Saturday, November 3, 2018

സമനില തെറ്റാതെ കേരള ബ്ളാസ്റ്റേഴ്സ്

                                       സിറാജ് പനങ്ങോട്ടിൽ എഴുതുന്നു...
                                             

കേരള ബ്ളാസ്റ്റേഴ്സ് - പൂനെ എഫ്‌സി (02/11/2018)

തുടർച്ചയായ നാലാം സമനിലയാണ് ഈ സീസണിൽ കേരള ബ്ളാസ്റ്റേഴ്സിന്റെ ഫലം. സമനിലക്കുരുക്കിന്റെ വലയിൽ നിന്ന് പരമാവധി പുറത്തു ചാടാനുള്ള സകല അടവുകളും കോച്ച് ജെയിംസ് പരീക്ഷിക്കുന്നുണ്ട്. അതിന്റെ ഉത്തമ ഉദാഹരണമാണ് പുണെക്കെതിരെയുള്ള ഇന്നത്തെ മത്സരത്തിൽ സ്‌ട്രൈക്കിങ് പൊസിഷനിലേക്ക് സുഗമമായി ബോൾ എത്തിക്കാൻ ഉതകുന്ന തരത്തിൽ ഡിസൈൻ ചെയ്ത ഫോർമേഷൻ.

ലഭ്യമായതിൽ ഏറ്റവും നല്ല കളിക്കാരെ തന്നെയാണ് ഇന്നത്തെ ആദ്യ ഇലവനിൽ കളിപ്പിച്ചത്. കഴിഞ്ഞ കളികളിലൊക്കെയായി വലിയ പരാതികളുണ്ടാക്കാത്ത ഡിഫൻസിൽ നിന്നും ലാൽ റുവാതാരയെ മാറ്റി കാലിയെ പ്ലേസ് ചെയ്തു എന്നല്ലാതെ വേറെയൊരു മാറ്റവും ഉണ്ടായിട്ടില്ല. പകരമിറങ്ങിയ കാലി ഒന്നാംതരം നിലവാരത്തിൽ ഓവർലാപ് ചെയ്തു മിഡ് ഫീൽഡിലേക്ക് ബോൾ എത്തിച്ചും ഡിഫൻസിൽ പൂട്ട് കെട്ടിയും സെലെക്ഷൻ മോശമാക്കിയില്ല എന്ന് തെളിയിക്കുക തന്നെ ചെയ്തു. അദ്ദേഹത്തിന്റെ വിങ്ങിലൂടെ കാര്യമായ ഒരു നീക്കവും പൂനെക്ക് ഉണ്ടാക്കാൻ കഴിഞ്ഞില്ല എന്നത് എടുത്തു പറയേണ്ടത് തന്നെയാണ്.

ആദ്യ ഇലവൻ പബ്ലിഷ് ചെയ്തപ്പോൾ കൂടുതൽ ആളുകളും വിരുദ്ധാഭിപ്രായം പറഞ്ഞിരുന്നത് വിനീതിനെ ലിസ്റ്റിലിട്ടതിനെതിരെയായിരുന്നു. എന്നാൽ വിനീതിന്റെ ഇന്നത്തെ പെർഫോമൻസ് മുങ്കാളികളിൽ നിന്നും ഏറെ നന്നായിട്ടുണ്ട് എന്ന് പറയാതെ വയ്യ. പരമാവധി വിങ്ങിൽ നിറഞ്ഞു കളിച്ചിട്ടുണ്ട് ഇന്ന് വിനീത്. പഴയ ഫോമിലേക്കുയർന്നാൽ വിനീത് ഒരു മുതൽക്കൂട്ട് തന്നെയായിരിക്കും.

