Saturday, December 29, 2018

ഉയരങ്ങളിലേക്ക് കുതിക്കുന്ന ഇന്ത്യൻ ഫുട്ബോൾ

2018 ഇന്ത്യൻ ഫുട്ബോളിനെ സംബന്ധിച്ച് പ്രതീക്ഷകൾ നൽകിയ വർഷമായിരുന്നു. അണ്ടർ 16, അണ്ടർ 20 ടീമുകളുടെ പ്രകടനം ഇന്ത്യൻ ഫുട്ബോളിന് കരുത്ത് പകരുന്നതാണ്. എഎഫ്സി അണ്ടർ 16 ചാമ്പ്യൻഷിപ്പിൽ ക്വാർട്ടറിൽ എത്തിയ ടീം. ഏകപക്ഷീയമായ ഒരു ഗോളിന് കരുത്തരായ ദക്ഷിണ കൊറിയയോട് തോറ്റാണ് ടീം പുറത്തായത്. ടൂർണമെന്റിൽ ഇന്ത്യൻ ടീം വഴങ്ങിയ ഏക ഗോളും ദക്ഷിണ കൊറിയയോട് ആയിരുന്നു. വാഫ് ടൂർണമെന്റിലും മികച്ച പ്രകടനമാണ് അണ്ടർ 16 കാഴ്ചവെച്ചത്. ശക്തരായ ഇറാഖിനെ കീഴടക്കിയ ടീം ഇന്ത്യയുടെ ഭാവി പ്രതീക്ഷയാണ്. അണ്ടർ 20 ടീമും മികച്ച പ്രകടനമാണ് ഈ വർഷം കാഴ്ചവെച്ചത്. സ്പെയിനിൽ നടന്ന കോട്ടിഫ് ടൂർണമെന്റിൽ രണ്ടു തവണ ലോകകപ്പ് ജേതാക്കളായ അർജന്റീനയെ കീഴടക്കിയതും ഇന്ത്യക്ക് അഭിമാനകരമായ നേട്ടമായി. മുൻ അർജന്റീനിയൻ താരം പാബ്ലോ ഐമറിന്റെ ശിക്ഷണത്തിൽ ഇറങ്ങി അർജന്റീനയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഇന്ത്യയുടെ ചുണക്കുട്ടികൾ കീഴടക്കിയത്. ഐ ലീഗിൽ മാറ്റുരച്ചു അണ്ടർ 20 ടീം അവസാനകാരായെങ്കിലും പലവമ്പൻമാരെയും കീഴടക്കാൻ ഈ കുട്ടിപ്പടക്കായിസിനീയർ ഫുട്ബോൾ ടീമും മികച്ച പ്രകടനമാണ് 2018 ൽ കാഴ്ചവെച്ചത്. ഒരു ഇടവേളയ്ക്കു ശേഷം എഎഫ്സി ഏഷ്യാ കപ്പിന് യോഗ്യത നേടാൻ സുനിൽ ഛേത്രിക്കും സംഘത്തിനായി. ഏഷ്യൻ കരുത്തരായ ചൈനയെയും ഒമാനെയും സമനിലയിൽ തളച്ചതും ഇന്ത്യക്ക് ആത്മവിശ്വാസം നൽകുന്നതാണ്. മുംബൈയിൽ നടന്ന ഇന്റർകോണ്ടിനന്റിൽ കപ്പ് ഫൈനലിൽ ആഫ്രിക്കൻ കരുത്തരായ കെനിയയെ കീഴടക്കി ഇന്ത്യൻ ജേതാക്കളായി. ന്യൂസിലൻഡ്, ചൈനീസ് തായ്പേയ് എന്നീ ടീമുകളായിരും ടൂർണമെന്റിൽ പങ്കെടുത്ത മറ്റ് ടീമുകൾ. യുവനിരയെ അണിനിരത്തി സാഫ് കപ്പിന് ഇറങ്ങിയ ടീമിന് ഫൈനലിൽ നിരാശ ആയിരുന്നു ഫലം. ഫൈനലിൽ  മാലീദ്വീപിനോട് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഇന്ത്യൻ യുവ നിര അടിയറവ് പറഞ്ഞത്. എങ്കിലും ടൂർണമെന്റിൽ ഉടനീളം മികച്ച പ്രകടനമാണ് ടീം കാഴ്ചവെച്ചത്.വലിയ പ്രതീക്ഷകളുമായിട്ടാണ് ഇന്ത്യൻ ടീം 2019ലേക്ക് കാലെടുത്തു വെക്കുന്നത്. യുഎഇയിൽ നടക്കുന്ന എഎഫ്സി ഏഷ്യാ കപ്പിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിയുന്ന പ്രതീഷയിലാണ് ഇന്ത്യൻ ഫുട്ബോൾ ലോകം. ഖത്തറിലെ കയ്യ്പേറിയ അനുഭവങ്ങളിൽ നിന്നും പാഠം ഉൾക്കൊണ്ട സുനിൽ ഛേത്രിക്കും സംഘത്തിനും ടൂർണമെന്റിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു

Sunday, December 23, 2018

ആർക്കാണ് ഈ ഐ ലീഗിന്റെ നാശം കാണേണ്ടത്


വർത്തമാന കാലത്ത് ഏറ്റവും വലിയ ഫുട്ബോൾ മാർക്കറ്റാണ് ഇന്ത്യ എന്നതിന് യാതൊരു സംശയമില്ല,പക്ഷേ മറ്റു രാജ്യങ്ങളിലുള്ള ഫുട്ബോൾ മത്സരങ്ങൾക്ക് നമ്മുടെ രാജ്യത്ത് കിട്ടുന്ന പ്രചാരം നമ്മുടെ നാട്ടിൽ നടക്കുന്ന ലീഗുകൾക്ക് കിട്ടുന്നുണ്ടോ എന്ന കാര്യം  ചർച്ചയ്ക്കു വിധേയമാക്കേണ്ട ഒന്നായി മാറിയിരിക്കുകയാണ്, നമുക്കറിയാം സ്പാനിഷ് ലീഗ് ഇന്ത്യയിലെ പ്രേക്ഷകരെ മുൻനിർത്തിക്കൊണ്ട് അവരുടെ സമയത്തിൽ വരെ മാറ്റങ്ങൾ വരുത്തിക്കൊണ്ടാണ് പുതിയ സീസണിൽ തുടക്കം കുറിച്ചിരിക്കുന്നത്. വിദേശ ലീഗുകളിൽ കളിക്കുന്ന പല വമ്പൻ ടീമുകളും അവർ ഇന്ത്യയിലെ സാംസ്കാരികമായ ഇന്ത്യയുടെ ഓരോ ആഘോഷങ്ങളിലും പങ്കുചേരുന്നത് ഇന്ത്യ എന്ന വലിയ മാർക്കറ്റിനെ മുന്നിൽ കണ്ടുകൊണ്ടുതന്നെയാണ് എന്ന് നമുക്കെല്ലാവർക്കും അറിയാം,
ഫുട്ബോൾ അഭിനിവേഷം സിരകളിൽ ലഹരിയായി കൊണ്ടുനടക്കുന്ന അതിനുവേണ്ടി എന്ത് സാഹസത്തിനും തയ്യാറാവുന്ന ഒരു ജനവിഭാഗം ഉള്ള ഒരു നാട്ടിൽ നമ്മുടെ പ്രാദേശിക ലീഗായ i ലീഗിനെ അതിൻറെ സംരക്ഷണാവകാശം കൈവശപ്പെടുത്തിയ സ്റ്റാർ നെറ്റ്‌വർക്ക് നടത്തിക്കൊണ്ടിരിക്കുന്ന തികച്ചും അവഗണന പരം ആയിട്ടുള്ള നിലപാടുകൾ തുറന്നുകാണിക്കുക എന്നുള്ളത് ഈ നാട്ടിലെ ഓരോ കായിക പ്രേമിയുടെയും ബാധ്യതയാണ്, താരതമ്യേനെ കാൽപന്ത് സംസ്കാരം വളരെ കുറഞ്ഞ രാജ്യങ്ങളിലെ ലീഗുകൾക്ക് അതാത് രാജ്യത്തെ ടെലികാസ്റ്റിംഗ് അവകാശം നേടിയ അതോറിറ്റികൾ അവർക്ക് ചെയ്യാവുന്നതിന്റെ പരമാവതി മികവോടെ പ്രേക്ഷകരുടെ മുന്നിൽ എത്തിക്കാൻ മത്സരിക്കുന്നത് നമുക്ക് കാണാം .  ഇന്ത്യയിലെ അവസ്ഥയോ ? സാങ്കേതിക മികവില്ലാത്തതിന്റെ കാരണം കൊണ്ട് ഐ ലീഗിന്റെ പ്രേക്ഷക പിന്തുണ കുറഞ്ഞു പോകുന്നത് ലീഗിന്റെ പോപ്പുലാരിറ്റി കുറവാണെന്നു ചിത്രീകരിച്ചു മത്സരങ്ങളുടെ സംപ്രേഷണങ്ങൾ വെട്ടി ചുരുക്കി  വളർന്നു വരുന്ന പുത്തൻ കായിക സംസ്കാരത്തിന്റെ ഭാഗമാകേണ്ട ഇന്ത്യയുടെ മുൻ നിര ലീഗിനെ മാറ്റി നിർത്തുന്നത് ഒരിക്കലും അനുവദിച്ചു കൂടാ . ലൈവ് മത്സരങ്ങൾ നടക്കുന്ന സമയങ്ങളിൽ ടെലികാസ്റ്റിംഗ്‌ നടത്താതെ വർഷങ്ങൾക്കു മുന്നേ കഴിഞ്ഞു പോയ ക്രിക്കറ്റിനെയും കബഡിയുടെയും ഹൈലെറ്റസ്‌കൾ കാണിക്കുന്നതിന്റെ വാണിജ്യ തന്ദ്രം മനസിലാകുന്നില്ല . സ്റ്റാർ നെറ്റ് വർക്കിന്‌ താല്പര്യം ഇല്ല എങ്കിൽ മറ്റു ടെലികാസ്റ്റിംഗ് സ്ഥാപനങ്ങളെ അതിനു അനുവദിക്കുകയാണ് വേണ്ടത് . അല്ലാതെ ഈ രാജ്യത്തിന്റെ തനതു കാൽപ്പന്തു സംസ്കാരത്തിന്റെ മുകളിൽ കത്തി വെച്ച് കൊണ്ട് മറ്റെന്തിനേയോ വളർത്താനുള്ള പുറപ്പാട് ഈ നാട്ടിലെ കായിക പ്രബുദ്ധ സമൂഹ വക വെച്ച് തരും എന്ന് കരുതുന്നു എങ്കിൽ അതിന് സ്റ്റാർ നെറ്റ്വർക് വലിയ വില കൊടുക്കേണ്ടി വരും . അന്താരാഷ്ട്ര നിലവാരത്തിൽ ഉള്ള തത്സമയ പ്രക്ഷേപണം സാധ്യമാക്കാൻ കഴിവുള്ള സ്റ്റാർ നെറ്റ്വർക് ഇനിയെങ്കിലും ഈ ലീഗിനെ തകർക്കാൻ ഉള്ള സങ്കടിത നീക്കത്തിൽ നിന്നും പിന്മാറണം . ഇത് കാല്പന്തിനെ പ്രണയിച്ചവരുടെ അപേക്ഷ ആണ് .

അസ്ഹർ വെള്ളമുണ്ട
ഫുട്‍ബോളിനോടാണ് പ്രണയം

Tuesday, December 18, 2018

ഒടുവിൽ ജെയിംസ് പുറത്തേക്ക്...


