ലോകകപ്പ് ഫൈനല്‍. നാല് വര്‍ഷത്തിലൊരിക്കല്‍ നടത്തപ്പെടുന്ന മഹാമാമാങ്കങ്ങളുടെ കലാശ നാള്‍. കാല്‍പ്പന്തിനെ സ്‌നേഹിക്കുന്നവര്‍ കാത്തുകാത്തിരിക്കുന്ന ദിവസം. സന്തോഷവും സന്താപവും സമരസമായി പ്രതിഫലിക്കപ്പെടുന്ന ദിവസം. ഫൈനല്‍ ജയിക്കുന്നവര്‍ കാല്‍പ്പന്തിലെ ലോക രാജാക്കന്മാരാണ്. അവരുടെ സന്തോഷത്തിന് അതിരുകളുണ്ടാവില്ല. കലാശത്തില്‍ തോല്‍ക്കുന്നവര്‍ക്കത് തീരാ വേദനയാവും. നാല് വര്‍ഷത്തെ കാത്തിരിപ്പിലും അവസാന മല്‍സരത്തില്‍ തല താഴ്ത്താന്‍ വിധിക്കപ്പെട്ടതിന്റെ വേദന ഒരു കാലത്തും മറക്കാനാവില്ല. പക്ഷേ 2006 ലെ ലോകകപ്പ് ഫൈനല്‍ ദിവസം ഫുട്‌ബോള്‍ ലോകം സാക്ഷ്യം വഹിച്ചത് ജേതാവിന്റെ സന്തോഷത്തിനോ, പരാജിതന്റെ വേദനക്കോ ആയിരുന്നില്ല. കാല്‍പ്പന്ത് മൈതാനം കണ്ട മികച്ച മധ്യനിരക്കാരില്‍ ഒന്നാമനായ സിനദിന്‍ സിദാന്‍ എന്ന ഫ്രഞ്ചുകാരന്‍ ഇ്രറ്റാലിയന്‍ ഡിഫന്‍ഡര്‍ മാര്‍ക്കോ മറ്റരേസിയെ തല കൊണ്ട് ഇടിച് വീഴ്ത്തിയ കുറ്റത്തിന് ചുവപ്പ് കാര്‍ഡുമായി രാജ്യാന്തര ഫുട്‌ബോളിനോട് വേദനയോടെ വിടപറയുന്നതാണ്. കളിയെ പ്രണയിക്കുന്നവരെല്ലാം കണ്ണീര്‍ വാര്‍ത്ത കാഴ്ച്ച. സിദാന്‍ എന്ന പോരാളി രാജ്യത്തിന് ലോകകപ്പ് സമ്മാനിച്ച രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിക്കുന്നത് കാണാന്‍ കൊതിച്ചവര്‍ ഫ്രഞ്ചുകാര്‍ മാത്രമായിരുന്നില്ല-കാറ്റ് നിറച്ച കാല്‍പ്പന്തിനെ നെഞ്ചോട് ചേര്‍ത്തവരുടെയെല്ലാം ഇടനെഞ്ചില്‍ ആ മധ്യനിരക്കാരനുണ്ടായിരുന്നു. ഇന്ന് കണ്ണീരിന്റെ ആ കഥയാണ് പറയാന്‍ പോവുന്നത്.
പെങ്ങളെ എനിക്ക് തരുമോ നീ.....
മൈതാനത്ത് പ്രകോപന മുദ്രാവാക്യങ്ങള്‍ പലതാണി. നിങ്ങള്‍ മനോഹരമായി കളിക്കുമ്പോള്‍ മാനസികമായി തകര്‍ക്കാന്‍ പ്രതിയോഗികള്‍ തെറി വിളിക്കും. അല്ലെങ്കില്‍ മോശമായ കമന്റുകള്‍ പറയും. നിങ്ങള്‍ മാനസികമായി ദുര്‍ബലരാണെങ്കില്‍ ആ പ്രകോപനത്തില്‍ പതറും. പ്രതികരിക്കുന്നതോടെ നിങ്ങള്‍ അകപ്പെടുന്നത് പ്രതിയോഗി ഒരുക്കിയ കെണിയിലാവും. സിദാനെ പോലെ സീനിയറായ ഒരാള്‍ എങ്ങനെ മാര്‍ക്കോ മറ്റരേസിയുടെ പ്രകോപനത്തില്‍ വീണു. ആ കഥയറിയണമെങ്കില്‍ 2006 ലെ ലോകകപ്പിനെ അറിയണം.
