകയാണ് . കേരളത്തിലെ ഫുട്ബാളിന്റെ  പ്രമുഖ സോഷ്യൽ മീഡിയ കൂട്ടായ്മ സൗത്ത്സോക്കേഴ്സ് ലൂടെയും  @aanapparambileworldcup എന്ന ഫേസ്ബുക്ക് & ഇൻസ്റ്റ പേജുകളിൽ കൂടിയും  ഇൗ കൊച്ചു കഥകൾ നിങ്ങൾക്ക് വായിക്കാം . 
കാല്പന്തിനെ പ്രണയിച്ചവർക്കായി ഇതാ ആനപ്പറമ്പിലെ വേൾഡ് കപ്പ് സമർപ്പിക്കുന്ന .." കാൽപ്പന്തിന്റെ 101 കഥകൾ " 

നിഖിൽ പ്രേംരാജ് ,(ഡയറക്ടർ -ആനപ്പറമ്പിലെ വേൾഡ് കപ്പ്)

Coming soon ...

Monday, June 15, 2020

സെക്കന്റ്‌ ഡിവിഷൻ റീലോഡഡ്: എഫ് സി കേരളയും കളത്തിലിറങ്ങുന്നു.



ഒരിടവേളക്ക് ശേഷം സെക്കന്റ്‌ ഡിവിഷൻ ഐ ലീഗ് പുനരാംഭിക്കാൻ സാധ്യത ഉള്ളതായി റിപ്പോർട്ടുകൾ.എട്ടു ടീമുകൾ പങ്കെടുക്കുന്ന നോകൗട്ട് ടൂർണമെന്റിനാണ് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ തയ്യാറെടുക്കുന്നത്. ഐ ലീഗ്,  ഐ എസ് എൽ ടീമുകളുടെ റിസർവ് ടീമുകളെ ഒഴിവാക്കി മറ്റു പ്രൊഫെഷണൽ ടീമുകളാണ് മത്സരിക്കുന്നതത്രെ. ലഭ്യമായ വിവരങ്ങൾ അനുസരിച് ഗ്രൂപ്പ്‌ എയിൽ നിന്ന് ഗർവാൾ എഫ്‌സി, ലോൺസ്റ്റർ കശ്മീർ എഫ്‌സി, രാജസ്ഥാൻ എഫ്സി എന്നിവരും ഗ്രൂപ്പ്‌ ബിയിൽ നിന്ന് മുഹമ്മദൻസ്, ഭവാനിപുർ എഫ്സി എന്നിവരും ഗ്രൂപ്പ് സിയിൽ നിന്ന് എഫ് സി കേരള, അര എഫ്‌സി,  ബാംഗ്ലൂർ യുണൈറ്റഡ് എന്നിവരും മത്സരിക്കും.

 ജേതാവിന് അടുത്ത വർഷത്തെ ഐ ലീഗ് എൻട്രിയാണ് ലഭിക്കുക. എന്തായാലും ഒരിടവേളക്ക് ശേഷം ഇന്ത്യൻ മണ്ണിൽ ഫുട്‍ബോളിന്റെ ആരവങ്ങൾ ഉയരുമ്പോൾ കേരളത്തിന്റെ പ്രതിനിധികളായി എഫ്‌സി കേരളയും മത്സരിക്കുന്നുവെന്നത് ഏറെ ശ്രദ്ധേയമായ വിഷയമാണ്.മികച്ച പ്രകടനം കാഴ്ചവെക്കാനായാൽ അടുത്ത സീസണിൽ ഗോകുലത്തിനോടൊപ്പം എഫ് സി കേരളയും ഐ ലീഗിൽ പന്തു തട്ടുമെന്ന് പ്രത്യാശിക്കാം. 

നോകൗട്ട് ടൂർണമെന്റ് ആയതു കൊണ്ട് തന്നെ മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിക്കുമെന്നാണ് ചെമ്പടയുടെ ആരാധകർ വിശ്വസിക്കുന്നത്. പൊതുവായ ഒരു വേദിയാകും മത്സരത്തിന് തിരഞ്ഞെടുക്കുക എന്നാണ് അറിയാൻ സാധിച്ചത്. കൂടുതൽ വിവരങ്ങൾ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ വാർത്താകുറിപ്പായി പുറത്തു വിടുമെന്നാണ് കരുതുന്നത്.

