Showing posts with label durand cup. Show all posts
Showing posts with label durand cup. Show all posts

Thursday, September 16, 2021

ഹൈദരാബാദ് എഫ്.സിയെ തകര്‍ത്ത് ഗോകുലം





ഡുറണ്ട് കപ്പില്‍ നിലവിലെ ചാംപ്യന്മാരായ ഗോകുലം കേരളാ എഫ്.സിക്ക് വിജയത്തുടക്കം. ഗ്രൂപ്പ് ഡിയിലെ മത്സരത്തില്‍ ശക്തരായ ഹൈദരാബാദ് എഫ്.സിയെ എതിരില്ലാത്ത ഒരു ഗോളിനാണ് ഗോകുലം പരാജയപ്പെടുത്തിയത്. ഘാനതാരം റഹീം ഒസ്മാനു ഗോകുലത്തിന്റെ വിജയഗോള്‍ നേടി.
ജയം ലക്ഷ്യമിട്ട് ഹൈദരാബാദ് എഫ്.സിയെ നേരിടാനെത്തിയ ഗോകുലം മത്സരത്തിലുടനീളം മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. 10 പേരായി ചുരുങ്ങിയിട്ടും പ്രതീക്ഷ കൈവിടാതെ പോരാടിയ ഗോകുലം അര്‍ഹിച്ച ജയത്തോടെ മൂന്ന് പോയിന്റ് നേടി പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി. രണ്ട് മത്സരങ്ങളില്‍ ഒരു ജയവും ഒരു സമനിലയുമടക്കം നാല് പോയിന്റാണ് ഗോകുലത്തിനുള്ളത്. നാല് പോയിന്റ് തന്നെയുള്ള ആര്‍മി റെഡ് ആണ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്.
മത്സരത്തിന്റെ തുടക്കം മുതല്‍ ആക്രമണ ഫുട്‌ബോളാണ് ഗോകുലം പുറത്തെടുത്തത്. ഹൈദരാബാദ് എഫ്.സിയുടെ ഗോള്‍ മുഖത്തേക്ക് നിരന്തരം മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഗോകുലത്തിന് ആദ്യ പകുതിയില്‍ ഗോളൊന്നും നേടാനായില്ല. ഒസ്മാനുവിന്റെയും എമില്‍ ബെന്നിയുടെയും ഗോള്‍ശ്രമങ്ങള്‍ ഹൈദരാബാദ് എഫ്.സി ഗോള്‍കീപ്പര്‍ ജോങ്‌ടെ മികച്ച പ്രകടനത്തിലൂടെ രക്ഷപ്പെടുത്തി. 

രണ്ടാം പകുതിയുടെ തുടക്കത്തിലാണ് ഗോകുലം ഗോള്‍ നേടിയത്. 47ാം മിനുട്ടില്‍ ബെനെസ്റ്റണ്‍ ബാരെറ്റോയുടെ ഗോള്‍ശ്രമം ഹൈദരാബാദ് ഗോള്‍കീപ്പര്‍ തടുത്തെങ്കിലും റീബൗണ്ടായി ലഭിച്ച പന്ത് മികച്ച ഷോട്ടിലൂടെ റഹീം ഒസ്മാനു വലയിലാക്കി. തൊട്ടടുത്ത നിമിഷം രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് ഗോകുലത്തിന്റെ എമില്‍ ബെന്നി പുറത്തായെങ്കിലും പ്രതീക്ഷ കൈവിടാതെ പൊരുതി കളിച്ച ഗോകുലം അര്‍ഹിച്ച ജയത്തോടെ നോക്കൗട്ട് സാധ്യത ഉറപ്പിച്ചു. അവസാന 30 മിനുട്ടില്‍ ഹൈദരാബാദ് എഫ്.സി മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഗോകുലം ഗോള്‍കീപ്പര്‍ അജ്മലിന്റെ മിന്നും സേവുകള്‍ ഗോകുലത്തിന് തുണയായി. മധ്യനിരയില്‍ മികച്ച പ്രകടനം കാഴ്ചവച്ച ഗോകുലത്തിന്റെ ക്യാപറ്റന്‍ ഷരീഫ് മുഹമ്മദിനെ മാന്‍ ഓഫ് ദ മാച്ചായി തിരഞ്ഞെടുത്തു. ഈ മാസം 19ന് നടക്കുന്ന ഗ്രൂപ്പ് ഡിയിലെ അവസാന മത്സരത്തില്‍ ഗോകുലം ആസാം റൈഫിളിനെ നേരിടും.

