Showing posts with label IM VIJAYAN. Show all posts
Showing posts with label IM VIJAYAN. Show all posts

Sunday, July 26, 2020

“വെള്ളത്തിലെ കളി”|കഥ-11 | ആനപ്പറമ്പിലെ വേൾഡ് കപ്പ് സമർപ്പിക്കുന്ന | 'കാൽപ്പന്തിന്റെ 101 കഥകൾ' |


കാല്‍പ്പന്തിന്റെ ചരിത്രത്തിലൂടെ ആദ്യമൊരു ത്വരിതസഞ്ചാരം നടത്താം. കാറ്റ് നിറച്ച തുകല്‍പ്പന്ത് ആദ്യമായി തട്ടിയത് എവിടെയാണ് ...?  വ്യക്തമായ ഉത്തരമില്ല. ആറായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഫുട്‌ബോളുണ്ട്. ആദ്യം ഈ കളി അരങ്ങേറിയത് തെരുവിലായിരുന്നുവെന്ന് പറയപ്പെടുന്നു. നമ്മള്‍ ഇന്ന് കാണുന്നത് പോലെ ഗോള്‍ പോസ്റ്റുകള്‍ ഇരുഭാഗത്തും നാട്ടിയുള്ള കളിയായിരുന്നില്ല അത്. ഇറ്റലിയിലെ ഫ്‌ളോറന്‍സ് നഗരത്തില്‍ പന്തുമായി എത്തുന്നവര്‍ രണ്ട് ഭാഗത്തായി അണിനിരക്കും. പിന്നെ ആ പന്തില്‍ ഒന്ന് തൊടാനായുള്ള മല്‍സരമായിരുന്നു ആദ്യകാല ഫുട്‌ബോളെന്ന് പറയപ്പെടുന്നു. ഫുട്‌ബോളിനൊരു സംഘടിത രൂപമായത് 19-ാം നൂറ്റാണ്ടില്‍ മാത്രമാണ്. ആധുനിക ഒളിംപിക്‌സിന്റെ വരവും പിന്നെ ഫിഫയുടെ രൂപീകരണവുമെല്ലാമായപ്പോള്‍ കളിക്കൊരു പ്രൊഫഷണല്‍ ചിത്രം രൂപപ്പെട്ടു. കളിമുറ്റങ്ങള്‍ എന്നത് കളിയുടെ പശ്ചാത്തല സൗന്ദര്യത്തിന്റെ അടിസ്ഥാനമായി. എവിടെയും കളിച്ചാല്‍ അത് ഫുട്‌ബോളാവില്ലെന്നും നിയതമായ ചട്ടക്കൂട്ടില്‍ മൈതാനങ്ങള്‍ വേണമെന്നും അവിടെയാണ് മല്‍സരങ്ങള്‍ നടക്കേണ്ടതെന്നും നിശ്ചയിക്കപ്പെട്ടു. ആദ്യം കളിമണ്‍ മൈതാനങ്ങളായിരുന്നു. കളിക്കാരുടെ കാലുകളില്‍ ബൂട്ടുണ്ടായിരുന്നില്ല. പന്തിന് വേണ്ടിയുള്ള നഗ്നപാദ ഓട്ടം എന്ന് വേണമെങ്കില്‍ അതിനെ വിശേഷിപ്പിക്കാം. ഇന്ത്യന്‍ ഫുട്‌ബോളിലേക്കൊന്ന് നോക്കിയാല്‍ ഒരു തവണ ലോകകപ്പ് യോഗ്യത നേടിയവരാണ് നമ്മള്‍. പക്ഷേ അന്ന് കളിക്കാര്‍ക്കാര്‍ക്ക് അണിയാന്‍ ബൂട്ടുണ്ടായിരുന്നില്ല. അങ്ങനെ ലോകകപ്പില്‍ കളിക്കാനുമായില്ല. പക്ഷേ കളിയുടെ രൂപപരിണാമങ്ങളിലെല്ലാം വ്യക്തമായി കണ്ട സത്യം മൈതാനങ്ങളുടെ വളര്‍ച്ചയാണ്. നല്ല മൈതാനങ്ങളാവുമ്പോള്‍ കളിക്കാര്‍ക്കത് വലിയ ഊര്‍ജ്ജമാണ്. ബ്രസീലിലെ മരക്കാന സ്‌റ്റേഡിയം, ലണ്ടനിലെ വെംബ്ലി സ്‌റ്റേഡിയം, മാഡ്രിഡിലെ സാന്‍ഡിയാഗോ ബെര്‍ണബു, കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സ്, ജോഹന്നാസ്ബര്‍ഗ്ഗിലെ വാണ്ടറേഴ്‌സ് സ്‌റ്റേഡിയം, മെല്‍ബണിലെ എം.സി.ജി..... ഈ കളിമുറ്റങ്ങളെല്ലാം വിഖ്യാതങ്ങളാണ്.  വിഖ്യാത കായിക മാമാങ്കങ്ങളെല്ലാം അരങ്ങേറുന്നത് ഇവിടങ്ങളിലാണല്ലോ..ലോകത്തെ അറിയപ്പെടുന്ന കളിമുറ്റങ്ങളെല്ലാം ഭൂമിയിലാണ്-അഥവാ കരയിലാണ്. എന്നാല്‍ തായ്‌ലാന്‍ഡ് എന്ന ദ്വീപ് രാജ്യത്തേക്ക് പോയാല്‍ അവിടെ വെള്ളത്തിലും കാണാം ഫുട്‌ബോള്‍ മൈതാനം. ആ കഥയാണിന്ന്....

വെള്ളത്തിലെ കളി

ഇത് കോഹ്പാനി എന്ന ദ്വീപാണ്. തായ്‌ലാന്‍ഡ് എന്ന വലിയ രാജ്യത്തിന്റെ തെക്ക് ഭാഗത്തുള്ള കൊച്ചു ദ്വീപുകൡ ഒന്ന്. ദ്വീപാവുമ്പോള്‍ ജീവിത മാര്‍ഗം എന്താണെന്ന് പറയേണ്ടതില്ലല്ലോ... മല്‍സ്യബന്ധനം തന്നെ. ഈ ദ്വീപിന്റെ കാഴ്ച്ച തന്നെ പ്രകൃതിയുടെ സൗന്ദര്യമാണ്. നമ്മള്‍ സാഹിത്യ ഭാഷയില്‍ പറയാറില്ലേ പ്രകൃതിയുടെ വരദാനമെന്നെല്ലാം. അത് തന്നെ. മെയിന്‍ ലാന്‍ഡില്‍ നിന്നും ബോട്ട് മാര്‍ഗ്ഗം വരണം. കൃത്യം 20 മിനുട്ട് യാത്ര. ആ യാത്രയാണ് ആദ്യത്തെ ആവേശം. ജലനൗകയിലെ യാത്രയില്‍ തന്നെ ആസ്വദിക്കാം മനോഹര കാഴ്ച്ചകള്‍. നമ്മുടെ കുട്ടനാടന്‍ വഞ്ചിയാത്ര പോലെ ഇരുഭാഗങ്ങളിലും സാഗരത്തിന്റെ തലോടല്‍ പോലെ ചെറിയ കുടിലുകളും മല്‍സ്യബന്ധകരും തെങ്ങിന്‍ തോപ്പുകളുമെല്ലാമായി ആസ്വാദനത്തിന്റെ ചിറകില്‍ സന്തോഷത്തിന്റെ യാത്രയാണത്. രണ്ടായിരത്തില്‍ താഴെ ആളുകള്‍ മാത്രമാണ് ഈ ദ്വീപിലുള്ളത്. ഇവരുടെ ജീവിതം തന്നെ സത്യത്തില്‍ സാഹിസകമാണ്. വെള്ളത്തിന് മുകളില്‍ തട്ടടിച്ച് ഉയര്‍ത്തിയത് പോലെയാണ് വീടുകള്‍. ഒരു സുനാമി വന്നാലോ എന്ന് ചിന്തിച്ചാല്‍ പിന്നെ ഒന്നുമില്ല. പക്ഷേ ഈ ദ്വീപുകാര്‍ക്ക് അത്തരത്തിലുള്ള ചിന്തകളൊന്നുമില്ല. അവര്‍ കടലിനോട് സല്ലപിച്ചും കലഹിച്ചും ജീവിതത്തെ ആസ്വദിക്കുന്നു. മല്‍സ്യബന്ധനം കഴിഞ്ഞാലുള്ള പ്രധാന വിനോദമെന്നത് ഫുട്‌ബോളാണ്. ഇഷ്ടതാരങ്ങള്‍ മെസിയും കൃസ്റ്റിയാനോയും. പക്ഷേ എവിടെ കളിക്കുമെന്ന ചോദ്യത്തിന് മുന്നില്‍ എല്ലാവരും നിസ്സഹായരായി. കളിക്കാന്‍ കഴിഞ്ഞില്ലെങ്കിലെന്താ ടെലിവിഷനില്‍ കളി കാണാമല്ലോ എന്നായി ഒരു കൂട്ടര്‍. എന്നുമിങ്ങനെ കളി മാത്രം കണ്ട് കൊണ്ടിരുന്നിട്ട് എന്ത് കാര്യമെന്നായി യുവാക്കള്‍. ആ ചോദ്യത്തില്‍ നിന്നും വിരിഞ്ഞ ഉത്തരമായിരുന്നു വെള്ളത്തിന് മുകളില്‍ തട്ടടിച്ച് നല്ല ഒരു ഫുട്‌ബോള്‍ ടര്‍ഫ് പണിയുകയെന്നത്.
ആദ്യമാദ്യം സീനിയേഴ്‌സ് സഹകരിച്ചില്ല. സാധാരണ വീടിന് തട്ടടിക്കുന്നത് പോലെയല്ലല്ലോ ഫുട്‌ബോള്‍ ടര്‍ഫിന് തട്ടടിക്കുക എന്നത്.നല്ല ബലവും ഒപ്പം ഒരിക്കലും തകരാത്ത രീതിയിലുള്ള അടിത്തറയും വേണം. എഞ്ചിനിയേഴ്‌സുമായി ആലോചന നടത്തിയപ്പോള്‍ അവര്‍ക്കുമത് ഇഷ്ടമായി. അങ്ങനെ തട്ടടിക്കാന്‍ പാകത്തില്‍ വലിയ മരങ്ങള്‍ തേടി. അത് ലഭിച്ചപ്പോള്‍ നാട്ടുകാര്‍ തന്നെ രംഗത്തിറങ്ങി. അങ്ങനെ ആദ്യം വലിയ അട്ടിത്തറയൊരുക്കി. അതിന് മുകളില്‍ തട്ടടിച്ചു. വലിയ മരത്തിന്റെ പലകകള്‍ ഉപയോഗിച്ചുള്ള തട്ടിന് മുകളില്‍  നമ്മള്‍ ഇപ്പോള്‍ ടര്‍ഫില്‍ ഉപയോഗിക്കാറുള്ളത് പോലെ കൃത്രിമ പുല്ലിന്റെ പിച്ച് വിരിച്ചു. പിന്നെ ചുറ്റും താല്‍കാലിക വേലിയൊരുക്കി. അതിന് മുകളില്‍ നെറ്റ് വിരിച്ചു. കളിക്കുമ്പോള്‍ പന്ത് വെള്ളത്തിലേക്ക് പോയാല്‍ പിന്നെ പ്രയാസമാവുമല്ലോ...
ഇത്രയുമായപ്പോള്‍ മൈതാനത്തിന്റെ പൂര്‍ണതക്കായി കരയില്‍ നിന്നും വിദഗ്ധരെ വിളിച്ചു. അവരെത്തി യഥാര്‍ത്ഥ ഫൈവ്‌സ് പിച്ച് പോലെ ഫുട്‌ബോള്‍ നിയമങ്ങള്‍ അനുശാസിക്കുന്ന തരത്തില്‍ കൊച്ചു മൈതാനമുണ്ടാക്കി. ആദ്യം നാട്ടുകാര്‍ മാത്രമായിരുന്നു കളിച്ചത്. പിന്നെ പിന്നെ കാര്യമറിഞ്ഞ് അയല്‍പക്കക്കാര്‍ വരാന്‍ തുടങ്ങി. അവര്‍ക്കുമത് ഹരമായി. അവരും പന്തുമായി വരാന്‍ തുടങ്ങി. അങ്ങനെ മല്‍സരങ്ങളായി. തായ്‌ലാന്‍ഡ് എന്നാല്‍ വിനോദ സഞ്ചാരികളുടെ പറദീസയായതിനാല്‍ വെള്ളത്തിന് മുകളിലെ ഫുട്‌ബോള്‍ മൈതാനം പെട്ടെന്ന് വലിയ വാര്‍ത്തയായി. സഞ്ചാരികളുടെ പ്രധാന താവളമായി അങ്ങനെ കോഹ്പാനി എന്ന ദ്വീവ്. ഇപ്പോള്‍ ഇവിടെ നിരന്തരം മല്‍സരങ്ങളാണ്.
കരയില്‍ കളിക്കുന്ന അതേ കരുത്തില്‍ ഇവിട കളിക്കാം. പക്ഷേ കോഹ്പാനി ടീമിനെ തോല്‍പ്പിക്കുക എളുപ്പമല്ല. കളിക്കുമ്പോള്‍ കടലില്‍ നിന്നുമടിക്കുന്ന വശ്യമായ കാറ്റുണ്ട്. അതിനൊപ്പം ചലിക്കണമെങ്കില്‍ അനുഭസമ്പത്ത് തന്നെ വേണം. ലാറ്റിനമേരിക്കന്‍ രാജ്യമായ ഇക്വഡോര്‍ അറിയില്ലേ... അവിടെ ക്വറ്റ എന്ന സ്ഥലമുണ്ട്. സമുദ്ര നിരപ്പില്‍ നിന്നും വളരെ ഉയരത്തിലുള്ള ഈ വേദിയില്‍ കളിക്കുകയെന്നത് സന്ദര്‍ശക ടീമുകള്‍ക്ക് വലിയ വെല്ലുവിളിയാണ്. പലപ്പോഴും ശ്വാസം പോലും കിട്ടില്ല. അത് പോലെയാണ്  കോഹ്പാനിയിലെ കൊച്ചുവേദി. കടലിനെയും കടല്‍കാറ്റിനെയും അറിയുന്നവര്‍ക്കാണ് ഇവിടെ സുന്ദരമായി കളിക്കാനാവുക. കോഹ്പാനിയില്‍ നിന്നും ഇതിനകം രണ്ട് കളിക്കാര്‍ തായ്‌ലാന്‍ഡ് ദേശീയ ടീമിലെത്തിയിട്ടുണ്ട്.
കോഹ്പാനി മൈതാനത്തിന്റെ വലിയ രൂപം 2022 ലെ ഖത്തര്‍ ലോകകപ്പില്‍ ശരിക്കും കാണാം. അവിടെയും വലിയ മൈതാനമുയരുന്നുണ്ട്-വെള്ളത്തിന് മുകളില്‍.....

കമാൽ വരദൂർ 🖋️

ആനപറമ്പിലെ വേൾഡ് കപ്പ് ഒരുക്കുന്ന കമാൽവരദൂർ എഴുതുന്ന 101 ഫുട്ബോൾ കഥകൾ നിങ്ങൾക്ക് സൗത്ത് സോക്കേഴ്സിലൂടെ വായിക്കാം 

Monday, July 13, 2020

"എല്‍ ക്ലാസിക്കോ" |കഥ-8| ആനപ്പറമ്പിലെ വേൾഡ് കപ്പ് സമർപ്പിക്കുന്ന | 'കാൽപ്പന്തിന്റെ 101 കഥകൾ' |


കളിയെന്നാല്‍ അത് എല്‍ ക്ലാസിക്കോയാണെന്ന് പറയാത്ത ഫുട്‌ബോള്‍ സ്‌നേഹികളില്ല. ലോകത്തെ സമ്പന്നമായ രണ്ട് ഫുട്‌ബോള്‍ ക്ലബുകള്‍-ബാര്‍സിലോണയും റയല്‍ മാഡ്രിഡും. അവര്‍ തമ്മില്‍ സ്പാനിഷ് ലാലീഗയില്‍ എല്ലാ വര്‍ഷവും രണ്ട് തവണ ഏറ്റുമുട്ടും. ഇതാണ് എല്‍ ക്ലാസിക്കോ മല്‍സരങ്ങള്‍ എന്ന് വിശേഷിപ്പിക്കുന്നത്. ചരിത്രത്തിലെ ഏറ്റവും മികച്ച എല്‍ ക്ലാസിക്കോ പോരാട്ടം ഏതെന്ന് ഫുട്‌ബോള്‍ പണ്ഡിതരോട് ചോദിച്ചാല്‍ അവരുടെ ഉത്തരത്തില്‍ ഒരു മല്‍സരമുണ്ടാവല്ല. കാരണം എല്ലാ മല്‍സരങ്ങളും എല്ലാ കാലത്തും തട്ടുതകര്‍പ്പനാണ്. ഈ സീസണ്‍ തന്നെ നോക്കു- രണ്ട് പേരും പോയിന്റ് നിലയില്‍ ഒപ്പത്തിനൊപ്പം നില്‍ക്കുന്നു. കൃസ്റ്റിയാനോ റൊണാള്‍ഡോ റയല്‍ മാഡ്രിഡിന്റെ താരമായിരുന്ന കാലത്ത് എല്‍ ക്ലാസിക്കോ എന്നത് റൊണാള്‍ഡോയും ലിയോ മെസിയും തമ്മിലുളള അങ്കങ്ങളായിരുന്നു. ഫുട്‌ബോള്‍ എന്നത് പലപ്പോഴും യുദ്ധങ്ങളാണ്. ലോകകപ്പ് ചരിത്രമെടുത്താല്‍ അത് രാഷ്ട്രങ്ങള്‍ തമ്മിലുളള പോരാട്ടങ്ങളാണ്. ബ്രസീലും അര്‍ജന്റീനയും ഏറ്റുമുട്ടിയ മല്‍സരങ്ങളെല്ലാം രാജകീയമായിരുന്നു. ഇന്ത്യയും പാക്കിസ്താനും ക്രിക്കറ്റില്‍ ഏറ്റുമുട്ടുന്നത് പോലെയാണല്ലോ ബ്രസീല്‍-അര്‍ജന്റീന ഫുട്‌ബോള്‍ മല്‍സരങ്ങളെ വിശേഷിപ്പിക്കാറ്. രണ്ടും വലിയ ഫുട്‌ബോള്‍ രാജ്യങ്ങള്‍. ഒരേ വന്‍കരക്കാര്‍. അയല്‍ക്കാര്‍. പക്ഷേ കാല്‍പ്പന്തിന്റെ കാര്യം വരുമ്പോള്‍ അത് രാജ്യ യുദ്ധമാണ്. പെലെയെ ഉയര്‍ത്തിയാണ് എന്നും ബ്രസീല്‍ ഗാഥ. പെലെ കളിക്കുമ്പോഴും ഇപ്പോഴും അത് തന്നെ അവസ്ഥ. അര്‍ജന്റീനക്കാരുടെ ഇതിഹാസതാരം കൂറെ കാലം ഡിയാഗോ മറഡോണയായിരുന്നു. പക്ഷേ ഇപ്പോള്‍ ആ സ്ഥാനം മെസിക്കായി. രാജ്യത്തിന് ഇത് വരെ ലോകകപ്പോ കോപ്പ അമേരിക്കാ കിരീടമോ സമ്മാനിക്കാന്‍ മെസിക്കായിട്ടില്ലെങ്കിലും ലോക ഫുട്‌ബോള്‍ എന്നത് സത്യത്തില്‍ മെസിയാണെന്ന കാര്യം അര്‍ജന്റീനക്കാര്‍ക്കറിയാം. അതിനാല്‍ ഒരു ലോകകപ്പ് അദ്ദേഹം രാജ്യത്തിന് സമ്മാനിക്കുമെന്ന സ്വപ്‌നത്തിലാണ് അര്‍ജന്റീനക്കാര്‍. രാജ്യങ്ങള്‍ തമ്മിലുള്ള അങ്ക ചരിത്രത്തില്‍ എന്നും മുന്നില്‍ ബ്രസീല്‍-അര്‍ജന്റീന പോരാട്ടങ്ങളാണെങ്കില്‍ ക്ലബുകളുടെ ചരിത്രം നോക്കിയാല്‍ അത് ബാര്‍സിലോണയും റയല്‍ മാഡ്രിഡും തമ്മിലാണ്.

