Showing posts with label Legends. Show all posts
Showing posts with label Legends. Show all posts

Wednesday, June 24, 2020

കണ്‍മുന്നില്‍ സാക്ഷാല്‍ മെസി | ഫുട്ബോൾ രാജാവിനെ ഇന്റർവ്യൂ ചെയ്ത ചരിത്ര മുഹൂർത്തം ഓർത്തെടുത്തു | കമാൽ വരദൂർ

                             


2014 ജൂലൈ-1
ലോകകപ്പ് പ്രി ക്വാര്‍ട്ടര്‍ ഫൈനലില്‍ അര്‍ജന്റീനയും സ്വിറ്റ്‌സര്‍ലാന്‍ഡും സാവോപോളോയിലെ കൊറീന്ത്യന്‍സ് മൈതാനത്ത് ഏറ്റുമുട്ടുന്ന ദിനം. ലിയോ മെസിയും ഡി മരിയയും സെര്‍ജി അഗ്യൂറോയുമെല്ലാം കളിക്കുന്ന അര്‍ജന്റീനക്കാര്‍.... ഷക്കീറിയെ പോലെ അതിവേഗക്കാരുടെ ചുവപ്പന്‍ സ്വിസ് പട
ലോകത്തെ ഏറ്റവും വലിയ പട്ടണങ്ങളിലൊന്നായ സാവോപോളോയില്‍ നിന്നും 100 കീലോമീറ്റര്‍ അകലെ സാവോ ജോസിലാണ് എന്റെ താമസം. മല്‍സരം നടക്കുന്ന കൊറീന്ത്യന്‍സ് മൈതാനമാവട്ടെ സാവോപോളോയില്‍ നിന്നും മുപ്പത് മിനുട്ട് അകലെയാണ്....
രാവിലെ തന്നെ സാവോ ജോസിലെ വീട്ടില്‍ നിന്നുമിറങ്ങി-വളരെ നേരത്തെ എത്തിയാല്‍ മാത്രമാണ് സ്‌റ്റേഡിയത്തിലെ മീഡിയാ ഗ്യാലറിയില്‍ ഇരിപ്പിടമുണ്ടാവു. അര്‍ജന്റീനക്കാരും സ്വിസുകാരും തലേദിവസം തന്നെ സാവോപോളോ കീഴടക്കിയിരുന്നു. ആരാധകരുടെ കുത്തൊഴുക്ക് ഉറപ്പാണ്. സാവോ ജോസില്‍ നിന്നും രാവിലെ ബസ്സില്‍ കയറി. ബസ് എന്നാല്‍ സൂപ്പര്‍ സുന്ദര ബസാണ്. എട്ട് വരി ട്രാക്കിലൂടെ കുതികുതിക്കുന്ന ബസിന് സാവോ ജോസ് വിട്ടാല്‍ സ്‌റ്റോപ്പ് സാവോപോളോ മാത്രം. ഒരു മണിക്കൂറിനകം 100 കീലോ മീറ്റര്‍ പിന്നിടും.
ബസ് അതിവേഗം തായിത്തെ എന്ന സ്ഥലത്തെ വലിയ ബസ് സ്റ്റേഷനിലെത്തി. അവിടെ നിന്നും ട്രെയിന്‍ മാര്‍ഗ്ഗം വേണം സ്‌റ്റേഡിയത്തിലെത്താന്‍. രണ്ട് റിയല്‍ (ബ്രസീല്‍ കറന്‍സി) വേണം സ്‌റ്റേഡിയത്തിലെത്താന്‍. ബസ് പോലെ തന്നെ സുന്ദരമായ ട്രെയിനില്‍ എളുപ്പത്തില്‍ സ്‌റ്റേഡിയത്തിന്റെ കവാടത്തിലെത്താം. ട്രെയിന്‍ നിറയെ അര്‍ജന്റീനക്കാര്‍.... മറഡോണയെ പാടി മെസിയെ പാടി അവരങ്ങ് ആര്‍ത്തു വിളിക്കുകയാണ്. എല്ലാവരുടെ ഷര്‍ട്ടിന്റെയും നിറം വെളുപ്പും നീലയും-ജഴ്‌സി നമ്പര്‍ പത്ത്. മറഡോണയണിഞ്ഞ പത്ത് ഇപ്പോള്‍ മെസിയുടെ പത്താണ്. എല്ലാവരും പാടുന്നത് ഒരു പാട്ട് മാത്രം-ലാ ലീ ലിയോ-അതായത് മെസിയെന്ന രാജാവിനെ വാഴ്ത്തിയങ്ങ് മുന്നേറുന്നു. ഫുട്‌ബോളിനെ മാത്രം സ്‌നേഹിക്കുന്ന, കാല്‍പ്പന്തിനെ പ്രാണവായുവായി കരുതുന്ന ഒരു ജന തതി-അവരാണ് അര്‍ജന്റീനക്കാര്‍. ഫുട്‌ബോളാണ് കൊച്ചു രാജ്യത്തെ ഒന്നിപ്പിക്കുന്നത്. കാഴ്ച്ചയില്‍ എല്ലാവരും സുന്ദരീസുന്ദരന്മാര്‍... വളരെ പെട്ടെന്ന് ട്രെയിന്‍ സ്‌റ്റേഡിയത്തിലെത്തി. പുറത്ത് നില്‍ക്കുമ്പോള്‍ അലകടല്‍ പോലെ അര്‍ജന്റീനക്കാര്‍. ഇടക്കിടെ സ്വിസുകാരും. പക്ഷേ എവിടെയും ബ്രസീലുകാരെ കാണുന്നില്ല. അവരുടെ മഞ്ഞനിറം ചിലയിടങ്ങളില്‍ മാത്രം.
ബ്രസീലും അര്‍ജന്റീനയും തമ്മിലുള്ള സ്‌നേഹമെന്നത് ഒരു ഇന്ത്യ-പാക് ഗാഥ പോലെയാണ്. ശത്രുതയിലാണ് ഇരു രാജ്യക്കാര്‍ക്കും താല്‍പ്പര്യം. അര്‍ജന്റീനക്കാരന്റെ നീല കുപ്പായത്തോട് മഞ്ഞയിട്ട ബ്രസീലുകാരന് താല്‍പ്പര്യമില്ല. കളിക്കാന്‍ വരുന്നത് സാക്ഷാല്‍ മെസിയാണെങ്കില്‍ പോലും ബ്രസീലുകാര്‍ പെലെ, നെയ്മര്‍ പാട്ടുകള്‍ പാടും. അര്‍ജന്റീനക്കാരെ കാണുമ്പോള്‍ ബ്രസീലുകാര്‍ പാടുന്ന ഒരു സൂപ്പര്‍ ഗാനമുണ്ട്-സപെലെ സപെലെ ... എന്ന് തുടങ്ങുന്ന ഗാനം. റിയോ ഒളിംപിക്‌സ് വേളയിലാണ് ഈ ഗാനം കൂടുതല്‍ കേട്ടത്. ഒരു അര്‍ജന്റീനക്കാരന്റെ കുപ്പായം എവിടെയെങ്കിലും കണ്ടാല്‍ അപ്പോള്‍ തുടങ്ങും ബ്രസീലുകാര്‍ സപെലെയെ പാടാന്‍... ആ പാട്ടിനര്‍ത്ഥം രസകരമാണ്. പെലെയെ പോലെ ആയിരം ഗോള്‍ നേടിയ ആരുണ്ട് ലോകത്ത് എന്നാണ് ആദ്യ വരിയുടെ അര്‍ത്ഥം. തായിത്തിയിലെ സ്‌റ്റേഷനില്‍ നിന്നും ട്രെയിന്‍ സ്‌റ്റേഡിയത്തിന്റെ പ്രധാന കവാടത്തിലെത്തിയത് അറിഞ്ഞതേയില്ല-കാരണം അത്രമാത്രം ആരാധകരുടെ തളളിക്കയറ്റത്തില്‍ നിലം തൊടാതെയുള്ള ഒരു യാത്ര.
കളി തുടങ്ങാന്‍ രണ്ട് മണിക്കൂര്‍ ഇനിയും ബാക്കിയുണ്ട്. നല്ല വെയിലായതിനാല്‍ മീഡിയാ ബോക്‌സിലെ ശീതളിമയില്‍ സുഹൃത്തുകള്‍ക്കൊപ്പം അല്‍പ്പമിരുന്നു. അല്‍പ്പം കഴിഞ്ഞ് താരങ്ങള്‍ മൈതാനത്ത് വാം അപ്പിനിറങ്ങിയപ്പോള്‍ മീഡിയാ ഗ്യാലറിയിലെത്തി. മെസിയും അഗ്യൂറോയും ഹിഗ്വിനും മസ്‌കരാനസും മരിയയുമെല്ലാം പന്ത് തട്ടുന്നു. മെസിയുടെ കാലുകളില്‍ പന്ത് കിട്ടുമ്പോള്‍ സ്വയം മറക്കുന്ന അര്‍ജന്റീനക്കാര്‍. ഷെര്‍ദാന്‍ ഷക്കീരിയായിരുന്നവു സ്വിസ് സംഘത്തിലെ സുപരിചിതന്‍.
അല്‍പ്പം കഴിഞ്ഞു-ടീം ലൈനപ്പായി. അര്‍ജന്റീനിയന്‍ സംഘത്തില്‍ ഗോള്‍ വലയം കാക്കുന്നത് പതിവ് പോലെ റോമീറോ. പിന്‍നിരയില്‍ ഗാരി, സബലേറ്റ, ഗാജോ, റോജോ. മധ്യനിരയില്‍ ഫെര്‍ണാണ്ടസ്, ഡി മരിയ, മസ്‌ക്കരാനോ, ലാവസി. മുന്‍നിരയില്‍ മെസിയും ഹിഗ്വിനും.
സ്വിസ് സംഘത്തില്‍ ഗോള്‍ക്കീപ്പര്‍ ബെനാജിയോ. പിന്‍നിരയില്‍ സാക്കയും ബെഹറമിയും റോഡ്രിഗസും മഹമൂദിയും. മധ്യനിരക്ക് കരുത്ത് പകരാന്‍ ഡാര്‍മനിച്ചും ജോര്‍കഫും. മുന്‍നിരയില്‍ ഷക്കീരിയും ഷാക്കറും.... മൈതാനം പ്രകമ്പനം കൊള്ളാന്‍ തുടങ്ങി. ഔദ്യോഗിക ജഴ്‌സിയില്‍ ടീമുകള്‍ മൈതാനത്ത്. ആദ്യം അര്‍ജന്റീനയുെട ദേശീയ ഗാനം. മൂന്ന് മിനുട്ട് ദീര്‍ഘിച്ച ഗാനത്തിന് ശേഷം സ്വിസുകാരുടെ ദേശീയ ഗാനം.
റഫറിയുടെ വിസിലോടെ ആരവങ്ങള്‍ ശക്തമായി. മെസിക്കും സംഘത്തിനും വ്യക്തമായ ആധിപത്യം. ഹ്വിഗിനും മെസിയും പലവട്ടം സ്വിസ് ബോക്‌സില്‍ പരിഭ്രാന്തി പരത്തി. പക്ഷേ ഗോള്‍ മാത്രം അകന്നു. ആദ്യ പകുതിയില്‍ ഗോളില്ല. രണ്ടാം പകുതിയില്‍ മരിയായിരുന്നു താരം. തകര്‍ത്തുളള മുന്നേറ്റങ്ങള്‍. പക്ഷേ അപ്പോഴും ഗോളുകളുടെ ലാഞ്ചനയില്ല. നിശ്ചിത സമയ മല്‍സരം ഗോള്‍രഹിത സമനിലയില്‍. പിന്നെ അര മണിക്കൂര്‍ അധികസമയ പോരാട്ടം. ആ സമയത്തിന്റെ പതിനൊന്നാം മിനുട്ടില്‍ മെസി ഊളിയിട്ടു കയറി. തളികയിലെന്നോണം മരിയക്ക് ക്രോസ്-സുന്ദരമായ ഹെഡ്ഡറില്‍ പന്ത് വലയില്‍...... അര്‍ജന്റീനക്ക് ജയം..
മല്‍സരത്തിന് ശേഷം പതിവ് പത്രസമ്മേളനം. രണ്ട് ടീമുകളിലെയും ക്യാപ്റ്റന്മാരും പരിശീലകരും സംബന്ധിക്കും. നമ്മുടെ നാട്ടിലേത് പോലെ ഓടിയങ്ങ് പത്ര സമ്മേളനത്തില്‍ കയറാന്‍ കഴിയില്ല. നേരത്തെ ബുക്ക് ചെയ്ത് ടോക്കണ്‍ വാങ്ങണം. പത്രസമ്മേളന ഹാളില്‍ കയറിയപ്പോള്‍ യുദ്ധത്തിനുള്ള ആളുകള്‍... മുന്നിലുള്ള കസേരയില്‍ തന്നെ ഇരിപ്പുറപ്പിച്ചു.
