Monday, March 4, 2019

കേരളത്തിൽ ഊർദ്ധശ്വാസം വലിക്കുന്ന പ്രൊഫഷണൽ ടൂർണമെൻറുകൾ..


ഒരുകാലത്ത് ഇന്ത്യയിലെ തന്നെ പ്രശസ്തമായ ലവൻസ് ടൂർണമെന്റുകൾക്ക് ആതിഥേയത്വം വഹിച്ചിരുന്ന മണ്ണായിരുന്നു കേരളത്തിന്റേത്. ക്ലബുകളുടെയും  ഫണ്ടിങ്ങിന്റെയും അപര്യാപ്തതയോ അധികാരികളുടെ 'ശ്രദ്ധക്കൂടുതലോ' ഫുട്ബോൾ പ്രേമികളുടെ കഷ്ടകാലമോ എന്തോ.. അതെല്ലാം നിർജ്ജീവമായി മാറി.. അങ്ങിനെ കളിക്കളങ്ങൾ സെവൻസിന് മാത്രമായി ഒതുങ്ങി. പിന്നീട് ഫൈവ്‌സും പെനാൽറ്റി ഷൂട്ടൗട്ട്,ഫ്രീകിക്ക് മത്സരങ്ങൾ  എന്നൊക്കെ പറഞ്ഞു പലതും പ്രാദേശികമായി നടക്കുന്നുണ്ടെങ്കിലും അതൊന്നും ഫുട്ബോൾ കേരളത്തിന്‌ വലിയ സംഭാവനകൾ നൽകാൻ പര്യാപ്തമായിരുന്നില്ല. ഇടക്ക് കേരള പ്രീമിയർ ലീഗ് എന്നൊക്കെ പറഞ്ഞു കേരള ഫുട്ബോൾ അസോസിയേഷൻ ഒരു ടൂർണമെന്റ് സംഘടിപ്പിച്ചു എങ്കിലും 'കാര്യപ്രാപ്തിയുടെയും ദീര്ഘവീക്ഷണത്തിന്റെയും' അപ്പോസ്തലന്മാരായ കെ എഫ് എയുടെ വളരെ ക്രിയാത്മകമായ നിലപാടുകൾ മൂലം ഈ വർഷം  എപ്പോ നടക്കുമെന്നോ എങ്ങിനെ നടക്കുമെന്നോ അറിയാൻ പറ്റാത്ത അവസ്ഥയിലാണ് .
ഈ അവസ്ഥയിലാണ് കൊച്ചിയിലെ വേളി ലയൺസ് സംഘടിപ്പിച്ച 'ഒന്നപ്പിള്ളി അന്തപ്പൻ മെമ്മോറിയൽ ഇലവൻസ് ടൂർണമെന്റ്' ഒരു മാതൃകയാവുന്നത്.


എഫ് സി കേരള, ഗോകുലം കേരള (റിസർവ് ), എഫ് സി തൃശൂർ, സാറ്റ് തിരൂർ തുടങ്ങിയ പ്രൊഫഷണൽ ടീമുകളും കെ എസ് ഇ ബി, കേരള പോലീസ്, പോർട്ട്‌ ട്രസ്റ്റ്,സെൻട്രൽ എക്‌സൈസ് എന്നിവരെയും ഉൾപ്പെടുത്തി നടത്തിയ ടൂർണമെന്റ് വൻ വിജയവും പ്രതീക്ഷയുമാണ്.ടൂർണമെന്റിന്റെ കലാശപ്പോരാട്ടത്തിൽ സാറ്റ് തിരൂരിനെ തോൽപ്പിച്ചു കൊണ്ട് കെ എസ് ഇ ബി വിജയകിരീടം ചൂടി.

 ഇതുപോലെ ഉള്ള പ്രൊഫഷണൽ ടൂർണമെന്റുകൾ വന്നാലേ കേരളത്തിലെ ഫുട്ബോൾ ശരിക്കും രക്ഷപെടുകയുള്ളു. വിസ്മൃതിയിലായ നാഗ്‌ജി, ചാക്കോള, നായനാർ മെമ്മോറിയൽ പോലുള്ള ടൂർണമെന്റുകൾ ഇനിയും വരണം. പ്രൊഫഷണൽ ടീമുകൾക്ക് മത്സരിക്കാൻ ഗ്രൗണ്ടുകൾ ഉണ്ടാകണം. ഒപ്പം ഡിപ്പാർട്ടമെന്റ് ടീമുകൾക്കും അവസരം ലഭിക്കണം. നല്ല ടീമുകളും കളികളും കാണികളും സ്പോൺസർഷിപ്പും തനിയെ വന്നോളും.. മറ്റുള്ളവർക്ക് മാതൃക കാണിച്ച വേളി ലയൺസിനെയും ടൂർണമെന്റിനോട് സഹകരിച്ചവരോടും ഒരിക്കൽ കൂടി അഭിനന്ദിക്കുന്നു. ഇത് എല്ലാ വർഷവും ഉണ്ടാകുമെന്ന് പ്രത്യാശിക്കുന്നു.

വിരാമതിലകം : കേരള പ്രീമിയർ ലീഗിനെ കുറിച്ചോ നടത്തിപ്പുകാരായ കെ എഫ് എ യെക്കുറിച്ചോ എന്തെങ്കിലും വിവരം ലഭിക്കുന്നവർ കമെന്റ് ബോക്സിൽ അറിയിക്കണേ എന്ന് അഭ്യർത്ഥിക്കുന്നു.

1 comment:

  1. KPL നടത്തുത് KFA ആണെങ്കിലും ആരുജയിച്ചു,തോറ്റു എന്ന് ഫുട്ബോൾ പ്രേമികളോ, പൊതു ജനങ്ങളോ അറിറിയാറില്ല KFA യെ അടിമുടി മാറ്റണം

    ReplyDelete

Blog Archive

Labels

Followers