"ഫുട്ബോളിൽ ഏറ്റവും മോശമായത് ഒഴിവുകഴിവുകൾ പറയലാണ്..ഒഴിഞ്ഞു മാറൽ സൂചിപ്പിക്കുന്നത് നിനക്ക് വളരാനോ മുന്നോട്ടു പോകാനോ കഴിവില്ലായ്മയെയാണ്.."
പെപ് ഗ്വാർഡിയോള
ജീവിതത്തിന്റെ മരുപ്പച്ച തേടിയുള്ള മലയാളിയുടെ മണലാരണ്യജീവിതത്തിന് അര നൂറ്റാണ്ടിനുമതികം പഴക്കം ചെന്നിരിക്കുന്നു.ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പെടാപ്പാട് പെട്ടിരുന്ന ശരാശരി മലയാളിയുടെ മനസ്സിലെ സ്വർഗ്ഗകവാടം തന്നെയായിരുന്നു ഗൾഫിലേക്കുള്ള ഒരു വിസ.. വർഷങ്ങളോളം സ്വന്തം കുടുംബത്തിന്റെയും നാടിന്റെയുമൊക്കെ നന്മക്കായി ചോരനീരാക്കി അധ്വാനിക്കുന്ന പ്രവാസി ഇടക്കാല ആശ്വാസം പോലെ ലഭിച്ചിരുന്ന തുച്ഛമായ അവധി ദിനങ്ങളിലായിരുന്നു ജീവിതത്തിൽ സന്തോഷവും സമാധാനവും ഒക്കെ അനുഭവിക്കുന്നത്.. അതൊന്ന് ആസ്വദിച്ചു വരുമ്പോഴേക്കും മടങ്ങാനുള്ള സമയമാവുകയും ചെയ്യും..
നാട്ടിലെ പാടത്തും പറമ്പത്തും പന്ത് തട്ടിക്കളിച്ചിരുന്ന മലയാളി യുവാക്കൾ ഗൾഫ് ജീവിതത്തിന്റെ കളിക്കളത്തിൽ ബൂട്ട് കെട്ടാനിറങ്ങുമ്പോൾ തന്റെ കഴിഞ്ഞ കാല ഫുട്ബോൾ ജീവിതത്തിന്റെ ഓർമ്മകൾ അയവിറക്കുവാൻ മാത്രമായിരിക്കും വിധിക്കപ്പെട്ടിരിക്കുക... നാട്ടിൽ ഫുട്ബോൾ കളിപ്രാന്തു തലയ്ക്കു പിടിച്ചു നടന്നു കളിക്കാനും കാളികാണാനും നടന്നവന്മാരെ വീട്ടുകാരും നാട്ടുകാരും ഓടിച്ചിട്ട് പിടിച്ചു ഗൾഫിലേക്ക് കേറ്റിവിട്ടുകൊണ്ടിരുന്നു.. ഇങ്ങനെ പന്തുകളിച്ചിട്ട് എന്തു നേടാനാ എന്ന ചോദ്യം കേട്ട് കേട്ട് തഴമ്പിച്ച കാതുകളുമായി പല പടക്കുതിരകളും തങ്ങളുടെ ഫുട്ബോൾ ജീവിതത്തിന് ഫൈനൽ വിസിൽ മുഴങ്ങിയെന്നു കരുതി നെടുവീർപ്പിട്ടു..
പക്ഷെ കാലവും കളവും മാറുകയായിരുന്നു..
ലോകകപ്പും യൂറോകപ്പും കോപ്പ അമേരിക്കയുമൊക്കെ അവർ ഉത്സവങ്ങളാക്കി. യൂറോപ്യൻ ക്ലബ്ബുകൾക്ക് വേണ്ടി അവർ വാതുവെക്കാൻ തുടങ്ങി..വെള്ളിയാഴ്ചകളിൽ കിട്ടുന്ന ഒഴിവു ദിവസങ്ങൾ, ലോട്ടറി പോലെ വീണു കിട്ടുന്ന അവധി ദിവസങ്ങൾ എന്നിവയിൽ അവർ ഒത്തുകൂടി ചെറിയ രീതിയിൽ കളിക്കാൻ തുടങ്ങി.. മലയാളിക്ക് ജന്മനായുള്ള ഫുട്ബോൾ പ്രാന്ത് അവന്റെ പ്രവാസ ലോകത്തേക്കും വ്യാപിപ്പിക്കാൻ തുടങ്ങി.ഫുടബോളിനോട് ഏറെ ഇഷ്ടം കാണിക്കുന്ന സ്വദേശികളുടെ പിന്തുണയും കൂടി ആയപ്പോൾ മറുനാട്ടിലും മലയാളികളുടെ ഫുട്ബോൾ ജ്വരം കത്തി ജ്വലിക്കാൻ തുടങ്ങുകയായിരുന്നു..നാടിനെ അപേക്ഷിച്ചു മികച്ച സൗകര്യങ്ങൾ അവർക്ക് ഗൾഫിൽ കിട്ടുകയായിരുന്നു..