Showing posts with label anas edathodika. Show all posts
Showing posts with label anas edathodika. Show all posts

Monday, January 14, 2019

തോറ്റാലും ഇന്ത്യ നോക്കൗട്ട് ലേക്കോ?എങ്ങിനെ?


ഏഷ്യ കപ്പ് ഫുട്ബോൾ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഇന്ത്യ ഇന്ന് ബഹ്റൈനെ നേരിടുമ്പോൾ ആരാധകർ എല്ലാം ഗംഭീര വിജയം നേടി ആവശകരമായി അടുത്ത റൗണ്ടിലേക്ക് ഇന്ത്യ മാർച്ച് ചെയ്യുന്നത് കാണാനായി കാത്തിരിക്കുകയാണ്. ഒരു പോയിന്റുമായി ഗ്രൂപ്പിൽ അവസാന സ്ഥനാക്കാരാണ് ബഹ്റൈൻ എന്നതും ഇന്ത്യക്ക് പ്രതീക്ഷ നൽകുന്നു.മത്സരം സമനിലയിൽ അവസാനിച്ചാൽ പോലും ഇന്ത്യ അടുത്ത റൗണ്ടിലേക്ക് കടക്കും.എന്നാൽ മത്സരം ഇന്ത്യ കുറഞ്ഞ മാർജിനിൽ പരാജയപ്പെട്ടാലും ഇന്ത്യക്ക് സാധ്യത ഉണ്ട്.ഏഷ്യ കപ്പിലെ 6 ഗ്രൂപ്പുകളിൽ നിന്ന് ഗ്രൂപ്പ് ചാമ്പ്യൻമാർ,റണ്ണേഴ്സ് അപ്പ് എന്നിവർ കൂടാതെ മികച്ച 4 മൂന്നാം സ്ഥാനക്കാർക്ക് നോക്ക് ഔട്ടിലേക്ക്‌ പ്രവേശിക്കാൻ അവസരം ഉണ്ട്.നിലവിലെ അവസ്ഥയിൽ മറ്റെല്ലാ ഗ്രൂപ്പിലെ മൂന്നും നാലും സ്ഥാനക്കാർക്ക് ഒരു പോയിന്റ് പോലും ഇല്ല എന്നത് ഇന്ത്യയുടെ നോക്കൗട്ട്  സ്വപ്നങ്ങൾക്ക് നിറം പകരുന്നു.ഇൗ ടീമുകൾ തമ്മിലുള്ള അവസാന മത്സരത്തിൽ സമനില വരികയോ മികച്ച ഒരു വിജയം കൈവരിക്കാൻ സാധിക്കാതെ വരികയോ ചെയ്താൽ A ഗ്രൂപ്പിലെ മൂന്നാം സ്ഥനകാർക്ക്‌ 3 പോയിന്റുമായി നോക്കൗട്ടിലേക്ക്  പ്രവേശിക്കാം.ചുരുക്കി പറഞ്ഞാൽ മറ്റു ടീമുകളുടെ ജയ പരാജയങ്ങൾക്ക് അനുസൃതായി ആകും ഇന്ത്യയുടെ സാധ്യത.സാധ്യതകൾ ഇങ്ങിനെ ആണെന്നിരിക്കെ ആരാധകർ ആഗ്രഹിക്കുന്നത് ആധികാരികമായ ഒരു ജയത്തോട് കൂടി നോക്ക് ഔട്ടിലേക്കുള്ള നീല കടുവകളുടെ മാർച്ച് പാസ്റ്റ് ആണ്‌.

ഫാഹിസ് തിരൂരങ്ങാടി

Sunday, January 13, 2019

ബഹ്റൈനെതിരെ ഇന്ത്യക്ക് സർപ്രൈസ് ക്യാപ്റ്റൻ!


ഏഷ്യ കപ്പിലെ നിർണായക മത്സരത്തിൽ ഇന്ത്യയെ നയിക്കാൻ സർപ്രൈസ് ക്യാപ്റ്റൻ. മധ്യനിരയുടെ കരുത്തരായ പ്രണോയ് ഹാൾഡറായിരിക്കും ബഹ്റൈനെതിരെ ഇന്ത്യയെ നയിക്കുക.


