Wednesday, June 24, 2020

കണ്‍മുന്നില്‍ സാക്ഷാല്‍ മെസി | ഫുട്ബോൾ രാജാവിനെ ഇന്റർവ്യൂ ചെയ്ത ചരിത്ര മുഹൂർത്തം ഓർത്തെടുത്തു | കമാൽ വരദൂർ

                             


2014 ജൂലൈ-1
ലോകകപ്പ് പ്രി ക്വാര്‍ട്ടര്‍ ഫൈനലില്‍ അര്‍ജന്റീനയും സ്വിറ്റ്‌സര്‍ലാന്‍ഡും സാവോപോളോയിലെ കൊറീന്ത്യന്‍സ് മൈതാനത്ത് ഏറ്റുമുട്ടുന്ന ദിനം. ലിയോ മെസിയും ഡി മരിയയും സെര്‍ജി അഗ്യൂറോയുമെല്ലാം കളിക്കുന്ന അര്‍ജന്റീനക്കാര്‍.... ഷക്കീറിയെ പോലെ അതിവേഗക്കാരുടെ ചുവപ്പന്‍ സ്വിസ് പട
ലോകത്തെ ഏറ്റവും വലിയ പട്ടണങ്ങളിലൊന്നായ സാവോപോളോയില്‍ നിന്നും 100 കീലോമീറ്റര്‍ അകലെ സാവോ ജോസിലാണ് എന്റെ താമസം. മല്‍സരം നടക്കുന്ന കൊറീന്ത്യന്‍സ് മൈതാനമാവട്ടെ സാവോപോളോയില്‍ നിന്നും മുപ്പത് മിനുട്ട് അകലെയാണ്....
രാവിലെ തന്നെ സാവോ ജോസിലെ വീട്ടില്‍ നിന്നുമിറങ്ങി-വളരെ നേരത്തെ എത്തിയാല്‍ മാത്രമാണ് സ്‌റ്റേഡിയത്തിലെ മീഡിയാ ഗ്യാലറിയില്‍ ഇരിപ്പിടമുണ്ടാവു. അര്‍ജന്റീനക്കാരും സ്വിസുകാരും തലേദിവസം തന്നെ സാവോപോളോ കീഴടക്കിയിരുന്നു. ആരാധകരുടെ കുത്തൊഴുക്ക് ഉറപ്പാണ്. സാവോ ജോസില്‍ നിന്നും രാവിലെ ബസ്സില്‍ കയറി. ബസ് എന്നാല്‍ സൂപ്പര്‍ സുന്ദര ബസാണ്. എട്ട് വരി ട്രാക്കിലൂടെ കുതികുതിക്കുന്ന ബസിന് സാവോ ജോസ് വിട്ടാല്‍ സ്‌റ്റോപ്പ് സാവോപോളോ മാത്രം. ഒരു മണിക്കൂറിനകം 100 കീലോ മീറ്റര്‍ പിന്നിടും.
