Sunday, March 10, 2019

ഇന്ത്യയുടെ യുവതുർക്കികൾ - ഇന്ത്യൻ ആരോസ്..

2010ൽ ജനിച്ചു വീണ ശേഷം മൂന്നു വർഷങ്ങൾക്കപ്പുറം പൂട്ടിക്കെട്ടി 2017ൽ വീണ്ടും തുറന്നു വിട്ട കടുവക്കുട്ടികൾ തങ്ങളുടെ പ്രകടനം ഒന്നിനൊന്നു മെച്ചപ്പെട്ട കാഴ്ചകളാണ് ഇന്ത്യൻ ആരോസ് എന്ന ക്ലബിന് പറയാൻ ഉള്ളത്. 
2010ൽ ഇന്ത്യൻ ദേശീയ പരിശീലകനായ ബോബ് ഹൗട്ടന് ഒരു കാര്യം പെട്ടെന്ന് കത്തി.. കതിരിൽ വളം വെച്ചിട്ട് കാര്യമില്ല എന്ന്. അന്നത്തെ ദേശീയ ലീഗിൽ കളിക്കുന്ന മുന്തിയ താരങ്ങളെ എടുത്ത് പരിശീലനം കൊടുത്തു ചെന്നാലൊന്നും ടൂർണമെന്റുകളിൽ മികച്ച പ്രകടനം നടത്താൻ സാധിക്കുന്നില്ല..സാധിച്ചാൽ തന്നെ അത് ശാശ്വതവുമല്ല.ഇന്ത്യക്ക് മികച്ച ഒരു ജൂനിയർ നിര ഇല്ല. ഇന്ത്യൻ കൗമാര പ്രതിഭകളെ ഐ ലീഗ് ടീമുകളുടെ ബെഞ്ചുകളിൽ തളച്ചിട്ടതിരിക്കുകയാണ്.ഇന്ത്യൻ ജൂനിയർ ടീമുകൾ ആണെങ്കിൽ ടാറ്റാ ഫുട്ബോൾ അക്കാദമിയിൽ നിന്ന് ഭൂരിഭാഗം പേരെ വെച്ച് അവിടുന്നുമിവിടുന്നും തട്ടിക്കൂട്ടിയ ടീമും. ഗെയിം ടൈം കിട്ടാതെ എങ്ങിനെ അവരിലെ പ്രതിഭകളെ തിരിച്ചറിയും. പിന്നീട് അദ്ദേഹം അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷനുമായി ചർച്ച ചെയ്തു ഒരു തീരുമാനം എടുത്തു. ഇന്ത്യൻ കൗമാര താരങ്ങളെ ഉൾപെടുത്തി ഒരു ടീം ദേശീയ ലീഗിൽ ഇറക്കുക.സെക്കന്റ്‌ ഡിവിഷനിൽ AIFF ന്റെ ഒരു ഇലവനെ അങ്ങോട്ട്‌ ഇറക്കി. 2010 സെപ്റ്റംബർ 21ന് ഫെഡറേഷൻ കപ്പിൽ പഞ്ചാബിലെ ജെ സി ടി മിൽസിനെതിരെ അരങ്ങേറ്റ മത്സരത്തിൽ വിജയത്തോടെ തുടങ്ങി. പിന്നീട് മഹീന്ദ്ര യുണൈറ്റഡിന്റെ പിൻവാങ്ങലിൽ ഐ ലീഗിലേക്ക് എത്തി. 2011 തുടക്കത്തിൽ തന്നെ AIFF ഇലവന് ഒരു പുതിയ പേരും നൽകി. അങ്ങിനെ ഇന്ത്യൻ ആരോസ് എന്നൊരു ടീം അങ്കത്തട്ടിലേക്ക് ഇറങ്ങി.
