Showing posts with label 12th man. Show all posts
Showing posts with label 12th man. Show all posts

Monday, August 3, 2020

നമ്പർ 01 | സുനിൽ ഛേത്രി | ഇന്ത്യൻ ഫുട്ബോൾ പത്തു ഇതിഹാസ താരങ്ങൾ | ഒരു പിറന്നാൾ സമ്മാനം

     


ഇന്ത്യൻ ഫുട്‍ബോളിന്റെ പത്തു ഇതിഹാസങ്ങളെ പരിചയപ്പെടുത്തുന്ന ഈ പംക്‌തി ഇവിടെ അവസാനിക്കുകയാണ്..ഇതൊരു നിമിത്തമാണ്.. ഇന്ത്യൻ ഫുട്ബോൾ കണ്ട ഏറ്റവും മികച്ച താരത്തെ നിങ്ങൾക്ക് മുൻപിൽ അവതരിപ്പിക്കുന്നത് അദ്ദേഹത്തിന്റെ പിറന്നാൾ ദിനത്തിൽ തന്നെ.. അദ്ദേഹത്തിന് സൗത്ത് സോക്കേഴ്സ് കുടുംബത്തിന്റെ ഒരു പിറന്നാൾ സമ്മാനം കൂടിയായി ഈ ലേഖനം മാറട്ടെ... 

സുനിൽ ഛേത്രി... 1984 ആഗസ്റ്റ് 3ന്  സെക്കന്തരാബാദിൽ ജനിച്ച സുനിൽ ഇന്ത്യൻ ഫുട്ബോൾ അടക്കി ഭരിക്കുന്ന ഛത്രപതിയാകുമെന്ന് ആരും വിചാരിച്ചു കാണില്ല.
2002ൽ  മോഹൻ ബഗാനിൽ കളിയാരംഭിച്ച  സുനിൽ ഛേത്രി പിന്നീട് ജെ സി ടിയിലെത്തി. അവിടെ 21ഗോളുകൾ നേടി മികച്ച പ്രകടനം കാഴ്ചവെച്ചു. പിന്നീട് ഈസ്റ്റ്‌ ബംഗാളിലേക്ക് വന്നെങ്കിലും 2010ൽ അമേരിക്കയിലെ മേജർ ലീഗ് സോക്കറിൽ കൻസാസ് സിറ്റി വിസാർഡിലേക്ക് ക്ഷണിക്കപ്പെട്ടു. അമേരിക്കൻ മേജർ ലീഗ് സോക്കറിൽ കളിച്ച ആദ്യ ഇന്ത്യക്കാരൻ ആയിരുന്നു സുനിൽ. പിന്നീട് പോർചുഗലിലെ സ്പോർട്ടിങ് ലിസ്ബണിൽ എത്തിയെങ്കിലും തിരിച്ചു ഇന്ത്യൻ മണ്ണിലേക്ക് തന്നെ വന്നു. ഇവിടെ മോഹൻ ബഗാൻ, ചിരാഗ്, ഡെംപോ, ചർച്ചിൽ മുംബൈ സിറ്റി, ബംഗളുരു എഫ് സി എന്നിവക്കായി ബൂട്ടുകെട്ടി. 
താൻ കളിച്ച ക്ലബുകൾക്കായി ഐ ലീഗും ഐ എസ് എല്ലും  ഫെഡറേഷൻ കപ്പും സൂപ്പർ കപ്പും നേടാനും ബംഗളുരുവിനെ എ എഫ് സി ചലഞ്ച് കപ്പ് റണ്ണേഴ്‌സ് ആക്കുവാനും സുനിൽ ഛേത്രിക്ക് സാധിച്ചു.
ഇതിനിടയിൽ സന്തോഷ്‌ ട്രോഫിയിൽ ദില്ലിക്ക് വേണ്ടി ഗ്രൂപ്പ് ഘട്ടങ്ങളിൽ രണ്ടു ഹാട്രിക് നേടുവാനും സുനിൽ ഛേത്രിക്ക് സാധിച്ചിരുന്നു. പക്ഷെ അദ്ദേഹത്തിന്റെ ഒറ്റയാൾ പോരാട്ടങ്ങൾകൊണ്ട് മാത്രം  ദില്ലിയെ മുന്നോട്ടു നയിക്കുന്നതിന് സാധിക്കുമായിരുന്നില്ല. ദേശീയ ലീഗിൽ മോഹൻ ബഗാന് വേണ്ടി മികച്ച പ്രകടനങ്ങൾ കാഴ്ച വെക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. എന്നാൽ അതിനു ശേഷം ജെസിടിയെ രണ്ടാം സ്ഥാനത്തു എത്തിക്കാനും ആദ്യ ഐ ലീഗിൽ അവരെ മൂന്നാം സ്ഥാനത്തു ഫിനിഷ് ചെയ്യാനും ഛേത്രി സഹായിച്ചു. അതിലൂടെ 2007ലെ AIFF പ്ലയെർ ഓഫ് ദ ഇയർ അവാർഡും നേടാൻ സാധിച്ചു. ഇതിനു ശേഷം ഈസ്റ്റ്‌ ബംഗാളിൽ എത്തിയിരുന്നെങ്കിലും വിദേശ ക്ലബുകളുടെ ട്രയൽസ് ഓഫറുകൾ അദ്ദേഹത്തിന്റെ പിന്നാലെ ഉണ്ടായിരുന്നു.. അമേരിക്കയിൽ നിന്ന്  ലോസ് ഏഞ്ചൽസ് ഗാലക്‌സി, ഡിസി യുണൈറ്റഡ്, ഇംഗ്ളണ്ടിൽ നിന്ന് കൊവെൻട്രി സിറ്റി, സ്‌കോട്ടിഷ് ടീം സെൽറ്റിക് എന്നീ ടീമുകൾ ആയിരുന്നു പ്രധാനമായും ഉണ്ടായിരുന്നത്. ഗോവൻ ടീമായ ഡെംപോയിൽ കളിക്കുമ്പോൾ  ഇംഗ്ലണ്ടിലെ ക്വു പി ആറുമായി കരാർ ആയെങ്കിലും ഇന്ത്യ ഫിഫയുടെ ആദ്യ 70 സ്ഥാനങ്ങളിൽ ഇല്ലാഞ്ഞതിനാൽ വർക്ക്‌ പെർമിറ്റ്‌ ലഭിച്ചില്ല. പിന്നീട് അമേരിക്കൻ മേജർ ലീഗ് സോക്കർ ടീമായ കൻസാസ് സിറ്റി വിസാർഡ്സ് അദ്ദേഹത്തെ സൈൻ ചെയ്തു.  പിന്നീട് ചിരാഗ് യൂണൈറ്റഡിലും മോഹൻ ബഗാനിലും ചർച്ചിൽ ബ്രദേഴ്സിൽ വായ്പ അടിസ്ഥാനത്തിലും അദ്ദേഹം കളിച്ചു. ചർച്ചിലിനെ രണ്ടാമത്തെ ഐ ലീഗ് ഉയർത്താൻ ഛേത്രി സഹായിച്ചു. ഇതിനിടയിൽ പോർചുഗലിലെ സ്പോർട്ടിങ് ലിസ്ബണിന്റെ റിസർവ് ടീമിൽ പോയെങ്കിലും അവിടെ നിന്ന് 2013ൽ  ബംഗളുരു എഫ് സി യുടെ ഭാഗമായി. അരങ്ങേറ്റ സീസണിൽ തന്നെ ഐ ലീഗ് കിരീടമുയർത്താൻ ബാംഗ്‌ളൂരുവിനെ സുനിൽ ഛേത്രിയുടെ 14 ഗോളുകളും 7 അസിസ്റ്റുകളും സഹായിച്ചു. ബംഗളുരുവിനെ 2014-15 ലെ ഫെഡറേഷൻ കപ്പ് ജേതാക്കളാക്കുവാനും സുനിലിന് സാധിച്ചു. 2015ൽ മുംബൈ സിറ്റിക്ക് വേണ്ടി ഇന്ത്യൻ സൂപ്പർ ലീഗിൽ അരങ്ങേറി. നോർത്ത് ഈസ്റ്റിനെതിരെ ലീഗിൽ ഹാട്രിക് നേടിയ ആദ്യ ഇന്ത്യൻ കളിക്കാരനായി ചരിത്രം കുറിച്ചു. അടുത്ത സീസണിലും മുംബൈക്ക് വേണ്ടി കളം നിറഞ്ഞു കളിച്ചെങ്കിലും ഡീഗോ ഫോർലാനും സോണി നോർദെയും ഉള്ളത് കൊണ്ട് ഗെയിം ടൈമും സ്കോറിങ് റേറ്റും കുറവായിരുന്നു. 2015-16 സീസണിൽ വീണ്ടും വായ്പാടിസ്ഥാനത്തിൽ ബംഗളുരുവിൽ എത്തിയപ്പോൾ അവരെ ലീഗ് കിരീടജേതാക്കളാക്കുവാനും  എ എഫ് സി കപ്പിൽ റണ്ണേഴ്‌സ് ആക്കുവാനും സാധിച്ചു. 
ഇന്ത്യൻ സൂപ്പർ ലീഗ് നാലാം സീസണിൽ ബംഗളുരുവിനായ് 14 ഗോളുകൾ നേടാനും ഹീറോ ഓഫ് ദ ലീഗ് അവാർഡ് നേടുവാനും സാധിച്ചു. ബംഗളുരുവിന് വേണ്ടി ഇന്ത്യൻ സൂപ്പർ ലീഗും സൂപ്പർ കപ്പും നേടിക്കൊടുക്കുന്നതിൽ പ്രധാന പങ്ക് വഹിക്കാൻ അവരുടെ നായകന് സാധിച്ചു. 
നീലക്കടുവകളുടെ ജേഴ്സിയിൽ 2007 നെഹ്‌റു കപ്പാണ് അദ്ദേഹത്തിന്റെ ആദ്യ ടൂർണമെന്റ്. അരങ്ങേറ്റ മത്സരത്തിൽ കമ്പോഡിയയെ ആറു ഗോളുകൾക്ക് തോല്പിച്ചപ്പോൾ രണ്ടു ഗോളുകൾ സുനിൽ ഛേത്രിയുടെ വകയായിരുന്നു. അവിടെ നിന്നാരംഭിച്ച അശ്വമേധത്തിൽ എ എഫ് സി ചലഞ്ച് കപ്പും രണ്ടു തവണ സാഫ് ചാംപ്യൻഷിപ്പും മൂന്നുതവണ നെഹ്‌റു കപ്പും നേടുന്നതിന് ഇന്ത്യൻ ഫുട്ബോൾ ആരാധകർ സാക്ഷികളായി. 
ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതൽ തവണ കളിച്ചിട്ടുള്ളതും ഏറ്റവും കൂടുതൽ ഗോളുകൾ നേടിയിട്ടുള്ളതും ഈ നീലക്കടുവയാണ്. ആറു തവണ ഇന്ത്യയിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ട ഛേത്രി എ എഫ് സി ചലഞ്ച് കപ്പിലെ മൂല്യമേറിയ താരമായും സാഫ് ചാമ്പ്യൻഷിപ്പിലെ മികച്ച താരമായും എ എഫ് സി യുടെ ഏഷ്യൻ ഐക്കൺ ആയും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.അദ്ദേഹത്തിന്റെ സമാനതകളില്ലാത്ത പ്രകടനത്തിന് 2011ൽ അർജുന അവാർഡും 2019ൽ പദ്മശ്രീയും നൽകിയാണ് രാജ്യം ആദരിച്ചത്. 
2018ലെ ഇന്റർകോണ്ടിനെന്റൽ കപ്പിലെ ആദ്യ മത്സരത്തിൽ തന്റെ ഹാട്രിക് അടക്കം എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് ചൈനീസ് തായ്‌പേയിയെ തോൽപിച്ചെങ്കിലും കാണികൾ കുറവായത് അദ്ദേഹത്തെ നിരാശനാക്കി. അന്ന് അദ്ദേഹം വിമർശിക്കാൻ ആണെങ്കിൽ പോലും സ്റ്റേഡിയത്തിൽ വന്നു കളി കാണാൻ അഭ്യർത്ഥിച്ച വീഡിയോ ട്വിറ്ററിൽ വൈറൽ ആയിരുന്നു. ടൂർണമെന്റിലെ രണ്ടാം മത്സരത്തിൽ ഇടവും വലവും ബൈച്ചുങ് ബൂട്ടിയയെയും ഐ എം വിജയനെയും നിർത്തി ഗാലറിയിലേക്ക് നോക്കിയ സുനിലിനെ വരവേറ്റത് പതിനായിരങ്ങളുടെ ആർപ്പുവിളികളാണ്  നീലക്കടുവകൾക്ക് വേണ്ടി ഛേത്രിയുടെ നൂറാം മത്സരം അങ്ങിനെ അവിസ്മരണീയമായി മാറി. ഇന്ന് ആക്റ്റീവ് ഇന്റർനാഷണൽ ഗോൾ വേട്ടക്കാരുടെ പട്ടികയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് താഴെ ലയൺ മെസ്സിക്ക് മുകളിൽ  രണ്ടാം സ്ഥാനത്തു നിൽക്കുകയാണ് നീലക്കടുവകളുടെ പടനായകൻ. 
സൗത്ത് സോക്കേഴ്സിന് വേണ്ടി തയ്യാറാക്കിയ ഇന്ത്യൻ ഫുട്‍ബോളിലെ പത്തു ഇതിഹാസങ്ങളെ പരിചയപെടുത്തുന്ന പംക്‌തി അവസാനിപ്പിക്കാൻ ഇതിലും നല്ലൊരു താരവും ഇതിലും നല്ലൊരു ദിവസവും കിട്ടാനില്ല.. 
പ്രിയ സുനിൽ ഛേത്രിക്ക് സൗത്ത് സോക്കേഴ്സ് കുടുംബത്തിന്റെ ഒരായിരം ജന്മദിനാശംസകൾ.