ബസ് അതിവേഗം തായിത്തെ എന്ന സ്ഥലത്തെ വലിയ ബസ് സ്റ്റേഷനിലെത്തി. അവിടെ നിന്നും ട്രെയിന്‍ മാര്‍ഗ്ഗം വേണം സ്‌റ്റേഡിയത്തിലെത്താന്‍. രണ്ട് റിയല്‍ (ബ്രസീല്‍ കറന്‍സി) വേണം സ്‌റ്റേഡിയത്തിലെത്താന്‍. ബസ് പോലെ തന്നെ സുന്ദരമായ ട്രെയിനില്‍ എളുപ്പത്തില്‍ സ്‌റ്റേഡിയത്തിന്റെ കവാടത്തിലെത്താം. ട്രെയിന്‍ നിറയെ അര്‍ജന്റീനക്കാര്‍.... മറഡോണയെ പാടി മെസിയെ പാടി അവരങ്ങ് ആര്‍ത്തു വിളിക്കുകയാണ്. എല്ലാവരുടെ ഷര്‍ട്ടിന്റെയും നിറം വെളുപ്പും നീലയും-ജഴ്‌സി നമ്പര്‍ പത്ത്. മറഡോണയണിഞ്ഞ പത്ത് ഇപ്പോള്‍ മെസിയുടെ പത്താണ്. എല്ലാവരും പാടുന്നത് ഒരു പാട്ട് മാത്രം-ലാ ലീ ലിയോ-അതായത് മെസിയെന്ന രാജാവിനെ വാഴ്ത്തിയങ്ങ് മുന്നേറുന്നു. ഫുട്‌ബോളിനെ മാത്രം സ്‌നേഹിക്കുന്ന, കാല്‍പ്പന്തിനെ പ്രാണവായുവായി കരുതുന്ന ഒരു ജന തതി-അവരാണ് അര്‍ജന്റീനക്കാര്‍. ഫുട്‌ബോളാണ് കൊച്ചു രാജ്യത്തെ ഒന്നിപ്പിക്കുന്നത്. കാഴ്ച്ചയില്‍ എല്ലാവരും സുന്ദരീസുന്ദരന്മാര്‍... വളരെ പെട്ടെന്ന് ട്രെയിന്‍ സ്‌റ്റേഡിയത്തിലെത്തി. പുറത്ത് നില്‍ക്കുമ്പോള്‍ അലകടല്‍ പോലെ അര്‍ജന്റീനക്കാര്‍. ഇടക്കിടെ സ്വിസുകാരും. പക്ഷേ എവിടെയും ബ്രസീലുകാരെ കാണുന്നില്ല. അവരുടെ മഞ്ഞനിറം ചിലയിടങ്ങളില്‍ മാത്രം.
ബ്രസീലും അര്‍ജന്റീനയും തമ്മിലുള്ള സ്‌നേഹമെന്നത് ഒരു ഇന്ത്യ-പാക് ഗാഥ പോലെയാണ്. ശത്രുതയിലാണ് ഇരു രാജ്യക്കാര്‍ക്കും താല്‍പ്പര്യം. അര്‍ജന്റീനക്കാരന്റെ നീല കുപ്പായത്തോട് മഞ്ഞയിട്ട ബ്രസീലുകാരന് താല്‍പ്പര്യമില്ല. കളിക്കാന്‍ വരുന്നത് സാക്ഷാല്‍ മെസിയാണെങ്കില്‍ പോലും ബ്രസീലുകാര്‍ പെലെ, നെയ്മര്‍ പാട്ടുകള്‍ പാടും. അര്‍ജന്റീനക്കാരെ കാണുമ്പോള്‍ ബ്രസീലുകാര്‍ പാടുന്ന ഒരു സൂപ്പര്‍ ഗാനമുണ്ട്-സപെലെ സപെലെ ... എന്ന് തുടങ്ങുന്ന ഗാനം. റിയോ ഒളിംപിക്‌സ് വേളയിലാണ് ഈ ഗാനം കൂടുതല്‍ കേട്ടത്. ഒരു അര്‍ജന്റീനക്കാരന്റെ കുപ്പായം എവിടെയെങ്കിലും കണ്ടാല്‍ അപ്പോള്‍ തുടങ്ങും ബ്രസീലുകാര്‍ സപെലെയെ പാടാന്‍... ആ പാട്ടിനര്‍ത്ഥം രസകരമാണ്. പെലെയെ പോലെ ആയിരം ഗോള്‍ നേടിയ ആരുണ്ട് ലോകത്ത് എന്നാണ് ആദ്യ വരിയുടെ അര്‍ത്ഥം. തായിത്തിയിലെ സ്‌റ്റേഷനില്‍ നിന്നും ട്രെയിന്‍ സ്‌റ്റേഡിയത്തിന്റെ പ്രധാന കവാടത്തിലെത്തിയത് അറിഞ്ഞതേയില്ല-കാരണം അത്രമാത്രം ആരാധകരുടെ തളളിക്കയറ്റത്തില്‍ നിലം തൊടാതെയുള്ള ഒരു യാത്ര.
