ഒന്നരവർഷത്തോളം നീണ്ട യാത്രകൾ..കഠിനമായ പരിശീലനങ്ങൾ... ശക്തരായ എതിരാളികളോടുള്ള സൗഹൃദമത്സരങ്ങൾ..... പ്രതീക്ഷയുടെ ആ സുവർണ്ണ മുഹൂർത്തം യാഥാർഥ്യമാകാൻ ഇനി നാഴികകൾ പിരിമുറുക്കത്തോടെ കാത്തിരിക്കുന്ന നമ്മുടെ ആരാധകർ.. ജയിച്ചാൽ എ എഫ് സി കപ്പ് സെമി ബർത്തിന്റെ കൂടെ അടുത്ത ഒക്ടോബറിൽ പെറുവിൽ വെച്ച് നടക്കുന്ന U17 ലോകകപ്പിലേക്കുള്ള ടിക്കറ്റും..
U 16 എ എഫ് സി കപ്പിന്റെ ക്വാർട്ടർ ഫൈനലിൽ ശക്തരായ കൊറിയക്കെതിരെ സ്വന്തം കുട്ടികളെ അണി നിരത്തുമ്പോൾ പരിശീലകൻ ബിബിയാനോ ഫെർണാണ്ടസിന്റെ മനസ്സിൽ എന്ത് വികാരമാണെന്ന് പറയാൻ സാധിക്കില്ല.കളത്തിന് പുറത്തു ഡഗ്ഔട്ടിലെ ടച്ച് ലൈനിനരികെ ഒരു ച്യൂയിൻഗവും ചവച്ചു സമ്മർദ്ദങ്ങൾ ഇല്ലാതെ നിൽക്കുന്ന ബിബിയാനോവിനെയാണ് ഇത് വരെ കണ്ടിട്ടുള്ളത്. തങ്ങൾ നേരിട്ടതിൽ ഏറ്റവും കരുത്തന്മാരെ നേരിടാൻ പോകുന്ന നീലക്കടുവകളുടെ പരിശീലകന് പക്ഷെ മനസ്സിൽ വ്യക്തമായ പദ്ധതികൾ ഉണ്ടാവാം. എതിരാളികൾക്കെതിരെ ഗോളുകൾ അടിച്ചു കൂട്ടുന്ന ആക്രമണത്തിലും പ്രതിരോധത്തിലും ഒരുപോലെ മിടുക്കരായ കൊറിയ കടലാസിലും കളത്തിലും പുലികൾ തന്നെയാണ്. എന്നാലും നമ്മുടെ നീലക്കടുവകളിൽ നമുക്ക് നല്ല പ്രതീക്ഷയും വിശ്വാസവുമുണ്ട്.
നീരജ് കുമാർ വലകാക്കുന്ന പോസ്റ്റിനു മുന്നിൽ അണിനിരക്കുന്ന വന്മതിലുകൾ. ശബാസ്, തോയ്‌ബ, ഗുർക്രീത്, യുംനാം.. ഈ അഞ്ചു പേരുടെ കരുത്തിലാണ് ഇന്ത്യൻ കൗമാരപ്പട ഏഷ്യൻ പോരാട്ടവീഥിയിൽ ചരിത്രപരമായ ക്വാർട്ടർ പ്രവേശനം സ്വന്തമാക്കിയത്.ഒരു ഗോളിന്റെ മാത്രം ബലത്തിൽ നമ്മൾ അവസാന എട്ടിൽ എത്തിയിട്ടുണ്ടെങ്കിൽ അതിന്റെ ക്രെഡിറ്റ് അവർക്കുള്ളതാണ്. മികച്ച രീതിയിൽ കളിച്ച ഇറാനെയും ഇന്തോനേഷ്യയെയും ഗോൾ രഹിത സമനിലയിൽ തളച്ച നമ്മുടെ കുട്ടികളിൽ നമുക്ക് നല്ല പ്രതീക്ഷയുമുണ്ട്.
പ്രതിരോധത്തിന് കൂട്ടായും മുൻ നിരയിലേക്ക് പന്തെത്തിക്കാൻ അധ്വാനിക്കുകയും ചെയ്യുന്ന മധ്യനിര അഭിനന്ദനങ്ങൾ അർഹിക്കുന്നുണ്ട്. രവിറാണ, ഗിവ്‌സൺ, ബീകെ ഓറം,സൈലോ എന്നിവരൊക്ക മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്.
നമുക്ക് ഏറ്റവും സങ്കടമുണ്ടാക്കുന്ന വിഷയം പ്രായവത്യാസത്തിന്റെ പേരിൽ സ്റ്റാർ സ്‌ട്രൈക്കർ രോഹിത് ധാനുവിനു കളിക്കാൻ സാധിക്കാത്തതും നായകൻ വിക്രത്തിനും മെൽവിനും മുന്നേറ്റത്തിൽ കാര്യമായി ഒന്നും ചെയ്യാൻ സാധിക്കാത്തതുമാണ്. മികച്ച അവസരങ്ങൾ നമ്മുടെ കുട്ടികൾ സൃഷ്ടിച്ചെടുക്കുന്നുണ്ട്. അതൊന്നു വലയിലെത്തിക്കാനുള്ള കാര്യത്തിൽ നമ്മൾ പരാജയപ്പെടുന്നതാണ് പ്രശ്നം. എന്നിരുന്നാലും പ്രതിരോധത്തിൽ കരുത്തരായ ഇറാന്റെയും ഇന്തോനേഷ്യയുടെയും ഗോൾമുഖം വിറപ്പിക്കാൻ നമ്മുടെ കുട്ടികൾക്ക് സാധിച്ചിട്ടുണ്ട്.. ആ ആത്മവിശ്വാസവും പ്രകടനവും നാളെ കൊറിയൻ പടക്ക് നേരെയും നമ്മൾ ആവർത്തിക്കുകയാണെങ്കിൽ...കാലം സാക്ഷി.. ചരിത്രം സാക്ഷി.. ഇന്ത്യൻ ഫുടബോളിന്റെ നവയുഗപിറവിയിൽ വിരിഞ്ഞ ആ പനിനീർ പുഷ്പങ്ങളോട് നമ്മൾ എന്നെന്നും കടപ്പെട്ടിരിക്കും.. ആത്മവിശ്വാസത്തോടെ ആവേശത്തോടെ ആരുടെ മുഖത്തു നോക്കിയും പറയാം.. ഞാൻ ബിബിയാനോ ഫെർണാണ്ടസിന്റെയും അദ്ദേഹത്തിന്റെ നീലക്കടുവകളുടെയും കട്ട ആരാധകനാണെന്ന്.. അവരുടെ ഗർജ്ജനങ്ങൾക്ക് സാക്ഷ്യം വഹിച്ചവരാണെന്ന്.. ലോകപോരാട്ടത്തിന് കച്ചമുറുക്കുമ്പോൾ ആർപ്പ് വിളിച്ചവരാണെന്ന്..
പ്രാർത്ഥനയോടെ ആരാധനയോടെ ജനകോടികൾ നാളത്തെ മത്സരത്തെ കാത്തിരിക്കുമ്പോൾ ഒരു കൊറിയൻ പടക്കും കീഴടക്കാനാവില്ല ഞങ്ങളുടെ നീലക്കടുവകളെ..നാളത്തെ ആ ദിനം സുഖം സുഷുപ്തിയിൽ ആണ്ടു കിടക്കുന്ന നീലക്കടുവകളുടെ ഗർജ്ജനം കേട്ടു വിറകൊള്ളാനുള്ളതാണ്...
"Come on blue tigers... Lets show the world what we are..."
@Abdul Rasak