Friday, April 3, 2020

"അങ്ങിനെ ഞാനൊരു എഴുത്തുകാരനായി.." അബ്ദുൽ റസാഖ് സൗത്ത് സോക്കേഴ്സിന്റെ യുഗാരംഭം നോവൽ പുസ്തകമാകുന്നു


മൂന്നോ നാലോ വയസ്സുള്ളപ്പോൾ മുതലാണ് ഫുട്ബോൾ കളികൾ നേരിട്ട് കാണാൻ തുടങ്ങിയത്. ഉപ്പയും കുഞ്ഞിപ്പയും കളിച്ചിരുന്ന ബ്രദേഴ്‌സ് ചെറുതുരുത്തി, സോക്കർ ഷൊർണുർ എന്നീ ടീമുകളുടെ സെവൻസ് കളികൾ. പ്രായം കൂടുന്തോറും അതിനോടുള്ള മുഹബത്ത് കൂടിക്കൂടി വന്നു. പക്ഷെ ചെറുപ്പത്തിൽ തന്നെ പിടികൂടിയ കാഴ്ചയുടെ പ്രശ്നങ്ങൾ കണ്ണട ഇല്ലാതെ ഒന്നും കാണാനാകില്ലെന്ന അവസ്ഥ, പിന്നെ അധ്വാനിക്കാനുള്ള മടി.. ഇതെല്ലാം ഒരു കളിക്കാരൻ ആകുന്നതിൽ നിന്ന് പിറകോട്ടടിച്ചു.ഉപ്പയും കുഞ്ഞിപ്പയും അവരുടെ കൂട്ടുകാരും  പിന്നെ രണ്ടാഴ്ചത്തെ  ദിവസത്തെ ക്യാമ്പ് എടുക്കാൻ വന്ന സാക്ഷാൽ ചാത്തുണ്ണി സാറും എന്നെ ഒരു ഫുട്ബോൾ താരമാക്കുന്നതിൽ അമ്പേ പരാജയപ്പെട്ടു..ഒരു പ്രൊഫഷണൽ കളിക്കാരനാകുന്നതിലെ ശ്രമം അവിടെ തീർന്നു.. എന്നാലും ഞാനും എന്റെ കുറച്ചു ശിഷ്യന്മാരും KVR സ്കൂളിലെ ഞങ്ങടെ അഞ്ചടി പോസ്റ്റ് ഗ്രൗണ്ട് മറ്റൊരു നൗകാമ്പും ഓൾഡ് ട്രാഫോഡുമൊക്കെയായി മാറ്റി..ബ്രസീൽ, മാഞ്ചസ്റ്റർ യുണൈറ്റഡ്..ഇതൊക്കെയായിരുന്നു അന്നത്തെ ജീവിതം.. 
കാലങ്ങൾ നീങ്ങി.. പഠിത്തമൊക്കെ കഴിഞ്ഞ് ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി പ്രവാസ ജീവിതത്തിലേക്ക് കടന്നപ്പോൾ ബ്രസീൽ ഫാൻസ്‌ കേരള എന്ന ഫേസ്ബുക്ക് പേജിലും ബ്ലാസ്റ്റേഴ്‌സ് ഫാൻസിന്റെ മഞ്ഞപ്പട ഗ്രൂപ്പിലും മത്സരങ്ങളെകുറിച് എഴുതിതുടങ്ങി. ആ എഴുത്ത് കണ്ടാണ് ഒരു ജലീൽ എന്നെ മഞ്ഞപ്പട ജി സി സി യുടെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് ക്ഷണിക്കുന്നത്.. അതായിരുന്നു എന്റെ ജീവിതത്തിലെ പ്രധാന നാഴികക്കല്ലായി ഞാൻ കരുതുന്നത്. പിന്നീട് ആ ഗ്രൂപ്പിൽ തന്നെയായി ഊണും ഉറക്കവും.. രക്ത ബന്ധത്തേക്കാൾ ശക്തമായ ഫുട്ബോൾ വികാരത്തിൽ അടിയുറച്ച ഒരുപാട് സഹോദരങ്ങളെയും ചങ്കുകളെയും ഞാൻ കണ്ടെത്തി. തമ്മിൽ കണ്ടിട്ടില്ലാത്ത എന്റെ ജ്യേഷ്ഠ സഹോദരങ്ങൾക്ക് നേരെ ചർച്ചെക്കെന്നും പറഞ്ഞ്  കോർ കമ്മിറ്റി, അഡ്മിൻ എന്നൊക്കെ പറഞ്ഞ് വന്ന ചിലർ ചൊറിയുന്നത് കണ്ട് ആ ഗ്രൂപ്പിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു തെറിയഭിഷേകം ഞാൻ നടത്തി. പിന്നീട് അവർ ആ ഗ്രൂപ്പ് പിടിച്ചടക്കാൻ പാഴായ ഒരു ശ്രമം നടത്തി. അവിടെ നിന്ന് സൗത്ത് സോക്കേഴ്സ് ഉദയം കൊണ്ടു.

