Tuesday, June 16, 2020

സ്പോർട്സ് കൗൺസിലിന്റെ 'വാഴകൾ'

.

സ്പോർട്സും കൃഷിയും തമ്മിൽ എന്താ ബന്ധം.. കേൾക്കുമ്പോൾ അത്ഭുതം തോന്നിയേക്കാം.. പക്ഷെ ഞങ്ങളുടെ കേരളത്തിൽ സ്പോർട്സും കൃഷിയും തമ്മിൽ വൻ അന്തർധാരയാണുള്ളത്. ഒരു തുണ്ട് ഭൂമി പോലും കൃഷിചെയ്യാൻ ലഭിക്കാതെ / അല്ലെങ്കിൽ കൃഷിക്ക് ഉപയോഗിക്കാൻ സാധിക്കാതെ നിൽക്കുമ്പോൾ കേരളത്തിൽ സ്റ്റേഡിയങ്ങളും സ്പോർട്സ് കോംപ്ലക്സുകളും കൃഷിക്ക് എന്ത് കൊണ്ട് ഉപയോഗിച്ചുകൂടാ എന്ന വിപ്ലവാത്മകമായ ആശയമാണ് ഉരുത്തിരിഞ്ഞു വന്നിട്ടുള്ളത്. ഐഡിയ കൊടുത്തതോ..?  കേരളത്തിന്റെ കായിക വികസനം മാനം മുട്ടെ ഉയർത്തിയ ശേഷം ബാക്കിയുള്ള ഊർജ്ജം കൃഷിയുടെ വികസനത്തിനായി ചിലവഴിക്കാൻ തീരുമാനിച്ച സാക്ഷാൽ കേരള സ്പോർട്സ് കൗൺസിൽ.
 
പയ്യനാട് സ്റ്റേഡിയം നാശോന്മുഖമായി കിടക്കുന്നു, കളികൾ ഇല്ല എന്നൊക്കെ കായിക പ്രേമികൾ വിലപിക്കുമ്പോൾ അവിടം  വൃക്ഷലതാതിഫലമൂലാതികൾ കൊണ്ട് അലങ്കരിക്കാൻ ഒരുങ്ങുകയാണ് സ്പോർട്സ് കൗൺസിൽ.  പയ്യനാട് സ്റ്റേഡിയത്തിലെ പാർക്കിങ് ഏരിയ, ഇൻഡോർ സ്റ്റേഡിയം, നീന്തൽകുളം എന്നിവ പണിയാൻ ഉദ്ദേശിച്ചിട്ടുള്ള സ്ഥലത്തു വാഴകൃഷി നടത്തി നൂറു മേനി കൊയ്യാൻ ഒരുങ്ങുകയാണ് അധികൃതർ. ഒരു നല്ല കായികഭാവി ഭിക്ഷ ചോദിക്കുന്ന സ്ഥലത്തു സുഭിക്ഷകേരളം പദ്ധതിയാണ് നടത്താൻ ഉദ്ദേശിച്ചിട്ടുള്ളത്.ഈ ആഹ്ലാദകരമായ വാർത്ത ഇതുവരെ സ്പോർട്സ് കൗൺസിൽ നിഷേധിച്ചിട്ടില്ല എന്നാണ് അറിവ്...

എന്തായാലും  ഈ തീരുമാനത്തെ കായിക പ്രേമികൾ ഇരു കയ്യും നീട്ടി സ്വീകരിക്കണം എന്നാണ് എനിക്ക് പറയാൻ ഉള്ളത്.തൃശ്ശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ വെണ്ടയും അമരയും കോഴിക്കോട് പാവലും പടവലവും കോട്ടപ്പടിയിൽ പയറും മുളകും ചീരയും മറ്റിടങ്ങളിൽ നെൽകൃഷി മുതൽ കുരുമുളക് വരെ കൃഷി ചെയ്യണം. പറ്റിയാൽ അക്വാട്ടിക് കോംപ്ലെക്സിലെ നീന്തൽകുളങ്ങൾ മീൻ വളർത്തലിന് വിട്ടു കൊടുക്കണം.. നാട്ടിലെ ഗവ: സ്‌കൂളുകളിലെ ഗ്രൗണ്ടുകൾ റബ്ബർ കൃഷിക്ക് അനുയോജ്യമായി മാറ്റണം. അങ്ങിനെ കാർഷിക രംഗത്തുള്ള സ്വയം പര്യാപ്തത പെട്ടെന്ന് കൈ വരിക്കണം.. കായിക രംഗം നശിച്ചു നാറാണക്കല്ലു പിടിച്ചാലെന്താ നമുക്ക് കൃഷി നടത്താലോ. ഐ എം വിജയൻ  ഗ്രൗണ്ട് ഉഴുതു മറിക്കുന്നതും പി ടി ഉഷ ഞാറു നടുന്നതും പി യു ചിത്ര കള പറിക്കുന്നതുമൊക്കെ ഫോട്ടോ എടുത്തു ഒരു മാർക്കറ്റിങ്ങും നടത്താം. 



