Saturday, March 23, 2019

കുന്നമംഗലത്തെ രാഷ്ട്രീയക്കാർക്ക് താക്കീതുമായി ഫുട്ബോൾ പ്രേമികൾ.


കോഴിക്കോട് ജില്ലയിലെ കുന്നമംഗലത്താണ് രാഷ്ട്രീയക്കാർക്ക് അന്ത്യശാസനവുമായി ഫുട്ബോൾ പ്രേമികൾ രംഗത്തെത്തിയത്.കാലാകാലങ്ങളായി കുന്നമംഗലം പുഴക്കൽ ബസാറിലെ യുവാക്കളുടെ ആവശ്യമാണ് പണ്ടാരപ്പറമ്പ് ഗ്രൗണ്ടും അവിടുത്തെ വികസനവും. ഏത് കക്ഷി അധികാരത്തിൽ എത്തിയാലും തങ്ങളുടെ ആവശ്യങ്ങൾ അവഗണിക്കുന്നു എന്ന തിരിച്ചറിവാണ് ഈ കായിക പ്രേമികളെ പ്രധിഷേധത്തിലാക്കിയത്. പുഴക്കൽ ബസാറിലെ കായിക പ്രേമികൾ ഒന്നടങ്കം തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനുള്ള തീരുമാനത്തിലാണ്. അതിന്റെ മുന്നോടിയായി സോഷ്യൽ മീഡിയയിലൂടെ പ്രചാരണവും ഫ്ലെക്സ് സ്ഥാപിക്കലും നടത്തിയിട്ടുണ്ട്.


തിരഞ്ഞെടുപ്പ് കാലമായതിനാൽ ഇപ്പോളെങ്കിലും തങ്ങളുടെ ആവശ്യം രാഷ്ട്രീയ ക്കാരുടെ മുന്നിൽ ഒരു പ്രധാന പ്രശ്നമായി അവതരിക്കുമെന്ന വിശ്വാസത്തിലാണ് ഇന്നാട്ടിലെ യുവാക്കൾ. പരസ്പരം പഴിചാരലും അവഗണനയുമല്ലാതെ ഒരു രാഷ്ട്രീയക്കാരും  തങ്ങളുടെ ആവശ്യത്തിന് നേരെ അനുഭാവപൂർവ്വമായ ഒരു നടപടികളും സ്വീകരിച്ചിട്ടില്ല എന്ന ആക്ഷേപമാണ് തങ്ങളെ ഈ രീതിയിൽ പ്രതിഷേധിക്കാൻ തയ്യാറെടുപ്പിച്ചതെന്ന് പുഴക്കൽ ബസാറിലെ ഫുട്ബോൾ പ്രേമികൾ പറയുന്നു

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന മെസ്സേജ് :-

കുന്നമംഗലത്തെ രാഷ്ട്രീയ പ്രവർത്തകരോട്,

എല്ലാ നാടിന്റെയും ഊർജ്ജം ആ നാട്ടിലെ യുവജനങ്ങളാണ്.നാടിന്റെ ഭാവിയും പ്രതീക്ഷയുമെല്ലാം അവരിലാണ്. ആ യുവജനങ്ങളുടെ ഒരു പ്രധാന ആവശ്യം നിങ്ങൾ രാഷ്ട്രീയക്കാർ തട്ടിക്കളിക്കാൻ തുടങ്ങിയിട്ട് കാലങ്ങൾ ഏറെയായി. കുന്നമംഗലത്തെ പണ്ടാരപ്പറമ്പിൽ യുവജനങ്ങളുടെ കായിക സ്വപ്നങ്ങൾ പൂവണിയാൻ, ഇന്നാട്ടിൽ നിന്നും വളർന്നു വരുന്ന ഓരോ കായികതാരങ്ങളെയും കണ്ടെടുത്തത് വളർത്തിയെടുക്കാൻ, ഞങ്ങൾ  എല്ലാവർക്കുമായി ഒരു കളിക്കളം എന്നത് ഞങ്ങൾ ഓരോരുത്തരുടെയും സ്വപ്നമാണ്.നിങ്ങൾ രാഷ്ട്രീയക്കാർ അത് കാലാകാലങ്ങളായി തട്ടിക്കളിക്കുന്നു. ഇടതും വലതും നടുവും എല്ലാം കൂടി ഇന്നാട്ടിലെ യുവാക്കളുടെ കായിക സ്വപ്നങ്ങളെയാണ് കരിച്ചു കളയുന്നത്. 
ഇപ്പോൾ തിരഞ്ഞെടുപ്പ് കാലമാണല്ലോ.. ജനങ്ങൾ എന്നൊരു വിഭാഗം ഇന്നാട്ടിൽ ഉണ്ടെന്നു നിങ്ങൾ രാഷ്ട്രീയക്കാർക്ക് ഓർമ്മ വരുന്ന സമയം കാലാകാലങ്ങളായി നിങ്ങളുടെ മുന്നിൽ വെച്ച് പഴകി ദ്രവിച്ച ആ ആവശ്യം വീണ്ടും ഞങ്ങൾ മുന്നോട്ടു വെക്കുന്നു. 'പണ്ടാരപ്പറമ്പിലെ കളിക്കളം'.  ഇത്രയും കാലം നിങ്ങൾ അവഗണിച്ചു, ഞങ്ങൾ കാത്തിരുന്നു.. ഇത്തവണ ഞങ്ങൾ പറയുന്നു.. ഞങ്ങളുടെ ആവശ്യം നിറവേറ്റുന്നവർക്കേ ഞങ്ങളുടെ  പിന്തുണ ഉണ്ടാകുകയുള്ളു.. ആദർശം അല്ല, ആവശ്യമാണ് മുഖ്യം. "ഞങ്ങളല്ല.. അവരാണ്..." "ഉറപ്പായും ശരിയാക്കാം" എന്ന സ്ഥിരം പുന്നാര വർത്തമാനം കൊണ്ട് പണ്ടാരപ്പറമ്പിലെ യുവജങ്ങളുടെ അടുത്തേക്ക് വരേണ്ടതില്ല.. ഞങ്ങൾക്കറിയണം... ആർക്കാണ് ഞങ്ങളുടെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞു പരിഹരിക്കാനാകുന്നതെന്ന്.. അപ്പോൾ ഞങ്ങളും ഞങ്ങളുടെ നയം വ്യക്തമാക്കാം. 

എന്ന്, 
പണ്ടാരപ്പറമ്പിലെ യുവജന കൂട്ടായ്മ 
റെയിൻബോ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്‌



0 comments:

Post a Comment

Blog Archive

Labels

Followers