Sunday, September 12, 2021

ഗോകുലത്തിന് സമനിലപ്പൂട്ട്




വെസ്റ്റ് ബംഗാള്‍: ഡുറണ്ട് കപ്പില്‍ ഗോകുലം കേരളാ എഫ്.സിക്ക് സമനിലത്തുടക്കം. ഗ്രൂപ്പ് ഡിയില്‍ നടന്ന മത്സരത്തില്‍ ആര്‍മി റെഡ് ആണ് നിലവിലെ ചാംപ്യന്മാരായ ഗോകുലത്തിനെ 2-2ന് സമനിലയില്‍ തളച്ചത്. ഇന്ന് വൈകിട്ട് മൂന്നിന് വെസ്റ്റ് ബംഗാളിലെ കല്യാണി സ്റ്റേഡിയത്തിലായിരുന്നു മത്സരം. കളിയിലടനീളം മികച്ച പ്രകടനമാണ് ഇരുടീമുകളും പുറത്തെടുത്ത്. മത്സരത്തിന്റെ എട്ടാം മിനുട്ടില്‍ ഗോകുലം ലീഡെടുത്തു. ബോക്‌സിന് പുറത്ത് നിന്ന് ഒരു ലോങ്‌റേഞ്ചര്‍ ഷോട്ടിലൂടെ ഘാന താരം റഹീം ഒസ്മാനുവാണ് ഗോകുലത്തിനെ മുമ്പിലെത്തിച്ചത്. 30ാം മിനുട്ടില്‍ ജൈനിലൂടെ ആര്‍മി റെഡ് സമനിലഗോള്‍ കണ്ടെത്തി. ആദ്യ പകുതി അവസാനിക്കുന്നതിന് മുമ്പ് ബികാഷ് താപയിലൂടെ ആര്‍മി റെഡ് ഗോകുലത്തിനെതിരേ ലീഡെടുത്തു. 

രണ്ടാം പകുതിയുടെ തുടക്കം മുതല്‍ ആക്രമിച്ച് കളിച്ച ഗോകുലം 68ാം മിനുട്ടില്‍ അര്‍ഹിച്ച ഗോള്‍ കണ്ടെത്തി. പകരക്കാരനായെത്തിയ എല്‍വിസ് ചികത്താരയും റഹീമും നടത്തിയ മുന്നേറ്റത്തിനൊടുവില്‍ ചികത്താരയെ ബോക്‌സില്‍ വീഴ്ത്തിയതിന് ഗോകുലത്തിന് അനുകൂലമായി പെനാല്‍ട്ടി ലഭിച്ചു. കിക്കെടുത്ത ക്യാപ്റ്റന്‍ ഷരീഫ് അഹമ്മദിന് പിഴച്ചില്ല . ഇടത്തോട്ട് ചാടിയ ആര്‍മി റെഡ് ഗോള്‍കീപ്പറിനെ കാഴ്ചക്കാരനാക്കി ഷരീഫ് പോസ്റ്റിന്റെ വലത് മൂലയില്‍ പന്തെത്തിച്ചു. 87ാം മിനുട്ടില്‍ ഗോകുലം വീണ്ടും ഗോളിനരികിലെത്തിയെങ്കിലും ഗോള്‍പോസ്റ്റില്‍ തട്ടി മടങ്ങി. എമില്‍ ബെന്നിക്ക് പകരക്കാരനായെത്തിയ ജിതിന്‍ എം.എസിന്റെ ഗോള്‍ശ്രമം ഗോള്‍കീപ്പറെ മറികടന്നെങ്കിലും പോസ്റ്റില്‍ തട്ടി മടങ്ങി. കളിയിടനീളം ഗോകുലമായിരുന്നു മുന്നിട്ടുനിന്നത്. സമനിലയോടെ ഗോകുലം ഗ്രൂപ്പില്‍ മൂന്നാം സ്ഥാനക്കാരാണ്. ഒരു പോയിന്റാണ് ഗോകുലത്തിനുള്ളത്. രണ്ട് മത്സരത്തില്‍ നിന്ന് ഒരു ജയവും ഒരു സമനിലയുമടക്കം നാല് പോയിന്റോടെ ആര്‍മി റെഡ് ആണ് ഗ്രൂപ്പില്‍ ഒന്നാമത്. ഹൈദരബാദ് എഫ്.സിയാണ് രണ്ടാം സ്ഥാനത്തുള്ളത്.

