Showing posts with label kerala premier league. Show all posts
Showing posts with label kerala premier league. Show all posts

Tuesday, June 16, 2020

സ്പോർട്സ് കൗൺസിലിന്റെ 'വാഴകൾ'

.

സ്പോർട്സും കൃഷിയും തമ്മിൽ എന്താ ബന്ധം.. കേൾക്കുമ്പോൾ അത്ഭുതം തോന്നിയേക്കാം.. പക്ഷെ ഞങ്ങളുടെ കേരളത്തിൽ സ്പോർട്സും കൃഷിയും തമ്മിൽ വൻ അന്തർധാരയാണുള്ളത്. ഒരു തുണ്ട് ഭൂമി പോലും കൃഷിചെയ്യാൻ ലഭിക്കാതെ / അല്ലെങ്കിൽ കൃഷിക്ക് ഉപയോഗിക്കാൻ സാധിക്കാതെ നിൽക്കുമ്പോൾ കേരളത്തിൽ സ്റ്റേഡിയങ്ങളും സ്പോർട്സ് കോംപ്ലക്സുകളും കൃഷിക്ക് എന്ത് കൊണ്ട് ഉപയോഗിച്ചുകൂടാ എന്ന വിപ്ലവാത്മകമായ ആശയമാണ് ഉരുത്തിരിഞ്ഞു വന്നിട്ടുള്ളത്. ഐഡിയ കൊടുത്തതോ..?  കേരളത്തിന്റെ കായിക വികസനം മാനം മുട്ടെ ഉയർത്തിയ ശേഷം ബാക്കിയുള്ള ഊർജ്ജം കൃഷിയുടെ വികസനത്തിനായി ചിലവഴിക്കാൻ തീരുമാനിച്ച സാക്ഷാൽ കേരള സ്പോർട്സ് കൗൺസിൽ.
 
പയ്യനാട് സ്റ്റേഡിയം നാശോന്മുഖമായി കിടക്കുന്നു, കളികൾ ഇല്ല എന്നൊക്കെ കായിക പ്രേമികൾ വിലപിക്കുമ്പോൾ അവിടം  വൃക്ഷലതാതിഫലമൂലാതികൾ കൊണ്ട് അലങ്കരിക്കാൻ ഒരുങ്ങുകയാണ് സ്പോർട്സ് കൗൺസിൽ.  പയ്യനാട് സ്റ്റേഡിയത്തിലെ പാർക്കിങ് ഏരിയ, ഇൻഡോർ സ്റ്റേഡിയം, നീന്തൽകുളം എന്നിവ പണിയാൻ ഉദ്ദേശിച്ചിട്ടുള്ള സ്ഥലത്തു വാഴകൃഷി നടത്തി നൂറു മേനി കൊയ്യാൻ ഒരുങ്ങുകയാണ് അധികൃതർ. ഒരു നല്ല കായികഭാവി ഭിക്ഷ ചോദിക്കുന്ന സ്ഥലത്തു സുഭിക്ഷകേരളം പദ്ധതിയാണ് നടത്താൻ ഉദ്ദേശിച്ചിട്ടുള്ളത്.ഈ ആഹ്ലാദകരമായ വാർത്ത ഇതുവരെ സ്പോർട്സ് കൗൺസിൽ നിഷേധിച്ചിട്ടില്ല എന്നാണ് അറിവ്...

എന്തായാലും  ഈ തീരുമാനത്തെ കായിക പ്രേമികൾ ഇരു കയ്യും നീട്ടി സ്വീകരിക്കണം എന്നാണ് എനിക്ക് പറയാൻ ഉള്ളത്.തൃശ്ശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ വെണ്ടയും അമരയും കോഴിക്കോട് പാവലും പടവലവും കോട്ടപ്പടിയിൽ പയറും മുളകും ചീരയും മറ്റിടങ്ങളിൽ നെൽകൃഷി മുതൽ കുരുമുളക് വരെ കൃഷി ചെയ്യണം. പറ്റിയാൽ അക്വാട്ടിക് കോംപ്ലെക്സിലെ നീന്തൽകുളങ്ങൾ മീൻ വളർത്തലിന് വിട്ടു കൊടുക്കണം.. നാട്ടിലെ ഗവ: സ്‌കൂളുകളിലെ ഗ്രൗണ്ടുകൾ റബ്ബർ കൃഷിക്ക് അനുയോജ്യമായി മാറ്റണം. അങ്ങിനെ കാർഷിക രംഗത്തുള്ള സ്വയം പര്യാപ്തത പെട്ടെന്ന് കൈ വരിക്കണം.. കായിക രംഗം നശിച്ചു നാറാണക്കല്ലു പിടിച്ചാലെന്താ നമുക്ക് കൃഷി നടത്താലോ. ഐ എം വിജയൻ  ഗ്രൗണ്ട് ഉഴുതു മറിക്കുന്നതും പി ടി ഉഷ ഞാറു നടുന്നതും പി യു ചിത്ര കള പറിക്കുന്നതുമൊക്കെ ഫോട്ടോ എടുത്തു ഒരു മാർക്കറ്റിങ്ങും നടത്താം. 