കേരള ബ്ലാസ്റ്റേഴ്‌സ് മുഖ്യപരിശീലകൻ ഡേവിഡ് ജെയിംസിനെ പുറത്താക്കി.
അവസാന കളിയിൽ മുംബൈ സിറ്റി എഫ്.സിയിൽ നിന്നേറ്റ 6-1 ന്റെ കനത്ത പ്രഹരത്തിന്റെ പിന്നാലെയാണ് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിന്റെ കടുത്ത തീരുമാനം.

ഏറെ പ്രതീക്ഷകളുമായാണ് ബ്ലാസ്റ്റേഴ്‌സ് സീസണ് തുടങ്ങിയത്, വിജയത്തുടക്കം ആരാധകരെയും ഉന്മാദത്തിലാക്കി എന്നാൽ ആദ്യ മത്സരത്തിലെ ഒത്തിണക്കവും തന്ത്രങ്ങളും പിന്നീടുള്ള മതസരങ്ങളിൽ തുടരാൻ ബ്ലാസ്റ്റേഴ്സിനായില്ല, തുടരെ തുടരെ ഉള്ള ടീം ചെയിഞ്ചുകളും, ഇത്രയും മത്സരത്തിന് ശേഷവും ഒരു വിന്നിങ്‌ ഇലവനെ കണ്ടതാനാവാത്തതും ജെയിൻസിന്റെ പടിയിറക്കത്തിന് കാരണമാകുന്നു. ടീമിന്റെ പരാജയങ്ങൾ ആരാധകരെ സ്റ്റേഡിയത്തിൽ നിന്നും അകറ്റിയത് മാനേജ്‌മെന്റിനെയും ടീമിനെയും ഞെട്ടിച്ചു. ജെയിംസിന്റെ പുറത്താക്കൽ ആരാധകരെ തിരികെ സ്റ്റേഡിയത്തിൽ കൊണ്ടുവരും എന്നു മാനേജ്‌മെന്റ് പ്രതീക്ഷിക്കുന്നുണ്ടാകും.

അഞ്ചാം സീസണിൽ പതിനൊന്ന് മത്സരങ്ങൾ പിന്നിടുമ്പോൾ കൊൽക്കത്തക്കെതിരെ നേടിയ ആദ്യ വിജയം മാത്രമാണ് ജെയിംസിന് കീഴിൽ ബ്ലാസ്റ്റേഴ്സിന് നേടാൻ ആയത്..
കഴിഞ്ഞ സീസണിൽ പാതിവഴിയിൽ പുറത്താക്കപ്പെട്ട റെനേ മൂളിസ്റ്റീന് പകരകാരനായാണ് പ്രഥമ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനെ ഫൈനൽ വരെ എത്തിച്ച ജെയിംസ് തിരിച്ചെത്തിയത്..

"ക്ലബ്ബിന് ജെയിംസ് നൽകിയ എല്ലാ സേവനങ്ങൾക്കും ക്ലബ് അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു അദ്ദേഹത്തിന്റെ ഭാവി ജീവിതത്തിന് എല്ലാ ആശംസകളും നേരുന്നു" എന്നും ക്ലബ് സി.ഇ.ഒ വരുൺ ത്രിപുനേനി അറിയിച്ചു.

"ആരാധകരോടും മാനേജ്മെന്റിനോടും കളിക്കാരോടും ക്ലബ്ബിലെ മറ്റെല്ലാ ജീവനക്കാരോടും അവർ നൽകിയ പിന്തുണയ്ക്ക് താൻ നന്ദി അറിയിക്കുന്നതായും. ക്ലബ്ബിന് എല്ലാ ആശംസകളും നേരുന്നതായും" ജയിംസ് അറിയിച്ചു


Monday, December 17, 2018

ലോകകായികഇനമായ ഫുട്ബോൾ പ്രേമികളായ മലയാളികളെ...


ലോകകപ്പും യൂറോകപ്പും കോപ്പ അമേരിക്കയും വിദേശ ഫുട്ബോൾ ലീഗുകളും ചർച്ച ചെയ്ത് വെല്ലുവിളികൾ മുഴക്കി ആഘോഷാരവങ്ങൾ തീർക്കുന്ന നിങ്ങൾ അറിഞ്ഞുവോ..
അടുത്തമാസം യു എ ഇയിൽ വെച്ച് ഏഷ്യൻ കപ്പ് നടക്കുന്നുണ്ട്..
ലോക ഫുടബോളിനെ ഇഴകീറി പരിശോധിക്കുന്ന നിങ്ങൾ ശ്രദ്ധിച്ചുവോ.. അതിലൊന്ന് ടീം ഇന്ത്യയാണ്..
ഞങ്ങളുടെ നീലക്കടുവകൾ...

മെസ്സിയെയും റൊണാൾഡോയെയും നെയ്മറിനെയും ഒക്കെ പൂവിട്ടു പൂജിക്കുന്ന നിങ്ങളുടെ ഇടയിലേക്ക് നമ്മുടെ സുനിൽ ഛേത്രിയുടെ നേതൃത്വത്തിൽ നീലക്കടുവകൾ വരുന്നത്...
മറ്റുള്ള രാജ്യങ്ങൾക്കും ടീമുകൾക്കും വേണ്ടി വളരെ മുൻപേ ഫ്‌ളെക്‌സും കൊടി തോരണങ്ങളും റോഡ് ഷോയും ഒക്കെ നടത്താറുള്ള നിങ്ങൾ ഇത് ചിലപ്പോൾ ശ്രദ്ധിച്ചിട്ടുണ്ടാവില്ല എന്നറിയാം.. നമ്മുടെ ടീമിനെയും ഒന്ന് സപ്പോർട് ചെയ്തേക്കണേ.. നിങ്ങൾ മുൻപ് സപ്പോർട്ട് ചെയ്ത രാജ്യക്കാരൊന്നും നമ്മളെ സപ്പോർട്ട് ചെയ്യാൻ വരണമെന്നില്ല.. ശക്തരായ യു എ ഇ യും തായ്ലൻഡും ബഹ്റൈനുമടങ്ങുന്ന ഗ്രൂപ്പിലാണ് ഇന്ത്യൻ കടുവകൾ പോരാട്ടത്തിനിറങ്ങുന്നതെന്ന് കൂടി ഓർക്കണം..നമ്മുടെ ടീമിനുള്ള സപ്പോർട്ട്, അത് നാട്ടിലായാലും സ്റ്റേഡിയത്തിലായാലും നൽകുന്ന ഊർജ്ജം.. അതിന് പകരം വെക്കാൻ മറ്റൊന്നില്ല..
നീലക്കടുവകൾക്ക് വേണ്ടി ആർപ്പുവിളിക്കാനും  അവർക്ക് വേണ്ടി ചുമരെഴുതാനും ഫ്ലെക്സ് അടിക്കാനും ആരൊക്കെ തയ്യാറുണ്ട്...
നിങ്ങളുടെ ഒരു 'നോ' ഇവിടെ യാതൊരു ചലനവും സൃഷിക്കില്ല.. സാധാരണ മത്സരങ്ങൾ പോലെ ഇതും കടന്ന് പോകും.. പക്ഷെ നിങ്ങൾ പറയുന്ന ഒരു 'യെസ്'.. അതുണ്ടാക്കാൻ പോകുന്ന ഇമ്പാക്ട് എത്രത്തോളമെന്നു ചിന്തിക്കാൻ കഴിയുന്നതിനുമപ്പുറത്താണ്.. നമ്മുടെ ഒരു സംസ്ഥാനത്തിന്റെ വലിപ്പം മാത്രമുള്ള രാജ്യങ്ങൾ പോലും അവരുടെ നാടിന് വേണ്ടി ആഘോഷങ്ങൾക്ക് കോപ്പുകൂട്ടുമ്പോൾ എണ്ണത്തിലും വണ്ണത്തിലും വമ്പന്മാരായ ഇന്ത്യക്കാർക്ക് ഒരനക്കവുമില്ലെങ്കിൽ നമ്മളെ എന്തിനു കൊള്ളാം എന്ന് ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു..
നമ്മുടെ ടീം കപ്പെടുക്കുമെന്നോ മറ്റോ അവകാശവാദങ്ങൾ ഉന്നയിക്കുന്നൊന്നുമില്ല.. എന്നാൽ നമ്മൾ കട്ടക്ക് കൂടെ നിന്നാൽ അവർക്കാവും നമുക്ക് വേണ്ടി പൊരുതാൻ..അവർക്കാവും നമുക്ക് വേണ്ടി ജയിക്കാൻ.. അവർക്കാവും നമുക്ക് വേണ്ടി ജേതാക്കളാകാൻ...
കൂടുന്നോ ഞങ്ങളുടെ കൂടെ...

Tuesday, December 11, 2018

ഏഷ്യാ കപ്പ്; 34 അംഗ സാധ്യതാ ടീമിൽ സഹൽ ഉൾപ്പടെ മൂന്ന് മലയാളികൾ

ഏഷ്യാ കപ്പിനുള്ള 34 അംഗ സാധ്യതാ ടീമിൽ മലയാളി താരം സഹലും എ ടി കെ താരം കോമൾ തട്ടാലും. ജനുവരി 2019ൽ യൂ എ യിൽ നടക്കനിരിക്കുന്ന എ എഫ് സി കപ്പിനായി ഡിസംബർ 20ന് 28 അംഗ ടീം  തിരിക്കും  . ജനുവരി 6ന് തായ്‌ലൻഡിനോടാണ് ഇന്ത്യയുടെ ആദ്യ മത്സരം .

INDIA 34-MAN PROBABLE SQUAD 

Goalkeepers: Gurpreet Singh Sandhu, Amrinder Singh, Arindam Bhattacharya, Vishal Kaith. 

Defenders: Pritam Kotal, Sarthak Golui, Sandesh Jhingan, Anas Edathodika, Salam Ranjan Singh, Subhasish Bose, Narayan Das, Nishu Kumar, Lalruatthara, Jerry Lalrinzuala.

Midfielders: Udanta Singh, Nikhil Poojary, Pronay Halder, Rowllin Borges, Anirudh Thapa, Vinit Rai, Halicharan Narzary, Ashique Kuruniyan, Germanpreet Singh, Bikash Jairu, Lallianzuala Chhangte, Sahal Samad, Komal Thatal, Jackichand Singh. 

Forwards: Sunil Chhetri, Jeje Lalpekhlua, Sumeet Passi, Farukh Choudhary, Balwant Singh, Manvir Singh. 


Saturday, December 8, 2018

അഭ്യൂഹങ്ങൾക്ക് വിരാമം ജോസു പുതിയ ക്ലബിൽമുൻ കേരള ബ്ലാസ്‌റ്റേഴ്‌സ് താരം ജോസു കുര്യാസ് പുതിയ ക്ലബ്ബിലേക്ക്. ഫിൻലാണ്ട് ഒന്നാം ഡിവിഷൻ ക്ലബായ FC Lahti യുമായി ഒരു വർഷത്തെ കരാറിലാണ് ജോസു ഒപ്പിട്ടിരിക്കുന്നത്. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് പുതിയ ക്ലബ്ബുമായി കരാറിലെത്തിയ വിവരം ജോസു പുറത്തു വിട്ടത്.
ഇതോടെ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ജോസു ബ്ലാസ്റ്റേഴ്‌സിലേക്ക് മടങ്ങിയെത്തുമെന്നുള്ള അഭ്യൂഹങ്ങൾക്ക് വിരാമമായിരിക്കുകയാണ്.
ഐഎസ്എൽ രണ്ടും മൂന്നും സീസണുകളിൽ ബ്ലാസ്റ്റേഴ്സിനു കളിച്ച 25 കാരനായ ജോസു വളരെ വേഗം കേരളത്തിലെ ആരാധകരുമായി ഹൃദയബന്ധം സ്ഥാപിക്കുകയായിരുന്നു. മൂന്നാം സീസണിനുശേഷം ഇന്ത്യ വിട്ടതാരം എക്‌സ്ട്രിമദുര യുഡി, എഫ് സി സിൻസിനാട്ടി തുടങ്ങിയ ക്ലബ്ബുകൾക്കായാണ് കളിച്ചത്..