കളി തുടങ്ങാന്‍ രണ്ട് മണിക്കൂര്‍ ഇനിയും ബാക്കിയുണ്ട്. നല്ല വെയിലായതിനാല്‍ മീഡിയാ ബോക്‌സിലെ ശീതളിമയില്‍ സുഹൃത്തുകള്‍ക്കൊപ്പം അല്‍പ്പമിരുന്നു. അല്‍പ്പം കഴിഞ്ഞ് താരങ്ങള്‍ മൈതാനത്ത് വാം അപ്പിനിറങ്ങിയപ്പോള്‍ മീഡിയാ ഗ്യാലറിയിലെത്തി. മെസിയും അഗ്യൂറോയും ഹിഗ്വിനും മസ്‌കരാനസും മരിയയുമെല്ലാം പന്ത് തട്ടുന്നു. മെസിയുടെ കാലുകളില്‍ പന്ത് കിട്ടുമ്പോള്‍ സ്വയം മറക്കുന്ന അര്‍ജന്റീനക്കാര്‍. ഷെര്‍ദാന്‍ ഷക്കീരിയായിരുന്നവു സ്വിസ് സംഘത്തിലെ സുപരിചിതന്‍.
അല്‍പ്പം കഴിഞ്ഞു-ടീം ലൈനപ്പായി. അര്‍ജന്റീനിയന്‍ സംഘത്തില്‍ ഗോള്‍ വലയം കാക്കുന്നത് പതിവ് പോലെ റോമീറോ. പിന്‍നിരയില്‍ ഗാരി, സബലേറ്റ, ഗാജോ, റോജോ. മധ്യനിരയില്‍ ഫെര്‍ണാണ്ടസ്, ഡി മരിയ, മസ്‌ക്കരാനോ, ലാവസി. മുന്‍നിരയില്‍ മെസിയും ഹിഗ്വിനും.
സ്വിസ് സംഘത്തില്‍ ഗോള്‍ക്കീപ്പര്‍ ബെനാജിയോ. പിന്‍നിരയില്‍ സാക്കയും ബെഹറമിയും റോഡ്രിഗസും മഹമൂദിയും. മധ്യനിരക്ക് കരുത്ത് പകരാന്‍ ഡാര്‍മനിച്ചും ജോര്‍കഫും. മുന്‍നിരയില്‍ ഷക്കീരിയും ഷാക്കറും.... മൈതാനം പ്രകമ്പനം കൊള്ളാന്‍ തുടങ്ങി. ഔദ്യോഗിക ജഴ്‌സിയില്‍ ടീമുകള്‍ മൈതാനത്ത്. ആദ്യം അര്‍ജന്റീനയുെട ദേശീയ ഗാനം. മൂന്ന് മിനുട്ട് ദീര്‍ഘിച്ച ഗാനത്തിന് ശേഷം സ്വിസുകാരുടെ ദേശീയ ഗാനം.
റഫറിയുടെ വിസിലോടെ ആരവങ്ങള്‍ ശക്തമായി. മെസിക്കും സംഘത്തിനും വ്യക്തമായ ആധിപത്യം. ഹ്വിഗിനും മെസിയും പലവട്ടം സ്വിസ് ബോക്‌സില്‍ പരിഭ്രാന്തി പരത്തി. പക്ഷേ ഗോള്‍ മാത്രം അകന്നു. ആദ്യ പകുതിയില്‍ ഗോളില്ല. രണ്ടാം പകുതിയില്‍ മരിയായിരുന്നു താരം. തകര്‍ത്തുളള മുന്നേറ്റങ്ങള്‍. പക്ഷേ അപ്പോഴും ഗോളുകളുടെ ലാഞ്ചനയില്ല. നിശ്ചിത സമയ മല്‍സരം ഗോള്‍രഹിത സമനിലയില്‍. പിന്നെ അര മണിക്കൂര്‍ അധികസമയ പോരാട്ടം. ആ സമയത്തിന്റെ പതിനൊന്നാം മിനുട്ടില്‍ മെസി ഊളിയിട്ടു കയറി. തളികയിലെന്നോണം മരിയക്ക് ക്രോസ്-സുന്ദരമായ ഹെഡ്ഡറില്‍ പന്ത് വലയില്‍...... അര്‍ജന്റീനക്ക് ജയം..
