Monday, June 22, 2020

"ഒരു കളി, 178 ദിവസം" |കഥ-2| ആനപ്പറമ്പിലെ വേൾഡ് കപ്പ് സമർപ്പിക്കുന്ന | 'കാൽപ്പന്തിന്റെ 101 കഥകൾ' |നിങ്ങളൊക്കെ ഫുട്‌ബോള്‍ നന്നായി കളിക്കുന്നവരല്ലേ... ഒരു മല്‍സരം എത്ര മിനുട്ടാണ് എന്ന് കളി അറിയുന്നവരോട് ചോദിക്കുന്നത് അവരെ പരിഹസിക്കുന്നതിന് തുല്യമാണ്. 90 മിനുട്ടാണ് ഫുട്‌ബോള്‍ മല്‍സരത്തിന്റെ ഔദ്യോഗിക സമയം. ചിലപ്പോള്‍ ഇഞ്ച്വറി സമയമുണ്ടാവും. അത് ശരാശരി അഞ്ച് മിനുട്ട്. ഇനി നോക്കൗട്ട് മല്‍സരമാണെങ്കിലോ..?  90 മിനുട്ട്  മല്‍സരം സമനിലയിലാണെങ്കില്‍ 30 മിനുട്ട് അധികസമയം അനുവദിക്കും. അപ്പോഴും സമനിലയാണെങ്കില്‍ ഷൂട്ടൗട്ട്. അവിടെയും റിസല്‍ട്ട് വന്നിട്ടില്ലെങ്കില്‍ സഡന്‍ഡെത്ത് വരും. അങ്ങനെയാണ് മല്‍സരത്തില്‍ തീരുമാനമുണ്ടാവുക.  സമനിലയും അധികസമയവും ഷൂട്ടൗട്ടും പിന്നെ ഡസന്‍ഡെത്തുമെല്ലാം ചേരുമ്പോള്‍ തന്നെ 140 മിനുട്ട്. അതായത്-രണ്ടര മണിക്കൂര്‍. പക്ഷേ നമ്മുടെ ഫുട്‌ബോള്‍ ചരിത്രം നോക്കിയാല്‍ രണ്ട് വലിയ മല്‍സരങ്ങളുണ്ട്. ഒരു മല്‍സരം ദീര്‍ഘിച്ചത് മൂന്നര മണിക്കൂറോളം.  മറ്റൊരു മല്‍സരം ദീര്‍ഘിച്ചത് 178 ദിവസം. ആ കഥകളാണ് പറയാന്‍ പോവുന്നത്- കേള്‍ക്കാന്‍ റെഡിയല്ലേ...