ഐ ലീഗ് സെക്കന്റ് ഡിവിഷൻ; കേരളത്തിൽ നിന്നും കേരള ബ്ലാസ്റ്റേഴ്സ് റിസർവ് ടീം മാത്രം

ഐ ലീഗ് സെക്കന്റ് ഡിവിഷനിൽ കളിക്കാൻ കേരളത്തിൽ നിന്നും കേരള ബ്ലാസ്റ്റേഴ്സ് റിസർവ് ടീം മാത്രം. എഫ്സി കേരള, ക്വാർട്സ് എഫ്സി, സാറ്റ് തിരൂർ എന്നീ ടീമുകളും ഐ ലീഗ് സെക്കന്റ് ഡിവിഷനിൽ കളിക്കാൻ അപേക്ഷ സമർപ്പിച്ചുവെങ്കിലും ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ രേഖകൾ പരിശോധിച്ച ശേഷം തള്ളുകയായിരുന്നു. ഓസോൺ എഫ്സി, സൗത്ത് യുണൈറ്റഡ് എഫ്സി (കർണാടക), ഫത്തേ ഹൈദരാബാദ് (തെലങ്കാന), ന്യൂ ബാർക്ക്പൂർ റെയിൽ ബോ എഫ്സി, മുഹമ്മദൻസ് സ്പോർട്ടിംഗ് ( പശ്ചിമബംഗാൾ), ചിൻങ്കവെങ് എഫ്സി ( മിസോറം), ലോൻസ്റ്റാർ കാശ്മീർ ( ജമ്മു& കാശ്മീർ), ഹിന്ദുസ്ഥാൻ ഫുട്ബോൾ ക്ലബ്(ഡൽഹി) ARA FC (ഗുജറാത്ത് ).എന്നീ ടീമുകളാണ് യോഗ്യത നേടിയത്. അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ ലൈസൻസീംഗ് പ്രക്രിയ പൂർത്തിയാക്കിയാൽ ടിഡിം റോഡ് അത്‌ലറ്റിക് യുണിയൻ എഫ്സിക്കും ലീഗിൽ പങ്കെടുക്കാം. ഈ ടീമുകൾക്ക് പുറമെ ഐഎസ്എൽ ടീമുകളുടെ റിസർവ് ടീമുകളും ലീഗിൽ കളിക്കും. എടികെ, കേരള ബ്ലാസ്റ്റേഴ്സ്, ബെംഗളൂരു എഫ്സി, ചെന്നൈയിൻ എഫ്സി, ജംഷഡ്പൂർ എഫ്സി, എഫ്സി ഗോവ എന്നീ ടീമുകളുടെ റിസർവ് ടീമുകളാകും ലീഗിൽ പങ്കെടുക്കുക

Thursday, December 6, 2018

അന്റോണിയോ ജർമ്മൻ ഗോകുലം വിടുന്നു


ഗോകുലവുമായുള്ള കരാർ അവസാനിപ്പിച്ചു കൊണ്ട് തിരിച്ചു പോകാനൊരുങ്ങുന്നതായി  അന്റോണിയോ ജർമൻ. തനിക്ക് കളി ആസ്വദിച്ചു കളിക്കാനാകുന്നില്ലെന്നും അതിൽ അതൃപ്തനാണെന്നുമാണ് ജർമൻ വിശദീകരിക്കുന്നത്. ഒരിക്കലും ക്ലബ്ബിനെ കുറ്റപ്പെടുത്തില്ലെന്നും എന്നാലൊരു ഫുട്‍ബോളർ എന്ന നിലയിൽ പ്രകടനമികവ് പുറത്തെടുക്കാനാകാത്തതിനാലാണ് പോകുന്നതെന്നും ജർമൻ പറയുന്നു.
തനിക്കു തന്ന സ്നേഹത്തിനും പ്രോത്സാഹനത്തിനും ആരാധകരോട് നന്ദി പറയുന്ന ജർമൻ ഒരിക്കലും മറക്കാനാകാത്ത മുഹൂർത്തങ്ങൾ സമ്മാനിച്ച അവരോടുള്ള കടപ്പാട് വ്യക്തമാക്കുന്നു..

ഐ ലീഗ് സീസണിന്റെ ഇടക്ക് വെച്ച് ജർമൻ പോകുന്നത് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. മികച്ച പ്രകടനം കാഴ്ച വെക്കുന്ന ഗോകുലത്തിന് വേണ്ടി പറയത്തക്ക സംഭവനകളൊന്നും ജർമന് നൽകാൻ സാധിച്ചില്ലെങ്കിലും സീസണിന്റെ  ഇടക്ക് വെച്ചു നിർത്തിപ്പോകുന്നതിലെ അസ്വാഭാവികത ഗോകുലം ആരാധകരായ  എല്ലാവരെയും അസ്വസ്ഥരാക്കുന്നതാണ്.

ആരാധകനെ തേടി മാർസലീഞ്ഞോ


തന്റെ ആരാധകനെ തേടി പൂനെ സിറ്റി സൂപ്പർ താരം മാർസലീഞ്ഞോ. ഫെയ്സ്ബുക്കിലൂടെയാണ് ആരാധകനെ കണ്ടെത്താൻ സഹായം അഭ്യർത്ഥിച്ചു മാർസലീഞ്ഞോ രംഗത്ത് എത്തിയിരിക്കുന്നത്. അടുത്ത മത്സരത്തിനായി ഞാൻ കൊച്ചിയിലേക്ക് പോകുകയാണെന്നും. ഫോട്ടോ കാണുന്ന തന്റെ ആരാധകന് തന്റെ ജേഴ്സി നൽകാൻ ആഗ്രഹമുണ്ടെന്നും. അതിനായി തന്നെ സഹായിക്കണമെന്നും മാർസലീഞ്ഞോ ആവശ്യപ്പെടുന്നു.

സ്റ്റേഡിയത്തിൽ വെച്ച് ആരാധനെ കണ്ടുമുട്ടിയാൽ കേരള ബ്ലാസ്റ്റേഴ്സ് - എഫ്സി പൂനെ സിറ്റി മത്സരത്തിൽ മാർസലീഞ്ഞോ ധരിച്ച ജേഴ്സി ആരാധകന് കൈമാറുമെന്നും മാർസലീഞ്ഞോ ഫേസ്ബുക്ക് കുറിപ്പിൽ പങ്ക് വെയ്ക്കുന്നു

ഇന്ത്യൻ ഫുട്ബോളിലെ രക്തസാക്ഷി..ക്രിസ്റ്റ്യാനോ ജൂനിയർ


" അയാൾകെന്താണിത്ര പ്രത്യേകത ?? വെറുമൊരു സാധാരണ കളിക്കാരൻ മാത്രമല്ലേ അയാളൂം ?? " ഒരു സീനിയർ കോച്ച് ക്രിസ്റ്റ്യാനോ ജൂനിയറിനെ കുറിച്ച് അന്നത്തെ ഈസ്റ്റ് ബംഗാൾ കോച്ച് സുഭാഷ് ഭൗമികിനോട് ചോദിച്ച ചോദ്യമാണിത്.ഭൗമികിന്റെ ഉത്തരം " 89 മിനിറ്റും 30 സെകണ്ടും അയാൾ ഗ്രൗണ്ടിൽ വെറും സാധാരണക്കാരൻ മാത്രമായിരിക്കും, പക്ഷേ ബാക്കിയുള്ള 30 സെകന്റിൽ അയാളിലെ അസാധാരണത്വം നിങൾക്ക് കാണാം. ആ 30 സെകണ്ട് മാത്രം മതി അയാൾക് വിജയഗോൾ നേടാൻ ". ഈ ഉത്തരം മാത്രം മതി ക്രിസ്റ്റ്യാനോ സെബസ്റ്റ്യാനോ ഡി ലിമ ജൂനിയർ എന്ന  സാധരണക്കാരനായ ഫുട്ബോൾ താരത്തിന്റെ പ്രതിഭയും മഹത്വവും മനസിലാക്കാൻ.

വെറും ഒരു വർഷം മാത്രമാണ് അയാൾ ഇന്ത്യയിൽ ഫുട്ബോൾ കളിച്ചത്.  എന്നിട്ടും അയാൾ ഇന്ത്യൻ ഫുട്ബോളിന് എങനെ മറക്കാൻ പറ്റത്തവനായി ?? ഒരുത്തരമേയുള്ളൂ, അയാൾ ഇന്ത്യക് നൽകിയത് മഹത്തായ ബ്രസീലിയൻ ഫുട്ബോളിന്റെ മനോഹാരിത മാത്രമായിരുന്നില്ല. സ്വന്തം ജീവൻ കൂടിയായിരുന്നു. ഇന്ത്യൻ ഫുട്ബോളിന്റെ രക്തസാക്ഷിയായിരുന്നു ക്രിസ്റ്റ്യാനോ ജൂനിയർ.

2003 ഡിസംബറിലാണ് അയാൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നത്.  ഈസ്റ്റ് ബംഗാളിന്റെ ബ്രസീലിയൻ പ്രതിരോധനിര താരം ഡഗ്ലസ് ഡാ സില്വയാണ് ജൂനിയറിന് ഇന്ത്യയിലേക്കുള്ള വാതിൽ തുറന്ന് കൊടുത്തത്. മുൻപ് കളിച്ചുകൊണ്ടിരുന്ന ബ്രസീലിയൻ ക്ലബായ അമെരിക ഫുട്ബോൾ ക്ലബിൽ നിന്നും ഇന്ത്യയിലേക്ക് വരാൻ ഈസ്റ്റ് ബംഗാൾ ഓഫർ നൽകിയ 15 ലക്ഷം എന്ന തുക തന്നെ ധാരാളമായിരുന്നു ജൂനിയറിന്. മറിച്ചൊന്നു ചിന്തിക്കുക കൂടി വേണ്ടിയിരുന്നില്ല. അതങനെയാണല്ലോ. 4000ത്തിലധികം രജിസ്റ്റ്രേർഡ് പ്രഫഷണൽ താരങൾ ഉള്ള സാവോ പോളോയിൽ നിന്ന് അന്നന്നത്തേക്കൂള്ളത് കിട്ടാൻ തന്നെ കഷ്ടപെടുന്ന കാലമായിരുന്നു അത്. അമ്മയും ഭാര്യ ജൂലിയാനയും ഉൾപെടുന്ന കുടുംബം, വീട്ടു വാടക എല്ലാം കൂടി നടത്തികൊണ്ടു പോകാൻ ഈ ഓഫർ കണ്ണുമടച്ച് സ്വീകരിക്കാൻ തന്നെ ജൂനിയർ തീരുമാനിച്ചു. അങനെ 2003ഇൽ ലോകത്തിലെ ഫുട്ബോൾ വിപണിയിലേക്ക് മറ്റൊരു ബ്രസീലിയൻ കയറ്റുമതിയായി ക്രിസ്റ്റ്യാനോ ജൂനിയർ ഇന്ത്യയിലെത്തി.

