Tuesday, March 26, 2019

സർപ്രൈസുമായി കേരള ബ്ലാസ്റ്റേഴ്സ്; സ്പാനിഷ് മിഡ്ഫീൽഡരെ ജംഷഡ്പൂരിൽ നിന്നും സ്വന്തമാക്കി


സ്പാനിഷ് മിഡ്ഫീൽഡർ ആർക്കെസിനെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കി. പ്രമുഖ ഓൺലൈൻ വെബ്സൈറ്റായ ഗോൾ.കോമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ സീസണിൽ ജംഷഡ്പൂരിന്റെ  മധ്യനിര താരമായിരുന്ന ആർക്കെസ് 18 കളികളിൽ നിന്നും 3 ഗോൾ നേടുകയും 2 ഗോളിന് വഴിയൊരുക്കുകയും ചെയ്തിരുന്നു.

Monday, March 25, 2019

റയൽ കാശ്മീരിന്റെ ഹീറോ ഇനി ബ്ലാസ്റ്റേഴ്സിൽ


ഐ ലീഗിലെ ഏറ്റവും മികച്ച ഗോൾ കീപ്പറായ ബിലാൽ ഖാനെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കി. രണ്ട് വർഷത്തെ കരാർ അടിസ്ഥാനത്തിലാണ് താരം ബ്ലാസ്റ്റേഴ്സിലേക്ക് എത്തുന്നത്. കഴിഞ്ഞ സീസണിൽ റയൽ കാശ്മീരിനായി 19 മത്സരങ്ങളിൽ വലകാത്ത ബിലാൽ ഉസൈൻ ഖാൻ 9 മത്സരങ്ങളിൽ ക്ലീൻ ഷീറ്റ് സ്വന്തമാക്കിയിരുന്നു. വീരൻ ഡി സിൽവ ബ്ലാസ്റ്റേഴ്സിന്റെ സി.ഇ.ഒ സ്ഥാനം ഏറ്റെടുത്ത ശേഷം കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിരുന്ന രണ്ടാമത്തെ താരമാണ് ബിലാൽ ഖാൻ. ഐഎസ്എൽ ക്ലബ്ബായ പൂനെ സിറ്റി താരമായിരുന്ന ബിലാൽ ഖാന്  ഐഎസ്എല്ലിൽ ഒരുത്തവണ പോലും ടീമാനായി കളിക്കാൻ കഴിഞ്ഞിരിക്കുന്നില്ല. ലോൺ അടിസ്ഥാനത്തിലാണ് താരം റയൽ കാശ്മീരിനായി കളിച്ചിരുന്നു. ഉത്തർപ്രദേശുക്കാരനായ ബിലാൽ 2017-18 സീസണിൽ ഗോകുലം കേരള എഫ്സിയുടെ താരമായിരുന്നു ബിലാൽ ഖാൻ. ചർച്ചിൽ ബ്രദേഴ്സ്, മുഹമ്മദൻസ്, ഹിന്ദുസ്ഥാൻ എഫ്സി എന്നീ ടീമുകൾക്ക് വേണ്ടിയും ഈ 24കാരൻ ബൂട്ട് കെട്ടിയിട്ടുണ്ട്

ചൈനകപ്പ് കീരീടം ഉറുഗ്വേക്ക്


ചൈനകപ്പ് കീരീടം തുടർച്ചയായ രണ്ടാം തവണയും സ്വന്തമാക്കി ലാറ്റിൻ അമേരിക്കൻ ശക്തികളായ ഉറുഗ്വായ്. ഫൈനലിൽ തായ്‌ലൻഡിനെ എതിരില്ലാത്ത നാലു ഗോളുകൾക്കാണ് ഉറുഗ്വായ് തോൽപ്പിച്ചത്. ക്രിസ്റ്റ്യൻ സ്റ്റുവാനി,  മാക്സിമിലിയാനോ ഗോമെസ്, പെറെരോ, വെസീനോ എന്നിവർ ഉറുഗ്വായ്ക്കു വേണ്ടി ഗോളുകൾ നേടി. ക്രിസ്റ്റ്യൻ സ്റ്റുവാനിയാണ് ടൂർണമെന്റിലെ താരം.

ഉറുഗ്വായ്,ചൈന, ഉസ്ബെക്കിസ്ഥാൻ, തായ്‌ലൻഡ് എന്നീ ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുത്തത്

ഡക്കൻസ് നാസോണിന്റെ ഗോളടി മികവിൽ ഗോൾഡ് കപ്പിന് യോഗ്യത നേടി ഹെയ്തിമുൻ കേരള ബ്ലാസ്റ്റേഴ്സ് താരം ഡക്കൻസ് നാസോണിന്റെ ഗോളടി മികവിൽ ഗോൾഡ് കപ്പിന് യോഗ്യത നേടി ഹെയ്തി. യോഗ്യത റൗണ്ടിൽ ഒന്നാമതായാണ് ഹെയ്തി ഗോൾഡ് കപ്പിന് യോഗ്യത ഉറപ്പിച്ചത്. ഡക്കൻസ് നാസോൺ യോഗ്യത റൗണ്ടിൽ ആറ് ഗോളുകൾക്കാണ് ഹെയ്തിക്കു വേണ്ടി അടിച്ചു കൂട്ടിയത്. നാസോൺ തന്നെയാണ് യോഗ്യത റൗണ്ടിലെ ടോപ് സ്കോററും.


ഇത് ഏഴാം തവണയാണ് ഹെയ്തി ഗോൾഡ് കപ്പിന് യോഗ്യത നേടുന്നത്.

Saturday, March 23, 2019

കുന്നമംഗലത്തെ രാഷ്ട്രീയക്കാർക്ക് താക്കീതുമായി ഫുട്ബോൾ പ്രേമികൾ.


കോഴിക്കോട് ജില്ലയിലെ കുന്നമംഗലത്താണ് രാഷ്ട്രീയക്കാർക്ക് അന്ത്യശാസനവുമായി ഫുട്ബോൾ പ്രേമികൾ രംഗത്തെത്തിയത്.കാലാകാലങ്ങളായി കുന്നമംഗലം പുഴക്കൽ ബസാറിലെ യുവാക്കളുടെ ആവശ്യമാണ് പണ്ടാരപ്പറമ്പ് ഗ്രൗണ്ടും അവിടുത്തെ വികസനവും. ഏത് കക്ഷി അധികാരത്തിൽ എത്തിയാലും തങ്ങളുടെ ആവശ്യങ്ങൾ അവഗണിക്കുന്നു എന്ന തിരിച്ചറിവാണ് ഈ കായിക പ്രേമികളെ പ്രധിഷേധത്തിലാക്കിയത്. പുഴക്കൽ ബസാറിലെ കായിക പ്രേമികൾ ഒന്നടങ്കം തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനുള്ള തീരുമാനത്തിലാണ്. അതിന്റെ മുന്നോടിയായി സോഷ്യൽ മീഡിയയിലൂടെ പ്രചാരണവും ഫ്ലെക്സ് സ്ഥാപിക്കലും നടത്തിയിട്ടുണ്ട്.


തിരഞ്ഞെടുപ്പ് കാലമായതിനാൽ ഇപ്പോളെങ്കിലും തങ്ങളുടെ ആവശ്യം രാഷ്ട്രീയ ക്കാരുടെ മുന്നിൽ ഒരു പ്രധാന പ്രശ്നമായി അവതരിക്കുമെന്ന വിശ്വാസത്തിലാണ് ഇന്നാട്ടിലെ യുവാക്കൾ. പരസ്പരം പഴിചാരലും അവഗണനയുമല്ലാതെ ഒരു രാഷ്ട്രീയക്കാരും  തങ്ങളുടെ ആവശ്യത്തിന് നേരെ അനുഭാവപൂർവ്വമായ ഒരു നടപടികളും സ്വീകരിച്ചിട്ടില്ല എന്ന ആക്ഷേപമാണ് തങ്ങളെ ഈ രീതിയിൽ പ്രതിഷേധിക്കാൻ തയ്യാറെടുപ്പിച്ചതെന്ന് പുഴക്കൽ ബസാറിലെ ഫുട്ബോൾ പ്രേമികൾ പറയുന്നു

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന മെസ്സേജ് :-

കുന്നമംഗലത്തെ രാഷ്ട്രീയ പ്രവർത്തകരോട്,

എല്ലാ നാടിന്റെയും ഊർജ്ജം ആ നാട്ടിലെ യുവജനങ്ങളാണ്.നാടിന്റെ ഭാവിയും പ്രതീക്ഷയുമെല്ലാം അവരിലാണ്. ആ യുവജനങ്ങളുടെ ഒരു പ്രധാന ആവശ്യം നിങ്ങൾ രാഷ്ട്രീയക്കാർ തട്ടിക്കളിക്കാൻ തുടങ്ങിയിട്ട് കാലങ്ങൾ ഏറെയായി. കുന്നമംഗലത്തെ പണ്ടാരപ്പറമ്പിൽ യുവജനങ്ങളുടെ കായിക സ്വപ്നങ്ങൾ പൂവണിയാൻ, ഇന്നാട്ടിൽ നിന്നും വളർന്നു വരുന്ന ഓരോ കായികതാരങ്ങളെയും കണ്ടെടുത്തത് വളർത്തിയെടുക്കാൻ, ഞങ്ങൾ  എല്ലാവർക്കുമായി ഒരു കളിക്കളം എന്നത് ഞങ്ങൾ ഓരോരുത്തരുടെയും സ്വപ്നമാണ്.നിങ്ങൾ രാഷ്ട്രീയക്കാർ അത് കാലാകാലങ്ങളായി തട്ടിക്കളിക്കുന്നു. ഇടതും വലതും നടുവും എല്ലാം കൂടി ഇന്നാട്ടിലെ യുവാക്കളുടെ കായിക സ്വപ്നങ്ങളെയാണ് കരിച്ചു കളയുന്നത്. 
ഇപ്പോൾ തിരഞ്ഞെടുപ്പ് കാലമാണല്ലോ.. ജനങ്ങൾ എന്നൊരു വിഭാഗം ഇന്നാട്ടിൽ ഉണ്ടെന്നു നിങ്ങൾ രാഷ്ട്രീയക്കാർക്ക് ഓർമ്മ വരുന്ന സമയം കാലാകാലങ്ങളായി നിങ്ങളുടെ മുന്നിൽ വെച്ച് പഴകി ദ്രവിച്ച ആ ആവശ്യം വീണ്ടും ഞങ്ങൾ മുന്നോട്ടു വെക്കുന്നു. 'പണ്ടാരപ്പറമ്പിലെ കളിക്കളം'.  ഇത്രയും കാലം നിങ്ങൾ അവഗണിച്ചു, ഞങ്ങൾ കാത്തിരുന്നു.. ഇത്തവണ ഞങ്ങൾ പറയുന്നു.. ഞങ്ങളുടെ ആവശ്യം നിറവേറ്റുന്നവർക്കേ ഞങ്ങളുടെ  പിന്തുണ ഉണ്ടാകുകയുള്ളു.. ആദർശം അല്ല, ആവശ്യമാണ് മുഖ്യം. "ഞങ്ങളല്ല.. അവരാണ്..." "ഉറപ്പായും ശരിയാക്കാം" എന്ന സ്ഥിരം പുന്നാര വർത്തമാനം കൊണ്ട് പണ്ടാരപ്പറമ്പിലെ യുവജങ്ങളുടെ അടുത്തേക്ക് വരേണ്ടതില്ല.. ഞങ്ങൾക്കറിയണം... ആർക്കാണ് ഞങ്ങളുടെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞു പരിഹരിക്കാനാകുന്നതെന്ന്.. അപ്പോൾ ഞങ്ങളും ഞങ്ങളുടെ നയം വ്യക്തമാക്കാം. 

