Thursday, November 29, 2018

വീണ്ടും ഒരു മലയാളി താരം കൂടെ ഗോകുലം എഫ്സിയിൽ ; ഒപ്പം ഘാന യുവതാരവും


ഐ ലീഗിനായി രണ്ട് താരങ്ങളെ കൂടെ ഗോകുലം കേരള എഫ്സി  രജിസ്റ്റർ ചെയ്തു. മലയാളി താരം നാസർ പിഎയെയും ഘാന യുവതാരം ക്രിസ്റ്റ്യൻ സാബയെയുമാണ് ഐ ലീഗിനായി ഗോകുലം കേരള എഫ്സി രജിസ്റ്റർ ചെയ്തത്.

മലയാളി വിംഗർ നാസർ ഇനി ഗോകുലത്തിനായി ഐ ലീഗിൽ കളിക്കും.
ഗുരുവായൂർ സ്വദേശിയായ നാസർ വ്യാസ എൻഎസ്എസ് കോളേജിലൂടെയാണ് കരിയർ തുടങ്ങിയത്. 2015-16 സീസണിൽ വാസ്കോ ഗോവയ്ക്ക് വേണ്ടി കളിച്ച താരം കഴിഞ്ഞ സീസണിലാണ് ഗോകുലം കേരള എഫ്സിയിൽ എത്തുന്നത്. എന്നാൽ പരിക്ക് മൂലം താരത്തിന് കളിക്കാൻ കഴിഞ്ഞിരിക്കുന്നില്ല. ഗോവയിൽ നടന്ന പ്രീ സീസൺ ടൂർണമെന്റായ AWES കപ്പിൽ മികച്ച പ്രകടനമാണ് നാസർ പുറത്തെടുത്ത്. ടൂർണമെന്റിൽ മൂന്ന് ഗോളുകൾക്കാണ് നാസർ ഗോകുലം കേരള എഫ്സി ക്ക് വേണ്ടി നേടിയത്.ഘാന യുവതാരം ക്രിസ്റ്റ്യൻ സാബയാണ് ഗോകുലം ഐ ലീഗിനായി രജിസ്റ്റർ ചെയ്ത മറ്റൊരു താരം. പത്തൊമ്പതുക്കാരനായ ക്രിസ്റ്റ്യൻ സാബ ഇരു വിംഗുകളിലും ഒരു കളിക്കുന്ന താരമാണ്. നിലവിൽ റിസർവ് ടീമിനൊപ്പം കളിക്കുന്ന താരത്തിന്റെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഇതാണ് താരത്തിന് സീനിയർ ടീമിലേക്കുള്ള വഴിയൊരുക്കിയത്

Sunday, November 25, 2018

ആദ്യം ഹോം വിജയവുമായി റയൽ കാശ്മീർ; ബഗാനെ തകർത്തെറിഞ്ഞ് ചർച്ചില്ലിന്റെ കുതിപ്പ്


ആദ്യം ഹോം വിജയവുമായി റയൽ കാശ്മീർ; ബഗാനെ തകർത്തെറിഞ്ഞ് ചർച്ചില്ലിന്റെ കുതിപ്പ്

ഐ ലീഗിൽ ആദ്യ ഹോം വിജയം സ്വന്തമാക്കി റയൽ കാശ്മീർ. ഇന്ത്യൻ ആരോസിനെ ഏകപക്ഷീയമായ രണ്ടു ഗോളിനാണ് പുതുമുഖങ്ങളായ റയൽ കാശ്മീർ ആദ്യ ഹോം വിജയം സ്വന്തമാക്കിയത്. റയൽ കാശ്മീരിന് വേണ്ടി സുർചന്ദ്ര സിംഗും ബസീ അർമന്ദും ലക്ഷ്യം കണ്ടു. ഇത് റയൽ കാശ്മീരിന്റെ രണ്ടാം വിജയമാണ്. അരങ്ങേറ്റ മത്സരത്തിൽ നിലവിലെ ജേതാക്കളായ മിനർവ്വയെ കീഴടക്കിയാണ് റയൽ കാശ്മീർ സീസണിന് തുടക്കം കുറിച്ചത്.  ജയത്തോടെ അഞ്ചു കളിയിൽ നിന്നും ഏഴ് പോയിന്റുമായി അഞ്ചാമതാണ് റയൽ കാശ്മീർ.

ഇന്നത്തെ രണ്ടാം മത്സരത്തിൽ ശക്തരായ മോഹൻ ബഗാനെ ചർച്ചിൽ ബ്രദേഴ്സ് ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് കീഴടക്കി. വില്ലി പ്ലാസയുടെ ഇരട്ടഗോളിന്റെ കരുത്തിലാണ് ചർച്ചിലിന്റെ വിജയം. സീസൈയാണ് ചർച്ചിലിനായി മറ്റൊരു ഗോൾ നേടിയത്. ജയത്തോടെ ചർച്ചിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു.
കേരളത്തിന്റെ സ്വന്തം ഗോകുലം കേരള എഫ്സി ഐ ലീഗിൽ ഇപ്പോൾ മൂന്നാമതാണ്

കടലിന്റെ കരുത്തുമായി കോവളം എഫ്സി കേരള പ്രീമിയർ ലീഗിന്കടലിന്റെ കരുത്തുമായി കേരള പ്രീമിയർ ലീഗിൽ തിരമാലയാകാൻ കോവളം എഫ്സി എത്തുന്നു. തീരദേശ മേഖലയിൽ നിന്നുള്ള യുവതാരങ്ങളെ അണിനിരത്തിയാണ് മുൻ കേരള സന്തോഷ് ട്രോഫിതാരവും ഐ ലീഗിൽ വിവകേരളയുടെ താരമായിരുന്ന എബിൻറോസും സംഘവും കേരള പ്രീമിയർ ലീഗ് അരങ്ങേറ്റത്തിന് ഒരുങ്ങുന്നത്.

കേരള പ്രീമിയർ ലീഗിലൂടെ ഇന്ത്യൻ ഫുട്ബോളിൽ ഒരു മേൽവിലാസം ഉണ്ടാക്കിയെടുക്കാനുള്ള തയാറെടുപ്പിലാണ് കോവളം എഫ്സി. അടുത്ത വർഷം ഐ ലീഗ് സെക്കന്റ് ഡിവിഷനിൽ കളിക്കാൻ തയ്യാറെടുക്കുന്ന ടീം. അതിന് മുമ്പ് താരങ്ങൾക്ക് നൽകാവുന്ന മികച്ച ഒരു വേദിയായാണ് കേരള പ്രീമിയർ ലീഗിനെ കാണുന്നത്. ഐ ലീഗ് സെക്കന്റ് ഡിവിഷൻ പ്രവേശനത്തിന്റെ ഭാഗമായി ഒരു 20000 കാണികളെ ഉൾക്കൊള്ളാവുന്ന സ്വന്തം സ്റ്റേഡിയവും കോവളം എഫ്സിയ്ക്കായി ഒരുങ്ങുന്നുണ്ട്. ഇംഗ്ലീഷ് ക്ലബ് ആര്‍സനലിന്റെ യൂത്ത് വിങ് പരിശീലകന്‍ ക്രിസ് ആബേലിന്റെ നേതൃത്വത്തിൽ കേരള പ്രീമിയർ ലീഗിന് മുന്നോടിയായി ചിട്ടയായ പരിശീലനവും കോവളം എഫ്സി താരങ്ങൾക്ക് നൽകിയിരുന്നു. ഡിസംബർ എട്ടിന് ആരംഭിക്കുന്ന കേരള പ്രീമിയർ ലീഗിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ  കഴിയുന്ന പ്രതീഷയിലാണ് എബിൻറോസും സംഘവും

