Thursday, September 13, 2018

കേരളത്തിന്റെ സ്വന്തം കൊമ്പന്മാർഉറങ്ങിക്കിടന്ന ഇന്ത്യൻ ഫുട്ബോളിനെ ഉണർത്തിയത് ഐ എസ് എൽ ആണ്. അതുപോലെ അധികമാരും അറിയാതിരുന്ന മലയാളികളുടെ ഫുട്ബോൾ ഭ്രാന്തിനെ ലോകം മുഴുവൻ അറിയിച്ചത് ഈ കൊമ്പന്മാരാണ്. മലയാളത്തിന്റെ സ്വന്തം മഞ്ഞപ്പട്ടാളം. കേരള ബ്ലാസ്റ്റേഴ്‌സ്. കഴിഞ്ഞ സീസണുകളിൽ രണ്ടു തവണ ഫൈനലിസ്റ്റുകളായ കേരള ബ്ലാസ്റ്റേഴ്‌സ് ഇത്തവണ കരുത്തുറ്റ ഒരു ടീമിനെ തന്നെയാണ് രംഗത്തിറക്കുന്നത്


ഗോൾകീപ്പർമാർ :
നവീൻകുമാർ, ധീരജ് സിങ്, സുജിത് എന്നിവരാണ് ഇത്തവണ കൊമ്പന്മാരുടെ ഗോൾവല കാക്കാൻ ഇറങ്ങുന്നത്. U17 ലോകകപ്പിലെ പ്രകടനത്തിലൂടെ ഇന്ത്യൻ ഫുട്ബോൾ പ്രേമികളുടെ കണ്ണിലുണ്ണിയായ ധീരജ്  സീനിയർ ടീമിലേക്കുള്ള ഭാവി വാഗ്ദാനമാണ്. യൂറോപ്യൻ ടീമുകളുടെയും  മറ്റു ഐ എസ് എൽ ടീമുകളുടെയും ഓഫറുകൾ അവഗണിച്ചാണ് ധീരജ് മഞ്ഞക്കുപ്പായം തിരഞ്ഞെടുത്തത്. മുൻ ചർച്ചിൽ, എഫ് സി ഗോവ താരമായിരുന്ന നവീൻ കുമാറും മലയാളത്തിന്റെ യുവരക്തം നമ്മുടെ സ്വന്തം സുജിത്തും ബ്ലാസ്റ്റേഴ്സിന്റെ കാവൽക്കാരായുണ്ട്. വിദേശ ഗോൾ കീപ്പർ ഇല്ല എന്നുള്ളത് ഇത്തവണത്തെ ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിന്റെ പ്രത്യേകതയാണ്.

പ്രതിരോധ നിര:
നെമഞ്ച പെസിച്ച്, സിറിൽ കാലി, ലാൽറുതാര,ക്യാപ്റ്റൻ സന്ദേശ് ജിങ്കാൻ, അനസ് എടത്തൊടിക്ക, അബ്ദുൾ ഹക്കു,പ്രീതംകുമാർ, ലാൽതകിമ, മൊഹമ്മദ്‌ റാകിപ് എന്നിവരാണ് കൊമ്പന്മാരുടെ കോട്ട കാക്കുന്ന പടയാളികൾ. എന്നും ബ്ലാസ്റ്റേഴ്സിന്റെ കരുത്ത് പ്രതിരോധം തന്നെയാണ്. ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം തകർക്കുക ഏതൊരു ടീമിനും വെല്ലു വിളിയാണ്. പ്രത്യേകിച്ച് ഇന്ത്യൻ പ്രതിരോധം കാക്കുന്ന ഭൂതം,കൊമ്പന്മാരുടെ തിടമ്പേറ്റുന്ന സന്ദേശ് ജിങ്കാൻ ടീമിൽ ഉള്ളപ്പോൾ.ഇത്തവണ കൂട്ടിന് സാക്ഷാൽ അനസ് എടത്തൊടിക്ക കൂടി എത്തുമ്പോൾ പഴുതടച്ച പ്രതിരോധം തന്നെയാണ്  ബ്ലാസ്റ്റേഴ്‌സ് ഒരുക്കുന്നത്. വിദേശ താരങ്ങളായ കാലിയും പെസിച്ചും ഇതിനു ശക്തി പകരുന്നു. യുവ രക്തങ്ങളായ ലാലുവും ഹക്കുവും മികവിൽ ഒട്ടും പിറകിലല്ല. റാകിപും, പ്രീതവും, ലാൽതക്കിമയും പ്രതിരോധത്തിന് ശക്തി പകരും.