അല്‍പ്പം കാത്തിരുന്നപ്പോള്‍ മെസി വന്നു, കോച്ചെത്തി. സ്വിസ് ക്യാപ്റ്റനും പരിശീലകനും പിറകെയെത്തി. ശാന്തശീലനായ മെസി-പതിവുള്ള നാണും മുഖത്ത്. വാര്‍ത്താ സമ്മേളനത്തിനൊരു അവതാരകനുണ്ട്. അദ്ദേഹം ആദ്യം കാര്യങ്ങള്‍ പറയും. ചോദ്യങ്ങള്‍ ചോദിക്കാനുളളവര്‍ക്ക് കൈകള്‍ ഉയര്‍ത്താം. അവതാരകനായിരിക്കും ചോദ്യങ്ങള്‍ക്ക് മാധ്യമ പ്രവര്‍ത്തകരെ ക്ഷണിക്കുക. തുടക്കം മുതല്‍ തന്നെ ഞാന്‍ കൈകള്‍ ഉയര്‍ത്തിയെങ്കിലും യൂറോപ്പില്‍ നിന്നുള്ള വന്‍കിട മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കായിരുന്നു അവസരം. അവസാനം എനിക്ക് അവസരം നല്‍കിയപ്പോള്‍ ഡി മരിയയുടെ ഗോളിനെക്കുറിച്ച് ചോദിച്ചു. മെസി വ്യക്തമായി സ്പാനിഷില്‍ ഉത്തരം നല്‍കി (നമ്മള്‍ ഉപയോഗിക്കുന്ന ഇയര്‍ ഫോണിലൂടെ സ്പാനിഷ് മറുപടി ഇംഗ്ലിഷില്‍ കേള്‍ക്കാം). മരിയ മാത്രമല്ല എല്ലാവരും മനോഹരമായി കളിച്ചത് കൊണ്ടാണ് വിജയം വരിച്ചതെന്നും ടീമിന്റെ ആത്മവിശ്വാസം ഇപ്പോള്‍ ഉന്നതിയിലാണെന്നുമാണ് സൂപ്പര്‍ താരം പറഞ്ഞത്.
വാര്‍ത്താ സമ്മേളനത്തിന് ശേഷം മെസി പുറത്തിറങ്ങി. ഉടന്‍ തന്നെ ഞാന്‍ അദ്ദേഹത്തിന് അരികിലെത്തി. ഓട്ടോഗ്രാഫ് വാങ്ങി. ഇന്ത്യയില്‍ നിന്നാണെന്നും ഒരഭിമുഖത്തിന് സമയം അനുവദിക്കണമെന്നും പറഞ്ഞപ്പോള്‍ വോളണ്ടിയര്‍ ഇടപ്പെട്ടു. അവിടെ വെച്ചു സംസാരിക്കാന്‍ കഴിയില്ലെന്നായിരുന്നു വോളണ്ടിയറുടെ നിലപാട്. മെസി പറഞ്ഞു തൊട്ടരികിലുള്ള മിക്‌സഡ് സോണിലേക്ക് വരാന്‍. ഉടന്‍ തന്നെ ക്യാമറയെടുത്തെങ്കിലും വാര്‍ത്താ സമ്മേളന ഹാളില്‍ നോ ഫഌഷ് എന്ന വലിയ ബോര്‍ഡുണ്ടായിരുന്നു. ക്യാമറ അനുവദിക്കില്ലെന്ന് വോളണ്ടിയര്‍ തീര്‍ത്തുപറഞ്ഞു.
അങ്ങനെ മിക്‌സഡ് സോണിലേക്ക് പോയി. അവിടെയും ധാരാളം മാധ്യമ പ്രവര്‍ത്തകര്‍. അര്‍ജന്റീനയുടെയും സ്വിറ്റ്‌സര്‍ലാന്‍ഡിന്റെയും താരങ്ങളെല്ലാമുണ്ട്. അവര്‍ പല നാട്ടില്‍ നിന്നെത്തിയ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുന്നു. മെസിക്കായുള്ള കാത്തിരിപ്പ് നീണ്ടപ്പോള്‍ അദ്ദേഹം വരില്ലെന്നാണ് കരുതിയത്. പക്ഷേ പത്ത് മിനുട്ട് കാത്തിരിപ്പിനൊടുവില്‍ വലിയ ഹാളില്‍ ഒരു അനൗണ്‍സ്‌മെന്റ്. പ്ലിസ് കീപ്പ് സൈലന്‍സ്, മെസി ഈസ് കമിംഗ്....
മെസി വരുന്നു എന്നറിഞ്ഞപ്പോള്‍ സന്തോഷവാനായി. വാര്‍ത്താ സമ്മേളനത്തിന് വന്ന അതേ ഡ്രസ്സില്‍ മെസി. അദ്ദേഹം വന്ന് വോളണ്ടിയറുടെ ചെവിയില്‍ എന്തോ പറഞ്ഞു. ഉടന്‍ വോളണ്ടിയര്‍ മൈക്കെടുത്ത് പറഞ്ഞു-വേര്‍ ദാറ്റ് ഇന്ത്യന്‍ ജര്‍ണലിസ്റ്റ്....! മെസി വിളിക്കുന്നത് എന്നെയാണെന്ന് മനസ്സിലായി. ഉടന്‍ അദ്ദേഹത്തിന് അരികിലെത്തി.
വോളണ്ടിയര്‍ എന്നോട് ചോദിച്ചു- സ്പാനിഷ് അല്ലെങ്കില്‍ പോര്‍ച്ചുഗീസ് അറിയുമോയെന്ന്..... രണ്ടും വഴങ്ങില്ലെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ മെസിക്ക് ഈ രണ്ട് ഭാഷ മാത്രമേ അറിയു എന്ന് വോളണ്ടിയര്‍. ഉടന്‍ തന്നെ സാവോപോളോയില്‍ വെച്ച് പരിചയപ്പെട്ട അര്‍ജന്റീനിയന്‍ പത്രം ബ്യുണസ് അയേഴ്‌സ് ഹെറാള്‍ഡിന്റെ റിപ്പോര്‍ട്ടറോട് സഹായം തേടി. അദ്ദേഹം അരികിലെത്തി. അങ്ങനെ ഞങ്ങള്‍ മൂന്ന് പേര്‍-മെസിയും ഞാനും റൊമാരോ എന്ന അര്‍ജന്റീനക്കാരനും.
വലിയ രാജ്യാന്തര മാധ്യമ സമൂഹത്തിന് നടുവില്‍ മറക്കാനാവാത്ത അനുഭവമായിരുന്നു അത്. തിരക്കിന്റെ വക്താവായ മെസി. അധികമാരോടും സംസാരിക്കാത്ത സൂപ്പര്‍ താരം. ഇന്ത്യയെക്കുറിച്ച് വ്യക്തമായ അറിവില്ലാത്ത താരരാജാവ്. അദ്ദേഹമാണ് ഏഴ് മിനുട്ട് സംസാരിക്കാന്‍ മുന്നിലിരിക്കുന്നത്. ഇന്ത്യയെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന് കാര്യമായ അറിവ് നമ്മുടെ രാജ്യത്തെക്കുറിച്ചില്ല. ലോക ഫുട്‌ബോളില്‍ യൂറോപ്പും ലാറ്റിനമേരിക്കയും നിറഞ്ഞ് നില്‍ക്കുമ്പോള്‍ ഏഷ്യയില്‍ പോലും വിലാസമില്ലാത്ത ഇന്ത്യയെക്കുറിച്ച് അദ്ദേഹത്തിന് അറിയില്ല എന്നതില്‍ അല്‍ഭുതം തോന്നിയില്ല. നാല് വര്‍ഷത്തിലൊരിക്കല്‍ നടത്തപ്പെടുന്ന ഭുഖണ്ഢാന്തര ഫുട്‌ബോള്‍ മാമാങ്കത്തില്‍ ഇന്ത്യ പങ്കെടുക്കുന്നില്ല. ഏഷ്യന്‍ യോഗ്യതാ ഘട്ടത്തില്‍ തന്നെ ടീം തകരുന്നു. അത്തരത്തിലുള്ള ഒരു ടീമിനെക്കുറിച്ച് അധികമാര്‍ക്കുമറിയില്ലെന്ന യാഥാര്‍ത്ഥ്യം തള്ളിക്കളയാനാവില്ല.
ലോക ഫുട്‌ബോളിനെക്കുറിച്ചായിരുന്നു രണ്ടാമത്തെ ചോദ്യം. അതില്‍ മെസിയിലെ ഫുട്‌ബോളര്‍ക്ക് പറയാന്‍ ധാരാളമുണ്ടായിരുന്നു. കാലിക ഫുട്‌ബോളിലെ വേഗ മാറ്റങ്ങളെക്കുറിച്ചും താരങ്ങളുടെ തിരക്കേറിയ ഫുട്‌ബോള്‍ ജീവിതത്തെക്കുറിച്ചുമെല്ലാം അദ്ദേഹം പറഞ്ഞു. പ്രൊഫഷണല്‍ ഫുട്‌ബോളിന്റെ ഭാഗമാവുന്നവര്‍ക്ക് തിരക്ക് പുതിയ സംഭവമല്ല. രാജ്യത്തിനായി കളിക്കണം. ക്ലബിനായി കളിക്കണം. പ്രൊമോഷണല്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ പങ്കെടുക്കണം-പരുക്കില്‍ നിന്ന് മുക്തി നേടിയാല്‍ ദീര്‍ഘകാലം കളിക്കാം. തനിക്ക് ലഭിച്ച അംഗീകാരങ്ങളെക്കുറിച്ച് വാചാലനാവാന്‍ മെസിക്ക് താല്‍പ്പര്യമുണ്ടായിരുന്നു. ഫിഫ നല്‍കുന്ന പരമോന്നത പുരസ്‌ക്കാരം പല തവണ ലഭിച്ചു, ക്ലബ് ഫുട്‌ബോളില്‍ നേടാനായി ഒന്നും ബാക്കിയില്ല. പക്ഷേ ഇതെല്ലാം തന്റെ മാത്രം സമ്പാദ്യമാണെന്ന് അദ്ദേഹം വിശ്വസിക്കുന്നില്ല. അര്‍ജന്റീനയുടെ ദേശീയ കുപ്പായത്തില്‍ പലവട്ടം കപ്പിനും ചുണ്ടിനുമിടയില്‍ നിരാശനാവേണ്ടി വന്നു. പക്ഷേ ടീം നല്‍കുന്ന പിന്തുണ അപാരമായിരുന്നു. ബാര്‍സിലോണക്കായി കളിക്കുമ്പോള്‍ ചുറ്റുമുള്ളത് മികച്ച താരങ്ങള്‍. അവര്‍ക്കിടയില്‍ കളിക്കുമ്പോള്‍ പ്രയാസങ്ങള്‍ തെല്ലുമില്ല മെസിക്ക്. ലോകകപ്പിലെ സാധ്യതകളെക്കുറിച്ച് ചോദിച്ചപ്പോള്‍ കാല്‍പ്പന്ത് മൈതാനത്ത് ഓരോ ദിവസവും ഓരോ മല്‍സരങ്ങളും നിര്‍ണായകമാണെന്നാണ് അദ്ദേഹം വിവരിച്ചത്.
ഏഴ് മിനുട്ട് എത്ര പെട്ടെന്നാണ് പോയതെന്നറിഞ്ഞില്ല. മറ്റാരോടും ഒന്നും സംസാരിക്കാന്‍ നില്‍ക്കാതെ മെസി വേഗം മടങ്ങിയപ്പോള്‍ ആ ദിവസം നല്‍കിയ അനുഭൂതി ചെറുതായിരുന്നില്ല. 2014 ലെ ലോകകപ്പില്‍ മെസി മറ്റാര്‍ക്കും അഭിമുഖം നല്‍കിയതായി അറിയില്ല. ഒരു അര്‍ജന്റീനിയന്‍ പത്രം ലോകകപ്പിന് ശേഷം മെസിയുടെ അഭിമുഖം പ്രസിദ്ധീകരിച്ചിരുന്നു. മരക്കാനയിലെ ഫൈനലില്‍ മെസി നടത്തിയ പോരാട്ടം-അര്‍ജന്റീന കപ്പടിക്കുമെന്ന് ഞങ്ങളെല്ലാം പ്രതീക്ഷിച്ചു. പക്ഷേ അവസാന സമയത്ത് ജര്‍മനിക്കാരന്‍ ഗോയറ്റ്‌സെ വില്ലനായി അവതരിച്ചപ്പോള്‍ തല താഴ്ത്തി മടങ്ങിയ മെസിയുടെ മുഖം മറക്കാനാവുന്നില്ല. ലോകകപ്പിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടിട്ടും ലോകകപ്പ് എന്ന വലിയ സ്വപ്‌നം പൊലിഞ്ഞതിന്റെ വേദനയും നിരാശയുമെല്ലാം ആ മുഖത്ത് പ്രകടമായിരുന്നു.
ഫുട്‌ബോള്‍ രാജാവ് പെലെ. അത്‌ലറ്റിക് ഇതിഹാസം മൈക്കല്‍ ജോണ്‍സണ്‍, ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തുടങ്ങി എത്രയോ കായിക ഉന്നതരുമായി അഭിമുഖം നടത്തിയിട്ടുണ്ട്. പക്ഷേ മെസിയുമായി സംസാരിച്ച ആ ഏഴ് മിനുട്ട് കായിക മാധ്യമ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമാണ്.  