എന്ന്, 
പണ്ടാരപ്പറമ്പിലെ യുവജന കൂട്ടായ്മ 
റെയിൻബോ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്‌കെപിൽ; എഫ് സി കേരളക്കും ഗോകുലത്തിനും വിജയം


കേരള പ്രീമിയർ ലീഗിൽ ഇന്ന് നടന്ന മത്സരങ്ങളിൽ എഫ് സി കേരളക്കും ഗോകുലം കേരള എഫ്സിക്കും വിജയം. എഫ് സി കേരള ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഷൂട്ടേഴ്സ് പടന്നയെ കീഴടക്കിയത്. ഹാരി മോറിസിന്റെ ഇരട്ടഗോളുകളാണ് ഷൂട്ടേഴ്സ് പടന്നക്ക് ലീഗിലെ ആദ്യ തോൽവി സമ്മാനിച്ചത്.വിഷ്ണുവാണ് പടന്നയുടെ ആശ്വാസഗോൾ നേടിയത്

ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ നിലവിലെ ജേതാക്കളായ ഗോകുലം കേരള എഫ്സി പുതുമുഖങ്ങളായ കോവളം എഫ് സിയെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി.  80ആം  യുവതാരം ക്രിസ്റ്റ്യൻ സമ്പയാണ് ഗോകുലത്തിന്റെ വിജയഗോൾ നേടിയത്.

ഗ്രൂപ്പിൽ നാല് മത്സരങ്ങളിൽ 12 പോയിന്റുമായി ഗോകുലം കേരള എഫ്സിയാണ് ഒന്നാമത്. മൂന്ന് മത്സരങ്ങളിൽ നിന്നും ആറ് പോയിന്റുമായി എഫ് സി കേരളയും ഷൂട്ടേഴ്സ് പടന്നയുമാണ് തൊട്ടു പിറകിൽ.

Tuesday, March 19, 2019

രാഹുൽ കെ പി ബ്ലാസ്റ്റേഴ്സിലേക്ക്
U17 ലോകകപ്പിലെ ഏക മലയാളി താരവും ഇന്ത്യൻ ആരോസിന്റെ കുന്തമുനയുമായ രാഹുൽ കെപി ബ്ലാസ്റ്റേഴ്സിലേക്ക്  ചേക്കേറുന്നതായി റിപോർട്ടുകൾ.. ഐ എസ് എൽ, സൂപ്പർ കപ്പ് മത്സരങ്ങളിൽ ഈ സീസണിൽ ദയനീയ പ്രകടനം കാഴ്ച വെച്ച ബ്ലാസ്റ്റേഴ്‌സ് അടുത്ത സീസൺ ലക്ഷ്യം വെച്ചാണ് ഇന്ത്യൻ യുവതലമുറയിലെ ഏറ്റവും വിലപിടിച്ച താരത്തെ തന്നെ സ്വന്തമാക്കാൻ ഒരുങ്ങുന്നത്.പല്ലു കൊഴിഞ്ഞ സിംഹങ്ങളേക്കാൾ കാടിളക്കി വേട്ടയാടാൻ കഴിവുള്ള കടുവകളെയാണ് മലയാളികളുടെ പ്രിയപ്പെട്ട ടീം അടുത്ത സീസണിൽ ലക്ഷ്യം വെക്കുന്നത് എന്ന് ഇത് വ്യക്തമാക്കുന്നുണ്ട്. തൃശൂർ സ്വദേശിയായ രാഹുൽ നിലവിൽ ഇന്ത്യൻ U23താരം കൂടിയാണ്. ക്യാമ്പിലെ സഹതാരങ്ങൾ ആയ സഹലും ധീരജും ഇപ്പോൾ തന്നെ ബ്ലാസ്റ്റേഴ്‌സിൽ ഉള്ള നിലക്ക് ശക്തമായ ഒരു യുവ നിറയെത്തന്നെ അടുത്ത സീസണിൽ കൊമ്പന്മാർ അണിനിരത്തും എന്നാണ് ആരാധകരുടെ പ്രതീക്ഷ. സൈനിങ്‌ നടക്കുകയാണെങ്കിൽ ഇന്ത്യൻ ഫുട്ബോൾ ലോകത്തെ മികച്ച ഒരു സൈനിങ്‌ തന്നെയാകും ഇത് എന്ന് കരുതപ്പെടുന്നു. ധീരജ്, സഹൽ, റാകിപ്പ്, ജാക്സൺ,നൊങ്ദെമ്പ നെറോം..ഇപ്പോൾ രാഹുലും.. ബ്ലാസ്റ്റേഴ്‌സ് നിര കരുത്തുറ്റതും യുവത്വം നിറഞ്ഞതുമായ ഇന്ത്യൻ പോരാളികളെക്കൊണ്ട് നിറയുകയാണ്

Monday, March 18, 2019

കളിയെഴുത്തിന് ചില പൊടിക്കൈകൾ

കളിയെഴുത്തിന് ചില പൊടിക്കൈകൾ.. 
കേരളത്തിൽ ഫുട്ബോൾ ട്രോളന്മാർക്ക് യാതൊരു പഞ്ഞവുമില്ല.. എന്നാൽ ഒരു കളിയെ വിശകലനം ചെയ്യുന്നതിലോ റിപ്പോർട്ട്‌ ചെയ്യുന്നതിലോ ആരും  വലിയ താല്പര്യം കാണിക്കുന്നതായി കണ്ടിട്ടില്ല. എഴുത്തിനെ കുറിച്ച് അറിവില്ലാത്തതോ എങ്ങെനെ എഴുതണം എന്നറിയാത്തതോ ആണ് നിങ്ങളുടെ ബുദ്ധിമുട്ടെങ്കിൽ അതിന്  ഒരു പരിധി വരെ പരിഹാരം കാണാവുന്ന പൊടിക്കൈകൾ ഇതാ..

1.ഭാഷ : മലയാളഭാഷ നന്നായി കൈകാര്യം ചെയ്യാനറിയണം. അതിനായി മലയാള സാഹിത്യമൊ ഗ്രാമറോ  പഠിക്കണം എന്നില്ല. നമ്മൾ സാധാരണ സംസാരിക്കുന്ന സിമ്പിൾ മലയാളം തന്നെ ഉപയോഗിച്ച് എഴുതുക.പക്ഷെ സാധാരണ ട്രോളുകളിലൊക്കെ ഉപയോഗിക്കുന്ന മോശം പദപ്രയോഗങ്ങൾ ഒഴിവാക്കുന്നതാണ് ഉത്തമം. പരമാവധി മലയാളം ഉപയോഗിക്കുക.ഇനി നമ്മുടെ മനസ്സിൽ ഇംഗ്ലീഷ് വക്കാണ് വരുന്നത് എങ്കിൽ അതിന്റെ ലളിതമായ മലയാളം അർത്ഥമോ അല്ലെങ്കിൽ ആ ഇംഗ്ലീഷ് വാക്ക് തന്നെയോ ഉപയോഗിക്കാം. 
 
2.വായന : മലയാളം പത്രങ്ങൾ,മാസികകൾ, ഫേസ്ബുക്കിലും മറ്റും വരുന്ന സ്പോർട്സ് സംബന്ധമായ ലേഖനങ്ങൾ,അങ്ങിനെ എന്തും. നന്നായി വായിക്കുന്നവന് നനന്നായി ഭാഷ വഴങ്ങും.നന്നായി എഴുതാനും സാധിക്കും. ചില ഉപമകൾ, ശൈലികൾ എന്നിവ നമുക്ക് കിട്ടുന്നത് വായനയിലൂടെയാണ്.മാത്രമല്ല പ്രശസ്തരുടെ വാക്കുകൾ, ഉദ്ധരണികൾ (quotes) എന്നിവയൊക്കെ ലേഖനങ്ങളിൽ ഉൾപ്പെടുത്തി മനോഹരവുമാക്കാം. 

3.അറിവ് സമ്പാദിക്കൽ : നമ്മൾ എഴുതാൻ പോകുന്ന വിഷയം, അതിനെ സപ്പോർട്ട് ചെയ്യുന്ന കാര്യങ്ങൾ എന്നിവയെ കുറിച്ച് നല്ല അറിവ് വേണം. ഉദാഹരണത്തിന് ഒരു ടീമിനെ കുറിച്ചെഴുതുമ്പോൾ കളിക്കാർ, കോച്ച്, മുൻകാല ചരിത്രം, പ്രകടനമികവ്, നേട്ടങ്ങൾ, പ്രതീക്ഷകൾ എന്നിവയെല്ലാം അറിയണം. ടീമിനെ കുറിച്ചുള്ള റിപോർട്ടുകൾ, വിക്കിപീഡിയ എന്നിവയൊക്കെ നമുക്ക് റഫറൻസിനായി ഉപയോഗിക്കാം. 

4. ഉള്ളടക്കം : നമ്മൾ എഴുതാൻ പോകുന്ന വിഷയം എന്തിനെകുറിച്ചാണ്, അതിൽ എന്തൊക്കെ വിഷയങ്ങൾ ഉൾപ്പെടുത്തണം, എന്നൊക്കെ ഒരു രൂപരേഖ മനസ്സിൽ ആദ്യം ഉണ്ടാക്കിയാലെ നമ്മുടെ എഴുത്തിനു ഒരു ഒഴുക്കും വൃത്തിയും ഒക്കെ ഉണ്ടാവുകയുള്ളൂ. ഉദാഹരണത്തിന് ഒരു കളിക്കാരനെ കുറിച്ചുള്ള റിപ്പോർട്ട്‌ ആണ് ഉദ്ദേശമെങ്കിൽ അയാളുടെ ആദ്യകാലം മുതൽ ഇതുവരെ ഉള്ള കളി ജീവിതത്തിന്റെ ഒരു ചെറിയ സംഗ്രഹം,കളിച്ച ടീമുകൾ, അവിടുത്തെ  അയാളുടെ പ്രധാന പ്രകടനങ്ങൾ, നേടിയ പുരസ്‌കാരങ്ങൾ എന്നിങ്ങനെ മൊത്തത്തിൽ ഒരു റിപ്പോർട്ടിന്റെ ചെറിയ  രൂപം മനസ്സിൽ ഉണ്ടാവാണം. എന്നിട്ട് അതു നമ്മുടെ എഴുതിനനുസരിച്ച് വിശദീകരിച്ചു, നല്ല ശൈലിയോട് കൂടി എഴുതാം. 