ജൂണ്‍ 9 മുതല്‍ ജുലൈ 9 വരെയായിരുന്നു ജര്‍മന്‍ ലോകകപ്പ്. 98 ലെ ലോകകപ്പ് ജേതാക്കളായിരുന്നുവെങ്കിലും ഫ്രാന്‍സിന് ആരും വ്യക്തമായ സാധ്യത കല്‍പ്പിച്ചിരുന്നില്ല. കാരണം 2004 ല്‍ പോര്‍ച്ചുഗലില്‍ നടന്ന യൂറോപ്യന്‍ ഫുട്‌ബോളില്‍ ഗ്രീസിന് മുന്നില്‍ തല താഴ്ത്തി മടങ്ങിയവരായിരുന്നു ഫ്രാന്‍സ്. ആ തോല്‍വിയുടെ ക്ഷീണത്തില്‍ സിദാന്‍ തന്നെ പരസ്യമായി പ്രഖ്യാപിച്ചു-താന്‍ രാജ്യാന്തര ഫുട്‌ബോള്‍ വിടുകയാണെന്ന്. അത്രമാത്രം ഷോക്കായിരുന്നു യൂറോയിലെ പരാജയം. പക്ഷേ ലോകകപ്പ് സമാഗതമാകവെ സിദാനില്ലാതെ ഫ്രാന്‍സ് എങ്ങനെ കളിക്കുമെന്ന ചോദ്യം ഉയര്‍ന്നു. അദ്ദേഹത്തില്‍ കനത്ത സമ്മര്‍ദ്ദമുണ്ടായി. അങ്ങനെ റിട്ടയര്‍മെന്റ് തീരുമാനത്തില്‍ നിന്നും സിദാന്‍ പിറകോട്ട് പോയി. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ തട്ടിമുട്ടി കളിച്ച ടീം ജര്‍മനിയിലേക്കുള്ള ടിക്കറ്റ് നേടിയപ്പോള്‍ ഹെഡ് കോച്ച് റെയ്‌മോണ്ട് ഡൊമന്‍ച്ചെ ലോകകപ്പ് സംഘത്തിന്റെ നായകനെ പ്രഖ്യാപിച്ചു-സിദാന്‍. ലിലിയന്‍ തുറാം, ക്ലൗഡി മക്കലേലി തുടങ്ങിയ അനുഭവ സമ്പന്നര്‍ക്കൊപ്പം തിയറി ഹെന്‍ട്രി, ഡേവിഡ് ട്രസിഗെ തുടങ്ങിയ യുവാക്കളുമടങ്ങിയ മികച്ച ടീം. യോഗ്യതാ ഘട്ടത്തിലെ പ്രതിയോഗികള്‍ അത്ര ശക്തരായിരുന്നില്ല. അയര്‍ലാന്‍ഡും ഇസ്രാഈലും സ്വിറ്റ്‌സര്‍ലാന്‍ഡും സൈപ്രസും ഫറോ ഐലാന്‍ഡ്‌സുമെല്ലാം. ഇവരെല്ലാം ലോക ഫുട്‌ബോളില്‍ ദുര്‍ബലമായതിനാല്‍ ഫ്രാന്‍സിന് യോഗ്യത പ്രയാസമില്ലെന്നാണ് കരുതിയത്. പക്ഷേ അതി നാടകീയമായി ഫ്രാന്‍സ് പിറകോട്ട് പോവുന്ന കാഴ്ച്ച. ഒരു ഘട്ടത്തില്‍ ഗ്രൂപ്പില്‍ നാലാം സ്ഥാനം. നാല് മല്‍സരങ്ങള്‍ ബാക്കി നില്‍ക്കെ അയര്‍ലാന്‍ഡ് ഒന്നാം സ്ഥാനത്തുള്ള ഗ്രൂപ്പില്‍ നാലാം സ്ഥാനം മാത്രം. അവശേഷിക്കുന്ന മല്‍സരങ്ങളെല്ലാം ജയിക്കാത്തപക്ഷം ലോകകപ്പ് യോഗ്യത കാണാതെ പുറത്ത്. ആ ഘട്ടത്തിലാണ് സിദാനും തുറാമും മക്കലേലിയുമെല്ലാം തിരികെ വരുന്നത്. ഇവരുടെ കരുത്തില്‍ നാലില്‍ മൂന്ന് മല്‍സരങ്ങളിലും തകര്‍പ്പന്‍ വിജയം. ഒരു മല്‍സരത്തില്‍ സമനില. അങ്ങനെ ഗ്രൂപ്പില്‍ ഒന്നാമന്മാര്‍-ജര്‍മനിക്ക് ടിക്കറ്റ്.
