Showing posts with label Indian Super League. Show all posts
Showing posts with label Indian Super League. Show all posts

Friday, November 20, 2020

ആളില്ല.. ആരവമില്ല.. എന്നാലും ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഏഴാം പതിപ്പിന് ഗോവയിലെ ജി എം സി ബാലയോഗി സ്റ്റേഡിയത്തിൽ തുടക്കമാകുന്നു.


ആളില്ല.. ആരവമില്ല.. എന്നാലും ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഏഴാം പതിപ്പിന് ഗോവയിലെ ജി എം സി ബാലയോഗി സ്റ്റേഡിയത്തിൽ തുടക്കമാകുന്നു. പതിവുപോലെ കേരള ബ്ലാസ്റ്റേഴ്‌സ് ഉത്ഘാടിക്കുന്ന കിക്കോഫ് മത്സരത്തിൽ എതിരാളികൾ ഇന്ത്യൻ ഫുട്‍ബോളിലെ അതികായരായ മോഹൻ ബഗാന്റെ കൂടി കരുത്തിൽ എത്തുന്ന എ ടി കെ മോഹൻ ബഗാൻ ആണ്. ഏറെ പ്രത്യേകതകൾ ഉണ്ട് ഈ സീസണിലെ കിക്കോഫിന്.. 
കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തിൽ കാണികൾക്കു സ്റ്റേഡിയത്തിൽ പ്രവേശനം ഇല്ല. ചരിത്രത്തിൽ ആദ്യമായി ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഇല്ലാത്ത ഒരു മത്സരത്തിനാണ് കൊമ്പന്മാർ ബൂട്ട് കെട്ടുന്നത്. എന്നാലും ടീവിക്കും മൊബൈലുകൾക്കും മുന്നിൽ തങ്ങളുടെ മഞ്ഞപ്പട്ടാളത്തെ പിന്തുണക്കാൻ ബ്ലാസ്റ്റേഴ്‌സ് ആരാധകർ ലോകമെങ്ങും തയ്യാറായികഴിഞ്ഞു.. 
കഴിഞ്ഞ ഐ ലീഗ് സീസണിൽ  മോഹൻബഗാൻ പരിശീലകനായിരുന്ന കിബു വികുനയാണ് ബ്ലാസ്‌റ്റേഴ്‌സിനെ നയിക്കുന്നത് എന്നത് മറ്റൊരു പ്രത്യേകതയാണ്. പകരം ഐ എസ് എല്ലിൽ  ബ്ലാസ്റ്റേഴ്സിന് മാത്രം ഇതു വരെ പന്തു തട്ടിയിട്ടുള്ള സാക്ഷാൽ സന്ദേശ് ജിങ്കാൻ മറുപുറത്ത് പ്രതിരോധം ചമക്കുന്നു. യുവത്വവും അനുഭവ സമ്പത്തും സംയോജിക്കുന്ന മികച്ച ഒരു സ്‌ക്വാഡ് ആണ് ബ്ലാസ്റ്റേഴ്സിനുള്ളത്. സഹൽ, പ്രശാന്ത്, രാഹുൽ, ജെസെൽ, ഹക്കു, അർജ്ജുൻ, ബിലാൽ, ആൽബിനോ , ലാൽറുവത്താരാ, നൊങ്ദെമ്പ നെറോം, നിഷു കുമാർ, സത്യാസെൻ, ജിക്സൺ, ഗിവ്‌സൺ, പ്യുട്ടീയ, ഖാർപ്പൻ തുടങ്ങി മികച്ച ഇന്ത്യൻ നിര.. ഒപ്പം ബക്കറി കൊണേ, ജോർദാൻ മുറെ, ഫകുണ്ടോ പെരേര, സിഡോ, വിൻസെന്റ് ഗോമസ്, കോസ്റ്റ, ഗാരി ഹൂപ്പർ പോലുള്ള മികച്ച ട്രാക് റെക്കോർഡ് ഉള്ള വിദേശ താരങ്ങൾ. 
അപ്പുറത്ത് കഴിഞ്ഞ തവണത്തെ കൊൽക്കത്തയുടെ വജ്രായുധങ്ങൾ - റോയ് കൃഷ്ണയും വില്യംസും.. കൂടെ  ഒരുപിടി സ്വദേശി - വിദേശി പടക്കുതിരകൾ.. 
കളിക്കളത്തിൽ തീ പാറും എന്നുറപ്പാണ്.. ആരാധകരുടെ ഗാലറിയിലെ ഒഴിവ് അവർ നവമാധ്യമങ്ങളിൽ നികത്തുന്നുണ്ട്. കുറച്ചു കാലത്തേക്ക് ഇന്ത്യൻ കായിക പ്രേമികളുടെ കണ്ണും മനസ്സും ഗോവൻ തീരങ്ങളിലെ പുൽമൈതാനങ്ങളിലായിരിക്കും. കാത്തിരിക്കാം ഏഴാം സീസണിലെ കാല്പന്തിന്റെ കൊടിയേറ്റത്തിനായി.. കൊമ്പന്മാർ കൊമ്പ് കുലുക്കുമോ അതോ വംഗനാടിന്റെ വമ്പു കാട്ടുമോ എന്ന് കാണാം..  

ഒരിക്കൽ കൂടി സ്വാഗതം....
 
ഇന്ത്യൻ ഫുട്‍ബോളിന്റെ മഹോത്സവത്തിന്റെ നവ്യമനോഹരമായ കാഴ്ചകളിലേക്ക്... 

Come on india.. Let's football..
#SouthSoccers


Tuesday, June 16, 2020

സ്പോർട്സ് കൗൺസിലിന്റെ 'വാഴകൾ'

.

സ്പോർട്സും കൃഷിയും തമ്മിൽ എന്താ ബന്ധം.. കേൾക്കുമ്പോൾ അത്ഭുതം തോന്നിയേക്കാം.. പക്ഷെ ഞങ്ങളുടെ കേരളത്തിൽ സ്പോർട്സും കൃഷിയും തമ്മിൽ വൻ അന്തർധാരയാണുള്ളത്. ഒരു തുണ്ട് ഭൂമി പോലും കൃഷിചെയ്യാൻ ലഭിക്കാതെ / അല്ലെങ്കിൽ കൃഷിക്ക് ഉപയോഗിക്കാൻ സാധിക്കാതെ നിൽക്കുമ്പോൾ കേരളത്തിൽ സ്റ്റേഡിയങ്ങളും സ്പോർട്സ് കോംപ്ലക്സുകളും കൃഷിക്ക് എന്ത് കൊണ്ട് ഉപയോഗിച്ചുകൂടാ എന്ന വിപ്ലവാത്മകമായ ആശയമാണ് ഉരുത്തിരിഞ്ഞു വന്നിട്ടുള്ളത്. ഐഡിയ കൊടുത്തതോ..?  കേരളത്തിന്റെ കായിക വികസനം മാനം മുട്ടെ ഉയർത്തിയ ശേഷം ബാക്കിയുള്ള ഊർജ്ജം കൃഷിയുടെ വികസനത്തിനായി ചിലവഴിക്കാൻ തീരുമാനിച്ച സാക്ഷാൽ കേരള സ്പോർട്സ് കൗൺസിൽ.
 