5. ക്ഷമ,സമാധാനം  : ഒരു ലേഖനമോ മറ്റോ എഴുതുമ്പോൾ ക്ഷമയും സമാധാനവുമെല്ലാം  അത്യന്താപേക്ഷിതമാണ്. വാക്കുകൾ കിട്ടാതിരിക്കുക, എഴുത്തിന്റെ ഒഴുക്ക് നഷ്ടപ്പെടുക എന്നിവയൊക്കെ ചെയ്യുമ്പോൾ അതിൽ അസ്വസ്ഥരാവരുത്. മനസ്സ് സ്വസ്ഥമാകുകയും നമ്മുടെ ചിന്തകൾ എഴുതുന്ന വിഷയത്തിൽ മാത്രം നിർത്തുകയും ചെയ്താൽ വളരെ നന്നായി എഴുതാൻ സാധിക്കും. തിരക്ക് പിടിച്ചു  ചെയ്താൽ ഒരു കാര്യവും അത്ര നന്നായെന്ന് വരില്ല.  
6.ആത്മവിശ്വാസം :
നമുക്ക് ഒരു വിഷയത്തെ കുറിച്ച് എഴുതാൻ സാധിക്കും എന്നും താൻ എഴുതുന്നത് തന്റെ അറിവിൽ സത്യസന്ധവുമാണ് എന്ന് നമുക്ക് വിശ്വാസം വേണം. എഴുതിയതിൽ തെറ്റോ അക്ഷരംപിശകോ ഉണ്ടെങ്കിൽ അതു തിരുത്താനായി രണ്ടുമൂന്നു പ്രാവശ്യം നന്നായി വായിച്ചു നോക്കുന്നത് നല്ലതാണ്. ഇനി നമ്മുടെ എഴുത്തുകളിൽ എന്തെങ്കിലും പിശകുകൾ ആരെങ്കിലും ചൂണ്ടിക്കാണിച്ചാൽ അതു സ്വീകരിക്കാനും തിരുത്തേണ്ടത് തിരുത്താനും ഉള്ള ആർജ്ജവം നമ്മൾ കാണിക്കാൻ മടിക്കരുത്. ഒരാളും എല്ലാം തികഞ്ഞവനല്ല. തെറ്റ് മനസ്സിലാക്കി തിരുത്തുമ്പോൾ നമ്മുടെ അറിവും കഴിവും കൂടുകയേ ഉള്ളൂ.  
7.തലക്കെട്ടും വാൽകഷ്ണവും :
എഴുതിയ ലേഖനത്തിന് മികച്ച ഒരു തലക്കെട്ട് നിർബന്ധമാണ്. എഴുതിയ വിഷയത്തെ സ്പർശിക്കുന്നതായിരിക്കണം തലക്കെട്ട്. അതുപോലെ എഴുതിയ വിഷയത്തെ സംബന്ധിക്കാത്ത എന്നാലും ആ ലേഖനത്തിൽ ഉൾപ്പെടുത്തേണ്ട എന്തെങ്കിലും ഉണ്ടെങ്കിൽ അത് വാൽകഷ്ണം എന്ന രീതിയിൽ അവസാനം കൊടുക്കാവുന്നതാണ്.
നിങ്ങളിൽ കുറച്ചു പേർക്കെങ്കിലും ഉപകാരപ്പെടുമെന്നു തോന്നിയത് കൊണ്ടാണ് വത്യസ്തമായ ഈ വിഷയം പങ്കു വെച്ചത്. നിങ്ങൾക്ക് ഇഷ്ടപ്പെട്ടെങ്കിൽ, അനുകരണീയമെന്ന് തോന്നിയെങ്കിൽ ഫുട്ബോൾ സംബന്ധമായ ഏതെങ്കിലും വിഷയത്തെ സംബന്ധിച്ച് നിങ്ങൾക്കും എഴുതാം. എഴുതിയ ലേഖനങ്ങൾ ഞങ്ങൾക്ക് അയച്ചു തരിക. മികച്ച ലേഖനങ്ങൾ സൗത്ത് സോക്കേഴ്സ് പേജിൽ പോസ്റ്റ്‌ ചെയ്യും. മാത്രമല്ല നിങ്ങൾക്ക് പ്രോത്സാഹനമായി ആകർഷകമായ സമ്മാനങ്ങളുമുണ്ടാകും. 

സൗത്ത് സോക്കേഴ്സ് മീഡിയ വിങ്

Sunday, March 17, 2019

കലാശപ്പോരാട്ടത്തിന് ഇനി മണിക്കൂറുകൾ മാത്രം

ഐ എസ് എൽ അഞ്ചാം സീസണിലെ കിരീടാവകാശി ആരാണെന്നു തീരുമാനിക്കുന്ന ഗ്രാൻഡ് ഫിനാലെ കിക്ക് ഓഫിന് ഇനി മണിക്കൂറുകൾ മാത്രം ബാക്കി.. കളത്തിലും കടലാസിലും ശക്തരായ ഇരു ടീമുകളിൽ വിജയി ആരെന്നു പ്രവചിക്കുക അത്ര എളുപ്പമാകില്ല. ഛേത്രിയും മിക്കുവും ഉദാന്തയും അണി നിരക്കുന്ന ബാംഗ്ലൂർ എഫ് സിയേ തടുക്കാൻ നവാസോ നവീനോ ആര് വേണം പോസ്റ്റിൽ എന്ന് ഗോവൻ ക്യാമ്പിൽ ചിന്തകൾ ഉയരുമ്പോൾ കോറോ എന്ന ചാട്ടുളിയെ ഗുൽപ്രീത് സന്ധു എങ്ങിനെ പ്രതിരോധിക്കും എന്നതാണ് ബാംഗ്ലൂർ കൂടാരത്തിലെ ആശങ്ക. എന്തുതന്നെയായാലും കലാശകൊട്ടു വൻ ആവേശത്തോടെയാണ് ഫുട്ബോൾ പ്രേമികൾ കാത്തിരിക്കുന്നത്. മുൻപ് കപ്പിനും ചുണ്ടിനും ഇടക്ക് നഷ്ടപ്പെട്ട കിരീടം എങ്ങനെയും  നേടണം  എന്നവാശിയിൽ  ഇരുകൂട്ടരും പടക്കിറങ്ങുമ്പോൾ മുംബൈ ഫുട്ബോൾ അരീനയിലെ പുൽനാമ്പുകൾക്ക് പോലും തീ പിടിക്കും..

Friday, March 15, 2019

ഇന്ത്യൻ യുവപ്രതിഭകൾ അണിനിരന്ന ഇന്ത്യൻ ആരോസ് ഐ എസ് എൽ പകിട്ടുമായി വന്ന കേരള ബ്ലാസ്‌റ്റേഴ്‌സിനെ തുരത്തിയോടിച്ചു.

ഇന്ത്യൻ യുവപ്രതിഭകൾ അണിനിരന്ന ഇന്ത്യൻ ആരോസ് ഐ എസ് എൽ പകിട്ടുമായി വന്ന കേരള ബ്ലാസ്‌റ്റേഴ്‌സിനെ തുരത്തിയോടിച്ചു. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സിനെ ആരോസ് ബ്ലാസ്റ്റാക്കിയത്.. ആരോസ് നായകൻ അമർജിത്ത് കിയാം ആണ് രണ്ടു ഗോളുകളും നേടിയത്. ബാറിന് കീഴിൽ തകർത്തു കളിച്ച ആരോസിന്റെ 'ഗില്ലി'
 സുഖൻ ഗിൽ മാൻ ഓഫ് ദ മാച്ച് ആയി..മത്സരത്തിൽ രണ്ടു ചുവപ്പ് കാർഡുകളും റഫറി പുറത്തെടുത്തു.. ബ്ലാസ്റ്റേഴ്‌സിന്റെ അനസും ആരോസിന്റെ ജിതേന്ദ്രയുമാണ്  മാച്ചിംഗ് ഓർഡർ വാങ്ങി പുറത്തു പോയത്.

ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ ഡ്രോ ഇന്ന്; ആവേശം പോരാട്ടങ്ങൾക്കായി ഫുട്ബോൾ ലോകം


ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ ഡ്രോ ഇന്ന് വൈകിട്ട് 4.30 ന് സ്വിറ്റ്സർലൻഡിൽ വെച്ച് നടക്കും. പോർട്ടോ, മാഞ്ചസ്റ്റർ യുണൈറ്റഡ്, അയാക്സ്, ടോട്ടൻഹാം ഹോട്സ്പർ, മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ, യുവന്റസ്, ബാഴ്സലോണയ എന്നീ ടീമുകളാണ് അവസാന എട്ടിൽ ഇടം നേടിയത്.  2008-09 സീസണിന് ശേഷമാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിന്നും നാല് ടീമുകൾ ക്വാർട്ടറിൽ ഇടം കണ്ടെത്തുന്നത് എന്ന പ്രത്യേകതയും ഇത്തവണത്തെ ക്വാർട്ടർ ഫൈനലിനുണ്ട്. ഏത് ടീമുകൾക്കും ഏത് ടീമിനെയും ക്വാർട്ടറിൽ ലഭിക്കാം. അതുകൊണ്ട് ക്വാർട്ടറിൽ വാശിയേറിയ പോരാട്ടങ്ങളാകും ഫുട്ബോൾ പ്രേമികളെ കാത്തിരിക്കുന്നത്.

സൂപ്പർ കപ്പിൽ സൂപ്പറാവാൻ ബ്ലാസ്റ്റേഴ്സും ആരോസും


ടീമുകളുടെ പിന്മാറ്റ ആശങ്കൾക്കിടയിൽ സൂപ്പർകപ്പിന് ഇന്ന് തുടക്കം.ഒഡിഷ തലസ്ഥാനമായ ഭുവനേശ്വരിലെ കലിംഗ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ.കേരള ബ്ലാസ്റ്റേഴ്സ് - ഇന്ത്യൻ ആരോസ് പോരാട്ടത്തോട് കൂടിയാണ്  യോഗ്യത മത്സരങ്ങൾക്ക് തുടക്കം.ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ കൗമാരങ്ങളെ നേരിടുമ്പോൾ തീപാറും അങ്കത്തിനാണ് ആരാധകർ കാത്തിരിക്കുന്നത്.ഇന്ന് രാത്രി 8.30 നാണ് മത്സരം.

