Showing posts with label KBFC. Show all posts
Showing posts with label KBFC. Show all posts

Friday, November 20, 2020

ആളില്ല.. ആരവമില്ല.. എന്നാലും ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഏഴാം പതിപ്പിന് ഗോവയിലെ ജി എം സി ബാലയോഗി സ്റ്റേഡിയത്തിൽ തുടക്കമാകുന്നു.


ആളില്ല.. ആരവമില്ല.. എന്നാലും ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഏഴാം പതിപ്പിന് ഗോവയിലെ ജി എം സി ബാലയോഗി സ്റ്റേഡിയത്തിൽ തുടക്കമാകുന്നു. പതിവുപോലെ കേരള ബ്ലാസ്റ്റേഴ്‌സ് ഉത്ഘാടിക്കുന്ന കിക്കോഫ് മത്സരത്തിൽ എതിരാളികൾ ഇന്ത്യൻ ഫുട്‍ബോളിലെ അതികായരായ മോഹൻ ബഗാന്റെ കൂടി കരുത്തിൽ എത്തുന്ന എ ടി കെ മോഹൻ ബഗാൻ ആണ്. ഏറെ പ്രത്യേകതകൾ ഉണ്ട് ഈ സീസണിലെ കിക്കോഫിന്.. 
കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തിൽ കാണികൾക്കു സ്റ്റേഡിയത്തിൽ പ്രവേശനം ഇല്ല. ചരിത്രത്തിൽ ആദ്യമായി ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഇല്ലാത്ത ഒരു മത്സരത്തിനാണ് കൊമ്പന്മാർ ബൂട്ട് കെട്ടുന്നത്. എന്നാലും ടീവിക്കും മൊബൈലുകൾക്കും മുന്നിൽ തങ്ങളുടെ മഞ്ഞപ്പട്ടാളത്തെ പിന്തുണക്കാൻ ബ്ലാസ്റ്റേഴ്‌സ് ആരാധകർ ലോകമെങ്ങും തയ്യാറായികഴിഞ്ഞു.. 
കഴിഞ്ഞ ഐ ലീഗ് സീസണിൽ  മോഹൻബഗാൻ പരിശീലകനായിരുന്ന കിബു വികുനയാണ് ബ്ലാസ്‌റ്റേഴ്‌സിനെ നയിക്കുന്നത് എന്നത് മറ്റൊരു പ്രത്യേകതയാണ്. പകരം ഐ എസ് എല്ലിൽ  ബ്ലാസ്റ്റേഴ്സിന് മാത്രം ഇതു വരെ പന്തു തട്ടിയിട്ടുള്ള സാക്ഷാൽ സന്ദേശ് ജിങ്കാൻ മറുപുറത്ത് പ്രതിരോധം ചമക്കുന്നു. യുവത്വവും അനുഭവ സമ്പത്തും സംയോജിക്കുന്ന മികച്ച ഒരു സ്‌ക്വാഡ് ആണ് ബ്ലാസ്റ്റേഴ്സിനുള്ളത്. സഹൽ, പ്രശാന്ത്, രാഹുൽ, ജെസെൽ, ഹക്കു, അർജ്ജുൻ, ബിലാൽ, ആൽബിനോ , ലാൽറുവത്താരാ, നൊങ്ദെമ്പ നെറോം, നിഷു കുമാർ, സത്യാസെൻ, ജിക്സൺ, ഗിവ്‌സൺ, പ്യുട്ടീയ, ഖാർപ്പൻ തുടങ്ങി മികച്ച ഇന്ത്യൻ നിര.. ഒപ്പം ബക്കറി കൊണേ, ജോർദാൻ മുറെ, ഫകുണ്ടോ പെരേര, സിഡോ, വിൻസെന്റ് ഗോമസ്, കോസ്റ്റ, ഗാരി ഹൂപ്പർ പോലുള്ള മികച്ച ട്രാക് റെക്കോർഡ് ഉള്ള വിദേശ താരങ്ങൾ. 
അപ്പുറത്ത് കഴിഞ്ഞ തവണത്തെ കൊൽക്കത്തയുടെ വജ്രായുധങ്ങൾ - റോയ് കൃഷ്ണയും വില്യംസും.. കൂടെ  ഒരുപിടി സ്വദേശി - വിദേശി പടക്കുതിരകൾ.. 
കളിക്കളത്തിൽ തീ പാറും എന്നുറപ്പാണ്.. ആരാധകരുടെ ഗാലറിയിലെ ഒഴിവ് അവർ നവമാധ്യമങ്ങളിൽ നികത്തുന്നുണ്ട്. കുറച്ചു കാലത്തേക്ക് ഇന്ത്യൻ കായിക പ്രേമികളുടെ കണ്ണും മനസ്സും ഗോവൻ തീരങ്ങളിലെ പുൽമൈതാനങ്ങളിലായിരിക്കും. കാത്തിരിക്കാം ഏഴാം സീസണിലെ കാല്പന്തിന്റെ കൊടിയേറ്റത്തിനായി.. കൊമ്പന്മാർ കൊമ്പ് കുലുക്കുമോ അതോ വംഗനാടിന്റെ വമ്പു കാട്ടുമോ എന്ന് കാണാം..  

ഒരിക്കൽ കൂടി സ്വാഗതം....
 
ഇന്ത്യൻ ഫുട്‍ബോളിന്റെ മഹോത്സവത്തിന്റെ നവ്യമനോഹരമായ കാഴ്ചകളിലേക്ക്... 

Come on india.. Let's football..
#SouthSoccers


Sunday, July 26, 2020

“വെള്ളത്തിലെ കളി”|കഥ-11 | ആനപ്പറമ്പിലെ വേൾഡ് കപ്പ് സമർപ്പിക്കുന്ന | 'കാൽപ്പന്തിന്റെ 101 കഥകൾ' |


കാല്‍പ്പന്തിന്റെ ചരിത്രത്തിലൂടെ ആദ്യമൊരു ത്വരിതസഞ്ചാരം നടത്താം. കാറ്റ് നിറച്ച തുകല്‍പ്പന്ത് ആദ്യമായി തട്ടിയത് എവിടെയാണ് ...?  വ്യക്തമായ ഉത്തരമില്ല. ആറായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഫുട്‌ബോളുണ്ട്. ആദ്യം ഈ കളി അരങ്ങേറിയത് തെരുവിലായിരുന്നുവെന്ന് പറയപ്പെടുന്നു. നമ്മള്‍ ഇന്ന് കാണുന്നത് പോലെ ഗോള്‍ പോസ്റ്റുകള്‍ ഇരുഭാഗത്തും നാട്ടിയുള്ള കളിയായിരുന്നില്ല അത്. ഇറ്റലിയിലെ ഫ്‌ളോറന്‍സ് നഗരത്തില്‍ പന്തുമായി എത്തുന്നവര്‍ രണ്ട് ഭാഗത്തായി അണിനിരക്കും. പിന്നെ ആ പന്തില്‍ ഒന്ന് തൊടാനായുള്ള മല്‍സരമായിരുന്നു ആദ്യകാല ഫുട്‌ബോളെന്ന് പറയപ്പെടുന്നു. ഫുട്‌ബോളിനൊരു സംഘടിത രൂപമായത് 19-ാം നൂറ്റാണ്ടില്‍ മാത്രമാണ്. ആധുനിക ഒളിംപിക്‌സിന്റെ വരവും പിന്നെ ഫിഫയുടെ രൂപീകരണവുമെല്ലാമായപ്പോള്‍ കളിക്കൊരു പ്രൊഫഷണല്‍ ചിത്രം രൂപപ്പെട്ടു. കളിമുറ്റങ്ങള്‍ എന്നത് കളിയുടെ പശ്ചാത്തല സൗന്ദര്യത്തിന്റെ അടിസ്ഥാനമായി. എവിടെയും കളിച്ചാല്‍ അത് ഫുട്‌ബോളാവില്ലെന്നും നിയതമായ ചട്ടക്കൂട്ടില്‍ മൈതാനങ്ങള്‍ വേണമെന്നും അവിടെയാണ് മല്‍സരങ്ങള്‍ നടക്കേണ്ടതെന്നും നിശ്ചയിക്കപ്പെട്ടു. ആദ്യം കളിമണ്‍ മൈതാനങ്ങളായിരുന്നു. കളിക്കാരുടെ കാലുകളില്‍ ബൂട്ടുണ്ടായിരുന്നില്ല. പന്തിന് വേണ്ടിയുള്ള നഗ്നപാദ ഓട്ടം എന്ന് വേണമെങ്കില്‍ അതിനെ വിശേഷിപ്പിക്കാം. ഇന്ത്യന്‍ ഫുട്‌ബോളിലേക്കൊന്ന് നോക്കിയാല്‍ ഒരു തവണ ലോകകപ്പ് യോഗ്യത നേടിയവരാണ് നമ്മള്‍. പക്ഷേ അന്ന് കളിക്കാര്‍ക്കാര്‍ക്ക് അണിയാന്‍ ബൂട്ടുണ്ടായിരുന്നില്ല. അങ്ങനെ ലോകകപ്പില്‍ കളിക്കാനുമായില്ല. പക്ഷേ കളിയുടെ രൂപപരിണാമങ്ങളിലെല്ലാം വ്യക്തമായി കണ്ട സത്യം മൈതാനങ്ങളുടെ വളര്‍ച്ചയാണ്. നല്ല മൈതാനങ്ങളാവുമ്പോള്‍ കളിക്കാര്‍ക്കത് വലിയ ഊര്‍ജ്ജമാണ്. ബ്രസീലിലെ മരക്കാന സ്‌റ്റേഡിയം, ലണ്ടനിലെ വെംബ്ലി സ്‌റ്റേഡിയം, മാഡ്രിഡിലെ സാന്‍ഡിയാഗോ ബെര്‍ണബു, കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സ്, ജോഹന്നാസ്ബര്‍ഗ്ഗിലെ വാണ്ടറേഴ്‌സ് സ്‌റ്റേഡിയം, മെല്‍ബണിലെ എം.സി.ജി..... ഈ കളിമുറ്റങ്ങളെല്ലാം വിഖ്യാതങ്ങളാണ്.  വിഖ്യാത കായിക മാമാങ്കങ്ങളെല്ലാം അരങ്ങേറുന്നത് ഇവിടങ്ങളിലാണല്ലോ..ലോകത്തെ അറിയപ്പെടുന്ന കളിമുറ്റങ്ങളെല്ലാം ഭൂമിയിലാണ്-അഥവാ കരയിലാണ്. എന്നാല്‍ തായ്‌ലാന്‍ഡ് എന്ന ദ്വീപ് രാജ്യത്തേക്ക് പോയാല്‍ അവിടെ വെള്ളത്തിലും കാണാം ഫുട്‌ബോള്‍ മൈതാനം. ആ കഥയാണിന്ന്....

വെള്ളത്തിലെ കളി

ഇത് കോഹ്പാനി എന്ന ദ്വീപാണ്. തായ്‌ലാന്‍ഡ് എന്ന വലിയ രാജ്യത്തിന്റെ തെക്ക് ഭാഗത്തുള്ള കൊച്ചു ദ്വീപുകൡ ഒന്ന്. ദ്വീപാവുമ്പോള്‍ ജീവിത മാര്‍ഗം എന്താണെന്ന് പറയേണ്ടതില്ലല്ലോ... മല്‍സ്യബന്ധനം തന്നെ. ഈ ദ്വീപിന്റെ കാഴ്ച്ച തന്നെ പ്രകൃതിയുടെ സൗന്ദര്യമാണ്. നമ്മള്‍ സാഹിത്യ ഭാഷയില്‍ പറയാറില്ലേ പ്രകൃതിയുടെ വരദാനമെന്നെല്ലാം. അത് തന്നെ. മെയിന്‍ ലാന്‍ഡില്‍ നിന്നും ബോട്ട് മാര്‍ഗ്ഗം വരണം. കൃത്യം 20 മിനുട്ട് യാത്ര. ആ യാത്രയാണ് ആദ്യത്തെ ആവേശം. ജലനൗകയിലെ യാത്രയില്‍ തന്നെ ആസ്വദിക്കാം മനോഹര കാഴ്ച്ചകള്‍. നമ്മുടെ കുട്ടനാടന്‍ വഞ്ചിയാത്ര പോലെ ഇരുഭാഗങ്ങളിലും സാഗരത്തിന്റെ തലോടല്‍ പോലെ ചെറിയ കുടിലുകളും മല്‍സ്യബന്ധകരും തെങ്ങിന്‍ തോപ്പുകളുമെല്ലാമായി ആസ്വാദനത്തിന്റെ ചിറകില്‍ സന്തോഷത്തിന്റെ യാത്രയാണത്. രണ്ടായിരത്തില്‍ താഴെ ആളുകള്‍ മാത്രമാണ് ഈ ദ്വീപിലുള്ളത്. ഇവരുടെ ജീവിതം തന്നെ സത്യത്തില്‍ സാഹിസകമാണ്. വെള്ളത്തിന് മുകളില്‍ തട്ടടിച്ച് ഉയര്‍ത്തിയത് പോലെയാണ് വീടുകള്‍. ഒരു സുനാമി വന്നാലോ എന്ന് ചിന്തിച്ചാല്‍ പിന്നെ ഒന്നുമില്ല. പക്ഷേ ഈ ദ്വീപുകാര്‍ക്ക് അത്തരത്തിലുള്ള ചിന്തകളൊന്നുമില്ല. അവര്‍ കടലിനോട് സല്ലപിച്ചും കലഹിച്ചും ജീവിതത്തെ ആസ്വദിക്കുന്നു. മല്‍സ്യബന്ധനം കഴിഞ്ഞാലുള്ള പ്രധാന വിനോദമെന്നത് ഫുട്‌ബോളാണ്. ഇഷ്ടതാരങ്ങള്‍ മെസിയും കൃസ്റ്റിയാനോയും. പക്ഷേ എവിടെ കളിക്കുമെന്ന ചോദ്യത്തിന് മുന്നില്‍ എല്ലാവരും നിസ്സഹായരായി. കളിക്കാന്‍ കഴിഞ്ഞില്ലെങ്കിലെന്താ ടെലിവിഷനില്‍ കളി കാണാമല്ലോ എന്നായി ഒരു കൂട്ടര്‍. എന്നുമിങ്ങനെ കളി മാത്രം കണ്ട് കൊണ്ടിരുന്നിട്ട് എന്ത് കാര്യമെന്നായി യുവാക്കള്‍. ആ ചോദ്യത്തില്‍ നിന്നും വിരിഞ്ഞ ഉത്തരമായിരുന്നു വെള്ളത്തിന് മുകളില്‍ തട്ടടിച്ച് നല്ല ഒരു ഫുട്‌ബോള്‍ ടര്‍ഫ് പണിയുകയെന്നത്.
ആദ്യമാദ്യം സീനിയേഴ്‌സ് സഹകരിച്ചില്ല. സാധാരണ വീടിന് തട്ടടിക്കുന്നത് പോലെയല്ലല്ലോ ഫുട്‌ബോള്‍ ടര്‍ഫിന് തട്ടടിക്കുക എന്നത്.നല്ല ബലവും ഒപ്പം ഒരിക്കലും തകരാത്ത രീതിയിലുള്ള അടിത്തറയും വേണം. എഞ്ചിനിയേഴ്‌സുമായി ആലോചന നടത്തിയപ്പോള്‍ അവര്‍ക്കുമത് ഇഷ്ടമായി. അങ്ങനെ തട്ടടിക്കാന്‍ പാകത്തില്‍ വലിയ മരങ്ങള്‍ തേടി. അത് ലഭിച്ചപ്പോള്‍ നാട്ടുകാര്‍ തന്നെ രംഗത്തിറങ്ങി. അങ്ങനെ ആദ്യം വലിയ അട്ടിത്തറയൊരുക്കി. അതിന് മുകളില്‍ തട്ടടിച്ചു. വലിയ മരത്തിന്റെ പലകകള്‍ ഉപയോഗിച്ചുള്ള തട്ടിന് മുകളില്‍  നമ്മള്‍ ഇപ്പോള്‍ ടര്‍ഫില്‍ ഉപയോഗിക്കാറുള്ളത് പോലെ കൃത്രിമ പുല്ലിന്റെ പിച്ച് വിരിച്ചു. പിന്നെ ചുറ്റും താല്‍കാലിക വേലിയൊരുക്കി. അതിന് മുകളില്‍ നെറ്റ് വിരിച്ചു. കളിക്കുമ്പോള്‍ പന്ത് വെള്ളത്തിലേക്ക് പോയാല്‍ പിന്നെ പ്രയാസമാവുമല്ലോ...
ഇത്രയുമായപ്പോള്‍ മൈതാനത്തിന്റെ പൂര്‍ണതക്കായി കരയില്‍ നിന്നും വിദഗ്ധരെ വിളിച്ചു. അവരെത്തി യഥാര്‍ത്ഥ ഫൈവ്‌സ് പിച്ച് പോലെ ഫുട്‌ബോള്‍ നിയമങ്ങള്‍ അനുശാസിക്കുന്ന തരത്തില്‍ കൊച്ചു മൈതാനമുണ്ടാക്കി. ആദ്യം നാട്ടുകാര്‍ മാത്രമായിരുന്നു കളിച്ചത്. പിന്നെ പിന്നെ കാര്യമറിഞ്ഞ് അയല്‍പക്കക്കാര്‍ വരാന്‍ തുടങ്ങി. അവര്‍ക്കുമത് ഹരമായി. അവരും പന്തുമായി വരാന്‍ തുടങ്ങി. അങ്ങനെ മല്‍സരങ്ങളായി. തായ്‌ലാന്‍ഡ് എന്നാല്‍ വിനോദ സഞ്ചാരികളുടെ പറദീസയായതിനാല്‍ വെള്ളത്തിന് മുകളിലെ ഫുട്‌ബോള്‍ മൈതാനം പെട്ടെന്ന് വലിയ വാര്‍ത്തയായി. സഞ്ചാരികളുടെ പ്രധാന താവളമായി അങ്ങനെ കോഹ്പാനി എന്ന ദ്വീവ്. ഇപ്പോള്‍ ഇവിടെ നിരന്തരം മല്‍സരങ്ങളാണ്.
കരയില്‍ കളിക്കുന്ന അതേ കരുത്തില്‍ ഇവിട കളിക്കാം. പക്ഷേ കോഹ്പാനി ടീമിനെ തോല്‍പ്പിക്കുക എളുപ്പമല്ല. കളിക്കുമ്പോള്‍ കടലില്‍ നിന്നുമടിക്കുന്ന വശ്യമായ കാറ്റുണ്ട്. അതിനൊപ്പം ചലിക്കണമെങ്കില്‍ അനുഭസമ്പത്ത് തന്നെ വേണം. ലാറ്റിനമേരിക്കന്‍ രാജ്യമായ ഇക്വഡോര്‍ അറിയില്ലേ... അവിടെ ക്വറ്റ എന്ന സ്ഥലമുണ്ട്. സമുദ്ര നിരപ്പില്‍ നിന്നും വളരെ ഉയരത്തിലുള്ള ഈ വേദിയില്‍ കളിക്കുകയെന്നത് സന്ദര്‍ശക ടീമുകള്‍ക്ക് വലിയ വെല്ലുവിളിയാണ്. പലപ്പോഴും ശ്വാസം പോലും കിട്ടില്ല. അത് പോലെയാണ്  കോഹ്പാനിയിലെ കൊച്ചുവേദി. കടലിനെയും കടല്‍കാറ്റിനെയും അറിയുന്നവര്‍ക്കാണ് ഇവിടെ സുന്ദരമായി കളിക്കാനാവുക. കോഹ്പാനിയില്‍ നിന്നും ഇതിനകം രണ്ട് കളിക്കാര്‍ തായ്‌ലാന്‍ഡ് ദേശീയ ടീമിലെത്തിയിട്ടുണ്ട്.
കോഹ്പാനി മൈതാനത്തിന്റെ വലിയ രൂപം 2022 ലെ ഖത്തര്‍ ലോകകപ്പില്‍ ശരിക്കും കാണാം. അവിടെയും വലിയ മൈതാനമുയരുന്നുണ്ട്-വെള്ളത്തിന് മുകളില്‍.....