ഇന്ത്യൻ ഫുട്ബോൾ പത്തു ഇതിഹാസ താരങ്ങൾ എന്നാ ഈ ലേഖന പരമ്പര തയ്യാറാക്കിയത് അബ്ദുൽ റസാഖ് സൗത്ത് സോക്കേഴ്സ് 

Sunday, July 26, 2020

“വെള്ളത്തിലെ കളി”|കഥ-11 | ആനപ്പറമ്പിലെ വേൾഡ് കപ്പ് സമർപ്പിക്കുന്ന | 'കാൽപ്പന്തിന്റെ 101 കഥകൾ' |


കാല്‍പ്പന്തിന്റെ ചരിത്രത്തിലൂടെ ആദ്യമൊരു ത്വരിതസഞ്ചാരം നടത്താം. കാറ്റ് നിറച്ച തുകല്‍പ്പന്ത് ആദ്യമായി തട്ടിയത് എവിടെയാണ് ...?  വ്യക്തമായ ഉത്തരമില്ല. ആറായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഫുട്‌ബോളുണ്ട്. ആദ്യം ഈ കളി അരങ്ങേറിയത് തെരുവിലായിരുന്നുവെന്ന് പറയപ്പെടുന്നു. നമ്മള്‍ ഇന്ന് കാണുന്നത് പോലെ ഗോള്‍ പോസ്റ്റുകള്‍ ഇരുഭാഗത്തും നാട്ടിയുള്ള കളിയായിരുന്നില്ല അത്. ഇറ്റലിയിലെ ഫ്‌ളോറന്‍സ് നഗരത്തില്‍ പന്തുമായി എത്തുന്നവര്‍ രണ്ട് ഭാഗത്തായി അണിനിരക്കും. പിന്നെ ആ പന്തില്‍ ഒന്ന് തൊടാനായുള്ള മല്‍സരമായിരുന്നു ആദ്യകാല ഫുട്‌ബോളെന്ന് പറയപ്പെടുന്നു. ഫുട്‌ബോളിനൊരു സംഘടിത രൂപമായത് 19-ാം നൂറ്റാണ്ടില്‍ മാത്രമാണ്. ആധുനിക ഒളിംപിക്‌സിന്റെ വരവും പിന്നെ ഫിഫയുടെ രൂപീകരണവുമെല്ലാമായപ്പോള്‍ കളിക്കൊരു പ്രൊഫഷണല്‍ ചിത്രം രൂപപ്പെട്ടു. കളിമുറ്റങ്ങള്‍ എന്നത് കളിയുടെ പശ്ചാത്തല സൗന്ദര്യത്തിന്റെ അടിസ്ഥാനമായി. എവിടെയും കളിച്ചാല്‍ അത് ഫുട്‌ബോളാവില്ലെന്നും നിയതമായ ചട്ടക്കൂട്ടില്‍ മൈതാനങ്ങള്‍ വേണമെന്നും അവിടെയാണ് മല്‍സരങ്ങള്‍ നടക്കേണ്ടതെന്നും നിശ്ചയിക്കപ്പെട്ടു. ആദ്യം കളിമണ്‍ മൈതാനങ്ങളായിരുന്നു. കളിക്കാരുടെ കാലുകളില്‍ ബൂട്ടുണ്ടായിരുന്നില്ല. പന്തിന് വേണ്ടിയുള്ള നഗ്നപാദ ഓട്ടം എന്ന് വേണമെങ്കില്‍ അതിനെ വിശേഷിപ്പിക്കാം. ഇന്ത്യന്‍ ഫുട്‌ബോളിലേക്കൊന്ന് നോക്കിയാല്‍ ഒരു തവണ ലോകകപ്പ് യോഗ്യത നേടിയവരാണ് നമ്മള്‍. പക്ഷേ അന്ന് കളിക്കാര്‍ക്കാര്‍ക്ക് അണിയാന്‍ ബൂട്ടുണ്ടായിരുന്നില്ല. അങ്ങനെ ലോകകപ്പില്‍ കളിക്കാനുമായില്ല. പക്ഷേ കളിയുടെ രൂപപരിണാമങ്ങളിലെല്ലാം വ്യക്തമായി കണ്ട സത്യം മൈതാനങ്ങളുടെ വളര്‍ച്ചയാണ്. നല്ല മൈതാനങ്ങളാവുമ്പോള്‍ കളിക്കാര്‍ക്കത് വലിയ ഊര്‍ജ്ജമാണ്. ബ്രസീലിലെ മരക്കാന സ്‌റ്റേഡിയം, ലണ്ടനിലെ വെംബ്ലി സ്‌റ്റേഡിയം, മാഡ്രിഡിലെ സാന്‍ഡിയാഗോ ബെര്‍ണബു, കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സ്, ജോഹന്നാസ്ബര്‍ഗ്ഗിലെ വാണ്ടറേഴ്‌സ് സ്‌റ്റേഡിയം, മെല്‍ബണിലെ എം.സി.ജി..... ഈ കളിമുറ്റങ്ങളെല്ലാം വിഖ്യാതങ്ങളാണ്.  വിഖ്യാത കായിക മാമാങ്കങ്ങളെല്ലാം അരങ്ങേറുന്നത് ഇവിടങ്ങളിലാണല്ലോ..ലോകത്തെ അറിയപ്പെടുന്ന കളിമുറ്റങ്ങളെല്ലാം ഭൂമിയിലാണ്-അഥവാ കരയിലാണ്. എന്നാല്‍ തായ്‌ലാന്‍ഡ് എന്ന ദ്വീപ് രാജ്യത്തേക്ക് പോയാല്‍ അവിടെ വെള്ളത്തിലും കാണാം ഫുട്‌ബോള്‍ മൈതാനം. ആ കഥയാണിന്ന്....

