Sunday, July 5, 2020

"റയല്‍ മാഡ്രിഡ് എന്ന രാജാക്കന്മാര്‍" |കഥ-6| ആനപ്പറമ്പിലെ വേൾഡ് കപ്പ് സമർപ്പിക്കുന്ന | 'കാൽപ്പന്തിന്റെ 101 കഥകൾ' |ഫുട്‌ബോളിനോളം ചരിത്രമില്ല ഫുട്‌ബോള്‍ ക്ലബുകള്‍ക്ക്. പക്ഷേ ഇന്ന് ഫുട്‌ബോള്‍ അറിയപ്പെടുന്നതാവട്ടെ വലിയ ഫുട്‌ബോള്‍ ക്ലബുകളുടെ പേരിലും. കാല്‍പ്പന്ത് എന്ന് കളിക്ക് ആറായിരം വര്‍ഷത്തിന്റെ പഴക്കമുണ്ട്. പക്ഷേ ആദ്യ പ്രൊഫഷണല്‍ ഫുട്‌ബോള്‍ ക്ലബ് രൂപീകൃതമാവുന്നത് പത്തൊമ്പതാം നൂറ്റാണ്ടിലാണ്. ഇന്ന് ക്ലബുകളുടെ നാമധേയത്തിലാണ് പോരാട്ടങ്ങള്‍. ഓരോ രാജ്യത്തിലും നിരവധി വലിയ ക്ലബുകള്‍. അവരുടെ വരുമാനവും കോടികള്‍. അവര്‍ക്കായി കളിക്കുന്നതാവട്ടെ ലോകോത്തര താരങ്ങളും. ഫുട്‌ബോളിന്റെ തറവാട് ഇംഗ്ലണ്ടാണെങ്കില്‍ അവിടെ തന്നെയാണ് വിപണന ഫുട്‌ബോളിന്റെ തുടക്കവും. ഫുട്‌ബോല്‍ ചരിത്ര രേഖകളില്‍ കാണുന്ന ആദ്യ പ്രൊഫഷണല്‍ ഫുട്‌ബോള്‍ ക്ലബ് കൃസ്റ്റല്‍ പാലസാണ്. അവരിപ്പോഴും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ കളിക്കുന്നവരാണ്. പക്ഷേ പോരാട്ട മൈതാനങ്ങളിലെ വിഖ്യാതര്‍ റയല്‍ മാഡ്രിഡും ബാര്‍സിലോണയുമാണ്. സ്‌പെയിനിലെ ഈ രാജാക്കന്മാരാണ് അന്നും ഇന്നും മൈതാനങ്ങളിലെ വിഖ്യാതര്‍. പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ആഴ്‌സനല്‍, ചെല്‍സി, മാഞ്ചസ്റ്റര്‍ സിറ്റി തുടങ്ങിയ പ്രമുഖരുണ്ടെങ്കില്‍ ഇറ്റലിയില്‍ യുവന്തസും ഏ.