പയ്യനാട് സ്റ്റേഡിയം നാശോന്മുഖമായി കിടക്കുന്നു, കളികൾ ഇല്ല എന്നൊക്കെ കായിക പ്രേമികൾ വിലപിക്കുമ്പോൾ അവിടം  വൃക്ഷലതാതിഫലമൂലാതികൾ കൊണ്ട് അലങ്കരിക്കാൻ ഒരുങ്ങുകയാണ് സ്പോർട്സ് കൗൺസിൽ.  പയ്യനാട് സ്റ്റേഡിയത്തിലെ പാർക്കിങ് ഏരിയ, ഇൻഡോർ സ്റ്റേഡിയം, നീന്തൽകുളം എന്നിവ പണിയാൻ ഉദ്ദേശിച്ചിട്ടുള്ള സ്ഥലത്തു വാഴകൃഷി നടത്തി നൂറു മേനി കൊയ്യാൻ ഒരുങ്ങുകയാണ് അധികൃതർ. ഒരു നല്ല കായികഭാവി ഭിക്ഷ ചോദിക്കുന്ന സ്ഥലത്തു സുഭിക്ഷകേരളം പദ്ധതിയാണ് നടത്താൻ ഉദ്ദേശിച്ചിട്ടുള്ളത്.ഈ ആഹ്ലാദകരമായ വാർത്ത ഇതുവരെ സ്പോർട്സ് കൗൺസിൽ നിഷേധിച്ചിട്ടില്ല എന്നാണ് അറിവ്...

എന്തായാലും  ഈ തീരുമാനത്തെ കായിക പ്രേമികൾ ഇരു കയ്യും നീട്ടി സ്വീകരിക്കണം എന്നാണ് എനിക്ക് പറയാൻ ഉള്ളത്.തൃശ്ശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ വെണ്ടയും അമരയും കോഴിക്കോട് പാവലും പടവലവും കോട്ടപ്പടിയിൽ പയറും മുളകും ചീരയും മറ്റിടങ്ങളിൽ നെൽകൃഷി മുതൽ കുരുമുളക് വരെ കൃഷി ചെയ്യണം. പറ്റിയാൽ അക്വാട്ടിക് കോംപ്ലെക്സിലെ നീന്തൽകുളങ്ങൾ മീൻ വളർത്തലിന് വിട്ടു കൊടുക്കണം.. നാട്ടിലെ ഗവ: സ്‌കൂളുകളിലെ ഗ്രൗണ്ടുകൾ റബ്ബർ കൃഷിക്ക് അനുയോജ്യമായി മാറ്റണം. അങ്ങിനെ കാർഷിക രംഗത്തുള്ള സ്വയം പര്യാപ്തത പെട്ടെന്ന് കൈ വരിക്കണം.. കായിക രംഗം നശിച്ചു നാറാണക്കല്ലു പിടിച്ചാലെന്താ നമുക്ക് കൃഷി നടത്താലോ. ഐ എം വിജയൻ  ഗ്രൗണ്ട് ഉഴുതു മറിക്കുന്നതും പി ടി ഉഷ ഞാറു നടുന്നതും പി യു ചിത്ര കള പറിക്കുന്നതുമൊക്കെ ഫോട്ടോ എടുത്തു ഒരു മാർക്കറ്റിങ്ങും നടത്താം. 



അല്ല സാറമ്മാരെ ഒരു ചോദ്യം..പ്രളയങ്ങളിൽ നാശ നഷ്ടങ്ങൾ നേരിട്ട ഒറിജിനൽ കർഷകർക്ക് അർഹിച്ച  ധനസഹായങ്ങൾ നൽകിയോ.. കായിക താരങ്ങൾക്ക് ജോലിയും വീടുമൊക്കെ വാഗ്ദാനം ചെയ്തിരുന്നത് പൂർത്തിയായോ.. ഇതൊക്കെ എന്തെങ്കിലും ചെയ്തിട്ട് പോരേ ഇന്നാട്ടിലെ സ്റ്റേഡിയങ്ങളിൽ കൃഷി നടത്തുന്നത്.. ആദ്യം മണ്ണിൽ പണിയെടുത്ത് തളരുന്ന കർഷകരെ സഹായിക്കാൻ ശ്രമിക്കണം. ഒപ്പം അവശത അനുഭവിക്കുന്ന കായിക രംഗത്തെ ഒന്ന് കൈപിടിച്ച് ഉയർത്തണം. ഇത് പട്ടിയൊട്ട് പുല്ല് തിന്നുകേമില്ലപശുവിനെക്കൊണ്ട് തീറ്റിക്കത്തുമില്ല എന്ന് പറഞ്ഞ ഗതിയായല്ലോ എന്റെ കായിക പരമ്പര ദൈവങ്ങളെ.. എന്തായാലും നമ്മുടെ കായിക രംഗത്തെ 'വളർത്താൻ' ഇത്രേം നല്ല ഐഡിയകൾ കണ്ടു പിടിക്കുന്ന സ്പോർട്സ് കൗൺസിൽ തലവന്മാരെ പൊന്നാട അണിയിപ്പിച്ച് ആദരിക്കണം. എന്നിട്ട് കൃഷി നടത്തുന്ന സ്റ്റേഡിയത്തിൽ നിർത്തിയാൽ കൃഷി നശിപ്പിക്കുന്ന ക്ഷുദ്ര ജീവികളും പറവകളുമൊക്കെ കണ്ടം വഴി ഓടിക്കൊള്ളും.. കണ്ടറിയാം കേരള കായികരംഗമേ നിനക്ക് എന്ത് സംഭവിക്കുമെന്ന്... 
NB: ഇനി ഇതിൽ പലരുടെയും ന്യായീകരണങ്ങളും മറ്റും  വരാനുണ്ട്. അതു കൂടിയായാൽ പൂർത്തിയായി. കേരള സംസ്ഥാനത്തെ ഏത് തരിശുഭൂമിയിലും നിങ്ങൾ കൃഷി ഇറക്കിക്കൊള്ളൂ.. എതിർപ്പില്ല.. ഈ സ്റ്റേഡിയങ്ങളെയും അനുബന്ധ സ്ഥലങ്ങളെയും ഒന്ന് ഒഴിവാക്കിക്കൂടെ എന്നൊരു അപേക്ഷ മാത്രമേ ഉള്ളു. 

📝അബ്ദുൾ റസാക്ക് സൗത്ത് സോക്കേഴ്സ് 

Friday, September 6, 2019

പുതിയ സീസൺ പുതിയ കോച്ച് പുതിയ കളിക്കാർ.... ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും


ഇന്ത്യൻ സൂപ്പർ ലീഗിലെ ആറാം സീസൺന്റെ മുന്നോടിയായുള്ള ആദ്യ സന്നാഹ മത്സരത്തിനായി പുതിയ പരിശീലകൻ എൽകോ ഷാറ്റോറിക്ക് കീഴിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നു.
ദുബായിലെ അൽ അഹ്‌ലി സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന മത്സരത്തിൽ ദിബ്ബ അൽ ഫുജൈറയാണ് ബ്ലാസ്റ്റേഴ്‌സിന്‍റെ എതിരാളികൾ. ഇന്നു വൈകിട്ട് ഇന്ത്യൻ സമയം വൈകിട്ട് 7.30 ആണ് മത്സരം
നായകന്‍ സന്ദേശ് ജിംഗാൻ, മിഡ്ഫീൽഡർ സഹൽ അബ്‌ദുൽ സമദ്, ജിത്തിൽ എം.സ് എന്നിവർ  ഒഴികെ  ക്യാംപിൽ 33 കളിക്കാരും 12 സപ്പോർട്ട് സ്റ്റാഫും ടീമിനൊപ്പം ഉണ്ട്

Wednesday, September 4, 2019

രണ്ട് സീസണിലും, പ്രീ സീസണ് പോലും കളിക്കാനാകാഞ്ഞിട്ടും ബ്ലാസ്റ്റേഴ്‌സിനെ തള്ളാതെ ജിതിൻ


