Wednesday, March 13, 2019

ഐ ലീഗിന് ലോങ്ങ്‌ വിസിൽ മുഴങ്ങുമ്പോൾ..




ഈ സീസണോടെ ഐ ലീഗ് ഇന്ത്യൻ ഫുട്ബോൾ ലോകത്തു നിന്നും വിട പറയും എന്നാണ് ലഭ്യമാകുന്ന വിവരം. അടുത്ത സീസൺ മുതൽ ഐ ലീഗ് ടീമുകളും ഐ എസ് എൽ ടീമുകളും ഉൾപ്പെട്ട ഒറ്റ ലീഗാണ് ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ മുന്നോട്ടു വെക്കുന്നത്. പേര് ഇന്ത്യൻ സൂപ്പർ ലീഗ് എന്ന് തന്നെയാകും. ഇത് യഥാർത്ഥമായാൽ ഐ ലീഗിലെ അവസാന ചാമ്പ്യൻമാരാകും ചെന്നൈ സിറ്റി എഫ് സി. പന്ത്രണ്ട് വർഷം മുൻപ് ഇന്ത്യൻ ഫുട്ബോൾ ലോകത്തു അവതരിച്ച ഐ ലീഗിലേക്ക് ഒരെത്തിനോട്ടം. 

1996 ൽ ആരംഭിച്ച ദേശീയ ഫുട്ബോൾ ലീഗ് ആണ് അടിമുടി മാറ്റങ്ങളോടെ 2007 ൽ  ഐ ലീഗ് എന്ന പേരിൽ പിറവിയെടുത്തത്. ഒഎൻ ജിസി സ്പോൺസർമാരായ പ്രഥമ ഐ ലീഗിൽ കേരളത്തിൽ നിന്നുള്ള വിവ കേരളയടക്കം പത്തു ടീമുകളാണ് അണിനിരന്നത്. ഗോവയിൽ നിന്നുള്ള ഡെംപോയും സാൽഗോക്കറും തമ്മിലുള്ള പ്രഥമ മത്സരത്തിൽ വിജയത്തോടെ തുടങ്ങിയ ഡെംപോ തന്നെ പ്രഥമ ചാമ്പ്യന്മാരുമായി. ആ സീസണിൽ ഏറ്റവും അവസാന സ്ഥാനക്കാരായ വിവ കേരളയും സാൽഗോക്കറും സെക്കന്റ്‌ ഡിവിഷനിലേക്ക് തരം താഴ്ത്തപ്പെട്ടു. തൊട്ടടുത്ത സീസണിൽ പന്ത്രണ്ട് ടീമുകളായി എണ്ണം കൂടിയപ്പോൾ മുംബൈ, ചിരാഗ്, മുഹമ്മദെൻസ്, വാസ്കോ എന്നിവർ ഐ ലീഗിൽ എത്തി. 2009ൽ വീണ്ടും 14 ടീമുകളായി വികസിപ്പിച്ചപ്പോൾ വിവക്കും സാൽഗോക്കറിനും ഒപ്പം ഷില്ലോങ്ങും പുണെയും ഐ ലീഗിൽ എത്തി. 

ഡെംപോ,ചർച്ചിൽ, സാൽഗോക്കർ, ബംഗളുരു, മോഹൻബഗാൻ, ഐസ്വാൾ, മിനർവ, ചെന്നൈ സിറ്റി എന്നിവരൊക്കെ ഐ ലീഗിന്റെ സിംഹാസനം അലങ്കരിച്ചവരാണ്. 

