Sunday, July 5, 2020

"സ്ട്രൈക്കരെ നായ കടിച്ചു . ടീമിന് സമനില" |കഥ-5| ആനപ്പറമ്പിലെ വേൾഡ് കപ്പ് സമർപ്പിക്കുന്ന | 'കാൽപ്പന്തിന്റെ 101 കഥകൾ' |ഇന്ന് നമ്മള്‍ പോവുന്നത് ഫുട്‌ബോള്‍ തറവാട്ടിലേക്കാണ്-ഇംഗ്ലണ്ടിലേക്ക്. കാല്‍പ്പന്ത് കളിയുടെ ആസ്ഥാനമായ രാജ്യത്ത് അസംഖ്യം ഫുട്‌ബോള്‍ ക്ലബുകളുണ്ട്. ഓരോ കൗണ്ടിക്കും സ്വന്തം ക്ലബുണ്ടെങ്കില്‍ കൊച്ചു പ്രദേശങ്ങള്‍ക്കും അവരുടെ പ്രാദേശികത ഉയര്‍ത്തി ചെറിയ ക്ലബുകളുണ്ട്. എല്ലായിടത്തും നല്ല മൈതാനങ്ങള്‍, നല്ല സംവിധാനങ്ങള്‍. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ എല്ലാവര്‍ക്കും സുപരിചിതമാണ്. 20 വന്‍ ക്ലബുകള്‍ പോരടിക്കുന്ന ലോകത്തിലെ ഏറ്റവും ആരാധകരുള്ള ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്. അവിടെ കളിക്കുന്നവര്‍ ലിവര്‍പൂളും മാഞ്ചസ്റ്റര്‍ സിറ്റിയും മാഞ്ചസ്റ്റര്‍ യുനൈറ്റഡും ആഴ്‌സനലും ചെല്‍സിയും ടോട്ടനവുമെല്ലാമാണെങ്കില്‍ ഈ കഥയിലെ ക്ലബ് എല്ലാവര്‍ക്കും അത്ര സുപരിചിതിമായിരിക്കില്ല. പക്ഷേ 121 വര്‍ഷത്തെ വലിയ പാരമ്പര്യം ക്ലബിനുണ്ട്-ടോര്‍ക്കെ യുനൈറ്റഡ് അസോസിയേഷന്‍ ഫുട്‌ബോള്‍ ക്ലബ് എന്ന ടോര്‍ക്കെ യുനൈറ്റഡ് എഫ്.സി. ഫുട്‌ബോള്‍ മൈതാനങ്ങളില്‍ ദി ഗള്‍സ് എന്നാണ് ടീം അറിയപ്പെടുക. 1899 ല്‍ സ്ഥാപിച്ച ക്ലബ് ഇംഗ്ലീഷ് ദേശീയ ലീഗില്‍ സ്ഥിരമായി കളിക്കുന്നവരാണ്. മികച്ച റെക്കോര്‍ഡും അവര്‍ക്കുണ്ട്. 2019 ല്‍ എഫ്.എ കപ്പിലും ടീം പങ്കെടുത്തിരുന്നു. മൂന്നാം റൗണ്ട് വരെയെത്തി അവിടെ ബ്രൈട്ടണോട് പരാജയപ്പെട്ടവരാണ്.
ലോക ഫുട്‌ബോള്‍ ചരിത്രത്തില്‍ ടോര്‍ക്കെയുടെ പേരില്‍ വിഖ്യാത നേട്ടങ്ങളില്ല കെട്ടോ. വലിയ കിരീടങ്ങളൊന്നും അവര്‍ സ്വന്തമാക്കിയിട്ടില്ല. അവര്‍ക്കായി സൂപ്പര്‍ താരങ്ങളാരും കളിച്ചിട്ടുമില്ല. പക്ഷേ ലോക ഫുട്‌ബോളിന്റെ രസകരമായ അധ്യായങ്ങള്‍ തിരഞ്ഞാല്‍ അവിടെ ടോര്‍ക്കെയുണ്ട്. ആ കഥയാണ് പറയാന്‍ പോവുന്നത്.