ജിതിൻ എം എസ് എന്ന യുവ പ്രതിഭയെ മാത്രം പ്രീ സീസണിൽ നിന്ന് ഒഴിവാക്കിയതിനെ കുറിച്ച് ചർച്ചകൾ നടക്കുന്ന പശ്ചാത്തലത്തിലാണ് ജിതിൻ തന്റെ ഭാഗം വിശദീകരിച്ചു കൊണ്ട് രംഗത്ത് വന്നത്.
എല്ലാവർക്കും നന്ദി അറിയിച്ചു കൊണ്ട് തുടങ്ങുന്ന പോസ്റ്റിൽ കോച്ചിന്റെ പ്ലാനിൽ തന്റെ  ഭാഗം വരുമ്പോൾ ഗ്രൗണ്ടിൽ താൻ ഉണ്ടാകുമെന്ന് താരം ഉറപ്പു പറയുന്നുണ്ട്.താൻ ഇട്ട ഇൻസ്റ്റാഗ്രാം സ്റ്റോറി തെറ്റിദ്ധരിച്ചുകൊണ്ട് വന്ന ചർച്ചകളുടെ പേരിൽ  ടീമിനെ ആരും മോശമായി ചിത്രീകരിക്കരുത് എന്നും അപേക്ഷിക്കുന്നുണ്ട്.
ഗൾഫിൽ നടക്കുന്ന  പ്രീ സീസൺ മത്സരങ്ങളിൽ ജിതിൻ ഒഴിച്ച് മുഴുവൻ പേരെയും കൊണ്ട് പോയതാണ് വിവാദങ്ങൾക്കു കാരണം. പരിക്കോ മറ്റു പ്രശ്നങ്ങളോ ഇല്ലാതിരുന്ന ജിതിനെ മാറ്റി നിർത്തിയത് ചോദ്യം ചെയ്യപ്പെട്ടിരുന്നു. കഴിഞ്ഞ സീസണിലും പ്രീ സീസണിൽ ജിതിൻ ഒഴിവാക്കപെട്ടിരുന്നു. അപ്പോൾ ആദ്യ വർഷം ആയതിനാൽ എന്നാണ് മറുപടി കിട്ടിയത്. എന്നാൽ രണ്ടാം സീസണിലും ഇത്തവർത്തിക്കപ്പെട്ടപ്പോൾ അതും ജിതിൻ ഒഴിച്ച് മുഴുവൻ പേരെയും കൊണ്ടു പോയതാണ് വിവാദമായത്. ഇതു അനാവശ്യ ചർച്ചകൾക്ക് വഴിവെക്കുമെന്ന് കണ്ടാണ് ജിതിൻ തന്നെ രംഗത്ത് വന്നത്.

ഐ എസ് എൽ പ്രീ സീസൺ - ജിതിൻ എം എസ് നെ തഴഞ്ഞ് ബ്ലാസ്റ്റേഴ്‌സ്

ജിതിൻ എം എസിനെ തഴഞ്ഞു കൊണ്ട് വീണ്ടും ബ്ലാസ്റ്റേഴ്‌സ്

കേരള ഫുട്ബോളിൽ മികച്ച യുവതാരം എന്ന് വിലയിരുത്തപ്പെട്ട ജിതിൻ എം എസ് പ്രീ സീസൺ ടൂറിൽ ഉൾപ്പെടുത്തിയില്ല. കേരളത്തിന്റെ സന്തോഷ്‌ ട്രോഫി കിരീട നേട്ടത്തിന് മുഖ്യ പങ്കു വഹിച്ച ജിതിൻ എം എസ് കഴിഞ്ഞ സീസണിൽ മുഴുവൻ റിസർവ് ടീമിന്റെ ഭാഗമായിരുന്നു.എഫ് സി കേരള ടീമിന്റെ അവിഭാജ്യ ഘടകമായ ജിതിനെ  ബ്ലാസ്റ്റേഴ്‌സ് സൈൻ ചെയ്തപ്പോൾ മികച്ച ഒരു സ്‌ട്രൈക്കറുടെ അഭാവം തീർക്കുമെന്നാണ് കരുതിയത്. എന്നാൽ റിസർവ് ടീമിന്റെ ഭാഗമായി തളച്ചിടുകയാണ് ചെയ്തത്. ഇടക്ക് ഓസോൺ എഫ് സിയിൽ ലോണിൽ പോയപ്പോൾ  മികച്ച പ്രകടനം കാഴ്ച വെച്ച ജിതിനെ ഇടക്ക് വെച്ച് ബ്ലാസ്റ്റേഴ്‌സ് തിരിച്ചു വിളിച്ചെങ്കിലും സീനിയർ ടീമിൽ ഇടം നൽകാതെ മാറ്റി നിർത്തി. ഇത്തവണത്തെ പ്രീ സീസണിൽ യു എ ഇ യിലേക്ക് പോകുന്ന ടീമിലും അവസരം നൽകാതെ മാറ്റിനിർത്തുന്നതിലെ യുക്തിയാണ് മനസ്സിലാകാത്തത്. ഒരു മികച്ച താരത്തിന് പ്രീ സീസണിൽ പോലും അവസരം നൽകാതെ ഫോമിൽ ഇല്ലാത്ത കളിക്കാരെ വെച്ച് ഇത്തവണ കപ്പടിക്കുമെന്ന് വിശ്വസിക്കുക വയ്യ.എന്തു കൊണ്ട് ജിതിൻ എം എസിന് അവസരങ്ങൾ നിഷേധിക്കപ്പെടുന്നു എന്ന് ബ്ലാസ്റ്റേഴ്‌സ് വിശദീകരണം നൽകേണ്ടിയിരിക്കുന്നു. പരിക്കോ മറ്റു പറയത്തക്ക  പ്രശ്നങ്ങളോ ജിതിന് ഉള്ളതായി അറിയപ്പെടുന്നില്ല. ഒന്നുകിൽ കളിപ്പിക്കുക.അല്ലെങ്കിൽ മറ്റു വല്ല ടീമിലേക്കും ട്രാൻസ്ഫർ നൽകി കളിക്കാൻ അവസരം നൽകുക. ഇന്ത്യയുടെ അടുത്ത വിജയൻ എന്ന് വരെ വാഴ്ത്തപ്പെട്ട ഒരു യുവ പ്രതിഭ ബ്ലാസ്റ്റേഴ്സിന്റെ പിന്നാമ്പുറങ്ങളിൽ കിടന്ന് നശിക്കുന്നത് അനുവദിക്കാനാകില്ല.

Tuesday, September 3, 2019

അബ്നീത്‌ ഭാരതി ബ്ലാസ്റ്റേഴ്‌സിൽ..


ഏഷ്യൻ യങ് സൂപ്പർ സ്റ്റാർറായ അബ്നീത്‌ ഭാരതിയാണ് ബ്ലാസ്റ്റേഴ്‌സ് നിരയിൽ പുതുതായി എത്തിയത്.  സ്പാനിഷ് ക്ലബ്‌ റയൽ വല്ലഡോയിഡ്-ബി ടീമിലും പോർചുഗലിലും കളിച്ചു പരിചയമുള്ള അബ്നീത്‌ ഭാരതി കൊമ്പന്മാരുടെ കൂടാരത്തിൽ എത്തുന്നത് അപ്രതീക്ഷിതമായാണ്.
20 വയസ്സ് മാത്രം പ്രായമുള്ള അബ്നീത് ഭാരതി ബ്ലാസ്റ്റേഴ്സിന്റെ ഇക്കൊല്ലത്തെ മികച്ച സൈനിംഗുകളിൽ ഒന്നാണ്.
നേപ്പാളിൽ ജനിച്ച ഈ സൂപ്പർ സ്റ്റാർ ഇന്ത്യയിലും സിംഗപ്പൂരിലുമാണ് പന്തുതട്ടി പഠിച്ചത്.പ്രതിരോധ നിരയിൽ സെന്റർ ബാക്ക് ആയും റൈറ്റ് ബാക്ക് ആയും മികച്ച സ്കില്ലും  കഴിവുമുള്ള താരമാണ് അബ്നീത്..
സുപ്രസിദ്ധ വെബ്സൈറ്റ് Calciomercato. com ഈ വർഷം ആദ്യം പുറത്തുവിട്ട ഏഷ്യയിലെ ഏറ്റവും മികച്ച അണ്ടർ-21ഫുട്ബോൾ  താരങ്ങളുടെ നിരയിൽ അബ്നീതും ഉണ്ടായിരുന്നു എന്നത് ഈ സൈനിങ്ങിന് പകിട്ടേറ്റുന്നു.ഏഷ്യയിലെ അടുത്ത സൂപ്പർ സ്റ്റാറായി വിശേഷിപ്പിക്കപ്പെടുന്ന അബ്നീത്‌ കൊമ്പന്മാർക്ക് ഒരു മുതൽ കൂട്ടാകുമെന്ന് കരുതാം

