കളിയെഴുത്തിന് ചില പൊടിക്കൈകൾ..
കേരളത്തിൽ ഫുട്ബോൾ ട്രോളന്മാർക്ക് യാതൊരു പഞ്ഞവുമില്ല.. എന്നാൽ ഒരു കളിയെ വിശകലനം ചെയ്യുന്നതിലോ റിപ്പോർട്ട് ചെയ്യുന്നതിലോ ആരും വലിയ താല്പര്യം കാണിക്കുന്നതായി കണ്ടിട്ടില്ല. എഴുത്തിനെ കുറിച്ച് അറിവില്ലാത്തതോ എങ്ങെനെ എഴുതണം എന്നറിയാത്തതോ ആണ് നിങ്ങളുടെ ബുദ്ധിമുട്ടെങ്കിൽ അതിന് ഒരു പരിധി വരെ പരിഹാരം കാണാവുന്ന പൊടിക്കൈകൾ ഇതാ..
1.ഭാഷ : മലയാളഭാഷ നന്നായി കൈകാര്യം ചെയ്യാനറിയണം. അതിനായി മലയാള സാഹിത്യമൊ ഗ്രാമറോ പഠിക്കണം എന്നില്ല. നമ്മൾ സാധാരണ സംസാരിക്കുന്ന സിമ്പിൾ മലയാളം തന്നെ ഉപയോഗിച്ച് എഴുതുക.പക്ഷെ സാധാരണ ട്രോളുകളിലൊക്കെ ഉപയോഗിക്കുന്ന മോശം പദപ്രയോഗങ്ങൾ ഒഴിവാക്കുന്നതാണ് ഉത്തമം. പരമാവധി മലയാളം ഉപയോഗിക്കുക.ഇനി നമ്മുടെ മനസ്സിൽ ഇംഗ്ലീഷ് വക്കാണ് വരുന്നത് എങ്കിൽ അതിന്റെ ലളിതമായ മലയാളം അർത്ഥമോ അല്ലെങ്കിൽ ആ ഇംഗ്ലീഷ് വാക്ക് തന്നെയോ ഉപയോഗിക്കാം.
2.വായന : മലയാളം പത്രങ്ങൾ,മാസികകൾ, ഫേസ്ബുക്കിലും മറ്റും വരുന്ന സ്പോർട്സ് സംബന്ധമായ ലേഖനങ്ങൾ,അങ്ങിനെ എന്തും. നന്നായി വായിക്കുന്നവന് നനന്നായി ഭാഷ വഴങ്ങും.നന്നായി എഴുതാനും സാധിക്കും. ചില ഉപമകൾ, ശൈലികൾ എന്നിവ നമുക്ക് കിട്ടുന്നത് വായനയിലൂടെയാണ്.മാത്രമല്ല പ്രശസ്തരുടെ വാക്കുകൾ, ഉദ്ധരണികൾ (quotes) എന്നിവയൊക്കെ ലേഖനങ്ങളിൽ ഉൾപ്പെടുത്തി മനോഹരവുമാക്കാം.
3.അറിവ് സമ്പാദിക്കൽ : നമ്മൾ എഴുതാൻ പോകുന്ന വിഷയം, അതിനെ സപ്പോർട്ട് ചെയ്യുന്ന കാര്യങ്ങൾ എന്നിവയെ കുറിച്ച് നല്ല അറിവ് വേണം. ഉദാഹരണത്തിന് ഒരു ടീമിനെ കുറിച്ചെഴുതുമ്പോൾ കളിക്കാർ, കോച്ച്, മുൻകാല ചരിത്രം, പ്രകടനമികവ്, നേട്ടങ്ങൾ, പ്രതീക്ഷകൾ എന്നിവയെല്ലാം അറിയണം. ടീമിനെ കുറിച്ചുള്ള റിപോർട്ടുകൾ, വിക്കിപീഡിയ എന്നിവയൊക്കെ നമുക്ക് റഫറൻസിനായി ഉപയോഗിക്കാം.
4. ഉള്ളടക്കം : നമ്മൾ എഴുതാൻ പോകുന്ന വിഷയം എന്തിനെകുറിച്ചാണ്, അതിൽ എന്തൊക്കെ വിഷയങ്ങൾ ഉൾപ്പെടുത്തണം, എന്നൊക്കെ ഒരു രൂപരേഖ മനസ്സിൽ ആദ്യം ഉണ്ടാക്കിയാലെ നമ്മുടെ എഴുത്തിനു ഒരു ഒഴുക്കും വൃത്തിയും ഒക്കെ ഉണ്ടാവുകയുള്ളൂ. ഉദാഹരണത്തിന് ഒരു കളിക്കാരനെ കുറിച്ചുള്ള റിപ്പോർട്ട് ആണ് ഉദ്ദേശമെങ്കിൽ അയാളുടെ ആദ്യകാലം മുതൽ ഇതുവരെ ഉള്ള കളി ജീവിതത്തിന്റെ ഒരു ചെറിയ സംഗ്രഹം,കളിച്ച ടീമുകൾ, അവിടുത്തെ അയാളുടെ പ്രധാന പ്രകടനങ്ങൾ, നേടിയ പുരസ്‌കാരങ്ങൾ എന്നിങ്ങനെ മൊത്തത്തിൽ ഒരു റിപ്പോർട്ടിന്റെ ചെറിയ രൂപം മനസ്സിൽ ഉണ്ടാവാണം. എന്നിട്ട് അതു നമ്മുടെ എഴുതിനനുസരിച്ച് വിശദീകരിച്ചു, നല്ല ശൈലിയോട് കൂടി എഴുതാം.