കമാൽ വരദൂർ 🖋️

ആനപറമ്പിലെ വേൾഡ് കപ്പ് ഒരുക്കുന്ന കമാൽവരദൂർ എഴുതുന്ന 101 ഫുട്ബോൾ കഥകൾ നിങ്ങൾക്ക് സൗത്ത് സോക്കേഴ്സിലൂടെ വായിക്കാം 

Sunday, July 5, 2020

"റയല്‍ മാഡ്രിഡ് എന്ന രാജാക്കന്മാര്‍" |കഥ-6| ആനപ്പറമ്പിലെ വേൾഡ് കപ്പ് സമർപ്പിക്കുന്ന | 'കാൽപ്പന്തിന്റെ 101 കഥകൾ' |



ഫുട്‌ബോളിനോളം ചരിത്രമില്ല ഫുട്‌ബോള്‍ ക്ലബുകള്‍ക്ക്. പക്ഷേ ഇന്ന് ഫുട്‌ബോള്‍ അറിയപ്പെടുന്നതാവട്ടെ വലിയ ഫുട്‌ബോള്‍ ക്ലബുകളുടെ പേരിലും. കാല്‍പ്പന്ത് എന്ന് കളിക്ക് ആറായിരം വര്‍ഷത്തിന്റെ പഴക്കമുണ്ട്. പക്ഷേ ആദ്യ പ്രൊഫഷണല്‍ ഫുട്‌ബോള്‍ ക്ലബ് രൂപീകൃതമാവുന്നത് പത്തൊമ്പതാം നൂറ്റാണ്ടിലാണ്. ഇന്ന് ക്ലബുകളുടെ നാമധേയത്തിലാണ് പോരാട്ടങ്ങള്‍. ഓരോ രാജ്യത്തിലും നിരവധി വലിയ ക്ലബുകള്‍. അവരുടെ വരുമാനവും കോടികള്‍. അവര്‍ക്കായി കളിക്കുന്നതാവട്ടെ ലോകോത്തര താരങ്ങളും. ഫുട്‌ബോളിന്റെ തറവാട് ഇംഗ്ലണ്ടാണെങ്കില്‍ അവിടെ തന്നെയാണ് വിപണന ഫുട്‌ബോളിന്റെ തുടക്കവും. ഫുട്‌ബോല്‍ ചരിത്ര രേഖകളില്‍ കാണുന്ന ആദ്യ പ്രൊഫഷണല്‍ ഫുട്‌ബോള്‍ ക്ലബ് കൃസ്റ്റല്‍ പാലസാണ്. അവരിപ്പോഴും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ കളിക്കുന്നവരാണ്. പക്ഷേ പോരാട്ട മൈതാനങ്ങളിലെ വിഖ്യാതര്‍ റയല്‍ മാഡ്രിഡും ബാര്‍സിലോണയുമാണ്. സ്‌പെയിനിലെ ഈ രാജാക്കന്മാരാണ് അന്നും ഇന്നും മൈതാനങ്ങളിലെ വിഖ്യാതര്‍. പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ആഴ്‌സനല്‍, ചെല്‍സി, മാഞ്ചസ്റ്റര്‍ സിറ്റി തുടങ്ങിയ പ്രമുഖരുണ്ടെങ്കില്‍ ഇറ്റലിയില്‍ യുവന്തസും ഏ.സി മിലാനും ഇന്റര്‍ മിലാനും നാപ്പോളിയുമെല്ലാമുണ്ട്. നാല് വര്‍ഷത്തിലൊരിക്കല്‍ നടത്തപ്പെടുന്ന ലോകകപ്പില്‍ രാജ്യങ്ങള്‍ കൊമ്പ് കോര്‍ക്കുമ്പോള്‍ എല്ലാ വര്‍ഷവും ക്ലബുകള്‍ തമ്മില്‍ വന്‍കരാ ആധിപത്യത്തിനും പിന്നെ ആഗോള ആധിപത്യത്തിനായുമെല്ലാം അങ്കങ്ങള്‍ നടക്കാറുണ്ട്. ഫുട്‌ബോളിന്റെ സ്വന്തം വന്‍കരയെന്ന യൂറോപ്പിലെ ചാമ്പ്യന്മാരെ നിശ്ചയിക്കുന്നത് യുവേഫ നടത്തുന്ന ചാമ്പ്യന്‍സ് ലീഗാണെങ്കില്‍ ആഫ്രിക്കയില്‍ അത് ആഫ്രിക്കന്‍ നാഷന്‍സ് ലീഗാണ്. ലാറ്റിനമേരിക്കയില്‍ വരുമ്പോള്‍ കോപ്പ ലിബര്‍ട്ടഡോറസ് കപ്പായി മാറുന്നു. ഏഷ്യയിലേക്ക് വരുമ്പോല്‍ ഏ.എഫ്.സി കപ്പായി മാറുന്നു. ഇത്തരത്തില്‍ രാജ്യങ്ങളിലും വന്‍കരകളിലും പൊരിഞ്ഞ പോരാട്ടമാണ് ഫുട്‌ബോള്‍ ആധിപത്യത്തിനായി നടക്കാറുള്ളത്. രസകരമായ കാര്യം ക്ലബ് ഫുട്‌ബോളിന്റെ ചരിത്രം നോക്കിയാല്‍ ലാറ്റിനമേരിക്കക്കാരെ അധികം കാണുന്നില്ല എന്നതാണ്. അര്‍ജന്റീനയിലും ബ്രസീലുലുമായി നിരവധി വലിയ ക്ലബുകളുണ്ട്. പക്ഷേ അവരുടെ നിറമുള്ള ചരിത്രങ്ങളില്‍ തദ്ദേശിയരായ താരങ്ങളെ കാണില്ല. കാരണം ബ്രസീലുകാരും അര്‍ജന്റീനക്കാരുമെല്ലാം പ്രൊഫഷണല്‍ ഫുട്‌ബോള്‍ കളിക്കാനായി യൂറോപ്പിലേക്കാണ് ചേക്കറുന്നത്. സ്പാനിഷ് കരുത്തരായ ബാര്‍സിലോണയുടെ മേല്‍വിലാസം തന്നെ അര്‍ജന്റീനക്കാരനായ ലിയോ മെസിയാണ്. റയല്‍ മാഡ്രിഡിന്റെ ചരിത്രത്തിലും ലാറ്റിനമേരിക്കന്‍ താരങ്ങളെ ധാരാളം കാണാം. ആഫ്രിക്കയുടെ അവസ്ഥയും ഇത് തന്നെയാണ്. ആ വന്‍കരയില്‍ നിന്നുള്ള പ്രമുഖരെല്ലാം യൂറോപ്പിന്റെ ഭൂപഠത്തിലാണ് മിന്നുന്നത്.

റയല്‍ മാഡ്രിഡ് എന്ന രാജാക്കന്മാര്‍

അന്നും ഇന്നും ക്ലബ് ഭൂപഠത്തില്‍ വിഖ്യാതരാണ് സ്‌പെയിനിലെ പ്രബലരായ റയല്‍ മാഡ്രിഡ്. 1897 മുതല്‍ യൂറോപ്പില്‍ ക്ലബ് പോരാട്ടങ്ങളുണ്ട്. ചാലഞ്ച് കപ്പായിരുന്നു ചരിത്രത്തിലെ ആദ്യ യൂറോപ്യന്‍ ക്ലബ് പോരാട്ടങ്ങള്‍. 1911 വരെ ഇതായിരുന്നു വന്‍കരയിലെ പ്രബലമായ ചാമ്പ്യന്‍ഷിപ്പ്. പിന്നീടാണ് ഇംഗ്ലണ്ടിലെയും സ്‌ക്കോട്ട്‌ലാന്‍ഡിലെയും ക്ലബുകള്‍ ഫുട്‌ബോല്‍ വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ആരംഭിച്ചത്. ഇറ്റലി, ജര്‍മനി, സ്വിറ്റ്‌സര്‍ലാന്‍ഡ്, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളിലെ ക്ലബുകള്‍ പങ്കെടുത്ത സര്‍ തോമസ് ലിപ്ടണ്‍ ട്രോഫിയും ആദ്യകാല മേജര്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ വരും. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമാണ് യൂറോപ്പില്‍ ക്ലബ് പോരാട്ടങ്ങള്‍ ശക്തമായത്. 1956 ലാണ് യൂറോപ്യന്‍ കപ്പ് എന്ന പേരില്‍ യൂറോപ്പില്‍ വന്‍കരാ ക്ലബ് ചാമ്പ്യന്‍ഷിപ്പ് ആരംഭിച്ചത്. തുടക്കം മുതല്‍ ചിത്രത്തില്‍ റയല്‍ മാഡ്രിഡായിരുന്നു. ഇതിഹാസ താരങ്ങളായ ഫ്രാങ്ക് പുഷ്‌ക്കാസ്, ആല്‍ഫ്രെഡോ ഡി സ്‌റ്റെഫാനോ, ഫ്രാന്‍സിസ്‌ക്കോ ജെന്‍ഡോ തുടങ്ങിയവരെല്ലാം അന്ന് റയല്‍ നിരയിലുണ്ടായിരുന്നു. തുടര്‍ച്ചയായി അഞ്ച് വര്‍ഷം അവര്‍ തന്നെയായിരുന്നു വന്‍കരയിലെ ജേതാക്കള്‍. 1960-61 സീസണില്‍ റയല്‍ മാഡ്രിഡിന്റെ ആധിപത്യത്തിന് അന്ത്യമിട്ട് ബാര്‍സിലോണയെത്തി. പക്ഷേ ഫൈനലില്‍ അവര്‍ പോര്‍ച്ചുഗലില്‍ നിന്നുള്ള ബെനഫിക്കയോട് പരാജയപ്പെട്ടു.
വന്‍കരയുടെ ചരിത്രത്തിലെ വലിയ പോരാട്ടങ്ങള്‍ എപ്പോഴും സ്പാനിഷ് പുലികള്‍ തമ്മിലായിരുന്നു. ഇറ്റലിയില്‍ നിന്നും ഏ.സി മിലാനും ഹോളണ്ടില്‍ നിന്ന് ഫയനൂര്‍ഡും ജര്‍മനിയില്‍ നിന്ന് ബയേണ്‍ മ്യൂണിച്ചും ഇംഗ്ലണ്ടില്‍ നിന്ന് ലിവര്‍പൂളും കരുത്തരായി വന്നുവെങ്കിലും സ്പാനിഷ് ആധിപത്യം പലപ്പോഴായി പ്രകടമായി. 1993 ലാണ് ചാമ്പ്യന്‍ഷിപ്പിന്റെ പേര് മാറുന്നത്. പിന്നീട് ഈ ചാമ്പ്യന്‍ഷിപ്പ് യുവേഫ ചാമ്പ്യന്‍സ് ലീഗായി മാറി. ഫ്രഞ്ച് ക്ലബായ മാര്‍സലിയായിരുന്നു ചാമ്പ്യന്‍സ് ലീഗിലെ ആദ്യ ജേതാക്കള്‍. ലോക ഫുട്‌ബോളിലെ സൂപ്പര്‍ താരങ്ങളെല്ലാം വന്‍കിട ക്ലബുകളുടെ താരങ്ങളായി മാറിയപ്പോള്‍ ചാമ്പ്യന്‍സ് ലീഗ് ലോകത്തിലെ തന്നെ ഏറ്റവും വലിയ ചാമ്പ്യന്‍ഷിപ്പായി മാറാന്‍ തുടങ്ങി. ഈ കിരീടം സ്വന്തമാക്കുകയെന്നത് യൂറോപ്പിലെ മുഴുവന്‍ ക്ലബുകളുടെയും അഭിമാനമായി മാറി. പലപ്പോഴും സ്‌പെയിനും ഇംഗ്ലണ്ടും ഇറ്റലിയും ജര്‍മന്‍ ക്ലബുകളായിരുന്നു മുന്‍നിരയില്‍. 2016 മുതല്‍ തുടര്‍ച്ചയായി മൂന്ന് വര്‍ഷം വന്‍കരാ ചാമ്പ്യന്മാരായി റയല്‍ പുതിയ ചരിത്രമെഴുതി.
2016 ലായിരുന്നു ഹാട്രിക്ക് വേട്ടയുടെ തുടക്കം. പ്രതിയോഗികള്‍ നഗര വൈരികളായ അത്‌ലറ്റികോ മാഡ്രിഡ്. 2014 ല്‍ നടന്ന കലാശപ്പരാട്ടത്തിന്റെ ആവര്‍ത്തനം പോലെയായിരുന്നു ഈ ഫൈനലും. 14 ലെ കലാശത്തില്‍ റയലും അത്‌ലറ്റിക്കോയും തന്നെയായിരുന്നു നേര്‍ക്കുനേര്‍. ഡിയഗോ സിമയോണി എന് അര്‍ജന്റീനക്കാരന് കീഴില്‍ ആ സീസണില്‍ നല്ല ഫോമിലായിരുന്നു അത്‌ലറ്റികോ. അവരായിരുന്നു ലാലീഗ ചാമ്പ്യന്മാര്‍. ആ കിരീടം സ്വന്തമാക്കി അടുത്തയാഴ്ച്ചയിലായിരുന്നു ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍. മല്‍സരം 90 മിനുട്ട് പിന്നിടുമ്പോള്‍ ഡിയാഗോ ഗോഡിന്റെ ഗോളില്‍ അത്‌ലറ്റികോ ലീഡ് നേടിയിരുന്നു. എന്നാല്‍ ഇഞ്ച്വറി സമയത്ത് സെര്‍ജിയോ റാമോസിന്റെ ഹെഡ്ഡറില്‍ റയല്‍ ഒപ്പമെത്തി. ഷൂട്ടൗട്ടിലേക്ക് കളി മാറിപ്പോള്‍ റയല്‍ 4-1ന് കപ്പ് സ്വന്തമാക്കിയിരുന്നു. ഈ തോല്‍വിക്ക് പകരം വീട്ടാനുള്ള അവസരമായിരുന്നു അത്‌ലറ്റിക്കോക്ക് 16 ല്‍ ലഭിച്ചത്. ആവേശകരമായിരുന്നു അങ്കം. നിശ്ചിത സമയത്ത് 1-1 സമനില . ഷൂട്ടൗട്ടില്‍ പക്ഷേ ഒരിക്കല്‍ കൂടി അത്‌ലറ്റികോ മാഡ്രിഡിന് പിഴച്ചു. കൃസ്റ്റിയാനോ റൊണാള്‍ഡോ എന്ന പോര്‍ച്ചുഗീസ് ഇതിഹാസമെടുത്ത അവസാന കിക്ക് വലയില്‍ കയറിയപ്പോള്‍ റയല്‍ 5-3ന് കപ്പ് സ്വന്തമാക്കി. സിനദിന്‍ സിദാന്‍ എന്ന പരിശീലകന്റെ കീഴില്‍ റയല്‍ സ്വന്തമാക്കിയ ആദ്യ മേജര്‍ കിരീടമായിരുന്നു ഇത്. അടുത്ത വര്‍ഷവും റയല്‍ കലാശ ടിക്കറ്റ് നേടി. സി.ആര്‍ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന കൃസ്റ്റിയാനോ റൊണാള്‍ഡോ തന്നെയായിരുന്നു ടീമിന്റെ നെടും തൂണ്‍. കാര്‍ഡിഫ് എന്ന ഇംഗ്ലീഷ് നഗരത്തിലായിരുന്നു കലാശം. ഇറ്റാലിയന്‍ ഫുട്‌ബോളിലെ വിഖ്യാതരെല്ലാം യുവന്തസ് സംഘത്തിലുണ്ടായിരുന്നു. ലോകത്തിലെ മികച്ച ഗോള്‍ക്കീപ്പര്‍മാരില്‍ ഒരാളായ ജിയാന്‍ ലുക്കാ ബഫണായിരുന്നു ടീമിന്റെ നായകന്‍. പക്ഷേ റയല്‍ അനായാസം ഫൈനല്‍ നേടി. 4-1 എന്നതായിരുന്നു ഫൈനല്‍ സ്‌ക്കോര്‍. സിദാനും റൊണാള്‍ഡോയും ചരിത്രമിട്ട കപ്പ്. 2018 ല്‍ വീണ്ടും അതാ റയല്‍. ഫൈനലില്‍ അവരെ നേരിടാന്‍ ജുര്‍ഗന്‍ ക്ലോപ്പെയുടെ ലിവര്‍പൂള്‍. ഉക്രൈനിയന്‍ നഗരമായിരുന്ന കീവിലായിരുന്നു കലാശം. 3-1ന് സിദാന്റെ റയല്‍ കപ്പടിച്ചു. അങ്ങനെ ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തില്‍ ആദ്യമായി ഒരു ക്ലബിന് ഹാട്രിക്ക് നേട്ടം. ഈ മൂന്ന് ചരിത്ര നേട്ടങ്ങളിലും സിദാനും കൃസ്റ്റിയാനോ റൊണാള്‍ഡോയുമായിരുന്നു ടീമിനെ മുന്നില്‍ നിന്ന് നയിച്ചത്.
നാടകീയത അവിടെ അവസാനിച്ചില്ല. ചരിത്രത്തിലേക്ക് ടീമിനെ നയിച്ച സിദാന്‍ നാടകീയമായി പരിശീലക സ്ഥാനം ഒഴിഞ്ഞു. പിറകെ കൃസ്റ്റിയാനോ റയല്‍ വിട്ട് യുവന്തസിലേക്കും ചേക്കേറി. ഈ രണ്ട് പേരും ക്ലബ് വിട്ടതോടെ 2019 ല്‍ റയല്‍ ചാമ്പ്യന്‍സ് ലീഗ് ചിത്രത്തിലുമുണ്ടായില്ല.
യൂറോപ്യന്‍ ചരിത്രത്തില്‍ മൂന്ന് തവണ യുവന്തസും വന്‍കരാ കിരീടം നേടിയിരുന്നു. അന്ന് യൂറോപ്യന്‍ കപ്പായിരുന്നു. 96 ല്‍ അയാക്‌സിനെയും 97 ല്‍ ബൊറൂഷ്യ ഡോര്‍ട്ടുമണ്ടിനെയും 98 ല്‍ റയല്‍ മാഡ്രിഡിനെയും തോല്‍പ്പിച്ചായിരുന്നു അവരുടെ ഹാട്രിക്ക്. 1993, 1994, 1995 വര്‍ഷങ്ങളില്‍ ഏ.സി മിലാനായിരുന്നു ചാമ്പ്യന്മാര്‍. ഹാട്രിക്ക് നേട്ടക്കാരില്‍ ബയേണ്‍ മ്യൂണിച്ചുമുണ്ടായിരുന്നു. 1974, 75,76 വര്‍ഷങ്ങളിലായിരുന്നു യൂറോപ്പില്‍ ബയേണ്‍ നിറഞ്ഞത്. 1971,72,73 വര്‍ഷങ്ങളിലെ ചാമ്പ്യന്മാര്‍ അയാക്‌സായിരുന്നു. ബെനഫിക്കയായിരുന്നു 1961, 62, 63 വര്‍ഷങ്ങളിലെ ജേതാക്കള്‍. യൂറോപ്യന്‍ കപ്പിന്റെ ചരിത്രമെടുത്താലും റെക്കോര്‍ഡില്‍ കൂടുതല്‍ കിരീടം റയലിനായിരുന്നു. 1956, 57, 58,59, 60 വര്‍ഷങ്ങളില്‍ അവര്‍ അഞ്ച് തവണ ഒന്നാമന്മാരായി.
ക്ലബ് സോക്കറിന്റെ ചരിത്രമെടുത്താല്‍ എന്ത് കൊണ്ടും അന്നും ഇന്നും ആദ്യം വരുന്നവര്‍ റയല്‍ തന്നെ