Tuesday, April 30, 2019

കേരള പ്രീമിയർ ലീഗ് : അവസാന അങ്കങ്ങൾ കോഴിക്കോട്


കേരള പ്രീമിയർ ലീഗിന്റെ  സെമി,ഫൈനൽ വേദികളായി.കോഴിക്കോട് ഇ എം എസ് സ്റ്റേഡിയമാണ് കലാശപോരാട്ടങ്ങൾക്കുള്ള അങ്കത്തട്ട്. 11നും 12നും നാല് മണിക്ക് സെമിയും 14നു ഫൈനലും നടക്കും.
കേരള ബ്ലാസ്റ്റേഴ്സ് റിസർവിന് ആദ്യമായി സെമിയിൽ എത്തുന്ന എഫ് സി കേരള എതിരാളികളാകുമ്പോൾ ഗോകുലം കേരള എഫ് സിയുടെ എതിരാളികളാരെന്ന് വ്യക്തമായിട്ടില്ല.

Sunday, April 22, 2018

കേരള പ്രീമിയർ ലീഗിലും സൂപ്പറാകാൻ ഗോകുലം എഫ് സി..

ഐ ലീഗിലെയും സൂപ്പർ കപ്പിലേയും പോരാട്ടത്തിന് പുറമേ 'ജയന്റ് കില്ലേഴ്സിനെ' കാത്തിരിക്കുന്നത് കെ പി എല്ലിലെ പോരാട്ടങ്ങൾ.. പുതിയ സ്പാനിഷ് കോച്ച് വലേറെക്കൊപ്പം പുത്തൻ പരീക്ഷണങ്ങളുമായാണ് ഗോകുലം കേരള എഫ്‌സി കെ പി എല്ലിൽ അണിനിരക്കുന്നത്.. ഫോർമേഷനും പൊസിഷനിങ്ങും അടിമുടി മാറ്റിപ്പരീക്ഷിക്കുന്ന വലെറയുടെ തീരുമാനങ്ങളെ ശരിവെക്കുന്ന പ്രകടനമാണ് ഗോകുലം ഇപ്പോൾ കാഴ്ചവെക്കുന്നത്..സെൻട്രൽ എക്സൈസിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് തകർത്താണ് ഗോകുലം കെ പി എല്ലിലെ പടയോട്ടം ആരംഭിച്ചത്. അടുത്ത മത്സരം ഇന്ന് ശക്തരായ എഫ് സി കേരളയുമായാണ്. സെക്കന്റ്‌ ഡിവിഷൻ ഐ ലീഗിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന എഫ് സി കേരള വമ്പന്മാരെയെല്ലാം പുറകിലാക്കി ടേബിൾ ടോപ്പർമാരാണ്.
എന്നാൽ ഗോകുലം കളിക്കാരെല്ലാം ഫിറ്റ്നസ് വീണ്ടെടുത്തതും സുഹൈർ അടക്കമുള്ള മുന്നേറ്റ നിര മികച്ച ഫോമിൽ തുടരുന്നതും തുടരുന്നതും ബാറിന് കീഴിൽ അജ്മലിന്റെ അത്യുജ്ജല പ്രകടനവും വലെറയുടെ ആത്മവിശ്വാസം ഉയർത്തുന്നു.. മാത്രമല്ല തന്ത്രങ്ങളുടെ ആശാൻ ടെക്നിക്കൽ ഡയറക്ടർ  ബിനോ ജോർജിന്റെ  മേൽനോട്ടം കൂടിയാകുമ്പോൾ ഗോകുലം പതിന്മടങ്ങ് ശക്തിയാർജ്ജിക്കും..
എന്തായാലും ഗോകുലം എഫ് സി കേരള മത്സരത്തെ ആവേശത്തോടെ കാത്തിരിക്കുകയാണ് ഗോകുലത്തിന്റെ ആരാധകരായ ബറ്റാലിയ..
®സൗത്ത് സോക്കേഴ്സ് മീഡിയ വിങ്..
കൂടുതൽ ഫുട്‌ബോൾ വാർത്തകൾക്ക് ഞങ്ങളുടെ ഫേസ്ബുക്ക് പേജ് സന്ദർശിക്കൂ.