5. ക്ഷമ,സമാധാനം : ഒരു ലേഖനമോ മറ്റോ എഴുതുമ്പോൾ ക്ഷമയും സമാധാനവുമെല്ലാം അത്യന്താപേക്ഷിതമാണ്. വാക്കുകൾ കിട്ടാതിരിക്കുക, എഴുത്തിന്റെ ഒഴുക്ക് നഷ്ടപ്പെടുക എന്നിവയൊക്കെ ചെയ്യുമ്പോൾ അതിൽ അസ്വസ്ഥരാവരുത്. മനസ്സ് സ്വസ്ഥമാകുകയും നമ്മുടെ ചിന്തകൾ എഴുതുന്ന വിഷയത്തിൽ മാത്രം നിർത്തുകയും ചെയ്താൽ വളരെ നന്നായി എഴുതാൻ സാധിക്കും. തിരക്ക് പിടിച്ചു ചെയ്താൽ ഒരു കാര്യവും അത്ര നന്നായെന്ന് വരില്ല.
6.ആത്മവിശ്വാസം :
നമുക്ക് ഒരു വിഷയത്തെ കുറിച്ച് എഴുതാൻ സാധിക്കും എന്നും താൻ എഴുതുന്നത് തന്റെ അറിവിൽ സത്യസന്ധവുമാണ് എന്ന് നമുക്ക് വിശ്വാസം വേണം. എഴുതിയതിൽ തെറ്റോ അക്ഷരംപിശകോ ഉണ്ടെങ്കിൽ അതു തിരുത്താനായി രണ്ടുമൂന്നു പ്രാവശ്യം നന്നായി വായിച്ചു നോക്കുന്നത് നല്ലതാണ്. ഇനി നമ്മുടെ എഴുത്തുകളിൽ എന്തെങ്കിലും പിശകുകൾ ആരെങ്കിലും ചൂണ്ടിക്കാണിച്ചാൽ അതു സ്വീകരിക്കാനും തിരുത്തേണ്ടത് തിരുത്താനും ഉള്ള ആർജ്ജവം നമ്മൾ കാണിക്കാൻ മടിക്കരുത്. ഒരാളും എല്ലാം തികഞ്ഞവനല്ല. തെറ്റ് മനസ്സിലാക്കി തിരുത്തുമ്പോൾ നമ്മുടെ അറിവും കഴിവും കൂടുകയേ ഉള്ളൂ.
7.തലക്കെട്ടും വാൽകഷ്ണവും :
എഴുതിയ ലേഖനത്തിന് മികച്ച ഒരു തലക്കെട്ട് നിർബന്ധമാണ്. എഴുതിയ വിഷയത്തെ സ്പർശിക്കുന്നതായിരിക്കണം തലക്കെട്ട്. അതുപോലെ എഴുതിയ വിഷയത്തെ സംബന്ധിക്കാത്ത എന്നാലും ആ ലേഖനത്തിൽ ഉൾപ്പെടുത്തേണ്ട എന്തെങ്കിലും ഉണ്ടെങ്കിൽ അത് വാൽകഷ്ണം എന്ന രീതിയിൽ അവസാനം കൊടുക്കാവുന്നതാണ്.
നിങ്ങളിൽ കുറച്ചു പേർക്കെങ്കിലും ഉപകാരപ്പെടുമെന്നു തോന്നിയത് കൊണ്ടാണ് വത്യസ്തമായ ഈ വിഷയം പങ്കു വെച്ചത്. നിങ്ങൾക്ക് ഇഷ്ടപ്പെട്ടെങ്കിൽ, അനുകരണീയമെന്ന് തോന്നിയെങ്കിൽ ഫുട്ബോൾ സംബന്ധമായ ഏതെങ്കിലും വിഷയത്തെ സംബന്ധിച്ച് നിങ്ങൾക്കും എഴുതാം. എഴുതിയ ലേഖനങ്ങൾ ഞങ്ങൾക്ക് അയച്ചു തരിക. മികച്ച ലേഖനങ്ങൾ സൗത്ത് സോക്കേഴ്സ് പേജിൽ പോസ്റ്റ് ചെയ്യും. മാത്രമല്ല നിങ്ങൾക്ക് പ്രോത്സാഹനമായി ആകർഷകമായ സമ്മാനങ്ങളുമുണ്ടാകും.
സൗത്ത് സോക്കേഴ്സ് മീഡിയ വിങ്
0 comments:
Post a Comment