നഗര പോരാട്ടം
സത്യത്തില്‍ എല്‍ ക്ലാസിക്കോയെന്നത് നഗര ചരിത്രമാണ്. സ്‌പെയിന്‍ ലോക ഭൂപഠത്തില്‍ വലിയ രാജ്യമല്ല. പക്ഷേ ഫുട്‌ബോള്‍ ചരിത്രത്തില്‍ എന്നും സ്‌പെയിന്‍ വലിയ സ്ഥാനം നേടിയിട്ടുണ്ട്. രാജ്യത്തെ ഏറ്റവും വലിയ രണ്ട് പട്ടണങ്ങളാണ് മാഡ്രിഡും ബാര്‍സിലോണയും. മാഡ്രിഡ് രാജ്യ തലസ്ഥനാണ്. അവരാണ് സ്പാനിഷ് ദേശീയതയുടെ പ്രതീകം. എന്നാല്‍ ബാര്‍സിലോണയന്നത് കറ്റാലിയന്‍ ദേശീയതയുടെ വക്താകളും. കറ്റാാലിയന്‍ എന്നത് ഒരു ഭാഷയാണ്. ആ ഭാഷ സംസാരിക്കുന്നവരുടെ വലിയ ആവശ്യം ബാര്‍സിലോണ നഗരം ആസ്ഥാാനമാക്കി ഒരു സ്വതന്ത്ര രാജ്യം വേണമെന്നതാണ്. എന്നാല്‍ സ്പാനിഷ് ഭരണകൂടം ഒരിക്കലും അത് അനുവദിക്കുന്നില്ല. സ്വന്തം രാജ്യമെന്ന വാദവുമായി നിരന്തര സമരത്തിലാണ് കറ്റാലിയന്‍ ദേശീയ പ്രക്ഷോഭകാരികള്‍. ഇപ്പോഴും അവര്‍ സ്പാനിഷ് ദേശീയ ഭരണക്കൂടത്തെ അംഗീകരിക്കുന്നില്ല. അപ്പോള്‍ രണ്ട് നഗരങ്ങള്‍ മാത്രമല്ല ചിത്രത്തില്‍ വരുന്നത്. രണ്ട് ചിന്താഗതികള്‍ കൂടിയാണ്. അതിനാല്‍ എല്‍ ക്ലാസിക്കോ എന്നത് രണ്ട് കൂട്ടര്‍ക്കും ജീവന്മരണ പോരാട്ടമാണ്. തോറ്റാല്‍ അത് ദേശീയതയെ തന്നെ ബാധിക്കുന്ന വലിയ തിരിച്ചടിയായി മാറും. രാഷ്ട്രീയവും ഇവിടെ ശക്തമാണ്. റയല്‍ മാഡ്രിഡ് എന്നാല്‍ അത് ഭരണകൂടമാണ് എന്ന് പോലും ബാര്‍സിലോണക്കാര്‍ കുറ്റപ്പെടുത്താറുണ്ട്. ഈ ചരിത്രത്തില്‍ പോരാട്ടങ്ങള്‍ പലതുണ്ട്. അതിലെ രാഷ്ട്രീയമാണ് പിന്നീട് എല്‍ ക്ലാസിക്കോ പോരാട്ടങ്ങളിലും നിഴലിച്ചത്.
അഭിമാനമാണ് പലപ്പോഴും ഈ പോരാട്ടങ്ങളുടെ വലിയ വിലാസം. രണ്ട് ക്ലബുകളുടെയും ബാനറില്‍ നാട്ടുകാര്‍ അണിനിരക്കുന്ന കാഴ്ച്ചയില്‍ ഫുട്‌ബോള്‍ മൈതാനങ്ങളിലെ പോരാട്ടം പലപ്പോഴും ആഭ്യന്തര യുദ്ധങ്ങളെ പോലെയായിരുന്നു. പൊന്നും വിലക്ക് ക്ലബുകള്‍ വലിയ താരങ്ങളെ വാങ്ങും. യൂറോപ്യന്‍ ട്രാന്‍സ്ഫര്‍ വിപണിയില്‍ നിന്ന് ഏറ്റവും വലിയ താരങ്ങളെ വാങ്ങാനായി രണ്ട് ക്ലബുകളും എക്കാലത്തും മല്‍സരിച്ചു. ബാര്‍സിലോണയുടെ ചരിത്രമെടുത്താല്‍ വിഖ്യാതരെ പലരെയും കാണാം. അവരില്‍ ഒന്നാമന്‍ എന്ത് കൊണ്ടും മെസി തന്നെ. റയലിന്റെ ചരിത്രത്തില്‍ മുന്നില്‍ നില്‍ക്കുന്നത് റൊണാള്‍ഡോ തന്നെ. സിദാന്‍, റൊണാള്‍ഡോ, ലൂയിസ് ഫിഗോ, റൗള്‍ ഗോണ്‍സാലസ്, ഡേവിഡ് ബെക്കാം തുടങ്ങി ആധുനിക ഫുട്‌ബോളിലെ ഉന്നതരെല്ലാം റയലിന്റെ ജഴ്‌സിയില്‍ കളിച്ചവരാണ്.
ഈ രണ്ട് ക്ലബുകളുടെ ആസ്ഥാനങ്ങളും ചരിത്രമാണ്. റയലിന്റെ സ്വന്തം മൈതാനമായ സാന്‍ഡിയാഗോ ബെര്‍ണബു പലപ്പോഴും ദേശീയ പ്രതീകമാണ്. ഒരു ലക്ഷം പേര്‍ക്കാണ് ഇവിടെ ഇരിപ്പിടം. ഇവിടെ കളി കാണാന്‍ വരുന്നവരെല്ലാം റയലിന്റെ വെളുത്ത ജഴ്‌സിയിലായിരിക്കും. ആ കാഴ്ച്ച തന്നെ രസകരമാണ്. എല്‍ ക്ലാസിക്കോ പോരാട്ടം ബെര്‍ണബുവില്‍ നടക്കുമ്പോള്‍ മുഴുവന്‍ ദേശീയ വാദികളും അതിനൊപ്പമാണെങ്കില്‍ ബാര്‍സയുടെ ആസ്ഥാനം നുവോ കാമ്പാണ്. അവരെ ദേശീയവാദികള്‍ പറയാറുള്ളത് വിമത ക്യാമ്പ് എന്നാണ്. കറ്റാലിയന്‍ ദേശീയ പതാകയുമേന്തിയാണ് അവിടെ എല്‍ ക്ലാസിക്കോ മല്‍സരങ്ങള്‍ക്ക് സാക്ഷിയാവാന്‍ കാണികള്‍ എത്താറുള്ളത്. ഇത് വരെ നടന്ന എല്ലാ എല്‍ ക്ലാസിക്കോ മല്‍സരങ്ങളും ഫുട്‌ബോള്‍ ഭാഷയില്‍ പറഞ്ഞാല്‍ സോള്‍ഡ് ഔട്ടാണ്-അതായത് ഒരു ടിക്കറ്റ് പോലും വെറുതെയായിട്ടില്ല.
ക്ലബുകളുടെ വിജയ ചരിത്രം പരിശോധിച്ചാലും ആവേശം പ്രകടമാണ്. ലാലീഗില്‍ ഇത് വരെ രണ്ട് പേരും പരസ്പരം വന്നത് 180 മല്‍സരങ്ങളാണ്. ഇതില്‍ ഇപ്പോഴുള്ള കണക്ക് പ്രകാരം 73 ല്‍ റയലിനാണ് വിജയം. ബാര്‍സ തൊട്ട് പിറകെ 72 ലുണ്ട്. 35 സമനിലകളും. കിംഗ്‌സ് കപ്പ്, സ്പാനിഷ് സൂപ്പര്‍ കപ്പ്, യുവേഫ ചാമ്പ്യന്‍സ് ലീഗ് തുടങ്ങിയ ചാമ്പ്യന്‍ഷിപ്പുകളില്ലെല്ലാം ഇരുവരും ഏറ്റുമുട്ടാറുണ്ട്. രണ്ട് പേരും തമ്മിലുളള പോരാട്ടങ്ങളിലെ ഏറ്റവും വലിയ വിജയം റയലിനായിരുന്നു. 1943 ലെ കിംഗ്‌സ് കപ്പില്‍ റയല്‍ ബാര്‍സിലോണയെ പരാജയപ്പെടുത്തിയത് 11-1 എന്ന സ്‌ക്കോറിനായിരുന്നു. ലാലീഗ ചരിത്രത്തില്‍, അഥവാ എല്‍ ക്ലാസിക്കോ പോരാട്ടങ്ങളിലും വലിയ വിജയം റയലിന് തന്നെ. 1949 ലെ പോരാട്ടത്തില്‍ 6-1 നാണ് റയല്‍ വിജയിച്ചത്. 1935 ല്‍ ബാര്‍സിലോണക്കാര്‍ റയലിന്റെ വലയില്‍ അഞ്ച് ഗോളുകള്‍ നിക്ഷേപിച്ചിരുന്നു. സമീപകാലത്തെ വലിയ വിജയം ബാര്‍സിലോണയുടെ നാമധേയത്തിലാണ്. 2010 നവംബറിലെ പോരാട്ടത്തില്‍ ബാര്‍സിലോണ അഞ്ച് ഗോളിന് റയലിനെ തകര്‍ത്തിരുന്നു.
ഫുട്‌ബോളിലെ യഥാര്‍ത്ഥ യുദ്ധമാണ് എല്‍ ക്ലാസിക്കോ. ലോകകപ്പില്‍ കാണുക രാജ്യങ്ങളുടെ പോരാട്ടങ്ങളാണെങ്കില്‍ എല്‍ ക്ലാസിക്കോയില്‍ കാണുന്നത് ലോകോത്തര താരങ്ങളുടെ പോരാട്ടമാണ്. അവിടെ അര്‍ജന്റീനയും ബ്രസീലും പോര്‍ച്ചുഗലും ഇംഗ്ലണ്ടും നൈജീരിയയും കാമറൂണും സ്‌പെയിനും ഇറ്റലിയും ഹോളണ്ടുമെല്ലാം ഒന്നാണ്. ശരിക്കും നമുക്കത് താര മാമാങ്കമാണെങ്കില്‍ സ്‌പെയിനുകാര്‍ക്ക് യുദ്ധങ്ങളാണ്.

കമാൽ വരദൂർ 🖋️

ആനപറമ്പിലെ വേൾഡ് കപ്പ് ഒരുക്കുന്ന കമാൽവരദൂർ എഴുതുന്ന 101 ഫുട്ബോൾ കഥകൾ നിങ്ങൾക്ക് സൗത്ത് സോക്കേഴ്സിലൂടെ വായിക്കാം 

Friday, July 10, 2020

"മെല്‍ബണ്‍ ഗാഥ" |കഥ-7| ആനപ്പറമ്പിലെ വേൾഡ് കപ്പ് സമർപ്പിക്കുന്ന | 'കാൽപ്പന്തിന്റെ 101 കഥകൾ' |



ഇത് വരെ പറഞ്ഞത് കാല്‍പ്പന്തിലെ പടിഞ്ഞാറന്‍ കഥകളാണ്. നമ്മുടെ നാട്ടിലും പന്ത് കളിക്ക് പണ്ട് മുതല്‍ ആരാധകരുണ്ട്. ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ഒളിംപിക്‌സ് സെമി ഫൈനല്‍ കളിച്ചവരാണെന്ന സത്യം കൂട്ടുകാരില്‍ എത്ര പേര്‍ക്കറിയാം. ഒരു ഇന്ത്യന്‍ താരമാണ് ഒളിംപിക് ഫുട്‌ബോളില്‍ ഹാട്രിക് സ്വന്തമാക്കിയ ആദ്യ ഏഷ്യക്കാരന്‍ എന്ന സത്യവും എത്ര പേര്‍ക്കറിയാം. ഒളിംപിക്‌സ് ഫുട്‌ബോള്‍ സെമി കളിച്ചവരില്‍ മലയാളികളുമുണ്ടായിരുന്നു എന്ന സത്യവും ഇന്നത്തെ ലോകത്തിന് അല്‍ഭുതമായിരിക്കാം. പക്ഷേ അതാണ് യാഥാര്‍ത്ഥ്യം. ലോകകപ്പ് ചരിത്രത്തില്‍ ഇന്ത്യ പന്ത് തട്ടിയിട്ടില്ല. ഒരു തവണ അവസരം കിട്ടിയപ്പോല്‍ കളിക്കാര്‍ക്കാര്‍ക്കും അണിയാന്‍ ബൂട്ടുണ്ടായിരുന്നില്ല. ഒളിംപിക്‌സില്‍ ഇന്ത്യയെന്നാല്‍ അത് ധ്യാന്‍ചന്ദിന്റെ ഹോക്കി മാത്രമായിരുന്നെങ്കില്‍ 1956 ലെ മെല്‍ബണ്‍ ഒളിംപിക്‌സില്‍ കാല്‍പ്പന്തില്‍ ഇന്ത്യ നടത്തിയ വിസ്മയ കുതിപ്പിന്റെ കഥ കേള്‍ക്കണം. റെഡിയല്ലേ.....

മെല്‍ബണ്‍ ഗാഥ
ഒളിംപിക്‌സിന്റെ ചരിത്രത്തില്‍ ഇന്ത്യ എന്ന നമ്മുടെ രാജ്യത്തിന് വലിയ സ്വര്‍ണത്തിളക്കമില്ല. ആഗോള കായിക മാമാങ്കത്തിന്റെ തുടക്കം മുതല്‍ നമ്മുടെ രാജ്യമുണ്ട്. ഒളിംപിക്‌സിന്റെ മുഖ മുദ്രാവാക്യം കൂട്ടുകാര്‍ക്കറിയാമല്ലോ-പങ്കെടുക്കുക വിജയിപ്പിക്കുക എന്നതാണ്. ഈ മുദ്രാവാക്യം നമ്മളും ഉയര്‍ത്തിപ്പിടിക്കാറുണ്ട്. എല്ലാ ഒളിംപിക്‌സിലും പങ്കെടുത്ത് വിജയിപ്പിക്കും. മെഡലുകള്‍ കാര്യമായില്ലാതെ മടങ്ങും. ഒളിംപിക്‌സ് ചരിത്രത്തില്‍ ഇന്ത്യ ഇത് വരെ നേടിയത് ഒമ്പത് സ്വര്‍ണ മെഡലുകള്‍ മാത്രമാണ്. ഇതില്‍ എട്ടും ഹോക്കിയില്‍ നിന്നായിരുന്നു. ഹോക്കി എന്ന നമ്മുടെ ദേശീയ ഗെയിം മറ്റുള്ളവര്‍ക്ക് അപരിചിതമായ കാലത്തായിരുന്നു നമ്മുടെ ആധിപത്യം. പില്‍ക്കാലത്ത് ഹോക്കിയെ യൂറോപ്പ് പഠിച്ചപ്പോള്‍ ജര്‍മനിയും ഹോളണ്ടും ബ്രിട്ടനുമെല്ലാം ശക്തരായി മാറി. ഏക വ്യക്തിഗത സ്വര്‍ണം സ്വന്തമാക്കിയത് ഷൂട്ടര്‍ അഭിനവ് ബിന്ദ്രയായിരുന്നു. 2008 ല്‍ ചൈനയിലെ ബെയ്ജിംഗില്‍ നടന്ന ഒളിംപിക്‌സില്‍ പുരുഷന്മാരുടെ പത്ത് മീറ്റര്‍ എയര്‍ റൈഫിള്‍ ഇനത്തിലായിരുന്നു ഈ നേട്ടം. പക്ഷേ നമ്മള്‍ പറയാന്‍ പോവുന്നത് ഫുട്‌ബോളാണ്.

1956 ലെ ഒളിംപിക്‌സിന് വേദിയായത് ഓസ്‌ട്രേലിയന്‍ നഗരമായ മെല്‍ബണ്‍. ഫുട്‌ബോളായിരുന്നു ഒളിംപിക്‌സിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. അക്കാലത്ത് ഫുട്‌ബോളില്‍ ബൂട്ട് വളരെ നിര്‍ബന്ധമായിരുന്നു. ബൂട്ടില്ലാതെ കളിക്കാന്‍ അനുവദിക്കില്ല. ഇന്ത്യന്‍ താരങ്ങള്‍ ബൂട്ടുമായി പരിചയപ്പെട്ടു വരുന്ന കാലത്ത് നമ്മുടെ ടീം ശക്തമായിരുന്നു. പി.കെ ബാനര്‍ജി, നെവില്‍ ഡീസൂസ, ടി.അബ്ദുല്‍ റഹ്മാന്‍, നൂര്‍ മുഹമ്മദ്, അസിസുദ്ദീന്‍, സമര്‍ ബാനര്‍ജി, കൃഷ്ണന്‍ കിട്ടു തുടങ്ങിയവര്‍. ഇവര്‍ക്കെല്ലാം രാജ്യാന്തര അനുഭവസമ്പത്ത് കുറവായിരുന്നു. ഇന്ത്യന്‍ ഫുട്‌ബോളിനെ ഭരിച്ചിരുന്ന അഖിലേന്ത്യാ പുട്‌ബോള്‍ ഫെഡറേഷന് ഇന്ത്യന്‍ ടീമിനെ ഒളിംപിക്‌സിന് അയക്കാന്‍ തുടക്കത്തില്‍ താല്‍പ്പര്യമുണ്ടായിരുന്നില്ല. പക്ഷേ ഒളിംപിക്‌സിന് മുമ്പ് ചൈനയുടെ ഒളിംപിക് ടീമിനെതിരായ സൗഹൃദ മല്‍സരത്തില്‍ ഇന്ത്യന്‍ ഇലവന്‍ 3-1ന് ജയിച്ചതോടെ ടീമിന്റെ കരുത്ത് എല്ലാവര്‍ക്കും ബോധ്യമായി. അങ്ങനെയാണ് ഒളിംപിക് അവസരമൊരുങ്ങിയത്.
ഇന്ത്യന്‍ ഫുട്‌ബോള്‍ ചരിത്രത്തിലെ നമ്പര്‍ വണ്‍ പരിശീലകനായ സയ്യിദ് അഹമ്മദ് റഹീമായിരുന്നു ടീമിന്റെ ചുമതലക്കാരന്‍. നായകപ്പട്ടം സീനിയറായ സമര്‍ ബാനര്‍ജി. വൈസ് ക്യാപ്റ്റന്‍ കൃഷ്ണന്‍ കിട്ടു. 1952 ലെ ഒളിംപിക്‌സിലും ഇന്ത്യ കളിച്ചിരുന്നു. ആ സംഘത്തില്‍ കളിച്ചിരുന്ന നൂര്‍ മുഹമ്മദും അസിസുദ്ദീനും മെല്‍ബണ്‍ സംഘത്തിലും സ്ഥാനം നേടി. 3-5-2 എന്നതായിരുന്നു ഇന്ത്യന്‍ ഫോര്‍മേഷന്‍.