കമാൽ വരദൂർ 🖋️

ആനപറമ്പിലെ വേൾഡ് കപ്പ് ഒരുക്കുന്ന കമാൽവരദൂർ എഴുതുന്ന 101 ഫുട്ബോൾ കഥകൾ നിങ്ങൾക്ക് സൗത്ത് സോക്കേഴ്സിലൂടെ വായിക്കാം 

"സ്ട്രൈക്കരെ നായ കടിച്ചു . ടീമിന് സമനില" |കഥ-5| ആനപ്പറമ്പിലെ വേൾഡ് കപ്പ് സമർപ്പിക്കുന്ന | 'കാൽപ്പന്തിന്റെ 101 കഥകൾ' |



ഇന്ന് നമ്മള്‍ പോവുന്നത് ഫുട്‌ബോള്‍ തറവാട്ടിലേക്കാണ്-ഇംഗ്ലണ്ടിലേക്ക്. കാല്‍പ്പന്ത് കളിയുടെ ആസ്ഥാനമായ രാജ്യത്ത് അസംഖ്യം ഫുട്‌ബോള്‍ ക്ലബുകളുണ്ട്. ഓരോ കൗണ്ടിക്കും സ്വന്തം ക്ലബുണ്ടെങ്കില്‍ കൊച്ചു പ്രദേശങ്ങള്‍ക്കും അവരുടെ പ്രാദേശികത ഉയര്‍ത്തി ചെറിയ ക്ലബുകളുണ്ട്. എല്ലായിടത്തും നല്ല മൈതാനങ്ങള്‍, നല്ല സംവിധാനങ്ങള്‍. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ എല്ലാവര്‍ക്കും സുപരിചിതമാണ്. 20 വന്‍ ക്ലബുകള്‍ പോരടിക്കുന്ന ലോകത്തിലെ ഏറ്റവും ആരാധകരുള്ള ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്. അവിടെ കളിക്കുന്നവര്‍ ലിവര്‍പൂളും മാഞ്ചസ്റ്റര്‍ സിറ്റിയും മാഞ്ചസ്റ്റര്‍ യുനൈറ്റഡും ആഴ്‌സനലും ചെല്‍സിയും ടോട്ടനവുമെല്ലാമാണെങ്കില്‍ ഈ കഥയിലെ ക്ലബ് എല്ലാവര്‍ക്കും അത്ര സുപരിചിതിമായിരിക്കില്ല. പക്ഷേ 121 വര്‍ഷത്തെ വലിയ പാരമ്പര്യം ക്ലബിനുണ്ട്-ടോര്‍ക്കെ യുനൈറ്റഡ് അസോസിയേഷന്‍ ഫുട്‌ബോള്‍ ക്ലബ് എന്ന ടോര്‍ക്കെ യുനൈറ്റഡ് എഫ്.സി. ഫുട്‌ബോള്‍ മൈതാനങ്ങളില്‍ ദി ഗള്‍സ് എന്നാണ് ടീം അറിയപ്പെടുക. 1899 ല്‍ സ്ഥാപിച്ച ക്ലബ് ഇംഗ്ലീഷ് ദേശീയ ലീഗില്‍ സ്ഥിരമായി കളിക്കുന്നവരാണ്. മികച്ച റെക്കോര്‍ഡും അവര്‍ക്കുണ്ട്. 2019 ല്‍ എഫ്.എ കപ്പിലും ടീം പങ്കെടുത്തിരുന്നു. മൂന്നാം റൗണ്ട് വരെയെത്തി അവിടെ ബ്രൈട്ടണോട് പരാജയപ്പെട്ടവരാണ്.
ലോക ഫുട്‌ബോള്‍ ചരിത്രത്തില്‍ ടോര്‍ക്കെയുടെ പേരില്‍ വിഖ്യാത നേട്ടങ്ങളില്ല കെട്ടോ. വലിയ കിരീടങ്ങളൊന്നും അവര്‍ സ്വന്തമാക്കിയിട്ടില്ല. അവര്‍ക്കായി സൂപ്പര്‍ താരങ്ങളാരും കളിച്ചിട്ടുമില്ല. പക്ഷേ ലോക ഫുട്‌ബോളിന്റെ രസകരമായ അധ്യായങ്ങള്‍ തിരഞ്ഞാല്‍ അവിടെ ടോര്‍ക്കെയുണ്ട്. ആ കഥയാണ് പറയാന്‍ പോവുന്നത്.

സ്‌ട്രൈക്കറെ നായ കടിച്ചു, ടീമിന് സമനില

1987 ലെ ഇംഗ്ലീഷ് ദേശീയ ഫുട്‌ബോള്‍ ലീഗ്. മെയ് 9 ന് ടോര്‍ക്കെയും ക്ര്യു അലക്‌സാണ്ടറിയയും തമ്മിലുള്ള നിര്‍ണായക പോരാട്ടം. രണ്ട് ടീമുകള്‍ക്കും മല്‍സരം നിര്‍ണായകമായിരുന്നു. കാരണം പോയിന്റ് ടേബിളില്‍ പിറകിലാണ്. പരാജയപ്പെട്ടാല്‍ തരം താഴ്ത്തല്‍ ഭീഷണിയുണ്ട്. ഇംഗ്ലീഷ് ഫുട്‌ബോളില്‍ തരം താഴ്ത്തപ്പെടുക എന്ന് പറഞ്ഞല്‍ അതിനോളം വലിയ വേദനയില്ല. ടോര്‍ക്കെ എന്ന നഗരത്തിന്റെ പ്രതിനിധികളാണ് ടോര്‍ക്കെ എഫ്.സി. തോറ്റാല്‍ താരങ്ങളെ നാട്ടുകാര്‍ തന്നെ കൈകാര്യം ചെയ്യുന്ന അവസ്ഥ. കൂടാതെ സ്വന്തം മൈതാനത്താണ് കളി. 6000 പേര്‍ക്ക് ഇരിപ്പിടമുള്ള സ്‌റ്റേഡിയത്തില്‍ അതിന്റെ ഇരട്ടി കാണികളുമുണ്ട്. മല്‍സരം ആദ്യ 45 മിനുട്ട് പിന്നിടുമ്പോള്‍ ക്ര്യു അലക്‌സാണ്ടറിയക്ക് രണ്ട് ഗോള്‍ ലീഡ്. ടോര്‍ക്കെ ക്ലബിന്റെ താരങ്ങളും ആരാധകരുമെല്ലാം നിരാശയുടെ പുതപ്പിനുള്ളിലായിരുന്നു. ക്ര്യു അലക്‌സാണ്ടറിയയുടെ പ്രതിരോധമാവട്ടെ ശക്തമായിരുന്നു. എളുപ്പത്തില്‍ കടന്നു കയറാന്‍ കഴിയാത്ത അവസ്ഥ. ആരാധകര്‍ ഒന്നുറപ്പിച്ചു-ഈ സീസണില്‍ ടീം തരം താഴ്ത്തപ്പെട്ടത് തന്നെ.
രണ്ടാം പകുതി ആരംഭിക്കുന്നു. തുടക്കത്തില്‍ തന്നെ ടോര്‍ക്കെക്ക് അനുകൂലമായ ഫ്രീകിക്ക്. ക്ര്യ അലക്‌സാണ്ടറിയാക്കാര്‍ പ്രതിരോധ മതില്‍ തീര്‍ത്തു. ടോര്‍ക്കെക്കായി ഷോട്ട് പായിക്കാന്‍ എത്തിയത് അവരുടെ സ്‌ട്രൈക്കര്‍ ജെയിംസ് ആന്റണി മഗ്നിച്ചോല്‍. പെനാല്‍ട്ടി ബോക്‌സിന് പുറത്ത് നിന്നുള്ള ഫ്രീകിക്കായിരുന്നതിനാല്‍ ചെറിയ പ്രതീക്ഷകളുണ്ടായിരുന്നു. ടീമിന് മല്‍സരത്തിലേക്ക് തിരികെ വരാന്‍ എന്തെങ്കിലും സാധ്യത ആ കിക്ക് മാത്രമായിരുന്നു. സ്‌റ്റേഡിയം നിശബ്ദം. സമ്മര്‍ദ്ദത്തിന്റെ പകല്‍ വെളിച്ചത്തില്‍ കിക്കെടുക്കാന്‍ റഫറിയുടെ വിസില്‍. മഗ്നിച്ചോല്‍ മുന്നോട്ട് വന്നു- നീളന്‍ ഷോട്ടായിരുന്നു. പ്രതിയോഗികളില്‍ ഒരാളുടെ ദേഹത് തട്ടി പന്ത് വലയില്‍ കയറി. പിന്നെ ആരവമായിരുന്നു. ഒരു ഗോള്‍ തിരിച്ചടിക്കാനായല്ലോ...
അതോടെ ടീം ആകെ മാറി. ആക്രമണങ്ങള്‍ മാത്രം. സ്‌ക്കോട്ടുലാന്‍ഡുകാരനായ മഗ്നിച്ചോല്‍ തന്നെയായിരുന്നു ആക്രമണങ്ങളുടെ സുത്രധാരന്‍. പക്ഷേ ഒരു ഗോള്‍ കൂടി തിരിച്ചടിച്ച് സമനില നേടാനുള്ള അവരുടെ ശ്രമങ്ങള്‍ നിര്‍ഭാഗ്യങ്ങളില്‍ തട്ടി. അവസാന മിനുട്ടുകളില്‍ മഗ്നിച്ചോല്‍ പന്തിനായി കുതിക്കവെ അപ്രതീക്ഷിതമായി മൈതാനത്ത് ഒരു നായ-ജര്‍മന്‍ ഷെപ്പേര്‍ഡ് വിഭാഗത്തില്‍പ്പെട്ട കൂറ്റന്‍ നായ. മഗ്നിച്ചോല്‍ പന്തിനായി ഓടുമ്പോള്‍ അതേ വേഗതയില്‍ പിറകെ നായയും. പന്ത് പുറത്തേക്ക് പോയ വേളയില്‍ കളിക്കാരന്‍ വേഗത കുറച്ചപ്പോള്‍ അതാ അദ്ദേഹത്തിന്റെ ദേഹത്തേക്ക് ചാടി കയറിയിരിക്കുന്നു വലിയ നായ. റഫറിയും സഹതാരങ്ങളും ഗ്യാലറിയും അന്ധാളിച്ച് നില്‍ക്കവെ ബ്രൈന്‍ എന്ന് പേരുളള ആ കുറ്റന്‍ നായ താരത്തിന്റെ ദേഹം കടിച്ചു കീറി. വലത് കാലിലും നന്നായി കടിച്ചു. സ്വന്തം താരത്തെ രക്ഷിക്കാന്‍ ഓടിയടുത്ത ടോര്‍ക്കെയുടെ സഹതാരങ്ങളും ഒരു നിമിഷം നായയുടെ അരികിലേക്ക് എത്താന്‍ മടിച്ചു. റഫറി വിസിലുമായി ഓടിയെത്തി. മഗ്നിച്ചോല്‍ ആകെ പരിഭ്രാന്തനായിരുന്നു. നായയുടെ ഉടമ വന്ന് രംഗം ശാന്തമാക്കിയെങ്കിലും രക്തത്തില്‍ കുളിച്ചിരുന്നു കളിക്കാരന്‍. സംഭവിച്ചത് ഇത്രയുമാണ്-പുറത്തേക്ക് പോവുന്ന പന്തിനെയാണ് മഗ്നിച്ചോല്‍ ചേസ് ചെയ്തത്. ഇംഗ്ലണ്ടിലെ ഫുട്‌ബോള്‍ സ്‌റ്റേഡിയങ്ങളുടെ പ്രത്യേകത മൈതാനത്തിന് അരികില്‍ വരെ കസേരകളുണ്ടാവും. അവിടെ കളി കാണുകയായിരുന്നു ബ്രൈന്‍ എന്ന നായയുടെ ഉടമ. പക്ഷേ മഗ്നിച്ചോല്‍ ഓടിയടുത്തപ്പോള്‍ നായ കരുതി ഈ വരവ് തന്റെ ഉടമയെ ആക്രമിക്കാനാണെന്ന്. അങ്ങനെയാണ് അവനും രംഗത്ത് വന്നത്.

