Wednesday, August 1, 2018

ബ്ലാസ്റ്റേഴ്സിലെ സകലകലാ വല്ലഭൻ - പ്രശാന്ത് മോഹൻ.


കായിക രംഗത്ത് ഒന്നിൽ കൂടുതൽ മേഖലകളിലും ഒപ്പം കലയിലും തങ്ങളുടെ നൈപുണ്യം തെളിയിച്ച പ്രതിഭകൾ വളരെ ചുരുക്കമാണ്. സൗത്ത് ആഫ്രിക്കൻ ക്രിക്കറ്റ് താരം എ. ബി ഡിവില്യേഴ്‌സ് ഇതിനൊരു ഉദാഹരണമായി പറയാം. എന്നാൽ അത്തരത്തിൽ ഒരു സകലകലാവല്ലഭൻ നമ്മുടെ കേരളത്തിലും ഉണ്ട് മറ്റാരുമല്ല കേരള ബ്ലാസ്റ്റേഴ്‌സിലെ നമ്മുടെ സ്വന്തം കോഴിക്കോട്ടുകാരൻ പ്രശാന്ത് മോഹൻ.

ബ്ലാസ്റ്റേഴ്‌സിന്റെ ഓരോ കളി കഴിയുമ്പോളും ഒന്നിനൊന്ന് മെച്ചപ്പെട്ടുവരുന്ന പ്രശാന്ത് ഇതിനോടകം ഡേവിഡ് ജയിംസിന്റെ ഗുഡ് ബുക്കിൽ ഇടം പിടിച്ചു കഴിഞ്ഞു. വരാനിരിക്കുന്ന സീസണിൽ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ 11 ൽ പ്രശാന്ത് ഉണ്ടാവുമെന്ന് നമ്മുക്ക് നിസംശയം പറയാം.

മൂന്നാമത്തെ സീസണിൽ ബ്ലാസ്റ്റേഴ്‌സ് ടീമിൽ എത്തിയ പ്രശാന്തിന് ആ സീസണിൽ ഒരു സംഭാവനയും നൽകാൻ സാധിച്ചില്ല. ആ സീസണ് ശേഷം ഐ ലീഗിൽ ചെന്നൈ സിറ്റിക്ക് വേണ്ടി കളിച്ച പ്രശാന്ത് ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചു. ഈസ്റ്റ് ബംഗാളിനെതിരെ ഫൈനൽ വിസിലിന് നിമിഷങ്ങൾ മുൻപ് 92ആം  മിനിറ്റിൽ ഒരു അത്യുഗ്രൻ ഗോളിലൂടെ ടീമിനെ വിജയിപ്പിച്ച പ്രശാന്തിന്റെ പ്രകടനം അന്ന് ഏറെ ചർച്ചയായി.

കായിക രംഗത്ത് പ്രശാന്ത് ആദ്യമായി കൈവെക്കുന്നത് അത്‌ലറ്റിക്സിൽ ആയിരുന്നു. സ്കൂൾ കോളേജ് കാലഘട്ടത്തിൽ മികച്ച ഓട്ടക്കാരൻ ആയിരുന്ന പ്രശാന്ത് ആ മേഖലയിൽ നിരവധി സമ്മാനങ്ങൾ വാരിക്കൂട്ടി. ചെറുപ്പം മുതൽ ഡാൻസിനോട് കമ്പമുണ്ടായിരുന്ന പ്രശാന്ത് ഒരിക്കൽ അമൃത ടി.വിയിലെ പ്രശസ്തമായ റിയാലിറ്റി ഷോ സൂപ്പർ ഡാൻസർ ജൂനിയറിന്റെ ഓഡിഷനിൽ പങ്കെടുത്ത് ആ മേഖലയിലും തന്റെ ഭാഗ്യം പരീക്ഷിച്ചു.