Saturday, July 6, 2019

ലിത്വാനിയൻ സ്ട്രൈക്കരെ സ്വന്തമാക്കി സൂപ്പർ മച്ചാൻസ്


ലിത്വാനിയൻ സ്ട്രൈക്കർ നെരിജുസ് നേർകയെ ചെന്നൈയിൻ എഫ്സി സ്വന്തമാക്കി. ഇസ്രായേൽ ക്ലബ് ഹാപോൽ ടെൽ അവീവിൽ നിന്നാണ് നെരിജുസ്  വാൽസ്കിസ് ചെന്നൈയിൻ നിരയിലേക്ക് എത്തുന്നത്. കഴിഞ്ഞ സീസണിൽ മുന്നേറ്റ നിരയിലെ മോശം പ്രകടനമാണ് ചെന്നൈയെ അവസാന സ്ഥാനക്കാരാക്കിയത്. അത് മറികടക്കുക എന്ന ലക്ഷ്യത്തോടെ നെരിജുസ്  ടീമിൽ എത്തിക്കുന്നത്. ലിത്വാനിയ ദേശീയ കുപ്പായത്തിൽ 20 തവണ കളിച്ച നെരുജിസ്  ഒരു ഗോളും നേടിയിട്ടുണ്ട്.  യൂറോ കപ്പ് 2020 നുള്ള യോഗ്യത  മത്സരത്തിൽ സെർബിയ ക്കെതിരെ ലിത്വാനിയക്ക് വേണ്ടി നെരുജിസ് വാൽസ്കിസ് കളിക്കാൻ ഇറങ്ങിയിരിക്കുന്നു

ബെംഗളൂരു സൂപ്പർ സ്ട്രൈക്കർ ടീം വിട്ടു


ബെംഗളൂരു എഫ്സി സൂപ്പർ സ്ട്രൈക്കർ മികു ടീം വിട്ടു. ബെംഗളൂരു എഫ്സി തന്നെയാണ് വെനസ്വേല താരം ക്ലബ് വിടുന്നതായി വാർത്ത കുറിപ്പിലൂടെ പ്രഖ്യാപിച്ചത്. ബെംഗളൂരുവിന് വേണ്ടി 32 മത്സരങ്ങൾ കളിച്ച മികു 20 ഗോളുകളും നേടിയിരുന്നു.  സ്പാനിഷ് ക്ലബ്ബ് റയോ വല്ലക്കോനായിൽ നിന്നായിരുന്നു 2017ൽ മികു ബെംഗളൂരു എഫ്സിയിൽ എത്തിയത്. മികു ഏത് ക്ലബ്ബിലേക്കാണ് പോകുന്നത് എന്നത് വ്യക്തമല്ല. കഴിഞ്ഞ സീസണിൽ തന്നെ ചൈനീസ് ക്ലബുകളും തായ്‌ലന്റ് ക്ലബുകളും താരത്തെ സമീപിച്ചിരുന്നതായി വാർത്തകൾ വന്നിരുന്നു.

Tuesday, June 25, 2019

ബെംഗളൂരുവിന്റെ സിസ്കോ ഇനി ഡൽഹിയിൽ


സ്പാനിഷ് വിങ്ങർ സിസ്കോ ഹെർണാണ്ടസ്  ഇനി ഡൽഹി ഡൈനാമോസിനായി കളിക്കും. ഒരു വർഷത്തെ കരാറിൽ ക്ലബ്ബ് സിസ്കോയുമായി ഒപ്പുവെച്ചു

കഴിഞ്ഞ സീസണിൽ സ്പാനിഷ് ക്ലബ്ബ് അത്‌ലറ്റിക്കോ ബെലാറസിൽ നിന്നും ആയിരുന്നു സിസ്കോ ഹെർണാണ്ടസ് ബെംഗളൂരുവിൽ എത്തിയത്. 20 മത്സരങ്ങൾ ബ്ലൂസിനായി കളിച്ച സിസ്കോ ഹെർണാണ്ടസ് ഒരു ഗോളും നേടിയിട്ടുണ്ട്.

കലുഷിതമാകുന്ന ആഭ്യന്തര ഫുട്ബോൾ


ഇന്ത്യൻ ഫുട്ബോൾ ഇന്ന് ആശയക്കുഴപ്പങ്ങളാൽ നിറഞ്ഞിരിക്കുകയാണ്. ഐ ലീഗാണോ ഐ എസ് എല്ലാണോ പ്രാഥമിക ലീഗ് എന്നതാണ് പ്രധാന തർക്ക വിഷയം.ഐ എസ് എല്ലിന്റെ വരവിനു ശേഷമാണ് ഇന്ത്യൻ ഫുട്ബോളിന് ഒരു ഉണർവ്വുണ്ടായത് എന്നത് എല്ലാവരും അംഗീകരിക്കുന്ന ഒരു വിഷയം തന്നെയാണ്.

 അതിലൂടെ ഒരു ക്രിക്കറ്റ് മേധാവിത്വ രാജ്യത്തു ഫുടബോളിന് വന്ന ശ്രദ്ധ വളരെയധികമായിരുന്നു. എന്നാൽ അതിന് മുൻപും ഫുട്ബോൾ ഇന്നാട്ടിൽ ഉണ്ടായിരുന്നു..ഫുട്ബോൾ ഈറ്റില്ലങ്ങളായിരുന്ന പശ്ചിമ ബംഗാൾ - ഗോവ - കേരളം പോലുള്ള സ്ഥലങ്ങളിൽ നിന്നും ക്ലബുകളും കളിക്കാരും ഒക്കെയുണ്ടായിരുന്നു. ഇന്നലെ വന്നവർ പണക്കൊഴുപ്പിന്റെ ബലത്തിൽ AIFF നെ കൂട്ട് പിടിച്ചു കൊണ്ട് തങ്ങളുടെ പൈതൃകത്തെയും ഫുട്ബോൾ സ്നേഹത്തെയും അപമാനിക്കുന്നു എന്ന് ഐ ലീഗ് അനുകൂലികൾ ആരോപിക്കുന്നു..

കഴിഞ്ഞ സീസണിൽ നൽകിയ സമയക്രമം, തത്സമയസംപ്രേഷണത്തിൽ വരുത്തിയ വീഴ്ചകൾ എന്നിവയിലൂടെ ഐ ലീഗ് ക്ലബുകളെ താഴ്ത്തികെട്ടാൻ ശ്രമിച്ചു എന്നാരോപിച്ച് സൂപ്പർ കപ്പിൽ നിന്നും ഐ ലീഗ് ക്ലബുകളിൽ പ്രമുഖർ പിന്മാറിയിരുന്നു.. ഇതും AIFF നെ ചൊടിപ്പിച്ചു. മിനർവാ പഞ്ചാബിന്റെ രഞ്ജിത്ത് ബജാജ് നടത്തിയ പരസ്യ ആരോപണങ്ങളും ഈസ്റ്റ്‌ ബംഗാൾ, മോഹൻ ബഗാൻ, ഗോകുലം കേരള, ചർച്ചിൽ തുടങ്ങിയ ടീമുകൾ അതേറ്റു പിടിച്ചതും വൻ വിവാദങ്ങളാണുയർത്തിയത്. അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഫുട്ബോൾ പ്രേമികളും പക്ഷം ചേർന്ന് സാമൂഹിക മാധ്യമങ്ങളിൽ നടത്തുന്ന അങ്കം പൊടി പാറുന്നുണ്ട്. കോടതിയെ സമീപിക്കുക എന്നതാണ് ഐ ലീഗ് ക്ലബുകളുടെ തീരുമാനം എന്നും അറിയുന്നുണ്ട്.. ഐ എസ് എൽ അനുകൂല സമീപനവുമായി മുന്നോട്ടു പോകുന്ന AIFF - FSDL കൂട്ടുകെട്ട് ഇതിനെ എങ്ങിനെ നേരിടുന്നു എന്നത് കാത്തിരുന്നു കാണണം.എന്തായാലും ഇന്ത്യൻ ഫുട്ബോളിലെ ടോപ് ലീഗ് ഏതാണെന്നു കാത്തിരുന്നു കാണാം.
നിങ്ങളുടെ വിലയേറിയ അഭിപ്രായം രേഖപ്പെടുത്തുക..ഏതാകണം ഇന്ത്യൻ ഫുട്ബോളിലെ പ്രാഥമിക ലീഗ്..? കാരണങ്ങൾ എന്ത്..?