മൈതാനത്ത് കിടന്ന താരത്തെ പരിചരിക്കാനായി ടീമിന്റെ മെഡിക്കല്‍ സംഘമെത്തി. പുറത്തും കാലിലും വലിയ കെട്ടുകള്‍ക്കായി അഞ്ച് മിനുട്ടോളമെടുത്തു. ഈ സമയമത്രയും രണ്ട് ടീമിലെയും കളിക്കാര്‍ മഗ്നിചോലിന് ചുറ്റുമായിരുന്നു. അവസാനം റഫറി കളി തുടരാന്‍ നിര്‍ദ്ദേശം നല്‍കി. നായയുടെ വിളയാട്ടത്തില്‍ നഷ്ടമായ അഞ്ച് മിനുട്ട് അധിക സമയമായി പ്രഖ്യാപിച്ച് കളി തുടരാന്‍ പറഞ്ഞു.
ക്ര്യു അലക്‌സാണ്ടറിയാ താരങ്ങളെല്ലാം പ്രതിരോധം തീര്‍ത്തു. അഞ്ച് മിനുട്ട് പിടിച്ചുനിന്നാല്‍ മതിയല്ലോ. പക്ഷേ ടോര്‍ക്കെയുടെ പോള്‍ ഡോബ്‌സണ്‍ എന്ന മുന്‍നിരക്കാരന്‍ പണി പറ്റിച്ചു. അസാമാന്യ വേഗതയില്‍ പന്തുമായി കയറിയ ഡോബ്‌സണ്‍ ടോര്‍ക്കെയുടെ സമനില ഗോള്‍ നേടിയപ്പോള്‍ സ്‌റ്റേഡിയം ഒരിക്കല്‍ കൂടി ആവേശഭരിതമായി. താമസിയാതെ റഫറിയുടെ ലോംഗ് വിസിലുമെത്തി. മല്‍സരം 2-2. സമനില വഴി ടോര്‍ക്കെക്കാര്‍ തരം താഴത്തല്‍ ഭീഷണിയില്‍ നിന്ന് രക്ഷപ്പെടുകയും ചെയ്തു.
അടുത്ത ദിവസത്തെ വലിയ വാര്‍ത്ത ടോര്‍ക്കെയുടെ മാനം കാത്ത താരങ്ങളായിരുന്നില്ല-ആ ജര്‍മന്‍ ഷെപ്പേര്‍ഡായിരുന്നു. കാരണം നായ രംഗ പ്രവേശം ചെയ്തിലായിരുന്നുവെങ്കില്‍ ടോര്‍ക്കെക്ക് ആ അഞ്ച് മിനുട്ട് അധികസമയം ലഭിക്കുമായിരുന്നില്ല. സമനില ഗോള്‍ സ്‌ക്കോര്‍ ചെയ്യാനും കഴിയുമായിരുന്നില്ല. സ്വന്തം താരത്തിന്റെ രക്തം കുടിച്ചെങ്കിലും ടോര്‍ക്കെ ആരാധകര്‍ ഇന്നും ബ്രൈന്‍ എന്ന നായയെ മറക്കാന്‍ വഴിയില്ല. മല്‍സരത്തിന് ശേഷം മഗ്നിച്ചോലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 17 സ്റ്റിച്ചുകള്‍ വേണ്ടി വന്നു അദ്ദേഹത്തിന്. കാലിലും പുറത്തുമായി നായയുടെ പല്ലിറങ്ങിയ മൂന്ന് വലിയ കുഴികളും.

കമാൽ വരദൂർ 🖋️

ആനപറമ്പിലെ വേൾഡ് കപ്പ് ഒരുക്കുന്ന കമാൽവരദൂർ എഴുതുന്ന 101 ഫുട്ബോൾ കഥകൾ നിങ്ങൾക്ക് സൗത്ത് സോക്കേഴ്സിലൂടെ വായിക്കാം 

Monday, June 29, 2020

"കളി കാണാനുള്ള മല്‍സരത്തില്‍ മരിച്ചത് 96 പേര്‍" |കഥ-4| ആനപ്പറമ്പിലെ വേൾഡ് കപ്പ് സമർപ്പിക്കുന്ന | 'കാൽപ്പന്തിന്റെ 101 കഥകൾ' |

               

ഇതൊരു വേദനിപ്പിക്കുന്ന കഥയാണ്.  മൈതാനത്ത് സാധാരണ നമ്മള്‍ കാണുക രണ്ട് ടീമുകള്‍ തമ്മിലുള്ള പോരാട്ടമാണെങ്കില്‍ ഈ കഥയിലെ മല്‍സരം ശ്വാസത്തിന് വേണ്ടിയായിരുന്നു.  അല്‍പ്പം ഓക്‌സിജന്‍ ലഭിക്കാതെ  അലറി വിളിച്ച് ജീവഛവമായവരുടെ കഥ. 96 ഫുട്‌ബോള്‍ പ്രേമികള്‍ തല്‍സമയം മൈതാനത്ത് മരിച്ച് വീണ കഥ. പക്ഷേ ഈ ദുരന്ത കഥ ഒരു മുന്നറിയിപ്പായിരുന്നു. ലോകത്താകമാനമുള്ള ഫുട്‌ബോള്‍ സ്‌റ്റേഡിയങ്ങളുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ ഇടയാക്കിയ ദുരന്തം.
കഥയുടെ വേദി ഇംഗ്ലണ്ടാണ്. അവിടെയാണല്ലോ ഭ്രാന്തന്മാരായ ഫുട്‌ബോള്‍ പ്രേമികളുള്ളത്. അവര്‍ക്ക് കളിയെന്നാല്‍ അതൊരു വല്ലാത്ത വികാരമാണ്. സ്വന്തം ടീമിന് വേണ്ടി മരിക്കാന്‍ പോലും തയ്യാറാവുന്ന ആവേശം. അവര്‍ക്ക് കളി ടെലിവിഷനില്‍ കണ്ടാല്‍ പോര-നേരില്‍ തന്നെ കാണണം. അതും കൂട്ടമായി... 1989 ഏപ്രില്‍ 15. ഇംഗ്ലണ്ടിലെ വിഖ്യാതമായ എഫ്.എ കപ്പ് ഫുട്‌ബോളിന്റെ സെമി ഫൈനല്‍. ഒരു ഭാഗത്ത് ജനപ്രിയ ടീമായ ലിവര്‍പൂള്‍. മറുഭാഗത്ത്  നോട്ടിങ്ഹാം ഫോറസ്റ്റ്. ഈ രണ്ട് ടീമുകള്‍ക്കും പതിനായിരക്കണക്കിന് ആരാധകരുണ്ട്. ടീമിന്റെ സ്വന്തം ജഴ്‌സിയില്‍ ഇവര്‍ കളി ആസ്വദിക്കാനിറങ്ങും.  രണ്ട് ടീമുകളുടെയും ആരാധകര്‍ക്ക് സ്റ്റേഡിയത്തില്‍ പ്രത്യേക സ്ഥലങ്ങള്‍ തന്നെയാണ് സംഘാടകര്‍ നല്‍കാറുള്ളത്. അതിന് കാരണം തമ്മില്‍ തല്ല് ഒഴിവാക്കാലാണ്.  ഇംഗ്ലീഷ് ഫുട്‌ബോള്‍ ചരിത്രം പരിശോധിച്ചാല്‍ കാണികളുടെ തമ്മിലടി എത്രയോ കാണാം.  ഇത് കൊണ്ടാണ് ഫാന്‍സിന് പ്രത്യേക സ്ഥലങ്ങള്‍ അനുവദിക്കുന്നത്. സൗത്ത് യോര്‍ക്ക്‌ഷെയര്‍ കൗണ്ടിയിലെ ഷെഫീല്‍ഡിലുള്ള ഹില്‍സ്‌ബോറോ സ്‌റ്റേഡിയത്തിലായിരുന്നു അങ്കം.  അത്ര വലിയ മൈതാനമല്ല. പക്ഷേ സ്ഥിരമായി അവിടെ വലിയ മല്‍സരങ്ങള്‍ നടക്കാറുണ്ടായിരുന്നു. വൈകീട്ട്് മൂന്ന് മണിക്കായിരുന്നു കിക്കോഫ്. ആരാധകരെ ഭയന്ന് തന്നെയാണ് ഇത്രയും നേരത്തെ മല്‍സരം സംഘാടകര്‍ നിശ്ചയിച്ചത്. പകല്‍ വെളിച്ചത്തില്‍ കാണികളുടെ കടന്നുകയറ്റം കുറവാകുമെന്ന് കരുതിയുള്ള മുന്‍കരുതല്‍. കിക്കോഫിന് 15 മിനുട്ട് മുമ്പ് തന്നെ എല്ലാവരും ഇരിപ്പിടത്തില്‍ എത്തണമെന്ന നിര്‍ദ്ദേശവും നല്‍കിയിരുന്നു.

ഉച്ചത്തിരിഞ്ഞ് തന്നെ കാണികള്‍ ഒഴുകാന്‍ തുടങ്ങി. രണ്ട് ടീമിന്റെയും ആരാധകര്‍ തങ്ങള്‍ക്ക് അനുവദിക്കപ്പെട്ട സ്ഥലങ്ങളിലെത്തി. സ്‌റ്റേഡിയം നിറഞ്ഞിട്ടും അത്രയും ആളുകള്‍ പുറത്ത്. മല്‍സരം ആരംഭിക്കുന്നതിന് മിനുട്ടുകള്‍ക്ക് മുമ്പ് സുരക്ഷാ ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥന്‍  തിരക്ക് ഒഴിവാക്കാനെന്നോണം സ്‌റ്റേഡിയത്തിന്റെ ഒരു ഗേറ്റ് തുറക്കാന്‍ പറഞ്ഞതും പുറത്ത് നിന്നുള്ള വന്‍ ജനക്കൂട്ടം തിക്കി ത്തിരക്കി അകത്തേക്ക് കയറാന്‍ തുടങ്ങി. മൈതാനത്തെയും ഗ്യാലറിയെയും വേര്‍ത്തിരിക്കുന്ന ഇരുമ്പ് ഗേറ്റുകള്‍ക്കരികിലേക്ക് എല്ലാവരും കുതിച്ചെത്തി ( ഇംഗ്ലണ്ടിലെ സ്‌റ്റേഡിയങ്ങള്‍ കൂട്ടുകാര്‍ ശ്രദ്ധിച്ചാല്‍ ഒരു കാര്യം കാണാം. ഗ്യാലറിയും മൈതാനവും തമ്മില്‍ വളരെ അടുത്തായിരിക്കും. ഗ്യാലറിക്കും മൈതാനത്തിനും മധ്യേ വലിയ ഇരുമ്പ്് വേലികളുണ്ടാവും. ഇരിപ്പിടങ്ങള്‍ ലഭിക്കാത്ത കാണികല്‍ ചിലപ്പോള്‍ ഇരുമ്പ് വേലിക്ക് ചുറ്റും നിന്നായിരിക്കും മല്‍സരം കാണുക.) കാണികളുടെ തള്ളിക്കയറ്റത്തില്‍ ഇരുമ്പ് വേലിക്കരികില്‍ ആദ്യമെത്തിയവര്‍ കുരുങ്ങി നിന്നു. അവര്‍ക്് മുകളിലേക്ക് തിക്കി തിരക്കിയെത്തിയവര്‍ ഒന്നിന് പിറകെ ഒന്നായി വീണു.  മുന്നിലുള്ളവരുടെ വീഴ്ച്ച പോലുമറിയാതെ പിറകിലുള്ളവര്‍ തീരക്കിയെത്തിയതോടെ അടിയില്‍പ്പെട്ടവര്‍ ശ്വാസം കിട്ടാതെ അലറി. പക്ഷേ ആ അലര്‍ച്ച കേള്‍ക്കാന്‍ ആരുമുണ്ടായിരുന്നില്ല. അങ്ങനെ 94 പേര്‍ തല്‍ക്ഷണം ശ്വാസം കിട്ടാതെ മരിച്ചു. ഒരാള്‍ ആശുപത്രിയില്‍ വെച്ച് മരിച്ചു.  മറ്റൊരാള്‍ ദീര്‍ഘകാലം ചികില്‍സയിലായിരുന്നു. അബോധാവസ്ഥയില്‍ ആസുപത്രി കിടക്കയില്‍ തന്നെയായിരുന്ന  അയാള്‍ 1993 ല്‍ മരിച്ചു. 766 പേര്‍ക്ക് പരുക്കേറ്റു. ഇംഗ്ലീഷ് ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമായിരുന്നു ഇത്.


ആ ദുരന്ത കാഴ്ച്ചകള്‍ ഹൃദയഭേദകമായിരുന്നു.  സ്‌റ്റേഡിയത്തിലേക്ക് ആദ്യം തിക്കി തിരക്കി കയറിയവരാണ്  ദുരന്തത്തിനിരയായത.് ഏത് വിധേനയും കളി കാണുക മാത്രമായിരുന്നു എല്ലാവരുടെയും ലക്ഷ്യം. ലിവര്‍പൂള്‍ ആരാധകരായിരുന്നു മരിച്ചവരില്‍ കൂടുതല്‍. ഇംഗ്ലീഷ് ഫുട്‌ബോളില്‍ ഹൂളിഗന്‍സ് അഥവാ ഭ്രാന്തന്മാര്‍ എന്നൊരു വിഭാഗമുണ്ട്.  കളിയെ വന്യമായി ആസ്വദിക്കലാണ് ഇവരുടെ ഇഷ്ടം. പ്രതിയോഗികളെ ആക്രമിക്കുക, സ്വന്തം ടീമിനായി സ്വയം മറക്കുക. ഈ ആവേശത്തിലായിരുന്നു പലരും. ചിത്രങ്ങള്‍ കണ്ടാലറിയാം  ദുരന്തത്തിന്റെ ഭീകരത. ഇരുമ്പ് വേലിക്ക്് മുന്നില്‍ കുരുങ്ങി ജീവന് വേണ്ടി നിലവിളിക്കുന്നവരുടെ  ദേഹത്തേക്ക് മലവെളളപ്പാച്ചില്‍ പോലെ ആളുകള്‍ എത്തുകയായിരുന്നു.  വന്നവര്‍ വന്നവര്‍ വീഴാന്‍ തുടങങ്ങി. അവരുടെ നിലവിളികള്‍ക്ക് മേല്‍ പിറകെ വന്നവര്‍ അകപ്പെട്ടു.

ഇംഗ്ലീഷ് ഫുട്‌ബോള്‍ പ്രേമികള്‍ ഉന്മാദികളെ പോലെയാണ്. മദ്യപിച്ചായിരിക്കും ഭൂരിപക്ഷവും കളി ആസ്വാദനമെന്ന ആഘോഷത്തിന് വരുക. ഇതും ദുരന്തത്തിന്റെ ആഴം വര്‍ധിപ്പിച്ചു.  പോലീസായിരുന്നു ഒന്നാം പ്രതി.  അവര്‍ എന്തിന് ഗേറ്റുകള്‍ തുറന്നു എന്ന ചോദ്യം ഉത്തരമില്ലാതെ നിലനിന്നു.  പതിനായിരക്കണക്കിന് കാണികള്‍ പുറത്ത്് ബഹളം വെക്കുമ്പോള്‍ അവര്‍ക്കായി കാട്ടിയ കാരുണ്യത്തില്‍ 96 പേരുടെ ജീവന്‍ നഷ്ടമാവുകയായിരുന്നു. വലിയ ദുരന്തമായതിനാല്‍ അന്വേഷണം പ്രഖ്യാപിച്ചു. പ്രാഥമിക അന്വേഷണത്തില്‍ പോലീസ് ആരാധകരില്‍ കുറ്റം ചാര്‍ത്തി. മദ്യപിച്ചെത്തിയ കാണികള്‍ തിക്കിത്തിരക്കിയത് മൂലമായിരുന്നു വലിയ ദുരന്തമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്. ഇരുമ്പ് ഗേറ്റും പ്രശ്‌നമായി. എന്നാല്‍ ഈ റിപ്പോര്‍ട്ടിനെതിരെ മരിച്ചവരുടെ കുടുംബങ്ങള്‍ രംഗത്ത് വന്നു. പോലീസ് എന്തിന് ഗേറ്റ് തുറന്നു എന്ന ചോദ്യം അവര്‍ ഉയര്‍ത്തിയപ്പോള്‍ പുതിയ അന്വേഷണ കമ്മീഷനെത്തി. വലിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ഒരു സംവിധാനവുമില്ലാതെയാണ് പോലീസ് എത്തിയതെന്ന് രണ്ടാമത്തെ അന്വേഷണത്തില്‍ മനസ്സിലായി. വലിയ മല്‍സരമായിട്ടും സുരക്ഷ ഒരുക്കാന്‍ കുറച്ച് പോലിസുകാര്‍ മാത്രം. ആംബുലന്‍സ് സംവിധാനം പോലുമുണ്ടായിരുന്നില്ല. സംഘാടകരുടെ അനുമതി തേടാതെ പോലീസ് ഗേറ്റ് തുറന്നതാണ് പ്രശ്‌നമായതെന്നായിരുന്നു ഈ അന്വേഷണത്തില്‍ തെളിഞ്ഞത്.
പക്ഷേ അടിസ്ഥാന കാരണം ഇരുമ്പ് ഗേറ്റായിരുന്നു. മൈതാനത്തിന് ചുറ്റും സ്ഥാപിക്കപ്പെട്ട ഗേറ്റില്‍ തട്ടി മുന്നോട്ടും പിന്നോട്ടും പോവാന്‍ കഴിയാതെ  പലരും കുരുങ്ങുകയായിരുന്നു. ഇംഗ്ലീഷ് മെതാനങ്ങളില്‍ നിന്ന് ഇരുമ്പ് ഗേറ്റുകള്‍ അപ്രത്യക്ഷമാവാന്‍ കാരണവും ഈ സംഭവമായിരുന്നു. ഗേറ്റുകള്‍ക്ക്് പകരം സ്‌റ്റേഡിയങ്ങളില്‍ ഇരിപ്പിടങ്ങള്‍ വര്‍ധിപ്പിക്കാന്‍ തീരുമാനമായി. ഒരു സാഹചര്യത്തിലും കാണികളെ മൈതാനത്തിന് അരികിലെത്തരുതെന്ന തീരുമാനവുമായി. ഹില്‍സ്‌ബോറോ ദുരന്തമെന്നാല്‍ ഇന്നും ഇംഗ്ലീഷ് ഫുട്‌ബോള്‍ വിതുമ്പും.
അന്നത്തെ മല്‍സരം അതോടെ ഉപേക്ഷിച്ചു. അതേ വര്‍ഷം മെയ് ഏഴിന് ഓള്‍ഡ് ട്രാഫോഡില്‍ മല്‍സരം നടന്നു. ലിവര്‍പൂള്‍ വിജയിച്ചു. ഫൈനലിലും അവര്‍ക്ക് തന്നെയായിരുന്നു വിജയം.