അല്ല സാറമ്മാരെ ഒരു ചോദ്യം..പ്രളയങ്ങളിൽ നാശ നഷ്ടങ്ങൾ നേരിട്ട ഒറിജിനൽ കർഷകർക്ക് അർഹിച്ച  ധനസഹായങ്ങൾ നൽകിയോ.. കായിക താരങ്ങൾക്ക് ജോലിയും വീടുമൊക്കെ വാഗ്ദാനം ചെയ്തിരുന്നത് പൂർത്തിയായോ.. ഇതൊക്കെ എന്തെങ്കിലും ചെയ്തിട്ട് പോരേ ഇന്നാട്ടിലെ സ്റ്റേഡിയങ്ങളിൽ കൃഷി നടത്തുന്നത്.. ആദ്യം മണ്ണിൽ പണിയെടുത്ത് തളരുന്ന കർഷകരെ സഹായിക്കാൻ ശ്രമിക്കണം. ഒപ്പം അവശത അനുഭവിക്കുന്ന കായിക രംഗത്തെ ഒന്ന് കൈപിടിച്ച് ഉയർത്തണം. ഇത് പട്ടിയൊട്ട് പുല്ല് തിന്നുകേമില്ലപശുവിനെക്കൊണ്ട് തീറ്റിക്കത്തുമില്ല എന്ന് പറഞ്ഞ ഗതിയായല്ലോ എന്റെ കായിക പരമ്പര ദൈവങ്ങളെ.. എന്തായാലും നമ്മുടെ കായിക രംഗത്തെ 'വളർത്താൻ' ഇത്രേം നല്ല ഐഡിയകൾ കണ്ടു പിടിക്കുന്ന സ്പോർട്സ് കൗൺസിൽ തലവന്മാരെ പൊന്നാട അണിയിപ്പിച്ച് ആദരിക്കണം. എന്നിട്ട് കൃഷി നടത്തുന്ന സ്റ്റേഡിയത്തിൽ നിർത്തിയാൽ കൃഷി നശിപ്പിക്കുന്ന ക്ഷുദ്ര ജീവികളും പറവകളുമൊക്കെ കണ്ടം വഴി ഓടിക്കൊള്ളും.. കണ്ടറിയാം കേരള കായികരംഗമേ നിനക്ക് എന്ത് സംഭവിക്കുമെന്ന്... 
NB: ഇനി ഇതിൽ പലരുടെയും ന്യായീകരണങ്ങളും മറ്റും  വരാനുണ്ട്. അതു കൂടിയായാൽ പൂർത്തിയായി. കേരള സംസ്ഥാനത്തെ ഏത് തരിശുഭൂമിയിലും നിങ്ങൾ കൃഷി ഇറക്കിക്കൊള്ളൂ.. എതിർപ്പില്ല.. ഈ സ്റ്റേഡിയങ്ങളെയും അനുബന്ധ സ്ഥലങ്ങളെയും ഒന്ന് ഒഴിവാക്കിക്കൂടെ എന്നൊരു അപേക്ഷ മാത്രമേ ഉള്ളു. 

📝അബ്ദുൾ റസാക്ക് സൗത്ത് സോക്കേഴ്സ് 

Monday, June 15, 2020

സെക്കന്റ്‌ ഡിവിഷൻ റീലോഡഡ്: എഫ് സി കേരളയും കളത്തിലിറങ്ങുന്നു.