Thursday, November 22, 2018

കേരള പ്രീമിയർ ലീഗിന് ഡിസംബർ എട്ടിന് തുടക്കം. മത്സരങ്ങൾ ശനി, ഞായർ ദിവസങ്ങളിൽ മാത്രം
കേരള ഫുട്ബോൾ അസോസിയേഷൻ സംഘടിപ്പിക്കുന്ന ആറാമത് കേരള പ്രീമിയർ ലീഗിന് ഡിസംബർ എട്ടിന് എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ തുടക്കമാകും. ലീഗിലെ പുതുമുഖങ്ങളായ ആർഎഫ്സി കൊച്ചിന്റെ ഹോം മത്സരത്തോടെയാകും ഈ സീസണിന് തുടക്കം കുറിക്കുന്നത്. ആർഎഫ്സി കൊച്ചിന് പുറമേ നിലവിലെ ജേതാക്കളായ ഗോകുലം കേരള എഫ്സി, എഫ്സി കേരള, ക്വാർട്സ് എഫ്സി, എഫ്സി തൃശ്ശൂർ സാറ്റ് തിരൂർ, കോവളം എഫ്സി, കേരള ബ്ലാസ്റ്റേഴ്സ് റിസർവ് ടീം, എസ്ബിഐ, കേരള പോലീസ്, സെൻട്രൽ എക്സൈസ്, ഇന്ത്യൻ നേവി, കൊച്ചിൻ പോർട്ട് ട്രസ്റ്റ്, ഗോൾഡൻ ത്രെഡ്സ് എന്നീ ടീമുകളും ഇത്തവണ ടൂർണമെന്റിൽ മാറ്റുരക്കും. ശനി, ഞായർ ദിവസങ്ങളിൽ മാത്രമായിരിക്കും മത്സരങ്ങൾ.
കൂടുതൽ കാണികളെ ആകർഷിക്കാനാണ് ഇത്തരം ഒരു തീരുമാനം. ലീഗിന്റെ ഗ്രൂപ്പുകളും ഫിക്സ്ചറും ഉടൻ തന്നെ കെഎഫ്എ പുറത്തിറക്കും. മത്സരങ്ങൾ എല്ലാം ഓൺലൈൻ സ്ട്രീം പ്ലാറ്റ്ഫോമായ മൈകൂജോ ഡോട്ട് കോമിലൂടെ ഫുട്ബോൾ പ്രേമികൾക്ക് മത്സരങ്ങൾ ആസ്വദിക്കാം. 

ഗോകുലം കേരള എഫ്സിയാണ് നിലവിലെ കേരള പ്രീമിയർ ലീഗ് ജേതാക്കൾ. ഫൈനലിൽ ക്വാർട്സ് എഫ്സിയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് കീഴടക്കിയായിരുന്നു ഗോകുലം കീരീടം നേടിയത്.  രണ്ട് തവണ കീരീടം നേടി എസ്ബിടിയാണ് കേരള പ്രീമിയർ ലീഗ് കീരീടത്തിൽ കൂടുതൽ തവണ മുത്തമിട്ടത്. ഈഗിൾ എഫ് സി ആയിരുന്നു പ്രഥമ ചാമ്പ്യന്മാരാർ

ബിനോ ജോർജ് : മലബാറിയന്സിന്റെ സ്വന്തം പെരുന്തച്ചൻ.. ദി റിയൽ ലെജൻഡ് കില്ലർ!!


തൃശ്ശൂർക്കാരനായ ബിനോ ജോർജ് എന്ന പരിശീലകന്റെ പേര് മലയാളി ഫുട്ബോൾ പ്രേമികൾ പ്രത്യേകിച്ച് ഗോകുലം ആരാധകർ മനസ്സിൽ വെച്ചാരാധിക്കാൻ  തുടങ്ങിയിരിക്കുന്നു..വെറും പരിശീലകനല്ല..കാല്പന്തിന്റെ ചാണക്യതന്ത്രങ്ങളുടെ മൂർത്തീഭാവമാണ് ബിനോ എന്ന അതികായൻ.. മലയാളി താരങ്ങൾക്ക് പ്രാമുഖ്യം കൊടുത്തുകൊണ്ട് മലയാളികളുടെ സ്വന്തം ലെജൻഡ് കില്ലേഴ്സ് ഐ ലീഗിന്റെ പോയിന്റ് ടേബിളിൽ മുന്നോട്ടു കുതിക്കുന്നത് ബിനോയുടെ ചിറകിലേറിയാണ്. യഥാർത്ഥ ലെജൻഡ് കില്ലർ ബിനോയുടെ തന്ത്രങ്ങൾ തന്നെയാണെന്ന് ഇന്ത്യൻ ഫുട്ബോൾ ലോകം മനസ്സിലാക്കാൻ തുടങ്ങിയിരിക്കുന്നു.. കേരളീയ ഫുട്ബോൾ യുവത്വത്തിന് പുത്തനുണർവ് സംഭാവന ചെയ്ത ബിനോ ജോർജിനെ കുറിച്ച് കൂടുതൽ അറിയാൻ ശ്രമിക്കാം


തൃശ്ശൂർ മോഡൽ ബോയ്സിന് വേണ്ടി പന്ത് തട്ടാൻ തുടങ്ങിയ ബിനോ അണ്ണാമലൈ യൂണിവേഴ്സിറ്റി താരമാകുകയും അതിലൂടെ തമിഴ്നാട് U21 ടീമിൽ എത്തുകയും ചെയ്തിരുന്നു. ഗോവയിലെ എം പി ടി ക്ലബിനും കൊൽക്കത്തയിലെ മുഹമ്മദന്സിനും ബാംഗ്ലൂരിലെ യുബി ക്ലബിനും പന്ത് തട്ടിയ ബിനോ കേരളത്തിൽ എഫ് സി കൊച്ചിൻ ടീമിന്റെ പോരാളിയായിരുന്നു. 

