ബിനോ ജോർജ് : മലബാറിയന്സിന്റെ സ്വന്തം പെരുന്തച്ചൻ.. ദി റിയൽ ലെജൻഡ് കില്ലർ!!
തൃശ്ശൂർക്കാരനായ ബിനോ ജോർജ് എന്ന പരിശീലകന്റെ പേര് മലയാളി ഫുട്ബോൾ പ്രേമികൾ പ്രത്യേകിച്ച് ഗോകുലം ആരാധകർ മനസ്സിൽ വെച്ചാരാധിക്കാൻ തുടങ്ങിയിരിക്കുന്നു..വെറും പരിശീലകനല്ല..കാല്പന്തിന്റെ ചാണക്യതന്ത്രങ്ങളുടെ മൂർത്തീഭാവമാണ് ബിനോ എന്ന അതികായൻ.. മലയാളി താരങ്ങൾക്ക് പ്രാമുഖ്യം കൊടുത്തുകൊണ്ട് മലയാളികളുടെ സ്വന്തം ലെജൻഡ് കില്ലേഴ്സ് ഐ ലീഗിന്റെ പോയിന്റ് ടേബിളിൽ മുന്നോട്ടു കുതിക്കുന്നത് ബിനോയുടെ ചിറകിലേറിയാണ്. യഥാർത്ഥ ലെജൻഡ് കില്ലർ ബിനോയുടെ തന്ത്രങ്ങൾ തന്നെയാണെന്ന് ഇന്ത്യൻ ഫുട്ബോൾ ലോകം മനസ്സിലാക്കാൻ തുടങ്ങിയിരിക്കുന്നു.. കേരളീയ ഫുട്ബോൾ യുവത്വത്തിന് പുത്തനുണർവ് സംഭാവന ചെയ്ത ബിനോ ജോർജിനെ കുറിച്ച് കൂടുതൽ അറിയാൻ ശ്രമിക്കാം
തൃശ്ശൂർ മോഡൽ ബോയ്സിന് വേണ്ടി പന്ത് തട്ടാൻ തുടങ്ങിയ ബിനോ അണ്ണാമലൈ യൂണിവേഴ്സിറ്റി താരമാകുകയും അതിലൂടെ തമിഴ്നാട് U21 ടീമിൽ എത്തുകയും ചെയ്തിരുന്നു. ഗോവയിലെ എം പി ടി ക്ലബിനും കൊൽക്കത്തയിലെ മുഹമ്മദന്സിനും ബാംഗ്ലൂരിലെ യുബി ക്ലബിനും പന്ത് തട്ടിയ ബിനോ കേരളത്തിൽ എഫ് സി കൊച്ചിൻ ടീമിന്റെ പോരാളിയായിരുന്നു.
വിവ കേരളയുടെയും ചിരാഗിന്റെയുമൊക്കെ സഹപരിശീലകനായ ബിനോ യുണൈറ്റഡ് സ്പോർട്സ് ക്ലബിന്റെ മുഖ്യപരിശീലകനാകുന്നത് 2015ൽ ആണ്..കേരളത്തിലെ ആദ്യത്തെ എ എഫ് സി പ്രൊഫഷണൽ കോച്ചിംഗ് ഡിപ്ലോമ കരസ്ഥമാക്കിയ പരിശീലകൻ കൂടിയായിരുന്നു ബിനോ. കേരളത്തിൽ പുതിയ ഫുട്ബോൾ ടീം ഉണ്ടാക്കാൻ എത്തിയ സാക്ഷാൽ ഗോകുലം ഗോപാലൻ തന്റെ ടീമിനെ മുന്നിൽ നിന്ന് നയിക്കാൻ ബിനോയെപ്പോലെയുള്ള ഒരു പോരാളിയെ തേടുകയായിരുന്നു.. പിന്നീട് നടന്നത് ചരിത്രമാണ്.. ബിനോ ജോർജ് എന്ന ചാണക്യന്റെ തന്ത്രങ്ങളിൽ ഗോകുലം കേരള എഫ്‌സി ഇന്ത്യൻ ഫുട്ബോൾ ലോകത്ത് നടത്തിയ പോരാട്ടങ്ങളുടെ ചരിത്രം. പ്രഥമ ഐ ലീഗ് സീസണിൽ തന്നെ വമ്പന്മാരായ ഈസ്റ്റ് ബംഗാളിനെയും മോഹൻബഗാനെയും അട്ടിമറിച്ച് ലെജൻഡ് കില്ലേഴ്സ് എന്ന പേര് ടീമിന് സമ്മാനിച്ചു..