ജര്‍മനിയിലെത്തിയിട്ടും ആധികാരികത പ്രകടിപ്പിക്കാന്‍ ഫ്രഞ്ച് സംഘത്തിനായില്ല. സ്‌പെയിനും പോര്‍ച്ചുഗലും ബ്രസീലും സ്വന്തം ഗ്രൂപ്പുകളിലെ എല്ലാ മല്‍സരങ്ങളും ജയിച്ച് എളുപ്പത്തില്‍ നോക്കൗട്ട് ഉറപ്പാക്കിയപ്പോള്‍ ഫ്രാന്‍സ് തുടക്കത്തില്‍ തന്നെ തപ്പിതടഞ്ഞു. സ്വിറ്റ്‌സര്‍ലാന്‍ഡിനെതിരായ മല്‍സരത്തില്‍ ഗോള്‍ രഹിത സമനില. രണ്ടാം മല്‍സരത്തില്‍ ദക്ഷിണ കൊറിയക്കെതിരെയും സമനില. രണ്ട് മല്‍സരത്തിലും നായകനെന്ന നിലയില്‍ സിദാന്‍ പരാജയമായിരുന്നു. ആഫ്രിക്കന്‍ പ്രതിനിധികളായ ടോംഗോയായിരുന്നു അവസാന ഗ്രൂപ്പ് പോരാട്ടത്തിലെ പ്രതിയോഗികള്‍. ജയിച്ചില്ലെങ്കില്‍ ഫ്രാന്‍സ് പുറത്താവും. സിദാനെ കൂടാതെ കളിച്ച ഫ്രാന്‍സ് രണ്ട് ഗോളിന് ജയിച്ച് മാനം കാത്തു.
പ്രീക്വാര്‍ട്ടറിലെ എതിരാളികള്‍ ശക്തരായ സ്‌പെയിനായിരുന്നു. സിദാന്‍ സ്‌പെയിനിനെതിരെ ആദ്യ ഇലവനില്‍ ഉണ്ടാവുമോ എന്ന സംശയം പോലും ഉയര്‍ന്നു. പക്ഷേ കോച്ച് ഡൊമന്‍ച്ചെ നായകനെ തഴഞ്ഞില്ല. മിന്നും മികവായിരുന്നു സിദാനും ഫ്രാന്‍സും. 3-1 ന് ടീം ജയിച്ചപ്പോള്‍ ഫുട്‌ബോള്‍ ലോകം ആ മധ്യനിരക്കാരനെ വാഴ്ത്തി. ഫ്രാങ്ക് റിബറിയും പാട്രിക് വിയേരും പിന്നെ സിദാനുമായിരുന്നു സ്‌ക്കോറര്‍മാര്‍.
ക്വാര്‍ട്ടറിലെ പ്രതിയോഗികള്‍ ശക്തരായ ബ്രസീല്‍. എല്ലാവരും സാധ്യത നല്‍കിയത് മഞ്ഞപ്പടക്ക്. റൊണാള്‍ഡോ ഉള്‍പ്പെടെ സൂപ്പര്‍ താരങ്ങള്‍. പക്ഷേ സിദാന്റെ മികവില്‍ തിയറി ഹെന്‍ട്രിയുടെ ഗോള്‍ വന്നപ്പോല്‍ ബ്രസീലിനും മടക്കം. സെമിയില്‍ ഫ്രാന്‍സ് കൃസ്റ്റിയാനോ റൊണള്‍ഡോയുടെ പോര്‍ച്ചുഗലിനെതിരെ. മുപ്പത്തിമൂന്നാം മിനുട്ടില്‍ ലഭിച്ച പെനാല്‍ട്ടി കിക്ക് ഗോളാക്കി മാറ്റി സിദാന്‍ തന്നെ ടീമിനെ ഫൈനലിലെത്തിച്ചു.