വിവ കേരളയുടെയും ചിരാഗിന്റെയുമൊക്കെ സഹപരിശീലകനായ ബിനോ യുണൈറ്റഡ് സ്പോർട്സ് ക്ലബിന്റെ മുഖ്യപരിശീലകനാകുന്നത് 2015ൽ ആണ്..കേരളത്തിലെ ആദ്യത്തെ എ എഫ് സി പ്രൊഫഷണൽ കോച്ചിംഗ് ഡിപ്ലോമ കരസ്ഥമാക്കിയ പരിശീലകൻ കൂടിയായിരുന്നു ബിനോ. കേരളത്തിൽ പുതിയ ഫുട്ബോൾ ടീം ഉണ്ടാക്കാൻ എത്തിയ സാക്ഷാൽ ഗോകുലം ഗോപാലൻ തന്റെ ടീമിനെ മുന്നിൽ നിന്ന് നയിക്കാൻ  ബിനോയെപ്പോലെയുള്ള ഒരു പോരാളിയെ തേടുകയായിരുന്നു.. പിന്നീട് നടന്നത് ചരിത്രമാണ്.. ബിനോ ജോർജ് എന്ന ചാണക്യന്റെ തന്ത്രങ്ങളിൽ ഗോകുലം കേരള എഫ്‌സി ഇന്ത്യൻ ഫുട്ബോൾ ലോകത്ത് നടത്തിയ പോരാട്ടങ്ങളുടെ ചരിത്രം. പ്രഥമ ഐ ലീഗ് സീസണിൽ തന്നെ വമ്പന്മാരായ ഈസ്റ്റ് ബംഗാളിനെയും മോഹൻബഗാനെയും അട്ടിമറിച്ച് ലെജൻഡ് കില്ലേഴ്സ് എന്ന പേര് ടീമിന് സമ്മാനിച്ചു..ഒപ്പം കേരള പ്രീമിയർ ലീഗ് ജേതാക്കളുമാക്കി.  ഇടക്കാലത്ത് ടെക്‌നിക്കൽ ഡയറക്ടറുടെ ചുമതല ഏറ്റെടുത്തെങ്കിലും പ്രീ സീസണിലെ ടീമിന്റെ തളർച്ച ബിനോയെ വീണ്ടും മുഖ്യപരിശീലകന്റെ റോളിലേക്ക് എത്തിച്ചു..ഇപ്പോൾ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള ടീമിന്റെ ബുദ്ധികേന്ദ്രം ബിനോ തന്നെയാണ്.സുഹൈർ  അർജുൻ ജയരാജ്‌, ഗനി, ഷിബിൻലാൽ, സൽമാൻ തുടങ്ങിയ മലയാളി താരങ്ങളെ ഫുട്ബോൾ പ്രേമികളുടെ മനസ്സിലേക്ക് എത്തിച്ച ബിനോ മറ്റു ടീമുകളുടെ പേടിസ്വപ്നമായി മാറുകയാണ്.. കളിക്കളത്തിൽ ബിനോയുടെ കുട്ടികൾ പോരാട്ടത്തിനിറങ്ങുമ്പോൾ ഡഗ്ഔട്ടിൽ നിർദ്ദേശങ്ങളുമായി നിൽക്കുന്ന ബിനോ ഗോകുലം ആരാധകരായ ബറ്റാലിയക്ക് താരരാജാവിനെപോലെയാണ്.


തൃശ്ശൂർക്കാരനായത് കൊണ്ടായിരിക്കണം, ഇലഞ്ഞിത്തറ മേളത്തിൽ പതിഞ്ഞു തുടങ്ങുന്ന കൊട്ട് കലാശത്തിൽ പതിനായിരങ്ങളെ ആവേശത്തിലാറാടിക്കുന്ന പോലെ പതിയെ തുടങ്ങുന്ന കളി എതിരാളികളെ മനസ്സിലാക്കി വേഗവും ഊർജ്ജവും കൂട്ടി കൊണ്ടുവന്നു കളി കൈപ്പിടിയിൽ ഒതുക്കുന്ന കേളി തന്ത്രമാണ് ബിനോയുടെത്. കുടമാറ്റത്തിൽ എതിരാളികളെ ഞെട്ടിക്കുന്ന ഐറ്റം എടുക്കുന്ന ദേശക്കാരെ പോലെ ബിനോ കൊടുക്കുന്ന സബ്സ്റ്റിട്യൂഷൻ കളിയുടെ ഗതിയെതന്നെ ഗോകുലത്തിന്റെ വരുതിയിൽ വരുത്താനുതകുന്നതായിരിക്കും. എല്ലാത്തിനുമുപരി ടീമിൽ അണിനിരക്കുന്ന ഗജവീരന്മാരുടെ നടുവിൽ തിടമ്പേറ്റിയ കൊലകൊമ്പനെപ്പോലെ ഗോകുലം കേരള എഫ്‌സിയെ നയിക്കാൻ ബിനോയെക്കാൾ മികച്ച ഒരു പരിശീലകൻ ടീം മാനേജ്മെന്റിന് ചിന്തിക്കാൻ പോലുമാകില്ല. മാനേജ്മെന്റിനും ആരാധകർക്കും ഒരുപോലെ സൂപ്പർസ്റ്റാറായ ബിനോയും പട്ടാളവും ഐ ലീഗിന്റെ തിടമ്പ് കേരളത്തിലേക്ക് എത്തിക്കട്ടെ എന്നാശംസിക്കുന്നു ..

സൗത്ത് സോക്കേഴ്സ് മീഡിയ വിങ് 

Sunday, November 18, 2018

വിജയവഴിയിൽ തുടരാൻ ഗോകുലവും മിനർവ്വയും; കോഴിക്കോട്ടെ പോരാട്ടം തീപാറും
വിജയവഴിയിൽ തുടരാൻ കേരളത്തിന്റെ സ്വന്തം ഗോകുലം കേരള എഫ്സിയും നിലവിലെ ജേതാക്കളായ മിനർവ്വ പഞ്ചാബും ഏറ്റുമുട്ടുമ്പോൾ കോഴിക്കോട്ടെ പോരാട്ടം തീപാറും. രാത്രി 7.30 ന് കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിലാണ് മത്സരം.

കഴിഞ്ഞ മത്സരത്തിൽ ഷില്ലോങ് ലജോങിനെതിരെ മികച്ച വിജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ഗോകുലം കേരള എഫ്സി സ്വന്തം മൈതാനത്ത് മിനർവ്വയെ നേരിടാൻ ഇറങ്ങുന്നത്. മികച്ച ഒത്തിണക്കം കാട്ടുന്ന മുന്നേറ്റനിരയാണ് നിര ഗോകുലം എഫ്സിയുടെ കരുത്ത്. യുവതാരം ഗനിയും അന്റോണിയോ ജർമ്മനും സുഹൈറും അടങ്ങിയ മുന്നേറ്റനിര മികച്ച പ്രകടനമാണ് ഷില്ലോങ് ലജോങിനെതിരെ കാഴ്ചവെച്ചത്.  കഴിഞ്ഞ മത്സരത്തിൽ അസുഖം മൂലം കളിക്കാതിരുന്ന സൂപ്പർ താരം അർജുൻ ജയരാജും കൂടെ ടീമിലെത്തുന്നതോടെ മിനർവ്വ കീഴടക്കി ലീഗിൽ രണ്ടാം മുന്നേറാം എന്ന പ്രതീക്ഷയിലാണ്  കേരളത്തിന്റെ സ്വന്തം ഗോകുലം കേരള എഫ്സി. മുൻ ചാമ്പ്യന്മാരായ ഐസ്വാൾ എഫ്സിയെ അവരുടെ തട്ടകത്തിൽ കീഴടക്കിയാണ് മിനർവ്വ പഞ്ചാബ് കോഴിക്കോട്ടേക്ക് എത്തുന്നത്.  സൂപ്പർ താരം ചെഞ്ചോ  ടീം വിട്ടെങ്കിലും കരുത്തർ തന്നെയാണ് മിനർവ്വ. മൂന്ന് കളികളിൽ നിന്നും ഒരു ജയവും ഒരു സമനിലയും ഒരു തോൽവിയുമായി നിലവിൽ ഏട്ടാമതാണ് മിനർവ്വ പഞ്ചാബ്ഇതിന് മുമ്പ് രണ്ട് തവണയാണ് ഇരുടീമുകളും ഏറ്റുമുട്ടിയിട്ടുള്ളത്. ഇരു ടീമുകളും ഒരോ ജയം വീതം നേടി. ഇരുടീമുകളുടെയും ജയം എതിർ തട്ടകത്തിൽ ആയിരുന്നു. 