ആദ്യ മത്സരത്തിൽ പ്രതിരോധ നിരയിലെ കരുത്തനായ ഗോൾ കീപ്പർ ഗുർപ്രീത് സിംഗ് സന്ധുവായിരുന്നു ഇന്ത്യയെ നയിച്ചിരുന്നത്. യുഎഇ ക്കെതിരെ മുന്നേറ്റ നിര താരം സുനിൽ ഛേത്രിയുമായിരുന്നു.

Saturday, November 3, 2018

സമനില തെറ്റാതെ കേരള ബ്ളാസ്റ്റേഴ്സ്

                                       സിറാജ് പനങ്ങോട്ടിൽ എഴുതുന്നു...
                                             

കേരള ബ്ളാസ്റ്റേഴ്സ് - പൂനെ എഫ്‌സി (02/11/2018)

തുടർച്ചയായ നാലാം സമനിലയാണ് ഈ സീസണിൽ കേരള ബ്ളാസ്റ്റേഴ്സിന്റെ ഫലം. സമനിലക്കുരുക്കിന്റെ വലയിൽ നിന്ന് പരമാവധി പുറത്തു ചാടാനുള്ള സകല അടവുകളും കോച്ച് ജെയിംസ് പരീക്ഷിക്കുന്നുണ്ട്. അതിന്റെ ഉത്തമ ഉദാഹരണമാണ് പുണെക്കെതിരെയുള്ള ഇന്നത്തെ മത്സരത്തിൽ സ്‌ട്രൈക്കിങ് പൊസിഷനിലേക്ക് സുഗമമായി ബോൾ എത്തിക്കാൻ ഉതകുന്ന തരത്തിൽ ഡിസൈൻ ചെയ്ത ഫോർമേഷൻ.

ലഭ്യമായതിൽ ഏറ്റവും നല്ല കളിക്കാരെ തന്നെയാണ് ഇന്നത്തെ ആദ്യ ഇലവനിൽ കളിപ്പിച്ചത്. കഴിഞ്ഞ കളികളിലൊക്കെയായി വലിയ പരാതികളുണ്ടാക്കാത്ത ഡിഫൻസിൽ നിന്നും ലാൽ റുവാതാരയെ മാറ്റി കാലിയെ പ്ലേസ് ചെയ്തു എന്നല്ലാതെ വേറെയൊരു മാറ്റവും ഉണ്ടായിട്ടില്ല. പകരമിറങ്ങിയ കാലി ഒന്നാംതരം നിലവാരത്തിൽ ഓവർലാപ് ചെയ്തു മിഡ് ഫീൽഡിലേക്ക് ബോൾ എത്തിച്ചും ഡിഫൻസിൽ പൂട്ട് കെട്ടിയും സെലെക്ഷൻ മോശമാക്കിയില്ല എന്ന് തെളിയിക്കുക തന്നെ ചെയ്തു. അദ്ദേഹത്തിന്റെ വിങ്ങിലൂടെ കാര്യമായ ഒരു നീക്കവും പൂനെക്ക് ഉണ്ടാക്കാൻ കഴിഞ്ഞില്ല എന്നത് എടുത്തു പറയേണ്ടത് തന്നെയാണ്.

ആദ്യ ഇലവൻ പബ്ലിഷ് ചെയ്തപ്പോൾ കൂടുതൽ ആളുകളും വിരുദ്ധാഭിപ്രായം പറഞ്ഞിരുന്നത് വിനീതിനെ ലിസ്റ്റിലിട്ടതിനെതിരെയായിരുന്നു. എന്നാൽ വിനീതിന്റെ ഇന്നത്തെ പെർഫോമൻസ് മുങ്കാളികളിൽ നിന്നും ഏറെ നന്നായിട്ടുണ്ട് എന്ന് പറയാതെ വയ്യ. പരമാവധി വിങ്ങിൽ നിറഞ്ഞു കളിച്ചിട്ടുണ്ട് ഇന്ന് വിനീത്. പഴയ ഫോമിലേക്കുയർന്നാൽ വിനീത് ഒരു മുതൽക്കൂട്ട് തന്നെയായിരിക്കും.