കളിയോട് കളി

രണ്ടാം ലോക മഹായുദ്ധമെന്ന് കേട്ടാല്‍ നമ്മുടെ മുന്നിലേക്ക് വരുന്ന രണ്ട് നഗരങ്ങള്‍ ജപ്പാനിലെ ഹിരോഷിമയും നാഗസാക്കിയുമല്ലേ... പക്ഷേ യുദ്ധകാലത്ത് ഫുട്‌ബോള്‍ പ്രേമികളെല്ലാം വലിയ വേദനയിലായിരുന്നു-കളികളെല്ലാം  ഉപേക്ഷിക്കപ്പെട്ട സമയം.  പല മൈതാനങ്ങളും യുദ്ധ വേദികളായ കാഴ്ച്ച. 1945 ലായിരുന്നല്ലോ യുദ്ധത്തിന് വിരാമമായത്. അതോടെ കളിമുറ്റങ്ങളും ഉണര്‍ന്നു. 1946  മാര്‍ച്ച് 30ന്  ഇംഗ്ലണ്ടിലെ സ്‌റ്റേക്ക്‌പോര്‍ട്ടിലുള്ള വലിയ റഗ്ബി മൈതാനമായ എഡ്ഗിലി പാര്‍ക്കില്‍  അക്കാലത്തെ രണ്ട് പ്രമുഖ ഇംഗ്ലീഷ് ക്ലബുകള്‍ ഏറ്റുമുട്ടി. ആതിഥേയരായ സ്റ്റോക്ക് പോര്‍ട്ട് കൗണ്ടിയും ഡോണ്‍കാസ്റ്റര്‍ റോവേഴ്‌സും.  ഇംഗ്ലീഷ് പ്രീമിയര്‍ ലീഗായിരുന്നില്ല കെട്ടോ. സെക്കന്‍ഡ് ഡിവിഷനുമല്ല. മൂന്നാം ഡിവിഷന്‍ പോരാട്ടം. പക്ഷേ ആവേശത്തിന് കുറവുണ്ടായിരുന്നില്ല. ഇവര്‍ തമ്മിലുള്ള ആദ്യ പാദ പോരാട്ടം 2-2 ലായിരുന്നു. ഏത് വിധേനയും വിജയിയെ കണ്ടെത്താന്‍ നടന്ന രണ്ടാം പാദം 90 മിനുട്ട് പിന്നിട്ടപ്പോഴും  2-2 ല്‍ തന്നെ. അതോടെ റഫറി 30 മിനുട്ട് എക്‌സ്ട്രാ സമയം അനുവദിച്ചു. ആ സമയത്തും സമനില. അക്കാലത്ത് ഇംഗ്ലണ്ടില്‍ മാത്രം നിലവിലുണ്ടായിരുന്ന കീഴ്‌വഴക്കമായിരുന്നു ജയിക്കും വരെ കളി തുടരുക എന്നത്. അതായത്  കളി അനിശ്ചിതമായി തുടരും. ആരാണോ ആദ്യ ഗോള്‍ സ്‌ക്കോര്‍ ചെയ്യുന്നത്, അവര്‍ വിജയിക്കും. പില്‍ക്കാലത്ത് അംഗീകരിക്കപ്പെട്ട ഗോള്‍ഡന്‍ ഗോള്‍ ശൈലി പോലെ. അങ്ങനെ കളി തുടര്‍ന്നു. ആകാശത്ത് നിന്ന്് സൂര്യന്‍ മറയാന്‍ തുടങ്ങി. അപ്പോഴും ഗോളില്ല. 173- ാം മിനുട്ടില്‍ സ്‌റ്റോക്ക് പോര്‍ട്ട് സിറ്റിയുടെ  ലെസ് കോക്കര്‍ പന്ത് പ്രതിയോഗികളുടെ വലയില്‍ എത്തിച്ചിരുന്നു. അവര്‍ ആഘോഷവും തുടങ്ങങിയപ്പോഴതാ റഫറി പറയുന്നു കളിക്കാരന്‍ ഓഫ് സൈഡാണെന്ന്. ഫ്‌ളഡ്‌ലിറ്റ് സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍  സന്ധ്യയായപ്പോള്‍ കളി നിര്‍ത്തി. അന്ന് തന്നെ മറ്റൊരു റിപ്ലേ പോരാട്ടത്തിന് തീരുമാനമായി. എവിടെ കളി നടക്കണമെന്നതിന് ടോസിട്ടു. അതില്‍ ഭാഗ്യം  ഡോണ്‍കാസ്റ്ററിനായിരുന്നു. അങ്ങനെ മൂന്നാം പാദം. അതില്‍ നാല് ഗോളിന് ഡോണ്‍കാസ്റ്റര്‍ അനായാസം ജയിച്ചു. അപ്പോഴേക്കും മല്‍സരം പിന്നിട്ട സമയം കൂട്ടുകാര്‍ ഓര്‍ത്തുനോക്കു.... 3 മണിക്കൂര്‍ 23 മിനുട്ട്...! ലോക ഫുട്‌ബോള്‍ ചരിത്രത്തില്‍ ഇത്രയേറെ സമയം ചെലവഴിച്ച ഒരു മല്‍സരം ഇന്നുമില്ല...
ഇതോടൊപ്പം നമ്മുടെ കേരളത്തിലെ രസമുള്ള അനുഭവം പറയട്ടെ. ഇവിടെ മുമ്പ് പ്രമുഖ ടീമുകളുടെ മല്‍സരങ്ങള്‍ പലപ്പോഴും സമനിലകളായി മാറാറുണ്ടായിരുന്നു. അത് സംഘാടകരുടെ വേലയായിരുന്നുട്ടോ..... സംഘാടകര്‍ റഫറിമാരെ സ്വാധീനിക്കും. പ്രമുഖരുടെ പോരാട്ടമാവുമ്പോള്‍ കാണികള്‍ നിറഞ്ഞെത്തും. ആദ്യ മല്‍സരം സമനിലയില്‍ അവസാനിക്കുമ്പോള്‍ അടുത്ത ദിവസം ഇതേ മല്‍സരം നടത്തും. അന്നും കാണികള്‍ നിറഞ്ഞെത്തും. അങ്ങനെ സംഘാടകര്‍ക്ക്് കാശുണ്ടാക്കാം. ഈ കളി കച്ചവടത്തില്‍ കളിക്കാര്‍ക്കും റഫറിക്കും കമ്മീഷന്‍ നല്‍കിയിരുന്നൂട്ടോ.....

