Monday, September 24, 2018

വിറച്ചും വിറപ്പിച്ചും സമനില നേടി നീലക്കടുവകൾ..



                            ഇറാനെതിരെ ഉള്ള U16 AFC മത്സരത്തിൽ ഇന്ത്യൻ കുട്ടികൾക്ക് ഗോൾ രഹിത സമനില. മത്സരത്തിന്റെ മുക്കാൽ ഭാഗത്തോളം ഇന്ത്യൻ പോസ്റ്റിനു നേരെ നിരന്തരം ആക്രമണം അഴിച്ചു വിടുകയായിരുന്നു ഇറാൻ. പതിവിനു വിപരീതമായി ഇന്ത്യൻ പ്രതിരോധത്തിൽ വിള്ളലുകൾ വീണു. പക്ഷെ അവിടെയെല്ലാം നീരജ് കുമാർ എന്ന കൗമാരക്കാരന്റെ മനസ്സാന്നിധ്യവും റിഫ്ലെക്സുകളും നമ്മുടെ ടീമിന് തുണയായി. രണ്ടു തവണ പോസ്റ്റും നമ്മുടെ രക്ഷക്കെത്തി. 
ആദ്യ മത്സരത്തിൽ തകർപ്പൻ പ്രകടനം നടത്തിയ ഷാബാസിനെ പൂട്ടുകയാണ് ഇറാൻ ആദ്യം ചെയ്തത്. ശബാസിന് വിങ്ങുകളിലൂടെ ഉള്ള മുന്നേറ്റം തടയാനായി ഇറാൻ താരങ്ങൾ പ്രത്യേകം മുൻകരുതൽ എടുത്തിരുന്നു. വലതു വിങ്ങിലൂടെ ഉള്ള മുന്നേറ്റം ആശ്രയിച്ചിരുന്ന ഇന്ത്യൻ ടീം അതോടെ പരിഭ്രമത്തിൽ ആയി. മിസ്സ്‌ പാസ്സുകളും സെക്കന്റ്‌ ബോൾ അറ്റൻഡ് ചെയ്യുന്നതിലെ അപാകതയും മുതലെടുക്കുന്നതിൽ ഇറാൻ വിജയിച്ചെങ്കിലും നീരജിന്റെ അവസരോചിത ഇടപെടൽ അവിടെയെല്ലാം രക്ഷക്കെത്തി. തോയ്‌ബ സിങ് വരുത്തിയ ചില പിഴവുകൾ അപകടം സൂചിപ്പിച്ചെങ്കിലും നീലക്കടുവകൾ രക്ഷപ്പെടുകയായിരുന്നു..പ്രതിരോധത്തിനും മുന്നേറ്റത്തിനും ഓടിയെത്തി മധ്യനിര തളർന്നിട്ടുണ്ടാകണം.  മുന്നേറ്റത്തിൽ വീണ്ടും അമ്പേ പരാജയപ്പെടുകയാണ് നായകൻ വിക്രമും മെൽവിനും. ഇതൊരു ടീം ഗെയിം ആണെന്നും സ്വാർത്ഥതക്ക് ഇവിടെ സ്ഥാനമില്ലെന്നും ഇരുവരെയും ബിബിയാനോ ഓർമിപ്പിക്കേണ്ടിയിരിക്കുന്നു. കിട്ടിയ ചില അവസരങ്ങൾ ഒറ്റക്ക് കളിച്ചു നശിപ്പിക്കാനാണ് വിക്രം ശ്രമിക്കുന്നതെന്ന് തോന്നിപ്പോയി. 