Saturday, April 21, 2018

കേരള പ്രീമിയർ ലീഗിലെ ആവേശപ്പോരാട്ടം നാളെ..

ഈ വർഷത്തെ കേരള പ്രീമിയർ ലീഗിന്റെ ആവേശം ഉയർത്തുന്ന പോരാട്ടമാണ് നാളെ നടക്കുന്നത്. കോഴിക്കോട് ഇ എം എസ് കോർപറേഷൻ സ്റ്റേഡിയത്തിൽ ഐ ലീഗിന്റെ തിളക്കവുമായി  സാക്ഷാൽ 'ജയന്റ് കില്ലേഴ്സ്' ഗോകുലം കേരള എഫ് സി അണി നിറക്കുമ്പോൾ മറുപുറത്ത് സെക്കന്റ്‌ ഡിവിഷൻ ഐ ലീഗിൽ മികച്ച പ്രകടനം കാഴ്ച വെക്കുന്ന എഫ് സി കേരളയാണ് കച്ചമുറുക്കുന്നത്.. കഴിഞ്ഞ സീസണിൽ കോട്ടപ്പടിയിൽ നടന്ന ഹോം മത്സരത്തിൽ ഗോകുലം എഫ് സി കേരളയെ പരാജയപ്പെടുത്തിയപ്പോൾ തൃശ്ശൂരിലെ സ്വന്തം തട്ടകത്തിൽ ഗോകുലത്തെ തകർത്തെറിഞ്ഞാണ് എഫ് സി കേരള മധുര പ്രതികാരം ചെയ്തത്..ഈ സീസണിൽ ഇരു ടീമുകളും കരുത്തരാണ്.ഐ ലീഗിൽ വമ്പന്മാരെ പരാജയപ്പെടുത്തിയ ഗോകുലം പ്രീമിയർ ലീഗിൽ സെൻട്രൽ എക്സൈസിനെ തറ പറ്റിച്ച കരുത്തിലാണ്.എഫ് സി കേരളയാണെങ്കിൽ  കേരള ബ്ലാസ്റ്റേഴ്‌സ് റിസേർവ് ടീമിനെ പിറകിൽ നിന്നും കയറി വന്നു തോല്പ്പിച്ചു കൊണ്ട് ആരാധക പ്രശംസയും നേടിയിട്ടുണ്ട്. സെക്കന്റ്‌ ഡിവിഷനിൽ ആകെ ഓസോണിനു മുന്നിൽ മാത്രം പതറിയെങ്കിലും ഇപ്പോളും എഫ് സി കേരള സെക്കന്റ്‌ ഡിവിഷൻ ഐ ലീഗിന്റെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ്.
പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിലാണ് നാളെ ചെമ്പട ഗോകുലത്തെ നേരിടുന്നത്.   ഇമ്മാനുവൽ,ഡെൻകോവിസ്കി, മൂസ, സുശാന്ത്, സുഹൈർ എന്നിവർ ഗോകുലത്തിന് വേണ്ടി ബൂട്ടണിയുമ്പോൾ സില, ബാല,മൈക്, എം എസ്  ജിതിൻ, ശുബാങ്കർ എന്നിവർ ചെമ്പടക്ക് വേണ്ടി അണി നിരക്കുന്നു. അജ്മലും അസ്ഫറും ഇരു ഗോകുലത്തിനും എഫ് സി കേരളക്കും വേണ്ടി ഗോൾ വല കാക്കുന്നു.ബിനോ ജോർജും ടിജി പുരുഷോത്തമനും നേർക്ക് നേർ വരുന്ന പോരാട്ടത്തിൽ രണ്ടു പ്രതിഭാശാലികളായ പരിശീലകരുടെ തന്ത്രങ്ങൾ കളിയെ എങ്ങിനെ മാറ്റി മറിക്കുമെന്നത് പ്രവചനാതീതം ആണ്..
നാളെ വൈകീട്ട് നാലു മണിക്ക് നടക്കുന്ന ഈ ഗ്ലാമർ പോരാട്ടത്തിനെ ആവേശത്തോടെ സ്വീകരിക്കാൻ ഒരുങ്ങുകയാണ് ഇരു ടീമുകളുടെയും ആരാധകരായ  ബറ്റാലിയയും റെഡ് വാരിയേഴ്സും..