സി മിലാനും ഇന്റര്‍ മിലാനും നാപ്പോളിയുമെല്ലാമുണ്ട്. നാല് വര്‍ഷത്തിലൊരിക്കല്‍ നടത്തപ്പെടുന്ന ലോകകപ്പില്‍ രാജ്യങ്ങള്‍ കൊമ്പ് കോര്‍ക്കുമ്പോള്‍ എല്ലാ വര്‍ഷവും ക്ലബുകള്‍ തമ്മില്‍ വന്‍കരാ ആധിപത്യത്തിനും പിന്നെ ആഗോള ആധിപത്യത്തിനായുമെല്ലാം അങ്കങ്ങള്‍ നടക്കാറുണ്ട്. ഫുട്‌ബോളിന്റെ സ്വന്തം വന്‍കരയെന്ന യൂറോപ്പിലെ ചാമ്പ്യന്മാരെ നിശ്ചയിക്കുന്നത് യുവേഫ നടത്തുന്ന ചാമ്പ്യന്‍സ് ലീഗാണെങ്കില്‍ ആഫ്രിക്കയില്‍ അത് ആഫ്രിക്കന്‍ നാഷന്‍സ് ലീഗാണ്. ലാറ്റിനമേരിക്കയില്‍ വരുമ്പോള്‍ കോപ്പ ലിബര്‍ട്ടഡോറസ് കപ്പായി മാറുന്നു. ഏഷ്യയിലേക്ക് വരുമ്പോല്‍ ഏ.എഫ്.സി കപ്പായി മാറുന്നു. ഇത്തരത്തില്‍ രാജ്യങ്ങളിലും വന്‍കരകളിലും പൊരിഞ്ഞ പോരാട്ടമാണ് ഫുട്‌ബോള്‍ ആധിപത്യത്തിനായി നടക്കാറുള്ളത്. രസകരമായ കാര്യം ക്ലബ് ഫുട്‌ബോളിന്റെ ചരിത്രം നോക്കിയാല്‍ ലാറ്റിനമേരിക്കക്കാരെ അധികം കാണുന്നില്ല എന്നതാണ്. അര്‍ജന്റീനയിലും ബ്രസീലുലുമായി നിരവധി വലിയ ക്ലബുകളുണ്ട്. പക്ഷേ അവരുടെ നിറമുള്ള ചരിത്രങ്ങളില്‍ തദ്ദേശിയരായ താരങ്ങളെ കാണില്ല. കാരണം ബ്രസീലുകാരും അര്‍ജന്റീനക്കാരുമെല്ലാം പ്രൊഫഷണല്‍ ഫുട്‌ബോള്‍ കളിക്കാനായി യൂറോപ്പിലേക്കാണ് ചേക്കറുന്നത്. സ്പാനിഷ് കരുത്തരായ ബാര്‍സിലോണയുടെ മേല്‍വിലാസം തന്നെ അര്‍ജന്റീനക്കാരനായ ലിയോ മെസിയാണ്. റയല്‍ മാഡ്രിഡിന്റെ ചരിത്രത്തിലും ലാറ്റിനമേരിക്കന്‍ താരങ്ങളെ ധാരാളം കാണാം. ആഫ്രിക്കയുടെ അവസ്ഥയും ഇത് തന്നെയാണ്. ആ വന്‍കരയില്‍ നിന്നുള്ള പ്രമുഖരെല്ലാം യൂറോപ്പിന്റെ ഭൂപഠത്തിലാണ് മിന്നുന്നത്.