ചിത്രം
ഹില്‍സ്‌ബോറോ സ്‌റ്റേഡിയത്തിലെ ഇരുമ്പ് ഗേറ്റില്‍ കുരുങ്ങി ശ്വാസം ലഭിക്കാതെ അലറി വിളിക്കുന്നവര്‍.

കമാൽ വരദൂർ 🖋️

ആനപറമ്പിലെ വേൾഡ് കപ്പ് ഒരുക്കുന്ന കമാൽവരദൂർ എഴുതുന്ന 101 ഫുട്ബോൾ കഥകൾ നിങ്ങൾക്ക് സൗത്ത് സോക്കേഴ്സിലൂടെ വായിക്കാം 

Friday, June 26, 2020

"അമ്മമ്മോ.... നൈജീരിയ" |കഥ-3| ആനപ്പറമ്പിലെ വേൾഡ് കപ്പ് സമർപ്പിക്കുന്ന | 'കാൽപ്പന്തിന്റെ 101 കഥകൾ' |




ഒളിംപിക്‌സ് എന്ന് കേള്‍ക്കുമ്പോള്‍ മനസ്സിലൊരു ലഡു പൊട്ടലാണ്.... നാല് വര്‍ഷത്തിലൊരിക്കല്‍ നടത്തപ്പെടുന്ന ആഗോള കായിക മാമാങ്കത്തില്‍ എല്ലാവരെയും കാണാം. ഓട്ടവും ചാട്ടവും ഫുട്‌ബോളും ഹോക്കിയും വോളിബോളും അങ്ങനെ മല്‍സരങ്ങളുടെ ഓണക്കാലം അല്ലേ.... ഒളിംപിക്‌സിന്റെ ചരിത്രം കൂട്ടുകാര്‍ക്കെല്ലാം അറിയില്ലേ... പുരാതന ഗ്രീസ്. ചിന്നിചിതറി കടന്ന നഗര രാഷ്ട്രങ്ങള്‍. സ്പാര്‍ട്ടയും ഏതന്‍സും കൊറീന്ത്യയും ഒളിംപിയയുമെല്ലാം. ഗ്രീസിന്റെ ഭൂമിരാഷ്ട്രപരമായ കിടപ്പ് രസകരമാണ്. കുന്നുകളും താഴ്‌വരകളുമായി സിഗ് സാഗ് പോലെ. നഗര രാഷ്ട്രങ്ങള്‍ തമ്മില്‍ ഒരു ബന്ധവുമുണ്ടായിരുന്നില്ല. ഒരു രാജ്യത്തിലെ വിത്യസ്ത നഗരങ്ങള്‍ തമ്മില്‍ ബന്ധമില്ലാതെ നില്‍ക്കുന്ന അവസ്ഥക്ക് അന്ത്യമിട്ടാണ് നഗര രാഷ്ട്രങ്ങളുടെ കായിക സമ്മേളനം ഒളിംപിയ എന്ന നഗര രാഷ്ട്രത്തില്‍ നടത്താന്‍ തീരുമാനിച്ചത്. ഒളിംപിയയിലെ ഈ ഒത്തുചേരലാണ് പില്‍ക്കാലത്ത് ഒളിംപിക്‌സായി പരിമണിച്ചത്.  പുരാതന ഒളിംപിക്‌സില്‍ നമ്മള്‍ക്ക്് പരിചയമുള്ള മല്‍സരങ്ങളില്‍ ദ്വന്ദുയുദ്ധം മാത്രമായിരുന്നു-ഇന്നത്തെ ബോക്‌സിംഗിന്റെ ഒരു പഴയ രൂപം. പിയറി ഡി ഗോബര്‍ട്ടിന്‍ എന്ന ഫ്രഞ്ചുകാരനാണ് ആധുനിക ഒളിംപിക്‌സിന് രൂപം നല്‍കിയത്-1896 ല്‍. അന്ന് മുതലാണ് നമുക്കിന്ന് പരിചയമുള്ള മല്‍സരങ്ങള്‍ അരങ്ങേറാന്‍ തുടങ്ങിയത്. ഈ ആദ്യ ആധുനിക ഒളിംപിക്‌സില്‍ ഫുട്‌ബോള്‍ കളിച്ചതായി പോലും രേഖകള്‍ പറയുന്നു. ഏതന്‍സ് ഇലവനും  അന്നത്തെ ഓട്ടോമന്‍ സാമ്രാജ്യത്തിലെ ടീമായ  സിര്‍നയും തമ്മില്‍ കളിച്ചിരുന്നതായി ഒരു വിഭാഗം ചരിത്രകാരന്മാര്‍  പറയുന്നുണ്ട്. 1900 ലെയും 1904 ലെയും ഒളിംപിക്‌സിലും ഫുട്‌ബോളുണ്ടായിരുന്നു. പക്ഷേ ഇവയെല്ലാം വിവിധ ക്ലബുകള്‍ തമ്മിലായിരുന്നു. എന്നാല്‍  രാജ്യങ്ങള്‍ തമ്മിലുള്ള പോരാട്ടമായി ഒളിംപിക് ഫുട്‌ബോള്‍ ഔദ്യോഗികമായി മാറിയത്  1908 ലെ ലണ്ടന്‍ ഒളിംപിക്‌സ് മുതലാണ്. ഒളിംപിക്‌സിന്റെ ആതിഥേയര്‍ രാജ്യാന്തര ഒളിംപിക് കമ്മിറ്റിയാണ്. ഐ.ഒ.സി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ലോകത്തെ ഏറ്റവും വലിയ കായിക സംഘടന പിറന്നത് 1894 ജൂണ്‍ 23 നാണ്. ആ ദിവസമാണ് എല്ലാ വര്‍ഷവും ഒളിംപിക് ദിനമായി ആചരിക്കുന്നത് എന്നതും കൂട്ടുകാര്‍ തിരിച്ചറിയണം. ആ ദിവസാണിപ്പോള്‍. അതിനാല്‍ രസമുള്ള ഒരു ഒളിംപിക് ഫുട്‌ബോള്‍ കഥ പറയട്ടെ...


അമ്മമ്മോ.... നൈജീരിയ

ഈ കഥയുടെ പശ്ചാത്തലം അമേരിക്കയാണ്. 1996 ലെ ഒളിംപിക്‌സ്.  അതിന് വേദിയായത് അറ്റ്‌ലാന്റ നഗരം. അമേരിക്കക്കാര്‍ക്ക്് ഫുട്‌ബോളിനോട് വലിയ താല്‍പ്പര്യമില്ലെങ്കിലും അറ്റ്‌ലാന്റയിലേക്ക് വന്നവരെല്ലാം ശക്തരായ ഫുട്‌ബോള്‍ ടീമുകളായിരുന്നു. 1992 ലെ ഒളിംപിക്‌സ് വരെ പ്രായഭേദമന്യേ എല്ലാവര്‍ക്കും ഒളിംപിക് ടീമിലെത്താമായിരുന്നെങ്കില്‍ ആ വര്‍ഷം വലിയ നിയമ ഭേദഗതിയുണ്ടായിരുന്നു. ഒളിംപിക് ഫുട്‌ബോള്‍ ടീമില്‍ 23 വയസിന് താഴെയുള്ളവര്‍ മാത്രമേ പാടുള്ളുവെന്ന്. മൂന്ന് സീനിയേഴ്‌സിന് മാത്രം കളിക്കാം.  നേരിട്ട്് ഒരു ടീമിനും ഒളിംപിക്‌സ് ഫുട്‌ബോള്‍ കളിക്കാനാവില്ല. എല്ലാ വന്‍കരകളിലും യോഗ്യതാ മല്‍സരങ്ങള്‍. അങ്ങനെ യോഗ്യതാ കടമ്പ കടന്ന് അറ്റ്‌ലാന്റയിലേക്ക് വന്നവര്‍ ചില്ലറക്കാരായിരുന്നില്ല. അര്‍ജന്റീന, ബ്രസീല്‍, ഇറ്റലി, പോര്‍ച്ചുഗല്‍, ഫ്രാന്‍സ്, സ്‌പെയിന്‍, മെക്‌സിക്കോ, നൈജീരിയ, ജപ്പാന്‍ തുടങ്ങിയവര്‍. ബ്രസീലും അര്‍ജന്റീനയുമുള്ളതിനാല്‍ സ്വര്‍ണവും വെള്ളിയും അവര്‍ പങ്കിടുമെന്ന് എല്ലാവരും ഉറപ്പിച്ചു. ഏഷ്യയില്‍ നിന്നുള്ള രാജ്യങ്ങള്‍ക്കോ ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കോ ആരും ഒരു സാധ്യതയും കല്‍പ്പിച്ചിരുന്നില്ല. മല്‍സരങ്ങളുടെ ആദ്യഘട്ടം കഴിഞ്ഞപ്പോള്‍ പ്രതീക്ഷിച്ച പോലെ അര്‍ജന്റീന, പോര്‍ച്ചുഗല്‍, ഫ്രാന്‍സ്, സ്‌പെയിന്‍, മെക്‌സിക്കോ തുടങ്ങിയവരെല്ലാം നോക്കൗട്ടിലെത്തി. അട്ടിമറിക്കാരായി ആഫ്രിക്കയില്‍ നിന്നും ഘാനയും നൈജീരിയയും കടന്നു കയറി. ക്വാര്‍ട്ടര്‍ ഫൈനലുകളില്‍  പോര്‍ച്ചുഗല്‍ ഫ്രാന്‍സിനെയും അര്‍ജന്റീന സ്‌പെയിനിനെയും  നൈജീരിയ മെക്‌സിക്കോയും ബ്രസീല്‍ ഘാനയെയും തോല്‍പ്പിച്ചതോടെ ആവേശം ഉയര്‍ന്നു. സെമി ഫൈനലില്‍ ബ്രസീലിനെതിരെ നൈജീരിയയും അര്‍ജന്റീനക്കെതിരെ പോര്‍ച്ചുഗലും. ഒന്നാം സെമിയുടെ ഫലം പ്രതീക്ഷിച്ച പോലെയായിരുന്നു-അര്‍ജന്റീനക്കാര്‍ രണ്ട് ഗോളുകള്‍ പോര്‍ച്ചുഗല്‍ വലയില്‍ നിക്ഷേപിച്ചു. രണ്ടാം സെമിയില്‍ ബ്രസീല്‍ അണിനിരത്തിയ പേരുകള്‍ പറയാം-  സാക്ഷാല്‍ റൊണാള്‍ഡോ, റിവാള്‍ഡോ, ബെബറ്റോ,  ഗോള്‍ക്കീപ്പര്‍ ദീദ, ജുനിഞ്ഞോ, സാവിയോ, റോബര്‍ട്ടോ കാര്‍ലോസ് തുടങ്ങിയവര്‍. കിക്കോഫില്‍ തന്നെ ബ്രസീല്‍ സ്‌ക്കോര്‍ ചെയ്തു. ഫ്‌ളാവിയോയുടെ ബൂട്ടില്‍ നിന്ന്. 20-ാം മിനുട്ടില്‍ റോബര്‍ട്ടോ കാര്‍ലോസിന് പറ്റിയ പിഴവില്‍ സെല്‍ഫ് ഗോള്‍ രൂപത്തില്‍ ബ്രസീലിന്റെ വലയില്‍ പന്തെത്തി. അങ്ങനെ 1-1. എന്നാല്‍ ബെബറ്റോയും ഫ്‌ളാവിയോയും ഒന്നാം പകുതിക്ക് മുമ്പ് സ്‌ക്കോര്‍ ചെയ്തതോടെ 3-1 ന് ബ്രസീല്‍ മുന്നില്‍. സ്വന്തം ടീം ഫൈനല്‍ ഉറപ്പാക്കിയെന്ന ധാരണയില്‍ കൂറെ ബ്രസീലുകാര്‍ സ്‌റ്റേഡിയം വിടുകയും പുറത്ത് ആഘോഷം ആരംഭിക്കുകയും ചെയ്തു. രണ്ടാം പകുതിയില്‍ പക്ഷേ കളി മാറി. 78-ാം മിനുട്ടില്‍ വിക്ടര്‍ ഇക്‌പെബയുടെ ബുള്ളറ്റ് ഷോട്ട് ബ്രസീല്‍ വലയില്‍. മല്‍സരം 2-3. അവസാന മിനുട്ടില്‍ നായകന്‍ കാനുവിന്റെ കാലുകളില്‍ പന്ത്. ഊളിയിട്ട് ബ്രസീല്‍ ബോക്‌സില്‍ കയറിയ നായകന്‍ പന്ത് വലയിലാക്കി, 3-3. പിന്നെ 30 മിനുട്ട് അധികസമയം.  മൂന്നാം മിനുട്ടില്‍ തന്നെ കാനു വീണ്ടും നിറയൊഴിച്ചതോടെ ആഘോഷം നൈജീരിയന്‍ ക്യാമ്പിലായി. ബ്രസീലുകാര്‍ തളരാന്‍ തുടങ്ങിയിരുന്നു. പക്ഷേ വിടാതെ അവര്‍ പൊരുതിയെങ്കിലും ഡിഫന്‍സില്‍ കൂടുതല്‍ ആളുകളെ അണിനിരത്തി അവശേഷിക്കുന്ന 27 മിനുട്ട് നൈജീരിയ പൊരുതി നിന്നു. അങ്ങനെ ഒളിംപിക് ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചുവരവില്‍ അവര്‍ ഫൈനലില്‍. ഫുട്‌ബോള്‍ ലോകം മോഹിച്ചത് ഒരു അര്‍ജന്റീന-ബ്രസീല്‍ ഫൈനലായിരുന്നു. പക്ഷേ  ജോര്‍ജിയയിലെ ഏതന്‍സിലുള്ള സാന്‍ഫോര്‍ഡ് സ്‌റ്റേഡിയത്തില്‍ ഒരു ലക്ഷത്തോളം പേരെ സാക്ഷിയാക്കി ഓഗസ്റ്റ് മൂന്നിന് നടന്നത് ലാറ്റിനമേരിക്കയും ആഫ്രിക്കയും തമ്മിലുള്ള ബലാബലം. അതായത് അര്‍ജന്റീനയും നൈജീരിയയും.
ചാമ്പ്യന്‍ഷിപ്പില്‍ അസാധ്യ ഫോമിലായിരുന്നു അര്‍ജന്റീനക്കാര്‍. വിഖ്യാതരായ റോബര്‍ട്ടോ അയാല, ജാവിയര്‍ സനേറ്റി, മത്തിയാസ് അല്‍മേഡ, റോബര്‍ട്ടോ സെന്‍സീനി, ക്ലൗഡിയോ ലോപസ്, ഡിയാഗോ സിമയോണി, ഏരിയല്‍ ഒര്‍ടേഗ, ഹെര്‍നാന്‍ ക്രെസ്‌പോ തുടങ്ങി എല്ലാവരും പില്‍ക്കാലത്ത് ലോക ഫുട്‌ബോളില്‍ അരങ്ങ് തകര്‍ത്തവര്‍. വന്‍ ആരവങ്ങളില്‍ കളി തുടങ്ങി. മൂന്നാം മിനുട്ടില്‍ തന്നെ ലോപസിന്റെ ഗോളില്‍ അര്‍ജന്റീന ലീഡ് നേടി. അതോടെ ഗ്യാലറിയില്‍ അര്‍ജന്റീനക്കാരുടെ മതിമറന്ന ആഘോഷം. പക്ഷേ തിരിച്ചുവന്ന നൈജീരിയ ബബയാറോയിലുടെ സമനില നേടി.  ആദ്യ പകുതിയില്‍ 1-1. രണ്ടാം പകുതി തുടങ്ങിയതും ഹെര്‍നാന്‍ ക്രെസ്‌പോ നേടിയ പെനാല്‍ട്ടി ഗോളില്‍ അര്‍ജന്റീന മുന്നില്‍. അവിടെയും സൂപ്പര്‍ ഈഗിള്‍സ് എന്ന് വിളിപ്പേരുള്ള നൈജീരിയക്കാര്‍ തളര്‍ന്നില്ല. അവരുടെ കൊച്ചുതാരം  ഡാനിയേല്‍ അമോകാച്ചി 74-ാം മിനുട്ടില്‍ സമനില നേടുന്നു.  പിന്നെ പൊരിഞ്ഞ പോരാട്ടമായിരുന്നു. അവസരങ്ങളെല്ലാം അര്‍ജന്റീനക്കാര്‍ക്കായിരുന്നു. പക്ഷേ പ്രത്യാക്രമണത്തില്‍ വന്യമായ ആഫ്രിക്കന്‍ കരുത്തില്‍ നൈജീരിയക്കാര്‍ അര്‍ജന്റീനയുടെ ഗോള്‍മുഖം വിറപ്പിക്കാന്‍ തുടങ്ങി. കളി 90-ാം മിനുട്ടില്‍. അമോകാച്ചിയിലുടെ പന്ത് ഇമാനുവല്‍ അമുനികേക്ക്. ഓഫ്‌സൈഡ് കെണിയില്‍ നിന്ന് വന്‍ കുതിപ്പില്‍ മോചിതനായ താരം പെനാല്‍ട്ടി ബോക്‌സിലേക്ക് കയറിയപ്പോള്‍ അര്‍ജന്റീനയുടെ കരുത്തനായ ഗോള്‍ക്കീപ്പര്‍  പാബ്ലോ കവലാരോ മുന്നോട്ട് കയറി. പക്ഷേ ഗോള്‍ക്കീപ്പറെയും പരാജിതനാക്കി  അമുനികേ പന്ത് ഗോള്‍ പോസ്റ്റില്‍ നിക്ഷേപിച്ചത് സുന്ദരമായ വോളിയില്‍. മല്‍സരം 3-2 ല്‍ നൈജീരിയക്ക് അനുകൂലം. ബാക്കിയുള്ളത് അധികസമയമായ നാല് മിനുട്ട് മാത്രം. ആ സമയത്തെയും നൈജീരിയക്കാര്‍ അതിജയിച്ചപ്പോല്‍ ഇതാദ്യമായി ഒളിംപിക് ഫുട്‌ബോള്‍ സ്വര്‍ണം ആഫ്രിക്കയില്‍....