അബ്ദുൾ റസാക്ക്
®SouthSoccers Media wing
For more football updates follow us on Facebook
https://www.facebook.com/SouthSoccers/

Wednesday, April 18, 2018

കെപിഎൽ; ക്വാർട്സിന് തുടർച്ചയായ രണ്ടാം ജയം




കേരള പ്രീമിയർ ലീഗിൽ തുടർച്ചയായ രണ്ടാം വിജയവുമായി ക്വാർട്സ് എഫ് സി. ഇന്ന് വൈകിട്ട് എറണാംകുളം അബേദ്ക്കർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടുഗോളുകൾക്ക് ക്വാർട്സ് സെൻട്രൽ എക്സൈസിനെ പരാജയപ്പെടുത്തി. സാമ്താങ്ങിലൂടെ 52ആം മിനുട്ടിൽ ക്വാർട്സാണ് ലീഡ് നേടിയത് എന്നാൽ 68ആം മിനുട്ടിൽ ഷംനാസ് സെൻട്രൽ എക്സൈസിന് സമനില നേടി കൊടുത്തു. 81ആം മിനുട്ടിൽ ലഭിച്ച ഫ്രീകിക്ക് മനോഹരമായി വലയിലെത്തിച്ച് ജോസഫ് ക്വാർട്സിനെ രണ്ടാം ജയം സമ്മാനിച്ചു. ആദ്യ മത്സരത്തിൽ ക്വാർട്സ് ശക്തരായ എസ് ബി ഐ കേരളയെ തോൽപ്പിച്ചിരുന്നു

Tuesday, April 10, 2018

കെ പി ൽ ; എസ് ബി ഐ കേരള ജയത്തോടെ തുടങ്ങി




കേരള പ്രീമിയർ ലീഗ് അഞ്ചാം സീസണിൽ ജയത്തോടെ തുടക്കം കുറിച്ച് എസ് ബി ഐ കേരള. കരുത്തരായ സെൻട്രൽ എക്സൈസിനെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് രണ്ടു തവണ കെ പി ൽ ചാമ്പ്യന്മാരായ എസ് ബി ഐ കേരള തോൽപ്പിച്ചത്. ജിജോ, സ്റ്റെഫിൻ എന്നിവർ എസ് ബി ഐ കേരളയ്ക്കായി ലക്ഷ്യം കണ്ടു. 

ഗോൾ ഒഴിഞ്ഞു നിന്ന ആദ്യ പകുതിയിൽ  ഇരുടീമുകളും മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല. എന്നാൽ 50ആം മിനുട്ടിൽ മുൻ സന്തോഷ് ട്രോഫി താരം ജിജോ ജോസഫ് ഫ്രീ കിക്ക് ഗോളിൽ ആദ്യ ഗോൾ എസ് ബി ഐ കേരളക്ക് സമ്മാനിച്ചു. 76ആം മിനുട്ടിൽ സ്റ്റെഫിൻ എസ് ബി ഐയുടെ രണ്ടാം ഗോൾ നേടി വിജയം ഉറപ്പിച്ചു. സന്തോഷ് ട്രോഫി ഫൈനലിലെ താരം മിഥുന്റെ മികച്ച പ്രകടനമാണ് സെൻട്രൽ എക്സൈസിന് ഗോൾ തടഞ്ഞു നിർത്തിയത്.

