Monday, August 3, 2020

നമ്പർ 01 | സുനിൽ ഛേത്രി | ഇന്ത്യൻ ഫുട്ബോൾ പത്തു ഇതിഹാസ താരങ്ങൾ | ഒരു പിറന്നാൾ സമ്മാനം

     


ഇന്ത്യൻ ഫുട്‍ബോളിന്റെ പത്തു ഇതിഹാസങ്ങളെ പരിചയപ്പെടുത്തുന്ന ഈ പംക്‌തി ഇവിടെ അവസാനിക്കുകയാണ്..ഇതൊരു നിമിത്തമാണ്.. ഇന്ത്യൻ ഫുട്ബോൾ കണ്ട ഏറ്റവും മികച്ച താരത്തെ നിങ്ങൾക്ക് മുൻപിൽ അവതരിപ്പിക്കുന്നത് അദ്ദേഹത്തിന്റെ പിറന്നാൾ ദിനത്തിൽ തന്നെ.. അദ്ദേഹത്തിന് സൗത്ത് സോക്കേഴ്സ് കുടുംബത്തിന്റെ ഒരു പിറന്നാൾ സമ്മാനം കൂടിയായി ഈ ലേഖനം മാറട്ടെ... 

സുനിൽ ഛേത്രി... 1984 ആഗസ്റ്റ് 3ന്  സെക്കന്തരാബാദിൽ ജനിച്ച സുനിൽ ഇന്ത്യൻ ഫുട്ബോൾ അടക്കി ഭരിക്കുന്ന ഛത്രപതിയാകുമെന്ന് ആരും വിചാരിച്ചു കാണില്ല.
2002ൽ  മോഹൻ ബഗാനിൽ കളിയാരംഭിച്ച  സുനിൽ ഛേത്രി പിന്നീട് ജെ സി ടിയിലെത്തി. അവിടെ 21ഗോളുകൾ നേടി മികച്ച പ്രകടനം കാഴ്ചവെച്ചു. പിന്നീട് ഈസ്റ്റ്‌ ബംഗാളിലേക്ക് വന്നെങ്കിലും 2010ൽ അമേരിക്കയിലെ മേജർ ലീഗ് സോക്കറിൽ കൻസാസ് സിറ്റി വിസാർഡിലേക്ക് ക്ഷണിക്കപ്പെട്ടു. അമേരിക്കൻ മേജർ ലീഗ് സോക്കറിൽ കളിച്ച ആദ്യ ഇന്ത്യക്കാരൻ ആയിരുന്നു സുനിൽ. പിന്നീട് പോർചുഗലിലെ സ്പോർട്ടിങ് ലിസ്ബണിൽ എത്തിയെങ്കിലും തിരിച്ചു ഇന്ത്യൻ മണ്ണിലേക്ക് തന്നെ വന്നു. ഇവിടെ മോഹൻ ബഗാൻ, ചിരാഗ്, ഡെംപോ, ചർച്ചിൽ മുംബൈ സിറ്റി, ബംഗളുരു എഫ് സി എന്നിവക്കായി ബൂട്ടുകെട്ടി. 
താൻ കളിച്ച ക്ലബുകൾക്കായി ഐ ലീഗും ഐ എസ് എല്ലും  ഫെഡറേഷൻ കപ്പും സൂപ്പർ കപ്പും നേടാനും ബംഗളുരുവിനെ എ എഫ് സി ചലഞ്ച് കപ്പ് റണ്ണേഴ്‌സ് ആക്കുവാനും സുനിൽ ഛേത്രിക്ക് സാധിച്ചു.
ഇതിനിടയിൽ സന്തോഷ്‌ ട്രോഫിയിൽ ദില്ലിക്ക് വേണ്ടി ഗ്രൂപ്പ് ഘട്ടങ്ങളിൽ രണ്ടു ഹാട്രിക് നേടുവാനും സുനിൽ ഛേത്രിക്ക് സാധിച്ചിരുന്നു. പക്ഷെ അദ്ദേഹത്തിന്റെ ഒറ്റയാൾ പോരാട്ടങ്ങൾകൊണ്ട് മാത്രം  ദില്ലിയെ മുന്നോട്ടു നയിക്കുന്നതിന് സാധിക്കുമായിരുന്നില്ല. ദേശീയ ലീഗിൽ മോഹൻ ബഗാന് വേണ്ടി മികച്ച പ്രകടനങ്ങൾ കാഴ്ച വെക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. എന്നാൽ അതിനു ശേഷം ജെസിടിയെ രണ്ടാം സ്ഥാനത്തു എത്തിക്കാനും ആദ്യ ഐ ലീഗിൽ അവരെ മൂന്നാം സ്ഥാനത്തു ഫിനിഷ് ചെയ്യാനും ഛേത്രി സഹായിച്ചു. അതിലൂടെ 2007ലെ AIFF പ്ലയെർ ഓഫ് ദ ഇയർ അവാർഡും നേടാൻ സാധിച്ചു. ഇതിനു ശേഷം