ഒരിടവേളക്ക് ശേഷം സെക്കന്റ്‌ ഡിവിഷൻ ഐ ലീഗ് പുനരാംഭിക്കാൻ സാധ്യത ഉള്ളതായി റിപ്പോർട്ടുകൾ.എട്ടു ടീമുകൾ പങ്കെടുക്കുന്ന നോകൗട്ട് ടൂർണമെന്റിനാണ് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ തയ്യാറെടുക്കുന്നത്. ഐ ലീഗ്,  ഐ എസ് എൽ ടീമുകളുടെ റിസർവ് ടീമുകളെ ഒഴിവാക്കി മറ്റു പ്രൊഫെഷണൽ ടീമുകളാണ് മത്സരിക്കുന്നതത്രെ. ലഭ്യമായ വിവരങ്ങൾ അനുസരിച് ഗ്രൂപ്പ്‌ എയിൽ നിന്ന് ഗർവാൾ എഫ്‌സി, ലോൺസ്റ്റർ കശ്മീർ എഫ്‌സി, രാജസ്ഥാൻ എഫ്സി എന്നിവരും ഗ്രൂപ്പ്‌ ബിയിൽ നിന്ന് മുഹമ്മദൻസ്, ഭവാനിപുർ എഫ്സി എന്നിവരും ഗ്രൂപ്പ് സിയിൽ നിന്ന് എഫ് സി കേരള, അര എഫ്‌സി,  ബാംഗ്ലൂർ യുണൈറ്റഡ് എന്നിവരും മത്സരിക്കും.

 ജേതാവിന് അടുത്ത വർഷത്തെ ഐ ലീഗ് എൻട്രിയാണ് ലഭിക്കുക. എന്തായാലും ഒരിടവേളക്ക് ശേഷം ഇന്ത്യൻ മണ്ണിൽ ഫുട്‍ബോളിന്റെ ആരവങ്ങൾ ഉയരുമ്പോൾ കേരളത്തിന്റെ പ്രതിനിധികളായി എഫ്‌സി കേരളയും മത്സരിക്കുന്നുവെന്നത് ഏറെ ശ്രദ്ധേയമായ വിഷയമാണ്.മികച്ച പ്രകടനം കാഴ്ചവെക്കാനായാൽ അടുത്ത സീസണിൽ ഗോകുലത്തിനോടൊപ്പം എഫ് സി കേരളയും ഐ ലീഗിൽ പന്തു തട്ടുമെന്ന് പ്രത്യാശിക്കാം. 

നോകൗട്ട് ടൂർണമെന്റ് ആയതു കൊണ്ട് തന്നെ മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിക്കുമെന്നാണ് ചെമ്പടയുടെ ആരാധകർ വിശ്വസിക്കുന്നത്. പൊതുവായ ഒരു വേദിയാകും മത്സരത്തിന് തിരഞ്ഞെടുക്കുക എന്നാണ് അറിയാൻ സാധിച്ചത്. കൂടുതൽ വിവരങ്ങൾ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ വാർത്താകുറിപ്പായി പുറത്തു വിടുമെന്നാണ് കരുതുന്നത്.

Saturday, March 23, 2019

കെപിൽ; എഫ് സി കേരളക്കും ഗോകുലത്തിനും വിജയം


കേരള പ്രീമിയർ ലീഗിൽ ഇന്ന് നടന്ന മത്സരങ്ങളിൽ എഫ് സി കേരളക്കും ഗോകുലം കേരള എഫ്സിക്കും വിജയം. എഫ് സി കേരള ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഷൂട്ടേഴ്സ് പടന്നയെ കീഴടക്കിയത്. ഹാരി മോറിസിന്റെ ഇരട്ടഗോളുകളാണ് ഷൂട്ടേഴ്സ് പടന്നക്ക് ലീഗിലെ ആദ്യ തോൽവി സമ്മാനിച്ചത്.വിഷ്ണുവാണ് പടന്നയുടെ ആശ്വാസഗോൾ നേടിയത്

ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ നിലവിലെ ജേതാക്കളായ ഗോകുലം കേരള എഫ്സി പുതുമുഖങ്ങളായ കോവളം എഫ് സിയെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി.  80ആം  യുവതാരം ക്രിസ്റ്റ്യൻ സമ്പയാണ് ഗോകുലത്തിന്റെ വിജയഗോൾ നേടിയത്.

ഗ്രൂപ്പിൽ നാല് മത്സരങ്ങളിൽ 12 പോയിന്റുമായി ഗോകുലം കേരള എഫ്സിയാണ് ഒന്നാമത്. മൂന്ന് മത്സരങ്ങളിൽ നിന്നും ആറ് പോയിന്റുമായി എഫ് സി കേരളയും ഷൂട്ടേഴ്സ് പടന്നയുമാണ് തൊട്ടു പിറകിൽ.