പിനീട് നമുക്ക് അത്രക്ക് സുപരിചിതമല്ലാത്ത ഒരു മേഖലയിലാണ് പ്രശാന്ത് കൈവെച്ചത്. മൗണ്ടയ്ൻ സൈക്ലിംഗ്..!! അതിലും തൃപ്തനാകാതിരുന്ന  താരം ഒരു കാലഘട്ടത്തിൽ ക്രിക്കറ്റിലും തന്റെ ഭാഗ്യം പരീക്ഷിച്ചു.



അവസാനം തന്റെ മേഖല ഫുട്‌ബോൾ ആണെന്ന് തിരിച്ചറിഞ്ഞ പ്രശാന്തിന് പിനീടൊരു മാറ്റത്തിന്റെ ആവശ്യം വന്നിട്ടില്ല. കോഴിക്കോട് വെച്ചു നടന്ന വിഷൻ ഇന്ത്യ ക്യാമ്പിൽ നിന്നാണ് പ്രശാന്ത് തന്റെ ഫുട്‌ബോൾ ജീവിതം ആരംഭിക്കുന്നത്. പരിക്കും മറ്റും കാരണം ബ്ലാസ്റ്റേഴ്‌സിൽ കൂടുതൽ അവസരങ്ങൾ ലഭിക്കാതിരുന്ന പ്രശാന്തിന് ഡേവിഡ് ജയിംസിന്റെ വരവോടെ കൂടുതൽ അവസരങ്ങൾ ലഭിച്ചു തുടങ്ങി.

കിട്ടിയ അവസരങ്ങളിൽ എല്ലാം മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ച പ്രശാന്ത് ഡി.ജെ യുടെ ഗുഡ് ബുക്കിൽ ഇടം പിടിച്ചു.ഇത്തവണ സീസണിന് മുൻപേ തന്നെ ലോകൻ മീട്ടക്ക് ഒപ്പം   പ്രശാന്തിനെയും ഫിൻലാന്റിൽ പരിശീലത്തിനായി ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റ്  അയച്ചിരുന്നു. പ്രശാന്തിനുള്ളിലെ പ്രതിഭയെ സ്ഫുടം ചെയ്തെടുക്കുവാൻ വേണ്ടിയായിരുന്നു  ഡിജെയുടെ ഈ തന്ത്രം. പ്രീ സീസൺ മാച്ചുകളിൽ അതിന്റെ ഫലം കാണാനുമുണ്ടായിരുന്നു.. സ്പീഡ്, ഫിറ്റ്നസ്,ബോൾ കോൺട്രോളിങ്, സ്‌കിൽസ് എന്നിവയിൽ പ്രശാന്ത് വളരെയേറെ മുന്നോട്ട് വന്നതായി  നമുക്ക് കാണാം.ഇത്തവണ പ്രശാന്തിലൂടെ പലതും ഡിജെ ലക്ഷ്യം വെക്കുന്നുണ്ട്. വിങ്ങുകളിലൂടെ ചാട്ടുളി വേഗത്തിൽ പായുന്ന ഈ കോഴിക്കോട്ടുകാരനെ തടഞ്ഞു നിർത്തുക ഏതു പ്രതിരോധനിരക്കും ഒരു വെല്ലുവിളിയായി മാറിയേക്കാം. വിങ്ങുകളിൽ നിന്നും പ്രശാന്ത് നൽകുന്ന ക്രോസ്സുകൾ പെനാൽറ്റി കോർട്ടിനകത്ത് എപ്പോഴും അപകടം വിതക്കാൻ സാധ്യതയുള്ളതാണ്. പ്രശാന്തിന്റ തകർപ്പൻ പ്രകടനങ്ങൾക്കായി കാത്തിരിക്കുകയാണ് മലയാളി ഫുട്ബോൾ പ്രേമികൾ.

സൗത്ത് സോക്കേഴ്സ് ..
കൂടുതൽ ഫുട്‌ബോൾ വാർത്തകൾക്ക് ഞങ്ങളുടെ ഫേസ്ബുക്ക് പേജ് സന്ദർശിക്കൂ 
https://www.facebook.com/SouthSoccers/

0 comments:

Post a Comment

Blog Archive

Labels

Followers