ഒളിംപിക് ഫുട്‌ബോളിലെന്നല്ല ലോക ഫുട്‌ബോളില്‍ തന്നെ ഇത്തരത്തില്‍ വിസ്മയ തിരിച്ചുവരവ് കുറവായിരുന്നു. വിഖ്യാതരായ രണ്ട് ലാറ്റിനമേരിക്കക്കാര്‍. ബ്രസീലിനെ സെമിയില്‍ തോല്‍പ്പിച്ചത് 1-3 ന് പിറകില്‍ നിന്ന ഘട്ടത്തില്‍. ഫൈനലില്‍ അര്‍ജന്റീനയെ തോല്‍പ്പിച്ചത് 1-2ന് പിന്നില്‍ നിന്ന ഘട്ടത്തില്‍. അതോടെ നൈജീരിയക്കാര്‍ ലോക ഫുട്‌ബോളല്‍ അട്ടിമറിക്കാരായി. ലോക ഫുട്‌ബോളിലെ പലരും പറഞ്ഞു-ആഫ്രിക്കയില്‍ നിന്ന് ഒരു ടീം ലോകകപ്പ് നേടുമെങ്കില്‍ അത് നൈജീരിയക്കാര്‍ ആയിരിക്കുമെന്ന്. പക്ഷേ ഈ ഒളിംപിക് ഫുട്‌ബോള്‍ കരുത്ത് ലോക വേദിയില്‍ പ്രകടിപ്പിക്കാന്‍ പലത് കൊണ്ടും അവര്‍ക്കായില്ല എന്നതായിരുന്നു ഖേദകരമായ സത്യം.


ചിത്രം
1996 ലെ അറ്റ്‌ലാന്റ ഒളിംപിക്‌സില്‍ അര്‍ജന്റീനയെ പരാജയപ്പെടുത്തി സ്വര്‍ണം സ്വന്തമാക്കിയ ആഹ്ലാദത്തില്‍ നൈജീരിയന്‍ ടീം

കമാൽ വരദൂർ 🖋️

ആനപറമ്പിലെ വേൾഡ് കപ്പ് ഒരുക്കുന്ന കമാൽവരദൂർ എഴുതുന്ന 101 ഫുട്ബോൾ കഥകൾ നിങ്ങൾക്ക് സൗത്ത് സോക്കേഴ്സിലൂടെ വായിക്കാം 

Sunday, June 21, 2020

"ബ്രസീല്‍ കരഞ്ഞ ആ രാത്രി" |കഥ-1| ആനപ്പറമ്പിലെ വേൾഡ് കപ്പ് സമർപ്പിക്കുന്ന | 'കാൽപ്പന്തിന്റെ 101 കഥകൾ' |



കൂട്ടുകാരേ,
ഒരു പന്ത് നിങ്ങള്‍ തട്ടിയാല്‍ എത് എത്ര ദൂരം പോവും...? അത് നിങ്ങളുടെ തട്ടലിന്റെ ശക്തി പോലെയിരിക്കുമല്ലേ.... അതേ, ഫുട്‌ബോളിന് അതിര്‍ത്തിയില്ല. ദൂരെ, ദൂരെ, വേഗ വേഗത്തില്‍ അത് പോവും. 6000 വര്‍ഷത്തെ ഫുട്‌ബോള്‍ പാരമ്പര്യത്തിലുടെ സഞ്ചരിച്ചാല്‍ കഥകള്‍ക്ക് പഞ്ഞമില്ല. ഓരോ മല്‍സരവും ഓരോ കഥയല്ലേ... മല്‍സരങ്ങള്‍, അതിന്റെ ഒരുക്കം, വിജയം അല്ലെങ്കില്‍ തോല്‍വി-എല്ലാം നല്ല കഥകളാണ്. എനിക്ക് വളരെ ഇഷ്ടപ്പെട്ട, കേട്ടപ്പോള്‍ കരഞ്ഞ് പോയ ഒരു കഥയില്‍ തുടങ്ങട്ടെ... അത് നിങ്ങള്‍ക്കും ഇഷ്ടപ്പെടും. ഈ കഥ നടന്ന സ്ഥലവും വ്യക്തിയുടെ വീടും ഞാന്‍ സന്ദര്‍ശിച്ചതാണ്. കഥ കേള്‍ക്കാന്‍ റെഡിയല്ലേ....

ബ്രസീല്‍ എന്ന് കേട്ടാല്‍ അത് ഫുട്‌ബോളാണല്ലോ...? നമ്മുടെ ഇന്ത്യയെക്കാള്‍ വലിയ രാജ്യം. വിസ്തീര്‍ണത്തില്‍ ഇന്ത്യ ഏഴാമതാണെങ്കില്‍ ബ്രസീല്‍ അഞ്ചാമതാണ്. നമ്മുടെ രാജ്യം പോലെ തന്നെ പ്രകൃതിരമണീയമായ രാജ്യം. മലകളും കുന്നുകളും താഴ്‌വരകളും പുഴകളുമെല്ലാമായി അടിപൊളി. ആ വലിയ രാജ്യത്തിലുടെ സഞ്ചരിച്ചാല്‍ എവിടെയും കാണാം നല്ല ഗ്രൗണ്ടുകള്‍. എല്ലാവരും കളിക്കുന്നത് ഫുട്‌ബോള്‍. വിഖ്യാത നഗരങ്ങള്‍ പലതുമുണ്ട് കെട്ടോ ബ്രസീലില്‍. സാവോപോളോ അതി വലിയ പട്ടണമാണ്. ബ്രസീലിയ രാജ്യത്തിന്റെ ആസ്ഥാനമാണ്. പക്ഷേ നമ്മള്‍ പോവുന്നത് റിയോഡി ജനീറോയിലേക്കാണ്.

അവിടെ വിഖ്യാതമായ ഒരു മൈതാനമുണ്ട്- അറിയില്ലേ- മരക്കാന.... ആ പേര് കേള്‍ക്കുമ്പോള്‍ തന്നെ ആവേശമായില്ലേ നിങ്ങള്‍ക്ക്.... ലോകത്ത് ഏത് ഫുട്‌ബോള്‍ താരവും കളിക്കാന്‍ കൊതിക്കുന്ന മൈതാനം. ഞങ്ങള്‍ സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ടര്‍മാരുടെ വലിയ സ്വപ്‌നവും അവിടെ പോയി മല്‍സരം റിപ്പോര്‍ട്ട് ചെയ്യലാണ്. ഈ കാര്യത്തില്‍ ഞാന്‍ ഭാഗ്യാവാനാണ് കെട്ടോ- 2014 ലെ ലോകകപ്പിലും 2016 ലെ റിയോ ഒളിംപിക്‌സിലുമായി നിരവധി തവണ മരക്കാനയില്‍ പോയി മല്‍സരം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.


ലോകകപ്പിന്റെ ചരിത്രമെല്ലാം കൂട്ടുകാര്‍ക്ക് പരിചയമുള്ളതാണല്ലോ. 1930 ലായിരുന്നു ആദ്യ ലോകകപ്പ്-അതങ്ങ് ഉറുഗ്വേയില്‍. നാല് വര്‍ഷത്തിന് ശേഷം 1934 ല്‍ ഇറ്റലിയിലെത്തി ലോകകപ്പ്. വീണ്ടും നാല് വര്‍ഷത്തിന് ശേഷം ലോകകപ്പ് നടന്നത് 1938 ല്‍ ഫ്രാന്‍സില്‍. പക്ഷേ നമ്മള്‍ പറയാന്‍ പോവുന്ന കഥ നാലാം ലോകകപ്പിലേതാണ്. 1950 ല്‍ ബ്രസീല്‍ ആതിഥേയരായ ആദ്യ ലോകകപ്പ്. 2014 ലെ ലോകകപ്പിന് പോയപ്പോള്‍ സാവോപോളോ നഗരത്തില്‍ വെച്ച് ഒരാളെ പരിചയപ്പെട്ടു. കരീസോ മസോക്ക എന്നായിരുന്നു പേര്. സാവോപോളോ നഗരത്തിലെ പൗലിസ്റ്റ അവന്യൂവിലെ 21-ാം സ്ട്രീറ്റില്‍ പുസ്തക വില്‍പ്പനക്കാരന്‍. കടുത്ത ഫുട്‌ബോള്‍ പ്രേമി. അദ്ദേഹത്തിന്റെ പിതാവ് ഉബാതേ മസോക്ക.  1950 ലെ ലോകകപ്പ് ഫൈനല്‍  നേരില്‍ കാണാന്‍ ജീവിതത്തിലെ മൊത്തം സമ്പാദ്യവുമായി സാവോപോളോയില്‍ നിന്നും 400 കീലോമീറ്റര്‍ അകലെയുള്ള റിയോയിലേക്ക് പിതാവ് പോവുന്നു. പിറ്റേ ദിവസം കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി പിതാവ് തിരികെ വന്ന കാഴ്ച്ചയാണ് കരീസോ പറഞ്ഞത്.  അദ്ദേഹം പറഞ്ഞ കഥ കേട്ടപ്പോള്‍ എന്റെ കണ്ണും നിറഞ്ഞു.

നേരത്തെ ഞാന്‍ പറഞ്ഞില്ലേ, ഫുട്‌ബോള്‍ എന്നാല്‍ ബ്രസീലുകാര്‍ക്കത് ജീവനാണ്. എന്നും അടിപൊളി ടീമാണ് ബ്രസീല്‍. കളിക്കാരോട് ജനത്തിനെല്ലാം വലിയ ആരാധനയാണ്. ഫുട്‌ബോളിനെ ഇത്രമാത്രം സ്‌നേഹിച്ചിട്ടും നമുക്കെന്താ ലോകകപ്പ് ഒരിക്കല്‍ പോലും ലഭിക്കാത്തത് എന്ന വലിയ ചോദ്യം എല്ലാ ബ്രസീലുാര്‍ക്കുമുണ്ടായിരുന്നു. ആദ്യ ലോകപ്പ് ഉറുഗ്വേക്കാര്‍ റാഞ്ചി. അത് സഹിക്കാനാവുമായിരുന്നില്ല ബ്രസീലുകാര്‍ക്ക്. കാരണം ഉറുഗ്വേ അവരുടെ അയല്‍ക്കാരാണ്. കൊച്ചുരാജ്യവും. അവര്‍ ലോകകപ്പ് നേടിയെങ്കില്‍ എന്ത് കൊണ്ട് നമുക്കത് പാടില്ല എന്ന ചോദ്യം എല്ലാ ബ്രസീലുകാര്‍ക്കുമുണ്ടായിരുന്നു. അതിനവരേ കുറ്റം പറയാനുമാവില്ല. കാരണം അത്ര മാത്രം അവര്‍ കാല്‍പ്പന്തിനെ സ്‌നേഹിച്ചിരുന്നുട്ടോ...
50 ല്‍ സ്വന്തം നാട്ടില്‍ ലോകകപ്പ്. എല്ലാവരും മതിമറന്നു. ലോകകപ്പ് നേരില്‍ കാണാമല്ലോ. അവരുടെ പ്രാര്‍ത്ഥന പോലെ സ്വന്തം ടീം ഫൈനലില്‍. എതിരാളികളോ ബദ്ധ വൈരികളായ ഉറുഗ്വേ. 1950 ജൂലൈ 16ന് ഫൈനല്‍. അത് മരക്കാനയില്‍. ഒരു ലക്ഷമാളുകള്‍ക്ക്് അവിടെ ഇരിപ്പിടമുണ്ട്. പക്ഷേ എത്തിയത് രണ്ട് ലക്ഷം പേര്‍. ഓര്‍ത്തുനോക്കു, ഇത്തരത്തിലൊരു അവസ്ഥ. മൈതാനത്തിന്റെ ടച്ച്് ലൈന്‍ വരെ ആളുകള്‍. ചരിത്രത്തില്‍  തന്നെ ഏറ്റവും വലിയ കാണികള്‍. എവിടെയും സാംബാതാളം. എല്ലാവരും അണിഞ്ഞത് മഞ്ഞക്കുപ്പായം. സ്‌റ്റേഡിയത്തിന് പുറത്തും ലക്ഷകണക്കിനാളുകള്‍. കൂട്ടുകാരേ, ഇന്നുള്ളത് പോലെ വലിയ ടെലിവിഷന്‍ സ്‌ക്രീന്‍ ഒന്നും അന്നില്ല. സ്‌റ്റേഡിയത്തിന് പുറത്ത് തിങ്ങിനിറഞ്ഞവരുടെ പ്രതീക്ഷ ഗ്യാലറികളിലെ ആരവങ്ങള്‍ മാത്രമായിരുന്നു. ആരവങ്ങള്‍ ഉയര്‍ന്നാല്‍ അത് ഗോളാണെന്ന് അവര്‍ തിരിച്ചറിയും.  മല്‍സരം തുടങ്ങുന്നതിന് മുമ്പ് ചെറുതായി ചാറ്റല്‍ മഴ പെയ്തു. നമ്മളെ പോലെ തന്നെ വലിയ വിശ്വാസികളാണ് ബ്രസീലുകാര്‍. ചാറ്റല്‍ മഴ ശുഭലക്ഷണമാണെന്ന് എല്ലാ ബ്രസീലുകാരും കരുതി. കളി തുടങ്ങി. ബ്രസീലിന് അവസരങ്ങളുടെ പെരുമഴ. ഗോള്‍ മാത്രമില്ല. ആദ്യ പകുതിയില്‍ 0-0. രണ്ടാം പകുതി ആരംഭിച്ചതും ബ്രസീല്‍ മുന്നിലെത്തി. ഫ്രൈക്ക എന്ന മധ്യനിരക്കാരനായിരുന്നു സ്‌ക്കോറര്‍. സ്‌റ്റേഡിയം പൊട്ടിത്തെറിച്ചു. ഗ്യാലറിയിലും ഗ്യാലറിക്ക്് പുറത്തും എല്ലാവരും കെട്ടിപ്പിടിച്ചു. ആ ഗോള്‍ പക്ഷേ ഉറുഗ്വേയെ ഉണര്‍ത്തുകയാണ് ചെയ്തത്. ജുവാന്‍ ആല്‍ബെര്‍ട്ടോ ഷിയാഫിനോ വഴി അധികം താമസിയാതെ ഉറുഗ്വേ ഒപ്പമെത്തി. പക്ഷേ ആ ഗോളില്‍ ഒരു കൈയ്യടി പോലുമുണ്ടായില്ല. കാരണം സ്‌റ്റേഡിയത്തിലെ രണ്ട് ലക്ഷവും ബ്രസീലുകാരായിരുന്നു. അവര്‍ക്ക് വലിയ ഷോക്കായിരുന്നു ആ സമനില ഗോള്‍. പിന്നെ മൈതാനമെന്നത് ശ്മശാനം പോലെയായിരുന്നു. ബ്രസീലുകാര്‍ തളര്‍ന്നു. അവസരം കാത്തിരുന്ന ഉറുഗ്വേയുടെ സൂപ്പര്‍ താരം ഗിഗിയ ഓടിക്കയറി. ബ്രസീലിന്റെ ഗോള്‍ക്കീപ്പര്‍ മോസിര്‍ ബാര്‍ബോസ മുന്നോട്ട് വന്നു. ഗോള്‍ക്കീപ്പര്‍ക്കും പോസ്റ്റിനും ഇടയിലുടെ ഗിഗിയ പന്ത് വലയിലാക്കിയപ്പോള്‍ ഉറുഗ്വേക്ക് ലീഡ്.... മല്‍സരം അവസാനിക്കാന്‍ 11 മിനുട്ട് മാത്രം ബാക്കി. സ്‌റ്റേഡിയത്തില്‍ ഒരു കുട്ടി പോലും മിണ്ടുന്നില്ല. എല്ലാവരും കരയുകയായിരുന്നു. റഫറിയുടെ ലോംഗ് വിസില്‍ മുഴങ്ങങിയപ്പോള്‍ ഉറുഗ്വേക്കാര്‍ തുള്ളിച്ചാടി. രണ്ട് ലക്ഷം ബ്രസീലുകാരും ഒന്നും മിണ്ടാതെ സ്‌റ്റേഡിയം വിട്ടു. എല്ലാ കടകളും അടച്ചു. ബാറുകള്‍ പൂട്ടി. പൊട്ടിക്കരയുന്ന ബ്രസീലുകാരായിരുന്നു എങ്ങും. സ്വന്തം മൈതാനത്ത്, ബദ്ധ വൈരികളായ അയല്‍ക്കാരോട് ലോകകപ്പ് ഫൈനലില്‍ തോല്‍ക്കുകയെന്നത് ഒരു ബ്രസീലുകാരനും ആലോചിക്കാന്‍ പോലും കഴിയുമായിരുന്നില്ല. പിന്നീട് അഞ്ച് തവണ ബ്രസീല്‍ ലോകകപ്പ് നേടിയല്ലോ. കൂട്ടുകാര്‍ക്കറിയില്ലേ പെലെ, ഗാരിഞ്ച, ദീദി, വാവ, റൊണാള്‍ഡോ തുടങ്ങിയവരെയെല്ലാം. എല്ലാവരും  ലോകകപ്പ് നേടിയവര്‍. പക്ഷേ ഒരു ബ്രസീലുകാരനോട് ചോദിച്ചാല്‍ ഈ അഞ്ച് നേട്ടത്തേക്കാള്‍ അവന്റെ അഭിമാനത്തെ സാരമായി ബാധിച്ചത് 50 ലെ ആ ഫൈനല്‍ തോല്‍വിയാണ്. ഇപ്പോഴും ആ തോല്‍വിയോര്‍ത്ത് അവര്‍ കരയാറുണ്ട്.
അന്ന് പൊട്ടിക്കരഞ്ഞ ബ്രസീലുകാരില്‍ ഒരാളായിരുന്നു  മുകളില്‍ പറഞ്ഞ കരീസോയുടെ പിതാവ് ഉബാതേ മസോക്ക. അദ്ദേഹം അടുത്ത ദിവസമാണ് റിയോയില്‍ നിന്നും സാവോപോളോയിലെത്തിയത്. മധുരവുമായി തിരികെ വരുന്ന പിതാവിനെയും കാത്ത് കരീസോ കാത്തു നിന്നിരുന്നു. പക്ഷേ പിതാവ് ഒന്നും മിണ്ടാതെ സ്വന്തം ചെറിയ മുറിയില്‍ കയറി. പിന്നെ അദ്ദേഹം എഴുന്നേറ്റില്ല. ഹൃദയാഘാതത്തില്‍ അദ്ദേഹം മരിച്ചു. ആ സംഭവത്തിന് ശേഷം ഓരോ ജൂലൈ 16 ഉം കരീസോക്ക് വേദനയാണ്.....
ലോക ഫുട്‌ബോളില്‍ ഏറ്റവും വലിയ വേദനാ മല്‍സരം ഇതായിരുന്നു. കഥ അവസാനിപ്പിക്കുന്നതിന് മുമ്പ് ഒന്ന് കൂടെ പറയട്ടെ. 2014 ലെ ലോകകപ്പ് സെമിയില്‍ ബ്രസീല്‍ ഏഴ് ഗോളിന് ജര്‍മനിയോട് തോറ്റതും വലിയ കഥയാണ്. ആ മല്‍സരം ഞാന്‍ നേരില്‍ കണ്ടത്. ആ കഥയുടെ വൈകാതെ പറയാട്ടോ...... 