മല്‍സരത്തിന് ശേഷം പതിവ് പത്രസമ്മേളനം. രണ്ട് ടീമുകളിലെയും ക്യാപ്റ്റന്മാരും പരിശീലകരും സംബന്ധിക്കും. നമ്മുടെ നാട്ടിലേത് പോലെ ഓടിയങ്ങ് പത്ര സമ്മേളനത്തില്‍ കയറാന്‍ കഴിയില്ല. നേരത്തെ ബുക്ക് ചെയ്ത് ടോക്കണ്‍ വാങ്ങണം. പത്രസമ്മേളന ഹാളില്‍ കയറിയപ്പോള്‍ യുദ്ധത്തിനുള്ള ആളുകള്‍... മുന്നിലുള്ള കസേരയില്‍ തന്നെ ഇരിപ്പുറപ്പിച്ചു.
അല്‍പ്പം കാത്തിരുന്നപ്പോള്‍ മെസി വന്നു, കോച്ചെത്തി. സ്വിസ് ക്യാപ്റ്റനും പരിശീലകനും പിറകെയെത്തി. ശാന്തശീലനായ മെസി-പതിവുള്ള നാണും മുഖത്ത്. വാര്‍ത്താ സമ്മേളനത്തിനൊരു അവതാരകനുണ്ട്. അദ്ദേഹം ആദ്യം കാര്യങ്ങള്‍ പറയും. ചോദ്യങ്ങള്‍ ചോദിക്കാനുളളവര്‍ക്ക് കൈകള്‍ ഉയര്‍ത്താം. അവതാരകനായിരിക്കും ചോദ്യങ്ങള്‍ക്ക് മാധ്യമ പ്രവര്‍ത്തകരെ ക്ഷണിക്കുക. തുടക്കം മുതല്‍ തന്നെ ഞാന്‍ കൈകള്‍ ഉയര്‍ത്തിയെങ്കിലും യൂറോപ്പില്‍ നിന്നുള്ള വന്‍കിട മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കായിരുന്നു അവസരം. അവസാനം എനിക്ക് അവസരം നല്‍കിയപ്പോള്‍ ഡി മരിയയുടെ ഗോളിനെക്കുറിച്ച് ചോദിച്ചു. മെസി വ്യക്തമായി സ്പാനിഷില്‍ ഉത്തരം നല്‍കി (നമ്മള്‍ ഉപയോഗിക്കുന്ന ഇയര്‍ ഫോണിലൂടെ സ്പാനിഷ് മറുപടി ഇംഗ്ലിഷില്‍ കേള്‍ക്കാം). മരിയ മാത്രമല്ല എല്ലാവരും മനോഹരമായി കളിച്ചത് കൊണ്ടാണ് വിജയം വരിച്ചതെന്നും ടീമിന്റെ ആത്മവിശ്വാസം ഇപ്പോള്‍ ഉന്നതിയിലാണെന്നുമാണ് സൂപ്പര്‍ താരം പറഞ്ഞത്.