വെള്ളത്തിലെ കളി

ഇത് കോഹ്പാനി എന്ന ദ്വീപാണ്. തായ്‌ലാന്‍ഡ് എന്ന വലിയ രാജ്യത്തിന്റെ തെക്ക് ഭാഗത്തുള്ള കൊച്ചു ദ്വീപുകൡ ഒന്ന്. ദ്വീപാവുമ്പോള്‍ ജീവിത മാര്‍ഗം എന്താണെന്ന് പറയേണ്ടതില്ലല്ലോ... മല്‍സ്യബന്ധനം തന്നെ. ഈ ദ്വീപിന്റെ കാഴ്ച്ച തന്നെ പ്രകൃതിയുടെ സൗന്ദര്യമാണ്. നമ്മള്‍ സാഹിത്യ ഭാഷയില്‍ പറയാറില്ലേ പ്രകൃതിയുടെ വരദാനമെന്നെല്ലാം. അത് തന്നെ. മെയിന്‍ ലാന്‍ഡില്‍ നിന്നും ബോട്ട് മാര്‍ഗ്ഗം വരണം. കൃത്യം 20 മിനുട്ട് യാത്ര. ആ യാത്രയാണ് ആദ്യത്തെ ആവേശം. ജലനൗകയിലെ യാത്രയില്‍ തന്നെ ആസ്വദിക്കാം മനോഹര കാഴ്ച്ചകള്‍. നമ്മുടെ കുട്ടനാടന്‍ വഞ്ചിയാത്ര പോലെ ഇരുഭാഗങ്ങളിലും സാഗരത്തിന്റെ തലോടല്‍ പോലെ ചെറിയ കുടിലുകളും മല്‍സ്യബന്ധകരും തെങ്ങിന്‍ തോപ്പുകളുമെല്ലാമായി ആസ്വാദനത്തിന്റെ ചിറകില്‍ സന്തോഷത്തിന്റെ യാത്രയാണത്. രണ്ടായിരത്തില്‍ താഴെ ആളുകള്‍ മാത്രമാണ് ഈ ദ്വീപിലുള്ളത്. ഇവരുടെ ജീവിതം തന്നെ സത്യത്തില്‍ സാഹിസകമാണ്. വെള്ളത്തിന് മുകളില്‍ തട്ടടിച്ച് ഉയര്‍ത്തിയത് പോലെയാണ് വീടുകള്‍. ഒരു സുനാമി വന്നാലോ എന്ന് ചിന്തിച്ചാല്‍ പിന്നെ ഒന്നുമില്ല. പക്ഷേ ഈ ദ്വീപുകാര്‍ക്ക് അത്തരത്തിലുള്ള ചിന്തകളൊന്നുമില്ല. അവര്‍ കടലിനോട് സല്ലപിച്ചും കലഹിച്ചും ജീവിതത്തെ ആസ്വദിക്കുന്നു. മല്‍സ്യബന്ധനം കഴിഞ്ഞാലുള്ള പ്രധാന വിനോദമെന്നത് ഫുട്‌ബോളാണ്. ഇഷ്ടതാരങ്ങള്‍ മെസിയും കൃസ്റ്റിയാനോയും. പക്ഷേ എവിടെ കളിക്കുമെന്ന ചോദ്യത്തിന് മുന്നില്‍ എല്ലാവരും നിസ്സഹായരായി. കളിക്കാന്‍ കഴിഞ്ഞില്ലെങ്കിലെന്താ ടെലിവിഷനില്‍ കളി കാണാമല്ലോ എന്നായി ഒരു കൂട്ടര്‍. എന്നുമിങ്ങനെ കളി മാത്രം കണ്ട് കൊണ്ടിരുന്നിട്ട് എന്ത് കാര്യമെന്നായി യുവാക്കള്‍. ആ ചോദ്യത്തില്‍ നിന്നും വിരിഞ്ഞ ഉത്തരമായിരുന്നു വെള്ളത്തിന് മുകളില്‍ തട്ടടിച്ച് നല്ല ഒരു ഫുട്‌ബോള്‍ ടര്‍ഫ് പണിയുകയെന്നത്.
ആദ്യമാദ്യം സീനിയേഴ്‌സ് സഹകരിച്ചില്ല. സാധാരണ വീടിന് തട്ടടിക്കുന്നത് പോലെയല്ലല്ലോ ഫുട്‌ബോള്‍ ടര്‍ഫിന് തട്ടടിക്കുക എന്നത്.നല്ല ബലവും ഒപ്പം ഒരിക്കലും തകരാത്ത രീതിയിലുള്ള അടിത്തറയും വേണം. എഞ്ചിനിയേഴ്‌സുമായി ആലോചന നടത്തിയപ്പോള്‍ അവര്‍ക്കുമത് ഇഷ്ടമായി. അങ്ങനെ തട്ടടിക്കാന്‍ പാകത്തില്‍ വലിയ മരങ്ങള്‍ തേടി. അത് ലഭിച്ചപ്പോള്‍ നാട്ടുകാര്‍ തന്നെ രംഗത്തിറങ്ങി. അങ്ങനെ ആദ്യം വലിയ അട്ടിത്തറയൊരുക്കി. അതിന് മുകളില്‍ തട്ടടിച്ചു. വലിയ മരത്തിന്റെ പലകകള്‍ ഉപയോഗിച്ചുള്ള തട്ടിന് മുകളില്‍  നമ്മള്‍ ഇപ്പോള്‍ ടര്‍ഫില്‍ ഉപയോഗിക്കാറുള്ളത് പോലെ കൃത്രിമ പുല്ലിന്റെ പിച്ച് വിരിച്ചു. പിന്നെ ചുറ്റും താല്‍കാലിക വേലിയൊരുക്കി. അതിന് മുകളില്‍ നെറ്റ് വിരിച്ചു. കളിക്കുമ്പോള്‍ പന്ത് വെള്ളത്തിലേക്ക് പോയാല്‍ പിന്നെ പ്രയാസമാവുമല്ലോ...
ഇത്രയുമായപ്പോള്‍ മൈതാനത്തിന്റെ പൂര്‍ണതക്കായി കരയില്‍ നിന്നും വിദഗ്ധരെ വിളിച്ചു. അവരെത്തി യഥാര്‍ത്ഥ ഫൈവ്‌സ് പിച്ച് പോലെ ഫുട്‌ബോള്‍ നിയമങ്ങള്‍ അനുശാസിക്കുന്ന തരത്തില്‍ കൊച്ചു മൈതാനമുണ്ടാക്കി. ആദ്യം നാട്ടുകാര്‍ മാത്രമായിരുന്നു കളിച്ചത്. പിന്നെ പിന്നെ കാര്യമറിഞ്ഞ് അയല്‍പക്കക്കാര്‍ വരാന്‍ തുടങ്ങി. അവര്‍ക്കുമത് ഹരമായി. അവരും പന്തുമായി വരാന്‍ തുടങ്ങി. അങ്ങനെ മല്‍സരങ്ങളായി. തായ്‌ലാന്‍ഡ് എന്നാല്‍ വിനോദ സഞ്ചാരികളുടെ പറദീസയായതിനാല്‍ വെള്ളത്തിന് മുകളിലെ ഫുട്‌ബോള്‍ മൈതാനം പെട്ടെന്ന് വലിയ വാര്‍ത്തയായി. സഞ്ചാരികളുടെ പ്രധാന താവളമായി അങ്ങനെ കോഹ്പാനി എന്ന ദ്വീവ്. ഇപ്പോള്‍ ഇവിടെ നിരന്തരം മല്‍സരങ്ങളാണ്.
കരയില്‍ കളിക്കുന്ന അതേ കരുത്തില്‍ ഇവിട കളിക്കാം. പക്ഷേ കോഹ്പാനി ടീമിനെ തോല്‍പ്പിക്കുക എളുപ്പമല്ല. കളിക്കുമ്പോള്‍ കടലില്‍ നിന്നുമടിക്കുന്ന വശ്യമായ കാറ്റുണ്ട്. അതിനൊപ്പം ചലിക്കണമെങ്കില്‍ അനുഭസമ്പത്ത് തന്നെ വേണം. ലാറ്റിനമേരിക്കന്‍ രാജ്യമായ ഇക്വഡോര്‍ അറിയില്ലേ... അവിടെ ക്വറ്റ എന്ന സ്ഥലമുണ്ട്. സമുദ്ര നിരപ്പില്‍ നിന്നും വളരെ ഉയരത്തിലുള്ള ഈ വേദിയില്‍ കളിക്കുകയെന്നത് സന്ദര്‍ശക ടീമുകള്‍ക്ക് വലിയ വെല്ലുവിളിയാണ്. പലപ്പോഴും ശ്വാസം പോലും കിട്ടില്ല. അത് പോലെയാണ്  കോഹ്പാനിയിലെ കൊച്ചുവേദി. കടലിനെയും കടല്‍കാറ്റിനെയും അറിയുന്നവര്‍ക്കാണ് ഇവിടെ സുന്ദരമായി കളിക്കാനാവുക. കോഹ്പാനിയില്‍ നിന്നും ഇതിനകം രണ്ട് കളിക്കാര്‍ തായ്‌ലാന്‍ഡ് ദേശീയ ടീമിലെത്തിയിട്ടുണ്ട്.
കോഹ്പാനി മൈതാനത്തിന്റെ വലിയ രൂപം 2022 ലെ ഖത്തര്‍ ലോകകപ്പില്‍ ശരിക്കും കാണാം. അവിടെയും വലിയ മൈതാനമുയരുന്നുണ്ട്-വെള്ളത്തിന് മുകളില്‍.....