Saturday, September 11, 2021

ഡ്യൂറൻഡ് കപ്പിനൊരുങ്ങി ഗോകുലം കേരള എഫ് സി





കോഴിക്കോട്, സെപ്റ്റംബർ  11 :  12 മലയാളികളും, നാലു വിദേശ താരങ്ങളും അടങ്ങുന്ന ശക്തമായ ടീമുമായി  ഗോകുലം കേരള എഫ് സി ഞായറാഴ്ച  ആർമി റെഡ് ടീമിന് എതിരെ ഡ്യൂറൻഡ് കപ്പിലെ ആദ്യ മത്സരത്തിൽ കളിക്കും. വൈകുന്നേരം മൂന്ന് മണിക്ക് കല്യാണി സ്റ്റേഡിയത്തിലാണ് കളിക്കുന്നത്. നിലവിലെ ചാമ്പ്യന്മാരാണ് ഗോകുലം കേരള എഫ് സി. 

ഗ്രൂപ്പ് ഡി യിൽ ആദ്യ മത്സരത്തിൽ ആസ്സാം റൈഫിൾസിനെ 4 - 1 ആർമി റെഡ് തോല്പിച്ചിരിന്നു. 

കഴിഞ്ഞ വർഷത്തെ പോലെ യുവ കളിക്കാർക്ക് അവസരം നൽകുന്ന രീതിയിലാണ് ഗോകുലം സ്‌ക്വാഡ് തിരഞ്ഞെടുത്തത്. ഗോകുലത്തിന്റെ റിസേർവ് ടീമിൽ നിന്നും മധ്യനിരക്കാരായ റിഷാദ് പി പി, അഭിജിത് കെ എന്നിവരെ ഈ വര്ഷം സീനിയർ ടീമിലേക്കു എടുത്തിട്ടുണ്ട്. 12 കേരള താരങ്ങളിൽ, 11 പേരും മലബാറിൽ  ഉള്ളവരാണ്. 

ഐ ലീഗ് വിജയികളായ ടീമിൽ നിന്നും 11 കളിക്കാരെ നിലനിർത്തുകയും ചെയ്‌തിട്ടുണ്ട്‌. അഫ്ഘാൻ താരവും ക്യാപ്റ്റനുമായ മുഹമ്മദ് ഷെരീഫിന്റെ കരാർ പുതുക്കുകയും, അമിനോ ബൗബാ, ചിസം എൽവിസ് ചിക്കത്താറ , റഹീം ഒസുമാനു എന്നീ വിദേശ താരങ്ങളെയും സൈൻ ഗോകുലം ഈ വര്ഷം സൈൻ ചെയ്തു. 

"ഞങ്ങളുടെ ലക്‌ഷ്യം ഡ്യൂറൻഡ് കപ്പ് വിജയിക്കുകയാണ്. കഴിഞ്ഞ വര്ഷം പോലെ ഈ വർഷവും ഗോകുലത്തിനു നല്ല ടീമുണ്ട്. കപ്പ് കോഴിക്കോട്ടെക് കൊണ്ട് വരുവാൻ ഞങ്ങൾ പരമാവധി ശ്രമിക്കും," ഗോകുലം കേരള എഫ് സി ഹെഡ് കോച്ച് വിൻസെൻസോ ആൽബർട്ടോ അന്നീസ്‌ പറഞ്ഞു. 

