ബൈച്ചുങ് ബൂട്ടിയ
ആധുനിക ഇന്ത്യൻ ഫുട്ബോൾ കാലഘട്ടത്തിലെ ത്രിമൂർത്തികളായി കണക്കാക്കപ്പെടുന്ന ഇതിഹാസങ്ങളിൽ ഒരാളാണ് ബൈച്ചുങ് ബൂട്ടിയ. 'സിക്കിമീസ് സ്‌നൈപ്പർ' എന്ന് വിളിപ്പേരുള്ള ബൂട്ടിയയെ സഹതാരമായ ഇതിഹാസം ഐ എം വിജയൻ വിശേഷിപ്പിച്ചത് ഇന്ത്യൻ ഫുട്‍ബോളിന് ദൈവത്തിന്റെ സമ്മാനം എന്നാണ്. ഐ എം വിജയനും ബൈചുങ്ങും ചേരുമ്പോൾ ഇന്ത്യൻ ഫുട്ബോൾ ടീമിന് മാരകമായ ഒരു പ്രഹരശേഷി കിട്ടിയിരുന്നു.
1993ൽ പതിനാറാമത്തെ വയസ്സിൽ ഈസ്റ്റ് ബംഗാളിൽ എത്തിയ ബൈച്ചുങ് പിന്നീട് രണ്ടു വർഷത്തിന് ശേഷം ജെ സി ടി മിൽസിൽ എത്തി. 1996-97 സീസണിലെ ദേശീയ ഫുട്ബോൾ ലീഗ് അവർ നേടി. സീസണിൽ ഏറ്റവും കൂടുതൽ ഗോൾ നേടുകയും 96 ലെ ഇന്ത്യൻ പ്ലയെർ ഓഫ് ദ ഇയർ നേടുകയും ചെയ്തു. 97ൽ വീണ്ടും ഈസ്റ്റ് ബംഗാളിൽ എത്തിയ ബൂട്ടിയ ബദ്ധവൈരികളായ മോഹൻ ബഗാനുമായുള്ള ഡെർബി മാച്ചിൽ ഹാട്രിക് നേടി എന്നൊരു നേട്ടം കരസ്ഥമാക്കി. 98 ൽ അദ്ദേഹം ഈസ്റ്റ് ബംഗാൾ നായകനായി അവരോധിക്കപ്പെട്ടു. മുഹമ്മദ് സലീമിന് ശേഷം ആദ്യമായി യൂറോപ്പിൽ പ്രൊഫഷണൽ ഫുട്ബോൾ കളിക്കുന്ന ഇന്ത്യൻ താരമായിരുന്നു ബൈച്ചുങ് ബൂട്ടിയ. ഇംഗ്ളണ്ടിൽ ബെറി എഫ് സിക്ക് വേണ്ടിയാണ് അദ്ദേഹം ബൂട്ടണിഞ്ഞത്.എന്നാൽ പരിക്കുകളുടെ ആക്രമണം മൂലം വലിയ നേട്ടങ്ങൾ കരസ്ഥമാക്കാതെ 2002ൽ അദ്ദേഹം ഇന്ത്യയിൽ തിരിച്ചെത്തി. മോഹൻ ബഗാനും മലേഷ്യൻ ക്ലബുകളായ പെരക് എഫ്‌സി,സെലങ്കൂർ എം കെ ലാൻഡ്, ഈസ്റ്റ് ബംഗാൾ എന്നിവക്കായി ബൂട്ടണിഞ്ഞു. കരിയറിന്റെ അവസാന കാലഘട്ടത്തിൽ മോഹൻ ബഗാനിൽ നിന്നും ഈസ്റ്റ് ബംഗാളിലേക്കുള്ള കൂടുമാറ്റം ഒരുപാട് വിവാദങ്ങൾ ഉണ്ടാക്കിയിരുന്നു. മോഹൻ ബഗാൻ അദ്ദേഹത്തെ സസ്‌പെൻഡ് ചെയ്യുകയും പിന്നീട് അദ്ദേഹത്തിന്റെ ട്രാൻസ്ഫർ നിരാകരിക്കുകയും പ്രശ്നങ്ങൾ കോടതി കേറുകയും ചെയ്തു.
1995ൽ നെഹ്‌റു കപ്പിൽ തായ്ലൻഡിനെതിരെ അന്താരാഷ്ട്ര ഫുട്ബോളിൽ അരങ്ങേറ്റം കുറിച്ച ബൈച്ചുങ് നീലക്കടുവകളുടെ മുഖമുദ്രയായി മാറുകയായിരുന്നു.1995ലെ നെഹ്‌റു കപ്പിൽ ഉസ്‌ബൈകിസ്താനെതിരെ ഗോളടിച്ചു ഇന്ത്യയുടെ എക്കാലത്തെയും പ്രായം കുറഞ്ഞ ഗോൾ സ്‌കോറർ തന്റെ അശ്വമേധത്തിന് തുടക്കമിട്ടു. അങ്ങിനെ 2011 വരെയുള്ള കാലഘട്ടങ്ങളിൽ 104മത്സരങ്ങളിൽ നിന്നായി 40ഓളം ഗോളുകൾ നീലക്കടുവകൾക്കായി അദ്ദേഹം സ്‌കോർ ചെയ്തു.