ആദ്യ മല്‍സരത്തില്‍ തന്നെ പ്രതിയോഗികള്‍ ശക്തരായ ഹംഗറി. ഫ്രാങ്ക് പുഷ്‌ക്കാസിനെ പോലുള്ള ഇതിഹാസ താരങ്ങളുടെ നാട്. ഡയരക്ട് പാസുമായി അതിവേഗതയില്‍ കളിക്കുന്ന യൂറോപ്യന്മാര്‍. പക്ഷേ ഇന്ത്യയുടെ ഭാഗ്യത്തിന് അവസാന നിമിഷം ഹംഗറി ഒളിംപിക്‌സില്‍ നിന്ന് പിന്മാറി. രാജ്യത്തെ രാഷ്ട്രീയ പ്രതിസന്ധി കാരണമായിരുന്നു ഹംഗറിക്കാരുടെ പിന്മാറ്റം. ശക്തരായ ജപ്പാനെ രണ്ട് ഗോളിന് തകര്‍ത്ത ആതിഥേയരായ ഓസ്‌ട്രേലിക്കാരായിരുന്നു ഇന്ത്യയുടെ ക്വാര്‍ട്ടര്‍ പ്രതിയോഗികള്‍.
ലോക പ്രശസ്തമായ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലായിരുന്നു ഇന്ത്യ-ഓസ്‌ട്രേലിയ ക്വാര്‍ട്ടര്‍ ഫൈനല്‍. ഓസ്‌ട്രേലിയക്കാര്‍ കളിക്കുന്നത് ഒരു ലക്ഷത്തോളം പേര്‍ക്ക് ഇരിപ്പിടമുള്ള വലിയ വേദിയില്‍. ശാരീരികമായി ഓസ്‌ട്രേലിയക്കാര്‍ ഇന്ത്യന്‍ താരങ്ങളെക്കാള്‍ ബഹുദൂരം മുന്നില്‍. ആരും ഇന്ത്യക്ക് ഒരു സാധ്യതയും കല്‍പ്പിച്ചിരുന്നില്ല. പക്ഷേ കളി തുടങ്ങി ഒമ്പതാം മിനുട്ടില്‍ തന്നെ ഇന്ത്യ അപ്രതിക്ഷീതമായി ലീഡ് നേടുന്നു. നായകന്‍ സമര്‍ ബാനര്‍ജിയുടെ ഷോട്ട് ക്രോസ് ബാറില്‍ തട്ടിത്തെറിച്ചപ്പോള്‍ അവസരം കിട്ടിയ നെവില്‍ ഡീസൂസയുടെ ഷോട്ട് വലയിലായി. പക്ഷേ ഓസ്‌ട്രേലിയക്കാര്‍ പതറിയില്ല. എട്ട് മിനുട്ടിനിടെ അവര്‍ സമനില നേടി. പെനാല്‍ട്ടി ബോക്‌സിന് പുറത്ത് നിന്ന് ജോര്‍ജ് ആര്‍തര്‍ പായിച്ച ഫ്രീകിക്ക് സ്വീകരിച്ച് ബ്രൂസ് മോറോ പന്ത് വലയിലേക്ക് തിരിച് വിട്ടപ്പോള്‍ ഇന്ത്യന്‍ ഗോള്‍ക്കീപ്പര്‍ പീറ്റര്‍ തങ്കരാജ് നിസ്സഹായനായി. മല്‍സരത്തിന് 33 മിനുട്ട് പ്രായമായപ്പോള്‍ പി.കെ ബാനര്‍ജിയുടെ അതിവേഗ കുതിപ്പില്‍ വലത് വിംഗില്‍ നിന്നും പെനാല്‍ട്ടി ബോക്‌സ് ലക്ഷ്യമിട്ട് കൃത്യമായ പാസ്. നെവില്‍ ഡീസുസ അവിടെ കാത്തുനില്‍പ്പുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഷോട്ട് വലയില്‍. ഇന്ത്യ 2-1 ന് മുന്നില്‍. പക്ഷേ അധികം താമസിയാതെ തന്നെ ഓസ്‌ട്രേലിയക്കാര്‍ പീറ്റര്‍ തങ്കരാജിനെ കീഴടക്കി. മോറോ തന്നെയായിരുന്നു സ്‌ക്കോറര്‍. കളി 2-2.
രണ്ടാം പകുതി ആരംഭിച്ചതും മുഹമ്മദ് കണിയന്റെ കൃത്യമായ പാസില്‍ നെവില്‍ ഡീസൂസയുടെ ഹാട്രിക്ക്. ചരിത്രം പിറന്ന നിമിഷമായിരുന്നു അത്. ഒളിംപിക്‌സ് ഫുട്‌ബോളില്‍ ആദ്യ ഹാട്രിക്ക്. 3-2 ന് ഇന്ത്യ മുന്നില്‍. അതോടെ ഗ്യാലറി നിശബ്ദമായി. ഈ അവസരത്തില്‍ വൈസ് ക്യാപ്റ്റന്‍ കൃഷ്ണന്‍ കിട്ടുവിന്റെ ഗോളുമെത്തി. അങ്ങനെ 4-2 ന് ഇന്ത്യ സെമിയില്‍.
മെഡല്‍ പോരാട്ടത്തിലെ പ്രതിയോഗികള്‍ യുഗോസ്ലാവ്യ. യൂറോപ്യന്‍ ഫുട്‌ബോളിലെ വിഖ്യാതര്‍. ആവേശകരമായിരുന്നു സെമിയങ്കം. ആദ്യ പകുതയില്‍ ഗോളില്ല. രണ്ടാം പകുതി ആരംഭിച്ചതും നെവില്‍ ഡീസുസയിലുടെ ഇന്ത്യ ലീഡ് നേടി. 52-ാം മിനുട്ടിലായിരുന്നു ഈ ഗോള്‍. ഇന്ത്യന്‍ ക്യാമ്പ് മതിമറന്ന നിമിഷം. പക്ഷേ ആ ഗോള്‍ യുഗോസ്ലാവ്യക്കാരെയാണ് ഉയര്‍ത്തിയത്. അടുത്ത പതിനഞ്ച് മിനുട്ടില്‍ പീറ്റര്‍ തങ്കരാജ് കാത്ത ഇന്ത്യന്‍ വലയില്‍ മൂന്ന് തവണ പന്ത് എത്തി. 78-ാം മിനുട്ടില്‍ മുഹമ്മദ് സലീമിന്റെ രൂപത്തില്‍ സെല്‍ഫ് ഗോളും പിറന്നതോടെ 1-4 ന് ഇന്ത്യ തകര്‍ന്നു. അപ്പോഴും ചെറിയ പ്രതീക്ഷയുണ്ടായിരുന്നു. മൂന്നാം സ്ഥാന മല്‍സരത്തില്‍ ബള്‍ഗേറിയയെ പരാജയപ്പെടുത്തിയാല്‍ വെങ്കലം ലഭിക്കുമായിരുന്നു. ആ മല്‍സരത്തിലും ടീം പക്ഷേ മൂന്ന് ഗോള്‍ വാങ്ങി തോറ്റു. മെല്‍ബണ്‍ ഒളിംപിക്‌സിലെ ടോപ് സ്‌ക്കോറര്‍ നാല് ഗോള്‍ നേടിയ നെവില്‍ ഡീസൂസയായിരുന്നു. ഇന്ത്യന്‍ സംഘത്തിലെ ഡിഫന്‍സില്‍ ശക്തനായി നിന്നത് കോഴിക്കോട്ടുകാരന്‍ ടി.അബ്ദുള്‍ റഹ്മാന്‍ എന്ന ഒളിംപ്യന്‍ റഹ്മാനായിരുന്നു. 1960 ല്‍ റോമില്‍ നടന്ന ഒളിംപിക്‌സിലും ഇന്ത്യ പങ്കടുത്തു. സയ്യിദ് റഹീം തന്നെയായിരുന്നു പരിശീലകന്‍. പി.കെ ബാനര്‍ജി നായകനും. പക്ഷേ ഫ്രാന്‍സ്, പെറു, ഹംഗറി തുടങ്ങിയവരുള്‍പ്പെടുന്ന ശക്തരുടെ ഗ്രൂപ്പിലായിരുന്നു ഇന്ത്യ. ഫ്രാന്‍സിനോട് സമനില നേടാനായെങ്കിലും പെറുവിനോടും ഹംഗറിയോടും തകര്‍ന്ന ഇന്ത്യക്ക് ആദ്യ റൗണ്ട് കടക്കാനായില്ല. ഈ ഒളിംപിക്‌സിന് ശേഷം നമ്മുടെ ഫുട്‌ബോള്‍ ടീം ഒളിംപിക്‌സിന് യോഗ്യത നേടിയിട്ടില്ല. ഇന്നും നമ്മുടെ ഫുട്‌ബോള്‍ വിരഗാഥകളില്‍ നിറയുന്നത് മെല്‍ബണും ആ സെമി ഫൈനലുമാണ്.

കമാൽ വരദൂർ 🖋️

ആനപറമ്പിലെ വേൾഡ് കപ്പ് ഒരുക്കുന്ന കമാൽവരദൂർ എഴുതുന്ന 101 ഫുട്ബോൾ കഥകൾ നിങ്ങൾക്ക് സൗത്ത് സോക്കേഴ്സിലൂടെ വായിക്കാം 

Sunday, July 5, 2020

"റയല്‍ മാഡ്രിഡ് എന്ന രാജാക്കന്മാര്‍" |കഥ-6| ആനപ്പറമ്പിലെ വേൾഡ് കപ്പ് സമർപ്പിക്കുന്ന | 'കാൽപ്പന്തിന്റെ 101 കഥകൾ' |



ഫുട്‌ബോളിനോളം ചരിത്രമില്ല ഫുട്‌ബോള്‍ ക്ലബുകള്‍ക്ക്. പക്ഷേ ഇന്ന് ഫുട്‌ബോള്‍ അറിയപ്പെടുന്നതാവട്ടെ വലിയ ഫുട്‌ബോള്‍ ക്ലബുകളുടെ പേരിലും. കാല്‍പ്പന്ത് എന്ന് കളിക്ക് ആറായിരം വര്‍ഷത്തിന്റെ പഴക്കമുണ്ട്. പക്ഷേ ആദ്യ പ്രൊഫഷണല്‍ ഫുട്‌ബോള്‍ ക്ലബ് രൂപീകൃതമാവുന്നത് പത്തൊമ്പതാം നൂറ്റാണ്ടിലാണ്. ഇന്ന് ക്ലബുകളുടെ നാമധേയത്തിലാണ് പോരാട്ടങ്ങള്‍. ഓരോ രാജ്യത്തിലും നിരവധി വലിയ ക്ലബുകള്‍. അവരുടെ വരുമാനവും കോടികള്‍. അവര്‍ക്കായി കളിക്കുന്നതാവട്ടെ ലോകോത്തര താരങ്ങളും. ഫുട്‌ബോളിന്റെ തറവാട് ഇംഗ്ലണ്ടാണെങ്കില്‍ അവിടെ തന്നെയാണ് വിപണന ഫുട്‌ബോളിന്റെ തുടക്കവും. ഫുട്‌ബോല്‍ ചരിത്ര രേഖകളില്‍ കാണുന്ന ആദ്യ പ്രൊഫഷണല്‍ ഫുട്‌ബോള്‍ ക്ലബ് കൃസ്റ്റല്‍ പാലസാണ്. അവരിപ്പോഴും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ കളിക്കുന്നവരാണ്. പക്ഷേ പോരാട്ട മൈതാനങ്ങളിലെ വിഖ്യാതര്‍ റയല്‍ മാഡ്രിഡും ബാര്‍സിലോണയുമാണ്. സ്‌പെയിനിലെ ഈ രാജാക്കന്മാരാണ് അന്നും ഇന്നും മൈതാനങ്ങളിലെ വിഖ്യാതര്‍. പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ആഴ്‌സനല്‍, ചെല്‍സി, മാഞ്ചസ്റ്റര്‍ സിറ്റി തുടങ്ങിയ പ്രമുഖരുണ്ടെങ്കില്‍ ഇറ്റലിയില്‍ യുവന്തസും ഏ.സി മിലാനും ഇന്റര്‍ മിലാനും നാപ്പോളിയുമെല്ലാമുണ്ട്. നാല് വര്‍ഷത്തിലൊരിക്കല്‍ നടത്തപ്പെടുന്ന ലോകകപ്പില്‍ രാജ്യങ്ങള്‍ കൊമ്പ് കോര്‍ക്കുമ്പോള്‍ എല്ലാ വര്‍ഷവും ക്ലബുകള്‍ തമ്മില്‍ വന്‍കരാ ആധിപത്യത്തിനും പിന്നെ ആഗോള ആധിപത്യത്തിനായുമെല്ലാം അങ്കങ്ങള്‍ നടക്കാറുണ്ട്. ഫുട്‌ബോളിന്റെ സ്വന്തം വന്‍കരയെന്ന യൂറോപ്പിലെ ചാമ്പ്യന്മാരെ നിശ്ചയിക്കുന്നത് യുവേഫ നടത്തുന്ന ചാമ്പ്യന്‍സ് ലീഗാണെങ്കില്‍ ആഫ്രിക്കയില്‍ അത് ആഫ്രിക്കന്‍ നാഷന്‍സ് ലീഗാണ്. ലാറ്റിനമേരിക്കയില്‍ വരുമ്പോള്‍ കോപ്പ ലിബര്‍ട്ടഡോറസ് കപ്പായി മാറുന്നു. ഏഷ്യയിലേക്ക് വരുമ്പോല്‍ ഏ.എഫ്.സി കപ്പായി മാറുന്നു. ഇത്തരത്തില്‍ രാജ്യങ്ങളിലും വന്‍കരകളിലും പൊരിഞ്ഞ പോരാട്ടമാണ് ഫുട്‌ബോള്‍ ആധിപത്യത്തിനായി നടക്കാറുള്ളത്. രസകരമായ കാര്യം ക്ലബ് ഫുട്‌ബോളിന്റെ ചരിത്രം നോക്കിയാല്‍ ലാറ്റിനമേരിക്കക്കാരെ അധികം കാണുന്നില്ല എന്നതാണ്. അര്‍ജന്റീനയിലും ബ്രസീലുലുമായി നിരവധി വലിയ ക്ലബുകളുണ്ട്. പക്ഷേ അവരുടെ നിറമുള്ള ചരിത്രങ്ങളില്‍ തദ്ദേശിയരായ താരങ്ങളെ കാണില്ല. കാരണം ബ്രസീലുകാരും അര്‍ജന്റീനക്കാരുമെല്ലാം പ്രൊഫഷണല്‍ ഫുട്‌ബോള്‍ കളിക്കാനായി യൂറോപ്പിലേക്കാണ് ചേക്കറുന്നത്. സ്പാനിഷ് കരുത്തരായ ബാര്‍സിലോണയുടെ മേല്‍വിലാസം തന്നെ അര്‍ജന്റീനക്കാരനായ ലിയോ മെസിയാണ്. റയല്‍ മാഡ്രിഡിന്റെ ചരിത്രത്തിലും ലാറ്റിനമേരിക്കന്‍ താരങ്ങളെ ധാരാളം കാണാം. ആഫ്രിക്കയുടെ അവസ്ഥയും ഇത് തന്നെയാണ്. ആ വന്‍കരയില്‍ നിന്നുള്ള പ്രമുഖരെല്ലാം യൂറോപ്പിന്റെ ഭൂപഠത്തിലാണ് മിന്നുന്നത്.