ഡ്യൂറൻഡ് സ്‌ക്വാഡ് 

ഗോൾകീപ്പർ: രക്ഷിത് ദാഗർ, അജ്മൽ പി എ, വിഗ്നേശ്വരൻ ഭാസ്കരൻ

പ്രതിരോധനിരക്കാർ: അമിനോ ബൗബാ, അലക്സ് സജി, പവൻ കുമാർ, മുഹമ്മദ് ജാസിം, മുഹമ്മദ് ഉവൈസ്, ദീപക് സിംഗ്, അജിൻ ടോം, 

മധ്യനിര: എമിൽ ബെന്നി, മുഹമ്മദ് റഷീദ്, ഷെരീഫ് മുഹമ്മദ്, സോഡിങ്ലിയാന, റിഷാദ് പി പി, അഭിജിത് കെ, ചാൾസ് ആനന്ദരാജ് 

ഫോർവേഡ്സ്: ചിസം എൽവിസ് ചിക്കത്താറ,  റഹീം ഒസുമാനു, ജിതിൻ എം എസ്, റൊണാൾഡ്‌ സിംഗ്, സൗരവ്, ബെന്നസ്റ്റാൻ, താഹിർ സമാൻ.

Saturday, September 21, 2019

ഐ. എസ്. എൽ ടീമുകളോട് കൊമ്പുകോർക്കാൻ ഗോകുലം


ഡ്യുറണ്ട്‌ കപ്പ് ജേതാക്കളായ കേരളത്തിന്റെ സ്വന്തം ഐ ലീഗ് ടീമായ ഗോകുലം കേരള പ്രീസീസണ് പൂരത്തിലേക്ക്. ഐ. എസ്. എൽ ടീമുകളാണ് തങ്ങളുടെ പ്രീസീസൻ മത്സരങ്ങളുടെ ഭാഗമായി ഗോകുലത്തിനോട് ഏറ്റുമുട്ടുന്നത്. മുംബൈ എഫ്. സി, ബാംഗ്ലൂർ, അത്ലറ്റികോ ഡി കൊൽക്കത്ത, ജംഷെഡ്പൂർ, ചെന്നൈ എന്നി ക്ലബുകളാണ് ഇതിനോടകം താൽപ്പര്യം പ്രകടിപ്പിച്ചിട്ടുള്ളത്. ഇത്തവണ ഐഎസ്എൽ ക്ലബുകൾ എല്ലാം ഇൻഡ്യയിൽ തന്നെയാണ് പ്രീസീസൻ കളിക്കുന്നത്.


SouthSoccers - Together for Football

Wednesday, August 28, 2019

അപ്രതീക്ഷിതമായി ഒരു കൂടിക്കാഴ്ച്ച.


ജോലിത്തിരക്ക് മൂലം ഡ്യൂറണ്ട് കപ്പ് ഫൈനലോ സെമിയോ ഒന്നും കാണാൻ സാധിച്ചില്ല. എന്നാലും സോഷ്യൽ മീഡിയയിലൂടെ ഗോകുലത്തിന്റെ വിജയവാർത്തകൾ അറിയാൻ സാധിച്ചിരുന്നു.ചങ്ക് ബ്രോ ഉബൈദും കൂട്ടരും നേടിയ വിജയത്തിന്റെ വാർത്തകൾ കേട്ട് അഭിമാനം കൊണ്ട് കണ്ണു നിറഞ്ഞു പതീറ്റാണ്ടുകൾക്ക് ശേഷം ഏഷ്യയിലെ പഴക്കമേറിയ ടൂർണമെന്റ് കിരീടം മലയാളമണ്ണിൽ എത്തിച്ചതിൽ ഏറെ ആവേശം കൊണ്ടിരുന്നു. എന്നാൽ ടീമിനെ എയർപോർട്ടിൽ സ്വീകരിക്കാനോ റൂമിൽ പോയി കാണാനോ സാധിച്ചില്ല.ഫുട്ബോൾ സഹയാത്രികനായ അമീർ ബാബു മണ്ണാർക്കാട് നിന്ന് വന്ന് അവരെ കണ്ടത് കൂടി അറിഞ്ഞപ്പോൾ അസൂയയും സങ്കടവും തോന്നി. എന്നാൽ എന്നെ ഞെട്ടിച്ചുകൊണ്ട് 'ഉബുവും' ഷംനാദും ഇന്ന് രാവിലെ എന്റെ ഷോപ്പിൽ വന്നത് അപ്രതീക്ഷിതമായിരുന്നു. 