ക്രിസ്റ്റ്യാനോ വരുന്നതിന് മുൻപ് ആ വർഷത്തെ ദേശീയ ലീഗിലെ ഈസ്റ്റ് ബംഗാളിന്റെ തുടക്കം പരിതാപകരമായിരുന്നു. ആകെ കളിച്ച 3 കളികളിൽ 1 തോൽവി, രണ്ട് സമനില. ഈ നിലയിൽ നിൽകുന്ന ഒരു ടീമിലേക്ക് 26 ആം നമ്പർ ജേഴ്സിയിൽ സാൾട്ട് ലേക് സ്റ്റേഡിയത്തിലേക്ക് നടന്ന് വരുന്നത് തങളുടെ രക്ഷകനാണെന്ന് ഈസ്റ്റ് ബംഗാൾ ഫാൻസ് അറിഞ്ഞിരുന്നില്ല. ആരും അങനെയൊരു താരോദയം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് സത്യം. എന്നാൽ പിന്നീട് ദേശീയ ലീഗ് കണ്ടത് പുതിയൊരു സൂപ്പർ താരത്തെയാണ്. 18 മൽസരങളിൽ 15 ഗോളുകൾ, സഹതാരം ബൈച്ചുങ് ബൂട്ടിയയുമൊത്ത് ദേശീയ ലീഗിലെ ഏറ്റവും മികച്ച മുന്നേറ്റ ദ്വയം. ( ബൂട്ടിയ 12 ഗോളുകൾ നേടീ ), ആ വർഷത്തെ ദേശീയ ലീഗ് ഈസ്റ്റ് ബംഗാളിന്റെ ഷെൽഫിൽ എത്തിച്ചത് ക്രിസ്റ്റ്യാനോ ജൂനിയർ എന്ന ബ്രസീലിയൻ മാന്ത്രികന്റെ കാലുകളായിരുന്നു. വെറും 18 മൽസരങൾ കൊണ്ട് ഇന്ത്യയിലേ ഏറ്റവും വിലപിടിപ്പുള്ള താരമായി മാറി ക്രിസ്റ്റ്യാനോ ജൂനിയർ. തൊട്ടടുത്ത വർഷം ഗോവൻ വമ്പന്മാരായ ഡെമ്പോയിലേക്ക് കൂടുമാറിയത് ആ വർഷത്തേ ഏറ്റവും ഉയർന്ന ട്രാൻസ്ഫർ ഫീസിൽ. 22 ലക്ഷം രൂപയ്ക്. ബ്രസീലിൽ ജനിച്ചു വളർന്ന ക്രിസ്റ്റ്യാനോയ്ക് കൊൽകത്തയേക്കാൾ ചേരുന്നത് ഗോവയായിരിക്കും എന്നതും കൂടി കണക്കിലെടുത്തായിരുന്നു ബംഗാൾ വിടാൻ ക്രിസ്റ്റ്യാനോ തീരുമാനിച്ചത്.

2004ലെ ഫെഡറേഷൻ ഫൈനൽ. ഡെമ്പോയ്ക് വേണ്ടിയുള്ള ക്രിസ്റ്റ്യാനോയുടെ ആദ്യ മേജർ ടൂർണമെന്റ് ഫൈനൽ. ബംഗലുരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ പന്തുരുണ്ട് തുടങിയപ്പോൾ ആരും കരുതിയിരുന്നില്ല ഇന്ത്യൻ ഫുട്ബോളിലെ ഏറ്റവും വലിയ ദുരന്തത്തിനാണ് തങൾ സാക്ഷിയാകാൻ പോകുന്നതെന്ന്. മോഹൻ ബഗാനും ഡെമ്പോയും തമ്മിലുള്ള വാശിയേറിയ പോരട്ടം, ഇന്ത്യയിലേ ഏറ്റവും വിലയേറിയ ഫുട്ബോൾ താരം ഡെംമ്പോ ഗോവയുടെ വെളുത്ത 10ആം നമ്പർ കുപ്പായത്തിൽ നിറചിരിയോടെ. ആദ്യ പകുതിയിൽ ക്രിസ്റ്റ്യാനോ നേടിയ ഗോളിലൂടെ ഡെമ്പോ മൽസരത്തിൽ ലീഡെടുത്തു. താൻ എന്ത് കൊണ്ട് ഏറ്റവും മൂല്യമുള്ള താരമായി എന്ന് വിളിച്ചറിയിക്കുന്ന ക്ലിനികൽ ഫിനിഷിംഗോടു കൂടിയ ഒന്നാംതരം ഗോൾ ബഗാൻ വലയിൽ തറഞ്ഞിറങുന്നത് നോക്കി നിൽകാനെ ബഗാൻ ഗോളി സുബ്രതോ പാലിന് സാധിച്ചുള്ളൂ. രണ്ടാം പകുതിയുടെ 78 ആം മിനുറ്റ്, ബഗാൻ ബോക്സിലേക്ക് കുതിച്ചു കയറുന്ന ക്രിസ്റ്റ്യാനോയെ ലക്ഷ്യമാക്കി ഇടതു വിംഗിൽ നിന്ന് ഡെമ്പോ താരം ലാസറുസ് ഫെർനാണ്ടസിന്റെ ഉഗ്രൻ ലോഫ്റ്റഡ് ലോംഗ് ക്രോസ്. അപകടം മണത്ത സുബ്രതോ, ക്രിസ്റ്റ്യാനോയെ തടയാനായി മുന്നോട്ടെക് കുതിച്ചു, പക്ഷേ ബോക്സിനു തൊട്ടു പുറത്ത് വെച്ച് ക്രിസ്റ്റ്യാനൊ പന്ത് തന്റെ വലം കാലു കൊണ്ട്  ഒഴിഞ്ഞ പോസ്റ്റിലേക്ക് വഴി തിരിച്ചു വിട്ടു തന്റെ രണ്ടാം ഗോളും ഡെമ്പോയുടെ വിജയവും പോകറ്റിലാക്കിയെങ്കിലും അനിവാര്യമായിരുന്ന തന്റെ വിധിയെ തടയാൻ അയാൾക്ക് സാധിച്ചില്ല.  തന്നെ തടയാൻ വന്ന സുബ്രതോയുമായി കൂട്ടിയിടച്ച ക്രിസ്റ്റ്യാനോ പിന്നീടൊരിക്കലും എഴുന്നേറ്റില്ല. ഒരു ഗോളും ആഘോഷിച്ചില്ല. ഗോളുകൾ മാത്രം നേടിയ ആ താരത്തിന് വിധി പക്ഷേ നൽകിയത് ചുവപ്പ് കാർഡായിരുന്നു. ജീവന്റെ വിലയുള്ള ചുവപ്പ് കാർഡ്.


ഡെമ്പോ താരങൾ വിജയമാഘോഷികുമ്പോൾ കൂട്ടിയിടിയുടെ ആഘാതത്തിൽ ബോധം നഷ്ടപെട്ട് സൈഡ് ലൈനിൽ നിശ്ചലനായി കിടക്കുകയായിരുന്നു ക്രിസ്റ്റ്യാനോ. സ്വാഭാവികമായ ഗോൾ ആഘോഷമായിരിക്കും എന്ന് കരുതി, പക്ഷേ അസ്വാഭാവികത മണത്ത സഹതാരങളായ റാന്റി മാർട്ടിൻസും കെ.സി പ്രകാശും ഓടി വന്ന് കൃത്രിമ ശ്വാസോച്ഛാസം നൽകി ജീവൻ പിടിച്ചു നിർത്താനും ബോധം തിരിച്ചെടുക്കാനും പരിശ്രമിക്കുന്നുണ്ടായിരുന്നു. കെ.സി മെഡികൽ സഹായത്തിനായി അലറി വിളിച്ചു. പക്ഷേ ഇന്ത്യൻ ഫുട്ബോൾ അധികാരികളുടെ ഇച്ഛാശക്തിയുടെയും സംഘടനാപാടവത്തിന്റെയും ഫലമായി ആവശ്യത്തിന് മെഡികൽ സ്റ്റാഫുകളോ ആംബുലൻസോ സജ്ജീകരിച്ചിട്ടില്ലായിരുന്നു. ഏറേ വൈകി ബാംഗ്ലൂർ ഹോസ്മറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അപ്പോഴേക്കും വിലപ്പെട്ട  ആ ജീവൻ നമുക്ക് നഷ്ടപെട്ടു കഴിഞ്ഞിരുന്നു. പിന്നീട് നടന്നത് വെറും ചടങുകൾ. മൽസരം 2-0 ത്തിന് ഡെമ്പോ സ്വന്തമാക്കിയെങ്കിലും ഡ്രസ്സിംഗ് റൂമിലും സ്റ്റേഡിയത്തിലും ഉയർന്നത് ഒരു ജീവൻ തിരിച്ചു കിട്ടാനുള്ള പ്രാർഥനയായിരുന്നു. പക്ഷേ എല്ലാ പ്രാർത്ഥനകളെയും വിഫലമാക്കി കൊണ്ട് ഓൾ ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷന്റെ ഔദ്യോഗിക അറിയിപ്പ് അവരെ തേടിയെത്തി. " CRISTIANO JUNIOR IS NO MORE ". ഡ്രസ്സിംഗ് റൂമിലിരുന്ന് പൊട്ടി കരയാനല്ലാതെ കോച്ച് അർമാണ്ടോ കൊളോസൊയ്കും സംഘത്തിനും മറ്റൊന്നിനും കഴിയുമായിരുന്നില്ല.

ഫുട്ബോളിനെ പ്രണയിച്ചവൻ, ഗോളുകളിൽ സന്തോഷം തിരഞ്ഞവൻ ഒടുവിൽ ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഒരു കറുത്ത അധ്യായമായി എരിഞ്ഞൊടുങി. ഒരുപക്ഷേ അല്പം നേരത്തെ അവശ്യ ചികിത്സ കിട്ടിയിരുന്നെങ്കിൽ നിലനിർത്താമായിരുന്ന ഒരു ജീവൻ, അധികൃതരുടെ അനാസ്ഥയുടെ അടയാളമായി ഇന്ത്യൻ ഫുട്ബോളിലെ രക്തസാക്ഷിയായി ഇന്നും മരിക്കാത്ത ഓർമയായി നിലകൊള്ളുന്നു.

"ക്രിസ്റ്റ്യാനോ സെബസ്റ്റ്യാനോ ഡി ലിമ ജൂനിയർ : ഇന്ത്യൻ ഫുട്ബോളിലെ ജ്വലിക്കുന്ന താരകം നീ... ഓർമകളിൽ നിനക്ക് മരണമില്ല.... "

( ക്രിസ്റ്റ്യാനോ ജൂനിയറിനോടൂള്ള ആദര സൂചകമായി ഡെമ്പോ ഗോവ തങളൂടെ 10ആം നമ്പർ ജേഴ്സി എന്നന്നേക്കുമായി പിൻവലിച്ചു )

മിഥുൻ വാവ ( റോയൽ സ്പോർട്സ് അരീന )

Wednesday, December 5, 2018

കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുന്നേറ്റ നിരക്ക് ചുക്കാൻ പിടിക്കാൻ മലയാളി താരം ജിതിൻ എം.എസ് തിരിച്ച് ബ്ലാസ്റ്റേഴ്‌സിലേക്കെത്തുന്നു.


കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുന്നേറ്റ നിരക്ക് ചുക്കാൻ പിടിക്കാൻ മലയാളി താരം ജിതിൻ എം.എസ് തിരിച്ച് ബ്ലാസ്റ്റേഴ്‌സിലേക്കെത്തുന്നു. സീസൺ തുടക്ക സമയത് ബംഗളൂരു ആസ്ഥാനമായുള്ള ഐ ലീഗ് സെക്കന്റ് ഡിവിഷൻ ക്ലബ്ബ് ഓസോൺ എഫ്.സി യിൽ ബ്ലാസ്റ്റേഴ്‌സ് ലോണിൽ വിട്ട താരം. ആഭ്യന്തര ലീഗ് മത്സരങ്ങളിൽ ഓസോണിനായി മികച്ച പ്രകടനമാണ് നടത്തുന്നത്. വെറും മൂന്ന് കളികളിൽ നിന്ന് ആറു ഗോളുകളാണ് താരം അടിച്ചു കൂട്ടിയത്..