ഐ ലീഗിലെ മികച്ച രണ്ട് ടീമുകൾ ഏറ്റുമുട്ടുമ്പോൾ കോഴിക്കോട്ടെ ഫുട്ബോൾ പ്രേമികളെ കാത്തിരിക്കുന്നത് മികച്ച ഒരു പോരാട്ടം തന്നെയായിരുന്നമെന്നത് തീർച്ച.

Saturday, November 17, 2018

കേരളത്തിന്റെ ഫുട്ബോൾ പ്രയാണത്തിൽ ഗോകുലത്തിന്റെ പ്രസക്തി...ലോക ഫുട്ബോളിൽ എന്നും ആസ്വാദകന്റെ റോളിൽ മാത്രമുണ്ടായിരുന്ന മലയാളി ചെറുതായി ഗിയർ ചേഞ്ച് ചെയ്തപ്പോൾ ഒരുപിടി ക്ലബുകളും ഒരു കൂട്ടം പ്രതിഭകളുമാണ് കാല്പന്തിന്റെ സുവർണ വെളിച്ചത്തിലേക്ക് എത്തിയത്.. ഐ ലീഗും ഐ എസ് എല്ലും സെക്കൻഡ് ഡിവിഷനും ഒപ്പം കേരള പ്രീമിയർ ലീഗുമെല്ലാം അരങ്ങുതകർക്കുമ്പോൾ മലയാളി ഫുട്ബോൾ ലോകവും സ്മാർട്ടാകുകയാണ്..കേരള ബ്ലാസ്റ്റേഴ്‌സ്, ഗോകുലം കേരള, എഫ് സി കേരള,കോവളം എഫ്‌സി  സാറ്റ് തിരൂർ,എഫ്‌സി തൃശ്ശൂർ, ക്വാർട്സ് എന്നിങ്ങനെ ഇപ്പോൾ അരങ്ങേറ്റത്തിന് തയ്യാറെടുക്കുന്ന കൊച്ചി എഫ് സി വരെ എത്തി നില്കുന്നു..പ്രതിഭകളെ ഉണ്ടാക്കുന്നതിൽ എഫ് സി കേരളയും എഫ് സി തൃശൂരുമൊക്കെ തമ്മിൽ  ഒരു മത്സരം തന്നെയുണ്ടോ എന്ന് സംശയിച്ചു പോകും...അതുപോലെ അവരെ സ്വന്തമാക്കുന്നതിൽ  മറ്റു ഇന്ത്യൻ ക്ലബുകളും.. എന്തായാലും കേരള ഫുട്ബോൾ ഊർജ്ജസ്വലമായിത്തന്നെ മുന്നോട്ടു പോകുന്നുണ്ട്..


 ഗോകുലം കേരള എഫ് സി ഇത്തവണ ഐ ലീഗിൽ മികച്ച പ്രകടനം തന്നെ കാഴ്ച വെക്കുമ്പോൾ ചുക്കാൻ പിടിക്കുന്നത് മലയാളി താരങ്ങൾ തന്നെയാണ്.. ടീമിന്റെ സ്റ്റീയറിങ് വീണ്ടും ബിനോ ജോർജിനെ ഏല്പിച്ച മാനേജ്മെന്റിന്റെ വിശ്വാസം കാത്തു സൂക്ഷിക്കുന്ന പ്രകടനം തന്നെയാണ് ബിനോയുടെ ടീം കളത്തിൽ കാഴ്ചവെക്കുന്നത്..വിപി സുഹൈർ, അർജുൻ ജയരാജ്‌, ഷിബിൻരാജ്, ഗനി അഹമ്മദ് പോലെയുള്ള മലയാളി താരങ്ങൾ മലബാരിയൻസിനു വേണ്ടി കൈ മെയ് മറന്നു പൊരുതുമ്പോൾ ഇ.എം.എസ് സ്റ്റേഡിയത്തിലെ ബറ്റാലിയ സ്റ്റാൻഡ് ആവേശത്തിരയിലാറാടുകയാണ്.. ആദ്യ സീസണിൽ തന്നെ ജയന്റ് കില്ലേഴ്സ് എന്ന പേര് സമ്പാദിച്ചത് ചുമ്മാതല്ല എന്ന് ഈ സീസണിലെ പ്രകടനം അടിവരയിട്ട് പറയുന്നു.. കഴിഞ്ഞ സീസണിൽ നിന്നും വത്യസ്തമായി ഹോം മത്സരങ്ങൾ വൈകിട്ട് ആയതും ഫ്ലവർസ് ചാനലിൽ തത്സമയം സംപ്രേക്ഷണം ഉള്ളതും മലബാരിയൻസിലേക്ക് കൂടുതൽ അടുക്കാൻ ഫുട്ബോൾ ആരാധകരെ പ്രേരിപ്പിക്കുന്നുണ്ട്.. അന്റോണിയോ ജർമൻ, മൂസ തുടങ്ങിയ വിദേശ താരങ്ങൾ ഉണ്ടായിട്ടും കളികളിൽ കയ്യടിവാങ്ങുന്നത് അധികവും മലയാളി താരങ്ങളാണ്..മലയാളി യുവത്വത്തിന് പ്രാധാന്യം നൽകി ബിനോ ജോർജ് വാർത്തെടുക്കുന്ന ടീമിൽ നിന്നും അസൂയാവഹമായ നേട്ടങ്ങൾ ഇനിയും നമുക്ക് പ്രതീക്ഷിക്കാം.. അതുപോലെ കേരള ഫുട്ബോളിന്,ആരാധകർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കാൻ മുന്നോട്ടു വരുന്ന ഗോകുലം കേരള മാനേജ്മെന്റിനെയും അഭിനന്ദിക്കേണ്ടിയിരിക്കുന്നു.. മലബാറിയൻസും  ബറ്റാലിയയും കേരള ഫുട്ബോളിനെ ഇന്ത്യൻ ഫുട്ബോൾ ലോകത്തിന്റെ നെറുകയിൽ എത്തിക്കുമെന്ന് പ്രത്യാശിക്കാം..

എഫ് സി കേരള : മലയാളി പ്രതിഭകളുടെ ഫാക്ടറി..2014ൽ ഒരു ക്ലബ്‌ തുടങ്ങുമ്പോൾ അത് ഒരു ഫാക്ടറി ആയി മാറുമെന്ന് പിന്നണിയിൽ ഉള്ളവർ ചിന്തിച്ചിട്ടുണ്ടാകില്ല. ഇപ്പോൾ എഫ് സി കേരള ഒരു ഫാക്ടറിയാണ് കേരളത്തിലെ ഫുട്ബോൾ പ്രതിഭകളെ വാർത്തെടുക്കുന്ന ഫാക്ടറി.. കാലിൽ കളിയുള്ള ആർക്കും അവിടെ കയറിച്ചെല്ലാം മികച്ച പരിശീലനവും മത്സരപരിചയവും നൽകി അവരെ ഇന്ത്യൻ ഫുട്ബോൾ ലോകത്തിലേക്ക് തുറന്നു വിടുകയാണ്  മലയാളത്തിന്റെ ചെമ്പട.ടെക്‌നികൽ ഡയറക്ടർ, മുൻ ഇന്ത്യൻ പരിശീലകൻ നാരായണ മേനോനും ചീഫ് കോച്ച്, മുൻ സന്തോഷ് ട്രോഫി ജേതാവ് പുരുഷോത്തമനും മാനേജർ നവാസും ചുക്കാൻ പിടിക്കുന്ന എഫ് സി കേരള ടീമും സോക്കർ സ്‌കൂളും കേരളത്തിന്റെ ഫുട്ബോൾ ചരിത്രത്തിൽ സമതകളില്ലാതെ  മുന്നേറ്റം സൃഷ്ടിക്കുകയാണ്..