കോഴിക്കോട് ടൗണിൽ പോയിരുന്ന എന്നെ തേടി ഞാൻ ജോലി ചെയ്യുന്ന ഒയാസിസ്‌ ഗ്രാൻഡ് മാർട്ടിൽ രണ്ടു സുഹൃത്തുക്കൾ എത്തിയെന്നു കേട്ടപ്പോൾ ആരാണെന്ന് അന്വേഷിച്ചു. രണ്ടു ഗോകുലം താരങ്ങൾ ആണെന്നായിരുന്നു സൂപ്പർവൈസറുടെ മറുപടി.  സന്തോഷവും അഭിമാനവും തോന്നിയ നിമിഷം.അവരോട്  കുറെയേറെ ചോദിച്ചറിയാനുണ്ടായിരുന്നു. എന്നാൽ നാട്ടിൽ പോകുന്നതിന്റെ തിരക്കുകൾ കാരണം ചുരുങ്ങിയ സമയമേ അവരെ കയ്യിൽ കിട്ടിയുള്ളൂ. എന്നാലും പരിമിതമായ സമയത്തിനുള്ളിൽ കുറെ കാര്യങ്ങൾ സംസാരിച്ചു.
ഗോകുലം ഡ്യൂറണ്ട് കപ്പിന് തയ്യാറെടുത്തത് മുതൽ ആരാധകരെ പോലെ കളിക്കാരും ആവേശത്തിലായിരുന്നു. ഐ ലീഗിന് മുന്നോടിയായുള്ള പ്രീ സീസൺ ടൂർണമെന്റ് എന്നതിനേക്കാൾ ഏഷ്യയിലെ ഏറ്റവും പഴക്കമേറിയ ടൂർണമെന്റ് പുനരാരംഭിക്കുന്നു, അതിൽ കേരളത്തെ പ്രതിനിധികരിച്ചു കൊണ്ട് ഗോകുലം കളിക്കുന്നു. കഴിവ് തെളിയിക്കാൻ കിട്ടിയ മികച്ച അവസരം. ക്യാപ്റ്റൻ മാർക്കസ്ജോസെഫ് മികച്ച പ്രകടനത്തിലൂടെ ഗോൾഡൻ ബൂട്ടും ഗോൾഡൻ ബോളും സ്വന്തമാക്കി.ഉബൈദ് ഗോൾഡൻ ഗ്ലൗവും  സെമിയിലെ പെനാൽറ്റി ഷൂട്ടൗട്ടിൽ ഉബൈദിന്റെ സമ്മർദ്ദത്തെ കുറിച്ച് ചോദിച്ചപ്പോൾ സ്വതസിദ്ധമായ ചിരിയോടെ പറഞ്ഞു. ഓരുടെ ഓരോ കളിക്കാരെക്കുറിച്ചും എനക്ക് നല്ല വ്യക്തമായ ധാരണ ഉണ്ടായിരുന്നു. അത് ഒരു മേൽകൈ തന്നു. പിന്നെ പരിശ്രമവും ദൈവാനുഗ്രഹവും. മുൻപ് തനിക്ക് ഏറെ പിന്തുണ നൽകിയതും പ്രോത്സാഹിപ്പിച്ചിരുന്നതും ഈസ്റ്റ്‌ ബംഗാൾ ആരാധകർ ആയിരുന്നു എങ്കിലും കളത്തിൽ എതിർപക്ഷത്തായിരുന്നത് ദൈവനിശ്ചയമായിരുന്നിരിക്കാം. അവരുടെ ടീമിൽ കളിക്കുമ്പോൾ തന്ന സ്നേഹത്തെ കുറിച്ച് പറയുവാൻ വാക്കുകളില്ല. മാർക്കസിന്റെ പ്രകടനത്തെ കുറിച്ച് ചോദിച്ചപ്പോൾ ഷംനാദ് ഒറ്റവാക്കിൽ ഉത്തരം പറഞ്ഞു.. 'എക്സ്ട്രാ ഓർഡിനറി..'ഗോകുലത്തിന്റെ കരുത്തനായ സ്‌ട്രൈക്കർ തന്നെയാണ് ടൂർണമെന്റിന്റെ  പ്രധാന താരം എന്നത് ടീമിന്റെ ആവേശം ഇരട്ടിയാക്കി. മോഹൻ ബഗാനെതിരെ വഴങ്ങിയ ഗോളിനെ കുറിച്ച് ചോദിച്ചപ്പോൾ ഉബൈദ് പറഞ്ഞത് ഇങ്ങനെ. ഗോൾ വീണതിൽ ഒന്നു പതറിയെങ്കിലും പിന്നീട് മനസ്സാന്നിധ്യം വീണ്ടെടുത്തു. കൂടുതൽ പിഴവുകൾ വരാതിരിക്കാൻ പരമാവധി ശ്രമിച്ചു. ഫൈനൽ ആണെന്നതും എതിരാളികളെ കുറിച്ചുള്ള ബോധവും കൃത്യമായി ബോളുകൾ നേരിടാൻ മനസ്സിനെ പ്രാപ്തനാക്കി.
വിജയം ആഘോഷിക്കുന്നതിനിടക്ക് ഒരു സ്റ്റാഫ് മാത്രം പൊട്ടിക്കരയുന്ന വീഡിയോ കണ്ടു. അതാരാണെന്ന് ചോദിച്ചപ്പോൾ തങ്ങളുടെ ഫിസിയോയെ കുറിച്ച് പറയാൻ ഉബൈദിനും ഷംനാദിനും നൂറു നാക്കാണ്.