റയല്‍ മാഡ്രിഡ് എന്ന രാജാക്കന്മാര്‍

അന്നും ഇന്നും ക്ലബ് ഭൂപഠത്തില്‍ വിഖ്യാതരാണ് സ്‌പെയിനിലെ പ്രബലരായ റയല്‍ മാഡ്രിഡ്. 1897 മുതല്‍ യൂറോപ്പില്‍ ക്ലബ് പോരാട്ടങ്ങളുണ്ട്. ചാലഞ്ച് കപ്പായിരുന്നു ചരിത്രത്തിലെ ആദ്യ യൂറോപ്യന്‍ ക്ലബ് പോരാട്ടങ്ങള്‍. 1911 വരെ ഇതായിരുന്നു വന്‍കരയിലെ പ്രബലമായ ചാമ്പ്യന്‍ഷിപ്പ്. പിന്നീടാണ് ഇംഗ്ലണ്ടിലെയും സ്‌ക്കോട്ട്‌ലാന്‍ഡിലെയും ക്ലബുകള്‍ ഫുട്‌ബോല്‍ വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ആരംഭിച്ചത്. ഇറ്റലി, ജര്‍മനി, സ്വിറ്റ്‌സര്‍ലാന്‍ഡ്, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളിലെ ക്ലബുകള്‍ പങ്കെടുത്ത സര്‍ തോമസ് ലിപ്ടണ്‍ ട്രോഫിയും ആദ്യകാല മേജര്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ വരും. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമാണ് യൂറോപ്പില്‍ ക്ലബ് പോരാട്ടങ്ങള്‍ ശക്തമായത്. 1956 ലാണ് യൂറോപ്യന്‍ കപ്പ് എന്ന പേരില്‍ യൂറോപ്പില്‍ വന്‍കരാ ക്ലബ് ചാമ്പ്യന്‍ഷിപ്പ് ആരംഭിച്ചത്. തുടക്കം മുതല്‍ ചിത്രത്തില്‍ റയല്‍ മാഡ്രിഡായിരുന്നു. ഇതിഹാസ താരങ്ങളായ ഫ്രാങ്ക് പുഷ്‌ക്കാസ്, ആല്‍ഫ്രെഡോ ഡി സ്‌റ്റെഫാനോ, ഫ്രാന്‍സിസ്‌ക്കോ ജെന്‍ഡോ തുടങ്ങിയവരെല്ലാം അന്ന് റയല്‍ നിരയിലുണ്ടായിരുന്നു. തുടര്‍ച്ചയായി അഞ്ച് വര്‍ഷം അവര്‍ തന്നെയായിരുന്നു വന്‍കരയിലെ ജേതാക്കള്‍. 1960-61 സീസണില്‍ റയല്‍ മാഡ്രിഡിന്റെ ആധിപത്യത്തിന് അന്ത്യമിട്ട് ബാര്‍സിലോണയെത്തി. പക്ഷേ ഫൈനലില്‍ അവര്‍ പോര്‍ച്ചുഗലില്‍ നിന്നുള്ള ബെനഫിക്കയോട് പരാജയപ്പെട്ടു.
വന്‍കരയുടെ ചരിത്രത്തിലെ വലിയ പോരാട്ടങ്ങള്‍ എപ്പോഴും സ്പാനിഷ് പുലികള്‍ തമ്മിലായിരുന്നു. ഇറ്റലിയില്‍ നിന്നും ഏ.സി മിലാനും ഹോളണ്ടില്‍ നിന്ന് ഫയനൂര്‍ഡും ജര്‍മനിയില്‍ നിന്ന് ബയേണ്‍ മ്യൂണിച്ചും ഇംഗ്ലണ്ടില്‍ നിന്ന് ലിവര്‍പൂളും കരുത്തരായി വന്നുവെങ്കിലും സ്പാനിഷ് ആധിപത്യം പലപ്പോഴായി പ്രകടമായി. 1993 ലാണ് ചാമ്പ്യന്‍ഷിപ്പിന്റെ പേര് മാറുന്നത്. പിന്നീട് ഈ ചാമ്പ്യന്‍ഷിപ്പ് യുവേഫ ചാമ്പ്യന്‍സ് ലീഗായി മാറി. ഫ്രഞ്ച് ക്ലബായ മാര്‍സലിയായിരുന്നു ചാമ്പ്യന്‍സ് ലീഗിലെ ആദ്യ ജേതാക്കള്‍. ലോക ഫുട്‌ബോളിലെ സൂപ്പര്‍ താരങ്ങളെല്ലാം വന്‍കിട ക്ലബുകളുടെ താരങ്ങളായി മാറിയപ്പോള്‍ ചാമ്പ്യന്‍സ് ലീഗ് ലോകത്തിലെ തന്നെ ഏറ്റവും വലിയ ചാമ്പ്യന്‍ഷിപ്പായി മാറാന്‍ തുടങ്ങി. ഈ കിരീടം സ്വന്തമാക്കുകയെന്നത് യൂറോപ്പിലെ മുഴുവന്‍ ക്ലബുകളുടെയും അഭിമാനമായി മാറി. പലപ്പോഴും സ്‌പെയിനും ഇംഗ്ലണ്ടും ഇറ്റലിയും ജര്‍മന്‍ ക്ലബുകളായിരുന്നു മുന്‍നിരയില്‍. 2016 മുതല്‍ തുടര്‍ച്ചയായി മൂന്ന് വര്‍ഷം വന്‍കരാ ചാമ്പ്യന്മാരായി റയല്‍ പുതിയ ചരിത്രമെഴുതി.
2016 ലായിരുന്നു ഹാട്രിക്ക് വേട്ടയുടെ തുടക്കം. പ്രതിയോഗികള്‍ നഗര വൈരികളായ അത്‌ലറ്റികോ മാഡ്രിഡ്. 2014 ല്‍ നടന്ന കലാശപ്പരാട്ടത്തിന്റെ ആവര്‍ത്തനം പോലെയായിരുന്നു ഈ ഫൈനലും. 14 ലെ കലാശത്തില്‍ റയലും അത്‌ലറ്റിക്കോയും തന്നെയായിരുന്നു നേര്‍ക്കുനേര്‍. ഡിയഗോ സിമയോണി എന് അര്‍ജന്റീനക്കാരന് കീഴില്‍ ആ സീസണില്‍ നല്ല ഫോമിലായിരുന്നു അത്‌ലറ്റികോ. അവരായിരുന്നു ലാലീഗ ചാമ്പ്യന്മാര്‍. ആ കിരീടം സ്വന്തമാക്കി അടുത്തയാഴ്ച്ചയിലായിരുന്നു ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍. മല്‍സരം 90 മിനുട്ട് പിന്നിടുമ്പോള്‍ ഡിയാഗോ ഗോഡിന്റെ ഗോളില്‍ അത്‌ലറ്റികോ ലീഡ് നേടിയിരുന്നു. എന്നാല്‍ ഇഞ്ച്വറി സമയത്ത് സെര്‍ജിയോ റാമോസിന്റെ ഹെഡ്ഡറില്‍ റയല്‍ ഒപ്പമെത്തി. ഷൂട്ടൗട്ടിലേക്ക് കളി മാറിപ്പോള്‍ റയല്‍ 4-1ന് കപ്പ് സ്വന്തമാക്കിയിരുന്നു. ഈ തോല്‍വിക്ക് പകരം വീട്ടാനുള്ള അവസരമായിരുന്നു അത്‌ലറ്റിക്കോക്ക് 16 ല്‍ ലഭിച്ചത്. ആവേശകരമായിരുന്നു അങ്കം. നിശ്ചിത സമയത്ത് 1-1 സമനില . ഷൂട്ടൗട്ടില്‍ പക്ഷേ ഒരിക്കല്‍ കൂടി അത്‌ലറ്റികോ മാഡ്രിഡിന് പിഴച്ചു. കൃസ്റ്റിയാനോ റൊണാള്‍ഡോ എന്ന പോര്‍ച്ചുഗീസ് ഇതിഹാസമെടുത്ത അവസാന കിക്ക് വലയില്‍ കയറിയപ്പോള്‍ റയല്‍ 5-3ന് കപ്പ് സ്വന്തമാക്കി. സിനദിന്‍ സിദാന്‍ എന്ന പരിശീലകന്റെ കീഴില്‍ റയല്‍ സ്വന്തമാക്കിയ ആദ്യ മേജര്‍ കിരീടമായിരുന്നു ഇത്. അടുത്ത വര്‍ഷവും റയല്‍ കലാശ ടിക്കറ്റ് നേടി. സി.ആര്‍ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന കൃസ്റ്റിയാനോ റൊണാള്‍ഡോ തന്നെയായിരുന്നു ടീമിന്റെ നെടും തൂണ്‍. കാര്‍ഡിഫ് എന്ന ഇംഗ്ലീഷ് നഗരത്തിലായിരുന്നു കലാശം. ഇറ്റാലിയന്‍ ഫുട്‌ബോളിലെ വിഖ്യാതരെല്ലാം യുവന്തസ് സംഘത്തിലുണ്ടായിരുന്നു. ലോകത്തിലെ മികച്ച ഗോള്‍ക്കീപ്പര്‍മാരില്‍ ഒരാളായ ജിയാന്‍ ലുക്കാ ബഫണായിരുന്നു ടീമിന്റെ നായകന്‍. പക്ഷേ റയല്‍ അനായാസം ഫൈനല്‍ നേടി. 4-1 എന്നതായിരുന്നു ഫൈനല്‍ സ്‌ക്കോര്‍. സിദാനും റൊണാള്‍ഡോയും ചരിത്രമിട്ട കപ്പ്. 2018 ല്‍ വീണ്ടും അതാ റയല്‍. ഫൈനലില്‍ അവരെ നേരിടാന്‍ ജുര്‍ഗന്‍ ക്ലോപ്പെയുടെ ലിവര്‍പൂള്‍. ഉക്രൈനിയന്‍ നഗരമായിരുന്ന കീവിലായിരുന്നു കലാശം. 3-1ന് സിദാന്റെ റയല്‍ കപ്പടിച്ചു. അങ്ങനെ ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തില്‍ ആദ്യമായി ഒരു ക്ലബിന് ഹാട്രിക്ക് നേട്ടം. ഈ മൂന്ന് ചരിത്ര നേട്ടങ്ങളിലും സിദാനും കൃസ്റ്റിയാനോ റൊണാള്‍ഡോയുമായിരുന്നു ടീമിനെ മുന്നില്‍ നിന്ന് നയിച്ചത്.
നാടകീയത അവിടെ അവസാനിച്ചില്ല. ചരിത്രത്തിലേക്ക് ടീമിനെ നയിച്ച സിദാന്‍ നാടകീയമായി പരിശീലക സ്ഥാനം ഒഴിഞ്ഞു. പിറകെ കൃസ്റ്റിയാനോ റയല്‍ വിട്ട് യുവന്തസിലേക്കും ചേക്കേറി. ഈ രണ്ട് പേരും ക്ലബ് വിട്ടതോടെ 2019 ല്‍ റയല്‍ ചാമ്പ്യന്‍സ് ലീഗ് ചിത്രത്തിലുമുണ്ടായില്ല.
യൂറോപ്യന്‍ ചരിത്രത്തില്‍ മൂന്ന് തവണ യുവന്തസും വന്‍കരാ കിരീടം നേടിയിരുന്നു. അന്ന് യൂറോപ്യന്‍ കപ്പായിരുന്നു. 96 ല്‍ അയാക്‌സിനെയും 97 ല്‍ ബൊറൂഷ്യ ഡോര്‍ട്ടുമണ്ടിനെയും 98 ല്‍ റയല്‍ മാഡ്രിഡിനെയും തോല്‍പ്പിച്ചായിരുന്നു അവരുടെ ഹാട്രിക്ക്. 1993, 1994, 1995 വര്‍ഷങ്ങളില്‍ ഏ.സി മിലാനായിരുന്നു ചാമ്പ്യന്മാര്‍. ഹാട്രിക്ക് നേട്ടക്കാരില്‍ ബയേണ്‍ മ്യൂണിച്ചുമുണ്ടായിരുന്നു. 1974, 75,76 വര്‍ഷങ്ങളിലായിരുന്നു യൂറോപ്പില്‍ ബയേണ്‍ നിറഞ്ഞത്. 1971,72,73 വര്‍ഷങ്ങളിലെ ചാമ്പ്യന്മാര്‍ അയാക്‌സായിരുന്നു. ബെനഫിക്കയായിരുന്നു 1961, 62, 63 വര്‍ഷങ്ങളിലെ ജേതാക്കള്‍. യൂറോപ്യന്‍ കപ്പിന്റെ ചരിത്രമെടുത്താലും റെക്കോര്‍ഡില്‍ കൂടുതല്‍ കിരീടം റയലിനായിരുന്നു. 1956, 57, 58,59, 60 വര്‍ഷങ്ങളില്‍ അവര്‍ അഞ്ച് തവണ ഒന്നാമന്മാരായി.
ക്ലബ് സോക്കറിന്റെ ചരിത്രമെടുത്താല്‍ എന്ത് കൊണ്ടും അന്നും ഇന്നും ആദ്യം വരുന്നവര്‍ റയല്‍ തന്നെ

കമാൽ വരദൂർ 🖋️

ആനപറമ്പിലെ വേൾഡ് കപ്പ് ഒരുക്കുന്ന കമാൽവരദൂർ എഴുതുന്ന 101 ഫുട്ബോൾ കഥകൾ നിങ്ങൾക്ക് സൗത്ത് സോക്കേഴ്സിലൂടെ വായിക്കാം 

"സ്ട്രൈക്കരെ നായ കടിച്ചു . ടീമിന് സമനില" |കഥ-5| ആനപ്പറമ്പിലെ വേൾഡ് കപ്പ് സമർപ്പിക്കുന്ന | 'കാൽപ്പന്തിന്റെ 101 കഥകൾ' |



ഇന്ന് നമ്മള്‍ പോവുന്നത് ഫുട്‌ബോള്‍ തറവാട്ടിലേക്കാണ്-ഇംഗ്ലണ്ടിലേക്ക്. കാല്‍പ്പന്ത് കളിയുടെ ആസ്ഥാനമായ രാജ്യത്ത് അസംഖ്യം ഫുട്‌ബോള്‍ ക്ലബുകളുണ്ട്. ഓരോ കൗണ്ടിക്കും സ്വന്തം ക്ലബുണ്ടെങ്കില്‍ കൊച്ചു പ്രദേശങ്ങള്‍ക്കും അവരുടെ പ്രാദേശികത ഉയര്‍ത്തി ചെറിയ ക്ലബുകളുണ്ട്. എല്ലായിടത്തും നല്ല മൈതാനങ്ങള്‍, നല്ല സംവിധാനങ്ങള്‍. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ എല്ലാവര്‍ക്കും സുപരിചിതമാണ്. 20 വന്‍ ക്ലബുകള്‍ പോരടിക്കുന്ന ലോകത്തിലെ ഏറ്റവും ആരാധകരുള്ള ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്. അവിടെ കളിക്കുന്നവര്‍ ലിവര്‍പൂളും മാഞ്ചസ്റ്റര്‍ സിറ്റിയും മാഞ്ചസ്റ്റര്‍ യുനൈറ്റഡും ആഴ്‌സനലും ചെല്‍സിയും ടോട്ടനവുമെല്ലാമാണെങ്കില്‍ ഈ കഥയിലെ ക്ലബ് എല്ലാവര്‍ക്കും അത്ര സുപരിചിതിമായിരിക്കില്ല. പക്ഷേ 121 വര്‍ഷത്തെ വലിയ പാരമ്പര്യം ക്ലബിനുണ്ട്-ടോര്‍ക്കെ യുനൈറ്റഡ് അസോസിയേഷന്‍ ഫുട്‌ബോള്‍ ക്ലബ് എന്ന ടോര്‍ക്കെ യുനൈറ്റഡ് എഫ്.സി. ഫുട്‌ബോള്‍ മൈതാനങ്ങളില്‍ ദി ഗള്‍സ് എന്നാണ് ടീം അറിയപ്പെടുക. 1899 ല്‍ സ്ഥാപിച്ച ക്ലബ് ഇംഗ്ലീഷ് ദേശീയ ലീഗില്‍ സ്ഥിരമായി കളിക്കുന്നവരാണ്. മികച്ച റെക്കോര്‍ഡും അവര്‍ക്കുണ്ട്. 2019 ല്‍ എഫ്.എ കപ്പിലും ടീം പങ്കെടുത്തിരുന്നു. മൂന്നാം റൗണ്ട് വരെയെത്തി അവിടെ ബ്രൈട്ടണോട് പരാജയപ്പെട്ടവരാണ്.
ലോക ഫുട്‌ബോള്‍ ചരിത്രത്തില്‍ ടോര്‍ക്കെയുടെ പേരില്‍ വിഖ്യാത നേട്ടങ്ങളില്ല കെട്ടോ. വലിയ കിരീടങ്ങളൊന്നും അവര്‍ സ്വന്തമാക്കിയിട്ടില്ല. അവര്‍ക്കായി സൂപ്പര്‍ താരങ്ങളാരും കളിച്ചിട്ടുമില്ല. പക്ഷേ ലോക ഫുട്‌ബോളിന്റെ രസകരമായ അധ്യായങ്ങള്‍ തിരഞ്ഞാല്‍ അവിടെ ടോര്‍ക്കെയുണ്ട്. ആ കഥയാണ് പറയാന്‍ പോവുന്നത്.

സ്‌ട്രൈക്കറെ നായ കടിച്ചു, ടീമിന് സമനില

1987 ലെ ഇംഗ്ലീഷ് ദേശീയ ഫുട്‌ബോള്‍ ലീഗ്. മെയ് 9 ന് ടോര്‍ക്കെയും ക്ര്യു അലക്‌സാണ്ടറിയയും തമ്മിലുള്ള നിര്‍ണായക പോരാട്ടം. രണ്ട് ടീമുകള്‍ക്കും മല്‍സരം നിര്‍ണായകമായിരുന്നു. കാരണം പോയിന്റ് ടേബിളില്‍ പിറകിലാണ്. പരാജയപ്പെട്ടാല്‍ തരം താഴ്ത്തല്‍ ഭീഷണിയുണ്ട്. ഇംഗ്ലീഷ് ഫുട്‌ബോളില്‍ തരം താഴ്ത്തപ്പെടുക എന്ന് പറഞ്ഞല്‍ അതിനോളം വലിയ വേദനയില്ല. ടോര്‍ക്കെ എന്ന നഗരത്തിന്റെ പ്രതിനിധികളാണ് ടോര്‍ക്കെ എഫ്.സി. തോറ്റാല്‍ താരങ്ങളെ നാട്ടുകാര്‍ തന്നെ കൈകാര്യം ചെയ്യുന്ന അവസ്ഥ. കൂടാതെ സ്വന്തം മൈതാനത്താണ് കളി. 6000 പേര്‍ക്ക് ഇരിപ്പിടമുള്ള സ്‌റ്റേഡിയത്തില്‍ അതിന്റെ ഇരട്ടി കാണികളുമുണ്ട്. മല്‍സരം ആദ്യ 45 മിനുട്ട് പിന്നിടുമ്പോള്‍ ക്ര്യു അലക്‌സാണ്ടറിയക്ക് രണ്ട് ഗോള്‍ ലീഡ്. ടോര്‍ക്കെ ക്ലബിന്റെ താരങ്ങളും ആരാധകരുമെല്ലാം നിരാശയുടെ പുതപ്പിനുള്ളിലായിരുന്നു. ക്ര്യു അലക്‌സാണ്ടറിയയുടെ പ്രതിരോധമാവട്ടെ ശക്തമായിരുന്നു. എളുപ്പത്തില്‍ കടന്നു കയറാന്‍ കഴിയാത്ത അവസ്ഥ. ആരാധകര്‍ ഒന്നുറപ്പിച്ചു-ഈ സീസണില്‍ ടീം തരം താഴ്ത്തപ്പെട്ടത് തന്നെ.
രണ്ടാം പകുതി ആരംഭിക്കുന്നു. തുടക്കത്തില്‍ തന്നെ ടോര്‍ക്കെക്ക് അനുകൂലമായ ഫ്രീകിക്ക്. ക്ര്യ അലക്‌സാണ്ടറിയാക്കാര്‍ പ്രതിരോധ മതില്‍ തീര്‍ത്തു. ടോര്‍ക്കെക്കായി ഷോട്ട് പായിക്കാന്‍ എത്തിയത് അവരുടെ സ്‌ട്രൈക്കര്‍ ജെയിംസ് ആന്റണി മഗ്നിച്ചോല്‍. പെനാല്‍ട്ടി ബോക്‌സിന് പുറത്ത് നിന്നുള്ള ഫ്രീകിക്കായിരുന്നതിനാല്‍ ചെറിയ പ്രതീക്ഷകളുണ്ടായിരുന്നു. ടീമിന് മല്‍സരത്തിലേക്ക് തിരികെ വരാന്‍ എന്തെങ്കിലും സാധ്യത ആ കിക്ക് മാത്രമായിരുന്നു. സ്‌റ്റേഡിയം നിശബ്ദം. സമ്മര്‍ദ്ദത്തിന്റെ പകല്‍ വെളിച്ചത്തില്‍ കിക്കെടുക്കാന്‍ റഫറിയുടെ വിസില്‍. മഗ്നിച്ചോല്‍ മുന്നോട്ട് വന്നു- നീളന്‍ ഷോട്ടായിരുന്നു. പ്രതിയോഗികളില്‍ ഒരാളുടെ ദേഹത് തട്ടി പന്ത് വലയില്‍ കയറി. പിന്നെ ആരവമായിരുന്നു. ഒരു ഗോള്‍ തിരിച്ചടിക്കാനായല്ലോ...
അതോടെ ടീം ആകെ മാറി. ആക്രമണങ്ങള്‍ മാത്രം. സ്‌ക്കോട്ടുലാന്‍ഡുകാരനായ മഗ്നിച്ചോല്‍ തന്നെയായിരുന്നു ആക്രമണങ്ങളുടെ സുത്രധാരന്‍. പക്ഷേ ഒരു ഗോള്‍ കൂടി തിരിച്ചടിച്ച് സമനില നേടാനുള്ള അവരുടെ ശ്രമങ്ങള്‍ നിര്‍ഭാഗ്യങ്ങളില്‍ തട്ടി. അവസാന മിനുട്ടുകളില്‍ മഗ്നിച്ചോല്‍ പന്തിനായി കുതിക്കവെ അപ്രതീക്ഷിതമായി മൈതാനത്ത് ഒരു നായ-ജര്‍മന്‍ ഷെപ്പേര്‍ഡ് വിഭാഗത്തില്‍പ്പെട്ട കൂറ്റന്‍ നായ. മഗ്നിച്ചോല്‍ പന്തിനായി ഓടുമ്പോള്‍ അതേ വേഗതയില്‍ പിറകെ നായയും. പന്ത് പുറത്തേക്ക് പോയ വേളയില്‍ കളിക്കാരന്‍ വേഗത കുറച്ചപ്പോള്‍ അതാ അദ്ദേഹത്തിന്റെ ദേഹത്തേക്ക് ചാടി കയറിയിരിക്കുന്നു വലിയ നായ. റഫറിയും സഹതാരങ്ങളും ഗ്യാലറിയും അന്ധാളിച്ച് നില്‍ക്കവെ ബ്രൈന്‍ എന്ന് പേരുളള ആ കുറ്റന്‍ നായ താരത്തിന്റെ ദേഹം കടിച്ചു കീറി. വലത് കാലിലും നന്നായി കടിച്ചു. സ്വന്തം താരത്തെ രക്ഷിക്കാന്‍ ഓടിയടുത്ത ടോര്‍ക്കെയുടെ സഹതാരങ്ങളും ഒരു നിമിഷം നായയുടെ അരികിലേക്ക് എത്താന്‍ മടിച്ചു. റഫറി വിസിലുമായി ഓടിയെത്തി. മഗ്നിച്ചോല്‍ ആകെ പരിഭ്രാന്തനായിരുന്നു. നായയുടെ ഉടമ വന്ന് രംഗം ശാന്തമാക്കിയെങ്കിലും രക്തത്തില്‍ കുളിച്ചിരുന്നു കളിക്കാരന്‍. സംഭവിച്ചത് ഇത്രയുമാണ്-പുറത്തേക്ക് പോവുന്ന പന്തിനെയാണ് മഗ്നിച്ചോല്‍ ചേസ് ചെയ്തത്. ഇംഗ്ലണ്ടിലെ ഫുട്‌ബോള്‍ സ്‌റ്റേഡിയങ്ങളുടെ പ്രത്യേകത മൈതാനത്തിന് അരികില്‍ വരെ കസേരകളുണ്ടാവും. അവിടെ കളി കാണുകയായിരുന്നു ബ്രൈന്‍ എന്ന നായയുടെ ഉടമ. പക്ഷേ മഗ്നിച്ചോല്‍ ഓടിയടുത്തപ്പോള്‍ നായ കരുതി ഈ വരവ് തന്റെ ഉടമയെ ആക്രമിക്കാനാണെന്ന്. അങ്ങനെയാണ് അവനും രംഗത്ത് വന്നത്.