സീസണിലെ ആദ്യ മത്സരത്തിൽ കൊൽക്കത്തക്കെതിരെ നേടിയ മിന്നുന്ന വിജയത്തിന് ശേഷം അവസാനത്തെ ഒൻപത് കളികളിൽ വിജയം കണ്ടെത്താൻ ആവാത്ത ഡേവിഡ് ജെയിംസിന്റെ ഏറ്റവും വലിയ തലവേദന ടീമിൽ ഒരു നല്ല ഫിനിഷർ ഇല്ലാത്തത് തന്നെയാണ്. ഈ വിടവ് നികതാൻ തന്നെയാവും ലോൺ അവസാനിപ്പിച്ച് ജിതിനെ ടീമിൽ തിരിച്ചെത്തിക്കുന്നതിലൂടെ ഡേവിഡ് ജെയിംസ് ലക്ഷ്യമിടുന്നത്

മുനയോടിഞ്ഞ മുന്നേറ്റനിര നട്ടംതിരിച്ച കേരള ബ്ലാസ്റ്റേഴ്‌സിന് അഞ്ചാം സീസണിൽ പതിനാല് വർഷത്തെ ഇടവേളക്ക് ശേഷം കേരളത്തിന്റെ മണ്ണിലേക്ക് സന്തോഷ് ട്രോഫി കിരീടം തിരിച്ചെത്തിച്ച ചരിത്ര ടീമിലെ ടോപ്പ് സ്കോറർ ജിതിൻ എം.എസിന്റെ കണങ്കാലുകൾ കരുത്തുപകരട്ടെ..

ദേശീയ ജൂനിയർ ഫുട്ബോൾ: കേരളത്തിന് നിരാശ; സെമി കാണാതെ പുറത്ത്


ദേശീയ ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ നിന്നും കേരളം പുറത്ത്. ഇന്ന് നടന്ന മത്സരത്തിൽ മിസോറാമിനോട് സമനില വഴങ്ങിയതാണ് കേരളത്തിന് വിനയായത്. സെമി ഫൈനൽ യോഗ്യതക്ക് വിജയം അനിവാര്യമായിരുന്ന കേരളത്തിന് അക്മൽ ഷാൻ ലീഡ് സമ്മാനിച്ചു. എന്നാൽ അവസാന നിമിഷം ഗോൾ മടക്കി മിസോറം കേരളത്തിന്റെ സെമി പ്രതീക്ഷകൾ തല്ലികെടുത്തി.

ഗോൾ ഡിഫൻസിൽ കേരളത്തെ മറികടന്ന് മിസോറം സെമി ഫൈനൽ യോഗ്യത നേടി. സെമിയിൽ മിസോറം വെസ്റ്റ് ബംഗാളിനെയും പഞ്ചാബ് ഒഡീഷയയെയും നേരിടും.

കേരള പ്രീമിയർ ലീഗിന് ഇഇ സ്പോർട്ടിംഗ് - കേരള ബ്ലാസ്റ്റേഴ്സ് പോരാട്ടത്തോടെ തുടക്കംകേരള പ്രീമിയർ ലീഗ് ഇഇ സ്പോർട്ടിംഗ് - കേരള ബ്ലാസ്റ്റേഴ്സ്  റിസർവ് ടീം പോരാട്ടത്തോടെ ഡിസംബർ 16 ന് കൊച്ചിയിൽ തുടക്കമാകും. ഇഇ  സ്പോർട്ടിംഗിന്റെ ഹോം ഗ്രൗണ്ടായ മഹാരാജാസ് കോളേജ് ഗ്രൗണ്ടിലാണ് ആദ്യ മത്സരം. രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞ് 11 ടീമുകൾ മത്സരിക്കും. ഗ്രൂപ്പിലെ ആദ്യ രണ്ടു സ്ഥാനക്കാർക്കാണ് സെമി ഫൈനലിന് യോഗ്യത. ഡിപ്പാർട്ട്മെന്റ് ടീമുകൾ പിന്മാറി ഈ സീസണിൽ ഇഇ സ്പോർട്ടിംഗ് ക്ലബ്ബ്, കോവളം എഫ്സി, ഗോൾഡൺ ത്രെഡ് എഫ്സി എന്നീ ടീമുകളാണ് പുതുമുഖങ്ങൾ. ഗോകുലം കേരള എഫ്സിയാണ് നിലവിലെ കേരള പ്രീമിയർ ലീഗ് ജേതാക്കൾ

ഗ്രൂപ്പ് എ: ഇഇ സ്പോർട്ടിംഗ് ക്ലബ്ബ്, സാറ്റ് തിരൂർ, എസ്ബിഐ തിരുവനന്തപുരം, എഫ്സി തൃശ്ശൂർ, കേരള ബ്ലാസ്റ്റേഴ്സ് റിസർവ് ടീം, ഇന്ത്യൻ നേവി

ഗ്രൂപ്പ് ബി: ഗോകുലം കേരള എഫ്സി, കോവളം എഫ്സി, എഫ്സി കേരള, ക്വാർട്സ് എഫ്സി, ഗോൾഡൺ ത്രെഡ് എഫ്സി

ഐ ലീഗ്; ഐസ്വാളിനെ വീഴ്ത്തി റയൽ കാശ്മീർ നാലാമത്


ഐ ലീഗിൽ ഇന്നത്തെ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി ഐസ്വാൾ എഫ്സിയെ കീഴടക്കി റയൽ കാശ്മീർ നാലാമത് എത്തി. മുപ്പതാം മിനുട്ടിൽ ഐവറി കോസ്റ്റ് താരം ബാസി അർമാൻഡാണ് റയൽ കാശ്മീരിന്റെ വിജയഗോൾ നേടിയത്. 6 കളിയിൽ നിന്നും 10 പോയിന്റുമായി റയൽ കാശ്മീർ നാലാമതും 7 കളിയിൽ നിന്നും 5 പോയിന്റുമായി ഐസ്വാൾ ഒമ്പതാമതാണ്

6 കളിയിൽ നിന്നും 9 പോയിന്റുമായി ഗോകുലം കേരള എഫ്സി നിലവിൽ അഞ്ചാമതാണ്

12000 കാണികളാണ് റയൽ കാശ്മീർ - ഐസ്വാൾ പോരാട്ടം കാണാൻ ശ്രീനഗറിലെ ടിആർസി ടർഫ് ഗ്രൗണ്ടിൽ എത്തിയത്

Monday, December 3, 2018

ഇന്നും രക്ഷയില്ല; ഡൽഹിക്ക് തോൽവി തന്നെ ശരണം


ആദ്യ ജയം തേടി ഇറങ്ങി ഡൽഹി ഡയനാമോസിന് ഇന്നും നിരാശ. ആദ്യ പകുതിയിൽ ഒരു ഗോളിന് മുന്നിലായിരുന്ന ഡൽഹി രണ്ടാം പകുതിയിൽ നാല് ഗോൾ വഴങ്ങി ഇത്തവണയും തോറ്റു. ആദ്യ പകുതിയിൽ സൗവിക് ചക്രവർത്തിയുടെ ദാനഗോളിന് മുന്നിലായിരുന്നു ഡൽഹി. ഏന്നാൽ രണ്ടാം പകുതിയിൽ മുംബൈ താരം ബാസ്റ്റോസ് പെനാൽട്ടി ലക്ഷ്യത്തിലെത്തിച്ച് സമനില പിടിച്ചു. 61 ആം മിനുട്ടിൽ ഡെൽഹി സെൽഫ് ഗോൾ വഴങ്ങി മുംബൈയെ മുന്നിലെത്തിച്ചു. എന്നാൽ 64ആം മിനുട്ടിൽ സുവർലോനിലൂടെ ഡൽഹി തിരിച്ചടിച്ചു.

69ആം മിനുട്ടിൽ ഫെർണാണ്ടസും 80ആം മിനുട്ടിൽ
മക്കേഡയും ഗോൾ നേടി ഡൽഹിയുടെ ആദ്യ ജയം എന്ന മോഹം തല്ലികെടുത്തി.

ജയത്തോടെ മുംബൈ സെമി പ്രതീക്ഷ സജീവമാക്കി. 10 കളിയിൽ നിന്നും 4 പോയിന്റുമായി ഡൽഹി പത്താമതും തുടരുന്നു

കാഴ്ചക്കപ്പുറം സ്നേഹവിരുന്നുമായി ജംഷഡ്പൂർ എഫ്‌സി

കാഴ്ച പരിമിതിയുള്ളവരുടെ ദേശീയ ടീമിന്റെ കൂടെ സ്നേഹസായഹ്നം പങ്കുവെച്ചുകൊണ്ട് ജംഷഡ്പൂർ എഫ്‌സി ടീം.കൊച്ചിയിൽ ബ്ലാസ്റ്റേഴ്‌സ് ടീമുമായി ഉള്ള ഐ എസ് എൽ മത്സരത്തിനായി കൊച്ചിയിൽ എത്തിയ ജംഷഡ്പൂർ ടീമംഗങ്ങൾ ഇവിടെ ക്യാമ്പ് ചെയ്യുന്ന ദേശീയ ടീമംഗങ്ങളുമായി സൗഹൃദം പങ്കുവെക്കുകയായിരുന്നു.

ലോക വൈകല്യ ദിനത്തിന്റെ അന്നുതന്നെ ഇങ്ങനെ ഒരു ഒത്തുചേരൽ നടന്നത് വളരെയേറെ ശ്രദ്ധേയമാണ്. ജംഷഡ്പൂർ താരങ്ങളായ ടിം കാഹിൽ, സൂസൈരാജ്, സുബ്രത പോൾ, ഫാറൂഖ് ചൗധരി എന്നിവർ ദേശീയ താരങ്ങളോടൊപ്പം സമയം ചിലവഴിച്ചു..

ദേശീയ ജൂനിയർ ഫുട്ബോൾ; കേരളത്തിന് തുടർച്ചയായ രണ്ടാം ജയം


ദേശീയ ജൂനിയർ ഫുട്‍ബോളിൽ കേരളത്തിന് തുടർച്ചയായ രണ്ടാം  വിജയം. ഇന്ന് നടന്ന മത്സരത്തിൽ ഉത്തരാഖണ്ഡിനെ  അഞ്ചു  ഗോളുകൾക്കാണ് കീഴടക്കിയാണ് കേരളത്തിന്റെ ചുണക്കുട്ടികൾ രണ്ടാം ജയം സ്വന്തമാക്കിയത്.സഫ്നാദ് രണ്ടു ഗോളും,അക്മൽ ഷാൻ,ജോഷ്വാ,ഹാരൂർ ദിൽഷാദ് എന്നിവർ ഓരോ ഗോൾ വീതവും കേരളത്തിനായി നേടി.

ആദ്യ മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകളിന് കേരളം ഛത്തീസ്ഗഡിനെയായിരുന്നു കീഴടക്കിയത്. അവസാന ഗ്രൂപ്പ് മത്സരത്തിൽ കേരളം ഡിസംബർ അഞ്ചിന് മിസോറാമിനെ നേരിടും.

Saturday, December 1, 2018

ഐ ലീഗ്: ചാമ്പ്യന്മാർ വിജയവഴിയിൽ; ആരോസിന് തുടർച്ചയായ മൂന്നാം തോൽവി


ഐ ലീഗിൽ വിജയവഴിയിൽ തിരിച്ചെത്തി നിലവിലെ ജേതാക്കളായ മിനർവ്വ പഞ്ചാബ്. ഏകപക്ഷീയമായ ഒരു ഗോളിന് ഇന്ത്യൻ ആരോസിനെയാണ് മിനർവ്വ കീഴടക്കിയത്.ജയത്തോടെ മിനർവ്വ എട്ട് പോയിന്റുമായി അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു.

72-ആം മിനുട്ടിൽ നൈജീരിയൻ താരം ഫിലിപ്പ് എൻജോകുവാണ് മിനർവ്വയുടെ വിജയഗോൾ നേടിയത്.

