ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആദ്യ മത്സരത്തിന് ഇറങ്ങിയ ചെൽസിയും ടോട്ടൻഹാം ഹോട്ട്സ്പരും ജയത്തോടെ സീസണിന് തുടക്കമിട്ടു. അതേ സമയം എവർട്ടനെ വോൾവ്സ് സമനിലയിൽ കുരുക്കി
പുതിയ പരിശീലകൻ മൗറീസിയോ സരിക്ക് കീഴിൽ ആദ്യ പ്രീമിയർ ലീഗ് മത്സരത്തിന് ഇറങ്ങിയ ചെൽസി ഹഡേൾസ്ഫീൽഡിനെ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കാണ് തകർത്തു വിട്ടത്. കളിയുടെ സർവ്വ മേഖലയിലും ആധിപത്യം പുലർത്തിയാണ് ചെൽസി വിജയം നേടിയത്. 34ആം മിനുട്ടിൽ ഫ്രഞ്ച് താരം എൻഗോലോ കാന്റയിലൂടെ ചെൽസി ആദ്യ ഗോൾ നേടി. ആദ്യ പകുതിക്ക് പിരിയാൻ നിൽക്കെ ലഭിച്ച പെനാൽറ്റി ഗോളാക്കി ജോർജിഞ്ഞോ പ്രീമിയർ ലീഗ് അരങ്ങേറ്റം ഗംഭീരമാക്കി. 80ആം മിനുട്ടിൽ സ്പാനിഷ് താരം പെഡ്രോ ചെൽസിയുടെ പട്ടിക പൂർത്തിയാക്കി. അത്‌ലറ്റിക്കോ ബിൽബാവോയിൽ നിന്നും റെക്കോർഡ് തുകയ്ക്ക് സ്വന്തമാക്കിയ ഗോൾ കീപ്പർ കെപ്പ അരിസബലാഗയും ചെൽസിക്കായി ആദ്യ മത്സരത്തിന് ഇറങ്ങി.
ന്യൂകാസിൽ യുണൈറ്റഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കീഴടക്കി ടോട്ടൻഹാം ഹോട്ട്സ്പരും തുടക്കം ഗംഭീരമാക്കി. കളിയുടെ തുടക്കത്തിൽ തന്നെ ജാൻ വെർട്ടോൻഗനിലൂടെ ടോട്ടൻഹാം ലീഡ് നേടി. അധികം വൈകാതെ തന്നെ ജോസേലുവിലൂടെ ന്യൂകാസിൽ യുണൈറ്റഡ് തിരിച്ചടിച്ചു. എന്നാൽ 18ആം മിനുട്ടിൽ സൂപ്പർ താരം ഡെലെ അലിയിലൂടെ ഗോളിൽ ടോട്ടൻഹാം രണ്ടാം ഗോളും നേടി ജയം സ്വന്തമാക്കി.
എവർട്ടനെ സമനിലയിൽ കുരുക്കി പ്രീമിയർ ലീഗിലേക്കുള്ള വരവ് വോൾവ്സും ഗംഭീരമാക്കി. രണ്ട് തവണ പിന്നിൽ നിന്ന ശേഷമാണ് വോൾവ്സ് സമനില പിടിച്ചത്. 11ആം മിനുട്ടിൽ ബ്രസീലിയൻ താരം റിച്ചാർലിസൺ എവർട്ടനെ മുന്നിലെത്തിച്ചു. എന്നാൽ 44 ആം മിനുട്ടിൽ പോർച്ചുഗീസ് താരം റൂബൻ നവാസ് മികച്ച ഒരു ഫ്രീ കിക്ക് ഗോളിലൂടെ വോൾല്സിനെ ഒപ്പമത്തിച്ചു. അതിനിടെ 40ആം മിനുട്ടിൽ ജാഗിലെക ചുവപ്പ് കാർഡ് കണ്ട് പുറത്തായത് എവർട്ടന് തിരിച്ചടിയായി. 67ആം മിനുട്ടിൽ റിച്ചാർലിസൺ രണ്ടാം ഗോൾ നേടി എവർട്ടനെ മുന്നിലെത്തിച്ചു. എന്നാൽ കീഴടങ്ങാൻ ഒരുക്കമല്ലായിരുന്ന വോൾവ്സ് റൗൾ ജിമിനെൻസിലൂടെ സമനില പിടിച്ച് ലീഗിലെ ആദ്യ പോയിന്റ് സ്വന്തമാക്കി.
മറ്റ് മത്സരങ്ങളിൽ ബേൺമൗത്ത് കാർഡിഫ് സിറ്റിയെയും ക്രിസ്റ്റൽ പാലസ് ഫുൾഹാമിനെയും വാട്ട്ഫോർഡ് ബ്രയ്ട്ടനെയും തോൽപ്പിച്ചു.
0 comments:
Post a Comment