ഒരു ക്ലബിന്റെയോ യൂണിവേഴ്സിറ്റിയുടെയോ കോളേജിന്റെയോ  മേൽവിലാസം ഇല്ലാത്തവരെ പോലും എഫ് സി കേരള  സീനിയർ ജൂനിയർ ടീമിൽ എത്തിക്കുമ്പോൾ സോക്കർ സ്കൂളിൽ നിരവധി പ്രതിഭകളെ വാർത്തെടുക്കുന്നതിൽ പ്രതിജ്ഞാബദ്ധരായ ഒരു പിടി യുവ പരിശീലകരും ഉണ്ട്.ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ അക്കാദമികളിൽ ഒന്നായ എഫ് സി കേരള സോക്കർ സ്കൂൾ അഖിലേന്ത്യാ ഫുട്ബോൾ അസോസിയേഷൻ ടു സ്റ്റാർ അക്രീഡിറ്റേഷൻ നൽകിയത് അവരുടെ പ്രവത്തനമികവായി വിലയിരുത്തപ്പെടുന്നു.തൃശ്ശൂർ കോർപറേഷൻ സ്റ്റേഡിയത്തിലും എൽത്തുരുത്ത് സെന്റ് അലോഷ്യസ് സ്ക്കൂളിലെ റെസിഡൻഷ്യൽ അക്കാദമിയിലുമാണ്  ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്. ചെറുപ്പത്തിൽ തന്നെ മികച്ച പരിശീലനം നൽകുമ്പോൾ മികച്ച താരങ്ങളെ ഭാവിയിൽ ഇന്ത്യൻ ഫുട്ബോളിന് ലഭ്യമാകും എന്നാണ് നാരായണ മേനോൻ സാറിന്റെ പക്ഷം..മികച്ച അനുഭവസമ്പത്തും പരിശീലക പരിജ്ഞാനവുമുള്ള അദ്ദേഹത്തിന്റെ കീഴിൽ എ എഫ് സി നിഷ്കർഷിക്കുന്ന യോഗ്യതയുള്ള ഒരു കൂട്ടം യുവ പരിശീലകർ കുട്ടികളെ കാല്പന്തിന്റെ വിവിധ അടവുകൾ പഠിപ്പിക്കുന്നത്..കേരള ജൂനിയർ സീനിയർ ടീമുകൾ മുതൽ ഇന്ത്യൻ ജൂനിയർ ടീം വരെ എത്തിനിൽക്കുന്ന എഫ് കേരള താരങ്ങൾ നാളെ ഇന്ത്യൻ സീനിയർ ടീമിന്റെ ഭാഗമായി നിരവധി നേട്ടങ്ങൾ കൊയ്യുമെന്നാണ് എഫ് സി കേരള മുഖ്യ പരിശീലകൻ ടിജി പുരുഷോത്തമൻ ശുഭാപ്തി വിശ്വാസം പ്രകടിപ്പിക്കുന്നത്..അതിന്റെതായ പരിശീലന രീതികളാണ് എഫ് സി കേരള പിന്തുടരുന്നത്..ഭാവിയിൽ പൂർണ്ണമായും സോക്കർ സ്‌കൂളിലെ സ്വന്തം അക്കാദമിയിൽ നിന്നും വാർത്തെടുത്ത  താരങ്ങളെ മാത്രം കളത്തിലിറക്കി വിജയം കൊയ്യാൻ തക്കവണ്ണം ശക്തിയാർജ്ജിക്കുന്ന പ്രസ്ഥാനമാകും എഫ് സി കേരളയെന്നു മാനേജറും കോച്ചുമായ നവാസ് അഭിപ്രായപ്പെട്ടത്..

Wednesday, November 14, 2018

കേരളത്തിലെ ഫുട്ബോൾ ആരാധകർക്ക് ഇത് അഭിമാന നിമിഷം. എഫ് സി ബാഴ്സലോണ അക്കാദമി കുട്ടികളെ പരിശീലിപ്പിക്കാൻ ഇനി കേരള മണ്ണിൽ നിന്നും ഒരു പുതിയ കോച്ച്
ഫുട്ബോൾ പ്രേമികൾ നെഞ്ചിലേറ്റി ലാളിക്കുന്ന എഫ് സി ബാഴ്സലോണ ക്ലബിന്റെ കുട്ടികളെ പരിശീലിപ്പിക്കാൻ ഇനി കേരള മണ്ണിൽ നിന്നും ഹൈഡൻ ജോസ് പുതിയ പരിശീലകനായി എത്തുന്നു .


ബാംഗ്ലൂർ  ആസ്ഥാനമായുള്ള ബാഴ്സലോണ അക്കാദമിയിൽ ആണ് ഈ 23 കാരനായ മിടുക്കൻ കോച്ച് ആയി കയറിയത്. കേരളത്തിൽ നിന്നും തന്നെ ആദ്യമായാണ് ഒരാൾക്ക് ഇത്തരമൊരു അസുലഭ ഭാഗ്യം ലഭിക്കുന്നത്...

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കടുത്ത ആരാധകനായ ഹെയ്ഡൻ തൃശ്ശൂർ മുക്കാട്ടുക്കര സ്വദേശിയാണ്.

നമ്മുടെ പ്രിയ സുഹിർത്തിന് സൗത്ത് സോക്കേർസ് ഭാവിയിൽ എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.


Sunday, November 11, 2018

ബ്ലാസ്റ്റേഴ്‌സ് ഇന്നു കൊച്ചിയിൽ കളിക്കുവാനിറങ്ങുമ്പോൾആറു മത്സരങ്ങളിൽ നിന്നും ഒരു ജയവും നാല് സമനിലയും ഒരു പരാജയവുമായി  ബ്ലാസ്റ്റേഴ്സ് ഇന്ന് കൊച്ചിയിൽ കരുത്തരായഗോവയ്ക്ക് എതിരെ പന്ത്  തട്ടുമ്പോൾ സമ്മര്ദത്തിന്റെ  മുള്മുനയിലാണ് ഡേവിഡ് ജെയിംസും കേരള ബ്ലാസ്റ്റേഴ്സ് ടീമും. കഴിഞ്ഞ സീസണിൽ റെനെ മ്യുളസ്റ്റീൻ പുറത്തു പോവാനിടയായ അതേ സാഹചര്യങ്ങളിലൂടെയാണ് നിലവിൽ ബ്ലാസ്റ്റേഴ്സ് കടന്നു പോവുന്നത്. അതു കൊണ്ടു തന്നെ മത്സരത്തിലെ ഫലം ബ്ലാസ്റ്റേഴ്സിനു നിർണായകമാണ്.   കഴിഞ്ഞ സീസണുകളില് നിന്ന് വ്യത്യസ്തമായി കളിക്കളത്തില് മികച്ച ഒത്തിണക്കവും ആക്രമണവാസനയും പ്രകടിപ്പിക്കുമ്പോള്ത്തന്നെ ജയം അകന്നുപോകുന്നതാണ് ആരാധകരെയും  മാനേജ്മെന്റിനെ അലട്ടുന്നത്.ഇന്ന് ആർത്തിരമ്പുന്ന മഞ്ഞ കടലിനു മുന്നിൽ കളിക്കാനിറങ്ങുമ്പോള് പുതിയ ചില തന്ത്രങ്ങള് കൊമ്പന്മാർ പരീക്ഷിക്കേണ്ടിവരും. നിലവിൽ ആറു മത്സരങ്ങളിൽ നിന്നും ഏഴു പോയിന്റുമായി പോയിന്റ് ടേബിളിൽ ആറാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്.