തിരിച്ചുവരവിന്റെ രാവിൽ ആഴ്‌സനലും


തിരിച്ചുവരവുകളുടെ രാവുകൾക്ക് ഏറെ സാക്ഷ്യംവഹിക്കുന്ന യൂറോപ്യൻ പോരാട്ടങ്ങളിൽ മറ്റൊരു ഏട് കൂടി.യൂറോപ്പ ലീഗിൽ ആദ്യപാദം തോറ്റ ആഴ്സനലിന് എമിറേറ്റ്‌സിലെ രണ്ടാംപാദത്തിൽ തിരിച്ചുവരവ്. എതിരില്ലാത്ത മൂന്നു ഗോളിന് റീൻസിനെ ആണ് പരാജയപ്പെടുത്തിയത്.ഒബ്ബാമേയങ് ഇരട്ട ഗോൾ നേടി. മൊത്തസ്കോർ 4-3 നാണ് ക്വാർട്ടർ പ്രേവശം നേടിയത്. മറ്റൊരു മല്സരത്തിൽ ജിറൂഡിന്റെ ഹാട്രിക്ക് മികവിൽ  ചെൽസി ഡൈനാമോ കീവിനെ മറികടന്ന് ക്വാർട്ടറിലെത്തി.

Wednesday, March 13, 2019

ഐ ലീഗിന് ലോങ്ങ്‌ വിസിൽ മുഴങ്ങുമ്പോൾ..
ഈ സീസണോടെ ഐ ലീഗ് ഇന്ത്യൻ ഫുട്ബോൾ ലോകത്തു നിന്നും വിട പറയും എന്നാണ് ലഭ്യമാകുന്ന വിവരം. അടുത്ത സീസൺ മുതൽ ഐ ലീഗ് ടീമുകളും ഐ എസ് എൽ ടീമുകളും ഉൾപ്പെട്ട ഒറ്റ ലീഗാണ് ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ മുന്നോട്ടു വെക്കുന്നത്. പേര് ഇന്ത്യൻ സൂപ്പർ ലീഗ് എന്ന് തന്നെയാകും. ഇത് യഥാർത്ഥമായാൽ ഐ ലീഗിലെ അവസാന ചാമ്പ്യൻമാരാകും ചെന്നൈ സിറ്റി എഫ് സി. പന്ത്രണ്ട് വർഷം മുൻപ് ഇന്ത്യൻ ഫുട്ബോൾ ലോകത്തു അവതരിച്ച ഐ ലീഗിലേക്ക് ഒരെത്തിനോട്ടം. 

1996 ൽ ആരംഭിച്ച ദേശീയ ഫുട്ബോൾ ലീഗ് ആണ് അടിമുടി മാറ്റങ്ങളോടെ 2007 ൽ  ഐ ലീഗ് എന്ന പേരിൽ പിറവിയെടുത്തത്. ഒഎൻ ജിസി സ്പോൺസർമാരായ പ്രഥമ ഐ ലീഗിൽ കേരളത്തിൽ നിന്നുള്ള വിവ കേരളയടക്കം പത്തു ടീമുകളാണ് അണിനിരന്നത്. ഗോവയിൽ നിന്നുള്ള ഡെംപോയും സാൽഗോക്കറും തമ്മിലുള്ള പ്രഥമ മത്സരത്തിൽ വിജയത്തോടെ തുടങ്ങിയ ഡെംപോ തന്നെ പ്രഥമ ചാമ്പ്യന്മാരുമായി. ആ സീസണിൽ ഏറ്റവും അവസാന സ്ഥാനക്കാരായ വിവ കേരളയും സാൽഗോക്കറും സെക്കന്റ്‌ ഡിവിഷനിലേക്ക് തരം താഴ്ത്തപ്പെട്ടു. തൊട്ടടുത്ത സീസണിൽ പന്ത്രണ്ട് ടീമുകളായി എണ്ണം കൂടിയപ്പോൾ മുംബൈ, ചിരാഗ്, മുഹമ്മദെൻസ്, വാസ്കോ എന്നിവർ ഐ ലീഗിൽ എത്തി. 2009ൽ വീണ്ടും 14 ടീമുകളായി വികസിപ്പിച്ചപ്പോൾ വിവക്കും സാൽഗോക്കറിനും ഒപ്പം ഷില്ലോങ്ങും പുണെയും ഐ ലീഗിൽ എത്തി. 

ഡെംപോ,ചർച്ചിൽ, സാൽഗോക്കർ, ബംഗളുരു, മോഹൻബഗാൻ, ഐസ്വാൾ, മിനർവ, ചെന്നൈ സിറ്റി എന്നിവരൊക്കെ ഐ ലീഗിന്റെ സിംഹാസനം അലങ്കരിച്ചവരാണ്. 

ഫുട്ബോൾ അസോസിയേഷനും ക്ലബുകളും പലപ്പോളും പല കാര്യങ്ങൾക്കും ഉരസിയിരുന്നു. ക്ലബുകൾ നടത്തിക്കൊണ്ട് പോകാനുള്ള ചിലവുകൾ പലപ്പോഴും ക്രമാതീതമായി വർധിച്ചപ്പോൾ പല പ്രതാപികളായ ക്ലബുകളും കളിയവസാനിപ്പിച്ചു. അതുപോലെ തന്നെ ഫെഡറേഷൻ ഇന്ത്യൻ യുവതാരങ്ങൾക്ക് അവസരം നൽകുന്നതിനായി ആരോസ് എന്നൊരു  ഡെവലപമെന്റൽ ടീമും ഐ ലീഗിലേക്ക് കൂട്ടിചേർത്തു. അങ്ങനെ ഐ ലീഗിലേക്ക്  ഒരുപാട് ടീമുകൾ വന്നും പോയുമിരുന്നു. അതിനിടക്ക് 2014ൽ സ്വകാര്യ പങ്കാളിത്തത്തോടെ ഇന്ത്യൻ സൂപ്പർ ലീഗ് ഇന്ത്യൻ ഫുടബോളിൽ വിപ്ലവം രചിക്കാനെത്തി. ഒരുപാട് അനുകൂല ഘടകങ്ങൾ ഐഎസ്എല്ലിന്  ഉണ്ടായിരുന്നു. താരത്തിളക്കവും പണക്കൊഴുപ്പും മാർക്കറ്റിങ്ങും  ബ്രോഡ്കാസ്റ്റിങ്ങും എന്ന് വേണ്ട എല്ലായിടത്തും ഐ എസ് എൽ ഐ ലീഗിനെ പിന്തള്ളിക്കൊണ്ടിരുന്നു. അതോടെ ഐ ലീഗിനെ ഫെഡറേഷൻ അവഗണിക്കുകയാണെന്ന് എല്ലാവരും പറഞ്ഞു തുടങ്ങി. ബ്രോഡ്കാസ്റ്റിംഗിലെ ഇരട്ടത്താപ്പും നട്ടുച്ചക്ക് മത്സരം ക്രമീകരിച്ചതും എല്ലാം തന്നെ ഐ ലീഗിനെതിരെയുള്ള ചിറ്റമ്മ നയത്തിന്റെ ഭാഗമായി വ്യാഖ്യാനിക്കപ്പെട്ടു. ഒരു രാജ്യത്ത് ഒരു പ്രാഥമിക ലീഗ് മതി എന്ന എ എഫ് സി യുടെ കർശന നിർദ്ദേശം വന്നതോടെ പന്ത്രണ്ട് വർഷത്തെ ഐ ലീഗിന്റെ  പ്രയാണത്തിന് അവസാനമാവുകയാണ്. 

ഐ എസ് എല്ലിന്റെ തിളക്കം കുറച്ചു കുറഞ്ഞതും ഐ ലീഗിൽ നല്ല നിലവാരമുള്ള മത്സരങ്ങൾ നടക്കുന്നതും ആരാധകരെ ആകര്ഷിക്കുന്നുണ്ടെങ്കിലും മത്സരങ്ങൾ സംപ്രേഷണം ചെയ്യാതെ സ്റ്റാർ സ്പോർട്സ് ഐ ലീഗിനെ അപമാനിക്കുകയായിരുന്നു. രഞ്ജിത്ത് ബജാജ് പോലെയുള്ള ടീമുടമകൾ പരസ്യമായിതന്നെ ഫെഡറേഷനും സ്റ്റാർ സ്പോർട്സിനുമെതിരെ രംഗത്ത് വരികയും ചെയ്തു. ഇപ്പോൾ സൂപ്പർ കപ്പിനെതിരെയും ഐ ലീഗ് ടീമുകൾ കലാപക്കൊടി ഉയർത്തുന്നുണ്ട്. 

എന്തൊക്കെയായാലും ഒരുപാട് മധുരമുള്ള കാഴ്ചകൾ നൽകിയ, ആവേശത്തിന്റെ അലകടൽ ഉയർത്തിയ, നിരവധി താരങ്ങളെ സമ്മാനിച്ച, ഈ സീസണിന്റെ അന്ത്യത്തിൽ ചെന്നൈ സിറ്റിയുടെ കിരീടധാരണത്തോടെ വിസ്മൃതിയിലായ ഐ ലീഗിന് സ്‌നേഹപൂർണമായ ഗുഡ്ബൈ.

Tuesday, March 12, 2019

ഐ എസ് ഫൈനൽ ബംഗളൂരുവും ഗോവയും തമ്മിൽ...


ഐ എസ് എൽ സെമി ഫൈനലിന് തിരശീല വീഴുമ്പോൾ കലാശപ്പോരാട്ടത്തിനു യോഗ്യത നേടിയത് ബംഗളൂരു എഫ് സി യും എഫ് സി ഗോവയുമാണ്. ആദ്യ പാദത്തിൽ ഒന്നിനെതിരെ അഞ്ചു ഗോളുകൾ മുംബൈ വലയിൽ നിക്ഷേപിച്ച ഗോവ 5:2 എന്ന ടോട്ടൽ സ്‌കോറിൽ ഫൈനലിൽ എത്തിയപ്പോൾ ആദ്യപാദത്തിൽ നോർത്തീസ്റ്റിനോട് തകർന്നടിഞ്ഞ ബംഗളുരു രണ്ടാം പാദത്തിൽ അവിശ്വസനീയമായ തിരിച്ചു വരവ് നടത്തിയാണ് ഫൈനൽ ബർത്ത് ഉറപ്പിച്ചത്. എ ടി കെ യും ചെന്നെയുമല്ലാത്ത ഒരു ടീം ഐ എസ് എൽ ട്രോഫി ഉയർത്തുന്നത് കാത്തിരിക്കുകയാണ് ഇന്ത്യയിലെ ഫുട്ബോൾ ആരാധകർ.

Monday, March 11, 2019

പരാജയം അറിയാതെ എഫ്.സി കേരള.. വ്യാസയെ ചെമ്പട കീഴടക്കിയത് ഒന്നിനെതിരെ അഞ്ച് ഗോളിന്....