വിനീത് - സഹൽ - സ്ളാവിൽസ കൂട്ടുകെട്ട് കുറച്ചൊക്കെ ട്രാക്കിലായി എന്ന ഒരു സന്തോഷവും ഇന്നത്തെ കളി നമ്മൾക്ക് നൽകുന്നുണ്ട്. പോപ്ലാറ്റിനികിനെ കൂടെ ഉൾപ്പെടുത്തി ഈ കോമ്പിനേഷൻ ഒന്നുകൂടി ഡെവലപ്പ് ചെയ്‌താൽ ബ്ളാസ്റ്റേഴ്സിന്റെ മനോഹാരിത കൂടുതൽ ഊർജ്ജമാക്കാം. വലതു വിങ്ങിലൂടെയുണ്ടായ ഒരു മുന്നേറ്റം ഇന്ന് ഇടതുവിങ്ങിലൂടെ ഉണ്ടായില്ല എന്നത് കുറവായി തന്നെ കാണേണ്ടതുണ്ട്. ലെൻഡുങ്കൽ ആയാലും പകരകകാരനായിറങ്ങിയ നഴ്‌സറിയായാലും കൃത്യമായ ഒരു കണക്ഷൻ പോപ്ലാറ്റിനികുമായോ സ്ളാവിൽസയുമായോ ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. സ്‌ട്രൈക്കറായി കളത്തിലിറങ്ങിയ പോപ്ലാറ്റിനിക്കിന് ഇന്നും കളിയെ താളം കണ്ടെത്തുന്നതിന് ഉപകാരപ്പെടുന്ന ക്രോസുകളോ മധ്യ നിരയിൽ നിന്നും വിങ്ങിൽ നിന്നും കിട്ടിയില്ല എന്നതും എടുത്തു പറയേണ്ടതാണ്.

ആദ്യ പകുതിയിൽ കേരളം ഗോളടിച്ചില്ലെങ്കിലും കാണികളെ സന്തോഷിപ്പിക്കുന്ന അതിനിലവാരമുള്ള സ്പീഡുകളും പാസുകളുമായി നിറഞ്ഞു കളിച്ചതിനു പിന്നിൽ സഹലെന്ന മിഡ്ഫീൽഡ് മെഷീനിന്റെ നിതാന്ത പരിശ്രമമാണ്. വിത്യാസം തിരിച്ചറിയണമെങ്കിൽ ജംഷഡ്പൂരിനെതിരെ നടന്ന കഴിഞ്ഞ മാച്ചിലെ ആദ്യ പകുതിയോട് താരതമ്യം ചെയ്‌താൽ മാത്രം മതി. സഹൽ കളത്തിലുണ്ടാകുമ്പോൾ വല്ലാത്ത ഒരു എനർജി ബ്ളാസ്റ്റേഴ്‌സിനുണ്ട്. ചില സമയങ്ങളിൽ ധൃതിപ്പെട്ട പാസുകളിൽ നിന്നുള്ള വീഴ്ചകളും ഷോട്ടുകളിലെ കൃത്യതയും ശക്തിയും കൂടി വിരിയിച്ചെടുത്താൽ സംശയമേയില്ല കേരളം കാണാനിരിക്കുന്ന മിഡ്ഫീൽഡ് മജീഷ്യൻ തന്നെയാകും സഹൽ എന്ന ചെറുപ്പക്കാരൻ.