Sunday, April 8, 2018

കെ പി എൽ; ഡിപ്പാർട്ട്മെന്റ് ടീമുകളുടെ പോരാട്ടത്തിൽ കേരള പോലീസിന് ജയം




കേരള പ്രീമിയർ ലീഗ് അഞ്ചാം സീസണിൽ ഡിപ്പാർട്ട്മെന്റ് ടീമുകളുടെ പോരാട്ടത്തിൽ കേരള പോലീസ് കൊച്ചിൻ പോർട്ട് ട്രസ്റ്റിനെ എതിരില്ലാത്ത രണ്ടു ഗോളിന് തോൽപ്പിച്ചു. ജിംഷാദ്,സുജിൽ എന്നിവർ കേരള പോലീസിനായി ഗോളുകൾ നേടി 

ഗോൾ അകന്നു നിന്ന ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് കേരള പോലീസ് 2 ഗോളുകളും നേടിയത്. 52ആം  പെനാൽട്ടി ലക്ഷ്യത്തിലെത്തിച്ച് ജിംഷാദ് കേരള പോലീസിന് ലീഡ്. 76ആം മിനുട്ടിൽ സുജിൽ ലീഡ് രണ്ടാക്കി വിജയം ഉറപ്പിച്ചു. കേരള പോലീസിനോട് രണ്ടു ഗോൾ മാർജിനിൽ തോൽവി വഴങ്ങിയെങ്കിലും കൊച്ചിൻ പോർട്ട് ട്രസ്റ്റ് മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

Saturday, April 7, 2018

കെ പി എൽ; കേരള ബ്ലാസ്റ്റേഴ്സിനെ കീഴടക്കി എഫ് സി തൃശ്ശൂർ




കെ പി എൽ അഞ്ചാം സീസണിലെ ആദ്യ മൽസരത്തിൽ റണ്ണേഴ്സായ എഫ് സി തൃശ്ശൂരിന് ആവേശകരമായ വിജയം. കേരള ബ്ലാസ്റ്റേഴ്സ് റിസർവ് ടീമിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചാണ് എഫ് സി തൃശ്ശൂർ ജയം സ്വന്തമാക്കിയത്. ആഷിഖിന്റെ ഇരട്ട ഗോളുകൾക്കാണ് എഫ് സി തൃശ്ശൂരിന് കരുത്തായത്


ആദ്യ പകുതിയിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സ് മുന്നിലെത്തി. എട്ടാം മിനുട്ടിൽ ഷൈബോർ കേരള ബ്ലാസ്റ്റേഴ്സിന് ലീഡ് സമ്മാനിച്ചത്. ഗോൾ വീണത്തോടെ ഉണർന്നു കളിച്ച എഫ് സി 39ആം മിനുട്ടിൽ ആഷിഖിലൂടെ സമനില പിടിച്ചു. 

രണ്ടാം പകുതിയിൽ ആഷിഖ് രണ്ടാം ഗോൾ നേടി എഫ് സി തൃശ്ശൂരിന് വിജയം സമ്മാനിച്ചു

കെ പി എല്ലിന് ഇന്ന് തുടക്കം; ആദ്യ പോരാട്ടം കേരള ബ്ലാസ്റ്റേഴ്സും എഫ് സി തൃശ്ശൂരും തമ്മിൽ



