കേരള ഫുട്ബോള്‍ അസോസിയേഷന്‍റെ തുഗ്ലക് പരിഷ്കാരങ്ങളില്‍ പുതിയൊരു കരിത്തൂവല്‍ കൂടി
കേളികൊട്ടി നടത്തിയിരുന്ന കേരള അക്കാഡമി ലീഗിനെ ശവക്കല്ലറക്കുള്ളിലേക്കെടുത്ത പ്രഖ്യാപനം വന്നു.. ജില്ലകള്‍ തോറുമുള്ള കുരുന്നുപ്രതിഭകള്‍ക്ക് സംസ്ഥാനതലത്തില്‍ തിളങ്ങാനുള്ള സാധ്യതയൊരുക്കുന്നുതില്‍ വലിയ രീതിയിൽ സഹായകമായിരുന്നു KFA അക്കാഡമി ലീഗ് സംവിധാനം.. ഇനി മുതല്‍ അക്കാഡമി ലീഗ് അതത് ജില്ലാ ഫുട്ബോള്‍ അസോസിയേഷനുകളാണ് നടത്തുക.കള്ബ് ലീഗ് ചാംപ്യൻഷിപ്പ് പോലും നേരാംവണ്ണം നടത്താത്ത DFA കൾ അക്കാദമി ലീഗ് നല്ല രീതിയിൽ നടത്തുമെന്ന് ആരും സ്വപ്നം കാണണ്ട. ഇനി മുതൽ ജില്ലയിൽ ജേതാക്കളാകുന്ന അക്കാദമികൾക്ക് സംസ്ഥാനതലത്തിലൊരു മല്‍സരവും ഉണ്ടായിരിക്കുകയില്ല.. പൊരുതി നേടുന്ന വിജയങ്ങള്‍ക്ക് പുതിയ ചവിട്ടുപടികളിലേക്കെത്തിക്കാനാവില്ല എന്ന തിരിച്ചറിവില്‍ നിസ്സഹായതയോടെ നില്‍ക്കുകയാണ് ഓരോ അക്കാഡമികളും കുട്ടികളും.!
കഴിഞ്ഞ തവണയും U10 അല്ലാതെ മറ്റു ഏയ്ജ് കാറ്റഗറികളില്‍ സ്റ്റേറ്റ് ടൂര്‍ണമെന്‍റ് നടത്തിയിട്ടില്ല.. അതിന് മുൻപിലത്തെ വർഷം സംസ്ഥാന ലീഗ് ഒരു കാറ്റഗറിയിലും നടത്തിയില്ല.ആകെ പ്രതീക്ഷയായിരുന്ന KFA അക്കാഡമി ലീഗ് നിര്‍ത്തലാക്കുന്നതിലൂടെ ഇവര്‍ മുന്നോട്ട് വെക്കുന്ന ആശയമെന്താണ് ?
പരിഷ്കാരങ്ങള്‍ ഇതില്‍ മാത്രമൊതുങ്ങുന്നില്ല, പുതിയ രജിസ്ട്രേഷന്‍ നടപടി ക്രമങ്ങള്‍ പരിശോധിച്ചാല്‍ അക്കാഡമികളുടെ അടിത്തറ മാന്തുന്ന രീതിയിലാണ് കാര്യങ്ങള്‍ ..
1. ഇനി അക്കാഡമികള്‍ DFAയിലാണ് രജിസ്ട്രേഷന്‍ ചെയ്യേണ്ടത് .
2. ഒരോ ഏയ്ജ് കാറ്റഗറിക്കും പ്രത്യേകം 10000/- ജില്ലാ ഫുട്ബോള്‍ അസോസിയേഷനില്‍ അടക്കണം. ഏത് അക്കാഡമിയിലും മിനിമം U10 U12, U14, U16 എന്നിങ്ങനെ നാല് കാറ്റഗറി ബാച്ചുകളുണ്ടാവും. ഓരോ അക്കാദമിയും രജിസ്റ്റർ ചെയ്യാൻ പരമാവധി തുകയായി 40000 രൂപ DFA കളിൽ അക്കാദമികൾ അടക്കേണ്ടിവരും ജില്ലയിലും കുറഞ്ഞത് 30-തില്‍ കൂടുതല്‍ അക്കാഡമികളും ഉണ്ട്. അതായത് 12ലക്ഷം രൂപ DFA ക്ക് വരുമാനമായി മാറും. അതിൻെ 10% തുക പോലും അക്കാദമികൾക്ക് വേണ്ടി ചെലവഴിക്കുമെന്ന് ആരും കരുതരുത്.