അടുത്ത മത്സരത്തിൽ ഡിസംബർ നാലിന് മിനർവ ഈസ്റ്റ് ബംഗാളിനെയും  ഡിസംബർ ഏഴിന് ഇന്ത്യൻ ആരോസ്  നെരോക്ക എഫ്സിയെയും നേരിടും.

ഫുട്ബോൾ ഇതിഹാസം ലോതർ മാത്തേവൂസ് എത്തുന്നു കൊച്ചിയിൽ ബ്ലാസ്റ്റേഴ്സിന്റെ കളി കാണാൻ


ലോക ഫുട്ബോൾ ഇതിഹാസം ലോതർ മാത്തേവൂസ് ഐ എസ് ൽ മത്സരങ്ങൾ നേരിൽ  കാണാൻ വരുന്നു. ബ്ലാസ്റ്റേഴ്‌സും ജെംഷഡ്പൂർ എഫ് സി യും തമ്മിൽ നടക്കുന്ന കളിയും മുബൈ സിറ്റി എഫ് സി യും ചെന്നൈയിൻ എഫ് സി യും തമ്മിൽ ഉള്ള മത്സരത്തിലും ആയിരിക്കും ഇതിഹാസം സ്റ്റേഡിയത്തിൽ ഉണ്ടാകുക. ബുണ്ടസ് ലീഗും ഐ എസ് ലും തമ്മിൽ സഹകരിക്കാൻ തയ്യാറായതിന്റെ ഭാഗം ആയി ആണ് മുൻ ജർമൻ താരം ഇന്ത്യയിൽ എത്തുന്നത്. കൊച്ചിയിൽ അടുത്ത കളികാണാൻ ആരും പോകരുത് എന്ന ക്യാമ്പയിൻ ഫാൻസ്‌ ക്ലബുകളുടെ നേതൃത്വത്തിൽ നടക്കുന്ന അവസരത്തിൽ ആണ് മാത്തേവൂസ് വരുന്നത് എന്നും ശ്രദ്ധേയമാണ്. കാലി ആയ സ്റ്റേഡിയത്തിൽ ആയിരിക്കുമോ താരം കളി കാണുന്നത്.
സൗത്ത് സോക്കേഴ്‌സ്

Thursday, November 29, 2018

വീണ്ടും ഒരു മലയാളി താരം കൂടെ ഗോകുലം എഫ്സിയിൽ ; ഒപ്പം ഘാന യുവതാരവും


ഐ ലീഗിനായി രണ്ട് താരങ്ങളെ കൂടെ ഗോകുലം കേരള എഫ്സി  രജിസ്റ്റർ ചെയ്തു. മലയാളി താരം നാസർ പിഎയെയും ഘാന യുവതാരം ക്രിസ്റ്റ്യൻ സാബയെയുമാണ് ഐ ലീഗിനായി ഗോകുലം കേരള എഫ്സി രജിസ്റ്റർ ചെയ്തത്.

മലയാളി വിംഗർ നാസർ ഇനി ഗോകുലത്തിനായി ഐ ലീഗിൽ കളിക്കും.
ഗുരുവായൂർ സ്വദേശിയായ നാസർ വ്യാസ എൻഎസ്എസ് കോളേജിലൂടെയാണ് കരിയർ തുടങ്ങിയത്. 2015-16 സീസണിൽ വാസ്കോ ഗോവയ്ക്ക് വേണ്ടി കളിച്ച താരം കഴിഞ്ഞ സീസണിലാണ് ഗോകുലം കേരള എഫ്സിയിൽ എത്തുന്നത്. എന്നാൽ പരിക്ക് മൂലം താരത്തിന് കളിക്കാൻ കഴിഞ്ഞിരിക്കുന്നില്ല. ഗോവയിൽ നടന്ന പ്രീ സീസൺ ടൂർണമെന്റായ AWES കപ്പിൽ മികച്ച പ്രകടനമാണ് നാസർ പുറത്തെടുത്ത്. ടൂർണമെന്റിൽ മൂന്ന് ഗോളുകൾക്കാണ് നാസർ ഗോകുലം കേരള എഫ്സി ക്ക് വേണ്ടി നേടിയത്.ഘാന യുവതാരം ക്രിസ്റ്റ്യൻ സാബയാണ് ഗോകുലം ഐ ലീഗിനായി രജിസ്റ്റർ ചെയ്ത മറ്റൊരു താരം. പത്തൊമ്പതുക്കാരനായ ക്രിസ്റ്റ്യൻ സാബ ഇരു വിംഗുകളിലും ഒരു കളിക്കുന്ന താരമാണ്. നിലവിൽ റിസർവ് ടീമിനൊപ്പം കളിക്കുന്ന താരത്തിന്റെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഇതാണ് താരത്തിന് സീനിയർ ടീമിലേക്കുള്ള വഴിയൊരുക്കിയത്

Sunday, November 25, 2018

ആദ്യം ഹോം വിജയവുമായി റയൽ കാശ്മീർ; ബഗാനെ തകർത്തെറിഞ്ഞ് ചർച്ചില്ലിന്റെ കുതിപ്പ്


ആദ്യം ഹോം വിജയവുമായി റയൽ കാശ്മീർ; ബഗാനെ തകർത്തെറിഞ്ഞ് ചർച്ചില്ലിന്റെ കുതിപ്പ്

ഐ ലീഗിൽ ആദ്യ ഹോം വിജയം സ്വന്തമാക്കി റയൽ കാശ്മീർ. ഇന്ത്യൻ ആരോസിനെ ഏകപക്ഷീയമായ രണ്ടു ഗോളിനാണ് പുതുമുഖങ്ങളായ റയൽ കാശ്മീർ ആദ്യ ഹോം വിജയം സ്വന്തമാക്കിയത്. റയൽ കാശ്മീരിന് വേണ്ടി സുർചന്ദ്ര സിംഗും ബസീ അർമന്ദും ലക്ഷ്യം കണ്ടു. ഇത് റയൽ കാശ്മീരിന്റെ രണ്ടാം വിജയമാണ്. അരങ്ങേറ്റ മത്സരത്തിൽ നിലവിലെ ജേതാക്കളായ മിനർവ്വയെ കീഴടക്കിയാണ് റയൽ കാശ്മീർ സീസണിന് തുടക്കം കുറിച്ചത്.  ജയത്തോടെ അഞ്ചു കളിയിൽ നിന്നും ഏഴ് പോയിന്റുമായി അഞ്ചാമതാണ് റയൽ കാശ്മീർ.

ഇന്നത്തെ രണ്ടാം മത്സരത്തിൽ ശക്തരായ മോഹൻ ബഗാനെ ചർച്ചിൽ ബ്രദേഴ്സ് ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് കീഴടക്കി. വില്ലി പ്ലാസയുടെ ഇരട്ടഗോളിന്റെ കരുത്തിലാണ് ചർച്ചിലിന്റെ വിജയം. സീസൈയാണ് ചർച്ചിലിനായി മറ്റൊരു ഗോൾ നേടിയത്. ജയത്തോടെ ചർച്ചിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു.
കേരളത്തിന്റെ സ്വന്തം ഗോകുലം കേരള എഫ്സി ഐ ലീഗിൽ ഇപ്പോൾ മൂന്നാമതാണ്

കടലിന്റെ കരുത്തുമായി കോവളം എഫ്സി കേരള പ്രീമിയർ ലീഗിന്കടലിന്റെ കരുത്തുമായി കേരള പ്രീമിയർ ലീഗിൽ തിരമാലയാകാൻ കോവളം എഫ്സി എത്തുന്നു. തീരദേശ മേഖലയിൽ നിന്നുള്ള യുവതാരങ്ങളെ അണിനിരത്തിയാണ് മുൻ കേരള സന്തോഷ് ട്രോഫിതാരവും ഐ ലീഗിൽ വിവകേരളയുടെ താരമായിരുന്ന എബിൻറോസും സംഘവും കേരള പ്രീമിയർ ലീഗ് അരങ്ങേറ്റത്തിന് ഒരുങ്ങുന്നത്.

കേരള പ്രീമിയർ ലീഗിലൂടെ ഇന്ത്യൻ ഫുട്ബോളിൽ ഒരു മേൽവിലാസം ഉണ്ടാക്കിയെടുക്കാനുള്ള തയാറെടുപ്പിലാണ് കോവളം എഫ്സി. അടുത്ത വർഷം ഐ ലീഗ് സെക്കന്റ് ഡിവിഷനിൽ കളിക്കാൻ തയ്യാറെടുക്കുന്ന ടീം. അതിന് മുമ്പ് താരങ്ങൾക്ക് നൽകാവുന്ന മികച്ച ഒരു വേദിയായാണ് കേരള പ്രീമിയർ ലീഗിനെ കാണുന്നത്. ഐ ലീഗ് സെക്കന്റ് ഡിവിഷൻ പ്രവേശനത്തിന്റെ ഭാഗമായി ഒരു 20000 കാണികളെ ഉൾക്കൊള്ളാവുന്ന സ്വന്തം സ്റ്റേഡിയവും കോവളം എഫ്സിയ്ക്കായി ഒരുങ്ങുന്നുണ്ട്. ഇംഗ്ലീഷ് ക്ലബ് ആര്‍സനലിന്റെ യൂത്ത് വിങ് പരിശീലകന്‍ ക്രിസ് ആബേലിന്റെ നേതൃത്വത്തിൽ കേരള പ്രീമിയർ ലീഗിന് മുന്നോടിയായി ചിട്ടയായ പരിശീലനവും കോവളം എഫ്സി താരങ്ങൾക്ക് നൽകിയിരുന്നു. ഡിസംബർ എട്ടിന് ആരംഭിക്കുന്ന കേരള പ്രീമിയർ ലീഗിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ  കഴിയുന്ന പ്രതീഷയിലാണ് എബിൻറോസും സംഘവും

Thursday, November 22, 2018

കേരള പ്രീമിയർ ലീഗിന് ഡിസംബർ എട്ടിന് തുടക്കം. മത്സരങ്ങൾ ശനി, ഞായർ ദിവസങ്ങളിൽ മാത്രം
കേരള ഫുട്ബോൾ അസോസിയേഷൻ സംഘടിപ്പിക്കുന്ന ആറാമത് കേരള പ്രീമിയർ ലീഗിന് ഡിസംബർ എട്ടിന് എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ തുടക്കമാകും. ലീഗിലെ പുതുമുഖങ്ങളായ ആർഎഫ്സി കൊച്ചിന്റെ ഹോം മത്സരത്തോടെയാകും ഈ സീസണിന് തുടക്കം കുറിക്കുന്നത്. ആർഎഫ്സി കൊച്ചിന് പുറമേ നിലവിലെ ജേതാക്കളായ ഗോകുലം കേരള എഫ്സി, എഫ്സി കേരള, ക്വാർട്സ് എഫ്സി, എഫ്സി തൃശ്ശൂർ സാറ്റ് തിരൂർ, കോവളം എഫ്സി, കേരള ബ്ലാസ്റ്റേഴ്സ് റിസർവ് ടീം, എസ്ബിഐ, കേരള പോലീസ്, സെൻട്രൽ എക്സൈസ്, ഇന്ത്യൻ നേവി, കൊച്ചിൻ പോർട്ട് ട്രസ്റ്റ്, ഗോൾഡൻ ത്രെഡ്സ് എന്നീ ടീമുകളും ഇത്തവണ ടൂർണമെന്റിൽ മാറ്റുരക്കും. ശനി, ഞായർ ദിവസങ്ങളിൽ മാത്രമായിരിക്കും മത്സരങ്ങൾ.
കൂടുതൽ കാണികളെ ആകർഷിക്കാനാണ് ഇത്തരം ഒരു തീരുമാനം. ലീഗിന്റെ ഗ്രൂപ്പുകളും ഫിക്സ്ചറും ഉടൻ തന്നെ കെഎഫ്എ പുറത്തിറക്കും. മത്സരങ്ങൾ എല്ലാം ഓൺലൈൻ സ്ട്രീം പ്ലാറ്റ്ഫോമായ മൈകൂജോ ഡോട്ട് കോമിലൂടെ ഫുട്ബോൾ പ്രേമികൾക്ക് മത്സരങ്ങൾ ആസ്വദിക്കാം. 