രാജ്യത്തിനു വേണ്ടിയും ക്ലബുകൾക്ക് വേണ്ടിയും നിരവധി നേട്ടങ്ങളിൽ പങ്കാളിയായിരുന്നു ബൂട്ടിയ.ഈസ്റ്റ് ബംഗാളിന്റെയും മോഹൻ ബഗാന്റെയും നിരവധി കിരീടനേട്ടങ്ങളിൽ ബൂട്ടിയ്ക്കുള്ള പങ്ക് വളരെ വലുതാണ്.
ഇന്ത്യക്ക് വേണ്ടി 2008ലെ എ എഫ് സി ചാലഞ്ച് കപ്പ്, 97, 99, 2005 സാഫ് ചാമ്പ്യൻഷിപ്പുകൾ, 2007, 09 നെഹ്‌റു കപ്പുകൾ എന്നിവ നേടിത്തരുന്നതിൽ മുഖ്യ പങ്ക് ഇദ്ദേഹത്തിന്റെ ഭാഗത്തു നിന്നുണ്ടായിരുന്നു.
ഒടുവിൽ 2012ൽ ബൂട്ടഴിക്കുമ്പോൾ ഇന്ത്യ കണ്ട ഏറ്റവും മികച്ച ഒരു യാത്രയയപ്പ് മത്സരം സംഘടിപ്പിക്കപ്പെട്ടു. യൂറോപ്യൻ വമ്പന്മാരായ ജർമനിയിലെ ബയേൺ മ്യുണിക് ടീമായിരുന്നു എതിരാളികൾ. നാലു ഗോളിന് ഇന്ത്യൻ ടീമിനെ അവർ തകർത്തെങ്കിലും ഇതിഹാസ താരത്തിന് അനുയോജ്യമായ യാത്രയയപ്പ് നല്കാൻ ഫെഡറേഷന് സാധിച്ചു. നീലക്കടുവകളുടെ പതിനഞ്ചാം നമ്പർ ജേഴ്സിയെ അനശ്വരമാക്കിയ ബൈച്ചുങ് അങ്ങിനെ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു.ഒരിക്കൽ ഫ്രഞ്ച് ഇതിഹാസ താരം സിനദീൻ സിദാന്റെ കൂടെ ബെൻഫിക്ക ഇലവനെതിരെ ഒരു ചാരിറ്റി മത്സരത്തിൽ കളിച്ചത് മറ്റൊരു പ്രത്യേകതയാണ്.UN ഡെവലപ്മെന്റ് ഫണ്ടിന് വേണ്ടി നടന്ന മത്സരത്തിൽ സിദാൻ, കക്ക, തിയറി ഹെൻറി, ഫിഗോ, ഡാനി ആൽവേസ്, ക്ളൈവർട്ട് എന്നിവരോടൊപ്പം ബൂട്ട് കെട്ടിയ ബൂട്ടിയ മത്സരത്തിൽ ഒരു ഗോൾ നേടുകയും ചെയ്തു.
Afc ചലഞ്ച് കപ്പിലെ വിലയേറിയ താരം, ഏഷ്യൻ ഫുട്ബോൾ ഹാൾ ഓഫ് ഫെയിം,
രണ്ടു തവണ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ പ്ലയെർ ഓഫ് ദ ഇയർ,ബംഗാ ഭൂഷൺ, അർജ്ജുന അവാർഡ്, പത്മശ്രീ എന്നീ പുരസ്കാരങ്ങളാൽ അദ്ദേഹം ആദരിക്കപ്പെട്ടു.
ഫുട്‍ബോളിനപ്പുറം ജലക് ദിക്ലാജ എന്ന റിയാലിറ്റി ഷോയിൽ വിജയിയാകാനും ബൂട്ടിയക്ക് സാധിച്ചു. എന്നാൽ രാഷ്ട്രീയത്തിൽ ബൂട്ട് കെട്ടിയപ്പോൾ പരാജയത്തിന്റെ കൈപ്പുനീർ കുടിക്കാനായിരുന്നു ഈ ഇതിഹാസത്തിന്റെ വിധി.
യുണൈറ്റഡ് സിക്കിം എന്നൊരു ക്ലബുമായി രംഗത്ത് വന്നിരുന്നെങ്കിലും അധികകാലം മുന്നോട്ടു പോകാൻ സാധിച്ചില്ല. 2018ൽ സിക്കിമിന്റെ സന്തോഷ് ട്രോഫി പരിശീലകനായി ബൈച്ചുങ് നിയമിതനായി.ഇപ്പോൾ ബൈച്ചുങ് ബൂട്ടിയ ഫുട്ബോൾ സ്കൂൾ എന്നൊരു അക്കാദമിയുടെ പ്രവർത്തനങ്ങളിൽ വ്യാപൃതനാണ്..
ബൈച്ചുങ് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ അടുത്ത സാരഥിയാകുമെന്ന് ഒരുപാട് അഭ്യൂഹങ്ങളും പരക്കുന്നുണ്ട്.
സൗത്ത് സോക്കേഴ്സ് മീഡിയ വിംഗ്