കമാൽ വരദൂർ 🖋️

ആനപറമ്പിലെ വേൾഡ് കപ്പ് ഒരുക്കുന്ന കമാൽവരദൂർ എഴുതുന്ന 101 ഫുട്ബോൾ കഥകൾ നിങ്ങൾക്ക് സൗത്ത് സോക്കേഴ്സിലൂടെ വായിക്കാം 

Friday, May 1, 2020

നമ്പർ 02 | ബൈച്ചുങ് ബൂട്ടിയ | ഇന്ത്യൻ ഫുട്ബോൾ പത്തു ഇതിഹാസ താരങ്ങൾ


ബൈച്ചുങ് ബൂട്ടിയ 

ആധുനിക ഇന്ത്യൻ ഫുട്ബോൾ കാലഘട്ടത്തിലെ ത്രിമൂർത്തികളായി കണക്കാക്കപ്പെടുന്ന ഇതിഹാസങ്ങളിൽ ഒരാളാണ് ബൈച്ചുങ് ബൂട്ടിയ. 'സിക്കിമീസ് സ്‌നൈപ്പർ' എന്ന് വിളിപ്പേരുള്ള ബൂട്ടിയയെ സഹതാരമായ ഇതിഹാസം ഐ എം വിജയൻ വിശേഷിപ്പിച്ചത് ഇന്ത്യൻ ഫുട്‍ബോളിന് ദൈവത്തിന്റെ സമ്മാനം എന്നാണ്. ഐ എം വിജയനും ബൈചുങ്ങും ചേരുമ്പോൾ ഇന്ത്യൻ ഫുട്ബോൾ ടീമിന് മാരകമായ ഒരു പ്രഹരശേഷി കിട്ടിയിരുന്നു. 