കമാൽ വരദൂർ 🖋️


കാല്പന്തിനെ പ്രണയിച്ചവർക്കായി ഇതാ ആനപ്പറമ്പിലെ വേൾഡ് കപ്പ് സമർപ്പിക്കുന്ന .." കാൽപ്പന്തിന്റെ 101 കഥകൾ "




2018 JUNE 15
റഷ്യ യിൽ നടന്ന  വേൾഡ്കപ്പിന്റെ ആദ്യ മൽസരം നടന്നിട്ട്  ഇന്നേക്ക്‌ 2 വർഷം തികയുന്നു. ഇൗ രണ്ടു വർഷങ്ങളുടെ ഇടവേളയിൽ ആണ് ആനപ്പറമ്പിലെ വേൾഡ് കപ്പ് സിനിമയുടെ പ്രാരംഭ പ്രവർത്തനങ്ങളും  ഷൂട്ടിങ്ങും നടന്നത് . സിനിമയുടെ POST PRODUCTION ജോലികൾ നടന്നു കൊണ്ടിരിക്കുകയാണ് .   ഇൗ കോവിഡ് കാലം  കഴിഞ്ഞു തീയേറ്ററുകളിൽ തുറക്കുമ്പോൾ ഇൗ കൊച്ചു സിനിമയും നിങ്ങളെ സന്തോഷിപ്പിക്കാൻ എത്തും.  ഫുട്ബോളും ഫാന്റസിയും ചേർന്നുള്ള രസക്കൂട്ടാണ് ഇൗ സിനിമ നിറയെ. ആന്റണി വർഗീസും ( നിങ്ങളുടെ സ്വന്തം പെപ്പെ ) , ബാലു വർഗീസും ലൂക്മാനും , ടീ ജീ രവിയും ,  ഐ എം വിജയനും , ജോപോൾ അഞ്ചേരിയും കൂടെ ഒരു കൂട്ടം കുട്ടികളും കൂടാതെ കുറച്ച്  സർപ്രൈസുകളും നിങ്ങൾക്കായി കാത്തിരിക്കുന്നു . 

സിനിമയുടെ പ്രമോഷൻ ഭാഗമായി പ്രശസ്ത  സ്പോർട്സ് ലേഖകനും ,  എഴുത്തുകാരനും ചന്ദ്രിക പത്രത്തിന്റെ ചീഫ് എഡിറ്ററുമായ   കമാൽ വരദൂർ എഴുതുന്ന  " കാൽപന്തിനെ 101 കഥകൾ "  നിങ്ങൾക്കുവേണ്ടി ഒരുങ്ങുകയാണ് . കേരളത്തിലെ ഫുട്ബാളിന്റെ  പ്രമുഖ സോഷ്യൽ മീഡിയ കൂട്ടായ്മ സൗത്ത്സോക്കേഴ്സ് ലൂടെയും  @aanapparambileworldcup എന്ന ഫേസ്ബുക്ക് & ഇൻസ്റ്റ പേജുകളിൽ കൂടിയും  ഇൗ കൊച്ചു കഥകൾ നിങ്ങൾക്ക് വായിക്കാം . 
കാല്പന്തിനെ പ്രണയിച്ചവർക്കായി ഇതാ ആനപ്പറമ്പിലെ വേൾഡ് കപ്പ് സമർപ്പിക്കുന്ന .." കാൽപ്പന്തിന്റെ 101 കഥകൾ " 

നിഖിൽ പ്രേംരാജ് ,(ഡയറക്ടർ -ആനപ്പറമ്പിലെ വേൾഡ് കപ്പ്)

Coming soon ...

Saturday, February 29, 2020

കാൽപന്ത് പ്രേമികൾക്കാഘോഷിക്കാൻ വീണ്ടുമൊരു 'ഫുട്ബോൾ' സിനിമ


കാല്പന്തിനെ ഹൃദയത്തോളം സ്നേഹിച്ച  ഒരു ജനതയുടെ വികാരവുമായി ആനപ്പറമ്പിലെ വേൾഡ് കപ്പ്‌ ആദ്യ ലുക്ക്‌  പുറത്ത്. ആന്റണി വർഗീസ് നായകനാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നിഖിൽ പ്രേംരാജ് ആണ്  അച്ചാപ്പു  മൂവി മാജിക് &  മാസ്സ് മീഡിയ പ്രൊഡക്ഷൻ ചേർന്ന് അവതരിപ്പിക്കുന്ന  ചിത്രത്തിന്റെ നിർമാണം സ്റ്റാൻലി സി എസ് (ദുബായ്) ഫൈസൽ ലത്തീഫ് എന്നിവർ ചേർന്ന് നിർവഹിച്ചിരിക്കുന്നു.



കൊണ്ടോട്ടി അഖിലേന്ത്യാ സെവൻസ് ടൂർണമെന്റിൽ വച്ച് ഇന്ത്യൻ ഫുട്ബാൾ ഇതിഹാസം ഐ എം വിജയനും ആന്റണി വർഗീസ് (പെപ്പെ) യും ചേർന്നാണ് പോസ്റ്റർ പ്രകാശനം ചെയ്തത്. പ്രശസ്ത സിനിമാ താരങ്ങളായ ആദിൽ ഇബ്രാഹിം , ദ്രുവൻ , ജയ്സ് ജോസ് , മുൻ ഇന്ത്യൻ ഫുട്ബാൾ താരം ആസിഫ് സഹീർ , എന്നിവർ സന്നിഹിതരായിരുന്നു . സിനിമയിലെ മറ്റ് പ്രധാന വേഷങ്ങളിൽ അഭിനയക്കുന്ന ഏഴ് കുട്ടികളെ സദസ്സിൽ പരിചയപ്പെടുത്തി . മഴവിൽ ഗോളിലൂടെ സോഷ്യൽ മീഡിയയിൽ താരമായ ഡാനിഷ് പി കെ , അമൽ , ബാസിത് , കാശി , ഇമാനുവൽ , ശിവപ്രസാദ് ,     ഋത്വിക് എന്നിവരാണ് .  ടീ ജീ രവി , ബാലു വർഗീസ് , ലുക്‌മാൻ , നിഷാന്ത് സാഗർ , ജോപോൾ അഞ്ചേരി , തുടങ്ങിയവർ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു . ഫായിസ് സിദ്ദിഖ് ക്യാമറയും  ജെയ്ക്സ് ബിജോയ് സംഗീതവും നിർവഹിച്ചിരിക്കുന്നു . ബാദുഷ യാണ് പ്രൊഡക്ഷൻ കൺട്രോളർ .  ചിത്രം പെരുന്നാളിന് തീയറ്ററുകളിൽ എത്തും .

Wednesday, October 2, 2019

ജിതിൻ വീണ്ടും സന്തോഷ് ട്രോഫി ക്യാമ്പിൽ


കേരള ബ്ലാസ്റ്റേഴ്‌സ് റിസർവ് താരമായിരുന്ന ജിതിൻ എം എസ് വീണ്ടും സന്തോഷ്‌ ട്രോഫി ക്യാമ്പിൽ ചേരുന്നു. ബ്ലാസ്റ്റേഴ്സിൽ നിന്നും ഗോകുലം എഫ് സി യിലേക്ക് ചേക്കേറുന്നു എന്ന അഭ്യൂഹങ്ങൾക്കിടെയാണ്  വീണ്ടും സന്തോഷ്‌ ട്രോഫി ക്യാമ്പിൽ 'ചെറുത്' എത്തുന്നത്. ജിതിൻ അംഗമായിരുന്ന കേരള ടീം സന്തോഷ്‌ ട്രോഫി ജേതാക്കൾ ആയിരുന്നു. ആ മികവും പന്തടക്കവും വേഗതയും മനസ്സിലാക്കിയാണ് പരിശീലകന്മാരായ ബിനോ ജോർജും പുരുഷോത്തമനും കേരള ടീമിനായി  ജിതിന്റെ സേവനം ഉറപ്പ് വരുത്തുന്നത്. ബ്ലാസ്റ്റേഴ്‌സ് റിസർവ് താരമായിരുന്ന ജിതിൻ ഒരിക്കലും സീനിയർ ടീമിലേക്ക് പരിഗണിക്കപ്പെട്ടിരുന്നില്ല. മാത്രമല്ല ഗൾഫിൽ നടന്ന പ്രീ സീസണിൽ ജിതിനെ ഒഴിവാക്കി മറ്റെല്ലാവരെയും കൊണ്ട് പോയത് വിമർശങ്ങൾ വിളിച്ചു വരുത്തിയിരുന്നു. വിമർശനങ്ങളെ ബ്ലാസ്റ്റേഴ്‌സ് ആരാധകർ ജിതിന്റെ ഒരു പോസ്റ്റ്‌ ഉപയോഗിച്ച് പ്രതിരോധിച്ചിരുന്നു. താൻ കോച്ചിന്റെ പ്ലാൻ അനുസരിച്ചു ടീമിൽ ഉണ്ടാകുമെന്ന് ജിതിന്റെ പോസ്റ്റ്‌ ഉണ്ടായിരുന്നെങ്കിലും ഇത്തവണത്തെ ബ്ലാസ്റ്റേഴ്‌സ് ടീമിലും തഴയപ്പെട്ടു. അതോടെ ജിതിനെ ബ്ലാസ്റ്റേഴ്‌സ് തഴയുകയാണെന്ന കാര്യം വ്യക്തമായി. ഗോകുലത്തിലേക്ക് പോകുമെന്ന വാർത്തകൾ പ്രചരിക്കുന്നുണ്ടെങ്കിലും അത് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. എന്തായാലും ജിതിന്റെ സേവനം കേരള സന്തോഷ്‌ ട്രോഫി ടീമിന് ഒരു മുതൽകൂട്ടാകുമെന്ന് സംശയമില്ലാത്ത കാര്യമാണ്. ഒരിക്കൽ കൂടി ആ ബൂട്ടുകൾ ഗർജ്ജിക്കുന്നത് കാണാൻ ആഗ്രഹിക്കുകയാണ് ഫുട്ബോൾ പ്രേമികൾ. 'ചെറുതിന്റെ' വലിയ കളികൾക്കായി കേരളത്തിലെ  ഫുട്ബോൾ പ്രേമികൾ കാത്തിരിക്കുന്നുണ്ട്.

Saturday, September 21, 2019

ആരാധകർക്ക് ബ്ലാസ്റ്റേഴ്‌സിന്റെ ആദരം


കേരള ബ്ലാസ്റ്റേഴ്‌സിനായി ആർത്തുവിളിക്കുന്ന ലക്ഷക്കണക്കിന് ആരാധകർക്ക് ആദരം. ബ്ലാസ്റ്റേഴ്‌സ്ന്റെ 12ആം നമ്പർ ജേഴ്‌സി ഇനി ക്ലബിന്റെ സ്വന്തം ആരാധകർക്കായി മാറ്റിവെക്കും.കഴിഞ്ഞ തവണ പ്രതിരോധ നിരക്കാരൻ മുഹമ്മെദ് റകിപ് ആയിരുന്നു 12ആം നമ്പർ താരം. ഈയിടെ ബ്ലാസ്റ്റേഴ്‌സ്ന്റെ ഇൻസ്റ്റാഗ്രാമിൽ ഫോള്ളവേഴ്സിന്റെ എണ്ണം ഒരു മില്യൻ അഥവാ 10 ലക്ഷം പിന്നിട്ടിരുന്നു.

SouthSoccers - Together for Football

ഐ. എസ്. എൽ ടീമുകളോട് കൊമ്പുകോർക്കാൻ ഗോകുലം


ഡ്യുറണ്ട്‌ കപ്പ് ജേതാക്കളായ കേരളത്തിന്റെ സ്വന്തം ഐ ലീഗ് ടീമായ ഗോകുലം കേരള പ്രീസീസണ് പൂരത്തിലേക്ക്. ഐ. എസ്. എൽ ടീമുകളാണ് തങ്ങളുടെ പ്രീസീസൻ മത്സരങ്ങളുടെ ഭാഗമായി ഗോകുലത്തിനോട് ഏറ്റുമുട്ടുന്നത്. മുംബൈ എഫ്. സി, ബാംഗ്ലൂർ, അത്ലറ്റികോ ഡി കൊൽക്കത്ത, ജംഷെഡ്പൂർ, ചെന്നൈ എന്നി ക്ലബുകളാണ് ഇതിനോടകം താൽപ്പര്യം പ്രകടിപ്പിച്ചിട്ടുള്ളത്. ഇത്തവണ ഐഎസ്എൽ ക്ലബുകൾ എല്ലാം ഇൻഡ്യയിൽ തന്നെയാണ് പ്രീസീസൻ കളിക്കുന്നത്.


SouthSoccers - Together for Football

Monday, March 25, 2019

റയൽ കാശ്മീരിന്റെ ഹീറോ ഇനി ബ്ലാസ്റ്റേഴ്സിൽ


ഐ ലീഗിലെ ഏറ്റവും മികച്ച ഗോൾ കീപ്പറായ ബിലാൽ ഖാനെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കി. രണ്ട് വർഷത്തെ കരാർ അടിസ്ഥാനത്തിലാണ് താരം ബ്ലാസ്റ്റേഴ്സിലേക്ക് എത്തുന്നത്. കഴിഞ്ഞ സീസണിൽ റയൽ കാശ്മീരിനായി 19 മത്സരങ്ങളിൽ വലകാത്ത ബിലാൽ ഉസൈൻ ഖാൻ 9 മത്സരങ്ങളിൽ ക്ലീൻ ഷീറ്റ് സ്വന്തമാക്കിയിരുന്നു. 



വീരൻ ഡി സിൽവ ബ്ലാസ്റ്റേഴ്സിന്റെ സി.ഇ.ഒ സ്ഥാനം ഏറ്റെടുത്ത ശേഷം കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിരുന്ന രണ്ടാമത്തെ താരമാണ് ബിലാൽ ഖാൻ. ഐഎസ്എൽ ക്ലബ്ബായ പൂനെ സിറ്റി താരമായിരുന്ന ബിലാൽ ഖാന്  ഐഎസ്എല്ലിൽ ഒരുത്തവണ പോലും ടീമാനായി കളിക്കാൻ കഴിഞ്ഞിരിക്കുന്നില്ല. ലോൺ അടിസ്ഥാനത്തിലാണ് താരം റയൽ കാശ്മീരിനായി കളിച്ചിരുന്നു. ഉത്തർപ്രദേശുക്കാരനായ ബിലാൽ 2017-18 സീസണിൽ ഗോകുലം കേരള എഫ്സിയുടെ താരമായിരുന്നു ബിലാൽ ഖാൻ. ചർച്ചിൽ ബ്രദേഴ്സ്, മുഹമ്മദൻസ്, ഹിന്ദുസ്ഥാൻ എഫ്സി എന്നീ ടീമുകൾക്ക് വേണ്ടിയും ഈ 24കാരൻ ബൂട്ട് കെട്ടിയിട്ടുണ്ട്

Friday, March 15, 2019

സൂപ്പർ കപ്പിൽ സൂപ്പറാവാൻ ബ്ലാസ്റ്റേഴ്സും ആരോസും


ടീമുകളുടെ പിന്മാറ്റ ആശങ്കൾക്കിടയിൽ സൂപ്പർകപ്പിന് ഇന്ന് തുടക്കം.ഒഡിഷ തലസ്ഥാനമായ ഭുവനേശ്വരിലെ കലിംഗ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ.കേരള ബ്ലാസ്റ്റേഴ്സ് - ഇന്ത്യൻ ആരോസ് പോരാട്ടത്തോട് കൂടിയാണ്  യോഗ്യത മത്സരങ്ങൾക്ക് തുടക്കം.ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ കൗമാരങ്ങളെ നേരിടുമ്പോൾ തീപാറും അങ്കത്തിനാണ് ആരാധകർ കാത്തിരിക്കുന്നത്.ഇന്ന് രാത്രി 8.30 നാണ് മത്സരം.