അദ്ദേഹത്തിന്റെ കഴിവിലാണ് ഫിറ്റ്നെസ്സോടെ കളിക്കാൻ സാധിച്ചതു. എതിർ താരങ്ങൾക്ക് പലപ്പോഴും ക്രാമ്പും ഇഞ്ചുറിയും നേരിട്ടെങ്കിലും തങ്ങൾക്ക് അത്തരമൊരു വിഷമഘട്ടം നേരിടേണ്ടി വന്നില്ല.മികച്ച സഹകരണമായിരുന്നു അദ്ദേഹത്തിന്റെത്.
കോച്ച് സാന്റിയാഗോ സാർ , ടെക്‌നിക്കൽ ഡയറക്ടർ ബിനോ സാർ എന്നിവരുടെ തന്ത്രങ്ങളും യഥാസമയത്തുള്ള ചേഞ്ചുകളും കളികളുടെ ഗതി നിർണയിക്കുന്നവയായിരുന്നു.ടീമിലുള്ള എല്ലാവരും ഒരേ മനസ്സോടെ പൊരുതിയതിന്റെ ഫലമാണ് നമ്മൾ നേടിയ ഈ നേട്ടം..സപ്പോർട്ടിങ് സ്റ്റാഫും മികച്ച പിന്തുണ നൽകി.മുൻ സഹകളിക്കാരായ ജോബി, മിർഷാദ്, എന്നിവർ കിരീടനേട്ടത്തിൽ അഭിനന്ദിച്ചിരുന്നു.. ഈ സീസണിൽ മൂന്നും മൂന്നു വഴിക്കായിരുന്നു എന്ന് ഷംനാദ് കൂട്ടിച്ചേർത്തു. ജോബി എ ടി കെ യിലും മിർഷാദ് ഈസ്റ്റ്‌ ബംഗാളിലുമാണ്.മോഹൻ ബഗാനിൽ എത്തിയ സുഹൈറും ആശംസകളുമായി റൂമിൽ എത്തിയിരുന്നു.  പിന്നെ ഈ നേട്ടങ്ങളും സന്തോഷങ്ങളും തങ്ങളുടെ ആരാധകരായ ബറ്റാലിയക്കും കേരളത്തിലെ ഫുട്ബോൾ പ്രേമികൾക്കുമായി സമർപ്പിക്കുന്നു. അതുപോലെ പ്രളയ ദുരന്തത്തിൽ നിസ്സഹായരായ സഹോദരങ്ങൾക്കും.
എയർപോർട്ടിൽ തങ്ങളെ  സ്വീകരിക്കാൻ ബറ്റാലിയയുടെ നേതൃത്വത്തിൽ ആരാധകർ എത്തിയത് മനസ്സ് നിറച്ചു.