ഈസ്റ്റ്‌ ബംഗാളിൽ എത്തിയിരുന്നെങ്കിലും വിദേശ ക്ലബുകളുടെ ട്രയൽസ് ഓഫറുകൾ അദ്ദേഹത്തിന്റെ പിന്നാലെ ഉണ്ടായിരുന്നു.. അമേരിക്കയിൽ നിന്ന്  ലോസ് ഏഞ്ചൽസ് ഗാലക്‌സി, ഡിസി യുണൈറ്റഡ്, ഇംഗ്ളണ്ടിൽ നിന്ന് കൊവെൻട്രി സിറ്റി, സ്‌കോട്ടിഷ് ടീം സെൽറ്റിക് എന്നീ ടീമുകൾ ആയിരുന്നു പ്രധാനമായും ഉണ്ടായിരുന്നത്. ഗോവൻ ടീമായ ഡെംപോയിൽ കളിക്കുമ്പോൾ  ഇംഗ്ലണ്ടിലെ ക്വു പി ആറുമായി കരാർ ആയെങ്കിലും ഇന്ത്യ ഫിഫയുടെ ആദ്യ 70 സ്ഥാനങ്ങളിൽ ഇല്ലാഞ്ഞതിനാൽ വർക്ക്‌ പെർമിറ്റ്‌ ലഭിച്ചില്ല. പിന്നീട് അമേരിക്കൻ മേജർ ലീഗ് സോക്കർ ടീമായ കൻസാസ് സിറ്റി വിസാർഡ്സ് അദ്ദേഹത്തെ സൈൻ ചെയ്തു.  പിന്നീട് ചിരാഗ് യൂണൈറ്റഡിലും മോഹൻ ബഗാനിലും ചർച്ചിൽ ബ്രദേഴ്സിൽ വായ്പ അടിസ്ഥാനത്തിലും അദ്ദേഹം കളിച്ചു. ചർച്ചിലിനെ രണ്ടാമത്തെ ഐ ലീഗ് ഉയർത്താൻ ഛേത്രി സഹായിച്ചു. ഇതിനിടയിൽ പോർചുഗലിലെ സ്പോർട്ടിങ് ലിസ്ബണിന്റെ റിസർവ് ടീമിൽ പോയെങ്കിലും അവിടെ നിന്ന് 2013ൽ  ബംഗളുരു എഫ് സി യുടെ ഭാഗമായി. അരങ്ങേറ്റ സീസണിൽ തന്നെ ഐ ലീഗ് കിരീടമുയർത്താൻ ബാംഗ്‌ളൂരുവിനെ സുനിൽ ഛേത്രിയുടെ 14 ഗോളുകളും 7 അസിസ്റ്റുകളും സഹായിച്ചു. ബംഗളുരുവിനെ 2014-15 ലെ ഫെഡറേഷൻ കപ്പ് ജേതാക്കളാക്കുവാനും സുനിലിന് സാധിച്ചു. 2015ൽ മുംബൈ സിറ്റിക്ക് വേണ്ടി ഇന്ത്യൻ സൂപ്പർ ലീഗിൽ അരങ്ങേറി. നോർത്ത് ഈസ്റ്റിനെതിരെ ലീഗിൽ ഹാട്രിക് നേടിയ ആദ്യ ഇന്ത്യൻ കളിക്കാരനായി ചരിത്രം കുറിച്ചു. അടുത്ത സീസണിലും മുംബൈക്ക് വേണ്ടി കളം നിറഞ്ഞു കളിച്ചെങ്കിലും ഡീഗോ ഫോർലാനും സോണി നോർദെയും ഉള്ളത് കൊണ്ട് ഗെയിം ടൈമും സ്കോറിങ് റേറ്റും കുറവായിരുന്നു. 2015-16 സീസണിൽ വീണ്ടും വായ്പാടിസ്ഥാനത്തിൽ ബംഗളുരുവിൽ എത്തിയപ്പോൾ അവരെ ലീഗ് കിരീടജേതാക്കളാക്കുവാനും  എ എഫ് സി കപ്പിൽ റണ്ണേഴ്‌സ് ആക്കുവാനും സാധിച്ചു. 
ഇന്ത്യൻ സൂപ്പർ ലീഗ് നാലാം സീസണിൽ ബംഗളുരുവിനായ് 14 ഗോളുകൾ നേടാനും ഹീറോ ഓഫ് ദ ലീഗ് അവാർഡ് നേടുവാനും സാധിച്ചു. ബംഗളുരുവിന് വേണ്ടി ഇന്ത്യൻ സൂപ്പർ ലീഗും സൂപ്പർ കപ്പും നേടിക്കൊടുക്കുന്നതിൽ പ്രധാന പങ്ക് വഹിക്കാൻ അവരുടെ നായകന് സാധിച്ചു. 