വിനീത് - സഹൽ - സ്ളാവിൽസ കൂട്ടുകെട്ട് കുറച്ചൊക്കെ ട്രാക്കിലായി എന്ന ഒരു സന്തോഷവും ഇന്നത്തെ കളി നമ്മൾക്ക് നൽകുന്നുണ്ട്. പോപ്ലാറ്റിനികിനെ കൂടെ ഉൾപ്പെടുത്തി ഈ കോമ്പിനേഷൻ ഒന്നുകൂടി ഡെവലപ്പ് ചെയ്‌താൽ ബ്ളാസ്റ്റേഴ്സിന്റെ മനോഹാരിത കൂടുതൽ ഊർജ്ജമാക്കാം. വലതു വിങ്ങിലൂടെയുണ്ടായ ഒരു മുന്നേറ്റം ഇന്ന് ഇടതുവിങ്ങിലൂടെ ഉണ്ടായില്ല എന്നത് കുറവായി തന്നെ കാണേണ്ടതുണ്ട്. ലെൻഡുങ്കൽ ആയാലും പകരകകാരനായിറങ്ങിയ നഴ്‌സറിയായാലും കൃത്യമായ ഒരു കണക്ഷൻ പോപ്ലാറ്റിനികുമായോ സ്ളാവിൽസയുമായോ ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. സ്‌ട്രൈക്കറായി കളത്തിലിറങ്ങിയ പോപ്ലാറ്റിനിക്കിന് ഇന്നും കളിയെ താളം കണ്ടെത്തുന്നതിന് ഉപകാരപ്പെടുന്ന ക്രോസുകളോ മധ്യ നിരയിൽ നിന്നും വിങ്ങിൽ നിന്നും കിട്ടിയില്ല എന്നതും എടുത്തു പറയേണ്ടതാണ്.

ആദ്യ പകുതിയിൽ കേരളം ഗോളടിച്ചില്ലെങ്കിലും കാണികളെ സന്തോഷിപ്പിക്കുന്ന അതിനിലവാരമുള്ള സ്പീഡുകളും പാസുകളുമായി നിറഞ്ഞു കളിച്ചതിനു പിന്നിൽ സഹലെന്ന മിഡ്ഫീൽഡ് മെഷീനിന്റെ നിതാന്ത പരിശ്രമമാണ്. വിത്യാസം തിരിച്ചറിയണമെങ്കിൽ ജംഷഡ്പൂരിനെതിരെ നടന്ന കഴിഞ്ഞ മാച്ചിലെ ആദ്യ പകുതിയോട് താരതമ്യം ചെയ്‌താൽ മാത്രം മതി. സഹൽ കളത്തിലുണ്ടാകുമ്പോൾ വല്ലാത്ത ഒരു എനർജി ബ്ളാസ്റ്റേഴ്‌സിനുണ്ട്. ചില സമയങ്ങളിൽ ധൃതിപ്പെട്ട പാസുകളിൽ നിന്നുള്ള വീഴ്ചകളും ഷോട്ടുകളിലെ കൃത്യതയും ശക്തിയും കൂടി വിരിയിച്ചെടുത്താൽ സംശയമേയില്ല കേരളം കാണാനിരിക്കുന്ന മിഡ്ഫീൽഡ് മജീഷ്യൻ തന്നെയാകും സഹൽ എന്ന ചെറുപ്പക്കാരൻ.

സഹലിനോടൊപ്പം ഉജ്ജ്വലമായ സ്‌പേസ് കണ്ടെത്തിയ വലതു വിങ്ങിലെ റാകിപ് ക്രോസ്സ് ഷോട്ടുകളിൽ കൂടി നന്നായി ഗൃഹപാഠം ചെയ്‌താൽ നല്ല ഭാവി കണ്ടെത്താം. രണ്ടാം പകുതിയിലെത്തിയപ്പോൾ ഭൂരിഭാഗം കളിക്കാരിൽ നിന്നും സംഭവിച്ച മിസ്പാസുകളിൽ നിന്നു റാകിപും മുക്തനല്ല. എന്നാൽ ചില മിസ്പാസുകൾ കൂടുതൽ നഷ്ടമായി തോന്നുന്നത് വിങ്ങുകളിലെ ക്രോസുകൾ നഷ്ടപ്പെടുത്തുമ്പോഴാണ്. റാകിപിൽ നിന്ന് ഈ കളിയിൽ സംഭവിച്ച പിഴവുകൾ അടുത്ത കളിയിലെങ്കിലും പരിഹരിക്കുമെന്ന് നമ്മൾക്ക് പ്രതീക്ഷിക്കാം.

