1989ലാണ് അദ്ദേഹം നീലക്കടുവകളുടെ കുപ്പായത്തിൽ അരങ്ങേറുന്നത്. നെഹ്‌റു കപ്പ്, സാഫ് കപ്പ്, സാഫ് ഗെയിംസ്, പ്രീ ഒളിമ്പിക്സ്, പ്രീ വേൾഡ് കപ്പ് എന്നിങ്ങനെ നിരവധി ടൂർണമെന്റുകളിൽ അദ്ദേഹം ഇന്ത്യക്ക് വേണ്ടി കളിച്ചു. ഇന്ത്യൻ ഫുട്ബോൾ കണ്ടിട്ടുള്ളതിൽ ഏറ്റവും മാരകമായ ഫോർവെർഡ് ലൈൻ കൂട്ടുകെട്ടായിരുന്നു ഐ എം വിജയനും ബൈച്ചുങ് ബൂട്ടിയയും. 1999ലെ സാഫ് കപ്പിൽ ഭൂട്ടാനെതിരെ 12ആം സെക്കന്റിൽ നേടിയ ഗോളിൽ ഫിഫയുടെ റെക്കോർഡ് ബുക്കിലും ഈ കറുത്ത മുത്ത് ഇടംപിടിച്ചു. 2003ൽ ഇന്ത്യയിൽ വെച്ചു നടന്ന ആഫ്രോ - ഏഷ്യൻ ഗെയിംസിൽ ടോപ് സ്‌കോറർ ആയിത്തന്നെ അദ്ദേഹം അന്താരാഷ്ട്ര ഫുടബോളിൽ നിന്ന് വിരമിച്ചു.
ഇതിനിടയിൽ നാട്ടിലും മറുനാട്ടിലും നടന്ന എണ്ണമറ്റ ടൂർണമെന്റുകളും അതിലെ നേട്ടങ്ങളും എണ്ണിയാലൊടുങ്ങില്ല.1995ൽ കോഴിക്കോട് വെച്ചു നടന്ന സിസ്സേർസ് കപ്പ് ഫൈനലിൽ മലേഷ്യൻ ടീമായ പെർലിസിനെതിരെ ജെ സി ടിക്ക് വേണ്ടി നേടിയ സിസ്സർകിക്ക് എന്ന അക്രോബാറ്റിക് ഗോൾ മലയാളികളുടെ ഓർമ്മച്ചെപ്പിൽ എന്നെന്നും സൂക്ഷിക്കുന്നതാണ്. മലേഷ്യയിൽ നിന്നും തായ്‌ലൻഡിൽ നിന്നും കളിക്കാനുള്ള ഓഫറുകൾ വന്നെങ്കിലും ഈ ഇതിഹാസതാരം തന്റെ കരിയർ ചിലവഴിച്ചത് മുഴുവൻ ഇന്ത്യയിൽ തന്നെയാണ്.
ഇതിനിടയിൽ ബിസിനസിലേക്ക് കടന്നെങ്കിലും ഫുട്‍ബോളും സ്പോർട്സും മറക്കാൻ അദ്ദേഹത്തിനാകുമായിരുന്നില്ല. 2004ൽ ബോക്‌സർ എന്ന ബ്രാൻഡിൽ കായിക ഉപകരണ നിർമ്മാണ കമ്പനി ആരംഭിച്ചു.ഇന്ത്യയിലെ വിവിധ ക്ലബുകളുടെ ഉപദേഷ്ടാവായി പ്രവർത്തിക്കുന്ന അദ്ദേഹം കോച്ചിങ്ങിലും തന്റേതായ സംഭാവനകൾ നൽകിയിട്ടുണ്ട്. 2017ൽ അദ്ദേഹത്തെ ഇന്ത്യൻ ഗവണ്മെന്റിന്റെ കീഴിലുള്ള യുവജന കായിക മന്ത്രാലയം ദേശീയ ഫുട്ബോൾ നിരീക്ഷകനായി നിയമിച്ചു. മലയാളത്തിലും തമിഴിലുമെല്ലാം നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുള്ള അദ്ദേഹം 2018ൽ തന്റെ സുഹൃത്തുക്കളുമായി ബിഗ് ഡാഡി എന്റർടൈൻമെന്റ് എന്നൊരു സിനിമാ നിർമ്മാണ കമ്പനി ആരംഭിച്ചു. ആദ്യം നിർമ്മിക്കുന്ന സിനിമയും ഫുട്ബോൾ പ്രമേയമായുള്ളതാണ്.
