ജിതിൻ വീണ്ടും സന്തോഷ് ട്രോഫി ക്യാമ്പിൽ
കേരള ബ്ലാസ്റ്റേഴ്‌സ് റിസർവ് താരമായിരുന്ന ജിതിൻ എം എസ് വീണ്ടും സന്തോഷ് ട്രോഫി ക്യാമ്പിൽ ചേരുന്നു. ബ്ലാസ്റ്റേഴ്സിൽ നിന്നും ഗോകുലം എഫ് സി യിലേക്ക് ചേക്കേറുന്നു എന്ന അഭ്യൂഹങ്ങൾക്കിടെയാണ് വീണ്ടും സന്തോഷ് ട്രോഫി ക്യാമ്പിൽ 'ചെറുത്' എത്തുന്നത്. ജിതിൻ അംഗമായിരുന്ന കേരള ടീം സന്തോഷ് ട്രോഫി ജേതാക്കൾ ആയിരുന്നു. ആ മികവും പന്തടക്കവും വേഗതയും മനസ്സിലാക്കിയാണ് പരിശീലകന്മാരായ ബിനോ ജോർജും പുരുഷോത്തമനും കേരള ടീമിനായി ജിതിന്റെ സേവനം ഉറപ്പ് വരുത്തുന്നത്. ബ്ലാസ്റ്റേഴ്‌സ് റിസർവ് താരമായിരുന്ന ജിതിൻ ഒരിക്കലും സീനിയർ ടീമിലേക്ക് പരിഗണിക്കപ്പെട്ടിരുന്നില്ല. മാത്രമല്ല ഗൾഫിൽ നടന്ന പ്രീ സീസണിൽ ജിതിനെ ഒഴിവാക്കി മറ്റെല്ലാവരെയും കൊണ്ട് പോയത് വിമർശങ്ങൾ വിളിച്ചു വരുത്തിയിരുന്നു. വിമർശനങ്ങളെ ബ്ലാസ്റ്റേഴ്‌സ് ആരാധകർ ജിതിന്റെ ഒരു പോസ്റ്റ് ഉപയോഗിച്ച് പ്രതിരോധിച്ചിരുന്നു. താൻ കോച്ചിന്റെ പ്ലാൻ അനുസരിച്ചു ടീമിൽ ഉണ്ടാകുമെന്ന് ജിതിന്റെ പോസ്റ്റ് ഉണ്ടായിരുന്നെങ്കിലും ഇത്തവണത്തെ ബ്ലാസ്റ്റേഴ്‌സ് ടീമിലും തഴയപ്പെട്ടു. അതോടെ ജിതിനെ ബ്ലാസ്റ്റേഴ്‌സ് തഴയുകയാണെന്ന കാര്യം വ്യക്തമായി. ഗോകുലത്തിലേക്ക് പോകുമെന്ന വാർത്തകൾ പ്രചരിക്കുന്നുണ്ടെങ്കിലും അത് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. എന്തായാലും ജിതിന്റെ സേവനം കേരള സന്തോഷ് ട്രോഫി ടീമിന് ഒരു മുതൽകൂട്ടാകുമെന്ന് സംശയമില്ലാത്ത കാര്യമാണ്. ഒരിക്കൽ കൂടി ആ ബൂട്ടുകൾ ഗർജ്ജിക്കുന്നത് കാണാൻ ആഗ്രഹിക്കുകയാണ് ഫുട്ബോൾ പ്രേമികൾ. 'ചെറുതിന്റെ' വലിയ കളികൾക്കായി കേരളത്തിലെ ഫുട്ബോൾ പ്രേമികൾ കാത്തിരിക്കുന്നുണ്ട്.
0 comments:
Post a Comment