3. DFA നടത്തുന്ന ലീഗില്‍ ഒഫീഷ്യല്‍സിനും മറ്റു ചിലവുകള്‍ക്കുമാണ് ഈ തുകയെന്നാണ് പറയുന്നത്. അതും 300 രൂപ വെച്ച് 2 അല്ലെങ്കി 3 ഒഫീഷ്യല്‍സ്. എത്രയോ ലീഗ് മാച്ചുകള്‍ ഒരു റഫറിയെ പോലും തയ്യാറാക്കി കൊടുക്കാത്ത DFAകളുടെ നാടാണ് കേരളം.പല ജില്ലയിലും അക്കാദമി ലീഗ് നടത്തുവാൻ ഒഫിഷ്യൽസിനെ തരപ്പെടുത്തി കൊടുക്കുവാൻ KFA ക്ക് കഴിഞ്ഞില്ല. അക്കാദമികൾ സ്വന്തം ചെലവിലാണ് ഒഫിഷ്യൽസിനെ നിയോഗിച്ചിരുന്നത്. ഒഫീഷ്യൽപൊരിവെയിലത്ത് പോലും കളിനിയന്ത്രിച്ചവര്‍ക്ക് പറഞ്ഞുറപ്പിച്ച തുച്ഛമായ തുക പോലും കൊടുക്കാത്ത സംഭവങ്ങള്‍ അനേകമാണ്.
4. എല്ലാ അക്കാഡമികളും ഇനി ഒരു ക്ലബിന്‍റെ കീഴില്‍ കളിക്കാരെ രജിസ്ട്രേഷന്‍ നടത്തണം.. കേരളത്തില്‍ എത്ര AIFF രജിസ്റ്റേര്‍ഡ് ക്ലബുകളുണ്ട് ഇത്രയധികം അക്കാഡമികളിലെ കുട്ടികളെ അക്കോമഡേറ്റ് ചെയ്യാന്‍ ? ക്ലബുകളില്‍ രജിസ്ട്രേഷന്‍ ചെയ്താല്‍ ആ താരത്തെ കണ്ടുപിടിച്ച് വളര്‍ത്തിക്കൊണ്ട് വന്ന അക്കാഡമികളുടെ പ്രസക്തിയെന്താവും ? ക്ലബുകള്‍ ഈ കുട്ടികളെ രജിസ്റ്റര്‍ ചെയ്യാന്‍ പ്രതിഫലം ആവശ്യപ്പെട്ടാല്‍ ആ അധികബാധ്യതയും കുട്ടികളുടെയോ, അക്കാഡമികളുടെയോ തലയിലാവില്ലേ ?
5. U14 , U16 കുട്ടികളെ AIFFല്‍ CRS registration ചെയ്യണം. 118/- ആണ് ഓരോ കുട്ടിക്കും ഇതിനായി KFAയില്‍ അടക്കേണ്ടത്.
6.ഓരോ അക്കാഡമികളും തങ്ങളുടെ കുട്ടികളെ ഇന്‍ഷുര്‍ ചെയ്യണം , കുറഞ്ഞത് 10000 വരെ അതിനും ചിലവ് വരും..
7. ഇനി ചില DFA വക വേറൊരു ചവിട്ട്.. അക്കാഡമി ലീഗിന് രജിസ്ട്രേഷന്‍ നടത്തിയതിന് ശേഷം പിന്‍മാറിയാല്‍ 25000/- പിഴയൊടുക്കണം, പോര ലീഗ് മല്‍സരങ്ങള്‍ തുടങ്ങിയതിന് ശേഷമാണ് പിന്‍മാറുന്നതെങ്കില്‍ 50000/- ആണ് പിഴതുക.
പണം കൊണ്ട് മാത്രം പന്ത് കളിക്കാം എന്ന സിദ്ധാന്തം അരക്കിട്ടുറപ്പിക്കുന്ന പുതിയ നടപടികളെ ചോദ്യം ചെയ്യാന്‍ ഓരോ ഫുട്ബോള്‍ പ്രേമികളും മുന്നോട്ട് വരേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു . ഇത്രയധികം തുക ഈടാക്കുന്ന DFA ആകെ അക്കാഡമി ലീഗിന് നല്‍കുന്നത് ഒഫീഷ്യല്‍സിന് 300/- മാത്രമാണ്.
