കളിയെന്നാല്‍ അത് എല്‍ ക്ലാസിക്കോയാണെന്ന് പറയാത്ത ഫുട്‌ബോള്‍ സ്‌നേഹികളില്ല. ലോകത്തെ സമ്പന്നമായ രണ്ട് ഫുട്‌ബോള്‍ ക്ലബുകള്‍-ബാര്‍സിലോണയും റയല്‍ മാഡ്രിഡും. അവര്‍ തമ്മില്‍ സ്പാനിഷ് ലാലീഗയില്‍ എല്ലാ വര്‍ഷവും രണ്ട് തവണ ഏറ്റുമുട്ടും. ഇതാണ് എല്‍ ക്ലാസിക്കോ മല്‍സരങ്ങള്‍ എന്ന് വിശേഷിപ്പിക്കുന്നത്. ചരിത്രത്തിലെ ഏറ്റവും മികച്ച എല്‍ ക്ലാസിക്കോ പോരാട്ടം ഏതെന്ന് ഫുട്‌ബോള്‍ പണ്ഡിതരോട് ചോദിച്ചാല്‍ അവരുടെ ഉത്തരത്തില്‍ ഒരു മല്‍സരമുണ്ടാവല്ല. കാരണം എല്ലാ മല്‍സരങ്ങളും എല്ലാ കാലത്തും തട്ടുതകര്‍പ്പനാണ്. ഈ സീസണ്‍ തന്നെ നോക്കു- രണ്ട് പേരും പോയിന്റ് നിലയില്‍ ഒപ്പത്തിനൊപ്പം നില്‍ക്കുന്നു. കൃസ്റ്റിയാനോ റൊണാള്‍ഡോ റയല്‍ മാഡ്രിഡിന്റെ താരമായിരുന്ന കാലത്ത് എല്‍ ക്ലാസിക്കോ എന്നത് റൊണാള്‍ഡോയും ലിയോ മെസിയും തമ്മിലുളള അങ്കങ്ങളായിരുന്നു. ഫുട്‌ബോള്‍ എന്നത് പലപ്പോഴും യുദ്ധങ്ങളാണ്. ലോകകപ്പ് ചരിത്രമെടുത്താല്‍ അത് രാഷ്ട്രങ്ങള്‍ തമ്മിലുളള പോരാട്ടങ്ങളാണ്. ബ്രസീലും അര്‍ജന്റീനയും ഏറ്റുമുട്ടിയ മല്‍സരങ്ങളെല്ലാം രാജകീയമായിരുന്നു. ഇന്ത്യയും പാക്കിസ്താനും ക്രിക്കറ്റില്‍ ഏറ്റുമുട്ടുന്നത് പോലെയാണല്ലോ ബ്രസീല്‍-അര്‍ജന്റീന ഫുട്‌ബോള്‍ മല്‍സരങ്ങളെ വിശേഷിപ്പിക്കാറ്. രണ്ടും വലിയ ഫുട്‌ബോള്‍ രാജ്യങ്ങള്‍. ഒരേ വന്‍കരക്കാര്‍. അയല്‍ക്കാര്‍. പക്ഷേ കാല്‍പ്പന്തിന്റെ കാര്യം വരുമ്പോള്‍ അത് രാജ്യ യുദ്ധമാണ്. പെലെയെ ഉയര്‍ത്തിയാണ് എന്നും ബ്രസീല്‍ ഗാഥ. പെലെ കളിക്കുമ്പോഴും ഇപ്പോഴും അത് തന്നെ അവസ്ഥ. അര്‍ജന്റീനക്കാരുടെ ഇതിഹാസതാരം കൂറെ കാലം ഡിയാഗോ മറഡോണയായിരുന്നു. പക്ഷേ ഇപ്പോള്‍ ആ സ്ഥാനം മെസിക്കായി. രാജ്യത്തിന് ഇത് വരെ ലോകകപ്പോ കോപ്പ അമേരിക്കാ കിരീടമോ സമ്മാനിക്കാന്‍ മെസിക്കായിട്ടില്ലെങ്കിലും ലോക ഫുട്‌ബോള്‍ എന്നത് സത്യത്തില്‍ മെസിയാണെന്ന കാര്യം അര്‍ജന്റീനക്കാര്‍ക്കറിയാം. അതിനാല്‍ ഒരു ലോകകപ്പ് അദ്ദേഹം രാജ്യത്തിന് സമ്മാനിക്കുമെന്ന സ്വപ്‌നത്തിലാണ് അര്‍ജന്റീനക്കാര്‍. രാജ്യങ്ങള്‍ തമ്മിലുള്ള അങ്ക ചരിത്രത്തില്‍ എന്നും മുന്നില്‍ ബ്രസീല്‍-അര്‍ജന്റീന പോരാട്ടങ്ങളാണെങ്കില്‍ ക്ലബുകളുടെ ചരിത്രം നോക്കിയാല്‍ അത് ബാര്‍സിലോണയും റയല്‍ മാഡ്രിഡും തമ്മിലാണ്.