മൈതാനത്ത് കിടന്ന താരത്തെ പരിചരിക്കാനായി ടീമിന്റെ മെഡിക്കല്‍ സംഘമെത്തി. പുറത്തും കാലിലും വലിയ കെട്ടുകള്‍ക്കായി അഞ്ച് മിനുട്ടോളമെടുത്തു. ഈ സമയമത്രയും രണ്ട് ടീമിലെയും കളിക്കാര്‍ മഗ്നിചോലിന് ചുറ്റുമായിരുന്നു. അവസാനം റഫറി കളി തുടരാന്‍ നിര്‍ദ്ദേശം നല്‍കി. നായയുടെ വിളയാട്ടത്തില്‍ നഷ്ടമായ അഞ്ച് മിനുട്ട് അധിക സമയമായി പ്രഖ്യാപിച്ച് കളി തുടരാന്‍ പറഞ്ഞു.
ക്ര്യു അലക്‌സാണ്ടറിയാ താരങ്ങളെല്ലാം പ്രതിരോധം തീര്‍ത്തു. അഞ്ച് മിനുട്ട് പിടിച്ചുനിന്നാല്‍ മതിയല്ലോ. പക്ഷേ ടോര്‍ക്കെയുടെ പോള്‍ ഡോബ്‌സണ്‍ എന്ന മുന്‍നിരക്കാരന്‍ പണി പറ്റിച്ചു. അസാമാന്യ വേഗതയില്‍ പന്തുമായി കയറിയ ഡോബ്‌സണ്‍ ടോര്‍ക്കെയുടെ സമനില ഗോള്‍ നേടിയപ്പോള്‍ സ്‌റ്റേഡിയം ഒരിക്കല്‍ കൂടി ആവേശഭരിതമായി. താമസിയാതെ റഫറിയുടെ ലോംഗ് വിസിലുമെത്തി. മല്‍സരം 2-2. സമനില വഴി ടോര്‍ക്കെക്കാര്‍ തരം താഴത്തല്‍ ഭീഷണിയില്‍ നിന്ന് രക്ഷപ്പെടുകയും ചെയ്തു.
അടുത്ത ദിവസത്തെ വലിയ വാര്‍ത്ത ടോര്‍ക്കെയുടെ മാനം കാത്ത താരങ്ങളായിരുന്നില്ല-ആ ജര്‍മന്‍ ഷെപ്പേര്‍ഡായിരുന്നു. കാരണം നായ രംഗ പ്രവേശം ചെയ്തിലായിരുന്നുവെങ്കില്‍ ടോര്‍ക്കെക്ക് ആ അഞ്ച് മിനുട്ട് അധികസമയം ലഭിക്കുമായിരുന്നില്ല. സമനില ഗോള്‍ സ്‌ക്കോര്‍ ചെയ്യാനും കഴിയുമായിരുന്നില്ല. സ്വന്തം താരത്തിന്റെ രക്തം കുടിച്ചെങ്കിലും ടോര്‍ക്കെ ആരാധകര്‍ ഇന്നും ബ്രൈന്‍ എന്ന നായയെ മറക്കാന്‍ വഴിയില്ല. മല്‍സരത്തിന് ശേഷം മഗ്നിച്ചോലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 17 സ്റ്റിച്ചുകള്‍ വേണ്ടി വന്നു അദ്ദേഹത്തിന്. കാലിലും പുറത്തുമായി നായയുടെ പല്ലിറങ്ങിയ മൂന്ന് വലിയ കുഴികളും.

കമാൽ വരദൂർ 🖋️

ആനപറമ്പിലെ വേൾഡ് കപ്പ് ഒരുക്കുന്ന കമാൽവരദൂർ എഴുതുന്ന 101 ഫുട്ബോൾ കഥകൾ നിങ്ങൾക്ക് സൗത്ത് സോക്കേഴ്സിലൂടെ വായിക്കാം 

Monday, June 29, 2020

"കളി കാണാനുള്ള മല്‍സരത്തില്‍ മരിച്ചത് 96 പേര്‍" |കഥ-4| ആനപ്പറമ്പിലെ വേൾഡ് കപ്പ് സമർപ്പിക്കുന്ന | 'കാൽപ്പന്തിന്റെ 101 കഥകൾ' |

               

ഇതൊരു വേദനിപ്പിക്കുന്ന കഥയാണ്.  മൈതാനത്ത് സാധാരണ നമ്മള്‍ കാണുക രണ്ട് ടീമുകള്‍ തമ്മിലുള്ള പോരാട്ടമാണെങ്കില്‍ ഈ കഥയിലെ മല്‍സരം ശ്വാസത്തിന് വേണ്ടിയായിരുന്നു.  അല്‍പ്പം ഓക്‌സിജന്‍ ലഭിക്കാതെ  അലറി വിളിച്ച് ജീവഛവമായവരുടെ കഥ. 96 ഫുട്‌ബോള്‍ പ്രേമികള്‍ തല്‍സമയം മൈതാനത്ത് മരിച്ച് വീണ കഥ. പക്ഷേ ഈ ദുരന്ത കഥ ഒരു മുന്നറിയിപ്പായിരുന്നു. ലോകത്താകമാനമുള്ള ഫുട്‌ബോള്‍ സ്‌റ്റേഡിയങ്ങളുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ ഇടയാക്കിയ ദുരന്തം.
കഥയുടെ വേദി ഇംഗ്ലണ്ടാണ്. അവിടെയാണല്ലോ ഭ്രാന്തന്മാരായ ഫുട്‌ബോള്‍ പ്രേമികളുള്ളത്. അവര്‍ക്ക് കളിയെന്നാല്‍ അതൊരു വല്ലാത്ത വികാരമാണ്. സ്വന്തം ടീമിന് വേണ്ടി മരിക്കാന്‍ പോലും തയ്യാറാവുന്ന ആവേശം. അവര്‍ക്ക് കളി ടെലിവിഷനില്‍ കണ്ടാല്‍ പോര-നേരില്‍ തന്നെ കാണണം. അതും കൂട്ടമായി... 1989 ഏപ്രില്‍ 15. ഇംഗ്ലണ്ടിലെ വിഖ്യാതമായ എഫ്.എ കപ്പ് ഫുട്‌ബോളിന്റെ സെമി ഫൈനല്‍. ഒരു ഭാഗത്ത് ജനപ്രിയ ടീമായ ലിവര്‍പൂള്‍. മറുഭാഗത്ത്  നോട്ടിങ്ഹാം ഫോറസ്റ്റ്. ഈ രണ്ട് ടീമുകള്‍ക്കും പതിനായിരക്കണക്കിന് ആരാധകരുണ്ട്. ടീമിന്റെ സ്വന്തം ജഴ്‌സിയില്‍ ഇവര്‍ കളി ആസ്വദിക്കാനിറങ്ങും.  രണ്ട് ടീമുകളുടെയും ആരാധകര്‍ക്ക് സ്റ്റേഡിയത്തില്‍ പ്രത്യേക സ്ഥലങ്ങള്‍ തന്നെയാണ് സംഘാടകര്‍ നല്‍കാറുള്ളത്. അതിന് കാരണം തമ്മില്‍ തല്ല് ഒഴിവാക്കാലാണ്.  ഇംഗ്ലീഷ് ഫുട്‌ബോള്‍ ചരിത്രം പരിശോധിച്ചാല്‍ കാണികളുടെ തമ്മിലടി എത്രയോ കാണാം.  ഇത് കൊണ്ടാണ് ഫാന്‍സിന് പ്രത്യേക സ്ഥലങ്ങള്‍ അനുവദിക്കുന്നത്. സൗത്ത് യോര്‍ക്ക്‌ഷെയര്‍ കൗണ്ടിയിലെ ഷെഫീല്‍ഡിലുള്ള ഹില്‍സ്‌ബോറോ സ്‌റ്റേഡിയത്തിലായിരുന്നു അങ്കം.  അത്ര വലിയ മൈതാനമല്ല. പക്ഷേ സ്ഥിരമായി അവിടെ വലിയ മല്‍സരങ്ങള്‍ നടക്കാറുണ്ടായിരുന്നു. വൈകീട്ട്് മൂന്ന് മണിക്കായിരുന്നു കിക്കോഫ്. ആരാധകരെ ഭയന്ന് തന്നെയാണ് ഇത്രയും നേരത്തെ മല്‍സരം സംഘാടകര്‍ നിശ്ചയിച്ചത്. പകല്‍ വെളിച്ചത്തില്‍ കാണികളുടെ കടന്നുകയറ്റം കുറവാകുമെന്ന് കരുതിയുള്ള മുന്‍കരുതല്‍. കിക്കോഫിന് 15 മിനുട്ട് മുമ്പ് തന്നെ എല്ലാവരും ഇരിപ്പിടത്തില്‍ എത്തണമെന്ന നിര്‍ദ്ദേശവും നല്‍കിയിരുന്നു.

ഉച്ചത്തിരിഞ്ഞ് തന്നെ കാണികള്‍ ഒഴുകാന്‍ തുടങ്ങി. രണ്ട് ടീമിന്റെയും ആരാധകര്‍ തങ്ങള്‍ക്ക് അനുവദിക്കപ്പെട്ട സ്ഥലങ്ങളിലെത്തി. സ്‌റ്റേഡിയം നിറഞ്ഞിട്ടും അത്രയും ആളുകള്‍ പുറത്ത്. മല്‍സരം ആരംഭിക്കുന്നതിന് മിനുട്ടുകള്‍ക്ക് മുമ്പ് സുരക്ഷാ ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥന്‍  തിരക്ക് ഒഴിവാക്കാനെന്നോണം സ്‌റ്റേഡിയത്തിന്റെ ഒരു ഗേറ്റ് തുറക്കാന്‍ പറഞ്ഞതും പുറത്ത് നിന്നുള്ള വന്‍ ജനക്കൂട്ടം തിക്കി ത്തിരക്കി അകത്തേക്ക് കയറാന്‍ തുടങ്ങി. മൈതാനത്തെയും ഗ്യാലറിയെയും വേര്‍ത്തിരിക്കുന്ന ഇരുമ്പ് ഗേറ്റുകള്‍ക്കരികിലേക്ക് എല്ലാവരും കുതിച്ചെത്തി ( ഇംഗ്ലണ്ടിലെ സ്‌റ്റേഡിയങ്ങള്‍ കൂട്ടുകാര്‍ ശ്രദ്ധിച്ചാല്‍ ഒരു കാര്യം കാണാം. ഗ്യാലറിയും മൈതാനവും തമ്മില്‍ വളരെ അടുത്തായിരിക്കും. ഗ്യാലറിക്കും മൈതാനത്തിനും മധ്യേ വലിയ ഇരുമ്പ്് വേലികളുണ്ടാവും. ഇരിപ്പിടങ്ങള്‍ ലഭിക്കാത്ത കാണികല്‍ ചിലപ്പോള്‍ ഇരുമ്പ് വേലിക്ക് ചുറ്റും നിന്നായിരിക്കും മല്‍സരം കാണുക.) കാണികളുടെ തള്ളിക്കയറ്റത്തില്‍ ഇരുമ്പ് വേലിക്കരികില്‍ ആദ്യമെത്തിയവര്‍ കുരുങ്ങി നിന്നു. അവര്‍ക്് മുകളിലേക്ക് തിക്കി തിരക്കിയെത്തിയവര്‍ ഒന്നിന് പിറകെ ഒന്നായി വീണു.  മുന്നിലുള്ളവരുടെ വീഴ്ച്ച പോലുമറിയാതെ പിറകിലുള്ളവര്‍ തീരക്കിയെത്തിയതോടെ അടിയില്‍പ്പെട്ടവര്‍ ശ്വാസം കിട്ടാതെ അലറി. പക്ഷേ ആ അലര്‍ച്ച കേള്‍ക്കാന്‍ ആരുമുണ്ടായിരുന്നില്ല. അങ്ങനെ 94 പേര്‍ തല്‍ക്ഷണം ശ്വാസം കിട്ടാതെ മരിച്ചു. ഒരാള്‍ ആശുപത്രിയില്‍ വെച്ച് മരിച്ചു.  മറ്റൊരാള്‍ ദീര്‍ഘകാലം ചികില്‍സയിലായിരുന്നു. അബോധാവസ്ഥയില്‍ ആസുപത്രി കിടക്കയില്‍ തന്നെയായിരുന്ന  അയാള്‍ 1993 ല്‍ മരിച്ചു. 766 പേര്‍ക്ക് പരുക്കേറ്റു. ഇംഗ്ലീഷ് ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമായിരുന്നു ഇത്.


ആ ദുരന്ത കാഴ്ച്ചകള്‍ ഹൃദയഭേദകമായിരുന്നു.  സ്‌റ്റേഡിയത്തിലേക്ക് ആദ്യം തിക്കി തിരക്കി കയറിയവരാണ്  ദുരന്തത്തിനിരയായത.് ഏത് വിധേനയും കളി കാണുക മാത്രമായിരുന്നു എല്ലാവരുടെയും ലക്ഷ്യം. ലിവര്‍പൂള്‍ ആരാധകരായിരുന്നു മരിച്ചവരില്‍ കൂടുതല്‍. ഇംഗ്ലീഷ് ഫുട്‌ബോളില്‍ ഹൂളിഗന്‍സ് അഥവാ ഭ്രാന്തന്മാര്‍ എന്നൊരു വിഭാഗമുണ്ട്.  കളിയെ വന്യമായി ആസ്വദിക്കലാണ് ഇവരുടെ ഇഷ്ടം. പ്രതിയോഗികളെ ആക്രമിക്കുക, സ്വന്തം ടീമിനായി സ്വയം മറക്കുക. ഈ ആവേശത്തിലായിരുന്നു പലരും. ചിത്രങ്ങള്‍ കണ്ടാലറിയാം  ദുരന്തത്തിന്റെ ഭീകരത. ഇരുമ്പ് വേലിക്ക്് മുന്നില്‍ കുരുങ്ങി ജീവന് വേണ്ടി നിലവിളിക്കുന്നവരുടെ  ദേഹത്തേക്ക് മലവെളളപ്പാച്ചില്‍ പോലെ ആളുകള്‍ എത്തുകയായിരുന്നു.  വന്നവര്‍ വന്നവര്‍ വീഴാന്‍ തുടങങ്ങി. അവരുടെ നിലവിളികള്‍ക്ക് മേല്‍ പിറകെ വന്നവര്‍ അകപ്പെട്ടു.

ഇംഗ്ലീഷ് ഫുട്‌ബോള്‍ പ്രേമികള്‍ ഉന്മാദികളെ പോലെയാണ്. മദ്യപിച്ചായിരിക്കും ഭൂരിപക്ഷവും കളി ആസ്വാദനമെന്ന ആഘോഷത്തിന് വരുക. ഇതും ദുരന്തത്തിന്റെ ആഴം വര്‍ധിപ്പിച്ചു.  പോലീസായിരുന്നു ഒന്നാം പ്രതി.  അവര്‍ എന്തിന് ഗേറ്റുകള്‍ തുറന്നു എന്ന ചോദ്യം ഉത്തരമില്ലാതെ നിലനിന്നു.  പതിനായിരക്കണക്കിന് കാണികള്‍ പുറത്ത്് ബഹളം വെക്കുമ്പോള്‍ അവര്‍ക്കായി കാട്ടിയ കാരുണ്യത്തില്‍ 96 പേരുടെ ജീവന്‍ നഷ്ടമാവുകയായിരുന്നു. വലിയ ദുരന്തമായതിനാല്‍ അന്വേഷണം പ്രഖ്യാപിച്ചു. പ്രാഥമിക അന്വേഷണത്തില്‍ പോലീസ് ആരാധകരില്‍ കുറ്റം ചാര്‍ത്തി. മദ്യപിച്ചെത്തിയ കാണികള്‍ തിക്കിത്തിരക്കിയത് മൂലമായിരുന്നു വലിയ ദുരന്തമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്. ഇരുമ്പ് ഗേറ്റും പ്രശ്‌നമായി. എന്നാല്‍ ഈ റിപ്പോര്‍ട്ടിനെതിരെ മരിച്ചവരുടെ കുടുംബങ്ങള്‍ രംഗത്ത് വന്നു. പോലീസ് എന്തിന് ഗേറ്റ് തുറന്നു എന്ന ചോദ്യം അവര്‍ ഉയര്‍ത്തിയപ്പോള്‍ പുതിയ അന്വേഷണ കമ്മീഷനെത്തി. വലിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ഒരു സംവിധാനവുമില്ലാതെയാണ് പോലീസ് എത്തിയതെന്ന് രണ്ടാമത്തെ അന്വേഷണത്തില്‍ മനസ്സിലായി. വലിയ മല്‍സരമായിട്ടും സുരക്ഷ ഒരുക്കാന്‍ കുറച്ച് പോലിസുകാര്‍ മാത്രം. ആംബുലന്‍സ് സംവിധാനം പോലുമുണ്ടായിരുന്നില്ല. സംഘാടകരുടെ അനുമതി തേടാതെ പോലീസ് ഗേറ്റ് തുറന്നതാണ് പ്രശ്‌നമായതെന്നായിരുന്നു ഈ അന്വേഷണത്തില്‍ തെളിഞ്ഞത്.
പക്ഷേ അടിസ്ഥാന കാരണം ഇരുമ്പ് ഗേറ്റായിരുന്നു. മൈതാനത്തിന് ചുറ്റും സ്ഥാപിക്കപ്പെട്ട ഗേറ്റില്‍ തട്ടി മുന്നോട്ടും പിന്നോട്ടും പോവാന്‍ കഴിയാതെ  പലരും കുരുങ്ങുകയായിരുന്നു. ഇംഗ്ലീഷ് മെതാനങ്ങളില്‍ നിന്ന് ഇരുമ്പ് ഗേറ്റുകള്‍ അപ്രത്യക്ഷമാവാന്‍ കാരണവും ഈ സംഭവമായിരുന്നു. ഗേറ്റുകള്‍ക്ക്് പകരം സ്‌റ്റേഡിയങ്ങളില്‍ ഇരിപ്പിടങ്ങള്‍ വര്‍ധിപ്പിക്കാന്‍ തീരുമാനമായി. ഒരു സാഹചര്യത്തിലും കാണികളെ മൈതാനത്തിന് അരികിലെത്തരുതെന്ന തീരുമാനവുമായി. ഹില്‍സ്‌ബോറോ ദുരന്തമെന്നാല്‍ ഇന്നും ഇംഗ്ലീഷ് ഫുട്‌ബോള്‍ വിതുമ്പും.
അന്നത്തെ മല്‍സരം അതോടെ ഉപേക്ഷിച്ചു. അതേ വര്‍ഷം മെയ് ഏഴിന് ഓള്‍ഡ് ട്രാഫോഡില്‍ മല്‍സരം നടന്നു. ലിവര്‍പൂള്‍ വിജയിച്ചു. ഫൈനലിലും അവര്‍ക്ക് തന്നെയായിരുന്നു വിജയം.