Tuesday, March 26, 2019

സർപ്രൈസുമായി കേരള ബ്ലാസ്റ്റേഴ്സ്; സ്പാനിഷ് മിഡ്ഫീൽഡരെ ജംഷഡ്പൂരിൽ നിന്നും സ്വന്തമാക്കി


സ്പാനിഷ് മിഡ്ഫീൽഡർ ആർക്കെസിനെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കി. പ്രമുഖ ഓൺലൈൻ വെബ്സൈറ്റായ ഗോൾ.കോമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ സീസണിൽ ജംഷഡ്പൂരിന്റെ  മധ്യനിര താരമായിരുന്ന ആർക്കെസ് 18 കളികളിൽ നിന്നും 3 ഗോൾ നേടുകയും 2 ഗോളിന് വഴിയൊരുക്കുകയും ചെയ്തിരുന്നു.

Monday, March 25, 2019

റയൽ കാശ്മീരിന്റെ ഹീറോ ഇനി ബ്ലാസ്റ്റേഴ്സിൽ


ഐ ലീഗിലെ ഏറ്റവും മികച്ച ഗോൾ കീപ്പറായ ബിലാൽ ഖാനെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കി. രണ്ട് വർഷത്തെ കരാർ അടിസ്ഥാനത്തിലാണ് താരം ബ്ലാസ്റ്റേഴ്സിലേക്ക് എത്തുന്നത്. കഴിഞ്ഞ സീസണിൽ റയൽ കാശ്മീരിനായി 19 മത്സരങ്ങളിൽ വലകാത്ത ബിലാൽ ഉസൈൻ ഖാൻ 9 മത്സരങ്ങളിൽ ക്ലീൻ ഷീറ്റ് സ്വന്തമാക്കിയിരുന്നു. 



വീരൻ ഡി സിൽവ ബ്ലാസ്റ്റേഴ്സിന്റെ സി.ഇ.ഒ സ്ഥാനം ഏറ്റെടുത്ത ശേഷം കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിരുന്ന രണ്ടാമത്തെ താരമാണ് ബിലാൽ ഖാൻ. ഐഎസ്എൽ ക്ലബ്ബായ പൂനെ സിറ്റി താരമായിരുന്ന ബിലാൽ ഖാന്  ഐഎസ്എല്ലിൽ ഒരുത്തവണ പോലും ടീമാനായി കളിക്കാൻ കഴിഞ്ഞിരിക്കുന്നില്ല. ലോൺ അടിസ്ഥാനത്തിലാണ് താരം റയൽ കാശ്മീരിനായി കളിച്ചിരുന്നു. ഉത്തർപ്രദേശുക്കാരനായ ബിലാൽ 2017-18 സീസണിൽ ഗോകുലം കേരള എഫ്സിയുടെ താരമായിരുന്നു ബിലാൽ ഖാൻ. ചർച്ചിൽ ബ്രദേഴ്സ്, മുഹമ്മദൻസ്, ഹിന്ദുസ്ഥാൻ എഫ്സി എന്നീ ടീമുകൾക്ക് വേണ്ടിയും ഈ 24കാരൻ ബൂട്ട് കെട്ടിയിട്ടുണ്ട്

Thursday, March 7, 2019

നോർത്ത് ഈസ്റ്റിന് ആവേശജയം



ഐ. എസ്. എല്ലിന്റെ ആദ്യസെമിയുടെ ഒന്നാം പാദത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് ആവേശജയം.ബാംഗ്ലൂർ എഫ്. സി യെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് തോൽപിച്ചത്. ഇഞ്ചുറി ടൈമിൽ മാസിയയുടെ പെനാൽറ്റി ഗോളാണ് വിജയം നേടിക്കൊടുത്തത്.റെഡിം തലങ്ങിന്റെ അതിസുന്ദരമായ ഗോളിലൂടെ നോർത്ത് ഈസ് റ്റ് 20ആം മിനിറ്റിൽ മുന്നിലെത്തി.തുടർന്ന് 82ആം മിനിറ്റിലാണ് സിസ്കോയിലൂടെ ബാംഗ്ലൂർ സമനില കണ്ടെത്തിയത്.അടുത്ത തിങ്കളാഴ്ച ആണ് രണ്ടാം പാദസെമി.

Monday, January 14, 2019

തോറ്റാലും ഇന്ത്യ നോക്കൗട്ട് ലേക്കോ?എങ്ങിനെ?


ഏഷ്യ കപ്പ് ഫുട്ബോൾ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഇന്ത്യ ഇന്ന് ബഹ്റൈനെ നേരിടുമ്പോൾ ആരാധകർ എല്ലാം ഗംഭീര വിജയം നേടി ആവശകരമായി അടുത്ത റൗണ്ടിലേക്ക് ഇന്ത്യ മാർച്ച് ചെയ്യുന്നത് കാണാനായി കാത്തിരിക്കുകയാണ്. ഒരു പോയിന്റുമായി ഗ്രൂപ്പിൽ അവസാന സ്ഥനാക്കാരാണ് ബഹ്റൈൻ എന്നതും ഇന്ത്യക്ക് പ്രതീക്ഷ നൽകുന്നു.മത്സരം സമനിലയിൽ അവസാനിച്ചാൽ പോലും ഇന്ത്യ അടുത്ത റൗണ്ടിലേക്ക് കടക്കും.എന്നാൽ മത്സരം ഇന്ത്യ കുറഞ്ഞ മാർജിനിൽ പരാജയപ്പെട്ടാലും ഇന്ത്യക്ക് സാധ്യത ഉണ്ട്.ഏഷ്യ കപ്പിലെ 6 ഗ്രൂപ്പുകളിൽ നിന്ന് ഗ്രൂപ്പ് ചാമ്പ്യൻമാർ,റണ്ണേഴ്സ് അപ്പ് എന്നിവർ കൂടാതെ മികച്ച 4 മൂന്നാം സ്ഥാനക്കാർക്ക് നോക്ക് ഔട്ടിലേക്ക്‌ പ്രവേശിക്കാൻ അവസരം ഉണ്ട്.നിലവിലെ അവസ്ഥയിൽ മറ്റെല്ലാ ഗ്രൂപ്പിലെ മൂന്നും നാലും സ്ഥാനക്കാർക്ക് ഒരു പോയിന്റ് പോലും ഇല്ല എന്നത് ഇന്ത്യയുടെ നോക്കൗട്ട്  സ്വപ്നങ്ങൾക്ക് നിറം പകരുന്നു.ഇൗ ടീമുകൾ തമ്മിലുള്ള അവസാന മത്സരത്തിൽ സമനില വരികയോ മികച്ച ഒരു വിജയം കൈവരിക്കാൻ സാധിക്കാതെ വരികയോ ചെയ്താൽ A ഗ്രൂപ്പിലെ മൂന്നാം സ്ഥനകാർക്ക്‌ 3 പോയിന്റുമായി നോക്കൗട്ടിലേക്ക്  പ്രവേശിക്കാം.ചുരുക്കി പറഞ്ഞാൽ മറ്റു ടീമുകളുടെ ജയ പരാജയങ്ങൾക്ക് അനുസൃതായി ആകും ഇന്ത്യയുടെ സാധ്യത.സാധ്യതകൾ ഇങ്ങിനെ ആണെന്നിരിക്കെ ആരാധകർ ആഗ്രഹിക്കുന്നത് ആധികാരികമായ ഒരു ജയത്തോട് കൂടി നോക്ക് ഔട്ടിലേക്കുള്ള നീല കടുവകളുടെ മാർച്ച് പാസ്റ്റ് ആണ്‌.