വാര്‍ത്താ സമ്മേളനത്തിന് ശേഷം മെസി പുറത്തിറങ്ങി. ഉടന്‍ തന്നെ ഞാന്‍ അദ്ദേഹത്തിന് അരികിലെത്തി. ഓട്ടോഗ്രാഫ് വാങ്ങി. ഇന്ത്യയില്‍ നിന്നാണെന്നും ഒരഭിമുഖത്തിന് സമയം അനുവദിക്കണമെന്നും പറഞ്ഞപ്പോള്‍ വോളണ്ടിയര്‍ ഇടപ്പെട്ടു. അവിടെ വെച്ചു സംസാരിക്കാന്‍ കഴിയില്ലെന്നായിരുന്നു വോളണ്ടിയറുടെ നിലപാട്. മെസി പറഞ്ഞു തൊട്ടരികിലുള്ള മിക്‌സഡ് സോണിലേക്ക് വരാന്‍. ഉടന്‍ തന്നെ ക്യാമറയെടുത്തെങ്കിലും വാര്‍ത്താ സമ്മേളന ഹാളില്‍ നോ ഫഌഷ് എന്ന വലിയ ബോര്‍ഡുണ്ടായിരുന്നു. ക്യാമറ അനുവദിക്കില്ലെന്ന് വോളണ്ടിയര്‍ തീര്‍ത്തുപറഞ്ഞു.
അങ്ങനെ മിക്‌സഡ് സോണിലേക്ക് പോയി. അവിടെയും ധാരാളം മാധ്യമ പ്രവര്‍ത്തകര്‍. അര്‍ജന്റീനയുടെയും സ്വിറ്റ്‌സര്‍ലാന്‍ഡിന്റെയും താരങ്ങളെല്ലാമുണ്ട്. അവര്‍ പല നാട്ടില്‍ നിന്നെത്തിയ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുന്നു. മെസിക്കായുള്ള കാത്തിരിപ്പ് നീണ്ടപ്പോള്‍ അദ്ദേഹം വരില്ലെന്നാണ് കരുതിയത്. പക്ഷേ പത്ത് മിനുട്ട് കാത്തിരിപ്പിനൊടുവില്‍ വലിയ ഹാളില്‍ ഒരു അനൗണ്‍സ്‌മെന്റ്. പ്ലിസ് കീപ്പ് സൈലന്‍സ്, മെസി ഈസ് കമിംഗ്....
മെസി വരുന്നു എന്നറിഞ്ഞപ്പോള്‍ സന്തോഷവാനായി. വാര്‍ത്താ സമ്മേളനത്തിന് വന്ന അതേ ഡ്രസ്സില്‍ മെസി. അദ്ദേഹം വന്ന് വോളണ്ടിയറുടെ ചെവിയില്‍ എന്തോ പറഞ്ഞു. ഉടന്‍ വോളണ്ടിയര്‍ മൈക്കെടുത്ത് പറഞ്ഞു-വേര്‍ ദാറ്റ് ഇന്ത്യന്‍ ജര്‍ണലിസ്റ്റ്....! മെസി വിളിക്കുന്നത് എന്നെയാണെന്ന് മനസ്സിലായി. ഉടന്‍ അദ്ദേഹത്തിന് അരികിലെത്തി.
വോളണ്ടിയര്‍ എന്നോട് ചോദിച്ചു- സ്പാനിഷ് അല്ലെങ്കില്‍ പോര്‍ച്ചുഗീസ് അറിയുമോയെന്ന്..... രണ്ടും വഴങ്ങില്ലെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ മെസിക്ക് ഈ രണ്ട് ഭാഷ മാത്രമേ അറിയു എന്ന് വോളണ്ടിയര്‍. ഉടന്‍ തന്നെ സാവോപോളോയില്‍ വെച്ച് പരിചയപ്പെട്ട അര്‍ജന്റീനിയന്‍ പത്രം ബ്യുണസ് അയേഴ്‌സ് ഹെറാള്‍ഡിന്റെ റിപ്പോര്‍ട്ടറോട് സഹായം തേടി. അദ്ദേഹം അരികിലെത്തി. അങ്ങനെ ഞങ്ങള്‍ മൂന്ന് പേര്‍-മെസിയും ഞാനും റൊമാരോ എന്ന അര്‍ജന്റീനക്കാരനും.