അത്യാവശ്യ സമയങ്ങളിൽ ഗോളടിച്ചു എങ്കിലും ഡിഫൻസിനും മിഡ്ഫീൽഡിനും ഇടയിലുണ്ടാകുന്ന വലിയ വിടവ് നികത്തുന്നതിന് നിക്കോള ക്രെമറോവിച് ഇന്നും പരാജയമാണ്. അദ്ദേഹത്തിന്റെ ആ പൊസിഷനിൽ നിന്നാണ് മുൻ കളികളിലെപ്പോലെ എതിർ ടീമംഗങ്ങൾ ഗോൾ നേടുന്നത്. ആ സമയത്ത് ചെറുതായി ഒരു ചലഞ്ചു ചെയ്യാൻ പോലും നിക്കോള എത്തുന്നില്ല എന്നത് പോരായ്മയായി കാണേണ്ടതാണ്. അടുത്ത മാച്ചിലെങ്കിലും ഈ വിടവ് കുറക്കുന്ന തരത്തിലുള്ള കളി പ്ലാൻ ചെയ്യുമെന്ന് നമ്മൾക്ക് പ്രതീക്ഷിക്കാം.
കേളികേട്ട വിദേശ താരങ്ങളുണ്ടായിട്ടും ഫോമിലേക്കുയരാത്തത് കാരണം മങ്ങിപ്പോയ പൂനെക്കെതിരെ ആദ്യ ഇരുപത് മിനുട്ടുകളിലെ കളിക്കനുസരിച്ചു ഏറ്റവും ചുരുങ്ങിയത് രണ്ടു ഗോളുകളുടെ വ്യത്യാസത്തിൽ കേരളം ജയിക്കേണ്ട ഗൈമായിരുന്നു ഇന്നത്തേത്. എന്നാൽ അപ്രതീക്ഷിതമായി കേരള വലയിൽ വീണ ഗോളും റഫറിയിങ്ങിലെ പോരായ്മകളും അതോടൊപ്പം സ്‌ട്രൈക്കിങ് പൊസിഷനിലെത്തുമ്പോൾ ഫിനിഷിങ് ചെയ്യുന്നിടത്തുള്ള പിഴവും എല്ലാം കൂടി വീണ്ടും സമനിലയിൽ കുടുക്കി എന്ന് പറയുന്നതാകും ഉചിതം.
ഏതായാലും മുൻ കളികളെ അപേക്ഷിച്ചു നിലവാരമുള്ള മിഡ്‌ഫീൽഡും ഡിഫൻസും ഒക്കെയുണ്ടെങ്കിലും ഫിനിഷിങ് പൊസിഷനിൽ എത്തുമ്പോൾ കാണിക്കുന്ന അമിതമായ ആശങ്കയും കമ്മ്യൂണിക്കേഷൻ പ്രശ്നങ്ങളും കൂടി പരിഹരിച്ചാൽ ഡേവിഡ് ജയിംസിന്റെ കേരള ബ്ളാസ്റ്റേഴ്‍സിന് കാര്യങ്ങൾ കൂടുതൽ എളുപ്പമാകും. നമ്മൾക്ക് പ്രതീക്ഷിക്കാം.

ലേഖനം: സിറാജ് പനങ്ങോട്ടിൽ 

1 comment:

  1. കേരള ബ്ലാസ്റ്റേഴ്സ് മിഡ്ഫീൽഡർ ക്രിസ്മരവിച്ച കളി വിലയിരുത്തുന്നതിൽ നിങ്ങൾ വൻ പരാജയമാണ്.
    അദ്ദേഹത്തിൻറെ കളിമികവ് അറിയണമെങ്കിൽ ഐഎസ്എല്ലിൽ ഒഫീഷ്യൽ പേജ് വിസിറ്റ് ചെയ്താൽ മതിയാകും. ജിങ്കനേക്കാൾ പ്ലേയർ റേറ്റിംഗുള്ള കളിക്കാരനാണ് അദ്ദേഹം.

    ReplyDelete

Blog Archive

Labels

Followers