ഫാഹിസ് തിരൂരങ്ങാടി

Tuesday, December 18, 2018

ഒടുവിൽ ജെയിംസ് പുറത്തേക്ക്...


കേരള ബ്ലാസ്റ്റേഴ്‌സ് മുഖ്യപരിശീലകൻ ഡേവിഡ് ജെയിംസിനെ പുറത്താക്കി.
അവസാന കളിയിൽ മുംബൈ സിറ്റി എഫ്.സിയിൽ നിന്നേറ്റ 6-1 ന്റെ കനത്ത പ്രഹരത്തിന്റെ പിന്നാലെയാണ് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിന്റെ കടുത്ത തീരുമാനം.

ഏറെ പ്രതീക്ഷകളുമായാണ് ബ്ലാസ്റ്റേഴ്‌സ് സീസണ് തുടങ്ങിയത്, വിജയത്തുടക്കം ആരാധകരെയും ഉന്മാദത്തിലാക്കി എന്നാൽ ആദ്യ മത്സരത്തിലെ ഒത്തിണക്കവും തന്ത്രങ്ങളും പിന്നീടുള്ള മതസരങ്ങളിൽ തുടരാൻ ബ്ലാസ്റ്റേഴ്സിനായില്ല, തുടരെ തുടരെ ഉള്ള ടീം ചെയിഞ്ചുകളും, ഇത്രയും മത്സരത്തിന് ശേഷവും ഒരു വിന്നിങ്‌ ഇലവനെ കണ്ടതാനാവാത്തതും ജെയിൻസിന്റെ പടിയിറക്കത്തിന് കാരണമാകുന്നു. ടീമിന്റെ പരാജയങ്ങൾ ആരാധകരെ സ്റ്റേഡിയത്തിൽ നിന്നും അകറ്റിയത് മാനേജ്‌മെന്റിനെയും ടീമിനെയും ഞെട്ടിച്ചു. ജെയിംസിന്റെ പുറത്താക്കൽ ആരാധകരെ തിരികെ സ്റ്റേഡിയത്തിൽ കൊണ്ടുവരും എന്നു മാനേജ്‌മെന്റ് പ്രതീക്ഷിക്കുന്നുണ്ടാകും.

അഞ്ചാം സീസണിൽ പതിനൊന്ന് മത്സരങ്ങൾ പിന്നിടുമ്പോൾ കൊൽക്കത്തക്കെതിരെ നേടിയ ആദ്യ വിജയം മാത്രമാണ് ജെയിംസിന് കീഴിൽ ബ്ലാസ്റ്റേഴ്സിന് നേടാൻ ആയത്..
കഴിഞ്ഞ സീസണിൽ പാതിവഴിയിൽ പുറത്താക്കപ്പെട്ട റെനേ മൂളിസ്റ്റീന് പകരകാരനായാണ് പ്രഥമ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനെ ഫൈനൽ വരെ എത്തിച്ച ജെയിംസ് തിരിച്ചെത്തിയത്..

"ക്ലബ്ബിന് ജെയിംസ് നൽകിയ എല്ലാ സേവനങ്ങൾക്കും ക്ലബ് അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു അദ്ദേഹത്തിന്റെ ഭാവി ജീവിതത്തിന് എല്ലാ ആശംസകളും നേരുന്നു" എന്നും ക്ലബ് സി.ഇ.ഒ വരുൺ ത്രിപുനേനി അറിയിച്ചു.

"ആരാധകരോടും മാനേജ്മെന്റിനോടും കളിക്കാരോടും ക്ലബ്ബിലെ മറ്റെല്ലാ ജീവനക്കാരോടും അവർ നൽകിയ പിന്തുണയ്ക്ക് താൻ നന്ദി അറിയിക്കുന്നതായും. ക്ലബ്ബിന് എല്ലാ ആശംസകളും നേരുന്നതായും" ജയിംസ് അറിയിച്ചു


Saturday, December 8, 2018

അഭ്യൂഹങ്ങൾക്ക് വിരാമം ജോസു പുതിയ ക്ലബിൽ



മുൻ കേരള ബ്ലാസ്‌റ്റേഴ്‌സ് താരം ജോസു കുര്യാസ് പുതിയ ക്ലബ്ബിലേക്ക്. ഫിൻലാണ്ട് ഒന്നാം ഡിവിഷൻ ക്ലബായ FC Lahti യുമായി ഒരു വർഷത്തെ കരാറിലാണ് ജോസു ഒപ്പിട്ടിരിക്കുന്നത്. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് പുതിയ ക്ലബ്ബുമായി കരാറിലെത്തിയ വിവരം ജോസു പുറത്തു വിട്ടത്.
ഇതോടെ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ജോസു ബ്ലാസ്റ്റേഴ്‌സിലേക്ക് മടങ്ങിയെത്തുമെന്നുള്ള അഭ്യൂഹങ്ങൾക്ക് വിരാമമായിരിക്കുകയാണ്.
ഐഎസ്എൽ രണ്ടും മൂന്നും സീസണുകളിൽ ബ്ലാസ്റ്റേഴ്സിനു കളിച്ച 25 കാരനായ ജോസു വളരെ വേഗം കേരളത്തിലെ ആരാധകരുമായി ഹൃദയബന്ധം സ്ഥാപിക്കുകയായിരുന്നു. മൂന്നാം സീസണിനുശേഷം ഇന്ത്യ വിട്ടതാരം എക്‌സ്ട്രിമദുര യുഡി, എഫ് സി സിൻസിനാട്ടി തുടങ്ങിയ ക്ലബ്ബുകൾക്കായാണ് കളിച്ചത്..

Thursday, December 6, 2018

ആരാധകനെ തേടി മാർസലീഞ്ഞോ


തന്റെ ആരാധകനെ തേടി പൂനെ സിറ്റി സൂപ്പർ താരം മാർസലീഞ്ഞോ. ഫെയ്സ്ബുക്കിലൂടെയാണ് ആരാധകനെ കണ്ടെത്താൻ സഹായം അഭ്യർത്ഥിച്ചു മാർസലീഞ്ഞോ രംഗത്ത് എത്തിയിരിക്കുന്നത്. അടുത്ത മത്സരത്തിനായി ഞാൻ കൊച്ചിയിലേക്ക് പോകുകയാണെന്നും. ഫോട്ടോ കാണുന്ന തന്റെ ആരാധകന് തന്റെ ജേഴ്സി നൽകാൻ ആഗ്രഹമുണ്ടെന്നും. അതിനായി തന്നെ സഹായിക്കണമെന്നും മാർസലീഞ്ഞോ ആവശ്യപ്പെടുന്നു.

സ്റ്റേഡിയത്തിൽ വെച്ച് ആരാധനെ കണ്ടുമുട്ടിയാൽ കേരള ബ്ലാസ്റ്റേഴ്സ് - എഫ്സി പൂനെ സിറ്റി മത്സരത്തിൽ മാർസലീഞ്ഞോ ധരിച്ച ജേഴ്സി ആരാധകന് കൈമാറുമെന്നും മാർസലീഞ്ഞോ ഫേസ്ബുക്ക് കുറിപ്പിൽ പങ്ക് വെയ്ക്കുന്നു

Wednesday, December 5, 2018

കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുന്നേറ്റ നിരക്ക് ചുക്കാൻ പിടിക്കാൻ മലയാളി താരം ജിതിൻ എം.എസ് തിരിച്ച് ബ്ലാസ്റ്റേഴ്‌സിലേക്കെത്തുന്നു.


കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുന്നേറ്റ നിരക്ക് ചുക്കാൻ പിടിക്കാൻ മലയാളി താരം ജിതിൻ എം.എസ് തിരിച്ച് ബ്ലാസ്റ്റേഴ്‌സിലേക്കെത്തുന്നു. സീസൺ തുടക്ക സമയത് ബംഗളൂരു ആസ്ഥാനമായുള്ള ഐ ലീഗ് സെക്കന്റ് ഡിവിഷൻ ക്ലബ്ബ് ഓസോൺ എഫ്.സി യിൽ ബ്ലാസ്റ്റേഴ്‌സ് ലോണിൽ വിട്ട താരം. ആഭ്യന്തര ലീഗ് മത്സരങ്ങളിൽ ഓസോണിനായി മികച്ച പ്രകടനമാണ് നടത്തുന്നത്. വെറും മൂന്ന് കളികളിൽ നിന്ന് ആറു ഗോളുകളാണ് താരം അടിച്ചു കൂട്ടിയത്..

സീസണിലെ ആദ്യ മത്സരത്തിൽ കൊൽക്കത്തക്കെതിരെ നേടിയ മിന്നുന്ന വിജയത്തിന് ശേഷം അവസാനത്തെ ഒൻപത് കളികളിൽ വിജയം കണ്ടെത്താൻ ആവാത്ത ഡേവിഡ് ജെയിംസിന്റെ ഏറ്റവും വലിയ തലവേദന ടീമിൽ ഒരു നല്ല ഫിനിഷർ ഇല്ലാത്തത് തന്നെയാണ്. ഈ വിടവ് നികതാൻ തന്നെയാവും ലോൺ അവസാനിപ്പിച്ച് ജിതിനെ ടീമിൽ തിരിച്ചെത്തിക്കുന്നതിലൂടെ ഡേവിഡ് ജെയിംസ് ലക്ഷ്യമിടുന്നത്

മുനയോടിഞ്ഞ മുന്നേറ്റനിര നട്ടംതിരിച്ച കേരള ബ്ലാസ്റ്റേഴ്‌സിന് അഞ്ചാം സീസണിൽ പതിനാല് വർഷത്തെ ഇടവേളക്ക് ശേഷം കേരളത്തിന്റെ മണ്ണിലേക്ക് സന്തോഷ് ട്രോഫി കിരീടം തിരിച്ചെത്തിച്ച ചരിത്ര ടീമിലെ ടോപ്പ് സ്കോറർ ജിതിൻ എം.എസിന്റെ കണങ്കാലുകൾ കരുത്തുപകരട്ടെ..

Monday, December 3, 2018

ഇന്നും രക്ഷയില്ല; ഡൽഹിക്ക് തോൽവി തന്നെ ശരണം


ആദ്യ ജയം തേടി ഇറങ്ങി ഡൽഹി ഡയനാമോസിന് ഇന്നും നിരാശ. ആദ്യ പകുതിയിൽ ഒരു ഗോളിന് മുന്നിലായിരുന്ന ഡൽഹി രണ്ടാം പകുതിയിൽ നാല് ഗോൾ വഴങ്ങി ഇത്തവണയും തോറ്റു. ആദ്യ പകുതിയിൽ സൗവിക് ചക്രവർത്തിയുടെ ദാനഗോളിന് മുന്നിലായിരുന്നു ഡൽഹി. ഏന്നാൽ രണ്ടാം പകുതിയിൽ മുംബൈ താരം ബാസ്റ്റോസ് പെനാൽട്ടി ലക്ഷ്യത്തിലെത്തിച്ച് സമനില പിടിച്ചു. 61 ആം മിനുട്ടിൽ ഡെൽഹി സെൽഫ് ഗോൾ വഴങ്ങി മുംബൈയെ മുന്നിലെത്തിച്ചു. എന്നാൽ 64ആം മിനുട്ടിൽ സുവർലോനിലൂടെ ഡൽഹി തിരിച്ചടിച്ചു.

69ആം മിനുട്ടിൽ ഫെർണാണ്ടസും 80ആം മിനുട്ടിൽ
മക്കേഡയും ഗോൾ നേടി ഡൽഹിയുടെ ആദ്യ ജയം എന്ന മോഹം തല്ലികെടുത്തി.

ജയത്തോടെ മുംബൈ സെമി പ്രതീക്ഷ സജീവമാക്കി. 10 കളിയിൽ നിന്നും 4 പോയിന്റുമായി ഡൽഹി പത്താമതും തുടരുന്നു

Saturday, November 3, 2018

സമനില തെറ്റാതെ കേരള ബ്ളാസ്റ്റേഴ്സ്

                                       സിറാജ് പനങ്ങോട്ടിൽ എഴുതുന്നു...
                                             

കേരള ബ്ളാസ്റ്റേഴ്സ് - പൂനെ എഫ്‌സി (02/11/2018)

തുടർച്ചയായ നാലാം സമനിലയാണ് ഈ സീസണിൽ കേരള ബ്ളാസ്റ്റേഴ്സിന്റെ ഫലം. സമനിലക്കുരുക്കിന്റെ വലയിൽ നിന്ന് പരമാവധി പുറത്തു ചാടാനുള്ള സകല അടവുകളും കോച്ച് ജെയിംസ് പരീക്ഷിക്കുന്നുണ്ട്. അതിന്റെ ഉത്തമ ഉദാഹരണമാണ് പുണെക്കെതിരെയുള്ള ഇന്നത്തെ മത്സരത്തിൽ സ്‌ട്രൈക്കിങ് പൊസിഷനിലേക്ക് സുഗമമായി ബോൾ എത്തിക്കാൻ ഉതകുന്ന തരത്തിൽ ഡിസൈൻ ചെയ്ത ഫോർമേഷൻ.

ലഭ്യമായതിൽ ഏറ്റവും നല്ല കളിക്കാരെ തന്നെയാണ് ഇന്നത്തെ ആദ്യ ഇലവനിൽ കളിപ്പിച്ചത്. കഴിഞ്ഞ കളികളിലൊക്കെയായി വലിയ പരാതികളുണ്ടാക്കാത്ത ഡിഫൻസിൽ നിന്നും ലാൽ റുവാതാരയെ മാറ്റി കാലിയെ പ്ലേസ് ചെയ്തു എന്നല്ലാതെ വേറെയൊരു മാറ്റവും ഉണ്ടായിട്ടില്ല. പകരമിറങ്ങിയ കാലി ഒന്നാംതരം നിലവാരത്തിൽ ഓവർലാപ് ചെയ്തു മിഡ് ഫീൽഡിലേക്ക് ബോൾ എത്തിച്ചും ഡിഫൻസിൽ പൂട്ട് കെട്ടിയും സെലെക്ഷൻ മോശമാക്കിയില്ല എന്ന് തെളിയിക്കുക തന്നെ ചെയ്തു. അദ്ദേഹത്തിന്റെ വിങ്ങിലൂടെ കാര്യമായ ഒരു നീക്കവും പൂനെക്ക് ഉണ്ടാക്കാൻ കഴിഞ്ഞില്ല എന്നത് എടുത്തു പറയേണ്ടത് തന്നെയാണ്.

ആദ്യ ഇലവൻ പബ്ലിഷ് ചെയ്തപ്പോൾ കൂടുതൽ ആളുകളും വിരുദ്ധാഭിപ്രായം പറഞ്ഞിരുന്നത് വിനീതിനെ ലിസ്റ്റിലിട്ടതിനെതിരെയായിരുന്നു. എന്നാൽ വിനീതിന്റെ ഇന്നത്തെ പെർഫോമൻസ് മുങ്കാളികളിൽ നിന്നും ഏറെ നന്നായിട്ടുണ്ട് എന്ന് പറയാതെ വയ്യ. പരമാവധി വിങ്ങിൽ നിറഞ്ഞു കളിച്ചിട്ടുണ്ട് ഇന്ന് വിനീത്. പഴയ ഫോമിലേക്കുയർന്നാൽ വിനീത് ഒരു മുതൽക്കൂട്ട് തന്നെയായിരിക്കും.