ആദ്യപകുതി 2019 ല്‍, രണ്ടാം പകുതി 2020 ല്‍

ഇനി ഏറ്റവുമധികം ദിവസമെടുത്ത മല്‍സരമാണ്....ആ ചരിത്രം നമുക്ക് അരികിലാണ് കെട്ടോ.... ഈ കോവിഡ് കാലത്ത്. സ്പാനിഷ് ലാലീഗ എന്ന് പറഞ്ഞാല്‍ നിങ്ങളെല്ലാം ചാടിയെഴുന്നേല്‍ക്കില്ലേ. അവിടെ മെസിയുണ്ട്, കരീം ബെന്‍സേമയുണ്ട്, ഈഡന്‍ ഹസാര്‍ഡുണ്ട്... അങ്ങനെ എല്ലാവരും ഇഷ്ടപ്പെടുന്ന സൂപ്പര്‍ താരങ്ങളെല്ലാം കളിക്കുന്ന വലിയ ലീഗ്. ലാലീഗയുടെ സെക്കന്‍ഡ് ഡിവിഷനിലും സൂപ്പര്‍ താരങ്ങളുണ്ട്. ഗംഭീര അങ്കങ്ങള്‍ നടക്കാറുണ്ട്. 2019 ഡിസംബര്‍ 15ന് ലാലീഗ സെക്കന്‍ഡ് ഡിവിഷനില്‍  വലിയ മല്‍സരം. ആല്‍ബെസറ്റോ എന്ന ക്ലബും റയോ വലിസാനോ എന്ന ക്ലബും നേര്‍ക്കുനേര്‍. വലിസാനോയുടെ മൈതാനത്തായിരുന്നു അങ്കം. സ്‌റ്റേഡിയം നിറഞ്ഞ് കവിഞ്ഞ ജനക്കൂട്ടം. കളി തുടങ്ങി അല്‍പ്പം കഴിയുന്നതിന് മുമ്പ് തന്നെ വലിസാനോ ഫാന്‍സ് ബഹളം തുടങ്ങി. ആല്‍ബെസറ്റോ നിരയില്‍ കളിക്കുന്ന ഉക്രൈനിയന്‍ താരം  റോമന്‍ സോസുലിക്കെതിരെയായിരുന്നു ബഹളം. റോമന്‍ വലത് പക്ഷ തീവ്രവാദിയാണെന്നും അദ്ദേഹം  നാസി അനുകൂലിയാണെന്നുമെല്ലാമുളള മുദ്രാവാക്യങ്ങളുമായി  സ്‌റ്റേഡിയത്തില്‍ ഒന്നടങ്കം വലിയ ബഹളം. റോമന്‍ മുമ്പ് വലിസാനോക്ക് കളിച്ച താരമായതിനാല്‍ അദ്ദേഹത്തെക്കുറിച്ച് ആരാധകര്‍ക്ക്് വ്യക്തമായ ചിത്രമുണ്ടായിരുന്നു. ബഹളം തുടരുന്നതിനിടെ റഫറി ആദ്യ പകുതി അവസാനിപ്പിച്ചു. ആരാധകരോട് അടങ്ങാനും റഫറി നിര്‍ദ്ദേശം നല്‍കി. എന്നാല്‍ ഒരു തരത്തിലും ആരാധകര്‍ വഴങ്ങിയില്ല. അങ്ങനെ മല്‍സരം ആദ്യ പകുതിയില്‍ അവസാനിപ്പിക്കാന്‍ റഫറി തീരുമാനിച്ചു. ആ സമയത്ത്് മല്‍സരത്തില്‍ ആരും സ്‌ക്കോര്‍ ചെയ്തിരുന്നില്ല. അതിനിടെ ആല്‍ബെസറ്റോയുടെ എഡ്ഡി ഇസ്രാഫിലോവ് ചുവപ്പ് കാര്‍ഡില്‍ പുറത്താവുകയും ചെയ്തിരുന്നു.

രണ്ടാം പകുതി എന്ന് നടത്താനാവുമെന്ന ആശയകുഴപ്പത്തില്‍ നില്‍ക്കവെയാണ് കോവിഡ് എന്ന മഹാമാരി വന്നത്. തുടര്‍ന്ന് ലോക്ഡൗണും പ്രഖ്യാപിക്കപ്പെട്ടു. കളികളെല്ലാം അവസാനിപ്പിക്കാനും തീരുമാനിച്ചതോടെ സെക്കന്‍ഡ് ഡിവിഷനിലെ ഈ പോരാട്ടം  അപൂര്‍ണമായി നിന്നു. കോവിഡില്‍ മല്‍സരങ്ങള്‍ നീണ്ട് പോയി. ഒടുവില്‍ സ്പാനിഷ് ഫുട്‌ബോള്‍ അസോസിയേഷനും സര്‍ക്കാരും കാണികളില്ലാതെ ഫുട്‌ബോള്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ചപ്പോള്‍ ആദ്യം നടത്തിയത് ഈ മല്‍സരമായിരുന്നു. അതായത് രണ്ടാം പകുതി. 2020 ജൂണ്‍ ഒമ്പതിനായിരുന്നു പോരാട്ടം. 45 മിനുട്ട്  മാത്രമായി അങ്കം തുടര്‍ന്നപ്പോള്‍  ആല്‍ബെസറ്റോ നിരയില്‍ പത്ത് പേര്‍ മാത്രം. ഗ്യാലറി ശൂന്യമായത് കൊണ്ട് ബഹളമില്ല. ലൂയിസ് അഡ്വിന്‍സുല നേടിയ ഗോളില്‍ വലിസാനോ ജയിച്ചു കയറിയപ്പോള്‍ പിറന്നത് വലിയ ചരിത്രം.
178 ദിവസം കൊണ്ടാണ് ഈ മല്‍സരം പൂര്‍ണമായത്. ഇങ്ങനെ ഒരു മല്‍സരവും ചരിത്രത്തില്‍ ഇല്ല.

കമാൽ വരദൂർ 🖋️

0 comments:

Post a Comment

Blog Archive

Labels

Followers