സ്‌ട്രൈക്കറെ നായ കടിച്ചു, ടീമിന് സമനില

1987 ലെ ഇംഗ്ലീഷ് ദേശീയ ഫുട്‌ബോള്‍ ലീഗ്. മെയ് 9 ന് ടോര്‍ക്കെയും ക്ര്യു അലക്‌സാണ്ടറിയയും തമ്മിലുള്ള നിര്‍ണായക പോരാട്ടം. രണ്ട് ടീമുകള്‍ക്കും മല്‍സരം നിര്‍ണായകമായിരുന്നു. കാരണം പോയിന്റ് ടേബിളില്‍ പിറകിലാണ്. പരാജയപ്പെട്ടാല്‍ തരം താഴ്ത്തല്‍ ഭീഷണിയുണ്ട്. ഇംഗ്ലീഷ് ഫുട്‌ബോളില്‍ തരം താഴ്ത്തപ്പെടുക എന്ന് പറഞ്ഞല്‍ അതിനോളം വലിയ വേദനയില്ല. ടോര്‍ക്കെ എന്ന നഗരത്തിന്റെ പ്രതിനിധികളാണ് ടോര്‍ക്കെ എഫ്.സി. തോറ്റാല്‍ താരങ്ങളെ നാട്ടുകാര്‍ തന്നെ കൈകാര്യം ചെയ്യുന്ന അവസ്ഥ. കൂടാതെ സ്വന്തം മൈതാനത്താണ് കളി. 6000 പേര്‍ക്ക് ഇരിപ്പിടമുള്ള സ്‌റ്റേഡിയത്തില്‍ അതിന്റെ ഇരട്ടി കാണികളുമുണ്ട്. മല്‍സരം ആദ്യ 45 മിനുട്ട് പിന്നിടുമ്പോള്‍ ക്ര്യു അലക്‌സാണ്ടറിയക്ക് രണ്ട് ഗോള്‍ ലീഡ്. ടോര്‍ക്കെ ക്ലബിന്റെ താരങ്ങളും ആരാധകരുമെല്ലാം നിരാശയുടെ പുതപ്പിനുള്ളിലായിരുന്നു. ക്ര്യു അലക്‌സാണ്ടറിയയുടെ പ്രതിരോധമാവട്ടെ ശക്തമായിരുന്നു. എളുപ്പത്തില്‍ കടന്നു കയറാന്‍ കഴിയാത്ത അവസ്ഥ. ആരാധകര്‍ ഒന്നുറപ്പിച്ചു-ഈ സീസണില്‍ ടീം തരം താഴ്ത്തപ്പെട്ടത് തന്നെ.
രണ്ടാം പകുതി ആരംഭിക്കുന്നു. തുടക്കത്തില്‍ തന്നെ ടോര്‍ക്കെക്ക് അനുകൂലമായ ഫ്രീകിക്ക്. ക്ര്യ അലക്‌സാണ്ടറിയാക്കാര്‍ പ്രതിരോധ മതില്‍ തീര്‍ത്തു. ടോര്‍ക്കെക്കായി ഷോട്ട് പായിക്കാന്‍ എത്തിയത് അവരുടെ സ്‌ട്രൈക്കര്‍ ജെയിംസ് ആന്റണി മഗ്നിച്ചോല്‍. പെനാല്‍ട്ടി ബോക്‌സിന് പുറത്ത് നിന്നുള്ള ഫ്രീകിക്കായിരുന്നതിനാല്‍ ചെറിയ പ്രതീക്ഷകളുണ്ടായിരുന്നു. ടീമിന് മല്‍സരത്തിലേക്ക് തിരികെ വരാന്‍ എന്തെങ്കിലും സാധ്യത ആ കിക്ക് മാത്രമായിരുന്നു. സ്‌റ്റേഡിയം നിശബ്ദം. സമ്മര്‍ദ്ദത്തിന്റെ പകല്‍ വെളിച്ചത്തില്‍ കിക്കെടുക്കാന്‍ റഫറിയുടെ വിസില്‍. മഗ്നിച്ചോല്‍ മുന്നോട്ട് വന്നു- നീളന്‍ ഷോട്ടായിരുന്നു. പ്രതിയോഗികളില്‍ ഒരാളുടെ ദേഹത് തട്ടി പന്ത് വലയില്‍ കയറി. പിന്നെ ആരവമായിരുന്നു. ഒരു ഗോള്‍ തിരിച്ചടിക്കാനായല്ലോ...