 ഗോള് വേട്ടക്കാരായ ഗോവക്കെതിരെ ഇതുവരെ ടീമിൽ അവസരം ലഭിക്കാതിരുന്ന മലയാളി താരം അനസ് എടത്തോടിക്ക ആദ്യ ഇലവനില് തന്നെ കളിക്കുമെന്നാണ് സൂചന.  സെന്റര് ബാക്കുകളായ ജിങ്കനിലും, ലാകിച്ച് പെസിച്ചിലും കോച്ചിനുണ്ടായ അമിത വിശ്വാസമാണ് മലയാളി സൂപ്പര് താരത്തിന് ഇത് വരെ അവസരം നഷ്ടമായതിലെ കാരണം. നിലവിൽ പ്രതിരോധത്തിൽ ബ്ലാസ്റ്റേഴ്സ് വലിയ പ്രശ്നങ്ങൾ അനുഭവിക്കുന്നില്ല. പിന്നെ അവസാന നിമിഷങ്ങളില് ഗോള് വഴങ്ങുന്ന ശീലം  ഒഴിവാക്കിയില്ലെങ്കില് ബ്ലാസ്റ്റേഴ്സിന് ഇക്കുറിയും ബ്ലാസ്റ്റേഴ്സ് എങ്ങും എത്താതെ പോകും. സന്ദേശ് ജിംഗാന്, അനസ്, പെസിച്ച്, കാലി സംഘം അണിനിരന്നാല് പ്രതിരോധം കുറച്ചുകൂടി കരുത്തുറ്റതാവും.
അക്രമിച്ചു കളിക്കുന്ന മുന്നേറ്റ നിരയുണ്ടെങ്കിലും  വേണ്ട രീതിയിൽ ഗോൾ ആക്കി മാറ്റുവാൻ സാധിക്കാത്തതാണ് ബ്ലാസ്റ്റേഴ്സന് തിരിച്ചടി ആവുന്നത്. സഹലും  പെക്സണും പ്രശാന്തും  നിക്കോളയും  ഡുങ്കലും റാകിപ്പും വിനീതും മികച്ച രീതിയിൽ കളിച്ചു മുൻ നിരയിൽ ബോൾ എത്തിച്ചാൽ മാത്രമേ എതിർ ഗോൾ വല കുലുക്കുവാൻ സാധ്യമാകുകയുള്ളൂ.ഇനി ഉള്ള ഓരോ മത്സരവും ബ്ലാസ്റ്റേഴ്സണും ആരാധകർക്കും നിർണായകമാണ്. ബ്ലാസ്റ്റേഴ്സ് തിരിച്ചു വരും എന്ന് തന്നെ ആണ് ഓരോ ആരാധകന്റെയും ആഗ്രഹം.

എഴുതിയത് : നിപുൻ 

Saturday, November 3, 2018

സമനില തെറ്റാതെ കേരള ബ്ളാസ്റ്റേഴ്സ്

                                       സിറാജ് പനങ്ങോട്ടിൽ എഴുതുന്നു...
                                             

കേരള ബ്ളാസ്റ്റേഴ്സ് - പൂനെ എഫ്‌സി (02/11/2018)

തുടർച്ചയായ നാലാം സമനിലയാണ് ഈ സീസണിൽ കേരള ബ്ളാസ്റ്റേഴ്സിന്റെ ഫലം. സമനിലക്കുരുക്കിന്റെ വലയിൽ നിന്ന് പരമാവധി പുറത്തു ചാടാനുള്ള സകല അടവുകളും കോച്ച് ജെയിംസ് പരീക്ഷിക്കുന്നുണ്ട്. അതിന്റെ ഉത്തമ ഉദാഹരണമാണ് പുണെക്കെതിരെയുള്ള ഇന്നത്തെ മത്സരത്തിൽ സ്‌ട്രൈക്കിങ് പൊസിഷനിലേക്ക് സുഗമമായി ബോൾ എത്തിക്കാൻ ഉതകുന്ന തരത്തിൽ ഡിസൈൻ ചെയ്ത ഫോർമേഷൻ.

ലഭ്യമായതിൽ ഏറ്റവും നല്ല കളിക്കാരെ തന്നെയാണ് ഇന്നത്തെ ആദ്യ ഇലവനിൽ കളിപ്പിച്ചത്. കഴിഞ്ഞ കളികളിലൊക്കെയായി വലിയ പരാതികളുണ്ടാക്കാത്ത ഡിഫൻസിൽ നിന്നും ലാൽ റുവാതാരയെ മാറ്റി കാലിയെ പ്ലേസ് ചെയ്തു എന്നല്ലാതെ വേറെയൊരു മാറ്റവും ഉണ്ടായിട്ടില്ല. പകരമിറങ്ങിയ കാലി ഒന്നാംതരം നിലവാരത്തിൽ ഓവർലാപ് ചെയ്തു മിഡ് ഫീൽഡിലേക്ക് ബോൾ എത്തിച്ചും ഡിഫൻസിൽ പൂട്ട് കെട്ടിയും സെലെക്ഷൻ മോശമാക്കിയില്ല എന്ന് തെളിയിക്കുക തന്നെ ചെയ്തു. അദ്ദേഹത്തിന്റെ വിങ്ങിലൂടെ കാര്യമായ ഒരു നീക്കവും പൂനെക്ക് ഉണ്ടാക്കാൻ കഴിഞ്ഞില്ല എന്നത് എടുത്തു പറയേണ്ടത് തന്നെയാണ്.

ആദ്യ ഇലവൻ പബ്ലിഷ് ചെയ്തപ്പോൾ കൂടുതൽ ആളുകളും വിരുദ്ധാഭിപ്രായം പറഞ്ഞിരുന്നത് വിനീതിനെ ലിസ്റ്റിലിട്ടതിനെതിരെയായിരുന്നു. എന്നാൽ വിനീതിന്റെ ഇന്നത്തെ പെർഫോമൻസ് മുങ്കാളികളിൽ നിന്നും ഏറെ നന്നായിട്ടുണ്ട് എന്ന് പറയാതെ വയ്യ. പരമാവധി വിങ്ങിൽ നിറഞ്ഞു കളിച്ചിട്ടുണ്ട് ഇന്ന് വിനീത്. പഴയ ഫോമിലേക്കുയർന്നാൽ വിനീത് ഒരു മുതൽക്കൂട്ട് തന്നെയായിരിക്കും.