ഗോകുലം കേരള എഫ്സിയാണ് നിലവിലെ കേരള പ്രീമിയർ ലീഗ് ജേതാക്കൾ. ഫൈനലിൽ ക്വാർട്സ് എഫ്സിയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് കീഴടക്കിയായിരുന്നു ഗോകുലം കീരീടം നേടിയത്.  രണ്ട് തവണ കീരീടം നേടി എസ്ബിടിയാണ് കേരള പ്രീമിയർ ലീഗ് കീരീടത്തിൽ കൂടുതൽ തവണ മുത്തമിട്ടത്. ഈഗിൾ എഫ് സി ആയിരുന്നു പ്രഥമ ചാമ്പ്യന്മാരാർ

ബിനോ ജോർജ് : മലബാറിയന്സിന്റെ സ്വന്തം പെരുന്തച്ചൻ.. ദി റിയൽ ലെജൻഡ് കില്ലർ!!


തൃശ്ശൂർക്കാരനായ ബിനോ ജോർജ് എന്ന പരിശീലകന്റെ പേര് മലയാളി ഫുട്ബോൾ പ്രേമികൾ പ്രത്യേകിച്ച് ഗോകുലം ആരാധകർ മനസ്സിൽ വെച്ചാരാധിക്കാൻ  തുടങ്ങിയിരിക്കുന്നു..വെറും പരിശീലകനല്ല..കാല്പന്തിന്റെ ചാണക്യതന്ത്രങ്ങളുടെ മൂർത്തീഭാവമാണ് ബിനോ എന്ന അതികായൻ.. മലയാളി താരങ്ങൾക്ക് പ്രാമുഖ്യം കൊടുത്തുകൊണ്ട് മലയാളികളുടെ സ്വന്തം ലെജൻഡ് കില്ലേഴ്സ് ഐ ലീഗിന്റെ പോയിന്റ് ടേബിളിൽ മുന്നോട്ടു കുതിക്കുന്നത് ബിനോയുടെ ചിറകിലേറിയാണ്. യഥാർത്ഥ ലെജൻഡ് കില്ലർ ബിനോയുടെ തന്ത്രങ്ങൾ തന്നെയാണെന്ന് ഇന്ത്യൻ ഫുട്ബോൾ ലോകം മനസ്സിലാക്കാൻ തുടങ്ങിയിരിക്കുന്നു.. കേരളീയ ഫുട്ബോൾ യുവത്വത്തിന് പുത്തനുണർവ് സംഭാവന ചെയ്ത ബിനോ ജോർജിനെ കുറിച്ച് കൂടുതൽ അറിയാൻ ശ്രമിക്കാം


തൃശ്ശൂർ മോഡൽ ബോയ്സിന് വേണ്ടി പന്ത് തട്ടാൻ തുടങ്ങിയ ബിനോ അണ്ണാമലൈ യൂണിവേഴ്സിറ്റി താരമാകുകയും അതിലൂടെ തമിഴ്നാട് U21 ടീമിൽ എത്തുകയും ചെയ്തിരുന്നു. ഗോവയിലെ എം പി ടി ക്ലബിനും കൊൽക്കത്തയിലെ മുഹമ്മദന്സിനും ബാംഗ്ലൂരിലെ യുബി ക്ലബിനും പന്ത് തട്ടിയ ബിനോ കേരളത്തിൽ എഫ് സി കൊച്ചിൻ ടീമിന്റെ പോരാളിയായിരുന്നു. 

വിവ കേരളയുടെയും ചിരാഗിന്റെയുമൊക്കെ സഹപരിശീലകനായ ബിനോ യുണൈറ്റഡ് സ്പോർട്സ് ക്ലബിന്റെ മുഖ്യപരിശീലകനാകുന്നത് 2015ൽ ആണ്..കേരളത്തിലെ ആദ്യത്തെ എ എഫ് സി പ്രൊഫഷണൽ കോച്ചിംഗ് ഡിപ്ലോമ കരസ്ഥമാക്കിയ പരിശീലകൻ കൂടിയായിരുന്നു ബിനോ. കേരളത്തിൽ പുതിയ ഫുട്ബോൾ ടീം ഉണ്ടാക്കാൻ എത്തിയ സാക്ഷാൽ ഗോകുലം ഗോപാലൻ തന്റെ ടീമിനെ മുന്നിൽ നിന്ന് നയിക്കാൻ  ബിനോയെപ്പോലെയുള്ള ഒരു പോരാളിയെ തേടുകയായിരുന്നു.. പിന്നീട് നടന്നത് ചരിത്രമാണ്.. ബിനോ ജോർജ് എന്ന ചാണക്യന്റെ തന്ത്രങ്ങളിൽ ഗോകുലം കേരള എഫ്‌സി ഇന്ത്യൻ ഫുട്ബോൾ ലോകത്ത് നടത്തിയ പോരാട്ടങ്ങളുടെ ചരിത്രം. പ്രഥമ ഐ ലീഗ് സീസണിൽ തന്നെ വമ്പന്മാരായ ഈസ്റ്റ് ബംഗാളിനെയും മോഹൻബഗാനെയും അട്ടിമറിച്ച് ലെജൻഡ് കില്ലേഴ്സ് എന്ന പേര് ടീമിന് സമ്മാനിച്ചു..ഒപ്പം കേരള പ്രീമിയർ ലീഗ് ജേതാക്കളുമാക്കി.  ഇടക്കാലത്ത് ടെക്‌നിക്കൽ ഡയറക്ടറുടെ ചുമതല ഏറ്റെടുത്തെങ്കിലും പ്രീ സീസണിലെ ടീമിന്റെ തളർച്ച ബിനോയെ വീണ്ടും മുഖ്യപരിശീലകന്റെ റോളിലേക്ക് എത്തിച്ചു..ഇപ്പോൾ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള ടീമിന്റെ ബുദ്ധികേന്ദ്രം ബിനോ തന്നെയാണ്.സുഹൈർ  അർജുൻ ജയരാജ്‌, ഗനി, ഷിബിൻലാൽ, സൽമാൻ തുടങ്ങിയ മലയാളി താരങ്ങളെ ഫുട്ബോൾ പ്രേമികളുടെ മനസ്സിലേക്ക് എത്തിച്ച ബിനോ മറ്റു ടീമുകളുടെ പേടിസ്വപ്നമായി മാറുകയാണ്.. കളിക്കളത്തിൽ ബിനോയുടെ കുട്ടികൾ പോരാട്ടത്തിനിറങ്ങുമ്പോൾ ഡഗ്ഔട്ടിൽ നിർദ്ദേശങ്ങളുമായി നിൽക്കുന്ന ബിനോ ഗോകുലം ആരാധകരായ ബറ്റാലിയക്ക് താരരാജാവിനെപോലെയാണ്.


തൃശ്ശൂർക്കാരനായത് കൊണ്ടായിരിക്കണം, ഇലഞ്ഞിത്തറ മേളത്തിൽ പതിഞ്ഞു തുടങ്ങുന്ന കൊട്ട് കലാശത്തിൽ പതിനായിരങ്ങളെ ആവേശത്തിലാറാടിക്കുന്ന പോലെ പതിയെ തുടങ്ങുന്ന കളി എതിരാളികളെ മനസ്സിലാക്കി വേഗവും ഊർജ്ജവും കൂട്ടി കൊണ്ടുവന്നു കളി കൈപ്പിടിയിൽ ഒതുക്കുന്ന കേളി തന്ത്രമാണ് ബിനോയുടെത്. കുടമാറ്റത്തിൽ എതിരാളികളെ ഞെട്ടിക്കുന്ന ഐറ്റം എടുക്കുന്ന ദേശക്കാരെ പോലെ ബിനോ കൊടുക്കുന്ന സബ്സ്റ്റിട്യൂഷൻ കളിയുടെ ഗതിയെതന്നെ ഗോകുലത്തിന്റെ വരുതിയിൽ വരുത്താനുതകുന്നതായിരിക്കും. എല്ലാത്തിനുമുപരി ടീമിൽ അണിനിരക്കുന്ന ഗജവീരന്മാരുടെ നടുവിൽ തിടമ്പേറ്റിയ കൊലകൊമ്പനെപ്പോലെ ഗോകുലം കേരള എഫ്‌സിയെ നയിക്കാൻ ബിനോയെക്കാൾ മികച്ച ഒരു പരിശീലകൻ ടീം മാനേജ്മെന്റിന് ചിന്തിക്കാൻ പോലുമാകില്ല. മാനേജ്മെന്റിനും ആരാധകർക്കും ഒരുപോലെ സൂപ്പർസ്റ്റാറായ ബിനോയും പട്ടാളവും ഐ ലീഗിന്റെ തിടമ്പ് കേരളത്തിലേക്ക് എത്തിക്കട്ടെ എന്നാശംസിക്കുന്നു ..

സൗത്ത് സോക്കേഴ്സ് മീഡിയ വിങ് 

Sunday, November 18, 2018

വിജയവഴിയിൽ തുടരാൻ ഗോകുലവും മിനർവ്വയും; കോഴിക്കോട്ടെ പോരാട്ടം തീപാറും
വിജയവഴിയിൽ തുടരാൻ കേരളത്തിന്റെ സ്വന്തം ഗോകുലം കേരള എഫ്സിയും നിലവിലെ ജേതാക്കളായ മിനർവ്വ പഞ്ചാബും ഏറ്റുമുട്ടുമ്പോൾ കോഴിക്കോട്ടെ പോരാട്ടം തീപാറും. രാത്രി 7.30 ന് കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിലാണ് മത്സരം.

കഴിഞ്ഞ മത്സരത്തിൽ ഷില്ലോങ് ലജോങിനെതിരെ മികച്ച വിജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ഗോകുലം കേരള എഫ്സി സ്വന്തം മൈതാനത്ത് മിനർവ്വയെ നേരിടാൻ ഇറങ്ങുന്നത്. മികച്ച ഒത്തിണക്കം കാട്ടുന്ന മുന്നേറ്റനിരയാണ് നിര ഗോകുലം എഫ്സിയുടെ കരുത്ത്. യുവതാരം ഗനിയും അന്റോണിയോ ജർമ്മനും സുഹൈറും അടങ്ങിയ മുന്നേറ്റനിര മികച്ച പ്രകടനമാണ് ഷില്ലോങ് ലജോങിനെതിരെ കാഴ്ചവെച്ചത്.  കഴിഞ്ഞ മത്സരത്തിൽ അസുഖം മൂലം കളിക്കാതിരുന്ന സൂപ്പർ താരം അർജുൻ ജയരാജും കൂടെ ടീമിലെത്തുന്നതോടെ മിനർവ്വ കീഴടക്കി ലീഗിൽ രണ്ടാം മുന്നേറാം എന്ന പ്രതീക്ഷയിലാണ്  കേരളത്തിന്റെ സ്വന്തം ഗോകുലം കേരള എഫ്സി. മുൻ ചാമ്പ്യന്മാരായ ഐസ്വാൾ എഫ്സിയെ അവരുടെ തട്ടകത്തിൽ കീഴടക്കിയാണ് മിനർവ്വ പഞ്ചാബ് കോഴിക്കോട്ടേക്ക് എത്തുന്നത്.  സൂപ്പർ താരം ചെഞ്ചോ  ടീം വിട്ടെങ്കിലും കരുത്തർ തന്നെയാണ് മിനർവ്വ. മൂന്ന് കളികളിൽ നിന്നും ഒരു ജയവും ഒരു സമനിലയും ഒരു തോൽവിയുമായി നിലവിൽ ഏട്ടാമതാണ് മിനർവ്വ പഞ്ചാബ്ഇതിന് മുമ്പ് രണ്ട് തവണയാണ് ഇരുടീമുകളും ഏറ്റുമുട്ടിയിട്ടുള്ളത്. ഇരു ടീമുകളും ഒരോ ജയം വീതം നേടി. ഇരുടീമുകളുടെയും ജയം എതിർ തട്ടകത്തിൽ ആയിരുന്നു. 