2011-12 സീസണിൽ പൈലൻ ഗ്രൂപ്പിന്റെ സ്പോൺസർ ഷിപ്പിൽ കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയം ഹോം ഗ്രൗണ്ട് ആക്കി പൈലൻ ആരോസ് കളത്തിൽ ഇറങ്ങിത്തുടങ്ങി. മുൻ വർഷത്തെ കളിക്കാർ അയാൾ ജെജെ, ഗുൽപ്രീത് സന്ധു, മൻദീപ് എന്നിവരെ ഒക്കെ നഷ്ടപ്പെട്ട ടീമിന്റെ കോച്ചുമാരെയും പലകുറി മാറ്റി പരീക്ഷിച്ചു. തോൽവികൾ ഏറ്റുവാങ്ങാൻ മാത്രമായി ഒരു ടീം എന്ന ചീത്തപ്പേര് വാങ്ങിയ ആരോസ്  ഡെവെലപ്‌മെന്റൽ ടീമായ കാരണം കൊണ്ട് മാത്രം റെലഗേറ്റ് ആയില്ല. ഒടുവിൽ 2013ൽ സ്പോൺസർ ആയ പൈലൻ ഗ്രൂപ്പിനും മടുത്തു. അവർ പിൻവാങ്ങി. അങ്ങിനെ ആ യാത്രക്ക് തിരശീലവീണു. ആരോസ് എന്നൊരു പ്രസ്ഥാനം ഓർമയിൽ മാത്രം ആവുമെന്ന് കരുതപ്പെട്ടു. 
നാലു വർഷങ്ങൾക്കിപ്പുറം 2017ൽ u17 ലോകകപ്പിന്റെ വിജയകരമായ നടത്തിപ്പും ഐ എസ് എല്ലിന് ഉണ്ടായ ജനപിന്തുണയും ഇന്ത്യയിലെ ഫുട്ബോൾ വിപ്ലവവുമെല്ലാം മനസ്സിലാക്കിയ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ അവരെ തട്ടിയുണർത്തി. അങ്ങിനെ ഇന്ത്യൻ ആരോസ് വീണ്ടും പുനരുജ്ജീവിപ്പിച്ചു. U17- 19 താരങ്ങളെ അണിനിരത്തി ജൂനിയർ ടീം  കോച്ച് ഡി മറ്റോസ് അവരെ ഐ ലീഗിന് സജ്ജരാക്കി. പതിനെട്ടു കളികളിൽ നിന്ന് നാലു വിജയങ്ങൾ മാത്രമായി പത്താം സ്ഥാനത്ത് അവർ ഫിനിഷ് ചെയ്തു. പക്ഷേ നമ്മുടെ ഭാവി ഇവരുടെ കൈകളിൽ ഭദ്രമാണെന്ന് അവരുടെ കളികളിൽ അവർ തെളിയിച്ചിരുന്നു. ഇപ്പോൾ കഴിഞ്ഞ ഐ ലീഗ് സീസണിൽ ഇരുപത് കളികളിൽ ആറു വിജയങ്ങളുമായ് കഴിഞ്ഞ വർഷത്തെ ചാമ്പ്യൻമാരായ മിനർവക്കും കേരളത്തിന്റെ പ്രതീക്ഷയായ ഗോകുലത്തിനും മുകളിൽ എട്ടാം സ്ഥാനത്താണ് അവർ ഫിനിഷ് ചെയ്തത്. 
രാഹുലും രോഹിതും ബോറീസും ഗുർക്രീതും വിക്രം പ്രതാപമൊക്കെ അടങ്ങുന്ന ഈ കൗമാര നിരയിൽ നിന്നും ഇനിയും പലതും നമുക്ക് ലഭിക്കാൻ ഉണ്ട്.സൂപ്പർ കപ്പിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരെ അങ്കത്തിനിറങ്ങുന്ന ഇന്ത്യൻ ആരോസ് റിസൾട്ട്‌ എന്തായാലും മികച്ച പ്രകടനം തന്നെ കാഴ്ചവെക്കുമെന്ന് ഉറപ്പുള്ളവരാണ് ഫുട്ബോൾ പ്രേമികൾ.

0 comments:

Post a Comment

Blog Archive

Labels

Followers