ജോലിത്തിരക്ക് മൂലം ഡ്യൂറണ്ട് കപ്പ് ഫൈനലോ സെമിയോ ഒന്നും കാണാൻ സാധിച്ചില്ല. എന്നാലും സോഷ്യൽ മീഡിയയിലൂടെ ഗോകുലത്തിന്റെ വിജയവാർത്തകൾ അറിയാൻ സാധിച്ചിരുന്നു.ചങ്ക് ബ്രോ ഉബൈദും കൂട്ടരും നേടിയ വിജയത്തിന്റെ വാർത്തകൾ കേട്ട് അഭിമാനം കൊണ്ട് കണ്ണു നിറഞ്ഞു പതീറ്റാണ്ടുകൾക്ക് ശേഷം ഏഷ്യയിലെ പഴക്കമേറിയ ടൂർണമെന്റ് കിരീടം മലയാളമണ്ണിൽ എത്തിച്ചതിൽ ഏറെ ആവേശം കൊണ്ടിരുന്നു. എന്നാൽ ടീമിനെ എയർപോർട്ടിൽ സ്വീകരിക്കാനോ റൂമിൽ പോയി കാണാനോ സാധിച്ചില്ല.ഫുട്ബോൾ സഹയാത്രികനായ അമീർ ബാബു മണ്ണാർക്കാട് നിന്ന് വന്ന് അവരെ കണ്ടത് കൂടി അറിഞ്ഞപ്പോൾ അസൂയയും സങ്കടവും തോന്നി. എന്നാൽ എന്നെ ഞെട്ടിച്ചുകൊണ്ട് 'ഉബുവും' ഷംനാദും ഇന്ന് രാവിലെ എന്റെ ഷോപ്പിൽ വന്നത് അപ്രതീക്ഷിതമായിരുന്നു.
കോഴിക്കോട് ടൗണിൽ പോയിരുന്ന എന്നെ തേടി ഞാൻ ജോലി ചെയ്യുന്ന ഒയാസിസ് ഗ്രാൻഡ് മാർട്ടിൽ രണ്ടു സുഹൃത്തുക്കൾ എത്തിയെന്നു കേട്ടപ്പോൾ ആരാണെന്ന് അന്വേഷിച്ചു. രണ്ടു ഗോകുലം താരങ്ങൾ ആണെന്നായിരുന്നു സൂപ്പർവൈസറുടെ മറുപടി. സന്തോഷവും അഭിമാനവും തോന്നിയ നിമിഷം.അവരോട് കുറെയേറെ ചോദിച്ചറിയാനുണ്ടായിരുന്നു. എന്നാൽ നാട്ടിൽ പോകുന്നതിന്റെ തിരക്കുകൾ കാരണം ചുരുങ്ങിയ സമയമേ അവരെ കയ്യിൽ കിട്ടിയുള്ളൂ. എന്നാലും പരിമിതമായ സമയത്തിനുള്ളിൽ കുറെ കാര്യങ്ങൾ സംസാരിച്ചു.