റയല്‍ മാഡ്രിഡ് എന്ന രാജാക്കന്മാര്‍

അന്നും ഇന്നും ക്ലബ് ഭൂപഠത്തില്‍ വിഖ്യാതരാണ് സ്‌പെയിനിലെ പ്രബലരായ റയല്‍ മാഡ്രിഡ്. 1897 മുതല്‍ യൂറോപ്പില്‍ ക്ലബ് പോരാട്ടങ്ങളുണ്ട്. ചാലഞ്ച് കപ്പായിരുന്നു ചരിത്രത്തിലെ ആദ്യ യൂറോപ്യന്‍ ക്ലബ് പോരാട്ടങ്ങള്‍. 1911 വരെ ഇതായിരുന്നു വന്‍കരയിലെ പ്രബലമായ ചാമ്പ്യന്‍ഷിപ്പ്. പിന്നീടാണ് ഇംഗ്ലണ്ടിലെയും സ്‌ക്കോട്ട്‌ലാന്‍ഡിലെയും ക്ലബുകള്‍ ഫുട്‌ബോല്‍ വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ആരംഭിച്ചത്. ഇറ്റലി, ജര്‍മനി, സ്വിറ്റ്‌സര്‍ലാന്‍ഡ്, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളിലെ ക്ലബുകള്‍ പങ്കെടുത്ത സര്‍ തോമസ് ലിപ്ടണ്‍ ട്രോഫിയും ആദ്യകാല മേജര്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ വരും. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമാണ് യൂറോപ്പില്‍ ക്ലബ് പോരാട്ടങ്ങള്‍ ശക്തമായത്. 1956 ലാണ് യൂറോപ്യന്‍ കപ്പ് എന്ന പേരില്‍ യൂറോപ്പില്‍ വന്‍കരാ ക്ലബ് ചാമ്പ്യന്‍ഷിപ്പ് ആരംഭിച്ചത്. തുടക്കം മുതല്‍ ചിത്രത്തില്‍ റയല്‍ മാഡ്രിഡായിരുന്നു. ഇതിഹാസ താരങ്ങളായ ഫ്രാങ്ക് പുഷ്‌ക്കാസ്, ആല്‍ഫ്രെഡോ ഡി സ്‌റ്റെഫാനോ, ഫ്രാന്‍സിസ്‌ക്കോ ജെന്‍ഡോ തുടങ്ങിയവരെല്ലാം അന്ന് റയല്‍ നിരയിലുണ്ടായിരുന്നു. തുടര്‍ച്ചയായി അഞ്ച് വര്‍ഷം അവര്‍ തന്നെയായിരുന്നു വന്‍കരയിലെ ജേതാക്കള്‍. 1960-61 സീസണില്‍ റയല്‍ മാഡ്രിഡിന്റെ ആധിപത്യത്തിന് അന്ത്യമിട്ട് ബാര്‍സിലോണയെത്തി. പക്ഷേ ഫൈനലില്‍ അവര്‍ പോര്‍ച്ചുഗലില്‍ നിന്നുള്ള ബെനഫിക്കയോട് പരാജയപ്പെട്ടു.
വന്‍കരയുടെ ചരിത്രത്തിലെ വലിയ പോരാട്ടങ്ങള്‍ എപ്പോഴും സ്പാനിഷ് പുലികള്‍ തമ്മിലായിരുന്നു. ഇറ്റലിയില്‍ നിന്നും ഏ.സി മിലാനും ഹോളണ്ടില്‍ നിന്ന് ഫയനൂര്‍ഡും ജര്‍മനിയില്‍ നിന്ന് ബയേണ്‍ മ്യൂണിച്ചും ഇംഗ്ലണ്ടില്‍ നിന്ന് ലിവര്‍പൂളും കരുത്തരായി വന്നുവെങ്കിലും സ്പാനിഷ് ആധിപത്യം പലപ്പോഴായി പ്രകടമായി. 