കമാൽ വരദൂർ 🖋️

ആനപറമ്പിലെ വേൾഡ് കപ്പ് ഒരുക്കുന്ന കമാൽവരദൂർ എഴുതുന്ന 101 ഫുട്ബോൾ കഥകൾ നിങ്ങൾക്ക് സൗത്ത് സോക്കേഴ്സിലൂടെ വായിക്കാം 

Friday, July 24, 2020

“ആ രാത്രി എങ്ങനെ മറക്കും..”|കഥ-10 | ആനപ്പറമ്പിലെ വേൾഡ് കപ്പ് സമർപ്പിക്കുന്ന | 'കാൽപ്പന്തിന്റെ 101 കഥകൾ' |

                             

ലോകകപ്പ് ഫൈനല്‍. നാല് വര്‍ഷത്തിലൊരിക്കല്‍ നടത്തപ്പെടുന്ന മഹാമാമാങ്കങ്ങളുടെ കലാശ നാള്‍. കാല്‍പ്പന്തിനെ സ്‌നേഹിക്കുന്നവര്‍ കാത്തുകാത്തിരിക്കുന്ന ദിവസം. സന്തോഷവും സന്താപവും സമരസമായി പ്രതിഫലിക്കപ്പെടുന്ന ദിവസം. ഫൈനല്‍ ജയിക്കുന്നവര്‍ കാല്‍പ്പന്തിലെ ലോക രാജാക്കന്മാരാണ്. അവരുടെ സന്തോഷത്തിന് അതിരുകളുണ്ടാവില്ല. കലാശത്തില്‍ തോല്‍ക്കുന്നവര്‍ക്കത് തീരാ വേദനയാവും. നാല് വര്‍ഷത്തെ കാത്തിരിപ്പിലും അവസാന മല്‍സരത്തില്‍ തല താഴ്ത്താന്‍ വിധിക്കപ്പെട്ടതിന്റെ വേദന ഒരു കാലത്തും മറക്കാനാവില്ല. പക്ഷേ 2006 ലെ ലോകകപ്പ് ഫൈനല്‍ ദിവസം ഫുട്‌ബോള്‍ ലോകം സാക്ഷ്യം വഹിച്ചത് ജേതാവിന്റെ സന്തോഷത്തിനോ, പരാജിതന്റെ വേദനക്കോ ആയിരുന്നില്ല. കാല്‍പ്പന്ത് മൈതാനം കണ്ട മികച്ച മധ്യനിരക്കാരില്‍ ഒന്നാമനായ സിനദിന്‍ സിദാന്‍ എന്ന ഫ്രഞ്ചുകാരന്‍ ഇ്രറ്റാലിയന്‍ ഡിഫന്‍ഡര്‍ മാര്‍ക്കോ മറ്റരേസിയെ തല കൊണ്ട് ഇടിച് വീഴ്ത്തിയ കുറ്റത്തിന് ചുവപ്പ് കാര്‍ഡുമായി രാജ്യാന്തര ഫുട്‌ബോളിനോട് വേദനയോടെ വിടപറയുന്നതാണ്. കളിയെ പ്രണയിക്കുന്നവരെല്ലാം കണ്ണീര്‍ വാര്‍ത്ത കാഴ്ച്ച. സിദാന്‍ എന്ന പോരാളി രാജ്യത്തിന് ലോകകപ്പ് സമ്മാനിച്ച രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിക്കുന്നത് കാണാന്‍ കൊതിച്ചവര്‍ ഫ്രഞ്ചുകാര്‍ മാത്രമായിരുന്നില്ല-കാറ്റ് നിറച്ച കാല്‍പ്പന്തിനെ നെഞ്ചോട് ചേര്‍ത്തവരുടെയെല്ലാം ഇടനെഞ്ചില്‍ ആ മധ്യനിരക്കാരനുണ്ടായിരുന്നു. ഇന്ന് കണ്ണീരിന്റെ ആ കഥയാണ് പറയാന്‍ പോവുന്നത്.

പെങ്ങളെ എനിക്ക് തരുമോ നീ.....