 1993ൽ  പതിനാറാമത്തെ വയസ്സിൽ ഈസ്റ്റ്‌ ബംഗാളിൽ എത്തിയ ബൈച്ചുങ് പിന്നീട് രണ്ടു വർഷത്തിന് ശേഷം ജെ സി ടി മിൽസിൽ എത്തി. 1996-97 സീസണിലെ ദേശീയ ഫുട്ബോൾ ലീഗ് അവർ നേടി. സീസണിൽ ഏറ്റവും കൂടുതൽ ഗോൾ നേടുകയും 96 ലെ ഇന്ത്യൻ പ്ലയെർ ഓഫ് ദ ഇയർ നേടുകയും ചെയ്തു. 97ൽ വീണ്ടും ഈസ്റ്റ്‌ ബംഗാളിൽ എത്തിയ ബൂട്ടിയ ബദ്ധവൈരികളായ മോഹൻ ബഗാനുമായുള്ള ഡെർബി മാച്ചിൽ ഹാട്രിക് നേടി എന്നൊരു നേട്ടം കരസ്ഥമാക്കി. 98 ൽ അദ്ദേഹം ഈസ്റ്റ്‌ ബംഗാൾ നായകനായി അവരോധിക്കപ്പെട്ടു. മുഹമ്മദ്‌ സലീമിന് ശേഷം ആദ്യമായി യൂറോപ്പിൽ പ്രൊഫഷണൽ ഫുട്ബോൾ കളിക്കുന്ന ഇന്ത്യൻ താരമായിരുന്നു ബൈച്ചുങ് ബൂട്ടിയ. ഇംഗ്ളണ്ടിൽ ബെറി എഫ് സിക്ക് വേണ്ടിയാണ് അദ്ദേഹം ബൂട്ടണിഞ്ഞത്.എന്നാൽ പരിക്കുകളുടെ ആക്രമണം മൂലം വലിയ നേട്ടങ്ങൾ കരസ്ഥമാക്കാതെ  2002ൽ  അദ്ദേഹം ഇന്ത്യയിൽ തിരിച്ചെത്തി. മോഹൻ ബഗാനും മലേഷ്യൻ ക്ലബുകളായ  പെരക് എഫ്‌സി,സെലങ്കൂർ എം കെ ലാൻഡ്, ഈസ്റ്റ്‌ ബംഗാൾ എന്നിവക്കായി ബൂട്ടണിഞ്ഞു. കരിയറിന്റെ അവസാന കാലഘട്ടത്തിൽ മോഹൻ ബഗാനിൽ നിന്നും ഈസ്റ്റ്‌ ബംഗാളിലേക്കുള്ള കൂടുമാറ്റം ഒരുപാട് വിവാദങ്ങൾ ഉണ്ടാക്കിയിരുന്നു. മോഹൻ ബഗാൻ അദ്ദേഹത്തെ സസ്‌പെൻഡ് ചെയ്യുകയും പിന്നീട്  അദ്ദേഹത്തിന്റെ ട്രാൻസ്ഫർ നിരാകരിക്കുകയും പ്രശ്നങ്ങൾ കോടതി കേറുകയും ചെയ്തു.

 1995ൽ നെഹ്‌റു കപ്പിൽ തായ്ലൻഡിനെതിരെ അന്താരാഷ്ട്ര ഫുട്ബോളിൽ അരങ്ങേറ്റം കുറിച്ച ബൈച്ചുങ് നീലക്കടുവകളുടെ മുഖമുദ്രയായി മാറുകയായിരുന്നു.1995ലെ നെഹ്‌റു കപ്പിൽ ഉസ്‌ബൈകിസ്താനെതിരെ ഗോളടിച്ചു ഇന്ത്യയുടെ എക്കാലത്തെയും പ്രായം കുറഞ്ഞ ഗോൾ സ്‌കോറർ തന്റെ അശ്വമേധത്തിന് തുടക്കമിട്ടു. അങ്ങിനെ 2011 വരെയുള്ള കാലഘട്ടങ്ങളിൽ 104മത്സരങ്ങളിൽ നിന്നായി 40ഓളം ഗോളുകൾ നീലക്കടുവകൾക്കായി അദ്ദേഹം സ്‌കോർ ചെയ്തു.

രാജ്യത്തിനു വേണ്ടിയും ക്ലബുകൾക്ക് വേണ്ടിയും നിരവധി നേട്ടങ്ങളിൽ പങ്കാളിയായിരുന്നു ബൂട്ടിയ.ഈസ്റ്റ്‌ ബംഗാളിന്റെയും മോഹൻ ബഗാന്റെയും നിരവധി കിരീടനേട്ടങ്ങളിൽ ബൂട്ടിയ്ക്കുള്ള പങ്ക് വളരെ വലുതാണ്.  
 ഇന്ത്യക്ക് വേണ്ടി 2008ലെ എ എഫ് സി ചാലഞ്ച് കപ്പ്, 97, 99, 2005 സാഫ് ചാമ്പ്യൻഷിപ്പുകൾ, 2007, 09 നെഹ്‌റു കപ്പുകൾ എന്നിവ നേടിത്തരുന്നതിൽ മുഖ്യ പങ്ക് ഇദ്ദേഹത്തിന്റെ ഭാഗത്തു നിന്നുണ്ടായിരുന്നു.

ഒടുവിൽ 2012ൽ ബൂട്ടഴിക്കുമ്പോൾ ഇന്ത്യ കണ്ട ഏറ്റവും മികച്ച ഒരു യാത്രയയപ്പ് മത്സരം സംഘടിപ്പിക്കപ്പെട്ടു. യൂറോപ്യൻ വമ്പന്മാരായ ജർമനിയിലെ ബയേൺ മ്യുണിക് ടീമായിരുന്നു എതിരാളികൾ. നാലു ഗോളിന് ഇന്ത്യൻ ടീമിനെ അവർ തകർത്തെങ്കിലും ഇതിഹാസ താരത്തിന് അനുയോജ്യമായ യാത്രയയപ്പ് നല്കാൻ ഫെഡറേഷന് സാധിച്ചു. നീലക്കടുവകളുടെ പതിനഞ്ചാം നമ്പർ ജേഴ്സിയെ അനശ്വരമാക്കിയ ബൈച്ചുങ് അങ്ങിനെ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു.ഒരിക്കൽ ഫ്രഞ്ച് ഇതിഹാസ താരം സിനദീൻ സിദാന്റെ കൂടെ ബെൻഫിക്ക ഇലവനെതിരെ ഒരു ചാരിറ്റി മത്സരത്തിൽ കളിച്ചത് മറ്റൊരു പ്രത്യേകതയാണ്.UN ഡെവലപ്മെന്റ് ഫണ്ടിന് വേണ്ടി നടന്ന മത്സരത്തിൽ സിദാൻ, കക്ക, തിയറി ഹെൻറി, ഫിഗോ, ഡാനി ആൽവേസ്, ക്ളൈവർട്ട് എന്നിവരോടൊപ്പം ബൂട്ട് കെട്ടിയ ബൂട്ടിയ മത്സരത്തിൽ ഒരു ഗോൾ നേടുകയും ചെയ്തു. 

   Afc ചലഞ്ച് കപ്പിലെ വിലയേറിയ താരം, ഏഷ്യൻ ഫുട്ബോൾ ഹാൾ ഓഫ് ഫെയിം, 
രണ്ടു തവണ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ പ്ലയെർ ഓഫ് ദ ഇയർ,ബംഗാ ഭൂഷൺ, അർജ്ജുന അവാർഡ്, പത്മശ്രീ എന്നീ പുരസ്കാരങ്ങളാൽ അദ്ദേഹം ആദരിക്കപ്പെട്ടു. 
ഫുട്‍ബോളിനപ്പുറം ജലക് ദിക്ലാജ എന്ന റിയാലിറ്റി ഷോയിൽ വിജയിയാകാനും ബൂട്ടിയക്ക് സാധിച്ചു. എന്നാൽ രാഷ്ട്രീയത്തിൽ ബൂട്ട് കെട്ടിയപ്പോൾ പരാജയത്തിന്റെ കൈപ്പുനീർ കുടിക്കാനായിരുന്നു ഈ ഇതിഹാസത്തിന്റെ വിധി. 

യുണൈറ്റഡ് സിക്കിം എന്നൊരു ക്ലബുമായി  രംഗത്ത് വന്നിരുന്നെങ്കിലും  അധികകാലം മുന്നോട്ടു പോകാൻ സാധിച്ചില്ല. 2018ൽ സിക്കിമിന്റെ സന്തോഷ് ട്രോഫി പരിശീലകനായി ബൈച്ചുങ് നിയമിതനായി.ഇപ്പോൾ ബൈച്ചുങ് ബൂട്ടിയ ഫുട്ബോൾ സ്കൂൾ എന്നൊരു അക്കാദമിയുടെ പ്രവർത്തനങ്ങളിൽ വ്യാപൃതനാണ്.. 
ബൈച്ചുങ് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ അടുത്ത സാരഥിയാകുമെന്ന് ഒരുപാട് അഭ്യൂഹങ്ങളും പരക്കുന്നുണ്ട്.