അതോടെ ടീം ആകെ മാറി. ആക്രമണങ്ങള്‍ മാത്രം. സ്‌ക്കോട്ടുലാന്‍ഡുകാരനായ മഗ്നിച്ചോല്‍ തന്നെയായിരുന്നു ആക്രമണങ്ങളുടെ സുത്രധാരന്‍. പക്ഷേ ഒരു ഗോള്‍ കൂടി തിരിച്ചടിച്ച് സമനില നേടാനുള്ള അവരുടെ ശ്രമങ്ങള്‍ നിര്‍ഭാഗ്യങ്ങളില്‍ തട്ടി. അവസാന മിനുട്ടുകളില്‍ മഗ്നിച്ചോല്‍ പന്തിനായി കുതിക്കവെ അപ്രതീക്ഷിതമായി മൈതാനത്ത് ഒരു നായ-ജര്‍മന്‍ ഷെപ്പേര്‍ഡ് വിഭാഗത്തില്‍പ്പെട്ട കൂറ്റന്‍ നായ. മഗ്നിച്ചോല്‍ പന്തിനായി ഓടുമ്പോള്‍ അതേ വേഗതയില്‍ പിറകെ നായയും. പന്ത് പുറത്തേക്ക് പോയ വേളയില്‍ കളിക്കാരന്‍ വേഗത കുറച്ചപ്പോള്‍ അതാ അദ്ദേഹത്തിന്റെ ദേഹത്തേക്ക് ചാടി കയറിയിരിക്കുന്നു വലിയ നായ. റഫറിയും സഹതാരങ്ങളും ഗ്യാലറിയും അന്ധാളിച്ച് നില്‍ക്കവെ ബ്രൈന്‍ എന്ന് പേരുളള ആ കുറ്റന്‍ നായ താരത്തിന്റെ ദേഹം കടിച്ചു കീറി. വലത് കാലിലും നന്നായി കടിച്ചു. സ്വന്തം താരത്തെ രക്ഷിക്കാന്‍ ഓടിയടുത്ത ടോര്‍ക്കെയുടെ സഹതാരങ്ങളും ഒരു നിമിഷം നായയുടെ അരികിലേക്ക് എത്താന്‍ മടിച്ചു. റഫറി വിസിലുമായി ഓടിയെത്തി. മഗ്നിച്ചോല്‍ ആകെ പരിഭ്രാന്തനായിരുന്നു. നായയുടെ ഉടമ വന്ന് രംഗം ശാന്തമാക്കിയെങ്കിലും രക്തത്തില്‍ കുളിച്ചിരുന്നു കളിക്കാരന്‍. സംഭവിച്ചത് ഇത്രയുമാണ്-പുറത്തേക്ക് പോവുന്ന പന്തിനെയാണ് മഗ്നിച്ചോല്‍ ചേസ് ചെയ്തത്. ഇംഗ്ലണ്ടിലെ ഫുട്‌ബോള്‍ സ്‌റ്റേഡിയങ്ങളുടെ പ്രത്യേകത മൈതാനത്തിന് അരികില്‍ വരെ കസേരകളുണ്ടാവും. അവിടെ കളി കാണുകയായിരുന്നു ബ്രൈന്‍ എന്ന നായയുടെ ഉടമ. പക്ഷേ മഗ്നിച്ചോല്‍ ഓടിയടുത്തപ്പോള്‍ നായ കരുതി ഈ വരവ് തന്റെ ഉടമയെ ആക്രമിക്കാനാണെന്ന്. അങ്ങനെയാണ് അവനും രംഗത്ത് വന്നത്.