Wednesday, December 5, 2018

കേരള പ്രീമിയർ ലീഗിന് ഇഇ സ്പോർട്ടിംഗ് - കേരള ബ്ലാസ്റ്റേഴ്സ് പോരാട്ടത്തോടെ തുടക്കം



കേരള പ്രീമിയർ ലീഗ് ഇഇ സ്പോർട്ടിംഗ് - കേരള ബ്ലാസ്റ്റേഴ്സ്  റിസർവ് ടീം പോരാട്ടത്തോടെ ഡിസംബർ 16 ന് കൊച്ചിയിൽ തുടക്കമാകും. ഇഇ  സ്പോർട്ടിംഗിന്റെ ഹോം ഗ്രൗണ്ടായ മഹാരാജാസ് കോളേജ് ഗ്രൗണ്ടിലാണ് ആദ്യ മത്സരം. രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞ് 11 ടീമുകൾ മത്സരിക്കും. ഗ്രൂപ്പിലെ ആദ്യ രണ്ടു സ്ഥാനക്കാർക്കാണ് സെമി ഫൈനലിന് യോഗ്യത. ഡിപ്പാർട്ട്മെന്റ് ടീമുകൾ പിന്മാറി ഈ സീസണിൽ ഇഇ സ്പോർട്ടിംഗ് ക്ലബ്ബ്, കോവളം എഫ്സി, ഗോൾഡൺ ത്രെഡ് എഫ്സി എന്നീ ടീമുകളാണ് പുതുമുഖങ്ങൾ. ഗോകുലം കേരള എഫ്സിയാണ് നിലവിലെ കേരള പ്രീമിയർ ലീഗ് ജേതാക്കൾ

ഗ്രൂപ്പ് എ: ഇഇ സ്പോർട്ടിംഗ് ക്ലബ്ബ്, സാറ്റ് തിരൂർ, എസ്ബിഐ തിരുവനന്തപുരം, എഫ്സി തൃശ്ശൂർ, കേരള ബ്ലാസ്റ്റേഴ്സ് റിസർവ് ടീം, ഇന്ത്യൻ നേവി

ഗ്രൂപ്പ് ബി: ഗോകുലം കേരള എഫ്സി, കോവളം എഫ്സി, എഫ്സി കേരള, ക്വാർട്സ് എഫ്സി, ഗോൾഡൺ ത്രെഡ് എഫ്സി

Sunday, November 25, 2018

കടലിന്റെ കരുത്തുമായി കോവളം എഫ്സി കേരള പ്രീമിയർ ലീഗിന്



കടലിന്റെ കരുത്തുമായി കേരള പ്രീമിയർ ലീഗിൽ തിരമാലയാകാൻ കോവളം എഫ്സി എത്തുന്നു. തീരദേശ മേഖലയിൽ നിന്നുള്ള യുവതാരങ്ങളെ അണിനിരത്തിയാണ് മുൻ കേരള സന്തോഷ് ട്രോഫിതാരവും ഐ ലീഗിൽ വിവകേരളയുടെ താരമായിരുന്ന എബിൻറോസും സംഘവും കേരള പ്രീമിയർ ലീഗ് അരങ്ങേറ്റത്തിന് ഒരുങ്ങുന്നത്.

കേരള പ്രീമിയർ ലീഗിലൂടെ ഇന്ത്യൻ ഫുട്ബോളിൽ ഒരു മേൽവിലാസം ഉണ്ടാക്കിയെടുക്കാനുള്ള തയാറെടുപ്പിലാണ് കോവളം എഫ്സി. അടുത്ത വർഷം ഐ ലീഗ് സെക്കന്റ് ഡിവിഷനിൽ കളിക്കാൻ തയ്യാറെടുക്കുന്ന ടീം. അതിന് മുമ്പ് താരങ്ങൾക്ക് നൽകാവുന്ന മികച്ച ഒരു വേദിയായാണ് കേരള പ്രീമിയർ ലീഗിനെ കാണുന്നത്. ഐ ലീഗ് സെക്കന്റ് ഡിവിഷൻ പ്രവേശനത്തിന്റെ ഭാഗമായി ഒരു 20000 കാണികളെ ഉൾക്കൊള്ളാവുന്ന സ്വന്തം സ്റ്റേഡിയവും കോവളം എഫ്സിയ്ക്കായി ഒരുങ്ങുന്നുണ്ട്. ഇംഗ്ലീഷ് ക്ലബ് ആര്‍സനലിന്റെ യൂത്ത് വിങ് പരിശീലകന്‍ ക്രിസ് ആബേലിന്റെ നേതൃത്വത്തിൽ കേരള പ്രീമിയർ ലീഗിന് മുന്നോടിയായി ചിട്ടയായ പരിശീലനവും കോവളം എഫ്സി താരങ്ങൾക്ക് നൽകിയിരുന്നു. 



ഡിസംബർ എട്ടിന് ആരംഭിക്കുന്ന കേരള പ്രീമിയർ ലീഗിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ  കഴിയുന്ന പ്രതീഷയിലാണ് എബിൻറോസും സംഘവും

Labels

Followers