മികച്ച ഗ്രൗണ്ടും ഫ്ളഡ് ലൈറ്റ് സൗകര്യവും എല്ലാം ഒത്തു ചേർന്നപ്പോൾ സൗഹൃദമത്സരങ്ങൾ ടൂർണമെന്റുകൾക്ക് വഴിയൊരുക്കി. പഴയ താരങ്ങളോടൊപ്പം ഗൾഫിലേക്ക് ചേക്കേറിയ യുവതാരങ്ങളും കൂടിയായപ്പോൾ ഫൈവ്‌സും സെവെൻസും നയൻസും ഇലവൻസുമൊക്കെ അറബിനാട്ടിലെ നിത്യ കാഴ്ചകളായി.. വിവിധ സന്നദ്ധ സംഘടനകൾ ടൂർണമെന്റുകൾ ഒരുക്കി.ടീമുകളും കളിക്കാരും തയ്യാറായി. മറുനാട്ടിൽ ബൂട്ടുകെട്ടാൻ മാത്രം ഗൾഫിലേക്ക് യുവാക്കൾ ചേക്കേറാൻ തുടങ്ങി. ടീമുകളും ടൂർണമെന്റുകളും സ്പോൺസർ ചെയ്യാൻ തയ്യാറായ സ്ഥാപനങ്ങളും വ്യക്തികളും ഒരുപാടൊരുപാട് സഹായങ്ങൾ ചെയ്തുഇതിനു ചുക്കാൻ പിടിക്കാൻ നിരവധി സന്നദ്ധ സംഘടനകളും ഫുട്ബോൾ അസോസിയേഷനുകളും രംഗത്തുണ്ട്.മലയാളി ഫുട്ബോൾ ഫാൻസ് ഗ്രൂപ്പുകളായ സൗത്ത് സോക്കേഴ്സ്,മഞ്ഞപ്പട ജി സിസി, റെഡ് വാരിയേഴ്‌സ് എഫ് സി കേരള ഫാൻസ്,ഗോകുലം എഫ് സി ബറ്റാലിയ തുടങ്ങിയ കൂട്ടായ്മകളും എല്ലാ സഹകരണങ്ങളോട് കൂടിയും ഒപ്പമുണ്ട്.പ്രവാസി മലയാളികൾക്ക് കൽപ്പന്തിന്റെ ഇമ്പമുള്ള ഇശലുകൾ കിട്ടിതുടങ്ങി. ക്ലബ് അടിസ്ഥാനത്തിലും ജില്ലാ അടിസ്ഥാനത്തിലുമൊക്കെ ടൂർണമെന്റുകൾ അണിയിച്ചൊരുക്കപ്പെട്ടു. ഓരോ ടൂർണമെന്റുകളും ഒന്നിനൊന്നു വിജയമായത് സംഘാടകർക്കും കളിക്കാർക്കും കാണികൾക്കും ആവേശത്തിന്റെ നിറക്കാഴ്ചകൾ ഒരുക്കി.
എമിറേറ്റ്സുകളിലും സൗദിയിലും കുവൈറ്റിലും ഖത്തറിലും ഒമാനിലും ബഹ്‌റൈനിലുമൊക്കെ മലയാളികളുടെ കാൽപ്പന്തിന്മേലുള്ള മൊഹബത്ത് വിവിധ ടൂർണമെന്റുകളുടെ രൂപത്തിൽ പ്രവാസികൾ ആഘോഷിച്ചു.
ഇപ്പോൾ യു എ ഇയിൽ വെച്ചു നടന്ന ഏഷ്യ കപ്പിൽ മലയാളികളുടെ ഫുട്ബോൾ പ്രാന്തിന്റെ ഏകദേശരൂപം അറബികൾക്ക് മനസ്സിലായിരുന്നു.ഇന്ത്യൻ ദേശീയ ടീമിന്റെ കാളികാണാനായി യു എ ഇയിൽ ഉണ്ടായിരുന്നവരും ഒമാൻ, കുവൈറ്റ്, ബഹറൈൻ, ഖത്തർ എന്നിവിടങ്ങളിലെ പ്രവാസികളായ മലയാളികളും സ്റ്റേഡിയത്തിൽ ഒത്തു കൂടി.ടൂർണമെന്റിൽ ഏറ്റവും കൂടുതൽ ആള് കൂടിയിരുന്നത് ഇന്ത്യൻ ടീമിന്റെ മൂന്നു മത്സരങ്ങൾക്കാണെന്നത് മലയാളി ഫുട്ബോൾ പ്രേമികളുടെ കരുത്തിന്റെ പിൻബലത്തിൽ കൂടിയായിരുന്നു. ഇന്ത്യൻ ടീമിനെ സപ്പോർട്ട് ചെയ്യാൻ നാട്ടിൽ നിന്നും എത്തിയ ബ്ലൂ പിൽഗ്രിംസിന്റെ കൂടെ സൗത്ത് സോക്കേഴ്സും ബറ്റാലിയയും പിന്നെ മഞ്ഞപ്പടയും ഒത്തു കൂടിയപ്പോൾ ആവേശത്തിന്റെ അലകടലായിരുന്നു സ്റ്റേഡിയത്തിൽ.വിജയപരാജയങ്ങൾക്കപ്പുറം തങ്ങളെ സ്നേഹിക്കുന്ന തങ്ങളിൽ പ്രതീക്ഷ വച്ചു പുലർത്തുന്ന ഒരു ജനത ഗൾഫിൽ ഉണ്ടെന്നു ഇന്ത്യൻ ഫുട്ബോൾ മനസ്സിലാക്കുകയായിരുന്നു.ഞങ്ങൾക്കും ആരാധിക്കാനും ആവേശം കൊള്ളാനും ഒരു ടീമുണ്ടെന്നും ബ്രസീലിനും അർജന്റീനക്കും സ്പെയിനിനും ജർമനിക്കും മാത്രമല്ല നീലക്കടുവകൾക്കും തങ്ങളുടെ മനസ്സിൽ ഇടമുണ്ടെന്ന് മലയാളി ഫുട്ബോൾ പ്രേമികൾ അവരെ ബോധ്യപ്പെടുത്തികൊടുത്തു..