ചിത്രം
ഹില്‍സ്‌ബോറോ സ്‌റ്റേഡിയത്തിലെ ഇരുമ്പ് ഗേറ്റില്‍ കുരുങ്ങി ശ്വാസം ലഭിക്കാതെ അലറി വിളിക്കുന്നവര്‍.

കമാൽ വരദൂർ 🖋️

ആനപറമ്പിലെ വേൾഡ് കപ്പ് ഒരുക്കുന്ന കമാൽവരദൂർ എഴുതുന്ന 101 ഫുട്ബോൾ കഥകൾ നിങ്ങൾക്ക് സൗത്ത് സോക്കേഴ്സിലൂടെ വായിക്കാം 

Wednesday, June 24, 2020

കണ്‍മുന്നില്‍ സാക്ഷാല്‍ മെസി | ഫുട്ബോൾ രാജാവിനെ ഇന്റർവ്യൂ ചെയ്ത ചരിത്ര മുഹൂർത്തം ഓർത്തെടുത്തു | കമാൽ വരദൂർ

                             


2014 ജൂലൈ-1
ലോകകപ്പ് പ്രി ക്വാര്‍ട്ടര്‍ ഫൈനലില്‍ അര്‍ജന്റീനയും സ്വിറ്റ്‌സര്‍ലാന്‍ഡും സാവോപോളോയിലെ കൊറീന്ത്യന്‍സ് മൈതാനത്ത് ഏറ്റുമുട്ടുന്ന ദിനം. ലിയോ മെസിയും ഡി മരിയയും സെര്‍ജി അഗ്യൂറോയുമെല്ലാം കളിക്കുന്ന അര്‍ജന്റീനക്കാര്‍.... ഷക്കീറിയെ പോലെ അതിവേഗക്കാരുടെ ചുവപ്പന്‍ സ്വിസ് പട
ലോകത്തെ ഏറ്റവും വലിയ പട്ടണങ്ങളിലൊന്നായ സാവോപോളോയില്‍ നിന്നും 100 കീലോമീറ്റര്‍ അകലെ സാവോ ജോസിലാണ് എന്റെ താമസം. മല്‍സരം നടക്കുന്ന കൊറീന്ത്യന്‍സ് മൈതാനമാവട്ടെ സാവോപോളോയില്‍ നിന്നും മുപ്പത് മിനുട്ട് അകലെയാണ്....
രാവിലെ തന്നെ സാവോ ജോസിലെ വീട്ടില്‍ നിന്നുമിറങ്ങി-വളരെ നേരത്തെ എത്തിയാല്‍ മാത്രമാണ് സ്‌റ്റേഡിയത്തിലെ മീഡിയാ ഗ്യാലറിയില്‍ ഇരിപ്പിടമുണ്ടാവു. അര്‍ജന്റീനക്കാരും സ്വിസുകാരും തലേദിവസം തന്നെ സാവോപോളോ കീഴടക്കിയിരുന്നു. ആരാധകരുടെ കുത്തൊഴുക്ക് ഉറപ്പാണ്. സാവോ ജോസില്‍ നിന്നും രാവിലെ ബസ്സില്‍ കയറി. ബസ് എന്നാല്‍ സൂപ്പര്‍ സുന്ദര ബസാണ്. എട്ട് വരി ട്രാക്കിലൂടെ കുതികുതിക്കുന്ന ബസിന് സാവോ ജോസ് വിട്ടാല്‍ സ്‌റ്റോപ്പ് സാവോപോളോ മാത്രം. ഒരു മണിക്കൂറിനകം 100 കീലോ മീറ്റര്‍ പിന്നിടും.
ബസ് അതിവേഗം തായിത്തെ എന്ന സ്ഥലത്തെ വലിയ ബസ് സ്റ്റേഷനിലെത്തി. അവിടെ നിന്നും ട്രെയിന്‍ മാര്‍ഗ്ഗം വേണം സ്‌റ്റേഡിയത്തിലെത്താന്‍. രണ്ട് റിയല്‍ (ബ്രസീല്‍ കറന്‍സി) വേണം സ്‌റ്റേഡിയത്തിലെത്താന്‍. ബസ് പോലെ തന്നെ സുന്ദരമായ ട്രെയിനില്‍ എളുപ്പത്തില്‍ സ്‌റ്റേഡിയത്തിന്റെ കവാടത്തിലെത്താം. ട്രെയിന്‍ നിറയെ അര്‍ജന്റീനക്കാര്‍.... മറഡോണയെ പാടി മെസിയെ പാടി അവരങ്ങ് ആര്‍ത്തു വിളിക്കുകയാണ്. എല്ലാവരുടെ ഷര്‍ട്ടിന്റെയും നിറം വെളുപ്പും നീലയും-ജഴ്‌സി നമ്പര്‍ പത്ത്. മറഡോണയണിഞ്ഞ പത്ത് ഇപ്പോള്‍ മെസിയുടെ പത്താണ്. എല്ലാവരും പാടുന്നത് ഒരു പാട്ട് മാത്രം-ലാ ലീ ലിയോ-അതായത് മെസിയെന്ന രാജാവിനെ വാഴ്ത്തിയങ്ങ് മുന്നേറുന്നു. ഫുട്‌ബോളിനെ മാത്രം സ്‌നേഹിക്കുന്ന, കാല്‍പ്പന്തിനെ പ്രാണവായുവായി കരുതുന്ന ഒരു ജന തതി-അവരാണ് അര്‍ജന്റീനക്കാര്‍. ഫുട്‌ബോളാണ് കൊച്ചു രാജ്യത്തെ ഒന്നിപ്പിക്കുന്നത്. കാഴ്ച്ചയില്‍ എല്ലാവരും സുന്ദരീസുന്ദരന്മാര്‍... വളരെ പെട്ടെന്ന് ട്രെയിന്‍ സ്‌റ്റേഡിയത്തിലെത്തി. പുറത്ത് നില്‍ക്കുമ്പോള്‍ അലകടല്‍ പോലെ അര്‍ജന്റീനക്കാര്‍. ഇടക്കിടെ സ്വിസുകാരും. പക്ഷേ എവിടെയും ബ്രസീലുകാരെ കാണുന്നില്ല. അവരുടെ മഞ്ഞനിറം ചിലയിടങ്ങളില്‍ മാത്രം.
ബ്രസീലും അര്‍ജന്റീനയും തമ്മിലുള്ള സ്‌നേഹമെന്നത് ഒരു ഇന്ത്യ-പാക് ഗാഥ പോലെയാണ്. ശത്രുതയിലാണ് ഇരു രാജ്യക്കാര്‍ക്കും താല്‍പ്പര്യം. അര്‍ജന്റീനക്കാരന്റെ നീല കുപ്പായത്തോട് മഞ്ഞയിട്ട ബ്രസീലുകാരന് താല്‍പ്പര്യമില്ല. കളിക്കാന്‍ വരുന്നത് സാക്ഷാല്‍ മെസിയാണെങ്കില്‍ പോലും ബ്രസീലുകാര്‍ പെലെ, നെയ്മര്‍ പാട്ടുകള്‍ പാടും. അര്‍ജന്റീനക്കാരെ കാണുമ്പോള്‍ ബ്രസീലുകാര്‍ പാടുന്ന ഒരു സൂപ്പര്‍ ഗാനമുണ്ട്-സപെലെ സപെലെ ... എന്ന് തുടങ്ങുന്ന ഗാനം. റിയോ ഒളിംപിക്‌സ് വേളയിലാണ് ഈ ഗാനം കൂടുതല്‍ കേട്ടത്. ഒരു അര്‍ജന്റീനക്കാരന്റെ കുപ്പായം എവിടെയെങ്കിലും കണ്ടാല്‍ അപ്പോള്‍ തുടങ്ങും ബ്രസീലുകാര്‍ സപെലെയെ പാടാന്‍... ആ പാട്ടിനര്‍ത്ഥം രസകരമാണ്. പെലെയെ പോലെ ആയിരം ഗോള്‍ നേടിയ ആരുണ്ട് ലോകത്ത് എന്നാണ് ആദ്യ വരിയുടെ അര്‍ത്ഥം. തായിത്തിയിലെ സ്‌റ്റേഷനില്‍ നിന്നും ട്രെയിന്‍ സ്‌റ്റേഡിയത്തിന്റെ പ്രധാന കവാടത്തിലെത്തിയത് അറിഞ്ഞതേയില്ല-കാരണം അത്രമാത്രം ആരാധകരുടെ തളളിക്കയറ്റത്തില്‍ നിലം തൊടാതെയുള്ള ഒരു യാത്ര.
കളി തുടങ്ങാന്‍ രണ്ട് മണിക്കൂര്‍ ഇനിയും ബാക്കിയുണ്ട്. നല്ല വെയിലായതിനാല്‍ മീഡിയാ ബോക്‌സിലെ ശീതളിമയില്‍ സുഹൃത്തുകള്‍ക്കൊപ്പം അല്‍പ്പമിരുന്നു. അല്‍പ്പം കഴിഞ്ഞ് താരങ്ങള്‍ മൈതാനത്ത് വാം അപ്പിനിറങ്ങിയപ്പോള്‍ മീഡിയാ ഗ്യാലറിയിലെത്തി. മെസിയും അഗ്യൂറോയും ഹിഗ്വിനും മസ്‌കരാനസും മരിയയുമെല്ലാം പന്ത് തട്ടുന്നു. മെസിയുടെ കാലുകളില്‍ പന്ത് കിട്ടുമ്പോള്‍ സ്വയം മറക്കുന്ന അര്‍ജന്റീനക്കാര്‍. ഷെര്‍ദാന്‍ ഷക്കീരിയായിരുന്നവു സ്വിസ് സംഘത്തിലെ സുപരിചിതന്‍.
അല്‍പ്പം കഴിഞ്ഞു-ടീം ലൈനപ്പായി. അര്‍ജന്റീനിയന്‍ സംഘത്തില്‍ ഗോള്‍ വലയം കാക്കുന്നത് പതിവ് പോലെ റോമീറോ. പിന്‍നിരയില്‍ ഗാരി, സബലേറ്റ, ഗാജോ, റോജോ. മധ്യനിരയില്‍ ഫെര്‍ണാണ്ടസ്, ഡി മരിയ, മസ്‌ക്കരാനോ, ലാവസി. മുന്‍നിരയില്‍ മെസിയും ഹിഗ്വിനും.
സ്വിസ് സംഘത്തില്‍ ഗോള്‍ക്കീപ്പര്‍ ബെനാജിയോ. പിന്‍നിരയില്‍ സാക്കയും ബെഹറമിയും റോഡ്രിഗസും മഹമൂദിയും. മധ്യനിരക്ക് കരുത്ത് പകരാന്‍ ഡാര്‍മനിച്ചും ജോര്‍കഫും. മുന്‍നിരയില്‍ ഷക്കീരിയും ഷാക്കറും.... മൈതാനം പ്രകമ്പനം കൊള്ളാന്‍ തുടങ്ങി. ഔദ്യോഗിക ജഴ്‌സിയില്‍ ടീമുകള്‍ മൈതാനത്ത്. ആദ്യം അര്‍ജന്റീനയുെട ദേശീയ ഗാനം. മൂന്ന് മിനുട്ട് ദീര്‍ഘിച്ച ഗാനത്തിന് ശേഷം സ്വിസുകാരുടെ ദേശീയ ഗാനം.
റഫറിയുടെ വിസിലോടെ ആരവങ്ങള്‍ ശക്തമായി. മെസിക്കും സംഘത്തിനും വ്യക്തമായ ആധിപത്യം. ഹ്വിഗിനും മെസിയും പലവട്ടം സ്വിസ് ബോക്‌സില്‍ പരിഭ്രാന്തി പരത്തി. പക്ഷേ ഗോള്‍ മാത്രം അകന്നു. ആദ്യ പകുതിയില്‍ ഗോളില്ല. രണ്ടാം പകുതിയില്‍ മരിയായിരുന്നു താരം. തകര്‍ത്തുളള മുന്നേറ്റങ്ങള്‍. പക്ഷേ അപ്പോഴും ഗോളുകളുടെ ലാഞ്ചനയില്ല. നിശ്ചിത സമയ മല്‍സരം ഗോള്‍രഹിത സമനിലയില്‍. പിന്നെ അര മണിക്കൂര്‍ അധികസമയ പോരാട്ടം. ആ സമയത്തിന്റെ പതിനൊന്നാം മിനുട്ടില്‍ മെസി ഊളിയിട്ടു കയറി. തളികയിലെന്നോണം മരിയക്ക് ക്രോസ്-സുന്ദരമായ ഹെഡ്ഡറില്‍ പന്ത് വലയില്‍...... അര്‍ജന്റീനക്ക് ജയം..
മല്‍സരത്തിന് ശേഷം പതിവ് പത്രസമ്മേളനം. രണ്ട് ടീമുകളിലെയും ക്യാപ്റ്റന്മാരും പരിശീലകരും സംബന്ധിക്കും. നമ്മുടെ നാട്ടിലേത് പോലെ ഓടിയങ്ങ് പത്ര സമ്മേളനത്തില്‍ കയറാന്‍ കഴിയില്ല. നേരത്തെ ബുക്ക് ചെയ്ത് ടോക്കണ്‍ വാങ്ങണം. പത്രസമ്മേളന ഹാളില്‍ കയറിയപ്പോള്‍ യുദ്ധത്തിനുള്ള ആളുകള്‍... മുന്നിലുള്ള കസേരയില്‍ തന്നെ ഇരിപ്പുറപ്പിച്ചു.
അല്‍പ്പം കാത്തിരുന്നപ്പോള്‍ മെസി വന്നു, കോച്ചെത്തി. സ്വിസ് ക്യാപ്റ്റനും പരിശീലകനും പിറകെയെത്തി. ശാന്തശീലനായ മെസി-പതിവുള്ള നാണും മുഖത്ത്. വാര്‍ത്താ സമ്മേളനത്തിനൊരു അവതാരകനുണ്ട്. അദ്ദേഹം ആദ്യം കാര്യങ്ങള്‍ പറയും. ചോദ്യങ്ങള്‍ ചോദിക്കാനുളളവര്‍ക്ക് കൈകള്‍ ഉയര്‍ത്താം. അവതാരകനായിരിക്കും ചോദ്യങ്ങള്‍ക്ക് മാധ്യമ പ്രവര്‍ത്തകരെ ക്ഷണിക്കുക. തുടക്കം മുതല്‍ തന്നെ ഞാന്‍ കൈകള്‍ ഉയര്‍ത്തിയെങ്കിലും യൂറോപ്പില്‍ നിന്നുള്ള വന്‍കിട മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കായിരുന്നു അവസരം. അവസാനം എനിക്ക് അവസരം നല്‍കിയപ്പോള്‍ ഡി മരിയയുടെ ഗോളിനെക്കുറിച്ച് ചോദിച്ചു. മെസി വ്യക്തമായി സ്പാനിഷില്‍ ഉത്തരം നല്‍കി (നമ്മള്‍ ഉപയോഗിക്കുന്ന ഇയര്‍ ഫോണിലൂടെ സ്പാനിഷ് മറുപടി ഇംഗ്ലിഷില്‍ കേള്‍ക്കാം). മരിയ മാത്രമല്ല എല്ലാവരും മനോഹരമായി കളിച്ചത് കൊണ്ടാണ് വിജയം വരിച്ചതെന്നും ടീമിന്റെ ആത്മവിശ്വാസം ഇപ്പോള്‍ ഉന്നതിയിലാണെന്നുമാണ് സൂപ്പര്‍ താരം പറഞ്ഞത്.
വാര്‍ത്താ സമ്മേളനത്തിന് ശേഷം മെസി പുറത്തിറങ്ങി. ഉടന്‍ തന്നെ ഞാന്‍ അദ്ദേഹത്തിന് അരികിലെത്തി. ഓട്ടോഗ്രാഫ് വാങ്ങി. ഇന്ത്യയില്‍ നിന്നാണെന്നും ഒരഭിമുഖത്തിന് സമയം അനുവദിക്കണമെന്നും പറഞ്ഞപ്പോള്‍ വോളണ്ടിയര്‍ ഇടപ്പെട്ടു. അവിടെ വെച്ചു സംസാരിക്കാന്‍ കഴിയില്ലെന്നായിരുന്നു വോളണ്ടിയറുടെ നിലപാട്. മെസി പറഞ്ഞു തൊട്ടരികിലുള്ള മിക്‌സഡ് സോണിലേക്ക് വരാന്‍. ഉടന്‍ തന്നെ ക്യാമറയെടുത്തെങ്കിലും വാര്‍ത്താ സമ്മേളന ഹാളില്‍ നോ ഫഌഷ് എന്ന വലിയ ബോര്‍ഡുണ്ടായിരുന്നു. ക്യാമറ അനുവദിക്കില്ലെന്ന് വോളണ്ടിയര്‍ തീര്‍ത്തുപറഞ്ഞു.
അങ്ങനെ മിക്‌സഡ് സോണിലേക്ക് പോയി. അവിടെയും ധാരാളം മാധ്യമ പ്രവര്‍ത്തകര്‍. അര്‍ജന്റീനയുടെയും സ്വിറ്റ്‌സര്‍ലാന്‍ഡിന്റെയും താരങ്ങളെല്ലാമുണ്ട്. അവര്‍ പല നാട്ടില്‍ നിന്നെത്തിയ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുന്നു. മെസിക്കായുള്ള കാത്തിരിപ്പ് നീണ്ടപ്പോള്‍ അദ്ദേഹം വരില്ലെന്നാണ് കരുതിയത്. പക്ഷേ പത്ത് മിനുട്ട് കാത്തിരിപ്പിനൊടുവില്‍ വലിയ ഹാളില്‍ ഒരു അനൗണ്‍സ്‌മെന്റ്. പ്ലിസ് കീപ്പ് സൈലന്‍സ്, മെസി ഈസ് കമിംഗ്....
മെസി വരുന്നു എന്നറിഞ്ഞപ്പോള്‍ സന്തോഷവാനായി. വാര്‍ത്താ സമ്മേളനത്തിന് വന്ന അതേ ഡ്രസ്സില്‍ മെസി. അദ്ദേഹം വന്ന് വോളണ്ടിയറുടെ ചെവിയില്‍ എന്തോ പറഞ്ഞു. ഉടന്‍ വോളണ്ടിയര്‍ മൈക്കെടുത്ത് പറഞ്ഞു-വേര്‍ ദാറ്റ് ഇന്ത്യന്‍ ജര്‍ണലിസ്റ്റ്....! മെസി വിളിക്കുന്നത് എന്നെയാണെന്ന് മനസ്സിലായി. ഉടന്‍ അദ്ദേഹത്തിന് അരികിലെത്തി.
വോളണ്ടിയര്‍ എന്നോട് ചോദിച്ചു- സ്പാനിഷ് അല്ലെങ്കില്‍ പോര്‍ച്ചുഗീസ് അറിയുമോയെന്ന്..... രണ്ടും വഴങ്ങില്ലെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ മെസിക്ക് ഈ രണ്ട് ഭാഷ മാത്രമേ അറിയു എന്ന് വോളണ്ടിയര്‍. ഉടന്‍ തന്നെ സാവോപോളോയില്‍ വെച്ച് പരിചയപ്പെട്ട അര്‍ജന്റീനിയന്‍ പത്രം ബ്യുണസ് അയേഴ്‌സ് ഹെറാള്‍ഡിന്റെ റിപ്പോര്‍ട്ടറോട് സഹായം തേടി. അദ്ദേഹം അരികിലെത്തി. അങ്ങനെ ഞങ്ങള്‍ മൂന്ന് പേര്‍-മെസിയും ഞാനും റൊമാരോ എന്ന അര്‍ജന്റീനക്കാരനും.
വലിയ രാജ്യാന്തര മാധ്യമ സമൂഹത്തിന് നടുവില്‍ മറക്കാനാവാത്ത അനുഭവമായിരുന്നു അത്. തിരക്കിന്റെ വക്താവായ മെസി. അധികമാരോടും സംസാരിക്കാത്ത സൂപ്പര്‍ താരം. ഇന്ത്യയെക്കുറിച്ച് വ്യക്തമായ അറിവില്ലാത്ത താരരാജാവ്. അദ്ദേഹമാണ് ഏഴ് മിനുട്ട് സംസാരിക്കാന്‍ മുന്നിലിരിക്കുന്നത്. ഇന്ത്യയെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന് കാര്യമായ അറിവ് നമ്മുടെ രാജ്യത്തെക്കുറിച്ചില്ല. ലോക ഫുട്‌ബോളില്‍ യൂറോപ്പും ലാറ്റിനമേരിക്കയും നിറഞ്ഞ് നില്‍ക്കുമ്പോള്‍ ഏഷ്യയില്‍ പോലും വിലാസമില്ലാത്ത ഇന്ത്യയെക്കുറിച്ച് അദ്ദേഹത്തിന് അറിയില്ല എന്നതില്‍ അല്‍ഭുതം തോന്നിയില്ല. നാല് വര്‍ഷത്തിലൊരിക്കല്‍ നടത്തപ്പെടുന്ന ഭുഖണ്ഢാന്തര ഫുട്‌ബോള്‍ മാമാങ്കത്തില്‍ ഇന്ത്യ പങ്കെടുക്കുന്നില്ല. ഏഷ്യന്‍ യോഗ്യതാ ഘട്ടത്തില്‍ തന്നെ ടീം തകരുന്നു. അത്തരത്തിലുള്ള ഒരു ടീമിനെക്കുറിച്ച് അധികമാര്‍ക്കുമറിയില്ലെന്ന യാഥാര്‍ത്ഥ്യം തള്ളിക്കളയാനാവില്ല.
ലോക ഫുട്‌ബോളിനെക്കുറിച്ചായിരുന്നു രണ്ടാമത്തെ ചോദ്യം. അതില്‍ മെസിയിലെ ഫുട്‌ബോളര്‍ക്ക് പറയാന്‍ ധാരാളമുണ്ടായിരുന്നു. കാലിക ഫുട്‌ബോളിലെ വേഗ മാറ്റങ്ങളെക്കുറിച്ചും താരങ്ങളുടെ തിരക്കേറിയ ഫുട്‌ബോള്‍ ജീവിതത്തെക്കുറിച്ചുമെല്ലാം അദ്ദേഹം പറഞ്ഞു. പ്രൊഫഷണല്‍ ഫുട്‌ബോളിന്റെ ഭാഗമാവുന്നവര്‍ക്ക് തിരക്ക് പുതിയ സംഭവമല്ല. രാജ്യത്തിനായി കളിക്കണം. ക്ലബിനായി കളിക്കണം. പ്രൊമോഷണല്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ പങ്കെടുക്കണം-പരുക്കില്‍ നിന്ന് മുക്തി നേടിയാല്‍ ദീര്‍ഘകാലം കളിക്കാം. തനിക്ക് ലഭിച്ച അംഗീകാരങ്ങളെക്കുറിച്ച് വാചാലനാവാന്‍ മെസിക്ക് താല്‍പ്പര്യമുണ്ടായിരുന്നു. ഫിഫ നല്‍കുന്ന പരമോന്നത പുരസ്‌ക്കാരം പല തവണ ലഭിച്ചു, ക്ലബ് ഫുട്‌ബോളില്‍ നേടാനായി ഒന്നും ബാക്കിയില്ല. പക്ഷേ ഇതെല്ലാം തന്റെ മാത്രം സമ്പാദ്യമാണെന്ന് അദ്ദേഹം വിശ്വസിക്കുന്നില്ല. അര്‍ജന്റീനയുടെ ദേശീയ കുപ്പായത്തില്‍ പലവട്ടം കപ്പിനും ചുണ്ടിനുമിടയില്‍ നിരാശനാവേണ്ടി വന്നു. പക്ഷേ ടീം നല്‍കുന്ന പിന്തുണ അപാരമായിരുന്നു. ബാര്‍സിലോണക്കായി കളിക്കുമ്പോള്‍ ചുറ്റുമുള്ളത് മികച്ച താരങ്ങള്‍. അവര്‍ക്കിടയില്‍ കളിക്കുമ്പോള്‍ പ്രയാസങ്ങള്‍ തെല്ലുമില്ല മെസിക്ക്. ലോകകപ്പിലെ സാധ്യതകളെക്കുറിച്ച് ചോദിച്ചപ്പോള്‍ കാല്‍പ്പന്ത് മൈതാനത്ത് ഓരോ ദിവസവും ഓരോ മല്‍സരങ്ങളും നിര്‍ണായകമാണെന്നാണ് അദ്ദേഹം വിവരിച്ചത്.
ഏഴ് മിനുട്ട് എത്ര പെട്ടെന്നാണ് പോയതെന്നറിഞ്ഞില്ല. മറ്റാരോടും ഒന്നും സംസാരിക്കാന്‍ നില്‍ക്കാതെ മെസി വേഗം മടങ്ങിയപ്പോള്‍ ആ ദിവസം നല്‍കിയ അനുഭൂതി ചെറുതായിരുന്നില്ല. 2014 ലെ ലോകകപ്പില്‍ മെസി മറ്റാര്‍ക്കും അഭിമുഖം നല്‍കിയതായി അറിയില്ല. ഒരു അര്‍ജന്റീനിയന്‍ പത്രം ലോകകപ്പിന് ശേഷം മെസിയുടെ അഭിമുഖം പ്രസിദ്ധീകരിച്ചിരുന്നു. മരക്കാനയിലെ ഫൈനലില്‍ മെസി നടത്തിയ പോരാട്ടം-അര്‍ജന്റീന കപ്പടിക്കുമെന്ന് ഞങ്ങളെല്ലാം പ്രതീക്ഷിച്ചു. പക്ഷേ അവസാന സമയത്ത് ജര്‍മനിക്കാരന്‍ ഗോയറ്റ്‌സെ വില്ലനായി അവതരിച്ചപ്പോള്‍ തല താഴ്ത്തി മടങ്ങിയ മെസിയുടെ മുഖം മറക്കാനാവുന്നില്ല. ലോകകപ്പിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടിട്ടും ലോകകപ്പ് എന്ന വലിയ സ്വപ്‌നം പൊലിഞ്ഞതിന്റെ വേദനയും നിരാശയുമെല്ലാം ആ മുഖത്ത് പ്രകടമായിരുന്നു.
ഫുട്‌ബോള്‍ രാജാവ് പെലെ. അത്‌ലറ്റിക് ഇതിഹാസം മൈക്കല്‍ ജോണ്‍സണ്‍, ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തുടങ്ങി എത്രയോ കായിക ഉന്നതരുമായി അഭിമുഖം നടത്തിയിട്ടുണ്ട്. പക്ഷേ മെസിയുമായി സംസാരിച്ച ആ ഏഴ് മിനുട്ട് കായിക മാധ്യമ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമാണ്.  