നഗര പോരാട്ടം
സത്യത്തില്‍ എല്‍ ക്ലാസിക്കോയെന്നത് നഗര ചരിത്രമാണ്. സ്‌പെയിന്‍ ലോക ഭൂപഠത്തില്‍ വലിയ രാജ്യമല്ല. പക്ഷേ ഫുട്‌ബോള്‍ ചരിത്രത്തില്‍ എന്നും സ്‌പെയിന്‍ വലിയ സ്ഥാനം നേടിയിട്ടുണ്ട്. രാജ്യത്തെ ഏറ്റവും വലിയ രണ്ട് പട്ടണങ്ങളാണ് മാഡ്രിഡും ബാര്‍സിലോണയും. മാഡ്രിഡ് രാജ്യ തലസ്ഥനാണ്. അവരാണ് സ്പാനിഷ് ദേശീയതയുടെ പ്രതീകം. എന്നാല്‍ ബാര്‍സിലോണയന്നത് കറ്റാലിയന്‍ ദേശീയതയുടെ വക്താകളും. കറ്റാാലിയന്‍ എന്നത് ഒരു ഭാഷയാണ്. ആ ഭാഷ സംസാരിക്കുന്നവരുടെ വലിയ ആവശ്യം ബാര്‍സിലോണ നഗരം ആസ്ഥാാനമാക്കി ഒരു സ്വതന്ത്ര രാജ്യം വേണമെന്നതാണ്. എന്നാല്‍ സ്പാനിഷ് ഭരണകൂടം ഒരിക്കലും അത് അനുവദിക്കുന്നില്ല. സ്വന്തം രാജ്യമെന്ന വാദവുമായി നിരന്തര സമരത്തിലാണ് കറ്റാലിയന്‍ ദേശീയ പ്രക്ഷോഭകാരികള്‍. ഇപ്പോഴും അവര്‍ സ്പാനിഷ് ദേശീയ ഭരണക്കൂടത്തെ അംഗീകരിക്കുന്നില്ല. അപ്പോള്‍ രണ്ട് നഗരങ്ങള്‍ മാത്രമല്ല ചിത്രത്തില്‍ വരുന്നത്. രണ്ട് ചിന്താഗതികള്‍ കൂടിയാണ്. അതിനാല്‍ എല്‍ ക്ലാസിക്കോ എന്നത് രണ്ട് കൂട്ടര്‍ക്കും ജീവന്മരണ പോരാട്ടമാണ്. തോറ്റാല്‍ അത് ദേശീയതയെ തന്നെ ബാധിക്കുന്ന വലിയ തിരിച്ചടിയായി മാറും. രാഷ്ട്രീയവും ഇവിടെ ശക്തമാണ്. റയല്‍ മാഡ്രിഡ് എന്നാല്‍ അത് ഭരണകൂടമാണ് എന്ന് പോലും ബാര്‍സിലോണക്കാര്‍ കുറ്റപ്പെടുത്താറുണ്ട്. ഈ ചരിത്രത്തില്‍ പോരാട്ടങ്ങള്‍ പലതുണ്ട്. അതിലെ രാഷ്ട്രീയമാണ് പിന്നീട് എല്‍ ക്ലാസിക്കോ പോരാട്ടങ്ങളിലും നിഴലിച്ചത്.