വലിയ രാജ്യാന്തര മാധ്യമ സമൂഹത്തിന് നടുവില്‍ മറക്കാനാവാത്ത അനുഭവമായിരുന്നു അത്. തിരക്കിന്റെ വക്താവായ മെസി. അധികമാരോടും സംസാരിക്കാത്ത സൂപ്പര്‍ താരം. ഇന്ത്യയെക്കുറിച്ച് വ്യക്തമായ അറിവില്ലാത്ത താരരാജാവ്. അദ്ദേഹമാണ് ഏഴ് മിനുട്ട് സംസാരിക്കാന്‍ മുന്നിലിരിക്കുന്നത്. ഇന്ത്യയെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന് കാര്യമായ അറിവ് നമ്മുടെ രാജ്യത്തെക്കുറിച്ചില്ല. ലോക ഫുട്‌ബോളില്‍ യൂറോപ്പും ലാറ്റിനമേരിക്കയും നിറഞ്ഞ് നില്‍ക്കുമ്പോള്‍ ഏഷ്യയില്‍ പോലും വിലാസമില്ലാത്ത ഇന്ത്യയെക്കുറിച്ച് അദ്ദേഹത്തിന് അറിയില്ല എന്നതില്‍ അല്‍ഭുതം തോന്നിയില്ല. നാല് വര്‍ഷത്തിലൊരിക്കല്‍ നടത്തപ്പെടുന്ന ഭുഖണ്ഢാന്തര ഫുട്‌ബോള്‍ മാമാങ്കത്തില്‍ ഇന്ത്യ പങ്കെടുക്കുന്നില്ല. ഏഷ്യന്‍ യോഗ്യതാ ഘട്ടത്തില്‍ തന്നെ ടീം തകരുന്നു. അത്തരത്തിലുള്ള ഒരു ടീമിനെക്കുറിച്ച് അധികമാര്‍ക്കുമറിയില്ലെന്ന യാഥാര്‍ത്ഥ്യം തള്ളിക്കളയാനാവില്ല.
ലോക ഫുട്‌ബോളിനെക്കുറിച്ചായിരുന്നു രണ്ടാമത്തെ ചോദ്യം. അതില്‍ മെസിയിലെ ഫുട്‌ബോളര്‍ക്ക് പറയാന്‍ ധാരാളമുണ്ടായിരുന്നു. കാലിക ഫുട്‌ബോളിലെ വേഗ മാറ്റങ്ങളെക്കുറിച്ചും താരങ്ങളുടെ തിരക്കേറിയ ഫുട്‌ബോള്‍ ജീവിതത്തെക്കുറിച്ചുമെല്ലാം അദ്ദേഹം പറഞ്ഞു. പ്രൊഫഷണല്‍ ഫുട്‌ബോളിന്റെ ഭാഗമാവുന്നവര്‍ക്ക് തിരക്ക് പുതിയ സംഭവമല്ല. രാജ്യത്തിനായി കളിക്കണം. ക്ലബിനായി കളിക്കണം. പ്രൊമോഷണല്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ പങ്കെടുക്കണം-പരുക്കില്‍ നിന്ന് മുക്തി നേടിയാല്‍ ദീര്‍ഘകാലം കളിക്കാം. തനിക്ക് ലഭിച്ച അംഗീകാരങ്ങളെക്കുറിച്ച് വാചാലനാവാന്‍ മെസിക്ക് താല്‍പ്പര്യമുണ്ടായിരുന്നു. ഫിഫ നല്‍കുന്ന പരമോന്നത പുരസ്‌ക്കാരം പല തവണ ലഭിച്ചു, ക്ലബ് ഫുട്‌ബോളില്‍ നേടാനായി ഒന്നും ബാക്കിയില്ല. പക്ഷേ ഇതെല്ലാം തന്റെ മാത്രം സമ്പാദ്യമാണെന്ന് അദ്ദേഹം വിശ്വസിക്കുന്നില്ല. അര്‍ജന്റീനയുടെ ദേശീയ കുപ്പായത്തില്‍ പലവട്ടം കപ്പിനും ചുണ്ടിനുമിടയില്‍ നിരാശനാവേണ്ടി വന്നു. പക്ഷേ ടീം നല്‍കുന്ന പിന്തുണ അപാരമായിരുന്നു. ബാര്‍സിലോണക്കായി കളിക്കുമ്പോള്‍ ചുറ്റുമുള്ളത് മികച്ച താരങ്ങള്‍. അവര്‍ക്കിടയില്‍ കളിക്കുമ്പോള്‍ പ്രയാസങ്ങള്‍ തെല്ലുമില്ല മെസിക്ക്. ലോകകപ്പിലെ സാധ്യതകളെക്കുറിച്ച് ചോദിച്ചപ്പോള്‍ കാല്‍പ്പന്ത് മൈതാനത്ത് ഓരോ ദിവസവും ഓരോ മല്‍സരങ്ങളും നിര്‍ണായകമാണെന്നാണ് അദ്ദേഹം വിവരിച്ചത്.