സഹലിനോടൊപ്പം ഉജ്ജ്വലമായ സ്‌പേസ് കണ്ടെത്തിയ വലതു വിങ്ങിലെ റാകിപ് ക്രോസ്സ് ഷോട്ടുകളിൽ കൂടി നന്നായി ഗൃഹപാഠം ചെയ്‌താൽ നല്ല ഭാവി കണ്ടെത്താം. രണ്ടാം പകുതിയിലെത്തിയപ്പോൾ ഭൂരിഭാഗം കളിക്കാരിൽ നിന്നും സംഭവിച്ച മിസ്പാസുകളിൽ നിന്നു റാകിപും മുക്തനല്ല. എന്നാൽ ചില മിസ്പാസുകൾ കൂടുതൽ നഷ്ടമായി തോന്നുന്നത് വിങ്ങുകളിലെ ക്രോസുകൾ നഷ്ടപ്പെടുത്തുമ്പോഴാണ്. റാകിപിൽ നിന്ന് ഈ കളിയിൽ സംഭവിച്ച പിഴവുകൾ അടുത്ത കളിയിലെങ്കിലും പരിഹരിക്കുമെന്ന് നമ്മൾക്ക് പ്രതീക്ഷിക്കാം.

അത്യാവശ്യ സമയങ്ങളിൽ ഗോളടിച്ചു എങ്കിലും ഡിഫൻസിനും മിഡ്ഫീൽഡിനും ഇടയിലുണ്ടാകുന്ന വലിയ വിടവ് നികത്തുന്നതിന് നിക്കോള ക്രെമറോവിച് ഇന്നും പരാജയമാണ്. അദ്ദേഹത്തിന്റെ ആ പൊസിഷനിൽ നിന്നാണ് മുൻ കളികളിലെപ്പോലെ എതിർ ടീമംഗങ്ങൾ ഗോൾ നേടുന്നത്. ആ സമയത്ത് ചെറുതായി ഒരു ചലഞ്ചു ചെയ്യാൻ പോലും നിക്കോള എത്തുന്നില്ല എന്നത് പോരായ്മയായി കാണേണ്ടതാണ്. അടുത്ത മാച്ചിലെങ്കിലും ഈ വിടവ് കുറക്കുന്ന തരത്തിലുള്ള കളി പ്ലാൻ ചെയ്യുമെന്ന് നമ്മൾക്ക് പ്രതീക്ഷിക്കാം.
കേളികേട്ട വിദേശ താരങ്ങളുണ്ടായിട്ടും ഫോമിലേക്കുയരാത്തത് കാരണം മങ്ങിപ്പോയ പൂനെക്കെതിരെ ആദ്യ ഇരുപത് മിനുട്ടുകളിലെ കളിക്കനുസരിച്ചു ഏറ്റവും ചുരുങ്ങിയത് രണ്ടു ഗോളുകളുടെ വ്യത്യാസത്തിൽ കേരളം ജയിക്കേണ്ട ഗൈമായിരുന്നു ഇന്നത്തേത്. എന്നാൽ അപ്രതീക്ഷിതമായി കേരള വലയിൽ വീണ ഗോളും റഫറിയിങ്ങിലെ പോരായ്മകളും അതോടൊപ്പം സ്‌ട്രൈക്കിങ് പൊസിഷനിലെത്തുമ്പോൾ ഫിനിഷിങ് ചെയ്യുന്നിടത്തുള്ള പിഴവും എല്ലാം കൂടി വീണ്ടും സമനിലയിൽ കുടുക്കി എന്ന് പറയുന്നതാകും ഉചിതം.
ഏതായാലും മുൻ കളികളെ അപേക്ഷിച്ചു നിലവാരമുള്ള മിഡ്‌ഫീൽഡും ഡിഫൻസും ഒക്കെയുണ്ടെങ്കിലും ഫിനിഷിങ് പൊസിഷനിൽ എത്തുമ്പോൾ കാണിക്കുന്ന അമിതമായ ആശങ്കയും കമ്മ്യൂണിക്കേഷൻ പ്രശ്നങ്ങളും കൂടി പരിഹരിച്ചാൽ ഡേവിഡ് ജയിംസിന്റെ കേരള ബ്ളാസ്റ്റേഴ്‍സിന് കാര്യങ്ങൾ കൂടുതൽ എളുപ്പമാകും. നമ്മൾക്ക് പ്രതീക്ഷിക്കാം.