ഞങ്ങൾക്ക് ഒരു മീഡിയ വിങ്ങും ഫേസ്ബുക് പേജും വന്നു. ഞാൻ അവിടുത്തെ അഡ്മിനും എഴുത്തുകാരനും ട്രോളനുമൊക്കെയായി മാറി..ജിംനാസ് ഇക്കാനെയും കൂട്ടുപിടിച്ച് ഫുട്‍ബോളിലെ വിവിധ പൊസിഷനുകളിൽ കളിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച് ആദ്യ ആർട്ടിക്കിൾ എഴുതി.  അങ്ങിനെ അബ്ദുൾ റസാഖ് സൗത്ത് സോക്കേഴ്സ് എന്നൊരു എഴുത്തുകാരനും ജനനം കൊണ്ടു.


പിന്നീട് ഫുട്‍ബോൾ സംബന്ധിയായ പല പല കൂട്ടായ്മകളിൽ അംഗമായി..അതിനിടക്ക് എഫ് സി കേരളയുടെ അണിയറ പ്രവർത്തകരെ പരിചയപ്പെട്ടു.റെഡ് വാരിയേഴ്‌സ് എന്നൊരു ഔദ്യോഗിക ആരാധക കൂട്ടായ്മയും ഉണ്ടാക്കി.

അവിടെനിന്നും എഴുത്തുകൾക്കുള്ള പല എലമെന്റുകളും കിട്ടിത്തുടങ്ങി.. എന്നാൽ ഇന്ത്യൻ ജൂനിയർ ടീം ഖത്തറിൽ പര്യടനത്തിന് വന്നതാണ് എന്നിലെ ഫുട്ബോൾ പ്രേമിയെ മറ്റൊരു തലത്തിലേക്ക് തിരിച്ചു വിട്ടത്.



അന്ന് ഷാനുവും രവിയും ഹാപ്പിയുമൊക്കെ അടങ്ങുന്ന ബിബിയാനോ ഫെർണാണ്ടസിന്റെ പുലികുട്ടികൾ ഖത്തറിലെ യുവരക്തങ്ങളെ  എടുത്ത് അമ്മാനമാടുന്നത് ഇന്ത്യയിലെ ഫുട്ബോൾ പ്രേമികളെ സൗത്ത് സോക്കേഴ്സ് പേജിലൂടെ ആദ്യമായി ലൈവിൽ കാണിക്കാൻ സാധിച്ചു എന്നതിൽ ഞാൻ കൃതാർത്ഥനാണ്..

അവിടെ നിന്ന് ബ്രസീലും മാഞ്ചെസ്റ്ററുമൊക്കെ ഉപേക്ഷിച്ച ഞാൻ തീരുമാനിച്ചു.. ഇനി ഇന്ത്യയുടെ നീലക്കടുവകളും എഫ് സി കേരളയുടെ ചെമ്പടയും മാത്രം..