ഏഴ് മിനുട്ട് എത്ര പെട്ടെന്നാണ് പോയതെന്നറിഞ്ഞില്ല. മറ്റാരോടും ഒന്നും സംസാരിക്കാന്‍ നില്‍ക്കാതെ മെസി വേഗം മടങ്ങിയപ്പോള്‍ ആ ദിവസം നല്‍കിയ അനുഭൂതി ചെറുതായിരുന്നില്ല. 2014 ലെ ലോകകപ്പില്‍ മെസി മറ്റാര്‍ക്കും അഭിമുഖം നല്‍കിയതായി അറിയില്ല. ഒരു അര്‍ജന്റീനിയന്‍ പത്രം ലോകകപ്പിന് ശേഷം മെസിയുടെ അഭിമുഖം പ്രസിദ്ധീകരിച്ചിരുന്നു. മരക്കാനയിലെ ഫൈനലില്‍ മെസി നടത്തിയ പോരാട്ടം-അര്‍ജന്റീന കപ്പടിക്കുമെന്ന് ഞങ്ങളെല്ലാം പ്രതീക്ഷിച്ചു. പക്ഷേ അവസാന സമയത്ത് ജര്‍മനിക്കാരന്‍ ഗോയറ്റ്‌സെ വില്ലനായി അവതരിച്ചപ്പോള്‍ തല താഴ്ത്തി മടങ്ങിയ മെസിയുടെ മുഖം മറക്കാനാവുന്നില്ല. ലോകകപ്പിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടിട്ടും ലോകകപ്പ് എന്ന വലിയ സ്വപ്‌നം പൊലിഞ്ഞതിന്റെ വേദനയും നിരാശയുമെല്ലാം ആ മുഖത്ത് പ്രകടമായിരുന്നു.
ഫുട്‌ബോള്‍ രാജാവ് പെലെ. അത്‌ലറ്റിക് ഇതിഹാസം മൈക്കല്‍ ജോണ്‍സണ്‍, ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തുടങ്ങി എത്രയോ കായിക ഉന്നതരുമായി അഭിമുഖം നടത്തിയിട്ടുണ്ട്. പക്ഷേ മെസിയുമായി സംസാരിച്ച ആ ഏഴ് മിനുട്ട് കായിക മാധ്യമ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമാണ്.  

കമാൽ വരദൂർ 🖋️

ആനപറമ്പിലെ വേൾഡ് കപ്പ് ഒരുക്കുന്ന കമാൽവരദൂർ എഴുതുന്ന 101 ഫുട്ബോൾ കഥകൾ നിങ്ങൾക്ക് സൗത്ത് സോക്കേഴ്സിലൂടെ വായിക്കാം 

0 comments:

Post a Comment

Blog Archive

Labels

Followers