തൃശൂർ ജില്ലാ സൂപ്പർ ലീഗിൽ എഫ്.സി കേരള തങ്ങളുടെ തേരോട്ടം തുടരുന്നു.. മൂന്ന് മത്സരങ്ങൾ പിന്നിടുമ്പോൾ ഒൻപത് പോയിന്റുമായി അപരാജിതരായി പോയിന്റ്‌ ടേബിളിൽ ഒന്നാമതാണ് മലയാളത്തിന്റെ ചെമ്പട.. തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ വെച്ചുനടന്ന മത്സരത്തിൽ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് എഫ്.സി കേരള വ്യാസയെ പരാജയപ്പെടുത്തിയത്.. ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിൽ നിന്ന എഫ്.സി കേരള രണ്ടാം പകുതിയിൽ അഞ്ച് ഗോളുകൾ മടക്കി വീരോചിതമായി കളി തിരിച്ചു പിടിക്കുകയായിരുന്നു.. മൂന്ന് മത്സരങ്ങളിൽനിന്നായി എഫ്.സി കേരള അടിച്ചു കൂട്ടിയത് 23 ഗോളുകളും വഴങ്ങിയത് ഒരേയൊരു ഗോളും ആണ്... എഫ് സി കേരളക്കായി ഹാരി മോറിസ് രണ്ടും ക്രിസ്റ്റി ഡേവിസ്, എകോമൊബോങ് വിക്ടർ ഫിലിപ്പ്, ബേബിൾ എസ് ഗിരീഷ് എന്നിവർ ഓരോ ഗോൾ വീതവും നേടി.

Sunday, March 10, 2019

ഇന്ത്യയുടെ യുവതുർക്കികൾ - ഇന്ത്യൻ ആരോസ്..

2010ൽ ജനിച്ചു വീണ ശേഷം മൂന്നു വർഷങ്ങൾക്കപ്പുറം പൂട്ടിക്കെട്ടി 2017ൽ വീണ്ടും തുറന്നു വിട്ട കടുവക്കുട്ടികൾ തങ്ങളുടെ പ്രകടനം ഒന്നിനൊന്നു മെച്ചപ്പെട്ട കാഴ്ചകളാണ് ഇന്ത്യൻ ആരോസ് എന്ന ക്ലബിന് പറയാൻ ഉള്ളത്. 
2010ൽ ഇന്ത്യൻ ദേശീയ പരിശീലകനായ ബോബ് ഹൗട്ടന് ഒരു കാര്യം പെട്ടെന്ന് കത്തി.. കതിരിൽ വളം വെച്ചിട്ട് കാര്യമില്ല എന്ന്. അന്നത്തെ ദേശീയ ലീഗിൽ കളിക്കുന്ന മുന്തിയ താരങ്ങളെ എടുത്ത് പരിശീലനം കൊടുത്തു ചെന്നാലൊന്നും ടൂർണമെന്റുകളിൽ മികച്ച പ്രകടനം നടത്താൻ സാധിക്കുന്നില്ല..സാധിച്ചാൽ തന്നെ അത് ശാശ്വതവുമല്ല.ഇന്ത്യക്ക് മികച്ച ഒരു ജൂനിയർ നിര ഇല്ല. ഇന്ത്യൻ കൗമാര പ്രതിഭകളെ ഐ ലീഗ് ടീമുകളുടെ ബെഞ്ചുകളിൽ തളച്ചിട്ടതിരിക്കുകയാണ്.ഇന്ത്യൻ ജൂനിയർ ടീമുകൾ ആണെങ്കിൽ ടാറ്റാ ഫുട്ബോൾ അക്കാദമിയിൽ നിന്ന് ഭൂരിഭാഗം പേരെ വെച്ച് അവിടുന്നുമിവിടുന്നും തട്ടിക്കൂട്ടിയ ടീമും. ഗെയിം ടൈം കിട്ടാതെ എങ്ങിനെ അവരിലെ പ്രതിഭകളെ തിരിച്ചറിയും. പിന്നീട് അദ്ദേഹം അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷനുമായി ചർച്ച ചെയ്തു ഒരു തീരുമാനം എടുത്തു. ഇന്ത്യൻ കൗമാര താരങ്ങളെ ഉൾപെടുത്തി ഒരു ടീം ദേശീയ ലീഗിൽ ഇറക്കുക.സെക്കന്റ്‌ ഡിവിഷനിൽ AIFF ന്റെ ഒരു ഇലവനെ അങ്ങോട്ട്‌ ഇറക്കി. 2010 സെപ്റ്റംബർ 21ന് ഫെഡറേഷൻ കപ്പിൽ പഞ്ചാബിലെ ജെ സി ടി മിൽസിനെതിരെ അരങ്ങേറ്റ മത്സരത്തിൽ വിജയത്തോടെ തുടങ്ങി. പിന്നീട് മഹീന്ദ്ര യുണൈറ്റഡിന്റെ പിൻവാങ്ങലിൽ ഐ ലീഗിലേക്ക് എത്തി. 2011 തുടക്കത്തിൽ തന്നെ AIFF ഇലവന് ഒരു പുതിയ പേരും നൽകി. അങ്ങിനെ ഇന്ത്യൻ ആരോസ് എന്നൊരു ടീം അങ്കത്തട്ടിലേക്ക് ഇറങ്ങി.
2011-12 സീസണിൽ പൈലൻ ഗ്രൂപ്പിന്റെ സ്പോൺസർ ഷിപ്പിൽ കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയം ഹോം ഗ്രൗണ്ട് ആക്കി പൈലൻ ആരോസ് കളത്തിൽ ഇറങ്ങിത്തുടങ്ങി. മുൻ വർഷത്തെ കളിക്കാർ അയാൾ ജെജെ, ഗുൽപ്രീത് സന്ധു, മൻദീപ് എന്നിവരെ ഒക്കെ നഷ്ടപ്പെട്ട ടീമിന്റെ കോച്ചുമാരെയും പലകുറി മാറ്റി പരീക്ഷിച്ചു. തോൽവികൾ ഏറ്റുവാങ്ങാൻ മാത്രമായി ഒരു ടീം എന്ന ചീത്തപ്പേര് വാങ്ങിയ ആരോസ്  ഡെവെലപ്‌മെന്റൽ ടീമായ കാരണം കൊണ്ട് മാത്രം റെലഗേറ്റ് ആയില്ല. ഒടുവിൽ 2013ൽ സ്പോൺസർ ആയ പൈലൻ ഗ്രൂപ്പിനും മടുത്തു. അവർ പിൻവാങ്ങി. അങ്ങിനെ ആ യാത്രക്ക് തിരശീലവീണു. ആരോസ് എന്നൊരു പ്രസ്ഥാനം ഓർമയിൽ മാത്രം ആവുമെന്ന് കരുതപ്പെട്ടു. 
നാലു വർഷങ്ങൾക്കിപ്പുറം 2017ൽ u17 ലോകകപ്പിന്റെ വിജയകരമായ നടത്തിപ്പും ഐ എസ് എല്ലിന് ഉണ്ടായ ജനപിന്തുണയും ഇന്ത്യയിലെ ഫുട്ബോൾ വിപ്ലവവുമെല്ലാം മനസ്സിലാക്കിയ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ അവരെ തട്ടിയുണർത്തി. അങ്ങിനെ ഇന്ത്യൻ ആരോസ് വീണ്ടും പുനരുജ്ജീവിപ്പിച്ചു. U17- 19 താരങ്ങളെ അണിനിരത്തി ജൂനിയർ ടീം  കോച്ച് ഡി മറ്റോസ് അവരെ ഐ ലീഗിന് സജ്ജരാക്കി. പതിനെട്ടു കളികളിൽ നിന്ന് നാലു വിജയങ്ങൾ മാത്രമായി പത്താം സ്ഥാനത്ത് അവർ ഫിനിഷ് ചെയ്തു. പക്ഷേ നമ്മുടെ ഭാവി ഇവരുടെ കൈകളിൽ ഭദ്രമാണെന്ന് അവരുടെ കളികളിൽ അവർ തെളിയിച്ചിരുന്നു. ഇപ്പോൾ കഴിഞ്ഞ ഐ ലീഗ് സീസണിൽ ഇരുപത് കളികളിൽ ആറു വിജയങ്ങളുമായ് കഴിഞ്ഞ വർഷത്തെ ചാമ്പ്യൻമാരായ മിനർവക്കും കേരളത്തിന്റെ പ്രതീക്ഷയായ ഗോകുലത്തിനും മുകളിൽ എട്ടാം സ്ഥാനത്താണ് അവർ ഫിനിഷ് ചെയ്തത്. 
രാഹുലും രോഹിതും ബോറീസും ഗുർക്രീതും വിക്രം പ്രതാപമൊക്കെ അടങ്ങുന്ന ഈ കൗമാര നിരയിൽ നിന്നും ഇനിയും പലതും നമുക്ക് ലഭിക്കാൻ ഉണ്ട്.സൂപ്പർ കപ്പിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരെ അങ്കത്തിനിറങ്ങുന്ന ഇന്ത്യൻ ആരോസ് റിസൾട്ട്‌ എന്തായാലും മികച്ച പ്രകടനം തന്നെ കാഴ്ചവെക്കുമെന്ന് ഉറപ്പുള്ളവരാണ് ഫുട്ബോൾ പ്രേമികൾ.

Saturday, March 9, 2019

നീലക്കടുവകൾക്ക് ഖത്തറിൽ ഊഷ്മള സ്വീകരണം..


ഖത്തർ പര്യടനത്തിനെത്തിയ ഇന്ത്യൻ യുവനിരയെ  മഞ്ഞപ്പട ഖത്തർ  എക്സ്പാക്റ്റ് ഫുട്ബോൾ ഫാൻസ്‌ ക്ലബ്‌ സ്വീകരിച്ചു.ഖത്തർ ഫുട്ബോൾ അസോസിയേഷൻ പ്രതിനിധികളുടെ സാന്നിധ്യത്തിൽ ഹമദ് ഇന്റർനാഷണൽ എയർപോർട്ടിൽ വെച്ചായിരുന്നു സ്വീകരണം. ഇന്ത്യൻ ഫുട്ബോൾ ടീമിനെ മറ്റെന്തിനേക്കാളും സ്നേഹിക്കുന്ന ഈ കൂട്ടായ്മ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഖത്തറിലെ ഇന്ത്യൻ പ്രവാസി ഫുട്ബോൾ ലോകത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. പ്രവാസ ലോകത്തെ ഈ ചുണക്കുട്ടികൾ വളരെ ആവേശത്തോടെയാണ് നീലക്കടുവകളുടെ ഖത്തർ പര്യടനത്തെ സമീപിക്കുന്നത്.  വളരെ ഊഷ്മളമായ ഈ സ്വീകരണത്തിന് ഇന്ത്യൻ ഫുട്ബോൾ ടീം അധികൃതർ മഞ്ഞപ്പട ഖത്തർ എക്സ്പാക്റ്റ് ഫുട്ബോൾ ഫാൻസിനോട് നന്ദി അറിയിച്ചിട്ടുണ്ട്. ഇന്ത്യൻ  ടീമിന് മികച്ച സപ്പോർട്ട് നൽകാനുള്ള ശ്രമത്തിലാണ് ഈ പ്രവാസി മലയാളികളായ ഫുട്ബോൾ പ്രേമികൾ.