ഇനിയുള്ള പ്ളാനിനെ കുറിച്ച് ചോദിച്ചപ്പോൾ ഐ ലീഗിൽ കിരീടം നേടാൻ ഉറച്ചു തന്നെയാണ് ടീമും മാനേജ്മെന്റും തയ്യാറെടുക്കുന്നത് എന്നാണ് ഇരുവരുടെയും മറുപടി. കുറച്ചു പ്രീ സീസൺ മത്സരങ്ങൾക്ക് കൂടി സാധ്യതയുണ്ടെന്നു സൂചിപ്പിച്ചപ്പോൾ ബ്ലാസ്റ്റേഴ്‌സുമായുള്ള ഒരു മത്സരത്തിന്റെ സാധ്യത അന്വേഷിച്ചപ്പോൾ ഗോകുലം തയ്യാറാണ്, ബ്ലാസ്റ്റേഴ്‌സ് കൂടി സഹകരിച്ചാൽ നടക്കും എന്നാണ് മറുപടി ലഭിച്ചത്.

എന്റെ സൂപ്പർമാർക്കറ്റിന്റെ ഭാഗമായ കാക്റ്റസ് റെസ്റ്റോ കഫെയിൽ നിന്നും അല്പം സ്നേഹസൽകാരവും കഴിഞ്ഞ ശേഷമാണ് ഞങ്ങൾ പിരിഞ്ഞത്.വീണ്ടും വരുമെന്ന പ്രതീക്ഷയോടെ അവരെ യാത്രയാക്കി.
📝
അബ്ദുൾ റസാക്ക്
സൗത്ത് സോക്കേഴ്സ്

Wednesday, August 21, 2019

നിസാരം ! ഷൂട്ടൗട്ടിൽ രക്ഷകനായി ഉബൈദ്; ഗോകുലം കേരള ഡ്യൂറന്റ് കപ്പ് ഫൈനലിൽ


ഈസ്റ്റ് ബംഗാളിനെ പെനാൽട്ടി ഷൂട്ടൗട്ടിൽ കീഴടക്കി കേരളത്തിന്റെ സ്വന്തം ഗോകുലം കേരള എഫ്സി ഡ്യൂറന്റ് കപ്പ് ഫൈനലിൽ. പെനാൽട്ടി ഷൂട്ടൗട്ടിൽ ഈസ്റ്റ് ബംഗാളിന്റെ രണ്ടു പെനാൽട്ടി സേവ് ചെയ്ത് കണ്ണൂർകാരൻ ഉബൈദാണ് ഗോകുലത്തിന്റെ വിജയ ശില്പി


ഫൈനൽ ലക്ഷ്യമാക്കി ഇറങ്ങിയ ഗോകുലത്തിന് തുടക്കത്തിൽ തന്നെ ഗോൾ വഴങ്ങേണ്ടി വന്നു. ഉബൈദിന്റെ പിഴവിൽ നിന്നും ലഭിച്ച ബോൾ ഉഗ്രൻ ഗോളിലൂടെ വലയിലാക്കി സമദ് അലീ ഈസ്റ്റ് ബംഗാളിനെ മുന്നിലെത്തിച്ചു. ഗോൾ വീണത്തോടെ ഗോകുലം നിരന്തരം ആക്രമണങ്ങൾ നടത്തിയെങ്കിലും ഒന്നും ലക്ഷ്യം കാണാൻ കഴിഞ്ഞില്ല. എന്നാൽ ഇഞ്ചുറി ടൈമിൽ ഗോകുലം നടത്തിയ മികച്ച മുന്നേറ്റം ഗോകുലത്തിന് പെനാൽട്ടി സമ്മാനിച്ചു. കിക്ക് എടുക്കാൻ വന്ന ക്യാപ്റ്റൻ ജോസഫ് ഗോൾ വലയിലാക്കി. ടൂർണമെന്റിലെ ഗോൾ നേട്ടം 9 ആക്കി ഉയർത്തി.  എക്സ്ട്രാ ടൈമിലും സമനിലയിൽ പിരിഞ്ഞതോതെ മത്സരം ഷൂട്ടൗട്ടിലേക്ക് കടന്നു. ഈസ്റ്റ് ബംഗാളിന്റെ രണ്ടു കിക്കുകൾ രക്ഷപ്പെടുത്തി ഉബൈദ് ഗോകുലത്തിന്റെ  ഹീറോ ആയി.



ഇന്ന് നടക്കുന്ന രണ്ടാം സെമിഫൈനലിലെ വിജയികളെ ഗോകുലം ഫൈനലിൽ നേരിടും. മോഹൻബഗാനും റയൽ കാശ്മീരും തമ്മിലാണ് രണ്ടാം സെമി

Labels

Followers