ഹോം- അവേ സിസ്റ്റത്തില്‍ നടത്തുന്ന ടൂര്‍ണമെന്‍റുകള്‍ ആയതിനാല്‍ ഹോം ടീം ആണ് കളികള്‍ നടത്തേണ്ടത്, എവേ ടീമുകളെ സംബന്ധിച്ചടുത്തോളം യാത്രാചിലവും അധികബാധ്യതയാവും
രജിസ്‌ട്രേഷൻ തുക യാതൊന്നും വാങ്ങാതെ അക്കാദമി ലീഗ് നടത്തുവാൻ കഴിയും. ഹോ മാച്ചിൻെ ചെലവ് ഹോം ടീം നോക്കിയാൽ മതി. പ്രൈസ് മണി മാത്രം KFA അല്ലെങ്കിൽ DFA കണ്ടെത്തിയാൽ മതി.
ഫുട്ബോള്‍ എന്ന വികാരത്തിനെ ചൊല്ലി മാത്രം അക്കാഡമികള്‍ നടത്തുന്ന കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള ചെറുകിട അക്കാഡമികളെ കഴുത്തു ഞെരിച്ച് കൊല്ലുകയാണ് ഇന്ത്യയിലെ ഏറ്റവും മികച്ച ഗ്രാസ്റൂട്ട് പ്രോഗ്രാമിനുള്ള അവാര്‍ഡ് നേടിയതിന്‍റെ ചൂട് പോവാത്ത കേരള ഫുട്ബോള്‍ അസോസിയേഷന്‍ .
'' നമ്മളെത്ര കഷ്ടപ്പെട്ട് സ്വന്തം പോക്കറ്റില്‍ നിന്നും പണമിറക്കി നടത്തിയിട്ടും അധികാരികള്‍ ഇങ്ങനെ നെഞ്ചത്ത് കല്ലിറക്കി വെക്കുമ്പോള്‍ ഈ ഫുട്ബോളിനെ പോലും വെറുത്ത് പോവുകയാണ് '' എന്നാണ് ഒരു അക്കാഡമി മാനേജര്‍ കണ്ണീരോടെ പങ്ക് വെച്ചത്..
ഫുട്‌ബോളിനെ കൊല്ലുന്ന ഇത്തരം തീരുമാനം എടുക്കുന്ന KFA യുടെ നടപടിയിൽ ശക്തമായ പ്രതിഷേധം രൂപപ്പെട്ട് വരികയാണ്. അക്കാദമി ലീഗിനെ സംബന്ധിച്ച് തീരുമാനം എടുക്കുംപോൾ എന്ത് കൊണ്ട് കേരളത്തിലെ അക്കാദമി പ്രതിനിധികളെ വിളിച്ചു KFA ആലോചില്ല എന്നതിൽ തന്നെ കച്ചവട താത്പര്യം വ്യകതമാണ്. DFA കൾക്ക് കാശുണ്ടാക്കാനുളള വഴിയായി അക്കാദമി ലീഗിനെ KFA മാറ്റിയിരിക്കുന്നു.
ഇനി വേണ്ടത് കൃത്യമായ അഴിച്ചുപണികളാണ്. മുകളില്‍ നിന്ന് തുടങ്ങണം.
വ്യക്തമായ ബിസിനസ് താല്‍പര്യത്തോടെ ഈവന്‍റ് മാനേജ്മെന്‍റ് കമ്പനിയെ വെച്ച് 'ബ്ലാസ്റ്റേഴ്സ് ' അക്കാഡമികള്‍ തട്ടിക്കൂട്ടുന്നതിന് കാണിക്കുന്ന ശുഷ്കാന്തി ഇത്തിരിയെങ്കിലും ഈ കളിയോട് കാണിക്കണം. ദന്തഗോപുരങ്ങളിലിരുന്ന് നിങ്ങള്‍ തല്ലിക്കെടുത്തുന്നത് നാളെ വിരിയേണ്ട പൂമൊട്ടുകളെ മാത്രമല്ല, വിതറാന്‍ വെച്ച വിത്തുകളെ കൂടെയാണ്.. കാലം നിങ്ങള്‍ക്ക് മാപ്പ് തരില്ല..
കടപ്പാട് : ഫൈസൽ കൈപ്പത്തൊടി
ജസ്റ്റ് ഫുട്ബോൾ
Vishnu
ReplyDeleteVishnu
ReplyDelete