ലേഖനം: സിറാജ് പനങ്ങോട്ടിൽ 

Thursday, September 13, 2018

കേരളത്തിന്റെ സ്വന്തം കൊമ്പന്മാർ



ഉറങ്ങിക്കിടന്ന ഇന്ത്യൻ ഫുട്ബോളിനെ ഉണർത്തിയത് ഐ എസ് എൽ ആണ്. അതുപോലെ അധികമാരും അറിയാതിരുന്ന മലയാളികളുടെ ഫുട്ബോൾ ഭ്രാന്തിനെ ലോകം മുഴുവൻ അറിയിച്ചത് ഈ കൊമ്പന്മാരാണ്. മലയാളത്തിന്റെ സ്വന്തം മഞ്ഞപ്പട്ടാളം. കേരള ബ്ലാസ്റ്റേഴ്‌സ്. കഴിഞ്ഞ സീസണുകളിൽ രണ്ടു തവണ ഫൈനലിസ്റ്റുകളായ കേരള ബ്ലാസ്റ്റേഴ്‌സ് ഇത്തവണ കരുത്തുറ്റ ഒരു ടീമിനെ തന്നെയാണ് രംഗത്തിറക്കുന്നത്


ഗോൾകീപ്പർമാർ :
നവീൻകുമാർ, ധീരജ് സിങ്, സുജിത് എന്നിവരാണ് ഇത്തവണ കൊമ്പന്മാരുടെ ഗോൾവല കാക്കാൻ ഇറങ്ങുന്നത്. U17 ലോകകപ്പിലെ പ്രകടനത്തിലൂടെ ഇന്ത്യൻ ഫുട്ബോൾ പ്രേമികളുടെ കണ്ണിലുണ്ണിയായ ധീരജ്  സീനിയർ ടീമിലേക്കുള്ള ഭാവി വാഗ്ദാനമാണ്. യൂറോപ്യൻ ടീമുകളുടെയും  മറ്റു ഐ എസ് എൽ ടീമുകളുടെയും ഓഫറുകൾ അവഗണിച്ചാണ് ധീരജ് മഞ്ഞക്കുപ്പായം തിരഞ്ഞെടുത്തത്. മുൻ ചർച്ചിൽ, എഫ് സി ഗോവ താരമായിരുന്ന നവീൻ കുമാറും മലയാളത്തിന്റെ യുവരക്തം നമ്മുടെ സ്വന്തം സുജിത്തും ബ്ലാസ്റ്റേഴ്സിന്റെ കാവൽക്കാരായുണ്ട്. വിദേശ ഗോൾ കീപ്പർ ഇല്ല എന്നുള്ളത് ഇത്തവണത്തെ ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിന്റെ പ്രത്യേകതയാണ്.

പ്രതിരോധ നിര:
നെമഞ്ച പെസിച്ച്, സിറിൽ കാലി, ലാൽറുതാര,ക്യാപ്റ്റൻ സന്ദേശ് ജിങ്കാൻ, അനസ് എടത്തൊടിക്ക, അബ്ദുൾ ഹക്കു,പ്രീതംകുമാർ, ലാൽതകിമ, മൊഹമ്മദ്‌ റാകിപ് എന്നിവരാണ് കൊമ്പന്മാരുടെ കോട്ട കാക്കുന്ന പടയാളികൾ. എന്നും ബ്ലാസ്റ്റേഴ്സിന്റെ കരുത്ത് പ്രതിരോധം തന്നെയാണ്. ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം തകർക്കുക ഏതൊരു ടീമിനും വെല്ലു വിളിയാണ്. പ്രത്യേകിച്ച് ഇന്ത്യൻ പ്രതിരോധം കാക്കുന്ന ഭൂതം,കൊമ്പന്മാരുടെ തിടമ്പേറ്റുന്ന സന്ദേശ് ജിങ്കാൻ ടീമിൽ ഉള്ളപ്പോൾ.ഇത്തവണ കൂട്ടിന് സാക്ഷാൽ അനസ് എടത്തൊടിക്ക കൂടി എത്തുമ്പോൾ പഴുതടച്ച പ്രതിരോധം തന്നെയാണ്  ബ്ലാസ്റ്റേഴ്‌സ് ഒരുക്കുന്നത്. വിദേശ താരങ്ങളായ കാലിയും പെസിച്ചും ഇതിനു ശക്തി പകരുന്നു. യുവ രക്തങ്ങളായ ലാലുവും ഹക്കുവും മികവിൽ ഒട്ടും പിറകിലല്ല. റാകിപും, പ്രീതവും, ലാൽതക്കിമയും പ്രതിരോധത്തിന് ശക്തി പകരും.