കമാൽ വരദൂർ 🖋️

ആനപറമ്പിലെ വേൾഡ് കപ്പ് ഒരുക്കുന്ന കമാൽവരദൂർ എഴുതുന്ന 101 ഫുട്ബോൾ കഥകൾ നിങ്ങൾക്ക് സൗത്ത് സോക്കേഴ്സിലൂടെ വായിക്കാം 

Monday, June 22, 2020

"ഒരു കളി, 178 ദിവസം" |കഥ-2| ആനപ്പറമ്പിലെ വേൾഡ് കപ്പ് സമർപ്പിക്കുന്ന | 'കാൽപ്പന്തിന്റെ 101 കഥകൾ' |



നിങ്ങളൊക്കെ ഫുട്‌ബോള്‍ നന്നായി കളിക്കുന്നവരല്ലേ... ഒരു മല്‍സരം എത്ര മിനുട്ടാണ് എന്ന് കളി അറിയുന്നവരോട് ചോദിക്കുന്നത് അവരെ പരിഹസിക്കുന്നതിന് തുല്യമാണ്. 90 മിനുട്ടാണ് ഫുട്‌ബോള്‍ മല്‍സരത്തിന്റെ ഔദ്യോഗിക സമയം. ചിലപ്പോള്‍ ഇഞ്ച്വറി സമയമുണ്ടാവും. അത് ശരാശരി അഞ്ച് മിനുട്ട്. ഇനി നോക്കൗട്ട് മല്‍സരമാണെങ്കിലോ..?  90 മിനുട്ട്  മല്‍സരം സമനിലയിലാണെങ്കില്‍ 30 മിനുട്ട് അധികസമയം അനുവദിക്കും. അപ്പോഴും സമനിലയാണെങ്കില്‍ ഷൂട്ടൗട്ട്. അവിടെയും റിസല്‍ട്ട് വന്നിട്ടില്ലെങ്കില്‍ സഡന്‍ഡെത്ത് വരും. അങ്ങനെയാണ് മല്‍സരത്തില്‍ തീരുമാനമുണ്ടാവുക.  സമനിലയും അധികസമയവും ഷൂട്ടൗട്ടും പിന്നെ ഡസന്‍ഡെത്തുമെല്ലാം ചേരുമ്പോള്‍ തന്നെ 140 മിനുട്ട്. അതായത്-രണ്ടര മണിക്കൂര്‍. പക്ഷേ നമ്മുടെ ഫുട്‌ബോള്‍ ചരിത്രം നോക്കിയാല്‍ രണ്ട് വലിയ മല്‍സരങ്ങളുണ്ട്. ഒരു മല്‍സരം ദീര്‍ഘിച്ചത് മൂന്നര മണിക്കൂറോളം.  മറ്റൊരു മല്‍സരം ദീര്‍ഘിച്ചത് 178 ദിവസം. ആ കഥകളാണ് പറയാന്‍ പോവുന്നത്- കേള്‍ക്കാന്‍ റെഡിയല്ലേ...

കളിയോട് കളി

രണ്ടാം ലോക മഹായുദ്ധമെന്ന് കേട്ടാല്‍ നമ്മുടെ മുന്നിലേക്ക് വരുന്ന രണ്ട് നഗരങ്ങള്‍ ജപ്പാനിലെ ഹിരോഷിമയും നാഗസാക്കിയുമല്ലേ... പക്ഷേ യുദ്ധകാലത്ത് ഫുട്‌ബോള്‍ പ്രേമികളെല്ലാം വലിയ വേദനയിലായിരുന്നു-കളികളെല്ലാം  ഉപേക്ഷിക്കപ്പെട്ട സമയം.  പല മൈതാനങ്ങളും യുദ്ധ വേദികളായ കാഴ്ച്ച. 1945 ലായിരുന്നല്ലോ യുദ്ധത്തിന് വിരാമമായത്. അതോടെ കളിമുറ്റങ്ങളും ഉണര്‍ന്നു. 1946  മാര്‍ച്ച് 30ന്  ഇംഗ്ലണ്ടിലെ സ്‌റ്റേക്ക്‌പോര്‍ട്ടിലുള്ള വലിയ റഗ്ബി മൈതാനമായ എഡ്ഗിലി പാര്‍ക്കില്‍  അക്കാലത്തെ രണ്ട് പ്രമുഖ ഇംഗ്ലീഷ് ക്ലബുകള്‍ ഏറ്റുമുട്ടി. ആതിഥേയരായ സ്റ്റോക്ക് പോര്‍ട്ട് കൗണ്ടിയും ഡോണ്‍കാസ്റ്റര്‍ റോവേഴ്‌സും.  ഇംഗ്ലീഷ് പ്രീമിയര്‍ ലീഗായിരുന്നില്ല കെട്ടോ. സെക്കന്‍ഡ് ഡിവിഷനുമല്ല. മൂന്നാം ഡിവിഷന്‍ പോരാട്ടം. പക്ഷേ ആവേശത്തിന് കുറവുണ്ടായിരുന്നില്ല. ഇവര്‍ തമ്മിലുള്ള ആദ്യ പാദ പോരാട്ടം 2-2 ലായിരുന്നു. ഏത് വിധേനയും വിജയിയെ കണ്ടെത്താന്‍ നടന്ന രണ്ടാം പാദം 90 മിനുട്ട് പിന്നിട്ടപ്പോഴും  2-2 ല്‍ തന്നെ. അതോടെ റഫറി 30 മിനുട്ട് എക്‌സ്ട്രാ സമയം അനുവദിച്ചു. ആ സമയത്തും സമനില. അക്കാലത്ത് ഇംഗ്ലണ്ടില്‍ മാത്രം നിലവിലുണ്ടായിരുന്ന കീഴ്‌വഴക്കമായിരുന്നു ജയിക്കും വരെ കളി തുടരുക എന്നത്. അതായത്  കളി അനിശ്ചിതമായി തുടരും. ആരാണോ ആദ്യ ഗോള്‍ സ്‌ക്കോര്‍ ചെയ്യുന്നത്, അവര്‍ വിജയിക്കും. പില്‍ക്കാലത്ത് അംഗീകരിക്കപ്പെട്ട ഗോള്‍ഡന്‍ ഗോള്‍ ശൈലി പോലെ. അങ്ങനെ കളി തുടര്‍ന്നു. ആകാശത്ത് നിന്ന്് സൂര്യന്‍ മറയാന്‍ തുടങ്ങി. അപ്പോഴും ഗോളില്ല. 173- ാം മിനുട്ടില്‍ സ്‌റ്റോക്ക് പോര്‍ട്ട് സിറ്റിയുടെ  ലെസ് കോക്കര്‍ പന്ത് പ്രതിയോഗികളുടെ വലയില്‍ എത്തിച്ചിരുന്നു. അവര്‍ ആഘോഷവും തുടങ്ങങിയപ്പോഴതാ റഫറി പറയുന്നു കളിക്കാരന്‍ ഓഫ് സൈഡാണെന്ന്. ഫ്‌ളഡ്‌ലിറ്റ് സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍  സന്ധ്യയായപ്പോള്‍ കളി നിര്‍ത്തി. അന്ന് തന്നെ മറ്റൊരു റിപ്ലേ പോരാട്ടത്തിന് തീരുമാനമായി. എവിടെ കളി നടക്കണമെന്നതിന് ടോസിട്ടു. അതില്‍ ഭാഗ്യം  ഡോണ്‍കാസ്റ്ററിനായിരുന്നു. അങ്ങനെ മൂന്നാം പാദം. അതില്‍ നാല് ഗോളിന് ഡോണ്‍കാസ്റ്റര്‍ അനായാസം ജയിച്ചു. അപ്പോഴേക്കും മല്‍സരം പിന്നിട്ട സമയം കൂട്ടുകാര്‍ ഓര്‍ത്തുനോക്കു.... 3 മണിക്കൂര്‍ 23 മിനുട്ട്...! ലോക ഫുട്‌ബോള്‍ ചരിത്രത്തില്‍ ഇത്രയേറെ സമയം ചെലവഴിച്ച ഒരു മല്‍സരം ഇന്നുമില്ല...
ഇതോടൊപ്പം നമ്മുടെ കേരളത്തിലെ രസമുള്ള അനുഭവം പറയട്ടെ. ഇവിടെ മുമ്പ് പ്രമുഖ ടീമുകളുടെ മല്‍സരങ്ങള്‍ പലപ്പോഴും സമനിലകളായി മാറാറുണ്ടായിരുന്നു. അത് സംഘാടകരുടെ വേലയായിരുന്നുട്ടോ..... സംഘാടകര്‍ റഫറിമാരെ സ്വാധീനിക്കും. പ്രമുഖരുടെ പോരാട്ടമാവുമ്പോള്‍ കാണികള്‍ നിറഞ്ഞെത്തും. ആദ്യ മല്‍സരം സമനിലയില്‍ അവസാനിക്കുമ്പോള്‍ അടുത്ത ദിവസം ഇതേ മല്‍സരം നടത്തും. അന്നും കാണികള്‍ നിറഞ്ഞെത്തും. അങ്ങനെ സംഘാടകര്‍ക്ക്് കാശുണ്ടാക്കാം. ഈ കളി കച്ചവടത്തില്‍ കളിക്കാര്‍ക്കും റഫറിക്കും കമ്മീഷന്‍ നല്‍കിയിരുന്നൂട്ടോ.....

ആദ്യപകുതി 2019 ല്‍, രണ്ടാം പകുതി 2020 ല്‍

ഇനി ഏറ്റവുമധികം ദിവസമെടുത്ത മല്‍സരമാണ്....ആ ചരിത്രം നമുക്ക് അരികിലാണ് കെട്ടോ.... ഈ കോവിഡ് കാലത്ത്. സ്പാനിഷ് ലാലീഗ എന്ന് പറഞ്ഞാല്‍ നിങ്ങളെല്ലാം ചാടിയെഴുന്നേല്‍ക്കില്ലേ. അവിടെ മെസിയുണ്ട്, കരീം ബെന്‍സേമയുണ്ട്, ഈഡന്‍ ഹസാര്‍ഡുണ്ട്... അങ്ങനെ എല്ലാവരും ഇഷ്ടപ്പെടുന്ന സൂപ്പര്‍ താരങ്ങളെല്ലാം കളിക്കുന്ന വലിയ ലീഗ്. ലാലീഗയുടെ സെക്കന്‍ഡ് ഡിവിഷനിലും സൂപ്പര്‍ താരങ്ങളുണ്ട്. ഗംഭീര അങ്കങ്ങള്‍ നടക്കാറുണ്ട്. 2019 ഡിസംബര്‍ 15ന് ലാലീഗ സെക്കന്‍ഡ് ഡിവിഷനില്‍  വലിയ മല്‍സരം. ആല്‍ബെസറ്റോ എന്ന ക്ലബും റയോ വലിസാനോ എന്ന ക്ലബും നേര്‍ക്കുനേര്‍. വലിസാനോയുടെ മൈതാനത്തായിരുന്നു അങ്കം. സ്‌റ്റേഡിയം നിറഞ്ഞ് കവിഞ്ഞ ജനക്കൂട്ടം. കളി തുടങ്ങി അല്‍പ്പം കഴിയുന്നതിന് മുമ്പ് തന്നെ വലിസാനോ ഫാന്‍സ് ബഹളം തുടങ്ങി. ആല്‍ബെസറ്റോ നിരയില്‍ കളിക്കുന്ന ഉക്രൈനിയന്‍ താരം  റോമന്‍ സോസുലിക്കെതിരെയായിരുന്നു ബഹളം. റോമന്‍ വലത് പക്ഷ തീവ്രവാദിയാണെന്നും അദ്ദേഹം  നാസി അനുകൂലിയാണെന്നുമെല്ലാമുളള മുദ്രാവാക്യങ്ങളുമായി  സ്‌റ്റേഡിയത്തില്‍ ഒന്നടങ്കം വലിയ ബഹളം. റോമന്‍ മുമ്പ് വലിസാനോക്ക് കളിച്ച താരമായതിനാല്‍ അദ്ദേഹത്തെക്കുറിച്ച് ആരാധകര്‍ക്ക്് വ്യക്തമായ ചിത്രമുണ്ടായിരുന്നു. ബഹളം തുടരുന്നതിനിടെ റഫറി ആദ്യ പകുതി അവസാനിപ്പിച്ചു. ആരാധകരോട് അടങ്ങാനും റഫറി നിര്‍ദ്ദേശം നല്‍കി. എന്നാല്‍ ഒരു തരത്തിലും ആരാധകര്‍ വഴങ്ങിയില്ല. അങ്ങനെ മല്‍സരം ആദ്യ പകുതിയില്‍ അവസാനിപ്പിക്കാന്‍ റഫറി തീരുമാനിച്ചു. ആ സമയത്ത്് മല്‍സരത്തില്‍ ആരും സ്‌ക്കോര്‍ ചെയ്തിരുന്നില്ല. അതിനിടെ ആല്‍ബെസറ്റോയുടെ എഡ്ഡി ഇസ്രാഫിലോവ് ചുവപ്പ് കാര്‍ഡില്‍ പുറത്താവുകയും ചെയ്തിരുന്നു.