മധ്യനിരയിലെ മാന്ത്രികർ :
പെക്കുസൺ, കിസിറ്റോ, സക്കീർ, സഹൽ, നേഗി, റാവത്, പ്രശാന്ത്, നർസാരി, ലോകെൻ മീട്ടെ, ഋഷി, ഗോഗോയ്  എന്നിവരാണ് കൊമ്പന്മാരുടെ മധ്യനിര കയ്യടക്കുന്നത്. എന്നും ബ്ലാസ്റ്റേഴ്സിന് ഒരു തലവേദന സൃഷ്ടിക്കുന്ന മേഖലയാണ് മിഡ്ഫീൽഡ്. ഇത്തവണ മികച്ച ഒരുപിടി താരങ്ങൾ മഞ്ഞക്കുപ്പായത്തിൽ തയ്യാറെടുക്കുന്നുണ്ട്. പെക്കുമോനും ഡ്യുഡിനും ഇത്തവണ ബ്ലാസ്റ്റേഴ്‌സ് മധ്യനിരയിൽ ഒരുപാട് കാര്യങ്ങൾ ചെയ്യാനാകുമെന്ന് കരുതുന്നു. ഡിഫൻസീവ് മിഡിൽ സക്കീറിന്റെ അനുഭവസമ്പത്ത് കൊമ്പന്മാർക്ക് ഗുണം ചെയ്യും. വിങ്ങുകളിലൂടെ മിന്നലാക്രമണം നടത്താൻ പ്രാപ്തനായ പ്രശാന്തിനെയും ലോകെൻ മീട്ടയെയും ഫിൻലന്റിൽ അയച്ചു പ്രത്യേക പരിശീലനം കൊടുത്തതിൽ ബ്ലാസ്റ്റേഴ്‌സ്മാനേജ്മെന്റ് ഇത്തവണ മധ്യനിരയിലെ പോരായ്മ മാറ്റാൻ ഉദ്ദേശിച്ചു തന്നെയാണ് എന്നുള്ളത് വ്യക്തം. റിസർവ് ടീം ക്യാപ്റ്റൻ കൂടിയായ സഹലുംകൂടെ ഋഷിയും , U17 താരം നേഗി, റാവത്, ഗോഗോയ്,കൂടെ ഹാലിച്ചരൻ നർസാരിയും... ഇത്തവണ കളി മാറും.

കൊമ്പന്മാരുടെ കൊമ്പ് അഥവാ മുന്നേറ്റനിര :
വിനീത്, സ്ളാവിസ സ്റ്റോൺജോവിക് ,മെതേജ്  പോപ്ലാന്റിക്, സിയമെൻ ഡോങ്കെൽ, ഖാർപൻ, അഫ്ദൽ, ജിതിൻ എന്നിവരാണ് മഞ്ഞപ്പട്ടാളത്തിന്റെ മുന്നണിപ്പോരാളികൾ. ആക്രമണത്തിന്റെ തേര് തെളിക്കാൻ മലയാളത്തിന്റെ സ്വന്തം സിക്കെയുടെ കൂടെ സ്ലാവിസയുടെയും  മെതാജിന്റെയും സാന്നിധ്യം കൊമ്പന്മാർക്ക് ഇരട്ടി കരുത്താണ് നൽകുന്നത്. കൂടെ ഡോങ്കലും ഖാർപനും കൂടുമ്പോൾ അത് പതിന്മടങ്ങാകും. കേരളത്തിന് സന്തോഷ് ട്രോഫി നേടിത്തന്ന ചുണക്കുട്ടികൾ ജിതിനും അഫ്ദലും ഇത്തവണ എതിർ ബോക്സിൽ ആക്രമണങ്ങളുടെ പെരുമഴതന്നെ തീർക്കും.