വിനീത് - സഹൽ - സ്ളാവിൽസ കൂട്ടുകെട്ട് കുറച്ചൊക്കെ ട്രാക്കിലായി എന്ന ഒരു സന്തോഷവും ഇന്നത്തെ കളി നമ്മൾക്ക് നൽകുന്നുണ്ട്. പോപ്ലാറ്റിനികിനെ കൂടെ ഉൾപ്പെടുത്തി ഈ കോമ്പിനേഷൻ ഒന്നുകൂടി ഡെവലപ്പ് ചെയ്‌താൽ ബ്ളാസ്റ്റേഴ്സിന്റെ മനോഹാരിത കൂടുതൽ ഊർജ്ജമാക്കാം. വലതു വിങ്ങിലൂടെയുണ്ടായ ഒരു മുന്നേറ്റം ഇന്ന് ഇടതുവിങ്ങിലൂടെ ഉണ്ടായില്ല എന്നത് കുറവായി തന്നെ കാണേണ്ടതുണ്ട്. ലെൻഡുങ്കൽ ആയാലും പകരകകാരനായിറങ്ങിയ നഴ്‌സറിയായാലും കൃത്യമായ ഒരു കണക്ഷൻ പോപ്ലാറ്റിനികുമായോ സ്ളാവിൽസയുമായോ ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. സ്‌ട്രൈക്കറായി കളത്തിലിറങ്ങിയ പോപ്ലാറ്റിനിക്കിന് ഇന്നും കളിയെ താളം കണ്ടെത്തുന്നതിന് ഉപകാരപ്പെടുന്ന ക്രോസുകളോ മധ്യ നിരയിൽ നിന്നും വിങ്ങിൽ നിന്നും കിട്ടിയില്ല എന്നതും എടുത്തു പറയേണ്ടതാണ്.

ആദ്യ പകുതിയിൽ കേരളം ഗോളടിച്ചില്ലെങ്കിലും കാണികളെ സന്തോഷിപ്പിക്കുന്ന അതിനിലവാരമുള്ള സ്പീഡുകളും പാസുകളുമായി നിറഞ്ഞു കളിച്ചതിനു പിന്നിൽ സഹലെന്ന മിഡ്ഫീൽഡ് മെഷീനിന്റെ നിതാന്ത പരിശ്രമമാണ്. വിത്യാസം തിരിച്ചറിയണമെങ്കിൽ ജംഷഡ്പൂരിനെതിരെ നടന്ന കഴിഞ്ഞ മാച്ചിലെ ആദ്യ പകുതിയോട് താരതമ്യം ചെയ്‌താൽ മാത്രം മതി. സഹൽ കളത്തിലുണ്ടാകുമ്പോൾ വല്ലാത്ത ഒരു എനർജി ബ്ളാസ്റ്റേഴ്‌സിനുണ്ട്. ചില സമയങ്ങളിൽ ധൃതിപ്പെട്ട പാസുകളിൽ നിന്നുള്ള വീഴ്ചകളും ഷോട്ടുകളിലെ കൃത്യതയും ശക്തിയും കൂടി വിരിയിച്ചെടുത്താൽ സംശയമേയില്ല കേരളം കാണാനിരിക്കുന്ന മിഡ്ഫീൽഡ് മജീഷ്യൻ തന്നെയാകും സഹൽ എന്ന ചെറുപ്പക്കാരൻ.

സഹലിനോടൊപ്പം ഉജ്ജ്വലമായ സ്‌പേസ് കണ്ടെത്തിയ വലതു വിങ്ങിലെ റാകിപ് ക്രോസ്സ് ഷോട്ടുകളിൽ കൂടി നന്നായി ഗൃഹപാഠം ചെയ്‌താൽ നല്ല ഭാവി കണ്ടെത്താം. രണ്ടാം പകുതിയിലെത്തിയപ്പോൾ ഭൂരിഭാഗം കളിക്കാരിൽ നിന്നും സംഭവിച്ച മിസ്പാസുകളിൽ നിന്നു റാകിപും മുക്തനല്ല. എന്നാൽ ചില മിസ്പാസുകൾ കൂടുതൽ നഷ്ടമായി തോന്നുന്നത് വിങ്ങുകളിലെ ക്രോസുകൾ നഷ്ടപ്പെടുത്തുമ്പോഴാണ്. റാകിപിൽ നിന്ന് ഈ കളിയിൽ സംഭവിച്ച പിഴവുകൾ അടുത്ത കളിയിലെങ്കിലും പരിഹരിക്കുമെന്ന് നമ്മൾക്ക് പ്രതീക്ഷിക്കാം.

അത്യാവശ്യ സമയങ്ങളിൽ ഗോളടിച്ചു എങ്കിലും ഡിഫൻസിനും മിഡ്ഫീൽഡിനും ഇടയിലുണ്ടാകുന്ന വലിയ വിടവ് നികത്തുന്നതിന് നിക്കോള ക്രെമറോവിച് ഇന്നും പരാജയമാണ്. അദ്ദേഹത്തിന്റെ ആ പൊസിഷനിൽ നിന്നാണ് മുൻ കളികളിലെപ്പോലെ എതിർ ടീമംഗങ്ങൾ ഗോൾ നേടുന്നത്. ആ സമയത്ത് ചെറുതായി ഒരു ചലഞ്ചു ചെയ്യാൻ പോലും നിക്കോള എത്തുന്നില്ല എന്നത് പോരായ്മയായി കാണേണ്ടതാണ്. അടുത്ത മാച്ചിലെങ്കിലും ഈ വിടവ് കുറക്കുന്ന തരത്തിലുള്ള കളി പ്ലാൻ ചെയ്യുമെന്ന് നമ്മൾക്ക് പ്രതീക്ഷിക്കാം.
കേളികേട്ട വിദേശ താരങ്ങളുണ്ടായിട്ടും ഫോമിലേക്കുയരാത്തത് കാരണം മങ്ങിപ്പോയ പൂനെക്കെതിരെ ആദ്യ ഇരുപത് മിനുട്ടുകളിലെ കളിക്കനുസരിച്ചു ഏറ്റവും ചുരുങ്ങിയത് രണ്ടു ഗോളുകളുടെ വ്യത്യാസത്തിൽ കേരളം ജയിക്കേണ്ട ഗൈമായിരുന്നു ഇന്നത്തേത്. എന്നാൽ അപ്രതീക്ഷിതമായി കേരള വലയിൽ വീണ ഗോളും റഫറിയിങ്ങിലെ പോരായ്മകളും അതോടൊപ്പം സ്‌ട്രൈക്കിങ് പൊസിഷനിലെത്തുമ്പോൾ ഫിനിഷിങ് ചെയ്യുന്നിടത്തുള്ള പിഴവും എല്ലാം കൂടി വീണ്ടും സമനിലയിൽ കുടുക്കി എന്ന് പറയുന്നതാകും ഉചിതം.
ഏതായാലും മുൻ കളികളെ അപേക്ഷിച്ചു നിലവാരമുള്ള മിഡ്‌ഫീൽഡും ഡിഫൻസും ഒക്കെയുണ്ടെങ്കിലും ഫിനിഷിങ് പൊസിഷനിൽ എത്തുമ്പോൾ കാണിക്കുന്ന അമിതമായ ആശങ്കയും കമ്മ്യൂണിക്കേഷൻ പ്രശ്നങ്ങളും കൂടി പരിഹരിച്ചാൽ ഡേവിഡ് ജയിംസിന്റെ കേരള ബ്ളാസ്റ്റേഴ്‍സിന് കാര്യങ്ങൾ കൂടുതൽ എളുപ്പമാകും. നമ്മൾക്ക് പ്രതീക്ഷിക്കാം.

ലേഖനം: സിറാജ് പനങ്ങോട്ടിൽ 

Labels

Followers