നീലക്കടുവകളുടെ ജേഴ്സിയിൽ 2007 നെഹ്‌റു കപ്പാണ് അദ്ദേഹത്തിന്റെ ആദ്യ ടൂർണമെന്റ്. അരങ്ങേറ്റ മത്സരത്തിൽ കമ്പോഡിയയെ ആറു ഗോളുകൾക്ക് തോല്പിച്ചപ്പോൾ രണ്ടു ഗോളുകൾ സുനിൽ ഛേത്രിയുടെ വകയായിരുന്നു. അവിടെ നിന്നാരംഭിച്ച അശ്വമേധത്തിൽ എ എഫ് സി ചലഞ്ച് കപ്പും രണ്ടു തവണ സാഫ് ചാംപ്യൻഷിപ്പും മൂന്നുതവണ നെഹ്‌റു കപ്പും നേടുന്നതിന് ഇന്ത്യൻ ഫുട്ബോൾ ആരാധകർ സാക്ഷികളായി. 
ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതൽ തവണ കളിച്ചിട്ടുള്ളതും ഏറ്റവും കൂടുതൽ ഗോളുകൾ നേടിയിട്ടുള്ളതും ഈ നീലക്കടുവയാണ്. ആറു തവണ ഇന്ത്യയിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ട ഛേത്രി എ എഫ് സി ചലഞ്ച് കപ്പിലെ മൂല്യമേറിയ താരമായും സാഫ് ചാമ്പ്യൻഷിപ്പിലെ മികച്ച താരമായും എ എഫ് സി യുടെ ഏഷ്യൻ ഐക്കൺ ആയും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.അദ്ദേഹത്തിന്റെ സമാനതകളില്ലാത്ത പ്രകടനത്തിന് 2011ൽ അർജുന അവാർഡും 2019ൽ പദ്മശ്രീയും നൽകിയാണ് രാജ്യം ആദരിച്ചത്. 
2018ലെ ഇന്റർകോണ്ടിനെന്റൽ കപ്പിലെ ആദ്യ മത്സരത്തിൽ തന്റെ ഹാട്രിക് അടക്കം എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് ചൈനീസ് തായ്‌പേയിയെ തോൽപിച്ചെങ്കിലും കാണികൾ കുറവായത് അദ്ദേഹത്തെ നിരാശനാക്കി. അന്ന് അദ്ദേഹം വിമർശിക്കാൻ ആണെങ്കിൽ പോലും സ്റ്റേഡിയത്തിൽ വന്നു കളി കാണാൻ അഭ്യർത്ഥിച്ച വീഡിയോ ട്വിറ്ററിൽ വൈറൽ ആയിരുന്നു. ടൂർണമെന്റിലെ രണ്ടാം മത്സരത്തിൽ ഇടവും വലവും ബൈച്ചുങ് ബൂട്ടിയയെയും ഐ എം വിജയനെയും നിർത്തി ഗാലറിയിലേക്ക് നോക്കിയ സുനിലിനെ വരവേറ്റത് പതിനായിരങ്ങളുടെ ആർപ്പുവിളികളാണ്  നീലക്കടുവകൾക്ക് വേണ്ടി ഛേത്രിയുടെ നൂറാം മത്സരം അങ്ങിനെ അവിസ്മരണീയമായി മാറി. ഇന്ന് ആക്റ്റീവ് ഇന്റർനാഷണൽ ഗോൾ വേട്ടക്കാരുടെ പട്ടികയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് താഴെ ലയൺ മെസ്സിക്ക് മുകളിൽ  രണ്ടാം സ്ഥാനത്തു നിൽക്കുകയാണ് നീലക്കടുവകളുടെ പടനായകൻ. 
സൗത്ത് സോക്കേഴ്സിന് വേണ്ടി തയ്യാറാക്കിയ ഇന്ത്യൻ ഫുട്‍ബോളിലെ പത്തു ഇതിഹാസങ്ങളെ പരിചയപെടുത്തുന്ന പംക്‌തി അവസാനിപ്പിക്കാൻ ഇതിലും നല്ലൊരു താരവും ഇതിലും നല്ലൊരു ദിവസവും കിട്ടാനില്ല.. 
പ്രിയ സുനിൽ ഛേത്രിക്ക് സൗത്ത് സോക്കേഴ്സ് കുടുംബത്തിന്റെ ഒരായിരം ജന്മദിനാശംസകൾ.

ഇന്ത്യൻ ഫുട്ബോൾ പത്തു ഇതിഹാസ താരങ്ങൾ എന്നാ ഈ ലേഖന പരമ്പര തയ്യാറാക്കിയത് അബ്ദുൽ റസാഖ് സൗത്ത് സോക്കേഴ്സ് 

1 comment:

Labels

Followers