സൗത്ത് സോക്കേഴ്സ് മീഡിയ വിംഗ്


Monday, April 13, 2020

നമ്പർ 03 | ഐ എം വിജയൻ | ഇന്ത്യൻ ഫുട്ബോൾ പത്തു ഇതിഹാസ താരങ്ങൾ


കേരളത്തിന്റെ കറുത്തമുത്ത്.. കൊൽക്കത്തയുടെ കാലാ  ഹിരൺ.. വേറെ വിശേഷണങ്ങൾ ആവശ്യമില്ല. ഐനിവളപ്പിൽ മണി വിജയൻ എന്ന ഇന്ത്യൻ ഇതിഹാസത്തെ പരിചയപ്പെടുത്താൻ. ആധുനിക ഇന്ത്യൻ ഫുട്‍ബോളിന്റെ മുഖം ഒരുകാലത്ത് ഐ എം വിജയനിലൂടെയായിരുന്നു.തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ ഒരു സോഡാ വില്പനക്കാരനിൽ നിന്ന് ഇന്ത്യയിലെ ഓരോ സ്റ്റേഡിയങ്ങളും അടക്കിവാണ ഈ കൽപ്പന്തിന്റെ രാജാവിന്റെ കഥ ഒരു സിനിമയേക്കാൾ ആവേശം നൽകുന്നതാണ്.കഷ്ട്ടപ്പാടിന്റെ ഗ്രൗണ്ടിൽ പൊരുതിനേടിയ ഈ ഇതിഹാസതാരത്തിന്റെ കഥ ഓരോ ഫുട്ബോൾ ആരാധകന്റെയും സിരകളിൽ ആവേശത്തിരമാല തീർക്കുന്നതാണ്.പന്തു തട്ടാൻ തുടങ്ങിയ കാലം മുതൽ ശ്രദ്ധിക്കപ്പെട്ട മലയാളികളുടെ വിജയേട്ടൻ കീഴടക്കാത്ത ഗ്രൗണ്ടുകൾ ഇല്ല.തൃശൂർ നഗരത്തിൽ ജനിച്ചു വളർന്നു ഐ എം വിജയൻ  സി എം എസ് സ്‌കൂളിലായിരുന്നു പഠിച്ചിരുന്നത്.  അടുത്തകാലത്ത് കളി നിർത്തുന്നത് വരെ സെവൻസ് ഗ്രൗണ്ടുകളിൽ മിന്നൽ പിണരുകൾ തീർക്കുന്ന ഈ യോദ്ധാവിന്റെ കളി ശ്രദ്ധയിൽ പെട്ട  കേരള പോലീസ് മേധാവി എം കെ ജേക്കബ് പതിനേഴാം വയസ്സിൽ അദ്ദേഹത്തെ  എത്തിച്ചത് കേരള പോലീസിന്റെ ജേഴ്സിയിൽ. അവിടുന്നങ്ങോട്ട് കാൽപ്പന്ത് കൊണ്ടൊരു അശ്വമേധമായിരുന്നു. 1987 ൽ കേരളപോലീസിൽ എത്തിയ അദ്ദേഹം പിന്നീട്  മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ,  പഞ്ചാബിലെ ജെ സി ടി മിൽസ്, എഫ് സി കൊച്ചിൻ ചർച്ചിൽ ബ്രദേഴ്‌സ് എന്നീ ടീമുകൾക്ക് വേണ്ടി ബൂട്ടണിഞ്ഞു. 2006ൽ കളി നിർത്തുന്നത് വരെ അദ്ദേഹം 250ഓളം ഗോളുകൾ വിവിധ ക്ലബുകൾക്ക് വേണ്ടി നേടിയിട്ടുണ്ട്.


1989ലാണ് അദ്ദേഹം നീലക്കടുവകളുടെ കുപ്പായത്തിൽ അരങ്ങേറുന്നത്. നെഹ്‌റു കപ്പ്, സാഫ് കപ്പ്, സാഫ് ഗെയിംസ്, പ്രീ ഒളിമ്പിക്സ്, പ്രീ വേൾഡ് കപ്പ് എന്നിങ്ങനെ നിരവധി ടൂർണമെന്റുകളിൽ അദ്ദേഹം ഇന്ത്യക്ക് വേണ്ടി കളിച്ചു. ഇന്ത്യൻ ഫുട്ബോൾ കണ്ടിട്ടുള്ളതിൽ ഏറ്റവും മാരകമായ ഫോർവെർഡ് ലൈൻ കൂട്ടുകെട്ടായിരുന്നു ഐ എം വിജയനും ബൈച്ചുങ് ബൂട്ടിയയും. 1999ലെ സാഫ് കപ്പിൽ ഭൂട്ടാനെതിരെ 12ആം സെക്കന്റിൽ നേടിയ ഗോളിൽ ഫിഫയുടെ റെക്കോർഡ് ബുക്കിലും ഈ കറുത്ത മുത്ത് ഇടംപിടിച്ചു. 2003ൽ ഇന്ത്യയിൽ വെച്ചു നടന്ന ആഫ്രോ - ഏഷ്യൻ ഗെയിംസിൽ ടോപ് സ്‌കോറർ ആയിത്തന്നെ അദ്ദേഹം അന്താരാഷ്ട്ര ഫുടബോളിൽ നിന്ന് വിരമിച്ചു.




 ഇതിനിടയിൽ നാട്ടിലും മറുനാട്ടിലും  നടന്ന എണ്ണമറ്റ ടൂർണമെന്റുകളും അതിലെ നേട്ടങ്ങളും എണ്ണിയാലൊടുങ്ങില്ല.1995ൽ കോഴിക്കോട് വെച്ചു നടന്ന സിസ്സേർസ് കപ്പ്‌ ഫൈനലിൽ മലേഷ്യൻ ടീമായ പെർലിസിനെതിരെ ജെ സി ടിക്ക് വേണ്ടി നേടിയ സിസ്സർകിക്ക് എന്ന അക്രോബാറ്റിക് ഗോൾ മലയാളികളുടെ ഓർമ്മച്ചെപ്പിൽ എന്നെന്നും സൂക്ഷിക്കുന്നതാണ്. മലേഷ്യയിൽ നിന്നും  തായ്‌ലൻഡിൽ നിന്നും കളിക്കാനുള്ള ഓഫറുകൾ വന്നെങ്കിലും ഈ ഇതിഹാസതാരം തന്റെ കരിയർ ചിലവഴിച്ചത് മുഴുവൻ ഇന്ത്യയിൽ തന്നെയാണ്.
ഇതിനിടയിൽ ബിസിനസിലേക്ക് കടന്നെങ്കിലും ഫുട്‍ബോളും സ്പോർട്സും മറക്കാൻ അദ്ദേഹത്തിനാകുമായിരുന്നില്ല. 2004ൽ ബോക്‌സർ എന്ന ബ്രാൻഡിൽ കായിക ഉപകരണ നിർമ്മാണ കമ്പനി ആരംഭിച്ചു.ഇന്ത്യയിലെ വിവിധ ക്ലബുകളുടെ ഉപദേഷ്ടാവായി പ്രവർത്തിക്കുന്ന അദ്ദേഹം കോച്ചിങ്ങിലും തന്റേതായ സംഭാവനകൾ നൽകിയിട്ടുണ്ട്.  2017ൽ അദ്ദേഹത്തെ ഇന്ത്യൻ ഗവണ്മെന്റിന്റെ കീഴിലുള്ള യുവജന കായിക മന്ത്രാലയം ദേശീയ ഫുട്ബോൾ നിരീക്ഷകനായി നിയമിച്ചു. മലയാളത്തിലും തമിഴിലുമെല്ലാം നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുള്ള അദ്ദേഹം 2018ൽ തന്റെ സുഹൃത്തുക്കളുമായി ബിഗ് ഡാഡി എന്റർടൈൻമെന്റ് എന്നൊരു സിനിമാ നിർമ്മാണ കമ്പനി ആരംഭിച്ചു. ആദ്യം നിർമ്മിക്കുന്ന സിനിമയും ഫുട്ബോൾ പ്രമേയമായുള്ളതാണ്.