വിനീത് - സഹൽ - സ്ളാവിൽസ കൂട്ടുകെട്ട് കുറച്ചൊക്കെ ട്രാക്കിലായി എന്ന ഒരു സന്തോഷവും ഇന്നത്തെ കളി നമ്മൾക്ക് നൽകുന്നുണ്ട്. പോപ്ലാറ്റിനികിനെ കൂടെ ഉൾപ്പെടുത്തി ഈ കോമ്പിനേഷൻ ഒന്നുകൂടി ഡെവലപ്പ് ചെയ്‌താൽ ബ്ളാസ്റ്റേഴ്സിന്റെ മനോഹാരിത കൂടുതൽ ഊർജ്ജമാക്കാം. വലതു വിങ്ങിലൂടെയുണ്ടായ ഒരു മുന്നേറ്റം ഇന്ന് ഇടതുവിങ്ങിലൂടെ ഉണ്ടായില്ല എന്നത് കുറവായി തന്നെ കാണേണ്ടതുണ്ട്. ലെൻഡുങ്കൽ ആയാലും പകരകകാരനായിറങ്ങിയ നഴ്‌സറിയായാലും കൃത്യമായ ഒരു കണക്ഷൻ പോപ്ലാറ്റിനികുമായോ സ്ളാവിൽസയുമായോ ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. സ്‌ട്രൈക്കറായി കളത്തിലിറങ്ങിയ പോപ്ലാറ്റിനിക്കിന് ഇന്നും കളിയെ താളം കണ്ടെത്തുന്നതിന് ഉപകാരപ്പെടുന്ന ക്രോസുകളോ മധ്യ നിരയിൽ നിന്നും വിങ്ങിൽ നിന്നും കിട്ടിയില്ല എന്നതും എടുത്തു പറയേണ്ടതാണ്.

ആദ്യ പകുതിയിൽ കേരളം ഗോളടിച്ചില്ലെങ്കിലും കാണികളെ സന്തോഷിപ്പിക്കുന്ന അതിനിലവാരമുള്ള സ്പീഡുകളും പാസുകളുമായി നിറഞ്ഞു കളിച്ചതിനു പിന്നിൽ സഹലെന്ന മിഡ്ഫീൽഡ് മെഷീനിന്റെ നിതാന്ത പരിശ്രമമാണ്. വിത്യാസം തിരിച്ചറിയണമെങ്കിൽ ജംഷഡ്പൂരിനെതിരെ നടന്ന കഴിഞ്ഞ മാച്ചിലെ ആദ്യ പകുതിയോട് താരതമ്യം ചെയ്‌താൽ മാത്രം മതി. സഹൽ കളത്തിലുണ്ടാകുമ്പോൾ വല്ലാത്ത ഒരു എനർജി ബ്ളാസ്റ്റേഴ്‌സിനുണ്ട്. ചില സമയങ്ങളിൽ ധൃതിപ്പെട്ട പാസുകളിൽ നിന്നുള്ള വീഴ്ചകളും ഷോട്ടുകളിലെ കൃത്യതയും ശക്തിയും കൂടി വിരിയിച്ചെടുത്താൽ സംശയമേയില്ല കേരളം കാണാനിരിക്കുന്ന മിഡ്ഫീൽഡ് മജീഷ്യൻ തന്നെയാകും സഹൽ എന്ന ചെറുപ്പക്കാരൻ.

സഹലിനോടൊപ്പം ഉജ്ജ്വലമായ സ്‌പേസ് കണ്ടെത്തിയ വലതു വിങ്ങിലെ റാകിപ് ക്രോസ്സ് ഷോട്ടുകളിൽ കൂടി നന്നായി ഗൃഹപാഠം ചെയ്‌താൽ നല്ല ഭാവി കണ്ടെത്താം. രണ്ടാം പകുതിയിലെത്തിയപ്പോൾ ഭൂരിഭാഗം കളിക്കാരിൽ നിന്നും സംഭവിച്ച മിസ്പാസുകളിൽ നിന്നു റാകിപും മുക്തനല്ല. എന്നാൽ ചില മിസ്പാസുകൾ കൂടുതൽ നഷ്ടമായി തോന്നുന്നത് വിങ്ങുകളിലെ ക്രോസുകൾ നഷ്ടപ്പെടുത്തുമ്പോഴാണ്. റാകിപിൽ നിന്ന് ഈ കളിയിൽ സംഭവിച്ച പിഴവുകൾ അടുത്ത കളിയിലെങ്കിലും പരിഹരിക്കുമെന്ന് നമ്മൾക്ക് പ്രതീക്ഷിക്കാം.

അത്യാവശ്യ സമയങ്ങളിൽ ഗോളടിച്ചു എങ്കിലും ഡിഫൻസിനും മിഡ്ഫീൽഡിനും ഇടയിലുണ്ടാകുന്ന വലിയ വിടവ് നികത്തുന്നതിന് നിക്കോള ക്രെമറോവിച് ഇന്നും പരാജയമാണ്. അദ്ദേഹത്തിന്റെ ആ പൊസിഷനിൽ നിന്നാണ് മുൻ കളികളിലെപ്പോലെ എതിർ ടീമംഗങ്ങൾ ഗോൾ നേടുന്നത്. ആ സമയത്ത് ചെറുതായി ഒരു ചലഞ്ചു ചെയ്യാൻ പോലും നിക്കോള എത്തുന്നില്ല എന്നത് പോരായ്മയായി കാണേണ്ടതാണ്. അടുത്ത മാച്ചിലെങ്കിലും ഈ വിടവ് കുറക്കുന്ന തരത്തിലുള്ള കളി പ്ലാൻ ചെയ്യുമെന്ന് നമ്മൾക്ക് പ്രതീക്ഷിക്കാം.
കേളികേട്ട വിദേശ താരങ്ങളുണ്ടായിട്ടും ഫോമിലേക്കുയരാത്തത് കാരണം മങ്ങിപ്പോയ പൂനെക്കെതിരെ ആദ്യ ഇരുപത് മിനുട്ടുകളിലെ കളിക്കനുസരിച്ചു ഏറ്റവും ചുരുങ്ങിയത് രണ്ടു ഗോളുകളുടെ വ്യത്യാസത്തിൽ കേരളം ജയിക്കേണ്ട ഗൈമായിരുന്നു ഇന്നത്തേത്. എന്നാൽ അപ്രതീക്ഷിതമായി കേരള വലയിൽ വീണ ഗോളും റഫറിയിങ്ങിലെ പോരായ്മകളും അതോടൊപ്പം സ്‌ട്രൈക്കിങ് പൊസിഷനിലെത്തുമ്പോൾ ഫിനിഷിങ് ചെയ്യുന്നിടത്തുള്ള പിഴവും എല്ലാം കൂടി വീണ്ടും സമനിലയിൽ കുടുക്കി എന്ന് പറയുന്നതാകും ഉചിതം.
ഏതായാലും മുൻ കളികളെ അപേക്ഷിച്ചു നിലവാരമുള്ള മിഡ്‌ഫീൽഡും ഡിഫൻസും ഒക്കെയുണ്ടെങ്കിലും ഫിനിഷിങ് പൊസിഷനിൽ എത്തുമ്പോൾ കാണിക്കുന്ന അമിതമായ ആശങ്കയും കമ്മ്യൂണിക്കേഷൻ പ്രശ്നങ്ങളും കൂടി പരിഹരിച്ചാൽ ഡേവിഡ് ജയിംസിന്റെ കേരള ബ്ളാസ്റ്റേഴ്‍സിന് കാര്യങ്ങൾ കൂടുതൽ എളുപ്പമാകും. നമ്മൾക്ക് പ്രതീക്ഷിക്കാം.