ഖത്തറിൽ നടക്കാൻ പോകുന്ന അടുത്ത ലോകകപ്പ് ഒരു ഉത്സവമാകുമ്പോൾ അതിന്റെ ആവേശത്തിന് അഴകേകാൻ മലയാളി ഫുട്ബോൾ പ്രേമികൾ ഉണ്ടാവുമെന്ന കാര്യത്തിൽ സംശയമൊന്നുമില്ല.. അണഞ്ഞു പോകുമായിരുന്ന ഈ ഫുട്ബോൾ പ്രാന്തിനെ പൂർവാധികം ശക്തിയായി ചേർത്ത് പിടിക്കുന്ന പ്രവാസി മലയാളികൾ ഏറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്നത് മറുനാട്ടിൽ സംഘടിപ്പിക്കപ്പെടുന്ന ഫുട്ബോൾ ടൂര്ണമെന്റുകളോടും സംഘാടകരോടും ടീമുകളോടും കളിക്കാരോടുമൊക്കെതന്നെയാണ്.
പ്രവാസ ജീവിതത്തിന്റെ തിരക്കുകൾക്കിടയിലും ഫുടബോളിനെ പ്രാണനു തുല്യം സ്നേഹിക്കുന്ന ഒരു കൂട്ടരുണ്ട്. ടീമുകൾക്കൊപ്പമോ സംഘാടകരുടെ മുന്നണിയിലോ ഒന്നും ഇവരെ കാണാനാകില്ല.. എന്നാൽ ടൂർണമെന്റുകൾ സംഘടിപ്പിക്കാനും അതിന്റെ വിജയകരമായ നടത്തിപ്പിനും എല്ലാം ഏറെ അധ്വാനിക്കുന്ന നിസ്വാർത്ഥരായ ഒരു പിടി ഫുട്ബോൾ പ്രേമികൾ..നല്ലകാലത്തു തട്ടിനടന്ന കാല്പന്തിനോടുള്ള പ്രണയം ജീവിതത്തിന്റെ തിക്കിലും തിരക്കിലും പെട്ടുഴറുമ്പോളും മുറുക്കെ പിടിച്ചു നെഞ്ചോട് ചേർത്ത് നടക്കുന്നവർ.. നല്ല ഫുട്ബോൾ ആസ്വദിക്കുക, നല്ല കളിക്കാരെ വളർത്തിയെടുക്കുക എന്നത് മാത്രമാണ് ഇവരുടെ ലക്ഷ്യം. തിരശീലക്കു പിറകിൽ ആത്മാർത്ഥതയോടെ പ്രവർത്തിക്കുന്ന അറിയപ്പെടാതെ പോകുന്ന ഈ പ്രവാസി സഹോദരങ്ങൾക്ക് ഒരായിരം അഭിവാദ്യങ്ങൾ.ഗൾഫിൽ എമ്പാടും വളരെ വിജയകരമായി നടക്കുന്ന ഇത്തരം ടൂർണമെന്റുകൾ കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു.പ്രവാസലോകത്തെ ഈ ആഘോഷനിമിഷങ്ങളോടൊപ്പം മലയാളികളുടെ ഒത്തൊരുമയും സ്നേഹബന്ധവും രാഷ്ട്രീയ ജാതിമത ഭേദമന്യേ ആ തുകൽപ്പന്തിൽ ഊതി നിറച്ചുള്ള നമ്മുടെ പ്രാണവായുപോലെ എന്നെന്നും നിലനിൽക്കട്ടെ എന്നും പ്രാർത്ഥിക്കുന്നു.
0 comments:
Post a Comment