മൈതാനത്ത് പ്രകോപന മുദ്രാവാക്യങ്ങള്‍ പലതാണി. നിങ്ങള്‍ മനോഹരമായി കളിക്കുമ്പോള്‍ മാനസികമായി തകര്‍ക്കാന്‍ പ്രതിയോഗികള്‍ തെറി വിളിക്കും. അല്ലെങ്കില്‍ മോശമായ കമന്റുകള്‍ പറയും. നിങ്ങള്‍ മാനസികമായി ദുര്‍ബലരാണെങ്കില്‍ ആ പ്രകോപനത്തില്‍ പതറും. പ്രതികരിക്കുന്നതോടെ നിങ്ങള്‍ അകപ്പെടുന്നത് പ്രതിയോഗി ഒരുക്കിയ കെണിയിലാവും. സിദാനെ പോലെ സീനിയറായ ഒരാള്‍ എങ്ങനെ മാര്‍ക്കോ മറ്റരേസിയുടെ പ്രകോപനത്തില്‍ വീണു. ആ കഥയറിയണമെങ്കില്‍ 2006 ലെ ലോകകപ്പിനെ അറിയണം.
ജൂണ്‍ 9 മുതല്‍ ജുലൈ 9 വരെയായിരുന്നു ജര്‍മന്‍ ലോകകപ്പ്. 98 ലെ ലോകകപ്പ് ജേതാക്കളായിരുന്നുവെങ്കിലും ഫ്രാന്‍സിന് ആരും വ്യക്തമായ സാധ്യത കല്‍പ്പിച്ചിരുന്നില്ല. കാരണം 2004 ല്‍ പോര്‍ച്ചുഗലില്‍ നടന്ന യൂറോപ്യന്‍ ഫുട്‌ബോളില്‍ ഗ്രീസിന് മുന്നില്‍ തല താഴ്ത്തി മടങ്ങിയവരായിരുന്നു ഫ്രാന്‍സ്. ആ തോല്‍വിയുടെ ക്ഷീണത്തില്‍ സിദാന്‍ തന്നെ പരസ്യമായി പ്രഖ്യാപിച്ചു-താന്‍ രാജ്യാന്തര ഫുട്‌ബോള്‍ വിടുകയാണെന്ന്. അത്രമാത്രം ഷോക്കായിരുന്നു യൂറോയിലെ പരാജയം. പക്ഷേ ലോകകപ്പ് സമാഗതമാകവെ സിദാനില്ലാതെ ഫ്രാന്‍സ് എങ്ങനെ കളിക്കുമെന്ന ചോദ്യം ഉയര്‍ന്നു. അദ്ദേഹത്തില്‍ കനത്ത സമ്മര്‍ദ്ദമുണ്ടായി. അങ്ങനെ റിട്ടയര്‍മെന്റ് തീരുമാനത്തില്‍ നിന്നും സിദാന്‍ പിറകോട്ട് പോയി. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ തട്ടിമുട്ടി കളിച്ച ടീം ജര്‍മനിയിലേക്കുള്ള ടിക്കറ്റ് നേടിയപ്പോള്‍ ഹെഡ് കോച്ച് റെയ്‌മോണ്ട് ഡൊമന്‍ച്ചെ ലോകകപ്പ് സംഘത്തിന്റെ നായകനെ പ്രഖ്യാപിച്ചു-സിദാന്‍. ലിലിയന്‍ തുറാം, ക്ലൗഡി മക്കലേലി തുടങ്ങിയ അനുഭവ സമ്പന്നര്‍ക്കൊപ്പം തിയറി ഹെന്‍ട്രി, ഡേവിഡ് ട്രസിഗെ തുടങ്ങിയ യുവാക്കളുമടങ്ങിയ മികച്ച ടീം. യോഗ്യതാ ഘട്ടത്തിലെ പ്രതിയോഗികള്‍ അത്ര ശക്തരായിരുന്നില്ല. അയര്‍ലാന്‍ഡും ഇസ്രാഈലും സ്വിറ്റ്‌സര്‍ലാന്‍ഡും സൈപ്രസും ഫറോ ഐലാന്‍ഡ്‌സുമെല്ലാം. ഇവരെല്ലാം ലോക ഫുട്‌ബോളില്‍ ദുര്‍ബലമായതിനാല്‍ ഫ്രാന്‍സിന് യോഗ്യത പ്രയാസമില്ലെന്നാണ് കരുതിയത്. പക്ഷേ അതി നാടകീയമായി ഫ്രാന്‍സ് പിറകോട്ട് പോവുന്ന കാഴ്ച്ച. ഒരു ഘട്ടത്തില്‍ ഗ്രൂപ്പില്‍ നാലാം സ്ഥാനം. നാല് മല്‍സരങ്ങള്‍ ബാക്കി നില്‍ക്കെ അയര്‍ലാന്‍ഡ് ഒന്നാം സ്ഥാനത്തുള്ള ഗ്രൂപ്പില്‍ നാലാം സ്ഥാനം മാത്രം. അവശേഷിക്കുന്ന മല്‍സരങ്ങളെല്ലാം ജയിക്കാത്തപക്ഷം ലോകകപ്പ് യോഗ്യത കാണാതെ പുറത്ത്. ആ ഘട്ടത്തിലാണ് സിദാനും തുറാമും മക്കലേലിയുമെല്ലാം തിരികെ വരുന്നത്. ഇവരുടെ കരുത്തില്‍ നാലില്‍ മൂന്ന് മല്‍സരങ്ങളിലും തകര്‍പ്പന്‍ വിജയം. ഒരു മല്‍സരത്തില്‍ സമനില. അങ്ങനെ ഗ്രൂപ്പില്‍ ഒന്നാമന്മാര്‍-ജര്‍മനിക്ക് ടിക്കറ്റ്.
ജര്‍മനിയിലെത്തിയിട്ടും ആധികാരികത പ്രകടിപ്പിക്കാന്‍ ഫ്രഞ്ച് സംഘത്തിനായില്ല. സ്‌പെയിനും പോര്‍ച്ചുഗലും ബ്രസീലും സ്വന്തം ഗ്രൂപ്പുകളിലെ എല്ലാ മല്‍സരങ്ങളും ജയിച്ച് എളുപ്പത്തില്‍ നോക്കൗട്ട് ഉറപ്പാക്കിയപ്പോള്‍ ഫ്രാന്‍സ് തുടക്കത്തില്‍ തന്നെ തപ്പിതടഞ്ഞു. സ്വിറ്റ്‌സര്‍ലാന്‍ഡിനെതിരായ മല്‍സരത്തില്‍ ഗോള്‍ രഹിത സമനില. രണ്ടാം മല്‍സരത്തില്‍ ദക്ഷിണ കൊറിയക്കെതിരെയും സമനില. രണ്ട് മല്‍സരത്തിലും നായകനെന്ന നിലയില്‍ സിദാന്‍ പരാജയമായിരുന്നു. ആഫ്രിക്കന്‍ പ്രതിനിധികളായ ടോംഗോയായിരുന്നു അവസാന ഗ്രൂപ്പ് പോരാട്ടത്തിലെ പ്രതിയോഗികള്‍. ജയിച്ചില്ലെങ്കില്‍ ഫ്രാന്‍സ് പുറത്താവും. സിദാനെ കൂടാതെ കളിച്ച ഫ്രാന്‍സ് രണ്ട് ഗോളിന് ജയിച്ച് മാനം കാത്തു.
പ്രീക്വാര്‍ട്ടറിലെ എതിരാളികള്‍ ശക്തരായ സ്‌പെയിനായിരുന്നു. സിദാന്‍ സ്‌പെയിനിനെതിരെ ആദ്യ ഇലവനില്‍ ഉണ്ടാവുമോ എന്ന സംശയം പോലും ഉയര്‍ന്നു. പക്ഷേ കോച്ച് ഡൊമന്‍ച്ചെ നായകനെ തഴഞ്ഞില്ല. മിന്നും മികവായിരുന്നു സിദാനും ഫ്രാന്‍സും. 3-1 ന് ടീം ജയിച്ചപ്പോള്‍ ഫുട്‌ബോള്‍ ലോകം ആ മധ്യനിരക്കാരനെ വാഴ്ത്തി. ഫ്രാങ്ക് റിബറിയും പാട്രിക് വിയേരും പിന്നെ സിദാനുമായിരുന്നു സ്‌ക്കോറര്‍മാര്‍.
ക്വാര്‍ട്ടറിലെ പ്രതിയോഗികള്‍ ശക്തരായ ബ്രസീല്‍. എല്ലാവരും സാധ്യത നല്‍കിയത് മഞ്ഞപ്പടക്ക്. റൊണാള്‍ഡോ ഉള്‍പ്പെടെ സൂപ്പര്‍ താരങ്ങള്‍. പക്ഷേ സിദാന്റെ മികവില്‍ തിയറി ഹെന്‍ട്രിയുടെ ഗോള്‍ വന്നപ്പോല്‍ ബ്രസീലിനും മടക്കം. സെമിയില്‍ ഫ്രാന്‍സ് കൃസ്റ്റിയാനോ റൊണള്‍ഡോയുടെ പോര്‍ച്ചുഗലിനെതിരെ. മുപ്പത്തിമൂന്നാം മിനുട്ടില്‍ ലഭിച്ച പെനാല്‍ട്ടി കിക്ക് ഗോളാക്കി മാറ്റി സിദാന്‍ തന്നെ ടീമിനെ ഫൈനലിലെത്തിച്ചു.
അങ്ങനെ ലോകകപ്പിനായുള്ള കലാശപ്പോരാട്ടം. എതിരാളികള്‍ ഇറ്റലി. സിദാന്‍ എന്ന മഹാനായ താരത്തിന് കപ്പുമായി യാത്രയയപ്പ് നല്‍കാന്‍ ഫ്രാന്‍സ് തയ്യാറായി. ബെര്‍ലിനിലെ ഒളിംപിക് സ്‌റ്റേഡിയത്തില്‍ അവസാന അങ്കത്തിന് സാക്ഷികളായി 69,000 പേര്‍. കളി തുടങ്ങി ഏഴാം മിനുട്ടില്‍ തന്നെ സിദാന്റെ പെനാല്‍ട്ടി കിക്കില്‍ ഫ്രാന്‍സിന് ലീഡ്. തകര്‍പ്പന്‍ കിക്ക് ഇറ്റലിയുടെ വിഖ്യാതനായ ഗോള്‍ക്കീപ്പര്‍ ജിയാന്‍ ലുക്കാ ബഫണിനെ കീഴടക്കി. പത്തൊമ്പതാം മിനുട്ടില്‍ കോര്‍ണര്‍ കിക്കില്‍ നിന്നും മാര്‍ക്കോ മറ്റരേസി ഇറ്റലിക്കായി സമനില നേടി. നിശ്ചിത സമയത്ത് 1-1. അധിക സമയത്തിന്റെ തുടക്കത്തില്‍ സിദാന്റെ മാജിക് ഹെഡ്ഡര്‍ അതേ മികവില്‍ ബഫണ്‍ കുത്തിയകറ്റുന്നു. അധികസമയത്തിന്റെ രണ്ടാം പകുതിയുടെ അവസാന മിനുട്ടുകള്‍. പെട്ടെന്ന് കാണികള്‍ ബഹളമുണ്ടാക്കുന്നു. ഇറ്റാലിയന്‍ ഡിഫന്‍ഡര്‍ മറ്റരേസി നിലത്ത് വീണ് കിടക്കുന്നു. ഗോള്‍ക്കീപ്പര്‍ ബഫണ്‍ റഫറിയെ ഉച്ചത്തില്‍ വിളിക്കുന്നു. കളി നിര്‍ത്തി വെക്കുന്നു. എന്താണ് സംഭവിച്ചതെന്ന് ആര്‍ക്കും മനസ്സിലായില്ല. റഫറി ഹൊറാസിയോ എലിസോന്‍ഡോ തന്റെ സഹ റഫറിമാരുമായി സംസാരിക്കുന്നു. ഉടന്‍ തന്നെ ചുവപ്പ് കാര്‍ഡ് മൈതാന മധ്യത്ത് നില്‍ക്കുകയായിരുന്ന സിദാന് നേരെ ഉയര്‍ത്തുന്നു. അദ്ദേഹം ചിലത് പറയാന്‍ ശ്രമിച്ചുവെങ്കിലും റഫറി വഴങ്ങിയില്ല. നിശബ്ദമായ സ്‌റ്റേഡിയത്തിന്റെ ആശങ്കയിലുടെ അതാ സിദാന്‍ നടന്ന് നീങ്ങുന്നു. മൈതാനത്തിന് പുറത്ത് വെച്ച ലോകകപ്പിന് അരികിലൂടെ അദ്ദേഹം നടന്ന് നീങ്ങിയത് വേദനിക്കുന്ന കാഴ്ച്ചയായിരുന്നു. മല്‍സരം തുടര്‍ന്നു. ഗോളില്ല. അങ്ങനെ ഷൂട്ടൗട്ട്. പിര്‍ലോ, മറ്റരേസി, ഡി റോസി, ദെല്‍പിയാറോ, ഗ്രോസോ എന്നിവരെല്ലാം ഇറ്റലിയുടെ കിക്കുക്കള്‍ ലക്ഷ്യത്തിലെത്തിച്ചു. വില്‍റ്റോര്‍ഡും അബിദാലും സാഗ്നലും ഫ്രാന്‍സിനായി സ്‌ക്കോര്‍ ചെയ്തപ്പോള്‍ ഡേവിഡ് ട്രസിഗെയുടെ കിക്ക് പുറത്തായി. അങ്ങനെ ഇറ്റലി ചാമ്പ്യന്മാര്‍.
പക്ഷേ ഫുട്‌ബോല്‍ ലോകം ഇറ്റലിക്കൊപ്പമായിരുന്നില്ല-സിദാനൊപ്പമായിരുന്നു. എന്താണ് നായകനെ പ്രകോപിതനാക്കിയത് എന്നത് ആര്‍ക്കുമറിയില്ലായിരുന്നു. ഒടുവില്‍ സിദാന്‍ തന്നെ അത് പറഞ്ഞു. നിന്റെ പെങ്ങളെ എനിക്ക് അല്‍പ്പസമത്തേക്ക് തരുമോ എന്നായിരുന്നു മറ്റരേസിയുടെ ചോദ്യം. രണ്ട് തവണ അതേ ചോദ്യം ഉയര്‍ത്തിയപ്പോള്‍ താന്‍ ക്ഷമിച്ചുവെന്ന് സിദാന്‍. മൂന്നാം തവണയും ആ ചോദ്യം ആവര്‍ത്തിച്ചപ്പോഴാണ് ക്ഷമ നശിച്ച് തല കൊണ്ട് ഇടിച്ചത്. പിന്നീട് മറ്റരേസിയും അത് സമ്മതിച്ചു- സിദാനെ പ്രകോപിപ്പിക്കാന്‍ മറ്റ് മാര്‍ഗ്ഗങ്ങളുണ്ടായിരുന്നില്ല. സഹോദരിയെ പറഞ്ഞാല്‍ അദ്ദേഹം ക്ഷുഭിതനാവുമെന്ന് അറിയാമായിരുന്നു....
ലോകകപ്പ് ഫൈനലിന് ശേഷം വാര്‍ത്തകളില്‍ സിദാന്‍ മാത്രമായിരുന്നു. ഫ്രഞ്ച് ഡ്രസ്സിംഗ് റൂം നായകന് വേണ്ടി കണ്ണീരൊഴുക്കി. ജര്‍മനിയില്‍ നിന്നും ഫ്രഞ്ച് ടീം സ്വന്തം നാട്ടിലെത്തിയപ്പോള്‍ ഒരു കുട്ടി പോലും സിദാനെതിരെ സംസാരിച്ചില്ല. വിമാനത്താവളത്തിലും സ്വീകരണ വേദിയിലും ഉച്ചത്തില്‍ മുഴങ്ങിയത് സിസു... സിസു എന്ന മുദ്രാവാക്യമായിരുന്നു. ഫ്രഞ്ച് പ്രസിഡണ്ട് ജാക്വസ് ചിറാക് പറഞ്ഞു-സിസു, താങ്കളെ ഞങ്ങല്‍ ബഹുമാനിക്കുന്നു, ആദരിക്കുന്നു. താങ്കള്‍ നിരാശനാണെന്ന് എല്ലാവര്‍ക്കുമറിയാം. പക്ഷേ സ്വന്തം രാജ്യത്തെ താങ്കള്‍ എത്ര മാത്രം ഉയരത്തിലാണ് എത്തിച്ചത്. അത് ഞങ്ങള്‍ മറക്കില്ല. രാജ്യത്തിന്റെ ഭരണത്തലവന്‍ പറഞ്ഞ ഈ വാക്കുകളിലും ഫുട്‌ബോള്‍ ലോകം ഇപ്പോഴും ചോദിക്കുന്നു- സിദാന്‍ എന്ന പ്രതിഭക്കുള്ള യാത്രയയപ്പ് ഇങ്ങനെയായിരുന്നോ വേണ്ടത്..... മറ്റരേസി എത്ര ക്രൂരനാണ്...