മധ്യനിരയിലെ മാന്ത്രികർ :
പെക്കുസൺ, കിസിറ്റോ, സക്കീർ, സഹൽ, നേഗി, റാവത്, പ്രശാന്ത്, നർസാരി, ലോകെൻ മീട്ടെ, ഋഷി, ഗോഗോയ്  എന്നിവരാണ് കൊമ്പന്മാരുടെ മധ്യനിര കയ്യടക്കുന്നത്. എന്നും ബ്ലാസ്റ്റേഴ്സിന് ഒരു തലവേദന സൃഷ്ടിക്കുന്ന മേഖലയാണ് മിഡ്ഫീൽഡ്. ഇത്തവണ മികച്ച ഒരുപിടി താരങ്ങൾ മഞ്ഞക്കുപ്പായത്തിൽ തയ്യാറെടുക്കുന്നുണ്ട്. പെക്കുമോനും ഡ്യുഡിനും ഇത്തവണ ബ്ലാസ്റ്റേഴ്‌സ് മധ്യനിരയിൽ ഒരുപാട് കാര്യങ്ങൾ ചെയ്യാനാകുമെന്ന് കരുതുന്നു. ഡിഫൻസീവ് മിഡിൽ സക്കീറിന്റെ അനുഭവസമ്പത്ത് കൊമ്പന്മാർക്ക് ഗുണം ചെയ്യും. വിങ്ങുകളിലൂടെ മിന്നലാക്രമണം നടത്താൻ പ്രാപ്തനായ പ്രശാന്തിനെയും ലോകെൻ മീട്ടയെയും ഫിൻലന്റിൽ അയച്ചു പ്രത്യേക പരിശീലനം കൊടുത്തതിൽ ബ്ലാസ്റ്റേഴ്‌സ്മാനേജ്മെന്റ് ഇത്തവണ മധ്യനിരയിലെ പോരായ്മ മാറ്റാൻ ഉദ്ദേശിച്ചു തന്നെയാണ് എന്നുള്ളത് വ്യക്തം. റിസർവ് ടീം ക്യാപ്റ്റൻ കൂടിയായ സഹലുംകൂടെ ഋഷിയും , U17 താരം നേഗി, റാവത്, ഗോഗോയ്,കൂടെ ഹാലിച്ചരൻ നർസാരിയും... ഇത്തവണ കളി മാറും.

കൊമ്പന്മാരുടെ കൊമ്പ് അഥവാ മുന്നേറ്റനിര :
വിനീത്, സ്ളാവിസ സ്റ്റോൺജോവിക് ,മെതേജ്  പോപ്ലാന്റിക്, സിയമെൻ ഡോങ്കെൽ, ഖാർപൻ, അഫ്ദൽ, ജിതിൻ എന്നിവരാണ് മഞ്ഞപ്പട്ടാളത്തിന്റെ മുന്നണിപ്പോരാളികൾ. ആക്രമണത്തിന്റെ തേര് തെളിക്കാൻ മലയാളത്തിന്റെ സ്വന്തം സിക്കെയുടെ കൂടെ സ്ലാവിസയുടെയും  മെതാജിന്റെയും സാന്നിധ്യം കൊമ്പന്മാർക്ക് ഇരട്ടി കരുത്താണ് നൽകുന്നത്. കൂടെ ഡോങ്കലും ഖാർപനും കൂടുമ്പോൾ അത് പതിന്മടങ്ങാകും. കേരളത്തിന് സന്തോഷ് ട്രോഫി നേടിത്തന്ന ചുണക്കുട്ടികൾ ജിതിനും അഫ്ദലും ഇത്തവണ എതിർ ബോക്സിൽ ആക്രമണങ്ങളുടെ പെരുമഴതന്നെ തീർക്കും.