ഇന്ത്യയിലെ ഈ ഫുട്ബോൾ ഇതിഹാസത്തിനു അർജ്ജുന അവാർഡ് ലഭിച്ചെങ്കിലും എന്നോ ലഭിക്കേണ്ടിയിരുന്ന പത്മ പുരസ്‌കാരം ലഭിക്കാത്തതിൽ ഫുട്ബോൾ പ്രേമികൾ ഇന്നും അസ്വസ്ഥരാണ്. കേരള പോലീസിന്റെ ഭാഗമായി ജോലി ചെയ്യുന്ന അദ്ദേഹത്തിന് ഏതൊരു പുരസ്കാരത്തെക്കാൾ വലുതാണ് ഇന്ത്യയിലെ ഫുട്ബോൾ പ്രേമികൾ തങ്ങളുടെ മനസ്സിൽ നൽകിയ സ്ഥാനം. ഇന്നും പല ചാരിറ്റി മാച്ചുകൾക്കും ബൂട്ട് കെട്ടുന്നഅമ്പത് വയസ്സുകാരനായ ഈ  കാലാ ഹിരണിന്റെ കാലുകൾ നിന്നുള്ള  സ്കില്ലുകളും ഷോട്ടുകളും ഏതൊരു ഫുട്ബോൾ ആരാധകനെയും ത്രസിപ്പിക്കുന്നതാണ്.ഇന്ത്യയിൽ വിശിഷ്യാ കേരളത്തിൽ ഫുട്ബോൾ സംബന്ധമായ എന്തിനും ഒഴിവാക്കാനാകാത്തൊരു വിഭവമാണ് ഐ എം വിജയൻ എന്ന കാല്പന്തിന്റെ രാജാവ്.അദ്ദേഹത്തിന്റെ ചാരിറ്റി മാച്ചുകളിലെ പ്രകടനം കണ്ടാൽ ചിലപ്പോൾ തോന്നും വയസ്സ് എന്നതൊക്കെ വെറും അക്കങ്ങൾ മാത്രമാണെന്ന്. അല്ലെങ്കിലും പ്രായം കൂടുമ്പോൾ വീഞ്ഞിന് വീര്യം കൂടുകയേയുള്ളൂ..
(ഒരുപക്ഷെ യൂറോപ്പിലോ ലാറ്റിൻ അമേരിക്കയിലോ ജനിച്ചിരുന്നെങ്കിൽ ലോക ഫുട്ബോളർമാരുടെ നിരയിൽ വരുമായിരുന്ന ഒരൈറ്റം. പക്ഷെ ഒരു കണക്കിന് നന്നായി എന്ന് എനിക്ക് തോന്നും.. അഭിമാനിക്കാനും അഹങ്കരിക്കാനും ഞങ്ങൾക്കുമുണ്ടൊരു ഇതിഹാസം. ജീവിതത്തിൽ ഏറ്റവും പ്രിയപ്പെട്ടതെന്ന് കരുതുന്ന ഒരു ഫോട്ടോ അവിചാരിതമായി തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ വിജയേട്ടൻ  പരിശീലത്തിനെത്തിയപ്പോൾ  എഫ് സി കേരളയുടെ ട്രയൽസ് കാണാനെത്തിയ എന്നെ ചേർന്ന് നിന്നെടുത്ത ഫോട്ടോ ആണ്.അഭിമാനിക്കുന്നു ആ നിമിഷത്തെയോർത്ത്..


സൗത്ത് സോക്കേഴ്സ് പ്രതിനിധികൾ 
അബ്ദുൾ റസാഖും ഷാസും ഐ എം വിജയനോടൊപ്പം 

ക്രിക്കറ്റ് താരങ്ങളെ ദൈവമായി ആരാധിക്കുന്ന യുവതലമുറയോട് ഒരു ഫുട്ബോൾ പ്രാന്തൻ എന്നുള്ള രീതിയിൽ പറയാനുള്ളത് ഇത്രമാത്രമാണ്. മണിമേടകളിലിരിക്കുന്ന ദൈവങ്ങളെക്കാൾ സാധാരണക്കാർക്കിടയിൽ നിൽക്കുന്ന ഐ എം വി  തന്നെയാണ് എനിക്ക് പ്രിയം.. അയാൾ മെസ്സിയോ റൊണാൾഡോയോ ഒന്നുമല്ലായിരിക്കും.. എന്നാൽ ഒരു തലമുറയെ മുഴുവൻ ആവേശത്തിലാറാടിച്ച ഞങ്ങളുടെ കറുത്ത മുത്ത് തന്നെയാണ് എന്നും വിലപ്പെട്ടത്.)

സൗത്ത് സോക്കേഴ്സ് മീഡിയ വിങ്

നമ്പർ 04 | പ്രദീപ് കുമാർ ബാനർജി | ഇന്ത്യൻ ഫുട്ബോൾ പത്തു ഇതിഹാസ താരങ്ങൾ


പ്രദീപ് കുമാർ ബാനർജി എന്ന പി കെ ബാനർജി. ബീഹാറിൽ നിന്നുദിച്ച് കൊൽക്കത്തയിൽ മിന്നിത്തിളങ്ങിയ ഇതിഹാസ നക്ഷത്രം..
പതിനഞ്ചാം വയസ്സിൽ ബീഹാറിനെ പ്രതിനിധീകരിച്ച് സന്തോഷ് ട്രോഫിയിൽ പന്തുതട്ടിയ ഈ വിങ്ങർ 1954ൽ കൊൽക്കത്തയിലെ ആര്യൻ ക്ലബിൽ ചേർന്നു. അതിനു ശേഷം ഈസ്റ്റേൺ റെയിൽവേയുടെ താരമായി.1967 വരെ അവിടെ തുടർന്നു.  ദേശീയ ടീമിന് വേണ്ടി ഫിഫയുടെ 45ഓളം ഔദ്യോഗിക മത്സരങ്ങളിൽ ബൂട്ടണിയുകയും പതിനഞ്ചോളം ഗോളുകൾ നേടുകയും ചെയ്തു.


 1955 ൽ കിഴക്കൻ പാകിസ്ഥാനിലെ ധാക്കയിൽ  (ഇപ്പോൾ ബംഗ്ലാദേശിന്റെ തലസ്ഥാനം)  നടന്ന ചതുർരാഷ്‌ട്ര  ടൂർണമെന്റിൽ 19 ആം വയസ്സിൽ അദ്ദേഹം ദേശീയ ടീമിനായി അരങ്ങേറ്റം കുറിച്ചു.  1958, 1962, 1966 ഏഷ്യൻ ഗെയിംസുകളിൽ ഇന്ത്യക്ക് വേണ്ടി ജേഴ്സിയണിഞ്ഞ അദ്ദേഹം 62 ഏഷ്യൻ ഗെയിംസ് ഗോൾഡ് മെഡൽ ജേതാക്കളായ ഇന്ത്യൻ ടീമിന്റെ തുറുപ്പുചീട്ടായിരുന്നു.1956, 1960 സമ്മർ ഒളിമ്പിക്സുകളിൽ ഇന്ത്യക്ക് വേണ്ടിയിറങ്ങിയ അദ്ദേഹം  60ലെ ഒളിമ്പിക്സിൽ ഫ്രാൻസിനെ പിടിച്ചു കെട്ടിയ സമനില ഗോൾ നേടിയിരുന്നു.
 1961ൽ അർജുന അവാർഡും 1990 ൽ പത്മശ്രീ പുരസ്കാരവും നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു. 2004ൽ ഫിഫയുടെ പരമോന്നത ബഹുമതിയായ ഓർഡർ ഓഫ് മെറിറ്റ് ലഭിക്കുകയുണ്ടായി.

ഈസ്റ്റ്‌ ബംഗാളിനെ പരിശീലിപ്പിച്ച് കോച്ചിങ് കരിയർ തുടങ്ങിയ അദ്ദേഹം മോഹൻ ബഗാന് സുവർണ്ണ കാലം രചിച്ച പരിശീലകനാണ്.  ഐ എഫ് എ ഷീൽഡ്, റോവേഴ്സ് കപ്പ്‌, ഡ്യുറന്റ് കപ്പ്‌ എന്നിങ്ങനെ ഒരു വർഷം ബഗാന് ട്രിപ്പിൾ ട്രോഫി സമ്മാനിച്ചു. 1972 മുതൽ 86 വരെ ഇന്ത്യൻ പരിശീലകനായിരുന്ന അദ്ദേഹം 1991 മുതൽ 97 വരെ ടാറ്റാ ഫുട്ബോൾ അക്കാദമിയുടെ ടെക്‌നിക്കൽ ഡയറക്റ്റർ ആയിരുന്നു.
കഴിഞ്ഞമാസം 20 ന് അദ്ദേഹം നമ്മെ വിട്ടു പിരിഞ്ഞു.

സൗത്ത് സോക്കേഴ്സ് മീഡിയ വിങ്

Thursday, April 9, 2020

നമ്പർ 05 | ഗോസ്ത ബിഹാരി പാൽ | ഇന്ത്യൻ ഫുട്ബോൾ പത്തു ഇതിഹാസ താരങ്ങൾ


ഗോസ്ത ബിഹാരി പാൽ.. ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമിന്റെ, നമ്മുടെ നീലക്കടുവകളുടെ ആദ്യ നായകൻ.
1896ൽ ബംഗാൾ പ്രവിശ്യയിലെ (ഇപ്പോൾ ബംഗ്ലാദേശ്) ഫരീദ്പൂരിലായിരുന്നു അദ്ദേഹത്തിന്റെ ജനനം.പിന്നീട് കൊൽക്കത്തയിൽ എത്തിയ അദ്ദേഹം മരണം വരെ അവിടെ തുടർന്നു.
അന്നത്തെ ഇന്ത്യൻ ഫുട്‍ബോളിന്റെ പ്രധിരോധക്കോട്ടയുടെ ആണിക്കല്ലായിരുന്നു ഗോസ്ത പാൽ. 'ചിനർ പ്രാചീർ' അഥവാ ചൈനയുടെ മതിൽ എന്നൊരു വിളിപ്പേരുണ്ടായിരുന്നു അദ്ദേഹത്തിന്. 11വയസ്സുള്ളപ്പോൾ കുമാർതുലി ക്ലബിന്റെ ഭാഗമായിരുന്ന അദ്ദേഹം 16ആം വയസ്സുമുതൽ മോഹൻബഗാന്റെ താരമായി മാറി. 1921മുതൽ അഞ്ചു സീസണുകളിൽ ഈ വന്മതിലായിരുന്നു മറീനേഴ്‌സിന്റെ പടനായകൻ. 1924ൽ ഇന്ത്യൻ ദേശീയ ടീമിന്റെ ക്യാപ്റ്റൻ പദവിയിൽ എത്തിയ അദ്ദേഹം 1935ൽ വിരമിക്കുകയായിരുന്നു. 1962ൽപത്മശ്രീ പുരസ്‌കാരം നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു.1976ൽ അദ്ദേഹം മരണപ്പെട്ടു.