രണ്ടാം പകുതി എന്ന് നടത്താനാവുമെന്ന ആശയകുഴപ്പത്തില്‍ നില്‍ക്കവെയാണ് കോവിഡ് എന്ന മഹാമാരി വന്നത്. തുടര്‍ന്ന് ലോക്ഡൗണും പ്രഖ്യാപിക്കപ്പെട്ടു. കളികളെല്ലാം അവസാനിപ്പിക്കാനും തീരുമാനിച്ചതോടെ സെക്കന്‍ഡ് ഡിവിഷനിലെ ഈ പോരാട്ടം  അപൂര്‍ണമായി നിന്നു. കോവിഡില്‍ മല്‍സരങ്ങള്‍ നീണ്ട് പോയി. ഒടുവില്‍ സ്പാനിഷ് ഫുട്‌ബോള്‍ അസോസിയേഷനും സര്‍ക്കാരും കാണികളില്ലാതെ ഫുട്‌ബോള്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ചപ്പോള്‍ ആദ്യം നടത്തിയത് ഈ മല്‍സരമായിരുന്നു. അതായത് രണ്ടാം പകുതി. 2020 ജൂണ്‍ ഒമ്പതിനായിരുന്നു പോരാട്ടം. 45 മിനുട്ട്  മാത്രമായി അങ്കം തുടര്‍ന്നപ്പോള്‍  ആല്‍ബെസറ്റോ നിരയില്‍ പത്ത് പേര്‍ മാത്രം. ഗ്യാലറി ശൂന്യമായത് കൊണ്ട് ബഹളമില്ല. ലൂയിസ് അഡ്വിന്‍സുല നേടിയ ഗോളില്‍ വലിസാനോ ജയിച്ചു കയറിയപ്പോള്‍ പിറന്നത് വലിയ ചരിത്രം.
178 ദിവസം കൊണ്ടാണ് ഈ മല്‍സരം പൂര്‍ണമായത്. ഇങ്ങനെ ഒരു മല്‍സരവും ചരിത്രത്തില്‍ ഇല്ല.

കമാൽ വരദൂർ 🖋️

Monday, April 13, 2020

നമ്പർ 03 | ഐ എം വിജയൻ | ഇന്ത്യൻ ഫുട്ബോൾ പത്തു ഇതിഹാസ താരങ്ങൾ


കേരളത്തിന്റെ കറുത്തമുത്ത്.. കൊൽക്കത്തയുടെ കാലാ  ഹിരൺ.. വേറെ വിശേഷണങ്ങൾ ആവശ്യമില്ല. ഐനിവളപ്പിൽ മണി വിജയൻ എന്ന ഇന്ത്യൻ ഇതിഹാസത്തെ പരിചയപ്പെടുത്താൻ. ആധുനിക ഇന്ത്യൻ ഫുട്‍ബോളിന്റെ മുഖം ഒരുകാലത്ത് ഐ എം വിജയനിലൂടെയായിരുന്നു.തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ ഒരു സോഡാ വില്പനക്കാരനിൽ നിന്ന് ഇന്ത്യയിലെ ഓരോ സ്റ്റേഡിയങ്ങളും അടക്കിവാണ ഈ കൽപ്പന്തിന്റെ രാജാവിന്റെ കഥ ഒരു സിനിമയേക്കാൾ ആവേശം നൽകുന്നതാണ്.കഷ്ട്ടപ്പാടിന്റെ ഗ്രൗണ്ടിൽ പൊരുതിനേടിയ ഈ ഇതിഹാസതാരത്തിന്റെ കഥ ഓരോ ഫുട്ബോൾ ആരാധകന്റെയും സിരകളിൽ ആവേശത്തിരമാല തീർക്കുന്നതാണ്.പന്തു തട്ടാൻ തുടങ്ങിയ കാലം മുതൽ ശ്രദ്ധിക്കപ്പെട്ട മലയാളികളുടെ വിജയേട്ടൻ കീഴടക്കാത്ത ഗ്രൗണ്ടുകൾ ഇല്ല.തൃശൂർ നഗരത്തിൽ ജനിച്ചു വളർന്നു ഐ എം വിജയൻ  സി എം എസ് സ്‌കൂളിലായിരുന്നു പഠിച്ചിരുന്നത്.  അടുത്തകാലത്ത് കളി നിർത്തുന്നത് വരെ സെവൻസ് ഗ്രൗണ്ടുകളിൽ മിന്നൽ പിണരുകൾ തീർക്കുന്ന ഈ യോദ്ധാവിന്റെ കളി ശ്രദ്ധയിൽ പെട്ട  കേരള പോലീസ് മേധാവി എം കെ ജേക്കബ് പതിനേഴാം വയസ്സിൽ അദ്ദേഹത്തെ  എത്തിച്ചത് കേരള പോലീസിന്റെ ജേഴ്സിയിൽ. അവിടുന്നങ്ങോട്ട് കാൽപ്പന്ത് കൊണ്ടൊരു അശ്വമേധമായിരുന്നു. 1987 ൽ കേരളപോലീസിൽ എത്തിയ അദ്ദേഹം പിന്നീട്  മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ,  പഞ്ചാബിലെ ജെ സി ടി മിൽസ്, എഫ് സി കൊച്ചിൻ ചർച്ചിൽ ബ്രദേഴ്‌സ് എന്നീ ടീമുകൾക്ക് വേണ്ടി ബൂട്ടണിഞ്ഞു. 2006ൽ കളി നിർത്തുന്നത് വരെ അദ്ദേഹം 250ഓളം ഗോളുകൾ വിവിധ ക്ലബുകൾക്ക് വേണ്ടി നേടിയിട്ടുണ്ട്.


1989ലാണ് അദ്ദേഹം നീലക്കടുവകളുടെ കുപ്പായത്തിൽ അരങ്ങേറുന്നത്. നെഹ്‌റു കപ്പ്, സാഫ് കപ്പ്, സാഫ് ഗെയിംസ്, പ്രീ ഒളിമ്പിക്സ്, പ്രീ വേൾഡ് കപ്പ് എന്നിങ്ങനെ നിരവധി ടൂർണമെന്റുകളിൽ അദ്ദേഹം ഇന്ത്യക്ക് വേണ്ടി കളിച്ചു. ഇന്ത്യൻ ഫുട്ബോൾ കണ്ടിട്ടുള്ളതിൽ ഏറ്റവും മാരകമായ ഫോർവെർഡ് ലൈൻ കൂട്ടുകെട്ടായിരുന്നു ഐ എം വിജയനും ബൈച്ചുങ് ബൂട്ടിയയും. 1999ലെ സാഫ് കപ്പിൽ ഭൂട്ടാനെതിരെ 12ആം സെക്കന്റിൽ നേടിയ ഗോളിൽ ഫിഫയുടെ റെക്കോർഡ് ബുക്കിലും ഈ കറുത്ത മുത്ത് ഇടംപിടിച്ചു. 2003ൽ ഇന്ത്യയിൽ വെച്ചു നടന്ന ആഫ്രോ - ഏഷ്യൻ ഗെയിംസിൽ ടോപ് സ്‌കോറർ ആയിത്തന്നെ അദ്ദേഹം അന്താരാഷ്ട്ര ഫുടബോളിൽ നിന്ന് വിരമിച്ചു.




 ഇതിനിടയിൽ നാട്ടിലും മറുനാട്ടിലും  നടന്ന എണ്ണമറ്റ ടൂർണമെന്റുകളും അതിലെ നേട്ടങ്ങളും എണ്ണിയാലൊടുങ്ങില്ല.1995ൽ കോഴിക്കോട് വെച്ചു നടന്ന സിസ്സേർസ് കപ്പ്‌ ഫൈനലിൽ മലേഷ്യൻ ടീമായ പെർലിസിനെതിരെ ജെ സി ടിക്ക് വേണ്ടി നേടിയ സിസ്സർകിക്ക് എന്ന അക്രോബാറ്റിക് ഗോൾ മലയാളികളുടെ ഓർമ്മച്ചെപ്പിൽ എന്നെന്നും സൂക്ഷിക്കുന്നതാണ്. മലേഷ്യയിൽ നിന്നും  തായ്‌ലൻഡിൽ നിന്നും കളിക്കാനുള്ള ഓഫറുകൾ വന്നെങ്കിലും ഈ ഇതിഹാസതാരം തന്റെ കരിയർ ചിലവഴിച്ചത് മുഴുവൻ ഇന്ത്യയിൽ തന്നെയാണ്.
ഇതിനിടയിൽ ബിസിനസിലേക്ക് കടന്നെങ്കിലും ഫുട്‍ബോളും സ്പോർട്സും മറക്കാൻ അദ്ദേഹത്തിനാകുമായിരുന്നില്ല. 2004ൽ ബോക്‌സർ എന്ന ബ്രാൻഡിൽ കായിക ഉപകരണ നിർമ്മാണ കമ്പനി ആരംഭിച്ചു.ഇന്ത്യയിലെ വിവിധ ക്ലബുകളുടെ ഉപദേഷ്ടാവായി പ്രവർത്തിക്കുന്ന അദ്ദേഹം കോച്ചിങ്ങിലും തന്റേതായ സംഭാവനകൾ നൽകിയിട്ടുണ്ട്.  2017ൽ അദ്ദേഹത്തെ ഇന്ത്യൻ ഗവണ്മെന്റിന്റെ കീഴിലുള്ള യുവജന കായിക മന്ത്രാലയം ദേശീയ ഫുട്ബോൾ നിരീക്ഷകനായി നിയമിച്ചു. മലയാളത്തിലും തമിഴിലുമെല്ലാം നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുള്ള അദ്ദേഹം 2018ൽ തന്റെ സുഹൃത്തുക്കളുമായി ബിഗ് ഡാഡി എന്റർടൈൻമെന്റ് എന്നൊരു സിനിമാ നിർമ്മാണ കമ്പനി ആരംഭിച്ചു. ആദ്യം നിർമ്മിക്കുന്ന സിനിമയും ഫുട്ബോൾ പ്രമേയമായുള്ളതാണ്.

ഇന്ത്യയിലെ ഈ ഫുട്ബോൾ ഇതിഹാസത്തിനു അർജ്ജുന അവാർഡ് ലഭിച്ചെങ്കിലും എന്നോ ലഭിക്കേണ്ടിയിരുന്ന പത്മ പുരസ്‌കാരം ലഭിക്കാത്തതിൽ ഫുട്ബോൾ പ്രേമികൾ ഇന്നും അസ്വസ്ഥരാണ്. കേരള പോലീസിന്റെ ഭാഗമായി ജോലി ചെയ്യുന്ന അദ്ദേഹത്തിന് ഏതൊരു പുരസ്കാരത്തെക്കാൾ വലുതാണ് ഇന്ത്യയിലെ ഫുട്ബോൾ പ്രേമികൾ തങ്ങളുടെ മനസ്സിൽ നൽകിയ സ്ഥാനം. ഇന്നും പല ചാരിറ്റി മാച്ചുകൾക്കും ബൂട്ട് കെട്ടുന്നഅമ്പത് വയസ്സുകാരനായ ഈ  കാലാ ഹിരണിന്റെ കാലുകൾ നിന്നുള്ള  സ്കില്ലുകളും ഷോട്ടുകളും ഏതൊരു ഫുട്ബോൾ ആരാധകനെയും ത്രസിപ്പിക്കുന്നതാണ്.ഇന്ത്യയിൽ വിശിഷ്യാ കേരളത്തിൽ ഫുട്ബോൾ സംബന്ധമായ എന്തിനും ഒഴിവാക്കാനാകാത്തൊരു വിഭവമാണ് ഐ എം വിജയൻ എന്ന കാല്പന്തിന്റെ രാജാവ്.അദ്ദേഹത്തിന്റെ ചാരിറ്റി മാച്ചുകളിലെ പ്രകടനം കണ്ടാൽ ചിലപ്പോൾ തോന്നും വയസ്സ് എന്നതൊക്കെ വെറും അക്കങ്ങൾ മാത്രമാണെന്ന്. അല്ലെങ്കിലും പ്രായം കൂടുമ്പോൾ വീഞ്ഞിന് വീര്യം കൂടുകയേയുള്ളൂ..
(ഒരുപക്ഷെ യൂറോപ്പിലോ ലാറ്റിൻ അമേരിക്കയിലോ ജനിച്ചിരുന്നെങ്കിൽ ലോക ഫുട്ബോളർമാരുടെ നിരയിൽ വരുമായിരുന്ന ഒരൈറ്റം. പക്ഷെ ഒരു കണക്കിന് നന്നായി എന്ന് എനിക്ക് തോന്നും.. അഭിമാനിക്കാനും അഹങ്കരിക്കാനും ഞങ്ങൾക്കുമുണ്ടൊരു ഇതിഹാസം. ജീവിതത്തിൽ ഏറ്റവും പ്രിയപ്പെട്ടതെന്ന് കരുതുന്ന ഒരു ഫോട്ടോ അവിചാരിതമായി തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ വിജയേട്ടൻ  പരിശീലത്തിനെത്തിയപ്പോൾ  എഫ് സി കേരളയുടെ ട്രയൽസ് കാണാനെത്തിയ എന്നെ ചേർന്ന് നിന്നെടുത്ത ഫോട്ടോ ആണ്.അഭിമാനിക്കുന്നു ആ നിമിഷത്തെയോർത്ത്..


സൗത്ത് സോക്കേഴ്സ് പ്രതിനിധികൾ 
അബ്ദുൾ റസാഖും ഷാസും ഐ എം വിജയനോടൊപ്പം 

ക്രിക്കറ്റ് താരങ്ങളെ ദൈവമായി ആരാധിക്കുന്ന യുവതലമുറയോട് ഒരു ഫുട്ബോൾ പ്രാന്തൻ എന്നുള്ള രീതിയിൽ പറയാനുള്ളത് ഇത്രമാത്രമാണ്. മണിമേടകളിലിരിക്കുന്ന ദൈവങ്ങളെക്കാൾ സാധാരണക്കാർക്കിടയിൽ നിൽക്കുന്ന ഐ എം വി  തന്നെയാണ് എനിക്ക് പ്രിയം.. അയാൾ മെസ്സിയോ റൊണാൾഡോയോ ഒന്നുമല്ലായിരിക്കും.. എന്നാൽ ഒരു തലമുറയെ മുഴുവൻ ആവേശത്തിലാറാടിച്ച ഞങ്ങളുടെ കറുത്ത മുത്ത് തന്നെയാണ് എന്നും വിലപ്പെട്ടത്.)

സൗത്ത് സോക്കേഴ്സ് മീഡിയ വിങ്

Thursday, March 7, 2019

ഐ എം വിജയനും വിക്ടർ മഞ്ഞിലയും സ്പോർട്സ് കൗൺസിലിലേക്ക്..


കേരള സംസ്ഥാന സ്‌പോട്‌സ് കൗണ്‍സില്‍ അംഗങ്ങളായി ഫുട്‌ബോള്‍ താരം ഐ എം വിജയന്‍, ഒളിമ്പ്യന്‍ കെ എം ബീന മോള്‍ ഉള്‍പ്പടെ 12 പേരെ സംസ്ഥാന സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്തു. ഐ എം വിജയനും ബീന മോള്‍ക്കും പുറമെ  വോളിബോള്‍ താരം കപില്‍ദേവ്, ബോക്‌സിങ്ങ് താരം കെ സി ലേഖ എന്നിവരെയാണ് കായികമേഖലയില്‍നിന്ന് നിശ്ചയിച്ചത്. പ്രമുഖ ഫുട്‌ബോള്‍ പരിശീലകന്‍ വിക്ടര്‍ മഞ്ഞില, അത്‌ലറ്റിക്‌സ് പരിശീലകന്‍ പി പി തോമസ് എന്നിവരാണ് പരിശീലനരംഗത്തു നിന്ന് കൗണ്‍സിലിലേക്ക് നിര്‍ദ്ദേശിക്കപ്പെട്ടത്. കായിക ഭരണത്തില്‍  കായിക താരങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുകയും അവരുടെ അഭിപ്രായങ്ങള്‍ ഗൗരവമായി പരിഗണിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണിത് എന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകളില്‍നിന്നുള്ള നാല് കായിക വിഭാഗം ഡയറക്ടര്‍മാരും സ്‌പോട്‌സ് ജേര്‍ണലിസ്റ്റുകളായ രണ്ടു പേരുമുണ്ട്. കേരള കാര്‍ഷിക സര്‍വകലാശാലയിലെ ഡോ. ടി ഐ മനോജ്, കൊച്ചിന്‍ സര്‍വകലാശാലയിലെ ഡോ. അജിത് മോഹന്‍ കെ ആര്‍, കേരള സര്‍വകലാശാലയിലെ ജയരാജന്‍ ഡേവിഡ് ഡി, കേരള വെറ്ററിനറി സര്‍വകലകശാലയിലെ ഡോ. ജോ ജോസഫ് എന്നിവരാണ് നിര്‍ദ്ദേശിക്കപ്പെട്ട കായികാധ്യാപകര്‍. മാധ്യമരംഗത്തു നിന്ന് എ എന്‍ രവീന്ദ്രദാസ്, പി കെ അജേഷ് എന്നിവരെയും കൗണ്‍സിലിലേക്ക് നാമനിര്‍ദ്ദേശം ചെയ്തു.

Monday, October 8, 2018

പുത്തൻ ജേഴ്സിയിൽ വിജയേട്ടൻ..


ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ഐ എം വിജയൻ
പുതിയൊരു സംരഭത്തിനു തുടക്കം കുറിയ്ക്കുകയാണ്.
അദ്ദേഹവും  സുഹൃത്തുക്കളായ അരുൺ തോമസ്, ദീപു ദാമോദർ എന്നിവരും ചേർന്ന് ബിഗ് ഡാഡി എന്റർടൈൻമെന്റ്
എന്ന പേരിൽ ഒരു മൂവി പ്രൊഡക്ഷൻ കമ്പനി ആരംഭിക്കുന്നു. സിനിമയിൽ നായകനായും വില്ലനായും സഹനടനായും  ഒക്കെ അഭിനയിച്ചിട്ടുണ്ടെങ്കിലും നിർമ്മാണ രംഗത്തേക്ക് ഉള്ള ചുവടുവെപ്പ് ആദ്യമായാണ്.. എല്ലാവരുടെയും പിന്തുണയും സ്നേഹവും അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിട്ടുണ്ട്.
അദ്ദേഹത്തിന്റെ പുത്തൻ സംരംഭത്തിന്റെ  ആദ്യ സിനിമയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞു.
കൂടുതൽ വിവരങ്ങൾ അടുത്ത ഘട്ടത്തിൽ പങ്കുവയ്ക്കുന്നതാണന്നും
ആദ്യസിനിമ തീർച്ചയായും ഒരു ഫുട്ബോൾ റിലേറ്റഡ് സിനിമ ആയിരിക്കും എന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

Labels

Followers