അല്ല സാറമ്മാരെ ഒരു ചോദ്യം..പ്രളയങ്ങളിൽ നാശ നഷ്ടങ്ങൾ നേരിട്ട ഒറിജിനൽ കർഷകർക്ക് അർഹിച്ച  ധനസഹായങ്ങൾ നൽകിയോ.. കായിക താരങ്ങൾക്ക് ജോലിയും വീടുമൊക്കെ വാഗ്ദാനം ചെയ്തിരുന്നത് പൂർത്തിയായോ.. ഇതൊക്കെ എന്തെങ്കിലും ചെയ്തിട്ട് പോരേ ഇന്നാട്ടിലെ സ്റ്റേഡിയങ്ങളിൽ കൃഷി നടത്തുന്നത്.. ആദ്യം മണ്ണിൽ പണിയെടുത്ത് തളരുന്ന കർഷകരെ സഹായിക്കാൻ ശ്രമിക്കണം. ഒപ്പം അവശത അനുഭവിക്കുന്ന കായിക രംഗത്തെ ഒന്ന് കൈപിടിച്ച് ഉയർത്തണം. ഇത് പട്ടിയൊട്ട് പുല്ല് തിന്നുകേമില്ലപശുവിനെക്കൊണ്ട് തീറ്റിക്കത്തുമില്ല എന്ന് പറഞ്ഞ ഗതിയായല്ലോ എന്റെ കായിക പരമ്പര ദൈവങ്ങളെ.. എന്തായാലും നമ്മുടെ കായിക രംഗത്തെ 'വളർത്താൻ' ഇത്രേം നല്ല ഐഡിയകൾ കണ്ടു പിടിക്കുന്ന സ്പോർട്സ് കൗൺസിൽ തലവന്മാരെ പൊന്നാട അണിയിപ്പിച്ച് ആദരിക്കണം. എന്നിട്ട് കൃഷി നടത്തുന്ന സ്റ്റേഡിയത്തിൽ നിർത്തിയാൽ കൃഷി നശിപ്പിക്കുന്ന ക്ഷുദ്ര ജീവികളും പറവകളുമൊക്കെ കണ്ടം വഴി ഓടിക്കൊള്ളും.. കണ്ടറിയാം കേരള കായികരംഗമേ നിനക്ക് എന്ത് സംഭവിക്കുമെന്ന്... 
NB: ഇനി ഇതിൽ പലരുടെയും ന്യായീകരണങ്ങളും മറ്റും  വരാനുണ്ട്. അതു കൂടിയായാൽ പൂർത്തിയായി. കേരള സംസ്ഥാനത്തെ ഏത് തരിശുഭൂമിയിലും നിങ്ങൾ കൃഷി ഇറക്കിക്കൊള്ളൂ.. എതിർപ്പില്ല.. ഈ സ്റ്റേഡിയങ്ങളെയും അനുബന്ധ സ്ഥലങ്ങളെയും ഒന്ന് ഒഴിവാക്കിക്കൂടെ എന്നൊരു അപേക്ഷ മാത്രമേ ഉള്ളു. 

📝അബ്ദുൾ റസാക്ക് സൗത്ത് സോക്കേഴ്സ് 

0 comments:

Post a Comment

Blog Archive

Labels

Followers