ഗോകുലം ഡ്യൂറണ്ട് കപ്പിന് തയ്യാറെടുത്തത് മുതൽ ആരാധകരെ പോലെ കളിക്കാരും ആവേശത്തിലായിരുന്നു. ഐ ലീഗിന് മുന്നോടിയായുള്ള പ്രീ സീസൺ ടൂർണമെന്റ് എന്നതിനേക്കാൾ ഏഷ്യയിലെ ഏറ്റവും പഴക്കമേറിയ ടൂർണമെന്റ് പുനരാരംഭിക്കുന്നു, അതിൽ കേരളത്തെ പ്രതിനിധികരിച്ചു കൊണ്ട് ഗോകുലം കളിക്കുന്നു. കഴിവ് തെളിയിക്കാൻ കിട്ടിയ മികച്ച അവസരം. ക്യാപ്റ്റൻ മാർക്കസ്ജോസെഫ് മികച്ച പ്രകടനത്തിലൂടെ ഗോൾഡൻ ബൂട്ടും ഗോൾഡൻ ബോളും സ്വന്തമാക്കി.ഉബൈദ് ഗോൾഡൻ ഗ്ലൗവും സെമിയിലെ പെനാൽറ്റി ഷൂട്ടൗട്ടിൽ ഉബൈദിന്റെ സമ്മർദ്ദത്തെ കുറിച്ച് ചോദിച്ചപ്പോൾ സ്വതസിദ്ധമായ ചിരിയോടെ പറഞ്ഞു. ഓരുടെ ഓരോ കളിക്കാരെക്കുറിച്ചും എനക്ക് നല്ല വ്യക്തമായ ധാരണ ഉണ്ടായിരുന്നു. അത് ഒരു മേൽകൈ തന്നു. പിന്നെ പരിശ്രമവും ദൈവാനുഗ്രഹവും. മുൻപ് തനിക്ക് ഏറെ പിന്തുണ നൽകിയതും പ്രോത്സാഹിപ്പിച്ചിരുന്നതും ഈസ്റ്റ് ബംഗാൾ ആരാധകർ ആയിരുന്നു എങ്കിലും കളത്തിൽ എതിർപക്ഷത്തായിരുന്നത് ദൈവനിശ്ചയമായിരുന്നിരിക്കാം. അവരുടെ ടീമിൽ കളിക്കുമ്പോൾ തന്ന സ്നേഹത്തെ കുറിച്ച് പറയുവാൻ വാക്കുകളില്ല. മാർക്കസിന്റെ പ്രകടനത്തെ കുറിച്ച് ചോദിച്ചപ്പോൾ ഷംനാദ് ഒറ്റവാക്കിൽ ഉത്തരം പറഞ്ഞു.. 'എക്സ്ട്രാ ഓർഡിനറി..'ഗോകുലത്തിന്റെ കരുത്തനായ സ്‌ട്രൈക്കർ തന്നെയാണ് ടൂർണമെന്റിന്റെ പ്രധാന താരം എന്നത് ടീമിന്റെ ആവേശം ഇരട്ടിയാക്കി. മോഹൻ ബഗാനെതിരെ വഴങ്ങിയ ഗോളിനെ കുറിച്ച് ചോദിച്ചപ്പോൾ ഉബൈദ് പറഞ്ഞത് ഇങ്ങനെ. ഗോൾ വീണതിൽ ഒന്നു പതറിയെങ്കിലും പിന്നീട് മനസ്സാന്നിധ്യം വീണ്ടെടുത്തു. കൂടുതൽ പിഴവുകൾ വരാതിരിക്കാൻ പരമാവധി ശ്രമിച്ചു. ഫൈനൽ ആണെന്നതും എതിരാളികളെ കുറിച്ചുള്ള ബോധവും കൃത്യമായി ബോളുകൾ നേരിടാൻ മനസ്സിനെ പ്രാപ്തനാക്കി.
വിജയം ആഘോഷിക്കുന്നതിനിടക്ക് ഒരു സ്റ്റാഫ് മാത്രം പൊട്ടിക്കരയുന്ന വീഡിയോ കണ്ടു. അതാരാണെന്ന് ചോദിച്ചപ്പോൾ തങ്ങളുടെ ഫിസിയോയെ കുറിച്ച് പറയാൻ ഉബൈദിനും ഷംനാദിനും നൂറു നാക്കാണ്.
അദ്ദേഹത്തിന്റെ കഴിവിലാണ് ഫിറ്റ്നെസ്സോടെ കളിക്കാൻ സാധിച്ചതു. എതിർ താരങ്ങൾക്ക് പലപ്പോഴും ക്രാമ്പും ഇഞ്ചുറിയും നേരിട്ടെങ്കിലും തങ്ങൾക്ക് അത്തരമൊരു വിഷമഘട്ടം നേരിടേണ്ടി വന്നില്ല.മികച്ച സഹകരണമായിരുന്നു അദ്ദേഹത്തിന്റെത്.