Monday, January 14, 2019

തോറ്റാലും ഇന്ത്യ നോക്കൗട്ട് ലേക്കോ?എങ്ങിനെ?


ഏഷ്യ കപ്പ് ഫുട്ബോൾ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഇന്ത്യ ഇന്ന് ബഹ്റൈനെ നേരിടുമ്പോൾ ആരാധകർ എല്ലാം ഗംഭീര വിജയം നേടി ആവശകരമായി അടുത്ത റൗണ്ടിലേക്ക് ഇന്ത്യ മാർച്ച് ചെയ്യുന്നത് കാണാനായി കാത്തിരിക്കുകയാണ്. ഒരു പോയിന്റുമായി ഗ്രൂപ്പിൽ അവസാന സ്ഥനാക്കാരാണ് ബഹ്റൈൻ എന്നതും ഇന്ത്യക്ക് പ്രതീക്ഷ നൽകുന്നു.മത്സരം സമനിലയിൽ അവസാനിച്ചാൽ പോലും ഇന്ത്യ അടുത്ത റൗണ്ടിലേക്ക് കടക്കും.എന്നാൽ മത്സരം ഇന്ത്യ കുറഞ്ഞ മാർജിനിൽ പരാജയപ്പെട്ടാലും ഇന്ത്യക്ക് സാധ്യത ഉണ്ട്.ഏഷ്യ കപ്പിലെ 6 ഗ്രൂപ്പുകളിൽ നിന്ന് ഗ്രൂപ്പ് ചാമ്പ്യൻമാർ,റണ്ണേഴ്സ് അപ്പ് എന്നിവർ കൂടാതെ മികച്ച 4 മൂന്നാം സ്ഥാനക്കാർക്ക് നോക്ക് ഔട്ടിലേക്ക്‌ പ്രവേശിക്കാൻ അവസരം ഉണ്ട്.നിലവിലെ അവസ്ഥയിൽ മറ്റെല്ലാ ഗ്രൂപ്പിലെ മൂന്നും നാലും സ്ഥാനക്കാർക്ക് ഒരു പോയിന്റ് പോലും ഇല്ല എന്നത് ഇന്ത്യയുടെ നോക്കൗട്ട്  സ്വപ്നങ്ങൾക്ക് നിറം പകരുന്നു.ഇൗ ടീമുകൾ തമ്മിലുള്ള അവസാന മത്സരത്തിൽ സമനില വരികയോ മികച്ച ഒരു വിജയം കൈവരിക്കാൻ സാധിക്കാതെ വരികയോ ചെയ്താൽ A ഗ്രൂപ്പിലെ മൂന്നാം സ്ഥനകാർക്ക്‌ 3 പോയിന്റുമായി നോക്കൗട്ടിലേക്ക്  പ്രവേശിക്കാം.ചുരുക്കി പറഞ്ഞാൽ മറ്റു ടീമുകളുടെ ജയ പരാജയങ്ങൾക്ക് അനുസൃതായി ആകും ഇന്ത്യയുടെ സാധ്യത.സാധ്യതകൾ ഇങ്ങിനെ ആണെന്നിരിക്കെ ആരാധകർ ആഗ്രഹിക്കുന്നത് ആധികാരികമായ ഒരു ജയത്തോട് കൂടി നോക്ക് ഔട്ടിലേക്കുള്ള നീല കടുവകളുടെ മാർച്ച് പാസ്റ്റ് ആണ്‌.

ഫാഹിസ് തിരൂരങ്ങാടി

Saturday, December 8, 2018

അഭ്യൂഹങ്ങൾക്ക് വിരാമം ജോസു പുതിയ ക്ലബിൽ



മുൻ കേരള ബ്ലാസ്‌റ്റേഴ്‌സ് താരം ജോസു കുര്യാസ് പുതിയ ക്ലബ്ബിലേക്ക്. ഫിൻലാണ്ട് ഒന്നാം ഡിവിഷൻ ക്ലബായ FC Lahti യുമായി ഒരു വർഷത്തെ കരാറിലാണ് ജോസു ഒപ്പിട്ടിരിക്കുന്നത്. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് പുതിയ ക്ലബ്ബുമായി കരാറിലെത്തിയ വിവരം ജോസു പുറത്തു വിട്ടത്.
ഇതോടെ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ജോസു ബ്ലാസ്റ്റേഴ്‌സിലേക്ക് മടങ്ങിയെത്തുമെന്നുള്ള അഭ്യൂഹങ്ങൾക്ക് വിരാമമായിരിക്കുകയാണ്.
ഐഎസ്എൽ രണ്ടും മൂന്നും സീസണുകളിൽ ബ്ലാസ്റ്റേഴ്സിനു കളിച്ച 25 കാരനായ ജോസു വളരെ വേഗം കേരളത്തിലെ ആരാധകരുമായി ഹൃദയബന്ധം സ്ഥാപിക്കുകയായിരുന്നു. മൂന്നാം സീസണിനുശേഷം ഇന്ത്യ വിട്ടതാരം എക്‌സ്ട്രിമദുര യുഡി, എഫ് സി സിൻസിനാട്ടി തുടങ്ങിയ ക്ലബ്ബുകൾക്കായാണ് കളിച്ചത്..

Thursday, December 6, 2018

ആരാധകനെ തേടി മാർസലീഞ്ഞോ


തന്റെ ആരാധകനെ തേടി പൂനെ സിറ്റി സൂപ്പർ താരം മാർസലീഞ്ഞോ. ഫെയ്സ്ബുക്കിലൂടെയാണ് ആരാധകനെ കണ്ടെത്താൻ സഹായം അഭ്യർത്ഥിച്ചു മാർസലീഞ്ഞോ രംഗത്ത് എത്തിയിരിക്കുന്നത്. അടുത്ത മത്സരത്തിനായി ഞാൻ കൊച്ചിയിലേക്ക് പോകുകയാണെന്നും. ഫോട്ടോ കാണുന്ന തന്റെ ആരാധകന് തന്റെ ജേഴ്സി നൽകാൻ ആഗ്രഹമുണ്ടെന്നും. അതിനായി തന്നെ സഹായിക്കണമെന്നും മാർസലീഞ്ഞോ ആവശ്യപ്പെടുന്നു.

സ്റ്റേഡിയത്തിൽ വെച്ച് ആരാധനെ കണ്ടുമുട്ടിയാൽ കേരള ബ്ലാസ്റ്റേഴ്സ് - എഫ്സി പൂനെ സിറ്റി മത്സരത്തിൽ മാർസലീഞ്ഞോ ധരിച്ച ജേഴ്സി ആരാധകന് കൈമാറുമെന്നും മാർസലീഞ്ഞോ ഫേസ്ബുക്ക് കുറിപ്പിൽ പങ്ക് വെയ്ക്കുന്നു

Wednesday, December 5, 2018

കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുന്നേറ്റ നിരക്ക് ചുക്കാൻ പിടിക്കാൻ മലയാളി താരം ജിതിൻ എം.എസ് തിരിച്ച് ബ്ലാസ്റ്റേഴ്‌സിലേക്കെത്തുന്നു.


കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുന്നേറ്റ നിരക്ക് ചുക്കാൻ പിടിക്കാൻ മലയാളി താരം ജിതിൻ എം.എസ് തിരിച്ച് ബ്ലാസ്റ്റേഴ്‌സിലേക്കെത്തുന്നു. സീസൺ തുടക്ക സമയത് ബംഗളൂരു ആസ്ഥാനമായുള്ള ഐ ലീഗ് സെക്കന്റ് ഡിവിഷൻ ക്ലബ്ബ് ഓസോൺ എഫ്.സി യിൽ ബ്ലാസ്റ്റേഴ്‌സ് ലോണിൽ വിട്ട താരം. ആഭ്യന്തര ലീഗ് മത്സരങ്ങളിൽ ഓസോണിനായി മികച്ച പ്രകടനമാണ് നടത്തുന്നത്. വെറും മൂന്ന് കളികളിൽ നിന്ന് ആറു ഗോളുകളാണ് താരം അടിച്ചു കൂട്ടിയത്..

സീസണിലെ ആദ്യ മത്സരത്തിൽ കൊൽക്കത്തക്കെതിരെ നേടിയ മിന്നുന്ന വിജയത്തിന് ശേഷം അവസാനത്തെ ഒൻപത് കളികളിൽ വിജയം കണ്ടെത്താൻ ആവാത്ത ഡേവിഡ് ജെയിംസിന്റെ ഏറ്റവും വലിയ തലവേദന ടീമിൽ ഒരു നല്ല ഫിനിഷർ ഇല്ലാത്തത് തന്നെയാണ്. ഈ വിടവ് നികതാൻ തന്നെയാവും ലോൺ അവസാനിപ്പിച്ച് ജിതിനെ ടീമിൽ തിരിച്ചെത്തിക്കുന്നതിലൂടെ ഡേവിഡ് ജെയിംസ് ലക്ഷ്യമിടുന്നത്

മുനയോടിഞ്ഞ മുന്നേറ്റനിര നട്ടംതിരിച്ച കേരള ബ്ലാസ്റ്റേഴ്‌സിന് അഞ്ചാം സീസണിൽ പതിനാല് വർഷത്തെ ഇടവേളക്ക് ശേഷം കേരളത്തിന്റെ മണ്ണിലേക്ക് സന്തോഷ് ട്രോഫി കിരീടം തിരിച്ചെത്തിച്ച ചരിത്ര ടീമിലെ ടോപ്പ് സ്കോറർ ജിതിൻ എം.എസിന്റെ കണങ്കാലുകൾ കരുത്തുപകരട്ടെ..

കേരള പ്രീമിയർ ലീഗിന് ഇഇ സ്പോർട്ടിംഗ് - കേരള ബ്ലാസ്റ്റേഴ്സ് പോരാട്ടത്തോടെ തുടക്കം



കേരള പ്രീമിയർ ലീഗ് ഇഇ സ്പോർട്ടിംഗ് - കേരള ബ്ലാസ്റ്റേഴ്സ്  റിസർവ് ടീം പോരാട്ടത്തോടെ ഡിസംബർ 16 ന് കൊച്ചിയിൽ തുടക്കമാകും. ഇഇ  സ്പോർട്ടിംഗിന്റെ ഹോം ഗ്രൗണ്ടായ മഹാരാജാസ് കോളേജ് ഗ്രൗണ്ടിലാണ് ആദ്യ മത്സരം. രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞ് 11 ടീമുകൾ മത്സരിക്കും. ഗ്രൂപ്പിലെ ആദ്യ രണ്ടു സ്ഥാനക്കാർക്കാണ് സെമി ഫൈനലിന് യോഗ്യത. ഡിപ്പാർട്ട്മെന്റ് ടീമുകൾ പിന്മാറി ഈ സീസണിൽ ഇഇ സ്പോർട്ടിംഗ് ക്ലബ്ബ്, കോവളം എഫ്സി, ഗോൾഡൺ ത്രെഡ് എഫ്സി എന്നീ ടീമുകളാണ് പുതുമുഖങ്ങൾ. ഗോകുലം കേരള എഫ്സിയാണ് നിലവിലെ കേരള പ്രീമിയർ ലീഗ് ജേതാക്കൾ

ഗ്രൂപ്പ് എ: ഇഇ സ്പോർട്ടിംഗ് ക്ലബ്ബ്, സാറ്റ് തിരൂർ, എസ്ബിഐ തിരുവനന്തപുരം, എഫ്സി തൃശ്ശൂർ, കേരള ബ്ലാസ്റ്റേഴ്സ് റിസർവ് ടീം, ഇന്ത്യൻ നേവി

ഗ്രൂപ്പ് ബി: ഗോകുലം കേരള എഫ്സി, കോവളം എഫ്സി, എഫ്സി കേരള, ക്വാർട്സ് എഫ്സി, ഗോൾഡൺ ത്രെഡ് എഫ്സി

Sunday, November 11, 2018

ബ്ലാസ്റ്റേഴ്‌സ് ഇന്നു കൊച്ചിയിൽ കളിക്കുവാനിറങ്ങുമ്പോൾ



ആറു മത്സരങ്ങളിൽ നിന്നും ഒരു ജയവും നാല് സമനിലയും ഒരു പരാജയവുമായി  ബ്ലാസ്റ്റേഴ്സ് ഇന്ന് കൊച്ചിയിൽ കരുത്തരായഗോവയ്ക്ക് എതിരെ പന്ത്  തട്ടുമ്പോൾ സമ്മര്ദത്തിന്റെ  മുള്മുനയിലാണ് ഡേവിഡ് ജെയിംസും കേരള ബ്ലാസ്റ്റേഴ്സ് ടീമും. കഴിഞ്ഞ സീസണിൽ റെനെ മ്യുളസ്റ്റീൻ പുറത്തു പോവാനിടയായ അതേ സാഹചര്യങ്ങളിലൂടെയാണ് നിലവിൽ ബ്ലാസ്റ്റേഴ്സ് കടന്നു പോവുന്നത്. അതു കൊണ്ടു തന്നെ മത്സരത്തിലെ ഫലം ബ്ലാസ്റ്റേഴ്സിനു നിർണായകമാണ്.   കഴിഞ്ഞ സീസണുകളില് നിന്ന് വ്യത്യസ്തമായി കളിക്കളത്തില് മികച്ച ഒത്തിണക്കവും ആക്രമണവാസനയും പ്രകടിപ്പിക്കുമ്പോള്ത്തന്നെ ജയം അകന്നുപോകുന്നതാണ് ആരാധകരെയും  മാനേജ്മെന്റിനെ അലട്ടുന്നത്.ഇന്ന് ആർത്തിരമ്പുന്ന മഞ്ഞ കടലിനു മുന്നിൽ കളിക്കാനിറങ്ങുമ്പോള് പുതിയ ചില തന്ത്രങ്ങള് കൊമ്പന്മാർ പരീക്ഷിക്കേണ്ടിവരും. നിലവിൽ ആറു മത്സരങ്ങളിൽ നിന്നും ഏഴു പോയിന്റുമായി പോയിന്റ് ടേബിളിൽ ആറാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്.


 ഗോള് വേട്ടക്കാരായ ഗോവക്കെതിരെ ഇതുവരെ ടീമിൽ അവസരം ലഭിക്കാതിരുന്ന മലയാളി താരം അനസ് എടത്തോടിക്ക ആദ്യ ഇലവനില് തന്നെ കളിക്കുമെന്നാണ് സൂചന.  സെന്റര് ബാക്കുകളായ ജിങ്കനിലും, ലാകിച്ച് പെസിച്ചിലും കോച്ചിനുണ്ടായ അമിത വിശ്വാസമാണ് മലയാളി സൂപ്പര് താരത്തിന് ഇത് വരെ അവസരം നഷ്ടമായതിലെ കാരണം. നിലവിൽ പ്രതിരോധത്തിൽ ബ്ലാസ്റ്റേഴ്സ് വലിയ പ്രശ്നങ്ങൾ അനുഭവിക്കുന്നില്ല. പിന്നെ അവസാന നിമിഷങ്ങളില് ഗോള് വഴങ്ങുന്ന ശീലം  ഒഴിവാക്കിയില്ലെങ്കില് ബ്ലാസ്റ്റേഴ്സിന് ഇക്കുറിയും ബ്ലാസ്റ്റേഴ്സ് എങ്ങും എത്താതെ പോകും. സന്ദേശ് ജിംഗാന്, അനസ്, പെസിച്ച്, കാലി സംഘം അണിനിരന്നാല് പ്രതിരോധം കുറച്ചുകൂടി കരുത്തുറ്റതാവും.
അക്രമിച്ചു കളിക്കുന്ന മുന്നേറ്റ നിരയുണ്ടെങ്കിലും  വേണ്ട രീതിയിൽ ഗോൾ ആക്കി മാറ്റുവാൻ സാധിക്കാത്തതാണ് ബ്ലാസ്റ്റേഴ്സന് തിരിച്ചടി ആവുന്നത്. സഹലും  പെക്സണും പ്രശാന്തും  നിക്കോളയും  ഡുങ്കലും റാകിപ്പും വിനീതും മികച്ച രീതിയിൽ കളിച്ചു മുൻ നിരയിൽ ബോൾ എത്തിച്ചാൽ മാത്രമേ എതിർ ഗോൾ വല കുലുക്കുവാൻ സാധ്യമാകുകയുള്ളൂ.ഇനി ഉള്ള ഓരോ മത്സരവും ബ്ലാസ്റ്റേഴ്സണും ആരാധകർക്കും നിർണായകമാണ്. ബ്ലാസ്റ്റേഴ്സ് തിരിച്ചു വരും എന്ന് തന്നെ ആണ് ഓരോ ആരാധകന്റെയും ആഗ്രഹം.

എഴുതിയത് : നിപുൻ 

Labels

Followers