Thursday, March 7, 2019

നോർത്ത് ഈസ്റ്റിന് ആവേശജയംഐ. എസ്. എല്ലിന്റെ ആദ്യസെമിയുടെ ഒന്നാം പാദത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് ആവേശജയം.ബാംഗ്ലൂർ എഫ്. സി യെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് തോൽപിച്ചത്. ഇഞ്ചുറി ടൈമിൽ മാസിയയുടെ പെനാൽറ്റി ഗോളാണ് വിജയം നേടിക്കൊടുത്തത്.റെഡിം തലങ്ങിന്റെ അതിസുന്ദരമായ ഗോളിലൂടെ നോർത്ത് ഈസ് റ്റ് 20ആം മിനിറ്റിൽ മുന്നിലെത്തി.തുടർന്ന് 82ആം മിനിറ്റിലാണ് സിസ്കോയിലൂടെ ബാംഗ്ലൂർ സമനില കണ്ടെത്തിയത്.അടുത്ത തിങ്കളാഴ്ച ആണ് രണ്ടാം പാദസെമി.

മരണ മാസ്സ് തിരിച്ചു വരവുമായി ചുവന്ന ചെകുത്താൻമാർചാമ്പ്യൻസ് ലീഗ് എവേയ് മത്സരത്തിൽ പി എസ് ജി യെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് വിജയിച്ചാണ് മാഞ്ചെസ്റ്റെർ യുണൈറ്റഡ് അടുത്ത റൗണ്ടിലേക്ക് കടന്നത്. ആദ്യ പാദത്തിൽ സ്വന്തം ഗ്രൗണ്ടിൽ നേരിട്ട രണ്ടു ഗോൾ പരാജയത്തിന് മധുരപ്രതികാരമായി യുണൈറ്റഡിന് ഈ വിജയം. സസ്പെൻഷനിലായ പോഗ്ബയില്ലാതെ ഇറങ്ങിയ മാഞ്ചെസ്റ്ററിനായി ആദ്യ പകുതിയിൽ ലുകാകു രണ്ടുഗോളും  ഇഞ്ചുറി ടൈമിൽ നിർണായകമായ പെനാൽറ്റിയിലെ  വിജയ ഗോൾ റാഷ്‌ഫോർഡും നേടിയപ്പോൾ ആതിഥേയരുടെ ആശ്വാസഗോൾ ബെർനെറ്റ് നേടി.ഇരു പാദത്തിലും 3:3 ഗോൾ നിലയായപ്പോൾ എവേയ് ഗോൾ അടിസ്ഥാനത്തിലാണ് യുണൈറ്റഡ് വിജയികളായത്.

ഐ എം വിജയനും വിക്ടർ മഞ്ഞിലയും സ്പോർട്സ് കൗൺസിലിലേക്ക്..


കേരള സംസ്ഥാന സ്‌പോട്‌സ് കൗണ്‍സില്‍ അംഗങ്ങളായി ഫുട്‌ബോള്‍ താരം ഐ എം വിജയന്‍, ഒളിമ്പ്യന്‍ കെ എം ബീന മോള്‍ ഉള്‍പ്പടെ 12 പേരെ സംസ്ഥാന സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്തു. ഐ എം വിജയനും ബീന മോള്‍ക്കും പുറമെ  വോളിബോള്‍ താരം കപില്‍ദേവ്, ബോക്‌സിങ്ങ് താരം കെ സി ലേഖ എന്നിവരെയാണ് കായികമേഖലയില്‍നിന്ന് നിശ്ചയിച്ചത്. പ്രമുഖ ഫുട്‌ബോള്‍ പരിശീലകന്‍ വിക്ടര്‍ മഞ്ഞില, അത്‌ലറ്റിക്‌സ് പരിശീലകന്‍ പി പി തോമസ് എന്നിവരാണ് പരിശീലനരംഗത്തു നിന്ന് കൗണ്‍സിലിലേക്ക് നിര്‍ദ്ദേശിക്കപ്പെട്ടത്. കായിക ഭരണത്തില്‍  കായിക താരങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുകയും അവരുടെ അഭിപ്രായങ്ങള്‍ ഗൗരവമായി പരിഗണിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണിത് എന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകളില്‍നിന്നുള്ള നാല് കായിക വിഭാഗം ഡയറക്ടര്‍മാരും സ്‌പോട്‌സ് ജേര്‍ണലിസ്റ്റുകളായ രണ്ടു പേരുമുണ്ട്. കേരള കാര്‍ഷിക സര്‍വകലാശാലയിലെ ഡോ. ടി ഐ മനോജ്, കൊച്ചിന്‍ സര്‍വകലാശാലയിലെ ഡോ. അജിത് മോഹന്‍ കെ ആര്‍, കേരള സര്‍വകലാശാലയിലെ ജയരാജന്‍ ഡേവിഡ് ഡി, കേരള വെറ്ററിനറി സര്‍വകലകശാലയിലെ ഡോ. ജോ ജോസഫ് എന്നിവരാണ് നിര്‍ദ്ദേശിക്കപ്പെട്ട കായികാധ്യാപകര്‍. മാധ്യമരംഗത്തു നിന്ന് എ എന്‍ രവീന്ദ്രദാസ്, പി കെ അജേഷ് എന്നിവരെയും കൗണ്‍സിലിലേക്ക് നാമനിര്‍ദ്ദേശം ചെയ്തു.

Wednesday, March 6, 2019

സൂപ്പർ ലീഗിൽ ചെമ്പടയോട്ടം...


തൃശൂർ ജില്ലാ സൂപ്പർ ലീഗിലെ തങ്ങളുടെ രണ്ടാമത്തെ മത്സരത്തിൽ സേക്രഡ് ഹാർഡ് തൃശൂരിനെതിരെ എഫ്.സി കേരളയ്ക്ക് എതിരില്ലാത്ത മൂന്ന് ഗോളുകളുടെ വിജയം.

എഫ്.സി കേരളക്കായി എകോമൊബോങ് വിക്ടർ ഫിലിപ്പ് രണ്ടും, ബേബിൾ എസ് ഗിരീഷ് ഒരു ഗോളും നേടി...

ലീഗിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ജില്ലാ പോലീസ് ടീമിനെ എതിരില്ലാത്ത 15 ഗോളുകൾക്ക് എഫ്.സി കേരള പരാജയപ്പെടുത്തിയിരുന്നു...

എ ഡിവിഷൻ ലീഗോ എടങ്ങേറാക്കൽ ലീഗോ...


മലപ്പുറം... കേരള ഫുട്‍ബോളിന്റെ ഈറ്റില്ലം..അന്താരാഷ്ട്ര താരങ്ങൾ ഉൾപ്പടെ അനവധി നിരവധി യോദ്ധാക്കളെ വാർത്തെടുത്ത പോരാട്ടഭൂമി.. കേരള ഫുടബോളിനെ കുറിച്ച് എന്തിന് ഇന്ത്യൻ ഫുടബോളിനെ കുറിച്ച് പറയുമ്പോൾ പോലും മലപ്പുറം എന്ന വാക്ക് സ്പർശിക്കാതെ പോകുന്നത് ഉചിതമല്ല. അങ്ങിനെ കാൽപ്പന്ത് പ്രേമത്തിന് പ്രസിദ്ധിയാർജ്ജിച്ച ഒരു ജില്ലയുടെ എ ഡിവിഷൻ ലീഗ് നടക്കുന്ന കോലമാണിത്. കോട്ടപ്പടിയും പയ്യനാടും തിരൂരുമടക്കം നിരവധി പുൽമൈതാനങ്ങൾ വെറുതെ കിടക്കുമ്പോൾ ഒരു മൊട്ടക്കുന്നിലെ ചരൽ പരപ്പിൽ ജില്ലയുടെ ഉന്നത ഫുട്ബോൾ ലീഗ് നടത്താൻ തീരുമാനിച്ച ജില്ലാ ഫുട്ബോൾ അസോസിയേഷന് ആദ്യമേ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.

ഇങ്ങനെത്തന്നെയാണ് ജില്ലാ ഫുട്ബോൾ ലീഗുകൾ സംഘടിപ്പിക്കേണ്ടത്. മറ്റു ജില്ലാ അസോസിയേഷനുകൾ ഇതൊരു മാതൃകയായി സ്വീകരിക്കണം.. ഇവിടങ്ങളിൽ കളിച്ച് പരുക്ക് പറ്റിയും മറ്റും നാളെയുടെ വാഗ്ദാനങ്ങളെ മുളയിലേ നുള്ളണം. എന്നാലല്ലേ മലപ്പുറത്തിന്റെ 'പന്തിനോടുള്ള മൊഹബത്തിന്റെ' ഖ്യാതി ഇനിയും ലോകമെങ്ങും പാടിപ്പുകഴ്ത്താനാകു..


  സെവൻസ് ഗ്രൗണ്ടുകൾ വരെ പുൽമൈതാനങ്ങൾ ആക്കുന്ന നാട്ടിൽ ആർക്കു വേണ്ടിയാണ് നിങ്ങൾ ഈ പ്രഹസനം നടത്തുന്നത്..ഫുട്ബോൾ  പ്രണയത്തിന്റെ മകുടോദാഹരണമായി മറ്റുള്ളവരോട് പുകഴ്ത്തിപ്പറയുന്ന മലപ്പുറത്തിന്റെ പേരും പെരുമയും നശിപ്പിക്കാൻ ഒരുമ്പെട്ട് ഇറങ്ങിയിരിക്കുകയാണോ..പറ്റില്ലെങ്കിൽ കളഞ്ഞിട്ടു പോകണം ഹേ..

✍️അബ്ദുൽ റസാഖ് സൗത് സോക്കേഴ്‌സ്

Tuesday, March 5, 2019

ജില്ലാ പോലീസിന്റെ വലനിറച്ച് എഫ്.സി കേരള.. അടിച്ചുകൂട്ടിയത് 15 ഗോളുകൾ

തൃശൂർ ജില്ലാ സൂപ്പർ ലീഗിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ എഫ്.സി കേരളയ്ക്ക് തകർപ്പൻ വിജയം. ജില്ലാ പോലീസ് ടീമിനെ എതിരില്ലാത്ത 15 ഗോളുകൾക്കാണ് എഫ്‌സി കേരള പരാജയപ്പെടുത്തിയത്..

എഫ് സി കേരളക്ക് വേണ്ടി
◆ ഫിലിപ്പ് വിക്ടർ-5 ,
◆ ഹാരി-3 ,
◆ ഷാബിൻ-1 ,
◆ നിഖിൽ രാജ്-1 ,
◆ ജോനസ് -1,
◆ കെ ലാസിൻ-2 ,
◆ ആശിഷ്-1
എന്നിവർ ഗോളുകൾ നേടി..