ഡേവിഡ് ജെയിംസ് എന്ന അതികായൻ :
ആദ്യ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ മാർക്വി താരമായിരുന്ന ജെയിംസ് ഇത്തവണ കപ്പടിക്കാൻ തന്നെ ഉദ്ദേശിച്ചാണ് ടീം സെറ്റ് ചെയ്യുന്നത്. മികച്ച ഇന്ത്യൻ - മലയാളി  യുവതാരങ്ങളെ സൈൻ ചെയ്തു ചുറുചുറുക്കുള്ള ഒരു മഞ്ഞപ്പട്ടാളത്തെ അണിയിച്ചൊരുക്കുകയാണ് ഡിജെ. പേരും പ്രശസ്തിയുമുള്ള വിദേശതാരങ്ങൾക്ക് റിട്ടയർമെന്റ് ലൈഫ് അടിച്ചു പൊളിക്കാനുള്ള പാളയമല്ല ബ്ലാസ്റ്റേഴ്‌സ് എന്ന വ്യക്തമായ സൂചന വിദേശ സൈനിങ്ങിലും ഡിജെ വ്യക്തമാക്കുന്നുണ്ട്. ആദ്യ സീസൺ മുതൽ ഐഎസ് എൽ റീഡ് ചെയ്യുന്ന ഡിജെക്ക് കൊമ്പന്മാരുടെ  അശ്വമേധത്തെ കുറിച്ച് വ്യക്തമായ പ്ലാനുകളും ഉണ്ട്. അതെല്ലാം ഇനി ഐ എസ് എൽ ഗോദയിൽ കാണാം.

പന്ത്രണ്ടാമൻ :
 കേരള ബ്ലാസ്റ്റേഴ്‌സ് എന്ന ടീമിന്റെ കരുത്ത് എന്താണെന്നു ചോദിച്ചാൽ ശക്തരായ വിമർശകരും എതിരാളികളും ഒരേ സ്വരത്തിൽ  പറയുന്ന ഉത്തരമാണ് 'ബ്ലാസ്റ്റേഴ്‌സ് ആരാധകർ'.  ടീമിന്റെ പന്ത്രണ്ടാമൻ എന്ന വാക്ക് അന്വർത്ഥമാക്കുന്ന വിധം ടീമിനെ ചങ്കു പറിച്ചു സ്നേഹിക്കുന്ന പതിനായിരങ്ങൾ ആർത്തലക്കുന്ന സ്റ്റേഡിയത്തിൽ കളിക്കാൻ ഏത് എതിർടീമിനും മോഹമാണ്. ഇന്ത്യൻ ഫുട്‍ബോൾ ആരാധകരുടെ ശരിയായ കരുത്ത് ലോകത്തിന്റെ മുന്നിൽ തുറന്നിട്ടത് ബ്ലാസ്റ്റേഴ്‌സ് ആരാധകരിലൂടെയാണ്. മഞ്ഞപ്പട, ബ്ലാസ്റ്റേഴ്‌സ് ആർമി തുടങ്ങി പേരുള്ളതും ഇല്ലാത്തതുമായ നിരവധി ഫാൻ ഗ്രൂപ്പുകൾ കൊമ്പന്മാർക്ക് സ്വന്തം. ഹോം എവേയ് വത്യാസമില്ലാതെ ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ പിന്നിൽ എപ്പോഴും ഉണ്ടാവും ഇവർ. സ്റ്റേഡിയത്തിലും സോഷ്യൽ മീഡിയയിലും ഇവരേക്കാൾ ആക്ടിവും ബാഹുല്യവുമുള്ള  ഒരു ആരാധകവൃന്ദം ഐ എസ് എല്ലിൽ ഒരു ടീമിനും ഇല്ലെന്നു തന്നെ പറയാം.ഇവർ യഥാർത്ഥത്തിൽ ടീമിന്റെ പന്ത്രണ്ടാമനല്ല. മറിച്ചു ഒന്നാമൻ തന്നെയാണ്.