ഫുട്ബോൾ അസോസിയേഷനും ക്ലബുകളും പലപ്പോളും പല കാര്യങ്ങൾക്കും ഉരസിയിരുന്നു. ക്ലബുകൾ നടത്തിക്കൊണ്ട് പോകാനുള്ള ചിലവുകൾ പലപ്പോഴും ക്രമാതീതമായി വർധിച്ചപ്പോൾ പല പ്രതാപികളായ ക്ലബുകളും കളിയവസാനിപ്പിച്ചു. അതുപോലെ തന്നെ ഫെഡറേഷൻ ഇന്ത്യൻ യുവതാരങ്ങൾക്ക് അവസരം നൽകുന്നതിനായി ആരോസ് എന്നൊരു  ഡെവലപമെന്റൽ ടീമും ഐ ലീഗിലേക്ക് കൂട്ടിചേർത്തു. അങ്ങനെ ഐ ലീഗിലേക്ക്  ഒരുപാട് ടീമുകൾ വന്നും പോയുമിരുന്നു. അതിനിടക്ക് 2014ൽ സ്വകാര്യ പങ്കാളിത്തത്തോടെ ഇന്ത്യൻ സൂപ്പർ ലീഗ് ഇന്ത്യൻ ഫുടബോളിൽ വിപ്ലവം രചിക്കാനെത്തി. ഒരുപാട് അനുകൂല ഘടകങ്ങൾ ഐഎസ്എല്ലിന്  ഉണ്ടായിരുന്നു. താരത്തിളക്കവും പണക്കൊഴുപ്പും മാർക്കറ്റിങ്ങും  ബ്രോഡ്കാസ്റ്റിങ്ങും എന്ന് വേണ്ട എല്ലായിടത്തും ഐ എസ് എൽ ഐ ലീഗിനെ പിന്തള്ളിക്കൊണ്ടിരുന്നു. അതോടെ ഐ ലീഗിനെ ഫെഡറേഷൻ അവഗണിക്കുകയാണെന്ന് എല്ലാവരും പറഞ്ഞു തുടങ്ങി. ബ്രോഡ്കാസ്റ്റിംഗിലെ ഇരട്ടത്താപ്പും നട്ടുച്ചക്ക് മത്സരം ക്രമീകരിച്ചതും എല്ലാം തന്നെ ഐ ലീഗിനെതിരെയുള്ള ചിറ്റമ്മ നയത്തിന്റെ ഭാഗമായി വ്യാഖ്യാനിക്കപ്പെട്ടു. ഒരു രാജ്യത്ത് ഒരു പ്രാഥമിക ലീഗ് മതി എന്ന എ എഫ് സി യുടെ കർശന നിർദ്ദേശം വന്നതോടെ പന്ത്രണ്ട് വർഷത്തെ ഐ ലീഗിന്റെ  പ്രയാണത്തിന് അവസാനമാവുകയാണ്. 

ഐ എസ് എല്ലിന്റെ തിളക്കം കുറച്ചു കുറഞ്ഞതും ഐ ലീഗിൽ നല്ല നിലവാരമുള്ള മത്സരങ്ങൾ നടക്കുന്നതും ആരാധകരെ ആകര്ഷിക്കുന്നുണ്ടെങ്കിലും മത്സരങ്ങൾ സംപ്രേഷണം ചെയ്യാതെ സ്റ്റാർ സ്പോർട്സ് ഐ ലീഗിനെ അപമാനിക്കുകയായിരുന്നു. രഞ്ജിത്ത് ബജാജ് പോലെയുള്ള ടീമുടമകൾ പരസ്യമായിതന്നെ ഫെഡറേഷനും സ്റ്റാർ സ്പോർട്സിനുമെതിരെ രംഗത്ത് വരികയും ചെയ്തു. ഇപ്പോൾ സൂപ്പർ കപ്പിനെതിരെയും ഐ ലീഗ് ടീമുകൾ കലാപക്കൊടി ഉയർത്തുന്നുണ്ട്. 

എന്തൊക്കെയായാലും ഒരുപാട് മധുരമുള്ള കാഴ്ചകൾ നൽകിയ, ആവേശത്തിന്റെ അലകടൽ ഉയർത്തിയ, നിരവധി താരങ്ങളെ സമ്മാനിച്ച, ഈ സീസണിന്റെ അന്ത്യത്തിൽ ചെന്നൈ സിറ്റിയുടെ കിരീടധാരണത്തോടെ വിസ്മൃതിയിലായ ഐ ലീഗിന് സ്‌നേഹപൂർണമായ ഗുഡ്ബൈ.

0 comments:

Post a Comment

Blog Archive

Labels

Followers