കമാൽ വരദൂർ 🖋️

ആനപറമ്പിലെ വേൾഡ് കപ്പ് ഒരുക്കുന്ന കമാൽവരദൂർ എഴുതുന്ന 101 ഫുട്ബോൾ കഥകൾ നിങ്ങൾക്ക് സൗത്ത് സോക്കേഴ്സിലൂടെ വായിക്കാം 

Wednesday, June 24, 2020

കണ്‍മുന്നില്‍ സാക്ഷാല്‍ മെസി | ഫുട്ബോൾ രാജാവിനെ ഇന്റർവ്യൂ ചെയ്ത ചരിത്ര മുഹൂർത്തം ഓർത്തെടുത്തു | കമാൽ വരദൂർ

                             


2014 ജൂലൈ-1
ലോകകപ്പ് പ്രി ക്വാര്‍ട്ടര്‍ ഫൈനലില്‍ അര്‍ജന്റീനയും സ്വിറ്റ്‌സര്‍ലാന്‍ഡും സാവോപോളോയിലെ കൊറീന്ത്യന്‍സ് മൈതാനത്ത് ഏറ്റുമുട്ടുന്ന ദിനം. ലിയോ മെസിയും ഡി മരിയയും സെര്‍ജി അഗ്യൂറോയുമെല്ലാം കളിക്കുന്ന അര്‍ജന്റീനക്കാര്‍.... ഷക്കീറിയെ പോലെ അതിവേഗക്കാരുടെ ചുവപ്പന്‍ സ്വിസ് പട
ലോകത്തെ ഏറ്റവും വലിയ പട്ടണങ്ങളിലൊന്നായ സാവോപോളോയില്‍ നിന്നും 100 കീലോമീറ്റര്‍ അകലെ സാവോ ജോസിലാണ് എന്റെ താമസം. മല്‍സരം നടക്കുന്ന കൊറീന്ത്യന്‍സ് മൈതാനമാവട്ടെ സാവോപോളോയില്‍ നിന്നും മുപ്പത് മിനുട്ട് അകലെയാണ്....
രാവിലെ തന്നെ സാവോ ജോസിലെ വീട്ടില്‍ നിന്നുമിറങ്ങി-വളരെ നേരത്തെ എത്തിയാല്‍ മാത്രമാണ് സ്‌റ്റേഡിയത്തിലെ മീഡിയാ ഗ്യാലറിയില്‍ ഇരിപ്പിടമുണ്ടാവു. അര്‍ജന്റീനക്കാരും സ്വിസുകാരും തലേദിവസം തന്നെ സാവോപോളോ കീഴടക്കിയിരുന്നു. ആരാധകരുടെ കുത്തൊഴുക്ക് ഉറപ്പാണ്. സാവോ ജോസില്‍ നിന്നും രാവിലെ ബസ്സില്‍ കയറി. ബസ് എന്നാല്‍ സൂപ്പര്‍ സുന്ദര ബസാണ്. എട്ട് വരി ട്രാക്കിലൂടെ കുതികുതിക്കുന്ന ബസിന് സാവോ ജോസ് വിട്ടാല്‍ സ്‌റ്റോപ്പ് സാവോപോളോ മാത്രം. ഒരു മണിക്കൂറിനകം 100 കീലോ മീറ്റര്‍ പിന്നിടും.
ബസ് അതിവേഗം തായിത്തെ എന്ന സ്ഥലത്തെ വലിയ ബസ് സ്റ്റേഷനിലെത്തി. അവിടെ നിന്നും ട്രെയിന്‍ മാര്‍ഗ്ഗം വേണം സ്‌റ്റേഡിയത്തിലെത്താന്‍. രണ്ട് റിയല്‍ (ബ്രസീല്‍ കറന്‍സി) വേണം സ്‌റ്റേഡിയത്തിലെത്താന്‍. ബസ് പോലെ തന്നെ സുന്ദരമായ ട്രെയിനില്‍ എളുപ്പത്തില്‍ സ്‌റ്റേഡിയത്തിന്റെ കവാടത്തിലെത്താം. ട്രെയിന്‍ നിറയെ അര്‍ജന്റീനക്കാര്‍.... മറഡോണയെ പാടി മെസിയെ പാടി അവരങ്ങ് ആര്‍ത്തു വിളിക്കുകയാണ്. എല്ലാവരുടെ ഷര്‍ട്ടിന്റെയും നിറം വെളുപ്പും നീലയും-ജഴ്‌സി നമ്പര്‍ പത്ത്. മറഡോണയണിഞ്ഞ പത്ത് ഇപ്പോള്‍ മെസിയുടെ പത്താണ്. എല്ലാവരും പാടുന്നത് ഒരു പാട്ട് മാത്രം-ലാ ലീ ലിയോ-അതായത് മെസിയെന്ന രാജാവിനെ വാഴ്ത്തിയങ്ങ് മുന്നേറുന്നു. ഫുട്‌ബോളിനെ മാത്രം സ്‌നേഹിക്കുന്ന, കാല്‍പ്പന്തിനെ പ്രാണവായുവായി കരുതുന്ന ഒരു ജന തതി-അവരാണ് അര്‍ജന്റീനക്കാര്‍. ഫുട്‌ബോളാണ് കൊച്ചു രാജ്യത്തെ ഒന്നിപ്പിക്കുന്നത്. കാഴ്ച്ചയില്‍ എല്ലാവരും സുന്ദരീസുന്ദരന്മാര്‍... വളരെ പെട്ടെന്ന് ട്രെയിന്‍ സ്‌റ്റേഡിയത്തിലെത്തി. പുറത്ത് നില്‍ക്കുമ്പോള്‍ അലകടല്‍ പോലെ അര്‍ജന്റീനക്കാര്‍. ഇടക്കിടെ സ്വിസുകാരും. പക്ഷേ എവിടെയും ബ്രസീലുകാരെ കാണുന്നില്ല. അവരുടെ മഞ്ഞനിറം ചിലയിടങ്ങളില്‍ മാത്രം.
ബ്രസീലും അര്‍ജന്റീനയും തമ്മിലുള്ള സ്‌നേഹമെന്നത് ഒരു ഇന്ത്യ-പാക് ഗാഥ പോലെയാണ്. ശത്രുതയിലാണ് ഇരു രാജ്യക്കാര്‍ക്കും താല്‍പ്പര്യം. അര്‍ജന്റീനക്കാരന്റെ നീല കുപ്പായത്തോട് മഞ്ഞയിട്ട ബ്രസീലുകാരന് താല്‍പ്പര്യമില്ല. കളിക്കാന്‍ വരുന്നത് സാക്ഷാല്‍ മെസിയാണെങ്കില്‍ പോലും ബ്രസീലുകാര്‍ പെലെ, നെയ്മര്‍ പാട്ടുകള്‍ പാടും. അര്‍ജന്റീനക്കാരെ കാണുമ്പോള്‍ ബ്രസീലുകാര്‍ പാടുന്ന ഒരു സൂപ്പര്‍ ഗാനമുണ്ട്-സപെലെ സപെലെ ... എന്ന് തുടങ്ങുന്ന ഗാനം. റിയോ ഒളിംപിക്‌സ് വേളയിലാണ് ഈ ഗാനം കൂടുതല്‍ കേട്ടത്. ഒരു അര്‍ജന്റീനക്കാരന്റെ കുപ്പായം എവിടെയെങ്കിലും കണ്ടാല്‍ അപ്പോള്‍ തുടങ്ങും ബ്രസീലുകാര്‍ സപെലെയെ പാടാന്‍... ആ പാട്ടിനര്‍ത്ഥം രസകരമാണ്. പെലെയെ പോലെ ആയിരം ഗോള്‍ നേടിയ ആരുണ്ട് ലോകത്ത് എന്നാണ് ആദ്യ വരിയുടെ അര്‍ത്ഥം. തായിത്തിയിലെ സ്‌റ്റേഷനില്‍ നിന്നും ട്രെയിന്‍ സ്‌റ്റേഡിയത്തിന്റെ പ്രധാന കവാടത്തിലെത്തിയത് അറിഞ്ഞതേയില്ല-കാരണം അത്രമാത്രം ആരാധകരുടെ തളളിക്കയറ്റത്തില്‍ നിലം തൊടാതെയുള്ള ഒരു യാത്ര.
കളി തുടങ്ങാന്‍ രണ്ട് മണിക്കൂര്‍ ഇനിയും ബാക്കിയുണ്ട്. നല്ല വെയിലായതിനാല്‍ മീഡിയാ ബോക്‌സിലെ ശീതളിമയില്‍ സുഹൃത്തുകള്‍ക്കൊപ്പം അല്‍പ്പമിരുന്നു. അല്‍പ്പം കഴിഞ്ഞ് താരങ്ങള്‍ മൈതാനത്ത് വാം അപ്പിനിറങ്ങിയപ്പോള്‍ മീഡിയാ ഗ്യാലറിയിലെത്തി. മെസിയും അഗ്യൂറോയും ഹിഗ്വിനും മസ്‌കരാനസും മരിയയുമെല്ലാം പന്ത് തട്ടുന്നു. മെസിയുടെ കാലുകളില്‍ പന്ത് കിട്ടുമ്പോള്‍ സ്വയം മറക്കുന്ന അര്‍ജന്റീനക്കാര്‍. ഷെര്‍ദാന്‍ ഷക്കീരിയായിരുന്നവു സ്വിസ് സംഘത്തിലെ സുപരിചിതന്‍.
അല്‍പ്പം കഴിഞ്ഞു-ടീം ലൈനപ്പായി. അര്‍ജന്റീനിയന്‍ സംഘത്തില്‍ ഗോള്‍ വലയം കാക്കുന്നത് പതിവ് പോലെ റോമീറോ. പിന്‍നിരയില്‍ ഗാരി, സബലേറ്റ, ഗാജോ, റോജോ. മധ്യനിരയില്‍ ഫെര്‍ണാണ്ടസ്, ഡി മരിയ, മസ്‌ക്കരാനോ, ലാവസി. മുന്‍നിരയില്‍ മെസിയും ഹിഗ്വിനും.
സ്വിസ് സംഘത്തില്‍ ഗോള്‍ക്കീപ്പര്‍ ബെനാജിയോ. പിന്‍നിരയില്‍ സാക്കയും ബെഹറമിയും റോഡ്രിഗസും മഹമൂദിയും. മധ്യനിരക്ക് കരുത്ത് പകരാന്‍ ഡാര്‍മനിച്ചും ജോര്‍കഫും. മുന്‍നിരയില്‍ ഷക്കീരിയും ഷാക്കറും.... മൈതാനം പ്രകമ്പനം കൊള്ളാന്‍ തുടങ്ങി. ഔദ്യോഗിക ജഴ്‌സിയില്‍ ടീമുകള്‍ മൈതാനത്ത്. ആദ്യം അര്‍ജന്റീനയുെട ദേശീയ ഗാനം. മൂന്ന് മിനുട്ട് ദീര്‍ഘിച്ച ഗാനത്തിന് ശേഷം സ്വിസുകാരുടെ ദേശീയ ഗാനം.
റഫറിയുടെ വിസിലോടെ ആരവങ്ങള്‍ ശക്തമായി. മെസിക്കും സംഘത്തിനും വ്യക്തമായ ആധിപത്യം. ഹ്വിഗിനും മെസിയും പലവട്ടം സ്വിസ് ബോക്‌സില്‍ പരിഭ്രാന്തി പരത്തി. പക്ഷേ ഗോള്‍ മാത്രം അകന്നു. ആദ്യ പകുതിയില്‍ ഗോളില്ല. രണ്ടാം പകുതിയില്‍ മരിയായിരുന്നു താരം. തകര്‍ത്തുളള മുന്നേറ്റങ്ങള്‍. പക്ഷേ അപ്പോഴും ഗോളുകളുടെ ലാഞ്ചനയില്ല. നിശ്ചിത സമയ മല്‍സരം ഗോള്‍രഹിത സമനിലയില്‍. പിന്നെ അര മണിക്കൂര്‍ അധികസമയ പോരാട്ടം. ആ സമയത്തിന്റെ പതിനൊന്നാം മിനുട്ടില്‍ മെസി ഊളിയിട്ടു കയറി. തളികയിലെന്നോണം മരിയക്ക് ക്രോസ്-സുന്ദരമായ ഹെഡ്ഡറില്‍ പന്ത് വലയില്‍...... അര്‍ജന്റീനക്ക് ജയം..
മല്‍സരത്തിന് ശേഷം പതിവ് പത്രസമ്മേളനം. രണ്ട് ടീമുകളിലെയും ക്യാപ്റ്റന്മാരും പരിശീലകരും സംബന്ധിക്കും. നമ്മുടെ നാട്ടിലേത് പോലെ ഓടിയങ്ങ് പത്ര സമ്മേളനത്തില്‍ കയറാന്‍ കഴിയില്ല. നേരത്തെ ബുക്ക് ചെയ്ത് ടോക്കണ്‍ വാങ്ങണം. പത്രസമ്മേളന ഹാളില്‍ കയറിയപ്പോള്‍ യുദ്ധത്തിനുള്ള ആളുകള്‍... മുന്നിലുള്ള കസേരയില്‍ തന്നെ ഇരിപ്പുറപ്പിച്ചു.