  1984ൽ കൊൽക്കത്തയിലെ ഗോസ്‌ത പാൽ സരണിയിൽ അദ്ദേഹത്തിന്റെ സ്മരണക്കായി ഒരു  പ്രതിമ സ്ഥാപിക്കപ്പെട്ടു. 2004ൽ മോഹൻബഗാൻ തങ്ങളുടെ വീരനായകന് മരണാനന്തര ബഹുമതിയായി മോഹൻ ബഗാൻ രത്ന സമ്മാനിച്ചു. മാത്രമല്ല തങ്ങളുടെ ക്ലബ് പരിസരത്ത് ഗോസ്‌ത പാൽ ആർക്കൈവ്സ് എന്ന പേരിൽ ഒരു മ്യുസിയവും ആരംഭിച്ചു.

സൗത്ത് സോക്കേഴ്സ് മീഡിയ വിങ് 

Thursday, April 2, 2020

നമ്പർ 09:സുബിമൽ ചുനി ഗോസ്വാമി | ഇന്ത്യൻ ഫുട്ബോൾ പത്തു ഇതിഹാസ താരങ്ങൾ



സുബിമൽ ചുനി ഗോസ്വാമി.... ഇന്ത്യൻ കായിക രംഗത്തെ ബഹുമുഖപ്രതിഭ.. ആഭ്യന്തര ക്രിക്കറ്റ് താരം, ഹോക്കി സംഘാടകൻ, ടെന്നീസ് കളിക്കാരൻ, സിനിമാ നടൻ.. ഇങ്ങനെ വിശേഷണങ്ങൾ ഏറെയുണ്ടെങ്കിലും ഇന്ത്യയിലെ ഫുട്ബോൾ ഇതിഹാസങ്ങളിൽ ഒരാളായി കണക്കാക്കുന്ന വ്യക്തിത്വമാണ് ചുനിഗോസ്വാമി..
 1938ൽ ബംഗാളിലെ (ഇപ്പോൾ ബംഗ്ലാദേശ്) കിഷോർഗഞ്ചിൽ ജനിച്ച അദ്ദേഹം തന്റെ അദ്ദേഹം തന്റെ ആദ്യ പരിശീലകനായ സിബ്‌ദാസ് ബാനർജിയിൽ നിന്ന് കാൽപന്ത് കളിയുടെ ആദ്യപാഠങ്ങൾ കരസ്ഥമാക്കി.പിന്നീട്  ജൂനിയർ മോഹൻബഗാനിലേക്കും അവിടെ നിന്ന് സീനിയർ ടീമിലേക്കും എത്തി.ഇംഗ്ളീഷ് വമ്പന്മാരായ ടോട്ടൻഹാമിൽ നിന്ന് വരെ ഓഫർ വന്നെങ്കിലും കരിയർ അവസാനിക്കുന്നത് വരെ മോഹൻബഗാന് വേണ്ടി മാത്രമാണ് അദ്ദേഹം കളിച്ചിട്ടുള്ളത്. അഞ്ചു സീസണുകളിൽ മോഹൻബഗാന്റെ നായകസ്ഥാനം വഹിച്ചിരുന്നയാളാണ് ചുനിഗോസ്വാമി.
അന്താരാഷ്ട്ര കരിയറിൽ 1956ൽ അദ്ദേഹം ചൈനീസ് ഒളിമ്പിക് ടീമിനെതിരെയാണ് അരങ്ങേറ്റം കുറിച്ചത്. മത്സരത്തിൽ 1:0 ന് ചൈനയെ നീലക്കടുവകൾ തോൽപ്പിച്ചു. ഒളിമ്പിക്സ്, ഏഷ്യൻ ഗെയിംസ്, ഏഷ്യാകപ്പ്, മെർഡേക കപ്പ് എന്നിങ്ങനെ വിവിധ ടൂർണമെന്റുകളിലായി അൻപതോളം മത്സരങ്ങളിൽ അദ്ദേഹം ഇന്ത്യൻ ജേഴ്സി അണിഞ്ഞു. 1962ൽ ഏഷ്യൻ ഗെയിംസിൽ സ്വർണ്ണമെഡലും  1964ലെ ഏഷ്യ കപ്പിലെ വെള്ളിമെഡലും ഈ വംഗനാടൻ കടുവയുടെ നായകത്വത്തിന് കീഴിൽ ഇന്ത്യൻ ടീം നേടിയത്.43 മത്സരങ്ങളിൽ നിന്ന് 11ഗോളുകൾ ഇദ്ദേഹം ഇന്ത്യക്കായി നേടി.

ക്രിക്കറ്റിലും ഇദ്ദേഹം തന്റെ പ്രതിഭ തെളിയിച്ചിരുന്നു. ബംഗാൾ ടീമിനുവേണ്ടി രഞ്ജി ട്രോഫിയിൽ മികച്ച പ്രകടനം കാഴ്ചവെച്ച ചുനി 46 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ പൂർത്തിയാക്കി. ഒരു സെഞ്ച്വറി ഉൾപ്പടെ 1592റണ്ണുകളും 47 വിക്കറ്റുകളും നേടി.

1986 മുതൽ 1989വരെ ടാറ്റാ ഫുട്ബാൾ അക്കാദമി ഡയറക്ടറായും 1991ൽ ഇന്ത്യൻ പരിശീലകനായും സേവനമനുഷ്ഠിച്ചു.
1962ൽ ഏഷ്യയിലെ മികച്ച സ്‌ട്രൈക്കർ, 1963ൽ അർജ്ജുന അവാർഡ്, 1983ൽ പത്മശ്രീ, 2005ൽ മോഹൻ ബഗാൻ രത്‌ന എന്നീ പുരസ്‌കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി.