അങ്ങനെ ലോകകപ്പിനായുള്ള കലാശപ്പോരാട്ടം. എതിരാളികള്‍ ഇറ്റലി. സിദാന്‍ എന്ന മഹാനായ താരത്തിന് കപ്പുമായി യാത്രയയപ്പ് നല്‍കാന്‍ ഫ്രാന്‍സ് തയ്യാറായി. ബെര്‍ലിനിലെ ഒളിംപിക് സ്‌റ്റേഡിയത്തില്‍ അവസാന അങ്കത്തിന് സാക്ഷികളായി 69,000 പേര്‍. കളി തുടങ്ങി ഏഴാം മിനുട്ടില്‍ തന്നെ സിദാന്റെ പെനാല്‍ട്ടി കിക്കില്‍ ഫ്രാന്‍സിന് ലീഡ്. തകര്‍പ്പന്‍ കിക്ക് ഇറ്റലിയുടെ വിഖ്യാതനായ ഗോള്‍ക്കീപ്പര്‍ ജിയാന്‍ ലുക്കാ ബഫണിനെ കീഴടക്കി. പത്തൊമ്പതാം മിനുട്ടില്‍ കോര്‍ണര്‍ കിക്കില്‍ നിന്നും മാര്‍ക്കോ മറ്റരേസി ഇറ്റലിക്കായി സമനില നേടി. നിശ്ചിത സമയത്ത് 1-1. അധിക സമയത്തിന്റെ തുടക്കത്തില്‍ സിദാന്റെ മാജിക് ഹെഡ്ഡര്‍ അതേ മികവില്‍ ബഫണ്‍ കുത്തിയകറ്റുന്നു. അധികസമയത്തിന്റെ രണ്ടാം പകുതിയുടെ അവസാന മിനുട്ടുകള്‍. പെട്ടെന്ന് കാണികള്‍ ബഹളമുണ്ടാക്കുന്നു. ഇറ്റാലിയന്‍ ഡിഫന്‍ഡര്‍ മറ്റരേസി നിലത്ത് വീണ് കിടക്കുന്നു. ഗോള്‍ക്കീപ്പര്‍ ബഫണ്‍ റഫറിയെ ഉച്ചത്തില്‍ വിളിക്കുന്നു. കളി നിര്‍ത്തി വെക്കുന്നു. എന്താണ് സംഭവിച്ചതെന്ന് ആര്‍ക്കും മനസ്സിലായില്ല. റഫറി ഹൊറാസിയോ എലിസോന്‍ഡോ തന്റെ സഹ റഫറിമാരുമായി സംസാരിക്കുന്നു. ഉടന്‍ തന്നെ ചുവപ്പ് കാര്‍ഡ് മൈതാന മധ്യത്ത് നില്‍ക്കുകയായിരുന്ന സിദാന് നേരെ ഉയര്‍ത്തുന്നു. അദ്ദേഹം ചിലത് പറയാന്‍ ശ്രമിച്ചുവെങ്കിലും റഫറി വഴങ്ങിയില്ല. നിശബ്ദമായ സ്‌റ്റേഡിയത്തിന്റെ ആശങ്കയിലുടെ അതാ സിദാന്‍ നടന്ന് നീങ്ങുന്നു. മൈതാനത്തിന് പുറത്ത് വെച്ച ലോകകപ്പിന് അരികിലൂടെ അദ്ദേഹം നടന്ന് നീങ്ങിയത് വേദനിക്കുന്ന കാഴ്ച്ചയായിരുന്നു. മല്‍സരം തുടര്‍ന്നു. ഗോളില്ല. അങ്ങനെ ഷൂട്ടൗട്ട്. പിര്‍ലോ, മറ്റരേസി, ഡി റോസി, ദെല്‍പിയാറോ, ഗ്രോസോ എന്നിവരെല്ലാം ഇറ്റലിയുടെ കിക്കുക്കള്‍ ലക്ഷ്യത്തിലെത്തിച്ചു. വില്‍റ്റോര്‍ഡും അബിദാലും സാഗ്നലും ഫ്രാന്‍സിനായി സ്‌ക്കോര്‍ ചെയ്തപ്പോള്‍ ഡേവിഡ് ട്രസിഗെയുടെ കിക്ക് പുറത്തായി. അങ്ങനെ ഇറ്റലി ചാമ്പ്യന്മാര്‍.