1993 ലാണ് ചാമ്പ്യന്‍ഷിപ്പിന്റെ പേര് മാറുന്നത്. പിന്നീട് ഈ ചാമ്പ്യന്‍ഷിപ്പ് യുവേഫ ചാമ്പ്യന്‍സ് ലീഗായി മാറി. ഫ്രഞ്ച് ക്ലബായ മാര്‍സലിയായിരുന്നു ചാമ്പ്യന്‍സ് ലീഗിലെ ആദ്യ ജേതാക്കള്‍. ലോക ഫുട്‌ബോളിലെ സൂപ്പര്‍ താരങ്ങളെല്ലാം വന്‍കിട ക്ലബുകളുടെ താരങ്ങളായി മാറിയപ്പോള്‍ ചാമ്പ്യന്‍സ് ലീഗ് ലോകത്തിലെ തന്നെ ഏറ്റവും വലിയ ചാമ്പ്യന്‍ഷിപ്പായി മാറാന്‍ തുടങ്ങി. ഈ കിരീടം സ്വന്തമാക്കുകയെന്നത് യൂറോപ്പിലെ മുഴുവന്‍ ക്ലബുകളുടെയും അഭിമാനമായി മാറി. പലപ്പോഴും സ്‌പെയിനും ഇംഗ്ലണ്ടും ഇറ്റലിയും ജര്‍മന്‍ ക്ലബുകളായിരുന്നു മുന്‍നിരയില്‍. 2016 മുതല്‍ തുടര്‍ച്ചയായി മൂന്ന് വര്‍ഷം വന്‍കരാ ചാമ്പ്യന്മാരായി റയല്‍ പുതിയ ചരിത്രമെഴുതി.
2016 ലായിരുന്നു ഹാട്രിക്ക് വേട്ടയുടെ തുടക്കം. പ്രതിയോഗികള്‍ നഗര വൈരികളായ അത്‌ലറ്റികോ മാഡ്രിഡ്. 2014 ല്‍ നടന്ന കലാശപ്പരാട്ടത്തിന്റെ ആവര്‍ത്തനം പോലെയായിരുന്നു ഈ ഫൈനലും. 14 ലെ കലാശത്തില്‍ റയലും അത്‌ലറ്റിക്കോയും തന്നെയായിരുന്നു നേര്‍ക്കുനേര്‍. ഡിയഗോ സിമയോണി എന് അര്‍ജന്റീനക്കാരന് കീഴില്‍ ആ സീസണില്‍ നല്ല ഫോമിലായിരുന്നു അത്‌ലറ്റികോ. അവരായിരുന്നു ലാലീഗ ചാമ്പ്യന്മാര്‍. ആ കിരീടം സ്വന്തമാക്കി അടുത്തയാഴ്ച്ചയിലായിരുന്നു ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍. മല്‍സരം 90 മിനുട്ട് പിന്നിടുമ്പോള്‍ ഡിയാഗോ ഗോഡിന്റെ ഗോളില്‍ അത്‌ലറ്റികോ ലീഡ് നേടിയിരുന്നു. എന്നാല്‍ ഇഞ്ച്വറി സമയത്ത് സെര്‍ജിയോ റാമോസിന്റെ ഹെഡ്ഡറില്‍ റയല്‍ ഒപ്പമെത്തി. ഷൂട്ടൗട്ടിലേക്ക് കളി മാറിപ്പോള്‍ റയല്‍ 4-1ന് കപ്പ് സ്വന്തമാക്കിയിരുന്നു. ഈ തോല്‍വിക്ക് പകരം വീട്ടാനുള്ള അവസരമായിരുന്നു അത്‌ലറ്റിക്കോക്ക് 16 ല്‍ ലഭിച്ചത്. ആവേശകരമായിരുന്നു അങ്കം. നിശ്ചിത സമയത്ത് 1-1 സമനില . ഷൂട്ടൗട്ടില്‍ പക്ഷേ ഒരിക്കല്‍ കൂടി അത്‌ലറ്റികോ മാഡ്രിഡിന് പിഴച്ചു. കൃസ്റ്റിയാനോ റൊണാള്‍ഡോ എന്ന പോര്‍ച്ചുഗീസ് ഇതിഹാസമെടുത്ത അവസാന കിക്ക് വലയില്‍ കയറിയപ്പോള്‍ റയല്‍ 5-3ന് കപ്പ് സ്വന്തമാക്കി. സിനദിന്‍ സിദാന്‍ എന്ന പരിശീലകന്റെ കീഴില്‍ റയല്‍ സ്വന്തമാക്കിയ ആദ്യ മേജര്‍ കിരീടമായിരുന്നു ഇത്. അടുത്ത വര്‍ഷവും റയല്‍ കലാശ ടിക്കറ്റ് നേടി. സി.ആര്‍ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന കൃസ്റ്റിയാനോ റൊണാള്‍ഡോ തന്നെയായിരുന്നു ടീമിന്റെ നെടും തൂണ്‍. കാര്‍ഡിഫ് എന്ന ഇംഗ്ലീഷ് നഗരത്തിലായിരുന്നു കലാശം. ഇറ്റാലിയന്‍ ഫുട്‌ബോളിലെ വിഖ്യാതരെല്ലാം യുവന്തസ് സംഘത്തിലുണ്ടായിരുന്നു. ലോകത്തിലെ മികച്ച ഗോള്‍ക്കീപ്പര്‍മാരില്‍ ഒരാളായ ജിയാന്‍ ലുക്കാ ബഫണായിരുന്നു ടീമിന്റെ നായകന്‍. പക്ഷേ റയല്‍ അനായാസം ഫൈനല്‍ നേടി. 