ഇന്ത്യയിലെ ഈ ഫുട്ബോൾ ഇതിഹാസത്തിനു അർജ്ജുന അവാർഡ് ലഭിച്ചെങ്കിലും എന്നോ ലഭിക്കേണ്ടിയിരുന്ന പത്മ പുരസ്‌കാരം ലഭിക്കാത്തതിൽ ഫുട്ബോൾ പ്രേമികൾ ഇന്നും അസ്വസ്ഥരാണ്. കേരള പോലീസിന്റെ ഭാഗമായി ജോലി ചെയ്യുന്ന അദ്ദേഹത്തിന് ഏതൊരു പുരസ്കാരത്തെക്കാൾ വലുതാണ് ഇന്ത്യയിലെ ഫുട്ബോൾ പ്രേമികൾ തങ്ങളുടെ മനസ്സിൽ നൽകിയ സ്ഥാനം. ഇന്നും പല ചാരിറ്റി മാച്ചുകൾക്കും ബൂട്ട് കെട്ടുന്നഅമ്പത് വയസ്സുകാരനായ ഈ കാലാ ഹിരണിന്റെ കാലുകൾ നിന്നുള്ള സ്കില്ലുകളും ഷോട്ടുകളും ഏതൊരു ഫുട്ബോൾ ആരാധകനെയും ത്രസിപ്പിക്കുന്നതാണ്.ഇന്ത്യയിൽ വിശിഷ്യാ കേരളത്തിൽ ഫുട്ബോൾ സംബന്ധമായ എന്തിനും ഒഴിവാക്കാനാകാത്തൊരു വിഭവമാണ് ഐ എം വിജയൻ എന്ന കാല്പന്തിന്റെ രാജാവ്.അദ്ദേഹത്തിന്റെ ചാരിറ്റി മാച്ചുകളിലെ പ്രകടനം കണ്ടാൽ ചിലപ്പോൾ തോന്നും വയസ്സ് എന്നതൊക്കെ വെറും അക്കങ്ങൾ മാത്രമാണെന്ന്. അല്ലെങ്കിലും പ്രായം കൂടുമ്പോൾ വീഞ്ഞിന് വീര്യം കൂടുകയേയുള്ളൂ..
(ഒരുപക്ഷെ യൂറോപ്പിലോ ലാറ്റിൻ അമേരിക്കയിലോ ജനിച്ചിരുന്നെങ്കിൽ ലോക ഫുട്ബോളർമാരുടെ നിരയിൽ വരുമായിരുന്ന ഒരൈറ്റം. പക്ഷെ ഒരു കണക്കിന് നന്നായി എന്ന് എനിക്ക് തോന്നും.. അഭിമാനിക്കാനും അഹങ്കരിക്കാനും ഞങ്ങൾക്കുമുണ്ടൊരു ഇതിഹാസം. ജീവിതത്തിൽ ഏറ്റവും പ്രിയപ്പെട്ടതെന്ന് കരുതുന്ന ഒരു ഫോട്ടോ അവിചാരിതമായി തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ വിജയേട്ടൻ പരിശീലത്തിനെത്തിയപ്പോൾ എഫ് സി കേരളയുടെ ട്രയൽസ് കാണാനെത്തിയ എന്നെ ചേർന്ന് നിന്നെടുത്ത ഫോട്ടോ ആണ്.അഭിമാനിക്കുന്നു ആ നിമിഷത്തെയോർത്ത്..
സൗത്ത് സോക്കേഴ്സ് പ്രതിനിധികൾ
അബ്ദുൾ റസാഖും ഷാസും ഐ എം വിജയനോടൊപ്പം
ക്രിക്കറ്റ് താരങ്ങളെ ദൈവമായി ആരാധിക്കുന്ന യുവതലമുറയോട് ഒരു ഫുട്ബോൾ പ്രാന്തൻ എന്നുള്ള രീതിയിൽ പറയാനുള്ളത് ഇത്രമാത്രമാണ്. മണിമേടകളിലിരിക്കുന്ന ദൈവങ്ങളെക്കാൾ സാധാരണക്കാർക്കിടയിൽ നിൽക്കുന്ന ഐ എം വി തന്നെയാണ് എനിക്ക് പ്രിയം.. അയാൾ മെസ്സിയോ റൊണാൾഡോയോ ഒന്നുമല്ലായിരിക്കും.. എന്നാൽ ഒരു തലമുറയെ മുഴുവൻ ആവേശത്തിലാറാടിച്ച ഞങ്ങളുടെ കറുത്ത മുത്ത് തന്നെയാണ് എന്നും വിലപ്പെട്ടത്.)
സൗത്ത് സോക്കേഴ്സ് മീഡിയ വിങ്
Legend. ...
ReplyDeleteVery nice
ReplyDelete