അല്‍പ്പം കാത്തിരുന്നപ്പോള്‍ മെസി വന്നു, കോച്ചെത്തി. സ്വിസ് ക്യാപ്റ്റനും പരിശീലകനും പിറകെയെത്തി. ശാന്തശീലനായ മെസി-പതിവുള്ള നാണും മുഖത്ത്. വാര്‍ത്താ സമ്മേളനത്തിനൊരു അവതാരകനുണ്ട്. അദ്ദേഹം ആദ്യം കാര്യങ്ങള്‍ പറയും. ചോദ്യങ്ങള്‍ ചോദിക്കാനുളളവര്‍ക്ക് കൈകള്‍ ഉയര്‍ത്താം. അവതാരകനായിരിക്കും ചോദ്യങ്ങള്‍ക്ക് മാധ്യമ പ്രവര്‍ത്തകരെ ക്ഷണിക്കുക. തുടക്കം മുതല്‍ തന്നെ ഞാന്‍ കൈകള്‍ ഉയര്‍ത്തിയെങ്കിലും യൂറോപ്പില്‍ നിന്നുള്ള വന്‍കിട മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കായിരുന്നു അവസരം. അവസാനം എനിക്ക് അവസരം നല്‍കിയപ്പോള്‍ ഡി മരിയയുടെ ഗോളിനെക്കുറിച്ച് ചോദിച്ചു. മെസി വ്യക്തമായി സ്പാനിഷില്‍ ഉത്തരം നല്‍കി (നമ്മള്‍ ഉപയോഗിക്കുന്ന ഇയര്‍ ഫോണിലൂടെ സ്പാനിഷ് മറുപടി ഇംഗ്ലിഷില്‍ കേള്‍ക്കാം). മരിയ മാത്രമല്ല എല്ലാവരും മനോഹരമായി കളിച്ചത് കൊണ്ടാണ് വിജയം വരിച്ചതെന്നും ടീമിന്റെ ആത്മവിശ്വാസം ഇപ്പോള്‍ ഉന്നതിയിലാണെന്നുമാണ് സൂപ്പര്‍ താരം പറഞ്ഞത്.
വാര്‍ത്താ സമ്മേളനത്തിന് ശേഷം മെസി പുറത്തിറങ്ങി. ഉടന്‍ തന്നെ ഞാന്‍ അദ്ദേഹത്തിന് അരികിലെത്തി. ഓട്ടോഗ്രാഫ് വാങ്ങി. ഇന്ത്യയില്‍ നിന്നാണെന്നും ഒരഭിമുഖത്തിന് സമയം അനുവദിക്കണമെന്നും പറഞ്ഞപ്പോള്‍ വോളണ്ടിയര്‍ ഇടപ്പെട്ടു. അവിടെ വെച്ചു സംസാരിക്കാന്‍ കഴിയില്ലെന്നായിരുന്നു വോളണ്ടിയറുടെ നിലപാട്. മെസി പറഞ്ഞു തൊട്ടരികിലുള്ള മിക്‌സഡ് സോണിലേക്ക് വരാന്‍. ഉടന്‍ തന്നെ ക്യാമറയെടുത്തെങ്കിലും വാര്‍ത്താ സമ്മേളന ഹാളില്‍ നോ ഫഌഷ് എന്ന വലിയ ബോര്‍ഡുണ്ടായിരുന്നു. ക്യാമറ അനുവദിക്കില്ലെന്ന് വോളണ്ടിയര്‍ തീര്‍ത്തുപറഞ്ഞു.
അങ്ങനെ മിക്‌സഡ് സോണിലേക്ക് പോയി. അവിടെയും ധാരാളം മാധ്യമ പ്രവര്‍ത്തകര്‍. അര്‍ജന്റീനയുടെയും സ്വിറ്റ്‌സര്‍ലാന്‍ഡിന്റെയും താരങ്ങളെല്ലാമുണ്ട്. അവര്‍ പല നാട്ടില്‍ നിന്നെത്തിയ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുന്നു. മെസിക്കായുള്ള കാത്തിരിപ്പ് നീണ്ടപ്പോള്‍ അദ്ദേഹം വരില്ലെന്നാണ് കരുതിയത്. പക്ഷേ പത്ത് മിനുട്ട് കാത്തിരിപ്പിനൊടുവില്‍ വലിയ ഹാളില്‍ ഒരു അനൗണ്‍സ്‌മെന്റ്. പ്ലിസ് കീപ്പ് സൈലന്‍സ്, മെസി ഈസ് കമിംഗ്....
മെസി വരുന്നു എന്നറിഞ്ഞപ്പോള്‍ സന്തോഷവാനായി. വാര്‍ത്താ സമ്മേളനത്തിന് വന്ന അതേ ഡ്രസ്സില്‍ മെസി. അദ്ദേഹം വന്ന് വോളണ്ടിയറുടെ ചെവിയില്‍ എന്തോ പറഞ്ഞു. ഉടന്‍ വോളണ്ടിയര്‍ മൈക്കെടുത്ത് പറഞ്ഞു-വേര്‍ ദാറ്റ് ഇന്ത്യന്‍ ജര്‍ണലിസ്റ്റ്....! മെസി വിളിക്കുന്നത് എന്നെയാണെന്ന് മനസ്സിലായി. ഉടന്‍ അദ്ദേഹത്തിന് അരികിലെത്തി.
വോളണ്ടിയര്‍ എന്നോട് ചോദിച്ചു- സ്പാനിഷ് അല്ലെങ്കില്‍ പോര്‍ച്ചുഗീസ് അറിയുമോയെന്ന്..... രണ്ടും വഴങ്ങില്ലെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ മെസിക്ക് ഈ രണ്ട് ഭാഷ മാത്രമേ അറിയു എന്ന് വോളണ്ടിയര്‍. ഉടന്‍ തന്നെ സാവോപോളോയില്‍ വെച്ച് പരിചയപ്പെട്ട അര്‍ജന്റീനിയന്‍ പത്രം ബ്യുണസ് അയേഴ്‌സ് ഹെറാള്‍ഡിന്റെ റിപ്പോര്‍ട്ടറോട് സഹായം തേടി. അദ്ദേഹം അരികിലെത്തി. അങ്ങനെ ഞങ്ങള്‍ മൂന്ന് പേര്‍-മെസിയും ഞാനും റൊമാരോ എന്ന അര്‍ജന്റീനക്കാരനും.
വലിയ രാജ്യാന്തര മാധ്യമ സമൂഹത്തിന് നടുവില്‍ മറക്കാനാവാത്ത അനുഭവമായിരുന്നു അത്. തിരക്കിന്റെ വക്താവായ മെസി. അധികമാരോടും സംസാരിക്കാത്ത സൂപ്പര്‍ താരം. ഇന്ത്യയെക്കുറിച്ച് വ്യക്തമായ അറിവില്ലാത്ത താരരാജാവ്. അദ്ദേഹമാണ് ഏഴ് മിനുട്ട് സംസാരിക്കാന്‍ മുന്നിലിരിക്കുന്നത്. ഇന്ത്യയെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന് കാര്യമായ അറിവ് നമ്മുടെ രാജ്യത്തെക്കുറിച്ചില്ല. ലോക ഫുട്‌ബോളില്‍ യൂറോപ്പും ലാറ്റിനമേരിക്കയും നിറഞ്ഞ് നില്‍ക്കുമ്പോള്‍ ഏഷ്യയില്‍ പോലും വിലാസമില്ലാത്ത ഇന്ത്യയെക്കുറിച്ച് അദ്ദേഹത്തിന് അറിയില്ല എന്നതില്‍ അല്‍ഭുതം തോന്നിയില്ല. നാല് വര്‍ഷത്തിലൊരിക്കല്‍ നടത്തപ്പെടുന്ന ഭുഖണ്ഢാന്തര ഫുട്‌ബോള്‍ മാമാങ്കത്തില്‍ ഇന്ത്യ പങ്കെടുക്കുന്നില്ല. ഏഷ്യന്‍ യോഗ്യതാ ഘട്ടത്തില്‍ തന്നെ ടീം തകരുന്നു. അത്തരത്തിലുള്ള ഒരു ടീമിനെക്കുറിച്ച് അധികമാര്‍ക്കുമറിയില്ലെന്ന യാഥാര്‍ത്ഥ്യം തള്ളിക്കളയാനാവില്ല.
ലോക ഫുട്‌ബോളിനെക്കുറിച്ചായിരുന്നു രണ്ടാമത്തെ ചോദ്യം. അതില്‍ മെസിയിലെ ഫുട്‌ബോളര്‍ക്ക് പറയാന്‍ ധാരാളമുണ്ടായിരുന്നു. കാലിക ഫുട്‌ബോളിലെ വേഗ മാറ്റങ്ങളെക്കുറിച്ചും താരങ്ങളുടെ തിരക്കേറിയ ഫുട്‌ബോള്‍ ജീവിതത്തെക്കുറിച്ചുമെല്ലാം അദ്ദേഹം പറഞ്ഞു. പ്രൊഫഷണല്‍ ഫുട്‌ബോളിന്റെ ഭാഗമാവുന്നവര്‍ക്ക് തിരക്ക് പുതിയ സംഭവമല്ല. രാജ്യത്തിനായി കളിക്കണം. ക്ലബിനായി കളിക്കണം. പ്രൊമോഷണല്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ പങ്കെടുക്കണം-പരുക്കില്‍ നിന്ന് മുക്തി നേടിയാല്‍ ദീര്‍ഘകാലം കളിക്കാം. തനിക്ക് ലഭിച്ച അംഗീകാരങ്ങളെക്കുറിച്ച് വാചാലനാവാന്‍ മെസിക്ക് താല്‍പ്പര്യമുണ്ടായിരുന്നു. ഫിഫ നല്‍കുന്ന പരമോന്നത പുരസ്‌ക്കാരം പല തവണ ലഭിച്ചു, ക്ലബ് ഫുട്‌ബോളില്‍ നേടാനായി ഒന്നും ബാക്കിയില്ല. പക്ഷേ ഇതെല്ലാം തന്റെ മാത്രം സമ്പാദ്യമാണെന്ന് അദ്ദേഹം വിശ്വസിക്കുന്നില്ല. അര്‍ജന്റീനയുടെ ദേശീയ കുപ്പായത്തില്‍ പലവട്ടം കപ്പിനും ചുണ്ടിനുമിടയില്‍ നിരാശനാവേണ്ടി വന്നു. പക്ഷേ ടീം നല്‍കുന്ന പിന്തുണ അപാരമായിരുന്നു. ബാര്‍സിലോണക്കായി കളിക്കുമ്പോള്‍ ചുറ്റുമുള്ളത് മികച്ച താരങ്ങള്‍. അവര്‍ക്കിടയില്‍ കളിക്കുമ്പോള്‍ പ്രയാസങ്ങള്‍ തെല്ലുമില്ല മെസിക്ക്. ലോകകപ്പിലെ സാധ്യതകളെക്കുറിച്ച് ചോദിച്ചപ്പോള്‍ കാല്‍പ്പന്ത് മൈതാനത്ത് ഓരോ ദിവസവും ഓരോ മല്‍സരങ്ങളും നിര്‍ണായകമാണെന്നാണ് അദ്ദേഹം വിവരിച്ചത്.
ഏഴ് മിനുട്ട് എത്ര പെട്ടെന്നാണ് പോയതെന്നറിഞ്ഞില്ല. മറ്റാരോടും ഒന്നും സംസാരിക്കാന്‍ നില്‍ക്കാതെ മെസി വേഗം മടങ്ങിയപ്പോള്‍ ആ ദിവസം നല്‍കിയ അനുഭൂതി ചെറുതായിരുന്നില്ല. 2014 ലെ ലോകകപ്പില്‍ മെസി മറ്റാര്‍ക്കും അഭിമുഖം നല്‍കിയതായി അറിയില്ല. ഒരു അര്‍ജന്റീനിയന്‍ പത്രം ലോകകപ്പിന് ശേഷം മെസിയുടെ അഭിമുഖം പ്രസിദ്ധീകരിച്ചിരുന്നു. മരക്കാനയിലെ ഫൈനലില്‍ മെസി നടത്തിയ പോരാട്ടം-അര്‍ജന്റീന കപ്പടിക്കുമെന്ന് ഞങ്ങളെല്ലാം പ്രതീക്ഷിച്ചു. പക്ഷേ അവസാന സമയത്ത് ജര്‍മനിക്കാരന്‍ ഗോയറ്റ്‌സെ വില്ലനായി അവതരിച്ചപ്പോള്‍ തല താഴ്ത്തി മടങ്ങിയ മെസിയുടെ മുഖം മറക്കാനാവുന്നില്ല. ലോകകപ്പിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടിട്ടും ലോകകപ്പ് എന്ന വലിയ സ്വപ്‌നം പൊലിഞ്ഞതിന്റെ വേദനയും നിരാശയുമെല്ലാം ആ മുഖത്ത് പ്രകടമായിരുന്നു.
ഫുട്‌ബോള്‍ രാജാവ് പെലെ. അത്‌ലറ്റിക് ഇതിഹാസം മൈക്കല്‍ ജോണ്‍സണ്‍, ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തുടങ്ങി എത്രയോ കായിക ഉന്നതരുമായി അഭിമുഖം നടത്തിയിട്ടുണ്ട്. പക്ഷേ മെസിയുമായി സംസാരിച്ച ആ ഏഴ് മിനുട്ട് കായിക മാധ്യമ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമാണ്.  