ഐ എസ് എല്ലിൽ ഡിജെയും പിള്ളേരും കൂടെ ആരാധകരും ചേർന്ന് നടത്തുന്ന കൊമ്പന്മാരുടെ എഴുന്നെള്ളിപ്പിന് സൗത്ത്സോക്കേഴ്സിന്റെ എല്ലാവിധ ആശംസകളും. ഇത്തവണ ഐ എസ് എൽ ജേതാക്കൾക്കണിയാനുള്ള ആ തിടമ്പ് കൊമ്പന്മാരുടെ മസ്തകത്തിൽ അഴകുവിടർത്തട്ടെ എന്ന് ആശംസിക്കുന്നു.

ലേഖനം: അബ്ദുൾ റസാഖ് സൗത്ത് സോക്കേഴ്സ് 

Thursday, August 9, 2018

അനസ് വിളിക്കുന്നു ജിങ്കനെ ചെളിയിൽ കളിച്ചാടാൻ


ഇന്ത്യൻ ദേശിയ ടീമിന്റെയും കേരള ബ്ലാസ്റ്റേഴ്‌സിന്റെയും പ്രതിരോധത്തിലെ ഉരുക്കു കോട്ടകൾ ആയ നമ്മുടെ സ്വന്തം അനസും ജിങ്കാനും തമ്മിൽ ഒരു വെല്ലുവിളി നടക്കുന്ന വാർത്തകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിലെ തരംഗം. കാര്യം വേറെ ഒന്നും അല്ല അനസിന്റെ ഇഷ്ട്ട വിനോദം ആണ് സ്വന്തം നാടായ മലപ്പുറത്തെ മുണ്ടപ്പാലത്ത്‌ ചേറിൽ ഫുട്ബോൾ കളിക്കുക എന്നത്. ആ കളിയിൽ പങ്കെടുക്കാൻ ജിങ്കനെ വെല്ലുവിളിച്ചിരിക്കുകയാണ് അനസ്. അനസിനെ വെല്ലുവിളി ജിങ്കൻ ഏറ്റെടുക്കുകയും ചെയ്തു തന്റെ സ്വദേശം ആയ ചണ്ഡിഗഡിൽ നിന്നും തന്റെ കൂട്ടുകാരെയും കൊണ്ട് എത്തും എന്നാണ് ജിങ്കൻ പറഞ്ഞിരിക്കുന്നത്.





മുൻപ് ഐ എസ് ൽ രണ്ടാം സീസണിൽ അനസ് ഡൽഹി ഡൈനാമോസിൽ കളിക്കുമ്പോൾ തന്റെ സഹ കളിക്കാരൻ ആയ ഫ്രഞ്ച് താരം മലൂദയെയും ചെളിയിൽ കളിക്കാൻ അനസ് ക്ഷണിച്ചിട്ടുണ്ട്. മലൂദ കളിക്കാൻ ഉള്ള താല്പര്യം അറിയിക്കുകയും ചെയ്തിട്ടുണ്ട്. മത്സരത്തിൽ തോൽക്കുന്നവർ ജയിക്കുന്നവരുടെ വസ്ത്രം കഴിക്കികൊടുക്കണം എന്നതാണ് അനസ് ട്വിറ്ററിൽ ആവശ്യപെട്ടിരിക്കുന്നത്. എന്തായാലും ജിങ്കാൻ വരും എന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം. ആ മത്സരം നേരിൽ കാണാൻ ഉള്ള ആവേശത്തിൽ ആണ് ഫുട്ബോൾ ആരാധകർ

Labels

Followers