പക്ഷേ ഫുട്‌ബോല്‍ ലോകം ഇറ്റലിക്കൊപ്പമായിരുന്നില്ല-സിദാനൊപ്പമായിരുന്നു. എന്താണ് നായകനെ പ്രകോപിതനാക്കിയത് എന്നത് ആര്‍ക്കുമറിയില്ലായിരുന്നു. ഒടുവില്‍ സിദാന്‍ തന്നെ അത് പറഞ്ഞു. നിന്റെ പെങ്ങളെ എനിക്ക് അല്‍പ്പസമത്തേക്ക് തരുമോ എന്നായിരുന്നു മറ്റരേസിയുടെ ചോദ്യം. രണ്ട് തവണ അതേ ചോദ്യം ഉയര്‍ത്തിയപ്പോള്‍ താന്‍ ക്ഷമിച്ചുവെന്ന് സിദാന്‍. മൂന്നാം തവണയും ആ ചോദ്യം ആവര്‍ത്തിച്ചപ്പോഴാണ് ക്ഷമ നശിച്ച് തല കൊണ്ട് ഇടിച്ചത്. പിന്നീട് മറ്റരേസിയും അത് സമ്മതിച്ചു- സിദാനെ പ്രകോപിപ്പിക്കാന്‍ മറ്റ് മാര്‍ഗ്ഗങ്ങളുണ്ടായിരുന്നില്ല. സഹോദരിയെ പറഞ്ഞാല്‍ അദ്ദേഹം ക്ഷുഭിതനാവുമെന്ന് അറിയാമായിരുന്നു....
ലോകകപ്പ് ഫൈനലിന് ശേഷം വാര്‍ത്തകളില്‍ സിദാന്‍ മാത്രമായിരുന്നു. ഫ്രഞ്ച് ഡ്രസ്സിംഗ് റൂം നായകന് വേണ്ടി കണ്ണീരൊഴുക്കി. ജര്‍മനിയില്‍ നിന്നും ഫ്രഞ്ച് ടീം സ്വന്തം നാട്ടിലെത്തിയപ്പോള്‍ ഒരു കുട്ടി പോലും സിദാനെതിരെ സംസാരിച്ചില്ല. വിമാനത്താവളത്തിലും സ്വീകരണ വേദിയിലും ഉച്ചത്തില്‍ മുഴങ്ങിയത് സിസു... സിസു എന്ന മുദ്രാവാക്യമായിരുന്നു. ഫ്രഞ്ച് പ്രസിഡണ്ട് ജാക്വസ് ചിറാക് പറഞ്ഞു-സിസു, താങ്കളെ ഞങ്ങല്‍ ബഹുമാനിക്കുന്നു, ആദരിക്കുന്നു. താങ്കള്‍ നിരാശനാണെന്ന് എല്ലാവര്‍ക്കുമറിയാം. പക്ഷേ സ്വന്തം രാജ്യത്തെ താങ്കള്‍ എത്ര മാത്രം ഉയരത്തിലാണ് എത്തിച്ചത്. അത് ഞങ്ങള്‍ മറക്കില്ല. രാജ്യത്തിന്റെ ഭരണത്തലവന്‍ പറഞ്ഞ ഈ വാക്കുകളിലും ഫുട്‌ബോള്‍ ലോകം ഇപ്പോഴും ചോദിക്കുന്നു- സിദാന്‍ എന്ന പ്രതിഭക്കുള്ള യാത്രയയപ്പ് ഇങ്ങനെയായിരുന്നോ വേണ്ടത്..... മറ്റരേസി എത്ര ക്രൂരനാണ്...
കമാൽ വരദൂർ 🖋️
ആനപറമ്പിലെ വേൾഡ് കപ്പ് ഒരുക്കുന്ന കമാൽവരദൂർ എഴുതുന്ന 101 ഫുട്ബോൾ കഥകൾ നിങ്ങൾക്ക് സൗത്ത് സോക്കേഴ്സിലൂടെ വായിക്കാം
0 comments:
Post a Comment