ഒപ്പം കേരള പ്രീമിയർ ലീഗ് ജേതാക്കളുമാക്കി. ഇടക്കാലത്ത് ടെക്‌നിക്കൽ ഡയറക്ടറുടെ ചുമതല ഏറ്റെടുത്തെങ്കിലും പ്രീ സീസണിലെ ടീമിന്റെ തളർച്ച ബിനോയെ വീണ്ടും മുഖ്യപരിശീലകന്റെ റോളിലേക്ക് എത്തിച്ചു..ഇപ്പോൾ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള ടീമിന്റെ ബുദ്ധികേന്ദ്രം ബിനോ തന്നെയാണ്.സുഹൈർ അർജുൻ ജയരാജ്, ഗനി, ഷിബിൻലാൽ, സൽമാൻ തുടങ്ങിയ മലയാളി താരങ്ങളെ ഫുട്ബോൾ പ്രേമികളുടെ മനസ്സിലേക്ക് എത്തിച്ച ബിനോ മറ്റു ടീമുകളുടെ പേടിസ്വപ്നമായി മാറുകയാണ്.. കളിക്കളത്തിൽ ബിനോയുടെ കുട്ടികൾ പോരാട്ടത്തിനിറങ്ങുമ്പോൾ ഡഗ്ഔട്ടിൽ നിർദ്ദേശങ്ങളുമായി നിൽക്കുന്ന ബിനോ ഗോകുലം ആരാധകരായ ബറ്റാലിയക്ക് താരരാജാവിനെപോലെയാണ്.
തൃശ്ശൂർക്കാരനായത് കൊണ്ടായിരിക്കണം, ഇലഞ്ഞിത്തറ മേളത്തിൽ പതിഞ്ഞു തുടങ്ങുന്ന കൊട്ട് കലാശത്തിൽ പതിനായിരങ്ങളെ ആവേശത്തിലാറാടിക്കുന്ന പോലെ പതിയെ തുടങ്ങുന്ന കളി എതിരാളികളെ മനസ്സിലാക്കി വേഗവും ഊർജ്ജവും കൂട്ടി കൊണ്ടുവന്നു കളി കൈപ്പിടിയിൽ ഒതുക്കുന്ന കേളി തന്ത്രമാണ് ബിനോയുടെത്. കുടമാറ്റത്തിൽ എതിരാളികളെ ഞെട്ടിക്കുന്ന ഐറ്റം എടുക്കുന്ന ദേശക്കാരെ പോലെ ബിനോ കൊടുക്കുന്ന സബ്സ്റ്റിട്യൂഷൻ കളിയുടെ ഗതിയെതന്നെ ഗോകുലത്തിന്റെ വരുതിയിൽ വരുത്താനുതകുന്നതായിരിക്കും. എല്ലാത്തിനുമുപരി ടീമിൽ അണിനിരക്കുന്ന ഗജവീരന്മാരുടെ നടുവിൽ തിടമ്പേറ്റിയ കൊലകൊമ്പനെപ്പോലെ ഗോകുലം കേരള എഫ്‌സിയെ നയിക്കാൻ ബിനോയെക്കാൾ മികച്ച ഒരു പരിശീലകൻ ടീം മാനേജ്മെന്റിന് ചിന്തിക്കാൻ പോലുമാകില്ല. മാനേജ്മെന്റിനും ആരാധകർക്കും ഒരുപോലെ സൂപ്പർസ്റ്റാറായ ബിനോയും പട്ടാളവും ഐ ലീഗിന്റെ തിടമ്പ് കേരളത്തിലേക്ക് എത്തിക്കട്ടെ എന്നാശംസിക്കുന്നു ..
സൗത്ത് സോക്കേഴ്സ് മീഡിയ വിങ്
0 comments:
Post a Comment