4-1 എന്നതായിരുന്നു ഫൈനല്‍ സ്‌ക്കോര്‍. സിദാനും റൊണാള്‍ഡോയും ചരിത്രമിട്ട കപ്പ്. 2018 ല്‍ വീണ്ടും അതാ റയല്‍. ഫൈനലില്‍ അവരെ നേരിടാന്‍ ജുര്‍ഗന്‍ ക്ലോപ്പെയുടെ ലിവര്‍പൂള്‍. ഉക്രൈനിയന്‍ നഗരമായിരുന്ന കീവിലായിരുന്നു കലാശം. 3-1ന് സിദാന്റെ റയല്‍ കപ്പടിച്ചു. അങ്ങനെ ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തില്‍ ആദ്യമായി ഒരു ക്ലബിന് ഹാട്രിക്ക് നേട്ടം. ഈ മൂന്ന് ചരിത്ര നേട്ടങ്ങളിലും സിദാനും കൃസ്റ്റിയാനോ റൊണാള്‍ഡോയുമായിരുന്നു ടീമിനെ മുന്നില്‍ നിന്ന് നയിച്ചത്.
നാടകീയത അവിടെ അവസാനിച്ചില്ല. ചരിത്രത്തിലേക്ക് ടീമിനെ നയിച്ച സിദാന്‍ നാടകീയമായി പരിശീലക സ്ഥാനം ഒഴിഞ്ഞു. പിറകെ കൃസ്റ്റിയാനോ റയല്‍ വിട്ട് യുവന്തസിലേക്കും ചേക്കേറി. ഈ രണ്ട് പേരും ക്ലബ് വിട്ടതോടെ 2019 ല്‍ റയല്‍ ചാമ്പ്യന്‍സ് ലീഗ് ചിത്രത്തിലുമുണ്ടായില്ല.
യൂറോപ്യന്‍ ചരിത്രത്തില്‍ മൂന്ന് തവണ യുവന്തസും വന്‍കരാ കിരീടം നേടിയിരുന്നു. അന്ന് യൂറോപ്യന്‍ കപ്പായിരുന്നു. 96 ല്‍ അയാക്‌സിനെയും 97 ല്‍ ബൊറൂഷ്യ ഡോര്‍ട്ടുമണ്ടിനെയും 98 ല്‍ റയല്‍ മാഡ്രിഡിനെയും തോല്‍പ്പിച്ചായിരുന്നു അവരുടെ ഹാട്രിക്ക്. 1993, 1994, 1995 വര്‍ഷങ്ങളില്‍ ഏ.സി മിലാനായിരുന്നു ചാമ്പ്യന്മാര്‍. ഹാട്രിക്ക് നേട്ടക്കാരില്‍ ബയേണ്‍ മ്യൂണിച്ചുമുണ്ടായിരുന്നു. 1974, 75,76 വര്‍ഷങ്ങളിലായിരുന്നു യൂറോപ്പില്‍ ബയേണ്‍ നിറഞ്ഞത്. 1971,72,73 വര്‍ഷങ്ങളിലെ ചാമ്പ്യന്മാര്‍ അയാക്‌സായിരുന്നു. ബെനഫിക്കയായിരുന്നു 1961, 62, 63 വര്‍ഷങ്ങളിലെ ജേതാക്കള്‍. യൂറോപ്യന്‍ കപ്പിന്റെ ചരിത്രമെടുത്താലും റെക്കോര്‍ഡില്‍ കൂടുതല്‍ കിരീടം റയലിനായിരുന്നു. 1956, 57, 58,59, 60 വര്‍ഷങ്ങളില്‍ അവര്‍ അഞ്ച് തവണ ഒന്നാമന്മാരായി.
ക്ലബ് സോക്കറിന്റെ ചരിത്രമെടുത്താല്‍ എന്ത് കൊണ്ടും അന്നും ഇന്നും ആദ്യം വരുന്നവര്‍ റയല്‍ തന്നെ

കമാൽ വരദൂർ 🖋️

ആനപറമ്പിലെ വേൾഡ് കപ്പ് ഒരുക്കുന്ന കമാൽവരദൂർ എഴുതുന്ന 101 ഫുട്ബോൾ കഥകൾ നിങ്ങൾക്ക് സൗത്ത് സോക്കേഴ്സിലൂടെ വായിക്കാം 

0 comments:

Post a Comment

Blog Archive

Labels

Followers