മൈതാനത്ത് കിടന്ന താരത്തെ പരിചരിക്കാനായി ടീമിന്റെ മെഡിക്കല്‍ സംഘമെത്തി. പുറത്തും കാലിലും വലിയ കെട്ടുകള്‍ക്കായി അഞ്ച് മിനുട്ടോളമെടുത്തു. ഈ സമയമത്രയും രണ്ട് ടീമിലെയും കളിക്കാര്‍ മഗ്നിചോലിന് ചുറ്റുമായിരുന്നു. അവസാനം റഫറി കളി തുടരാന്‍ നിര്‍ദ്ദേശം നല്‍കി. നായയുടെ വിളയാട്ടത്തില്‍ നഷ്ടമായ അഞ്ച് മിനുട്ട് അധിക സമയമായി പ്രഖ്യാപിച്ച് കളി തുടരാന്‍ പറഞ്ഞു.
ക്ര്യു അലക്‌സാണ്ടറിയാ താരങ്ങളെല്ലാം പ്രതിരോധം തീര്‍ത്തു. അഞ്ച് മിനുട്ട് പിടിച്ചുനിന്നാല്‍ മതിയല്ലോ. പക്ഷേ ടോര്‍ക്കെയുടെ പോള്‍ ഡോബ്‌സണ്‍ എന്ന മുന്‍നിരക്കാരന്‍ പണി പറ്റിച്ചു. അസാമാന്യ വേഗതയില്‍ പന്തുമായി കയറിയ ഡോബ്‌സണ്‍ ടോര്‍ക്കെയുടെ സമനില ഗോള്‍ നേടിയപ്പോള്‍ സ്‌റ്റേഡിയം ഒരിക്കല്‍ കൂടി ആവേശഭരിതമായി. താമസിയാതെ റഫറിയുടെ ലോംഗ് വിസിലുമെത്തി. മല്‍സരം 2-2. സമനില വഴി ടോര്‍ക്കെക്കാര്‍ തരം താഴത്തല്‍ ഭീഷണിയില്‍ നിന്ന് രക്ഷപ്പെടുകയും ചെയ്തു.
അടുത്ത ദിവസത്തെ വലിയ വാര്‍ത്ത ടോര്‍ക്കെയുടെ മാനം കാത്ത താരങ്ങളായിരുന്നില്ല-ആ ജര്‍മന്‍ ഷെപ്പേര്‍ഡായിരുന്നു. കാരണം നായ രംഗ പ്രവേശം ചെയ്തിലായിരുന്നുവെങ്കില്‍ ടോര്‍ക്കെക്ക് ആ അഞ്ച് മിനുട്ട് അധികസമയം ലഭിക്കുമായിരുന്നില്ല. സമനില ഗോള്‍ സ്‌ക്കോര്‍ ചെയ്യാനും കഴിയുമായിരുന്നില്ല. സ്വന്തം താരത്തിന്റെ രക്തം കുടിച്ചെങ്കിലും ടോര്‍ക്കെ ആരാധകര്‍ ഇന്നും ബ്രൈന്‍ എന്ന നായയെ മറക്കാന്‍ വഴിയില്ല. മല്‍സരത്തിന് ശേഷം മഗ്നിച്ചോലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 17 സ്റ്റിച്ചുകള്‍ വേണ്ടി വന്നു അദ്ദേഹത്തിന്. കാലിലും പുറത്തുമായി നായയുടെ പല്ലിറങ്ങിയ മൂന്ന് വലിയ കുഴികളും.

കമാൽ വരദൂർ 🖋️

ആനപറമ്പിലെ വേൾഡ് കപ്പ് ഒരുക്കുന്ന കമാൽവരദൂർ എഴുതുന്ന 101 ഫുട്ബോൾ കഥകൾ നിങ്ങൾക്ക് സൗത്ത് സോക്കേഴ്സിലൂടെ വായിക്കാം 

0 comments:

Post a Comment

Blog Archive

Labels

Followers