കളിയുടെ ചില നിമിഷങ്ങളിൽ ഇറാനികളുടെ കരുത്തുറ്റ ശരീരത്തെ നേരിടാൻ പരുക്കൻ അടവുകൾ ഇന്ത്യൻ ടീം എടുത്തു തുടങ്ങി. തോയ്‌ബയും വിക്രമും മഞ്ഞകാർഡും വാങ്ങിച്ചു.. ഭാഗ്യം കൊണ്ടാണ് രണ്ടാം മഞ്ഞയിൽ നിന്ന് വിക്രം രക്ഷപെട്ടത്.അതിനിടയിൽ ഇറാൻ ആക്രമണത്തിൽ നിന്നും ബോൾ രക്ഷപ്പെടുത്താൻ ഉള്ള ശ്രമത്തിൽ നീരജുമായി കൂട്ടിയിടിച്ച് പരിക്കേറ്റ  ഷാബാസിനെ ബിബിയാനോ തിരിച്ചു വിളിച്ചു. പകരം ഹാപ്പിയെ ആണ് ഇറക്കിയത്. ഇന്തോനേഷ്യയുമായുള്ളഅടുത്ത മത്സരത്തിൽ ഷാബസിനെ വേണ്ടത് കൊണ്ട് പരിക്ക് നിസാരമാണെങ്കിലും  അവന്റെ കാര്യത്തിൽ ഒരു റിസ്ക് എടുക്കാൻ ബിബിയാനോ തയ്യാറായില്ല.  
                                    രണ്ടാം പകുതിയിൽ വീണുകിട്ടിയ പെനാൽറ്റി മുതലാക്കാൻ ഇറാനെ നീരജ് അനുവദിച്ചില്ല.. ആ ഒരു രക്ഷപ്പെടുത്തൽ ഇന്ത്യൻ ടീമിന് ഊർജവും ഇറാന് തളർച്ചയും സമ്മാനിച്ചു. വിക്രം മധ്യ നിരയിലേക്ക് ഇറങ്ങിയപ്പോൾ മെൽവിന് പകരം ഇറങ്ങിയ ഹർപ്രീതും രവിയും സൈലോയും ആക്രമണം ഏറ്റെടുത്തു.. തുടരെ തുടരെ കൗണ്ടർ അറ്റാക്കുകൾ ഇറാൻ ഗോളിയെ പരീക്ഷിക്കാൻ തുടങ്ങി. തളികയിലെന്ന വണ്ണം വെച്ചു നീട്ടിയ അവസരങ്ങൾ തുലച്ചു കളഞ്ഞത് കണ്ടു ബിബിയാനോ ഞെട്ടിയിരിക്കണം.ഗോളി പോലും ഇല്ലാത്ത പോസ്റ്റിനു മുകളിലൂടെ സൈലോയുടെ ഷോട്ട് പറന്നപ്പോൾ ഇറാൻ ക്യാമ്പ് ദീർഘനിശ്വാസം വിട്ടു. വീണ്ടും അവസരങ്ങൾ കിട്ടിയെങ്കിലും അതു മുതലെടുക്കാൻ സൈലോക്കും ഹർപ്രീതിനും കഴിഞ്ഞില്ല.  
ലോങ്ങ്‌ വിസിൽ മുഴങ്ങുമ്പോൾ ഏഷ്യൻ കരുത്തരെ സമനിലയിൽ കുരുക്കിയതിൽ നീലക്കടുവകൾക്ക് അഭിമാനിക്കാം.
എന്നാലും വീണ്ടും ഓർമിപ്പിക്കുന്നു. ഫിനിഷിങ്ങിലെ അപാകതകൾ പരിഹരിച്ചില്ലെങ്കിൽ മുന്നോട്ടുള്ള നമ്മുടെ പ്രയാണം അത്ര എളുപ്പമാകില്ല. പ്രത്യേകിച്ച് സ്റ്റാർ സ്‌ട്രൈക്കർ രോഹിത് ധനുവിന് കളിക്കാൻ സാധിക്കാത്ത അവസ്ഥയിൽ. 
NB: ഇന്നത്തെ ഇന്ത്യൻ ടീമിന്റെ രക്ഷകൻ നീരജിന്റെ നീരാളിക്കൈകൾക്ക് പ്രത്യേകം പ്രത്യേകം നന്ദി പറയുന്നു..
southsoccers media wing (abdul rasaq)

0 comments:

Post a Comment

Blog Archive

Labels

Followers