കോച്ച് സാന്റിയാഗോ സാർ , ടെക്‌നിക്കൽ ഡയറക്ടർ ബിനോ സാർ എന്നിവരുടെ തന്ത്രങ്ങളും യഥാസമയത്തുള്ള ചേഞ്ചുകളും കളികളുടെ ഗതി നിർണയിക്കുന്നവയായിരുന്നു.ടീമിലുള്ള എല്ലാവരും ഒരേ മനസ്സോടെ പൊരുതിയതിന്റെ ഫലമാണ് നമ്മൾ നേടിയ ഈ നേട്ടം..സപ്പോർട്ടിങ് സ്റ്റാഫും മികച്ച പിന്തുണ നൽകി.മുൻ സഹകളിക്കാരായ ജോബി, മിർഷാദ്, എന്നിവർ കിരീടനേട്ടത്തിൽ അഭിനന്ദിച്ചിരുന്നു.. ഈ സീസണിൽ മൂന്നും മൂന്നു വഴിക്കായിരുന്നു എന്ന് ഷംനാദ് കൂട്ടിച്ചേർത്തു. ജോബി എ ടി കെ യിലും മിർഷാദ് ഈസ്റ്റ് ബംഗാളിലുമാണ്.മോഹൻ ബഗാനിൽ എത്തിയ സുഹൈറും ആശംസകളുമായി റൂമിൽ എത്തിയിരുന്നു. പിന്നെ ഈ നേട്ടങ്ങളും സന്തോഷങ്ങളും തങ്ങളുടെ ആരാധകരായ ബറ്റാലിയക്കും കേരളത്തിലെ ഫുട്ബോൾ പ്രേമികൾക്കുമായി സമർപ്പിക്കുന്നു. അതുപോലെ പ്രളയ ദുരന്തത്തിൽ നിസ്സഹായരായ സഹോദരങ്ങൾക്കും.
എയർപോർട്ടിൽ തങ്ങളെ സ്വീകരിക്കാൻ ബറ്റാലിയയുടെ നേതൃത്വത്തിൽ ആരാധകർ എത്തിയത് മനസ്സ് നിറച്ചു.
ഇനിയുള്ള പ്ളാനിനെ കുറിച്ച് ചോദിച്ചപ്പോൾ ഐ ലീഗിൽ കിരീടം നേടാൻ ഉറച്ചു തന്നെയാണ് ടീമും മാനേജ്മെന്റും തയ്യാറെടുക്കുന്നത് എന്നാണ് ഇരുവരുടെയും മറുപടി. കുറച്ചു പ്രീ സീസൺ മത്സരങ്ങൾക്ക് കൂടി സാധ്യതയുണ്ടെന്നു സൂചിപ്പിച്ചപ്പോൾ ബ്ലാസ്റ്റേഴ്‌സുമായുള്ള ഒരു മത്സരത്തിന്റെ സാധ്യത അന്വേഷിച്ചപ്പോൾ ഗോകുലം തയ്യാറാണ്, ബ്ലാസ്റ്റേഴ്‌സ് കൂടി സഹകരിച്ചാൽ നടക്കും എന്നാണ് മറുപടി ലഭിച്ചത്.
എന്റെ സൂപ്പർമാർക്കറ്റിന്റെ ഭാഗമായ കാക്റ്റസ് റെസ്റ്റോ കഫെയിൽ നിന്നും അല്പം സ്നേഹസൽകാരവും കഴിഞ്ഞ ശേഷമാണ് ഞങ്ങൾ പിരിഞ്ഞത്.വീണ്ടും വരുമെന്ന പ്രതീക്ഷയോടെ അവരെ യാത്രയാക്കി.
📝
അബ്ദുൾ റസാക്ക്
സൗത്ത് സോക്കേഴ്സ്