Wednesday, September 12, 2018

ചിരവൈരികളെ തൂത്തെറിഞ്ഞു നീലക്കടുവകൾ ഫൈനലിലേക്ക്.


സാഫ് കപ്പ് രണ്ടാം സെമിയിൽ പാകിസ്താനെ തകർത്ത് ഇന്ത്യൻ ടീമിന് ഫൈനൽ ബർത്ത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ഇന്ത്യൻ ടീം പാകിസ്താനെ കെട്ടു കെട്ടിച്ചത്. മൻവീറിന്റെ ഇരട്ട ഗോളുകൾക്കും  ബർത്ത്ഡേ ബോയ് സുമിത് പാസ്സിയുടെ മൂന്നാം ഗോളിനും മറുപടിയായി ഹസ്സൻ പാകിസ്താന്റെ ആശ്വാസ ഗോൾ സ്‌കോർ ചെയ്തു. മഞ്ഞു വീഴ്ചയെ തുടർന്ന് വളരെ മോശമായ ഗ്രൗണ്ടിൽ വളരെ ബുദ്ധിമുട്ടിയാണ് ഇരു ടീമുകളും കളിച്ചത്.പലപ്പോഴും ഇരു ടീമിലെയും താരങ്ങൾ ചെളിയിൽ തെന്നി വീഴുന്നതും കിക്കുകൾ ലക്ഷ്യം തെറ്റി പോകുന്നതും കളിയുടെ രസച്ചരട് പൊട്ടിച്ചു.  കളിയിലുടനീളം മേധാവിത്വം കാണിച്ച നീലക്കടുവകൾ ഫിനിഷിങ്ങിലെ പോരായ്മയും ഗ്രൗണ്ടിന്റെ നിലവാരവും കൊണ്ട്  ഗോൾ നേട്ടം ഉയർത്താനാകാതെ പോകുകയായിരുന്നു. ടൂർണമെന്റിൽ മികച്ച പ്രകടനം കാഴ്ച വെച്ച മലയാളി താരം ആഷിക് കുരുണിയൻ രണ്ടു അസിസ്റ്റുകളുമായി മികച്ച പ്രകടനം മധ്യനിരയിൽ കാഴ്ചവെച്ചു. കളിക്കളത്തിൽ മോശം പെരുമാറ്റത്തിന് ഇന്ത്യയുടെ ചാങ്‌തെയും പാകിസ്താന്റെ മൊഹ്സിനും റെഡ് കാർഡ് വാങ്ങിച്ചു പുറത്തു പോയി.
സാഫ് ചരിത്രത്തിൽ എട്ടാം തവണയാണ് നീലക്കടുവകൾ ഫൈനലിൽ എത്തുന്നത്. കലാശപ്പോരാട്ടത്തിൽ മാൽദീവ്‌സിനെ നേരിടാൻ ഒരുങ്ങുന്ന ടീം ഇന്ത്യക്ക് സൗത്ത് സോക്കേഴ്സിന്റെ വിജയാശംസകൾ.

ലേഖകൻ: റസാഖ് സൗത്ത് സോക്കേഴ്സ് 

0 comments:

Post a Comment

Blog Archive

Labels

Followers