കമാൽ വരദൂർ 🖋️

ആനപറമ്പിലെ വേൾഡ് കപ്പ് ഒരുക്കുന്ന കമാൽവരദൂർ എഴുതുന്ന 101 ഫുട്ബോൾ കഥകൾ നിങ്ങൾക്ക് സൗത്ത് സോക്കേഴ്സിലൂടെ വായിക്കാം 

Saturday, September 21, 2019

ആരാധകർക്ക് ബ്ലാസ്റ്റേഴ്‌സിന്റെ ആദരം


കേരള ബ്ലാസ്റ്റേഴ്‌സിനായി ആർത്തുവിളിക്കുന്ന ലക്ഷക്കണക്കിന് ആരാധകർക്ക് ആദരം. ബ്ലാസ്റ്റേഴ്‌സ്ന്റെ 12ആം നമ്പർ ജേഴ്‌സി ഇനി ക്ലബിന്റെ സ്വന്തം ആരാധകർക്കായി മാറ്റിവെക്കും.കഴിഞ്ഞ തവണ പ്രതിരോധ നിരക്കാരൻ മുഹമ്മെദ് റകിപ് ആയിരുന്നു 12ആം നമ്പർ താരം. ഈയിടെ ബ്ലാസ്റ്റേഴ്‌സ്ന്റെ ഇൻസ്റ്റാഗ്രാമിൽ ഫോള്ളവേഴ്സിന്റെ എണ്ണം ഒരു മില്യൻ അഥവാ 10 ലക്ഷം പിന്നിട്ടിരുന്നു.

SouthSoccers - Together for Football

Labels

Followers