നാട്ടിൽ വരുമ്പോൾ എഫ് സി കേരളയുടെ കൂടെ കേരള പ്രീമിയർ ലീഗ്, ഐ ലീഗ് സെക്കൻഡ് ഡിവിഷൻ ഒക്കെ കണ്ടു നടന്നു, ലൈവും കൊടുത്തു കൊണ്ടിരുന്നു. അതിനിടയിൽ പരിചയപ്പെട്ട ഉനൈസിന്റെ നിർബന്ധത്തിന് വഴങ്ങി അവന്റെ എക്സ്ട്രാ ടൈം ഇ മാഗസിനിൽ ലേഖനങ്ങൾ എഴുതി തുടങ്ങി. അവന്റെയും എഡിറ്റോറിയൽ ബോർഡിലെ സൂഫിയാൻ,  ധനഞ്ജയൻ എന്നിവരുടെ പ്രേരണ കൊണ്ട് കഴിഞ്ഞ ജൂൺ - ജൂലൈ മാസങ്ങളിൽ ഒരു നോവൽ  എഴുതാൻ ആരംഭിച്ചു. ഞാൻ എന്താകണം അല്ലെങ്കിൽ ഇന്ത്യൻ ഫുട്ബോൾ എങ്ങിനെ ആകണം എന്നൊക്കെയുള്ള അടക്കിയ സ്വപ്നങ്ങൾ എനിക്കറിയാവുന്നതും സങ്കല്പികവുമായ കഥാപാത്രങ്ങളിലൂടെ പിറവിയെടുത്തു.. അതിപ്പോൾ പുസ്തക രൂപത്തിലും ആകാൻ പോകുന്നു.. ജോലികൾ നഷ്ടപ്പെട്ടു ജീവിതത്തിൽ പല പല വേഷം കെട്ടുമ്പോളും നിന്റെ ഫുട്ബോൾ ഭ്രാന്താണ് നിന്റെ ജോലികൾ പോകാൻ കാരണമെന്ന് പലരും കുറ്റപ്പെടുത്തുമ്പോളും ഞാൻ തളരാതിരുന്നത് കാല്പന്തിനോടുള്ള മൊഹബത്ത് ജന്മനാ എന്നിൽ ഉള്ളത് കൊണ്ടായിരിക്കണം.അല്ലെങ്കിൽ ജീവിതത്തിൽ ഇന്നേവരെ ഒരു ടൂർണമെന്റിൽ  പോലും ബൂട്ടണിയാൻ അവസരം ലഭിക്കാത്ത സ്കൂൾ കോളേജ് ടീമുകളിലെയോ  നാട്ടിലെ ലോക്കൽ  ക്ലബുകളിലെയോ ഭാഗമാകാത്ത  അല്ലെങ്കിൽ അതിനുള്ള കഴിവില്ലാത്ത ഞാൻ എങ്ങിനെ ഒരു ഫുട്ബോൾ എഴുത്തുകാരനായി മാറും.?  

നന്ദി ഒരുപാടു പേരോടുണ്ട്.. ഫുട്‍ബോളിന്റെ വിത്തുകൾ എന്നിൽ വിതറിയ ഉപ്പയും കുഞ്ഞിപ്പയും അവരുടെ കൂട്ടുകാരും.. പന്തുതട്ടാൻ ആദ്യമായി പഠിപ്പിച്ച ഷൊർണൂർ സോക്കർ സ്പോർട്ടിങ്ങിലെ ഗുരുക്കന്മാർ, എന്നിലെ എഴുത്തുകാരനെ കണ്ടെത്തിയ സൗത്ത് സോക്കേഴ്സിലെ നിരവധി  ചങ്കുകൾ,അഡ്മിൻ പാനലിലെ ജലീൽക്ക, അനൂപേട്ടൻ, ലിബിൻ അച്ചായൻ, ഫാസിൽക്ക, ഷെമീർക്ക, ജസീംക്ക, ദീപേഷ്.. മീഡിയ വിങ്ങിലെ ഷാഫി, സുബൈർ, മോൾബിൻ,എന്നിലെ ഇന്ത്യൻ ഫുട്ബോൾ പ്രേമം നിറക്കാൻ കാരണക്കാരായ റിയാസ് ഭായ്, ജോജോ ഭായ്, ബോംബെ സ്വദേശി അസ്‌ലം ഭായ്..