Monday, March 4, 2019

മണലാരണ്യത്തിലെ മലയാളി ഫുട്ബോൾ


"ഫുട്ബോളിൽ ഏറ്റവും മോശമായത് ഒഴിവുകഴിവുകൾ പറയലാണ്..ഒഴിഞ്ഞു മാറൽ സൂചിപ്പിക്കുന്നത് നിനക്ക് വളരാനോ മുന്നോട്ടു പോകാനോ കഴിവില്ലായ്മയെയാണ്.."
പെപ് ഗ്വാർഡിയോള 

 ജീവിതത്തിന്റെ മരുപ്പച്ച തേടിയുള്ള മലയാളിയുടെ മണലാരണ്യജീവിതത്തിന് അര നൂറ്റാണ്ടിനുമതികം പഴക്കം ചെന്നിരിക്കുന്നു.ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പെടാപ്പാട് പെട്ടിരുന്ന ശരാശരി മലയാളിയുടെ മനസ്സിലെ സ്വർഗ്ഗകവാടം തന്നെയായിരുന്നു ഗൾഫിലേക്കുള്ള ഒരു വിസ.. വർഷങ്ങളോളം സ്വന്തം കുടുംബത്തിന്റെയും നാടിന്റെയുമൊക്കെ നന്മക്കായി ചോരനീരാക്കി അധ്വാനിക്കുന്ന പ്രവാസി ഇടക്കാല ആശ്വാസം പോലെ ലഭിച്ചിരുന്ന തുച്ഛമായ അവധി ദിനങ്ങളിലായിരുന്നു ജീവിതത്തിൽ സന്തോഷവും സമാധാനവും ഒക്കെ അനുഭവിക്കുന്നത്.. അതൊന്ന് ആസ്വദിച്ചു വരുമ്പോഴേക്കും മടങ്ങാനുള്ള സമയമാവുകയും ചെയ്യും..
 നാട്ടിലെ പാടത്തും പറമ്പത്തും പന്ത് തട്ടിക്കളിച്ചിരുന്ന മലയാളി യുവാക്കൾ ഗൾഫ് ജീവിതത്തിന്റെ കളിക്കളത്തിൽ ബൂട്ട് കെട്ടാനിറങ്ങുമ്പോൾ തന്റെ കഴിഞ്ഞ കാല ഫുട്ബോൾ ജീവിതത്തിന്റെ ഓർമ്മകൾ അയവിറക്കുവാൻ മാത്രമായിരിക്കും വിധിക്കപ്പെട്ടിരിക്കുക...   നാട്ടിൽ ഫുട്ബോൾ കളിപ്രാന്തു തലയ്ക്കു പിടിച്ചു നടന്നു കളിക്കാനും കാളികാണാനും നടന്നവന്മാരെ വീട്ടുകാരും നാട്ടുകാരും ഓടിച്ചിട്ട് പിടിച്ചു ഗൾഫിലേക്ക് കേറ്റിവിട്ടുകൊണ്ടിരുന്നു.. ഇങ്ങനെ പന്തുകളിച്ചിട്ട് എന്തു നേടാനാ എന്ന ചോദ്യം കേട്ട് കേട്ട് തഴമ്പിച്ച കാതുകളുമായി പല പടക്കുതിരകളും തങ്ങളുടെ ഫുട്ബോൾ ജീവിതത്തിന് ഫൈനൽ വിസിൽ മുഴങ്ങിയെന്നു കരുതി നെടുവീർപ്പിട്ടു..
പക്ഷെ കാലവും കളവും മാറുകയായിരുന്നു..

 ലോകകപ്പും യൂറോകപ്പും കോപ്പ അമേരിക്കയുമൊക്കെ അവർ ഉത്സവങ്ങളാക്കി. യൂറോപ്യൻ ക്ലബ്ബുകൾക്ക്  വേണ്ടി അവർ വാതുവെക്കാൻ തുടങ്ങി..വെള്ളിയാഴ്ചകളിൽ കിട്ടുന്ന ഒഴിവു ദിവസങ്ങൾ, ലോട്ടറി പോലെ വീണു കിട്ടുന്ന അവധി ദിവസങ്ങൾ എന്നിവയിൽ അവർ ഒത്തുകൂടി ചെറിയ രീതിയിൽ കളിക്കാൻ തുടങ്ങി.. മലയാളിക്ക് ജന്മനായുള്ള ഫുട്ബോൾ പ്രാന്ത് അവന്റെ പ്രവാസ ലോകത്തേക്കും വ്യാപിപ്പിക്കാൻ തുടങ്ങി.ഫുടബോളിനോട് ഏറെ ഇഷ്ടം കാണിക്കുന്ന സ്വദേശികളുടെ പിന്തുണയും കൂടി ആയപ്പോൾ മറുനാട്ടിലും മലയാളികളുടെ ഫുട്ബോൾ ജ്വരം കത്തി ജ്വലിക്കാൻ തുടങ്ങുകയായിരുന്നു..നാടിനെ അപേക്ഷിച്ചു മികച്ച സൗകര്യങ്ങൾ അവർക്ക് ഗൾഫിൽ കിട്ടുകയായിരുന്നു..മികച്ച ഗ്രൗണ്ടും ഫ്ളഡ് ലൈറ്റ് സൗകര്യവും എല്ലാം ഒത്തു ചേർന്നപ്പോൾ സൗഹൃദമത്സരങ്ങൾ ടൂർണമെന്റുകൾക്ക് വഴിയൊരുക്കി. പഴയ താരങ്ങളോടൊപ്പം ഗൾഫിലേക്ക് ചേക്കേറിയ യുവതാരങ്ങളും കൂടിയായപ്പോൾ ഫൈവ്‌സും സെവെൻസും നയൻസും ഇലവൻസുമൊക്കെ അറബിനാട്ടിലെ നിത്യ കാഴ്ചകളായി.. വിവിധ സന്നദ്ധ സംഘടനകൾ ടൂർണമെന്റുകൾ ഒരുക്കി.ടീമുകളും കളിക്കാരും തയ്യാറായി. മറുനാട്ടിൽ ബൂട്ടുകെട്ടാൻ മാത്രം ഗൾഫിലേക്ക് യുവാക്കൾ ചേക്കേറാൻ തുടങ്ങി. ടീമുകളും ടൂർണമെന്റുകളും സ്പോൺസർ ചെയ്യാൻ തയ്യാറായ സ്ഥാപനങ്ങളും വ്യക്തികളും ഒരുപാടൊരുപാട് സഹായങ്ങൾ ചെയ്തുഇതിനു ചുക്കാൻ പിടിക്കാൻ നിരവധി സന്നദ്ധ സംഘടനകളും ഫുട്ബോൾ  അസോസിയേഷനുകളും രംഗത്തുണ്ട്.മലയാളി  ഫുട്ബോൾ ഫാൻസ്‌ ഗ്രൂപ്പുകളായ സൗത്ത് സോക്കേഴ്സ്,മഞ്ഞപ്പട ജി സിസി,  റെഡ് വാരിയേഴ്‌സ് എഫ് സി കേരള ഫാൻസ്‌,ഗോകുലം എഫ് സി ബറ്റാലിയ തുടങ്ങിയ കൂട്ടായ്മകളും എല്ലാ സഹകരണങ്ങളോട് കൂടിയും ഒപ്പമുണ്ട്.പ്രവാസി മലയാളികൾക്ക് കൽപ്പന്തിന്റെ  ഇമ്പമുള്ള ഇശലുകൾ കിട്ടിതുടങ്ങി. ക്ലബ്‌ അടിസ്ഥാനത്തിലും ജില്ലാ അടിസ്ഥാനത്തിലുമൊക്കെ ടൂർണമെന്റുകൾ അണിയിച്ചൊരുക്കപ്പെട്ടു. ഓരോ ടൂർണമെന്റുകളും ഒന്നിനൊന്നു വിജയമായത് സംഘാടകർക്കും കളിക്കാർക്കും കാണികൾക്കും ആവേശത്തിന്റെ നിറക്കാഴ്ചകൾ ഒരുക്കി.
എമിറേറ്റ്സുകളിലും സൗദിയിലും കുവൈറ്റിലും ഖത്തറിലും ഒമാനിലും ബഹ്‌റൈനിലുമൊക്കെ മലയാളികളുടെ കാൽപ്പന്തിന്മേലുള്ള മൊഹബത്ത്  വിവിധ ടൂർണമെന്റുകളുടെ രൂപത്തിൽ പ്രവാസികൾ ആഘോഷിച്ചു.

 ഇപ്പോൾ യു എ ഇയിൽ വെച്ചു നടന്ന ഏഷ്യ കപ്പിൽ മലയാളികളുടെ ഫുട്ബോൾ പ്രാന്തിന്റെ ഏകദേശരൂപം അറബികൾക്ക് മനസ്സിലായിരുന്നു.ഇന്ത്യൻ ദേശീയ ടീമിന്റെ കാളികാണാനായി യു എ ഇയിൽ ഉണ്ടായിരുന്നവരും  ഒമാൻ, കുവൈറ്റ്‌, ബഹറൈൻ, ഖത്തർ എന്നിവിടങ്ങളിലെ പ്രവാസികളായ മലയാളികളും സ്റ്റേഡിയത്തിൽ ഒത്തു കൂടി.ടൂർണമെന്റിൽ ഏറ്റവും കൂടുതൽ ആള് കൂടിയിരുന്നത് ഇന്ത്യൻ ടീമിന്റെ മൂന്നു മത്സരങ്ങൾക്കാണെന്നത് മലയാളി ഫുട്ബോൾ പ്രേമികളുടെ കരുത്തിന്റെ പിൻബലത്തിൽ കൂടിയായിരുന്നു. ഇന്ത്യൻ ടീമിനെ സപ്പോർട്ട് ചെയ്യാൻ നാട്ടിൽ നിന്നും എത്തിയ ബ്ലൂ പിൽഗ്രിംസിന്റെ കൂടെ സൗത്ത് സോക്കേഴ്സും ബറ്റാലിയയും പിന്നെ മഞ്ഞപ്പടയും ഒത്തു കൂടിയപ്പോൾ ആവേശത്തിന്റെ അലകടലായിരുന്നു സ്റ്റേഡിയത്തിൽ.വിജയപരാജയങ്ങൾക്കപ്പുറം തങ്ങളെ സ്നേഹിക്കുന്ന തങ്ങളിൽ പ്രതീക്ഷ വച്ചു പുലർത്തുന്ന ഒരു ജനത ഗൾഫിൽ ഉണ്ടെന്നു ഇന്ത്യൻ ഫുട്ബോൾ മനസ്സിലാക്കുകയായിരുന്നു.ഞങ്ങൾക്കും ആരാധിക്കാനും ആവേശം കൊള്ളാനും ഒരു ടീമുണ്ടെന്നും ബ്രസീലിനും അർജന്റീനക്കും  സ്പെയിനിനും  ജർമനിക്കും  മാത്രമല്ല നീലക്കടുവകൾക്കും തങ്ങളുടെ മനസ്സിൽ ഇടമുണ്ടെന്ന് മലയാളി ഫുട്ബോൾ പ്രേമികൾ അവരെ ബോധ്യപ്പെടുത്തികൊടുത്തു..
 ഖത്തറിൽ നടക്കാൻ പോകുന്ന അടുത്ത ലോകകപ്പ് ഒരു ഉത്സവമാകുമ്പോൾ അതിന്റെ ആവേശത്തിന് അഴകേകാൻ മലയാളി ഫുട്ബോൾ പ്രേമികൾ ഉണ്ടാവുമെന്ന കാര്യത്തിൽ സംശയമൊന്നുമില്ല.. അണഞ്ഞു പോകുമായിരുന്ന ഈ ഫുട്ബോൾ പ്രാന്തിനെ പൂർവാധികം ശക്തിയായി ചേർത്ത് പിടിക്കുന്ന പ്രവാസി മലയാളികൾ ഏറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്നത് മറുനാട്ടിൽ സംഘടിപ്പിക്കപ്പെടുന്ന ഫുട്ബോൾ ടൂര്ണമെന്റുകളോടും സംഘാടകരോടും ടീമുകളോടും കളിക്കാരോടുമൊക്കെതന്നെയാണ്.
പ്രവാസ ജീവിതത്തിന്റെ തിരക്കുകൾക്കിടയിലും ഫുടബോളിനെ പ്രാണനു തുല്യം സ്നേഹിക്കുന്ന ഒരു കൂട്ടരുണ്ട്. ടീമുകൾക്കൊപ്പമോ സംഘാടകരുടെ മുന്നണിയിലോ ഒന്നും ഇവരെ കാണാനാകില്ല.. എന്നാൽ ടൂർണമെന്റുകൾ സംഘടിപ്പിക്കാനും അതിന്റെ വിജയകരമായ നടത്തിപ്പിനും എല്ലാം ഏറെ അധ്വാനിക്കുന്ന നിസ്വാർത്ഥരായ ഒരു പിടി ഫുട്ബോൾ പ്രേമികൾ..നല്ലകാലത്തു തട്ടിനടന്ന കാല്പന്തിനോടുള്ള പ്രണയം ജീവിതത്തിന്റെ തിക്കിലും തിരക്കിലും പെട്ടുഴറുമ്പോളും മുറുക്കെ പിടിച്ചു നെഞ്ചോട് ചേർത്ത് നടക്കുന്നവർ.. നല്ല ഫുട്ബോൾ ആസ്വദിക്കുക, നല്ല കളിക്കാരെ വളർത്തിയെടുക്കുക എന്നത് മാത്രമാണ് ഇവരുടെ ലക്ഷ്യം. തിരശീലക്കു പിറകിൽ ആത്മാർത്ഥതയോടെ പ്രവർത്തിക്കുന്ന അറിയപ്പെടാതെ പോകുന്ന ഈ പ്രവാസി സഹോദരങ്ങൾക്ക് ഒരായിരം അഭിവാദ്യങ്ങൾ.ഗൾഫിൽ എമ്പാടും വളരെ വിജയകരമായി നടക്കുന്ന ഇത്തരം ടൂർണമെന്റുകൾ കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു.പ്രവാസലോകത്തെ ഈ ആഘോഷനിമിഷങ്ങളോടൊപ്പം മലയാളികളുടെ ഒത്തൊരുമയും സ്നേഹബന്ധവും രാഷ്ട്രീയ ജാതിമത ഭേദമന്യേ ആ തുകൽപ്പന്തിൽ ഊതി നിറച്ചുള്ള നമ്മുടെ പ്രാണവായുപോലെ എന്നെന്നും നിലനിൽക്കട്ടെ എന്നും പ്രാർത്ഥിക്കുന്നു.