ഡേവിഡ് ജെയിംസ് എന്ന അതികായൻ :
ആദ്യ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ മാർക്വി താരമായിരുന്ന ജെയിംസ് ഇത്തവണ കപ്പടിക്കാൻ തന്നെ ഉദ്ദേശിച്ചാണ് ടീം സെറ്റ് ചെയ്യുന്നത്. മികച്ച ഇന്ത്യൻ - മലയാളി  യുവതാരങ്ങളെ സൈൻ ചെയ്തു ചുറുചുറുക്കുള്ള ഒരു മഞ്ഞപ്പട്ടാളത്തെ അണിയിച്ചൊരുക്കുകയാണ് ഡിജെ. പേരും പ്രശസ്തിയുമുള്ള വിദേശതാരങ്ങൾക്ക് റിട്ടയർമെന്റ് ലൈഫ് അടിച്ചു പൊളിക്കാനുള്ള പാളയമല്ല ബ്ലാസ്റ്റേഴ്‌സ് എന്ന വ്യക്തമായ സൂചന വിദേശ സൈനിങ്ങിലും ഡിജെ വ്യക്തമാക്കുന്നുണ്ട്. ആദ്യ സീസൺ മുതൽ ഐഎസ് എൽ റീഡ് ചെയ്യുന്ന ഡിജെക്ക് കൊമ്പന്മാരുടെ  അശ്വമേധത്തെ കുറിച്ച് വ്യക്തമായ പ്ലാനുകളും ഉണ്ട്. അതെല്ലാം ഇനി ഐ എസ് എൽ ഗോദയിൽ കാണാം.

പന്ത്രണ്ടാമൻ :
 കേരള ബ്ലാസ്റ്റേഴ്‌സ് എന്ന ടീമിന്റെ കരുത്ത് എന്താണെന്നു ചോദിച്ചാൽ ശക്തരായ വിമർശകരും എതിരാളികളും ഒരേ സ്വരത്തിൽ  പറയുന്ന ഉത്തരമാണ് 'ബ്ലാസ്റ്റേഴ്‌സ് ആരാധകർ'.  ടീമിന്റെ പന്ത്രണ്ടാമൻ എന്ന വാക്ക് അന്വർത്ഥമാക്കുന്ന വിധം ടീമിനെ ചങ്കു പറിച്ചു സ്നേഹിക്കുന്ന പതിനായിരങ്ങൾ ആർത്തലക്കുന്ന സ്റ്റേഡിയത്തിൽ കളിക്കാൻ ഏത് എതിർടീമിനും മോഹമാണ്. ഇന്ത്യൻ ഫുട്‍ബോൾ ആരാധകരുടെ ശരിയായ കരുത്ത് ലോകത്തിന്റെ മുന്നിൽ തുറന്നിട്ടത് ബ്ലാസ്റ്റേഴ്‌സ് ആരാധകരിലൂടെയാണ്. മഞ്ഞപ്പട, ബ്ലാസ്റ്റേഴ്‌സ് ആർമി തുടങ്ങി പേരുള്ളതും ഇല്ലാത്തതുമായ നിരവധി ഫാൻ ഗ്രൂപ്പുകൾ കൊമ്പന്മാർക്ക് സ്വന്തം. ഹോം എവേയ് വത്യാസമില്ലാതെ ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ പിന്നിൽ എപ്പോഴും ഉണ്ടാവും ഇവർ. സ്റ്റേഡിയത്തിലും സോഷ്യൽ മീഡിയയിലും ഇവരേക്കാൾ ആക്ടിവും ബാഹുല്യവുമുള്ള  ഒരു ആരാധകവൃന്ദം ഐ എസ് എല്ലിൽ ഒരു ടീമിനും ഇല്ലെന്നു തന്നെ പറയാം.ഇവർ യഥാർത്ഥത്തിൽ ടീമിന്റെ പന്ത്രണ്ടാമനല്ല. മറിച്ചു ഒന്നാമൻ തന്നെയാണ്.

ഐ എസ് എല്ലിൽ ഡിജെയും പിള്ളേരും കൂടെ ആരാധകരും ചേർന്ന് നടത്തുന്ന കൊമ്പന്മാരുടെ എഴുന്നെള്ളിപ്പിന് സൗത്ത്സോക്കേഴ്സിന്റെ എല്ലാവിധ ആശംസകളും. ഇത്തവണ ഐ എസ് എൽ ജേതാക്കൾക്കണിയാനുള്ള ആ തിടമ്പ് കൊമ്പന്മാരുടെ മസ്തകത്തിൽ അഴകുവിടർത്തട്ടെ എന്ന് ആശംസിക്കുന്നു.

ലേഖനം: അബ്ദുൾ റസാഖ് സൗത്ത് സോക്കേഴ്സ് 

0 comments:

Post a Comment

Blog Archive

Labels

Followers