കേരള പ്രീമിയർ ലീഗ് അഞ്ചാം സീസണിന് ഇന്നു തൃശ്ശൂരിൽ തുടക്കം. ഉദ്ഘാടന മത്സരത്തിൽ നിലവിലെ റണ്ണേഴ്സായ എഫ് സി തൃശ്ശൂർ കേരള ബ്ലാസ്റ്റേഴ്സ് റിസർവ് ടീമിനെ നേരിടും. വൈകിട്ട് 4 മണിക്ക് തൃശ്ശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിലാണ് മത്സരം. നിലവിലെ ജേതാക്കളായ കെ എസ് ഇ ബിയും ഏജീസും ഇല്ലാതെയാണ് ഇത്തവണ ടൂർണമെന്റ് നടക്കുന്നത്. സാമ്പത്തിക പ്രതിസന്ധികൾ മൂലം ഇരു ടീമുകളും ടൂർണമെന്റിൽ നിന്നും പിന്മാറിയത്. പത്തു ടീമുകളാണ് ഈ സീസണിൽ മാറ്റുരയ്ക്കുന്നത്. ഗോകുലം എഫ് സി, കേരള ബ്ലാസ്റ്റേഴ്സ് റിസർവ് ടീം, എഫ് സി കേരള, കേരള പോലീസ്, എസ് ബി ഐ കേരള, ക്വാർട്സ് എഫ് സി, എഫ് സി തൃശ്ശൂർ, കൊച്ചിൻ പോർട്ട് ട്രസ്റ്റ്, സാറ്റ് തിരൂർ, സെൻട്രൽ എക്സൈസ് എന്നീ ടീമുകളാണ് ഈ സീസണിൽ പങ്കെടുക്കുന്നത്.


കഴിഞ്ഞ വർഷത്തെ കറുത്ത കുതിരകളായ എഫ് സി തൃശ്ശൂർ ഇത്തവണയും കോച്ച് ജാലിയുടെ കീഴിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ തന്നെയാണ് ടൂർണമെന്റ് എത്തുന്നത്. എംഡി കോളേജിലെ ഒരു പിടി കോളേജ് താരങ്ങളാണ് ടീമിന്റെ കരുത്ത്. കഴിഞ്ഞ സീസണിലെ പോലെ മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിയും എന്ന പ്രതീക്ഷയിലാണ് എഫ് സി തൃശ്ശൂർ.

 ഐ ലീഗ് സെക്കന്റ് ഡിവിഷനിൽ മികച്ച ഫോമിൽ കളിക്കുന്നതിന്റെ ആത്മവിശ്വാസത്തോടെയാണ് കേരള ബ്ലാസ്റ്റേഴ്സ് റിസർവ് ടീം ടൂർണമെന്റിന് എത്തുന്നത്. ആദ്യ മത്സരത്തിൽ ഓസോൺ എഫ് സിയോട് തോൽവി വഴങ്ങിയെങ്കിലും പിന്നീട് വൻ തിരിച്ചുവരവാണ് ടീം നടത്തിയത്. അവസാന മത്സരത്തിൽ മധ്യ ഭാരത് എസ് സിയെ ഏകപക്ഷീയമായ ആറ് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം നിര തകർത്തു എറിഞ്ഞത്. എന്നാൽ പ്രമുഖ താരങ്ങളായ  സഹൽ അബ്ദുൽ സമദ്, ജിഷ്ണു ബാലകൃഷ്ണൻ, റൃഷി ദത്ത് തുടങ്ങി താരങ്ങളുടെ അഭാവം ബ്ലാസ്റ്റേഴ്സ് റിസർവിന് തിരിച്ചടിയാകും

Tuesday, April 3, 2018

കെ പി എൽ അഞ്ചാം സീസണിന് ഏപ്രിൽ ഏഴിന് തുടക്കം ; ഉദ്ഘാടന മത്സരത്തിൽ എഫ് സി തൃശ്ശൂർ കേരള ബ്ലാസ്റ്റേർസ് റിസേർവ് ടീമിനെ നേരിടും