പിന്നെ ബിബിയാനോ ഫെർണാണ്ടസിന്റെ അന്നത്തെ ഇന്ത്യൻ ജൂനിയർ ടീമും സ്റ്റാഫും..   എന്റെ എഴുത്തുകളെ ഒരുപാട് സപ്പോർട്ട് ചെയ്യുന്ന എഫ് സി കേരളയിലെ ഉത്തമേട്ടൻ നവാസ് ഇക്ക, ജിംനാസ് ഇക്ക, ഷാജിക്ക, പരമേശ്വരേട്ടൻ, അനസ് എന്നിവർ, എന്നിലെ എഴുത്തുകാരനെ മറ്റൊരു വഴിയിലേക്ക് തിരിച്ചു വിട്ട ഉനൈസും ധനഞ്ജയനും സൂഫിയാനും.എന്റെ ചിന്തകൾക്ക് വരയിലൂടെ പൂർണ്ണത നല്കാൻ ശ്രമിക്കുന്ന വിഷ്ണു..കേരള ഫുട്‍ബോൾ പേജിലെ ഹാരിസ്..  പിന്നെ ഫേസ്ബുക്കിലും വാട്സാപ്പിലും എന്നെ പ്രോത്സാഹിപ്പിക്കുന്ന നേരിട്ട് കണ്ടവരും കാണാത്തവരുമായ ഒരുപാട് സുഹൃത്തുക്കൾ...എന്നിലെ എഴുത്തുകാരനെ തിരിച്ചറിഞ്ഞു സപ്പോർട്ട് ചെയ്ത എന്റെ സുഹൃത്തുക്കളായ കോഴിക്കോട് ഒയാസിസ് ഗ്രാൻഡ് മാർട്ടിലെ സഹപ്രവർത്തകർ  റംഷാദ്, ഹബീൽ, ശ്യാം സുന്ദർ, വിമേഷ്, മനീഷ്,മൻസൂർ ബാക്കി സ്റ്റാഫ്.. ജസ്റ്റ് ഫുട്ബാൾ കൂട്ടയ്മയിലെസുഹൃത്തുക്കൾ, അഡ്മിൻ  നിർമൽ ഖാൻ, ഫുട്ബോൾ സഹയാത്രികൻ അമീർബാബു, അവതാരിക എഴുതി അനുഗ്രഹിച്ച ഫൈസൽ കൈപ്പത്തൊടി, കാല്പന്തിന്റെ ഖിസ്സ പറഞ്ഞു തന്ന ജാഫർ ഭായ്, വാട്സാപ്പിൽ ഓരോ അദ്ധ്യായവും ചോദിച്ചു വാങ്ങി വായിക്കുന്ന ഫൈസൽ ഒതായി.. ബ്ലൂ ബറ്റാലിയൻസ്, സോക്കർ ബ്ലൂസ്, റെഡ് വാരിയേഴ്‌സ് എന്നീ കൂട്ടായ്മകളിലെ അംഗങ്ങൾ..പിന്നെ ജീവിതവും ഭാവിയുമൊക്കെ  ഒരു ചോദ്യചിഹ്നമായപ്പോൾ ജീവിക്കാൻ ഒരു ജോലിയും തന്ന് ചിന്തകൾ  ഫുട്ബോളിൽ നിന്ന് മാറ്റി സ്വന്തം ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും എന്നെ ഒന്ന് നന്നാക്കിയെടുക്കാനും  വേണ്ടി കഷ്ടപ്പെടുന്ന അമ്മാവനും അദ്ദേഹത്തിന്റെ കൂട്ടായ്മയായ കേരള ഹോം ഡിസൈനിലെ ചങ്കുകളും..

മറ്റൊരു കൂട്ടരുണ്ട്.. പിന്നെ എഴുതാൻ തുടങ്ങിയ കാലം മുതൽ എന്നെ പരിഹസിക്കുകയും തളർത്തുകയും ചെയ്യാൻ വൃഥാ  ശ്രമിക്കുന്ന ഭാര്യയും വീട്ടുകാരും കുടുംബക്കാരും....  അവർ ചോദിക്കുന്നത് നിനക്കിതിൽ നിന്ന് എന്താണ് ലാഭം, എന്താണ് കിട്ടുക.. എന്നേക്കാൾ ഭ്രാന്തന്മാരായ നൂറുകണക്കിന് കാൽപ്പന്ത് പ്രേമികളായ  എഴുത്തുകാർ  പറയുന്ന ഒരേ ഉത്തരം.. ആത്മ സംതൃപ്തി.. ഇതും ഒരു ലഹരിയാണ്.. കാല്പന്തിനെ പ്രേമിക്കുന്നവർക്ക് മാത്രം അനുഭൂതി നൽകുന്ന ലഹരി.. അത് എങ്ങിനെ മനസ്സിലാക്കി തരണം എന്നെനിക്കറിയില്ല.. ഇപ്പോൾ അവരും
തിരിച്ചറിഞ്ഞു.. ഇവനെ പറഞ്ഞിട്ട് കാര്യമില്ല, നന്നാവാവില്ല... സോറി.. ഞാൻ ഇങ്ങനെആയിപ്പോയി..ഇതെന്റെ ഒരു പാഷനാണ്.. ഇതും ജീവിതത്തിന്റെ ഒരു ഭാഗമായിപ്പോയി..  (എക്സ്ട്രാ ടൈം മാഗസിന്റെ പ്രിന്റഡ് കോപ്പി കിട്ടിയപ്പോൾ മുതൽ അവരും ചെറുതായി അംഗീകരിച്ചു തുടങ്ങിയിട്ടുണ്ട്, എന്നാലും എന്റെ മുൻപിൽ സമ്മതിച്ചു തരില്ല.. വിമർശനം മാത്രമേ ഉണ്ടാകൂ )










ഇനി ഇങ്ങനെ ഒരു നോവൽ എഴുതാൻ സാധിക്കുമോ, സാഹചര്യം ലഭിക്കുമോ എന്നറിയില്ല.. എന്നിരുന്നാലും എന്റെ തൂലികയിൽ വിരിഞ്ഞ ഈ സ്വപ്നങ്ങളെ സ്വീകരിക്കുക.. അനുഗ്രഹിക്കുക..

അബ്ദുൽ റസാഖ്
സൗത്ത് സോക്കേഴ്സ് മീഡിയ വിങ്

0 comments:

Post a Comment

Blog Archive

Labels

Followers