അഭിമാനമാണ് പലപ്പോഴും ഈ പോരാട്ടങ്ങളുടെ വലിയ വിലാസം. രണ്ട് ക്ലബുകളുടെയും ബാനറില്‍ നാട്ടുകാര്‍ അണിനിരക്കുന്ന കാഴ്ച്ചയില്‍ ഫുട്‌ബോള്‍ മൈതാനങ്ങളിലെ പോരാട്ടം പലപ്പോഴും ആഭ്യന്തര യുദ്ധങ്ങളെ പോലെയായിരുന്നു. പൊന്നും വിലക്ക് ക്ലബുകള്‍ വലിയ താരങ്ങളെ വാങ്ങും. യൂറോപ്യന്‍ ട്രാന്‍സ്ഫര്‍ വിപണിയില്‍ നിന്ന് ഏറ്റവും വലിയ താരങ്ങളെ വാങ്ങാനായി രണ്ട് ക്ലബുകളും എക്കാലത്തും മല്‍സരിച്ചു. ബാര്‍സിലോണയുടെ ചരിത്രമെടുത്താല്‍ വിഖ്യാതരെ പലരെയും കാണാം. അവരില്‍ ഒന്നാമന്‍ എന്ത് കൊണ്ടും മെസി തന്നെ. റയലിന്റെ ചരിത്രത്തില്‍ മുന്നില്‍ നില്‍ക്കുന്നത് റൊണാള്‍ഡോ തന്നെ. സിദാന്‍, റൊണാള്‍ഡോ, ലൂയിസ് ഫിഗോ, റൗള്‍ ഗോണ്‍സാലസ്, ഡേവിഡ് ബെക്കാം തുടങ്ങി ആധുനിക ഫുട്‌ബോളിലെ ഉന്നതരെല്ലാം റയലിന്റെ ജഴ്‌സിയില്‍ കളിച്ചവരാണ്.
ഈ രണ്ട് ക്ലബുകളുടെ ആസ്ഥാനങ്ങളും ചരിത്രമാണ്. റയലിന്റെ സ്വന്തം മൈതാനമായ സാന്‍ഡിയാഗോ ബെര്‍ണബു പലപ്പോഴും ദേശീയ പ്രതീകമാണ്. ഒരു ലക്ഷം പേര്‍ക്കാണ് ഇവിടെ ഇരിപ്പിടം. ഇവിടെ കളി കാണാന്‍ വരുന്നവരെല്ലാം റയലിന്റെ വെളുത്ത ജഴ്‌സിയിലായിരിക്കും. ആ കാഴ്ച്ച തന്നെ രസകരമാണ്. എല്‍ ക്ലാസിക്കോ പോരാട്ടം ബെര്‍ണബുവില്‍ നടക്കുമ്പോള്‍ മുഴുവന്‍ ദേശീയ വാദികളും അതിനൊപ്പമാണെങ്കില്‍ ബാര്‍സയുടെ ആസ്ഥാനം നുവോ കാമ്പാണ്. അവരെ ദേശീയവാദികള്‍ പറയാറുള്ളത് വിമത ക്യാമ്പ് എന്നാണ്. കറ്റാലിയന്‍ ദേശീയ പതാകയുമേന്തിയാണ് അവിടെ എല്‍ ക്ലാസിക്കോ മല്‍സരങ്ങള്‍ക്ക് സാക്ഷിയാവാന്‍ കാണികള്‍ എത്താറുള്ളത്. ഇത് വരെ നടന്ന എല്ലാ എല്‍ ക്ലാസിക്കോ മല്‍സരങ്ങളും ഫുട്‌ബോള്‍ ഭാഷയില്‍ പറഞ്ഞാല്‍ സോള്‍ഡ് ഔട്ടാണ്-അതായത് ഒരു ടിക്കറ്റ് പോലും വെറുതെയായിട്ടില്ല.