കേരള പ്രീമിയർ ലീഗ് 2018, ഫിക്‌സചർ കേരള ഫുട്ബാൾ അസോസിയേഷൻ പുറത്ത് വിട്ടു .
ഉദ്ഘാടന മത്സരത്തിൽ നിലവിലെ റണ്ണേഴ്സായ എഫ് സി തൃശ്ശൂർ കേരള ബ്ലാസ്റ്റേർസ് റിസേർവ് ടീമിനെ നേരിടും . തൃശ്ശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ വെച്ചാണ് ഉദ്ഘടന മത്സരം .രണ്ട് ഗ്രൂപ്പുകളിലായി തിരിച്ച് ഹോം എവേയ് രീതിയിലാണ് മത്സരം നടക്കുന്നത് .ഓരോ ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാർ സെമി ഫൈനലിൽ കടക്കും .
2013/14 ആണ് കെ പി എല്ലിന്റെ ആദ്യ സീസൺ , എസ്‌ ബി ടി (ഇപ്പോൾ എസ്‌ ബി ഐ ) യെ തോൽപ്പിച്ചാണ് ഈഗിൾസ് എഫ് സി ചാമ്പ്യന്മാരായത് .രണ്ടാം സീസണിലും മൂന്നാം സീസണിലും എസ്‌ ബി ടി കേരള പോലീസിനെയും സെൻട്രൽ എക്‌സൈസിനെയും തോൽപ്പിച്ച് ചാമ്പ്യന്മാരായി .2016/17 നാലാം സീസണിൽ എഫ് സി തൃശ്ശൂറിനെ തകർത്ത് കെ എസ്‌ ഇ ബി ചാമ്പ്യന്മാരായി .പക്ഷെ ഈ സീസണിൽ സാമ്പത്തിക പ്രശ്‌നം കാരണം കെ എസ്‌ ഇ ബി പിന്മാറിയിരിക്കുന്നു  .കൂടാതെ എജി ഓഫീസും ഈ സീസണിൽ പങ്കെടുക്കില്ല .




കൊച്ചിൻ ഷിപ്പ്യാർഡ് ആയിരുന്നു കഴിഞ്ഞ സീസണിലെ കെ പി എൽ പ്രധാന സ്പോൺസേർസ് , മീഡിയ ഒൺ ആയിരുന്നു മീഡിയ പാർട്നെർസ് .മീഡിയ ഒൺ ഉണ്ടായിട്ടും  കവറേജിങ് വളരെ പരാജയമായിരുന്നു കഴിഞ്ഞ സീസണിൽ . വളരെ ചുരുക്കം മത്സരങ്ങൾ മാത്രമേ അപ്ഡേറ്റുകൾ നൽകിയിരുന്നു. കേരളത്തിലെ ഫുട്ബോൾ വളരുന്നു എന്നതിന്റെ ഒരു ഉദാഹരണമാണ് കേരളം സന്തോഷ് ട്രോഫി ചാമ്പ്യന്മാരായതും അതിനുപരി വൻ മാധ്യമ ശ്രദ്ധ നേടിയതും . കെ പി എല്ലിനും എല്ലാ മാധ്യമങ്ങളിൽ നിന്നും ഇതേ പിന്തുണ പ്രതീക്ഷിക്കാം . കഴിഞ്ഞ വർഷം വരെ ചെറിയ കോളത്തിൽ ഒതുങ്ങിയ കെ പി എൽ വാർത്തകൾക്ക് കൂടുതൽ പ്രാദാന്യം പത്രങ്ങളും നൽകുമെന്ന് കരുതാം .



ശരിയായ സ്പോൺസേർസ് ഇല്ലാത്തത് തന്നെയായിരുന്നു കേരള ഫുട്ബാളിന്റെ വളർച്ചയെ ഇതുവരെ തഴഞ്ഞത് , കേരള സന്തോഷ് ട്രോഫി ടീം കോച്ച് സതീവൻ ബാലൻ കഴിഞ്ഞ ദിവസങ്ങളിൽ ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി .കുറഞ്ഞ സമ്മാനത്തുകയും കഴിഞ്ഞ സീസണിൽ 500 രൂപ പ്ലയെർ ഓഫ് ദി മാച്ചിന് നൽകിയതിൽ ആരാധകരിൽ വൻ പ്രതിഷേധം ഉയർന്നിരുന്നു . കേരള ഫുട്ബോൾ കഴിഞ്ഞ സീസൺ അപേക്ഷിച്ച് ഒരു പിടി മുന്നിൽ തന്നെയാണ് ഇപ്പോൾ , അത് കൊണ്ട് തന്നെ കൂടുതൽ നിക്ഷേപകർ കേരള ഫുട്ബോളിനും കേരള പ്രീമിയർ ലീഗിലും ഉണ്ടാകുമെന്ന് നമുക്ക് കരുതാം .



Labels

Followers