കേരളത്തിൽ ഊർദ്ധശ്വാസം വലിക്കുന്ന പ്രൊഫഷണൽ ടൂർണമെൻറുകൾ..


ഒരുകാലത്ത് ഇന്ത്യയിലെ തന്നെ പ്രശസ്തമായ ലവൻസ് ടൂർണമെന്റുകൾക്ക് ആതിഥേയത്വം വഹിച്ചിരുന്ന മണ്ണായിരുന്നു കേരളത്തിന്റേത്. ക്ലബുകളുടെയും  ഫണ്ടിങ്ങിന്റെയും അപര്യാപ്തതയോ അധികാരികളുടെ 'ശ്രദ്ധക്കൂടുതലോ' ഫുട്ബോൾ പ്രേമികളുടെ കഷ്ടകാലമോ എന്തോ.. അതെല്ലാം നിർജ്ജീവമായി മാറി.. അങ്ങിനെ കളിക്കളങ്ങൾ സെവൻസിന് മാത്രമായി ഒതുങ്ങി. പിന്നീട് ഫൈവ്‌സും പെനാൽറ്റി ഷൂട്ടൗട്ട്,ഫ്രീകിക്ക് മത്സരങ്ങൾ  എന്നൊക്കെ പറഞ്ഞു പലതും പ്രാദേശികമായി നടക്കുന്നുണ്ടെങ്കിലും അതൊന്നും ഫുട്ബോൾ കേരളത്തിന്‌ വലിയ സംഭാവനകൾ നൽകാൻ പര്യാപ്തമായിരുന്നില്ല. ഇടക്ക് കേരള പ്രീമിയർ ലീഗ് എന്നൊക്കെ പറഞ്ഞു കേരള ഫുട്ബോൾ അസോസിയേഷൻ ഒരു ടൂർണമെന്റ് സംഘടിപ്പിച്ചു എങ്കിലും 'കാര്യപ്രാപ്തിയുടെയും ദീര്ഘവീക്ഷണത്തിന്റെയും' അപ്പോസ്തലന്മാരായ കെ എഫ് എയുടെ വളരെ ക്രിയാത്മകമായ നിലപാടുകൾ മൂലം ഈ വർഷം  എപ്പോ നടക്കുമെന്നോ എങ്ങിനെ നടക്കുമെന്നോ അറിയാൻ പറ്റാത്ത അവസ്ഥയിലാണ് .
ഈ അവസ്ഥയിലാണ് കൊച്ചിയിലെ വേളി ലയൺസ് സംഘടിപ്പിച്ച 'ഒന്നപ്പിള്ളി അന്തപ്പൻ മെമ്മോറിയൽ ഇലവൻസ് ടൂർണമെന്റ്' ഒരു മാതൃകയാവുന്നത്.


എഫ് സി കേരള, ഗോകുലം കേരള (റിസർവ് ), എഫ് സി തൃശൂർ, സാറ്റ് തിരൂർ തുടങ്ങിയ പ്രൊഫഷണൽ ടീമുകളും കെ എസ് ഇ ബി, കേരള പോലീസ്, പോർട്ട്‌ ട്രസ്റ്റ്,സെൻട്രൽ എക്‌സൈസ് എന്നിവരെയും ഉൾപ്പെടുത്തി നടത്തിയ ടൂർണമെന്റ് വൻ വിജയവും പ്രതീക്ഷയുമാണ്.ടൂർണമെന്റിന്റെ കലാശപ്പോരാട്ടത്തിൽ സാറ്റ് തിരൂരിനെ തോൽപ്പിച്ചു കൊണ്ട് കെ എസ് ഇ ബി വിജയകിരീടം ചൂടി.

 ഇതുപോലെ ഉള്ള പ്രൊഫഷണൽ ടൂർണമെന്റുകൾ വന്നാലേ കേരളത്തിലെ ഫുട്ബോൾ ശരിക്കും രക്ഷപെടുകയുള്ളു. വിസ്മൃതിയിലായ നാഗ്‌ജി, ചാക്കോള, നായനാർ മെമ്മോറിയൽ പോലുള്ള ടൂർണമെന്റുകൾ ഇനിയും വരണം. പ്രൊഫഷണൽ ടീമുകൾക്ക് മത്സരിക്കാൻ ഗ്രൗണ്ടുകൾ ഉണ്ടാകണം. ഒപ്പം ഡിപ്പാർട്ടമെന്റ് ടീമുകൾക്കും അവസരം ലഭിക്കണം. നല്ല ടീമുകളും കളികളും കാണികളും സ്പോൺസർഷിപ്പും തനിയെ വന്നോളും.. മറ്റുള്ളവർക്ക് മാതൃക കാണിച്ച വേളി ലയൺസിനെയും ടൂർണമെന്റിനോട് സഹകരിച്ചവരോടും ഒരിക്കൽ കൂടി അഭിനന്ദിക്കുന്നു. ഇത് എല്ലാ വർഷവും ഉണ്ടാകുമെന്ന് പ്രത്യാശിക്കുന്നു.

വിരാമതിലകം : കേരള പ്രീമിയർ ലീഗിനെ കുറിച്ചോ നടത്തിപ്പുകാരായ കെ എഫ് എ യെക്കുറിച്ചോ എന്തെങ്കിലും വിവരം ലഭിക്കുന്നവർ കമെന്റ് ബോക്സിൽ അറിയിക്കണേ എന്ന് അഭ്യർത്ഥിക്കുന്നു.

അന്താരാഷ്ട്ര കായികാനുഭവം ഇനി തിരൂരിലും...


കേരളത്തിൽ  കായിക വിനോദത്തെ മറ്റെന്തിനേക്കാളും നെഞ്ചിലേറ്റിയവരുടെ നാടായ മലപ്പുറത്തിന്റെ മണ്ണിലേക്ക് ഇതാ കായിക പ്രേമികൾ ഇന്നേവരെ കണ്ടിട്ടില്ലാത്ത കായിക  വിനോദ കേന്ദ്രം ‘Sportza’.
ഫുട്ബോൾ 7’s/5’s ടർഫ് , ഇൻഡോർ ബാഡ്മിന്റൺ കോർട്ട്, പ്ലെസ്‌റ്റേഷൻ, ഫുട്‌ബോൾ  തുടങ്ങി ഒരുപാട് കായിക വിനോദങ്ങളും കൂടാതെ അന്താരാഷ്ട്ര നിലാവാരത്തിൽ  സജ്ജീകരിച്ചിട്ടുള്ള കോഫി ഷോപ്പ് ,കായിക ഉല്പന്നങ്ങൾ വിൽക്കുന്ന സ്പോർട്സ് ഷോപ്പ് ഇവയെല്ലാം ഒരു കുടക്കീഴിൽ വരുന്ന മലപ്പുറത്തെ ആദ്യത്തെ  സ്പോർട്സ്  സോൺ.

ഒരുപാട് ആധുനിക സാങ്കേതിക  വിദ്യകളാണ്  'sportza'യിൽ നിങ്ങളെ  കാത്തിരിക്കുന്നത് . വിദേശ രാജ്യങ്ങളോട്  കിടപിടിക്കുന്ന തരത്തിലുള്ള ഫുട്ബോൾ ഗ്രാസ്സിനോടൊപ്പം തന്നെ വേനലിന്റെ  ചൂടിൽ മഴയുടെ  കുളിർമ പകരുന്ന വാട്ടർ ഫോഗ് സിസ്റ്റവും 'sportza'യിൽ  നിങ്ങൾക്ക് ലഭിക്കും. മലപ്പുറം തീരുർ ബിപി അങ്ങാടിയിൽ  ഈ വരുന്ന എട്ടാംതിയതി വൈകിട്ട് 4:30ന് പ്രവർത്തനം ആരംഭിക്കുന്ന 'sportza'യിലേക്ക് എല്ലാ കായിക വിനോദ പ്രേമികളെയും  സ്വാഗതം ചെയ്യുന്നു.

Blog Archive

Labels

Followers