ഐ ലീഗിലെ മികച്ച രണ്ട് ടീമുകൾ ഏറ്റുമുട്ടുമ്പോൾ കോഴിക്കോട്ടെ ഫുട്ബോൾ പ്രേമികളെ കാത്തിരിക്കുന്നത് മികച്ച ഒരു പോരാട്ടം തന്നെയായിരുന്നമെന്നത് തീർച്ച.

Saturday, November 17, 2018

കേരളത്തിന്റെ ഫുട്ബോൾ പ്രയാണത്തിൽ ഗോകുലത്തിന്റെ പ്രസക്തി...ലോക ഫുട്ബോളിൽ എന്നും ആസ്വാദകന്റെ റോളിൽ മാത്രമുണ്ടായിരുന്ന മലയാളി ചെറുതായി ഗിയർ ചേഞ്ച് ചെയ്തപ്പോൾ ഒരുപിടി ക്ലബുകളും ഒരു കൂട്ടം പ്രതിഭകളുമാണ് കാല്പന്തിന്റെ സുവർണ വെളിച്ചത്തിലേക്ക് എത്തിയത്.. ഐ ലീഗും ഐ എസ് എല്ലും സെക്കൻഡ് ഡിവിഷനും ഒപ്പം കേരള പ്രീമിയർ ലീഗുമെല്ലാം അരങ്ങുതകർക്കുമ്പോൾ മലയാളി ഫുട്ബോൾ ലോകവും സ്മാർട്ടാകുകയാണ്..കേരള ബ്ലാസ്റ്റേഴ്‌സ്, ഗോകുലം കേരള, എഫ് സി കേരള,കോവളം എഫ്‌സി  സാറ്റ് തിരൂർ,എഫ്‌സി തൃശ്ശൂർ, ക്വാർട്സ് എന്നിങ്ങനെ ഇപ്പോൾ അരങ്ങേറ്റത്തിന് തയ്യാറെടുക്കുന്ന കൊച്ചി എഫ് സി വരെ എത്തി നില്കുന്നു..പ്രതിഭകളെ ഉണ്ടാക്കുന്നതിൽ എഫ് സി കേരളയും എഫ് സി തൃശൂരുമൊക്കെ തമ്മിൽ  ഒരു മത്സരം തന്നെയുണ്ടോ എന്ന് സംശയിച്ചു പോകും...അതുപോലെ അവരെ സ്വന്തമാക്കുന്നതിൽ  മറ്റു ഇന്ത്യൻ ക്ലബുകളും.. എന്തായാലും കേരള ഫുട്ബോൾ ഊർജ്ജസ്വലമായിത്തന്നെ മുന്നോട്ടു പോകുന്നുണ്ട്..


 ഗോകുലം കേരള എഫ് സി ഇത്തവണ ഐ ലീഗിൽ മികച്ച പ്രകടനം തന്നെ കാഴ്ച വെക്കുമ്പോൾ ചുക്കാൻ പിടിക്കുന്നത് മലയാളി താരങ്ങൾ തന്നെയാണ്.. ടീമിന്റെ സ്റ്റീയറിങ് വീണ്ടും ബിനോ ജോർജിനെ ഏല്പിച്ച മാനേജ്മെന്റിന്റെ വിശ്വാസം കാത്തു സൂക്ഷിക്കുന്ന പ്രകടനം തന്നെയാണ് ബിനോയുടെ ടീം കളത്തിൽ കാഴ്ചവെക്കുന്നത്..വിപി സുഹൈർ, അർജുൻ ജയരാജ്‌, ഷിബിൻരാജ്, ഗനി അഹമ്മദ് പോലെയുള്ള മലയാളി താരങ്ങൾ മലബാരിയൻസിനു വേണ്ടി കൈ മെയ് മറന്നു പൊരുതുമ്പോൾ ഇ.എം.എസ് സ്റ്റേഡിയത്തിലെ ബറ്റാലിയ സ്റ്റാൻഡ് ആവേശത്തിരയിലാറാടുകയാണ്.. ആദ്യ സീസണിൽ തന്നെ ജയന്റ് കില്ലേഴ്സ് എന്ന പേര് സമ്പാദിച്ചത് ചുമ്മാതല്ല എന്ന് ഈ സീസണിലെ പ്രകടനം അടിവരയിട്ട് പറയുന്നു.. കഴിഞ്ഞ സീസണിൽ നിന്നും വത്യസ്തമായി ഹോം മത്സരങ്ങൾ വൈകിട്ട് ആയതും ഫ്ലവർസ് ചാനലിൽ തത്സമയം സംപ്രേക്ഷണം ഉള്ളതും മലബാരിയൻസിലേക്ക് കൂടുതൽ അടുക്കാൻ ഫുട്ബോൾ ആരാധകരെ പ്രേരിപ്പിക്കുന്നുണ്ട്.. അന്റോണിയോ ജർമൻ, മൂസ തുടങ്ങിയ വിദേശ താരങ്ങൾ ഉണ്ടായിട്ടും കളികളിൽ കയ്യടിവാങ്ങുന്നത് അധികവും മലയാളി താരങ്ങളാണ്..മലയാളി യുവത്വത്തിന് പ്രാധാന്യം നൽകി ബിനോ ജോർജ് വാർത്തെടുക്കുന്ന ടീമിൽ നിന്നും അസൂയാവഹമായ നേട്ടങ്ങൾ ഇനിയും നമുക്ക് പ്രതീക്ഷിക്കാം.. അതുപോലെ കേരള ഫുട്ബോളിന്,ആരാധകർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കാൻ മുന്നോട്ടു വരുന്ന ഗോകുലം കേരള മാനേജ്മെന്റിനെയും അഭിനന്ദിക്കേണ്ടിയിരിക്കുന്നു.. മലബാറിയൻസും  ബറ്റാലിയയും കേരള ഫുട്ബോളിനെ ഇന്ത്യൻ ഫുട്ബോൾ ലോകത്തിന്റെ നെറുകയിൽ എത്തിക്കുമെന്ന് പ്രത്യാശിക്കാം..

എഫ് സി കേരള : മലയാളി പ്രതിഭകളുടെ ഫാക്ടറി..2014ൽ ഒരു ക്ലബ്‌ തുടങ്ങുമ്പോൾ അത് ഒരു ഫാക്ടറി ആയി മാറുമെന്ന് പിന്നണിയിൽ ഉള്ളവർ ചിന്തിച്ചിട്ടുണ്ടാകില്ല. ഇപ്പോൾ എഫ് സി കേരള ഒരു ഫാക്ടറിയാണ് കേരളത്തിലെ ഫുട്ബോൾ പ്രതിഭകളെ വാർത്തെടുക്കുന്ന ഫാക്ടറി.. കാലിൽ കളിയുള്ള ആർക്കും അവിടെ കയറിച്ചെല്ലാം മികച്ച പരിശീലനവും മത്സരപരിചയവും നൽകി അവരെ ഇന്ത്യൻ ഫുട്ബോൾ ലോകത്തിലേക്ക് തുറന്നു വിടുകയാണ്  മലയാളത്തിന്റെ ചെമ്പട.ടെക്‌നികൽ ഡയറക്ടർ, മുൻ ഇന്ത്യൻ പരിശീലകൻ നാരായണ മേനോനും ചീഫ് കോച്ച്, മുൻ സന്തോഷ് ട്രോഫി ജേതാവ് പുരുഷോത്തമനും മാനേജർ നവാസും ചുക്കാൻ പിടിക്കുന്ന എഫ് സി കേരള ടീമും സോക്കർ സ്‌കൂളും കേരളത്തിന്റെ ഫുട്ബോൾ ചരിത്രത്തിൽ സമതകളില്ലാതെ  മുന്നേറ്റം സൃഷ്ടിക്കുകയാണ്..


ഒരു ക്ലബിന്റെയോ യൂണിവേഴ്സിറ്റിയുടെയോ കോളേജിന്റെയോ  മേൽവിലാസം ഇല്ലാത്തവരെ പോലും എഫ് സി കേരള  സീനിയർ ജൂനിയർ ടീമിൽ എത്തിക്കുമ്പോൾ സോക്കർ സ്കൂളിൽ നിരവധി പ്രതിഭകളെ വാർത്തെടുക്കുന്നതിൽ പ്രതിജ്ഞാബദ്ധരായ ഒരു പിടി യുവ പരിശീലകരും ഉണ്ട്.ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ അക്കാദമികളിൽ ഒന്നായ എഫ് സി കേരള സോക്കർ സ്കൂൾ അഖിലേന്ത്യാ ഫുട്ബോൾ അസോസിയേഷൻ ടു സ്റ്റാർ അക്രീഡിറ്റേഷൻ നൽകിയത് അവരുടെ പ്രവത്തനമികവായി വിലയിരുത്തപ്പെടുന്നു.തൃശ്ശൂർ കോർപറേഷൻ സ്റ്റേഡിയത്തിലും എൽത്തുരുത്ത് സെന്റ് അലോഷ്യസ് സ്ക്കൂളിലെ റെസിഡൻഷ്യൽ അക്കാദമിയിലുമാണ്  ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്. ചെറുപ്പത്തിൽ തന്നെ മികച്ച പരിശീലനം നൽകുമ്പോൾ മികച്ച താരങ്ങളെ ഭാവിയിൽ ഇന്ത്യൻ ഫുട്ബോളിന് ലഭ്യമാകും എന്നാണ് നാരായണ മേനോൻ സാറിന്റെ പക്ഷം..മികച്ച അനുഭവസമ്പത്തും പരിശീലക പരിജ്ഞാനവുമുള്ള അദ്ദേഹത്തിന്റെ കീഴിൽ എ എഫ് സി നിഷ്കർഷിക്കുന്ന യോഗ്യതയുള്ള ഒരു കൂട്ടം യുവ പരിശീലകർ കുട്ടികളെ കാല്പന്തിന്റെ വിവിധ അടവുകൾ പഠിപ്പിക്കുന്നത്..കേരള ജൂനിയർ സീനിയർ ടീമുകൾ മുതൽ ഇന്ത്യൻ ജൂനിയർ ടീം വരെ എത്തിനിൽക്കുന്ന എഫ് കേരള താരങ്ങൾ നാളെ ഇന്ത്യൻ സീനിയർ ടീമിന്റെ ഭാഗമായി നിരവധി നേട്ടങ്ങൾ കൊയ്യുമെന്നാണ് എഫ് സി കേരള മുഖ്യ പരിശീലകൻ ടിജി പുരുഷോത്തമൻ ശുഭാപ്തി വിശ്വാസം പ്രകടിപ്പിക്കുന്നത്..അതിന്റെതായ പരിശീലന രീതികളാണ് എഫ് സി കേരള പിന്തുടരുന്നത്..ഭാവിയിൽ പൂർണ്ണമായും സോക്കർ സ്‌കൂളിലെ സ്വന്തം അക്കാദമിയിൽ നിന്നും വാർത്തെടുത്ത  താരങ്ങളെ മാത്രം കളത്തിലിറക്കി വിജയം കൊയ്യാൻ തക്കവണ്ണം ശക്തിയാർജ്ജിക്കുന്ന പ്രസ്ഥാനമാകും എഫ് സി കേരളയെന്നു മാനേജറും കോച്ചുമായ നവാസ് അഭിപ്രായപ്പെട്ടത്..

Blog Archive

Labels

Followers