ക്ലബുകളുടെ വിജയ ചരിത്രം പരിശോധിച്ചാലും ആവേശം പ്രകടമാണ്. ലാലീഗില്‍ ഇത് വരെ രണ്ട് പേരും പരസ്പരം വന്നത് 180 മല്‍സരങ്ങളാണ്. ഇതില്‍ ഇപ്പോഴുള്ള കണക്ക് പ്രകാരം 73 ല്‍ റയലിനാണ് വിജയം. ബാര്‍സ തൊട്ട് പിറകെ 72 ലുണ്ട്. 35 സമനിലകളും. കിംഗ്‌സ് കപ്പ്, സ്പാനിഷ് സൂപ്പര്‍ കപ്പ്, യുവേഫ ചാമ്പ്യന്‍സ് ലീഗ് തുടങ്ങിയ ചാമ്പ്യന്‍ഷിപ്പുകളില്ലെല്ലാം ഇരുവരും ഏറ്റുമുട്ടാറുണ്ട്. രണ്ട് പേരും തമ്മിലുളള പോരാട്ടങ്ങളിലെ ഏറ്റവും വലിയ വിജയം റയലിനായിരുന്നു. 1943 ലെ കിംഗ്‌സ് കപ്പില്‍ റയല്‍ ബാര്‍സിലോണയെ പരാജയപ്പെടുത്തിയത് 11-1 എന്ന സ്‌ക്കോറിനായിരുന്നു. ലാലീഗ ചരിത്രത്തില്‍, അഥവാ എല്‍ ക്ലാസിക്കോ പോരാട്ടങ്ങളിലും വലിയ വിജയം റയലിന് തന്നെ. 1949 ലെ പോരാട്ടത്തില്‍ 6-1 നാണ് റയല്‍ വിജയിച്ചത്. 1935 ല്‍ ബാര്‍സിലോണക്കാര്‍ റയലിന്റെ വലയില്‍ അഞ്ച് ഗോളുകള്‍ നിക്ഷേപിച്ചിരുന്നു. സമീപകാലത്തെ വലിയ വിജയം ബാര്‍സിലോണയുടെ നാമധേയത്തിലാണ്. 2010 നവംബറിലെ പോരാട്ടത്തില്‍ ബാര്‍സിലോണ അഞ്ച് ഗോളിന് റയലിനെ തകര്‍ത്തിരുന്നു.
ഫുട്‌ബോളിലെ യഥാര്‍ത്ഥ യുദ്ധമാണ് എല്‍ ക്ലാസിക്കോ. ലോകകപ്പില്‍ കാണുക രാജ്യങ്ങളുടെ പോരാട്ടങ്ങളാണെങ്കില്‍ എല്‍ ക്ലാസിക്കോയില്‍ കാണുന്നത് ലോകോത്തര താരങ്ങളുടെ പോരാട്ടമാണ്. അവിടെ അര്‍ജന്റീനയും ബ്രസീലും പോര്‍ച്ചുഗലും ഇംഗ്ലണ്ടും നൈജീരിയയും കാമറൂണും സ്‌പെയിനും ഇറ്റലിയും ഹോളണ്ടുമെല്ലാം ഒന്നാണ്. ശരിക്കും നമുക്കത് താര മാമാങ്കമാണെങ്കില്‍ സ്‌പെയിനുകാര്‍ക്ക് യുദ്ധങ്ങളാണ്.
കമാൽ വരദൂർ 🖋️
ആനപറമ്പിലെ വേൾഡ് കപ്പ് ഒരുക്കുന്ന കമാൽവരദൂർ എഴുതുന്ന 101 ഫുട്ബോൾ കഥകൾ നിങ്ങൾക്ക് സൗത്ത് സോക്കേഴ്സിലൂടെ വായിക്കാം
0 comments:
Post a Comment