സൗത്ത് സോക്കേഴ്സ് മീഡിയ വിങ് 

Wednesday, April 1, 2020

നമ്പർ 10: നെവിൽ ഡിസൂസ | ഇന്ത്യൻ ഫുട്ബോൾ പത്തു ഇതിഹാസ താരങ്ങൾ



 1956 ലെ ഒളിമ്പിക് ഗെയിംസിൽ ഹാട്രിക് നേടിയ ആദ്യ ഏഷ്യക്കാരനായിരുന്നു അദ്ദേഹം. ബോംബെ സ്വദേശിയായിരുന്ന  നെവിൽ ഒരു നൈസർഗ്ഗിക  പ്രതിഭയായിരുന്നു, വേഗത, സ്കില്ലുകൾ,സ്റ്റാമിന  എന്നിവയാൽ അനുഗ്രഹീതനായിരുന്നു അദ്ദേഹം.  നെവിൽ ഡിസൂസയുടെ  മന്ത്രികക്കാലുകൾ  ഇന്ത്യയെ ഫുട്ബോൾ ലോകത്തിനു മുൻപിൽ മറ്റൊരു തലത്തിൽ എത്തിച്ചു. ഇന്ത്യയെ ഒളിമ്പിക് മെഡലിന്റെ പടിവാതിൽക്കൽ എത്തിക്കുകയും ചെയ്തു.  1956 ൽ ആതിഥേയരായ ഓസ്‌ട്രേലിയയെ 4-2 ന് പരാജയപ്പെടുത്തി അവർ അത്ഭുതപ്പെടുത്തി.നെവിൽ ഒളിമ്പിക്സിൽ ഇന്ത്യക്ക് വേണ്ടി കളിക്കുമ്പോൾ ടെലിവിഷൻ ഇല്ലാതിരുന്നതും വീഡിയോ റെക്കോർഡിംഗ് സാധ്യമല്ലാത്തതുമായതിനാൽ, 1956 ലെ മെൽബൺ ഒളിമ്പിക് ഗെയിംസിൽ ഈ ഫുട്ബോൾ മഹാന്മാരുടെ ചൂഷണം ആളുകൾക്ക് കാണാൻ കഴിയില്ല.  അക്കാലത്ത് നിലനിന്നിരുന്ന അന്താരാഷ്ട്ര രാഷ്ട്രീയ കോളിളക്കം കാരണം ചില ടീമുകൾ 1956 ൽ മെൽബണിൽ നടന്ന ഒളിമ്പിക്സിൽ നിന്ന് പിന്മാറി, അങ്ങനെ ക്വാർട്ടർ ഫൈനലിലേക്ക് ഇന്ത്യക്ക് നേരിട്ട് പ്രവേശനം ലഭിച്ചു.  1956 ഡിസംബർ 1 ന് ആതിഥേയരായ ഓസ്‌ട്രേലിയയെ 4-2 ന് തോൽപ്പിച്ച് ഇന്ത്യ അതിശയിപ്പിച്ചു.  നെവില്ലിന്റെ തകർപ്പൻ ഹെഡറിലൂടെ  9 മിനിറ്റിനുശേഷം ഇന്ത്യ ലീഡ് നേടിയെങ്കിലും ഓസ്‌ട്രേലിയയുടെ മാരോ 8 മിനിറ്റിനുള്ളിൽ ലീഡ് നിർവീര്യമാക്കി.  33-ാം മിനിറ്റിൽ പി കെ ബാനർജിയിൽ നിന്നുള്ള മുന്നേറ്റം തടയുന്നതിൽ  ഗോൾകീപ്പർ ലോർഡ് വ പരാജയപ്പെട്ടപ്പോൾ നെവിൽ വീണ്ടും മികച്ച പ്രകടനം പുറത്തെടുത്തു.  തൽഫലമായി ഓസീസിനുണ്ടായ ഇടർച്ചയിലൂടെ  നെവിൾ ഇന്ത്യക്ക് വീണ്ടും ലീഡ് നൽകി.  എന്നാൽ ഇന്ത്യൻ ഗോൾകീപ്പർ എസ്.എസ്. നാരായണനെ തോൽപ്പിച്ചാണ് മാരോ 2-2ന് മുന്നിലെത്തിയത്.  രണ്ടാം പകുതിയിൽ ഇന്ത്യ ആധിപത്യം സ്ഥാപിക്കുകയും ഡിസൂസ വേഗത്തിൽ ഹാട്രിക്ക് നേടുകയും 80-ാം മിനിറ്റിൽ കിട്ടു സ്‌കോറിംഗ് പൂർത്തിയാക്കുകയും ചെയ്തു.  അതിശയകരമെന്നു പറയട്ടെ, സെമി ഫൈനലിലെ പ്രകടനത്തിൽ നമ്മുടെ ഇന്ത്യ  ഒരു മെഡലിന് അർഹരായിരുന്നു. സെമിയിൽ ഇന്ത്യ ശക്തരായ യുഗോസ്ലാവിയയെ ആദ്യ പകുതിയിൽ ഗോൾരഹിത സമനിലയിൽ തളച്ചു.  നെവിൽ ഡിസൂസയിലൂടെ ഇന്ത്യ മുന്നിലെത്തിയെങ്കിലും ഒടുവിൽ 4-1 ന് തോറ്റു.  1952 ലെ ഹെൽ‌സിങ്കി ഗെയിമുകളിൽ യൂഗോസ്ലാവിനോട് 10-1 എന്ന തോൽവി ഏറ്റുവാങ്ങിയത് കണക്കിലെടുക്കുമ്പോൾ ഇത് ഒരു ക്രെഡിറ്റ് സ്കോർ ലൈനായിരുന്നു.  വെങ്കല മെഡൽ പ്ലേ ഓഫിൽ ഇന്ത്യ 3-0ന് പരാജയപ്പെട്ടു.  ടൂർണമെന്റിലെ ടോപ് സ്കോററായി നെവിൽ അവസാനിച്ചു.
 ഇന്ത്യക്കാരെ തോൽപ്പിച്ച ഓസീസ് ഇതിനെ "ഫ്ലൂക്ക്" എന്ന് വിളിക്കുകയും ഒരു മത്സരം ആവശ്യപ്പെടുകയും ചെയ്തു, ഇന്ത്യ വിജയിച്ചു, നെവിൽ രണ്ട് തവണ സ്കോർ ചെയ്തു.മുൻ ഒളിമ്പ്യൻ എസ് എസ് നാരായണന്റെ അഭിപ്രായത്തിൽ, "നെവിലിന്റെ നിയന്ത്രണം വളരെ മികച്ചതായിരുന്നു, ഒരിക്കൽ പന്ത് കൈവശമുണ്ടായിരുന്നെങ്കിൽ, അവനെ തടയൽ വളരെ ക്ലേശകരമാണ്. ഡ്രിബ്ലിംഗ്, ഫെന്റ്,സ്റ്റാമിന എന്നിവയിൽ അദ്ദേഹം അനുഗ്രഹീത പ്രതിഭയായിരുന്നു.  ഗോളുകൾ നേടാൻ അദ്ദേഹം ശക്തി ഉപയോഗിച്ചിരുന്നില്ല, പകരം അദ്ദേഹത്തിന്റെ ആയുധം തന്ത്രപരമായ നീക്കങ്ങളായിരുന്നു. ശക്തിക്ക് പകരം ബുദ്ധി ഉപയോഗിച്ച് കളിച്ചു.  ഗോൾകീപ്പർമാർക്ക് ഒരു ചാൻസും നൽകാത്ത  രീതിയിൽ അദ്ദേഹം പന്ത് വലയിൽ നിക്ഷേപിക്കുമായിരുന്നു."
 മുൻ ഇന്ത്യൻ ഇന്റർനാഷണലും  മഹീന്ദ്ര പരിശീലകനുമായ അദ്ദേഹത്തിന്റെ സഹോദരൻ ഡെറൈക്കിന്റെ അഭിപ്രായത്തിൽ നെവിൽ  ഹോക്കിയിൽ മികവ് പുലർത്തിയിരുന്നതിനാൽ ഇരട്ട അന്താരാഷ്ട്ര രാജ്യമാകാൻ സാധ്യതയുണ്ട്.  "എന്നാൽ ഫുട്ബോൾ അദ്ദേഹത്തിന്റെ ആദ്യ പ്രണയമായിരുന്നു, അതിനാലാണ് അദ്ദേഹം അതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തിരഞ്ഞെടുത്തത്".  നെവിലിന്റെ  കരിയറിലെ  ഹോക്കി മത്സരങ്ങളിൽ  മികച്ച പ്രകടനം  പുറത്തെടുത്തിരുന്നു - ആദ്യം സെന്റ് സേവ്യർ ഹൈസ്കൂളിനും പിന്നീട് സെന്റ് സേവ്യേഴ്സ് കോളേജിനും പിന്നീട് ടാറ്റയ്ക്കും വേണ്ടി കൊൽക്കത്തയിൽ നിന്ന് തന്റെ ആദ്യ വർഷത്തിൽ തന്നെ ബെയ്റ്റൺ കപ്പ് കൊണ്ടുവന്നു.  1952 ൽ ടാറ്റയ്‌ക്കൊപ്പം കിഴക്കൻ ആഫ്രിക്കയിൽ പര്യടനം നടത്തിയ അദ്ദേഹം 17 മത്സരങ്ങളിൽ നിന്ന് 34 ഗോളുകൾ നേടി, 1953 മുതൽ 1955 വരെ ദേശീയ ഹോക്കിയിൽ ബോംബെയെ പ്രതിനിധീകരിച്ചു.

 ടാറ്റയിൽ ചേരുന്നതിന് മുമ്പ് ഗോവൻ സ്പോർട്സ് ക്ലബിൽ നിന്നാണ് നെവില്ലിന്റെ ഫുട്ബോൾ ജീവിതം ആരംഭിച്ചത്.. അദ്ദേഹം സാന്റോസ് ട്രോഫിയിൽ മഹാരാഷ്ട്ര സ്റ്റേറ്റ് ടീമിനെ നയിച്ചിട്ടുണ്ട്. 50 കളിലെ ആഭ്യന്തര ഫുട്ബോളിലെ താര ആകർഷണങ്ങളിലൊന്നായിരുന്നു അദ്ദേഹം.  ഫൈനലിൽ സ്‌പോർട്ടിംഗിനെ തോൽപ്പിച്ചപ്പോൾ റോവേഴ്‌സ് കപ്പ് നേടിയ ബോംബെയിൽ നിന്ന് ആദ്യ സിവിലിയൻ ടീമായി മാറാൻ 1958-ൽ അദ്ദേഹം അവരെ സഹായിച്ചു.

 1963 ൽ വിരമിച്ച ശേഷം അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ സെലക്ഷൻ പാനലിലായിരുന്നു അദ്ദേഹം.  "ബോക്സിനുള്ളിൽ നിങ്ങൾ അവനെ നേരിടുമ്പോൾ, നിങ്ങൾക്ക് ഒരു കാര്യവും ചെയ്യാൻ കഴിയില്ല. നിങ്ങൾ അമ്പരന്നുപോയതായി നിങ്ങൾക്ക് തോന്നി, ലളിതമായ ഷോട്ടുകൾ ഉപയോഗിച്ച് അവൻ നിങ്ങളെ തോൽപ്പിക്കും," പ്രശസ്ത ഗോൾകീപ്പർ പീറ്റർ തങ്കരാജ് പറഞ്ഞു.  1956 ലെ മെൽബൺ ഒളിമ്പിക്‌സിലെ ഇന്ത്യൻ ഹാട്രിക് നായകനായ നെവിൽ സ്റ്റീഫൻ ഡിസൂസ 1980 ൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.

സൗത്ത് സോക്കേഴ്സ് മീഡിയ വിങ്

Tuesday, August 14, 2018

The legendary PK Banerjee was awarded the AIFC Hall of Fame award


The legendary PK Banerjee was awarded the AIFC (Association of Indian Football Coaches) Hall of Fame award.  He wasn't able to attend the AIFC Annual Awards because of health problems. The AIFC Director Mr. Sanjoy sen handed over the trophy from his private residence. Banerjee played in 84 internationals in his 13 years of representing India. This included three Asian Games (Tokyo, Jakarta and Bangkok). He was also part of the Indian team which finished fourth (the country's best result) in the 1956 Melbourne Olympics and had captained the national team at the 1960 Rome Olympics.A Padma Shri awardee in 1990. He was one of the first recipients of Arjuna Award, when the awards were instituted in 1961, PK Banerjee was associated as coach of the national team from 1970 to 1986.

Labels

Followers