ലേഖനം: സിറാജ് പനങ്ങോട്ടിൽ 

ഐ എസ്‌ എല്ലിൽ വി എ ആർ സാങ്കേതികവിദ്യ ഉപയോഗിക്കേണ്ട സമയം ആയോ ?? കൂടുതൽ അറിയാൻ വായിക്കൂ...
വെള്ളിയാഴ്ച്ച നടന്ന കേരള ബ്ലാസ്റ്റേർസ് പൂനെ മത്സരത്തിലെ റഫ്രയിങ് പിഴവൊടെ ആരാധകരുടെ പ്രതിഷേധം ശക്തമാണ് . വി വി എ ആർ സാങ്കേതികവിദ്യ ഇന്ത്യൻ സൂപ്പർ ലീഗിൽ കൊണ്ട് വരേണ്ട സമയം ആയന്ന ആവശ്യവും ഉണ്ട് .

വി എ ആർ :

2017-18 സീസണിൽ തന്നെ നിരവധി ഉന്നതമായ ലീഗുകൾ വി എ ആർ സാങ്കേതികവിദ്യ ഉപയോഗിച്ചുതുടങ്ങി. ഇത് റഫ്രയിങ് പിഴവുകൾ  വെട്ടിക്കുറക്കാനും ഗെയിമുകൾ മാറുന്ന തീരുമാനങ്ങൾ കുറയ്ക്കാനും വഴിവച്ചു.

ബണ്ടസ്ലിഗ, സി റി എ, പോർചുഗലിന്റെ പ്രൈമറി ലിഗാ, മേജർ ലീഗ് സോക്കർ (എം എൽ എസ്) എല്ലാം വി എ ആർ ഉപയോഗപ്പെടുത്തി. ഇംഗ്ലണ്ടിന്റെ എഫ്.എ. കപ്പ്, കാർബാവോ കപ്പ് എന്നിവയും കഴിഞ്ഞ സീസണിൽ വി എ ആർ പരീക്ഷക്കപ്പെട്ടു .

വി എ ആർ സാങ്കേതികവിദ്യയുടെ വീഴ്ചകൾ  : 

വി എ ആർ സാങ്കേതികവിദ്യയുടെ ഉപയോഗം ഗെയിം നടപടികളെ വലിയ അളവിൽ കുറയ്ക്കുന്നു എന്നതാണ്. VAR കാരണം അധിക സമയം  എടുക്കുന്നത് മത്സരത്തിന്റെ  ഗതി കുറക്കുക മാത്രവുമല്ല  ടെലിവിഷനിൽ ആരാധകർക്ക് ആസ്വാദനവും കുറയുന്നു .

ഗോളുകൾ , പെനൽറ്റി , റെഡ് കാർഡുകൾ, തെറ്റിദ്ധാരണകൾ എന്നിങ്ങനെ നാല് പ്രധാന മേഖലകളിലാണ് VAR ഉപയോഗിക്കുന്നത്. എന്നിരുന്നാലും, പല തീരുമാനങ്ങളോടും എങ്ങനെയാണ് ഇത് റഫറിയുടെ ഇടപെടലിലേക്ക് എത്തുന്നത് എന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരമില്ല .

വി എ ആർ സാങ്കേതികവിദ്യയുടെ വിജയം :

ഫിഫ ലോകകപ്പിൽ നിരവധി വിവാദങ്ങൾ വി എ ആർ സൃഷ്ടിച്ചെങ്കിലും , ടെക്നോളജി വലിയ വിജയമായിരുന്നു. ഗ്രൂപ്പിലെ ഘട്ടങ്ങളിൽ, റഫറിമാർ വിളിക്കപ്പെടുന്ന 95 ശതമാനം വിളികളും കൃത്യമായി വിളിച്ചിട്ടുണ്ടെങ്കിലും വി എ ആർ അത് 99.3 ശതമാനത്തിലേക്ക്  ആ നിരക്ക് വർദ്ധിപ്പിച്ചു.
ബുണ്ടെസ്ലിഗയിൽ മാത്രം, 76 പ്രധാന തീരുമാനങ്ങൾ 2017-18 സീസണിൽ മാറ്റപ്പെട്ടു , 99.25 ശതമാനം തീരുമാനങ്ങൾ ശരിയാണെന്ന് കരുതപ്പെടുന്നു.

വി എ ആർ സാങ്കേതികവിദ്യ ചിലവേറിയതാണ് :

പോർച്ചുഗീസ് രണ്ടാം ടയർ ഈ വർഷം 1 മില്യൺ പൌണ്ടാണ് വി എ ആർ നടപ്പാക്കാൻ ചെലവിട്ടത്. സ്കോട്ടിഷ് പ്രൊഫഷണൽ ഫുട്ബാൾ ലീഗ് മേധാവി നീൽ ഡോങ്കറേറാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. പോർച്ചുഗീസ് ഒന്നാം  ടയറിലും വി എ ആർ ഉപയോഗിക്കണം എന്ന വാദത്തിൽ  അദ്ദേഹം ഇക്കാര്യം ചൂണ്ടി കാട്ടിയാണ് വിയോജിപ്പ് പ്രകടിപ്പിച്ചത്   .

ബ്രസീലിയൻ സീരി എ ക്ലബ്ബുകൾ അടുത്തിടെ വി എ ആർ  സാങ്കേതികവിദ്യ  ചിലവേറിയതിനാൽ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു .

ഇന്ത്യൻ സൂപ്പർ ലീഗിൽ ആരാധകരുടെ പ്രതിഷേധം നിലനിൽക്കെ ഇത്രയും ചിലവേറിയ ഒരു  സാങ്കേതികവിദ്യ ഐ എസ്‌ എൽ സംഘടകർ നടപ്പിലാക്കുമോ എന്ന് കാത്തിരുന്നു കാണാം .

നിങ്ങളുടെ അഭിപ്രായങ്ങൾ കംമെന്റിൽ രേഘപ്പെടുത്തു .

Thursday, November 1, 2018

അശമന്നൂർ വീണ്ടും ഫുട്ബോൾ വസന്തത്തിലേക്ക്..
അശമന്നൂർ ഗ്രാമപഞ്ചായത്തിലെ ഫുട്ബോൾ താരങ്ങളെ കണ്ടെത്താനും വളർത്തിയെടുക്കാനും അശമന്നൂർ സൂപ്പർ ലീഗ് വരുന്നു.നവംബർ നാലാം തീയതി മുതൽ ഓടക്കാലി ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ മൈതാനിയിൽ നടക്കുന്ന സൂപ്പർ ലീഗ് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ എൻ എം സലീം ഉദ്ഘാടനം ചെയ്യും.. പ്രത്യേകം പരിശീലനം നടത്തി വാർത്തെടുത്ത എട്ടോളം ടീമുകളാണ് സൂപ്പർ ലീഗിന്റെ താരങ്ങളെ അണിനിരത്തുന്നത്. ചിരാഗ്, യൂണിറ്റെഡ്‌, സോക്കർ സ്പോർട്ടിങ്, മിറക്കിൾ, ഫാൽകൺസ്, റെഡ് ഡെവിൾസ്, യൂണിവേഴ്സൽ, വാരിയേഴ്‌സ് എന്നീ ടീമുകളാണ് സൂപ്പർ ലീഗിന്റെ കിരീടപ്പോരാട്ടത്തിനൊരുങ്ങുന്നത്.എല്ലാ ഞായറാഴ്ചകളിലും അവധി ദിവസങ്ങളിലും വൈകിട്ട് 4:30 ന് മത്സരങ്ങൾ ഉണ്ടാകും.

Blog Archive

Labels

Followers