സൈലെന്ദ്രനാഥ് മന്ന
ഇന്ത്യൻ ഫുട്‍ബോളിന്റെ പ്രതിരോധക്കോട്ടയുടെ മന്നൻ. ഇന്ത്യൻ ഫുട്ബോൾ ജന്മം കൊടുത്ത ഏറ്റവും മികച്ച ഡിഫൻഡർമാരിൽ ഒരാൾ. ഒളിമ്പിക്സ്, ഏഷ്യൻഗെയിംസ് ഉൾപ്പടെ നിരവധി അന്താരാഷ്ട്രമത്സരങ്ങൾക്ക് നീലക്കടുവകൾക്ക് നേതൃത്വം നൽകിയ ഇതിഹാസ താരം.1924 ൽ ബംഗാളിലെ ഹൗറയിലാണ് ജനനം.
1940ൽ കൊൽക്കത്തയിലെ സെക്കന്റ് ഡിവിഷൻ ക്ലബായ ഹൗറ യൂണിയന് വേണ്ടി പന്ത് തട്ടി തുടങ്ങി രണ്ടു വർഷത്തിന് ശേഷം സാക്ഷാൽ മോഹൻ ബഗാന് വേണ്ടി ജേഴ്സിയണിഞ്ഞ മന്ന വിരമിക്കുന്നത് വരെ 19 കൊല്ലക്കാലത്തെ ക്ലബ് കരിയർ മറീനേഴ്‌സിന് വേണ്ടി മാത്രമാണ് കളിച്ചിട്ടുള്ളത്.ഈ കാലഘട്ടത്തിൽ മോഹൻ ബഗാന്റെ നിരവധി നേട്ടങ്ങളിൽ പങ്കാളിയായിരുന്നു മന്ന.
1948 ലെ ലണ്ടൻ ഒളിമ്പിക്സിൽ ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നു അദ്ദേഹം.മന്നയുടെ നായകത്വത്തിൽ ആണ് 1951ലെ ഏഷ്യൻ ഗെയിംസിൽ സ്വർണ്ണ മെഡൽ നീലക്കടുവകൾ നേടുന്നത്.കൂടാതെ 1952 മുതൽ 56 വരെ തുടർച്ചയായി നാലു വർഷം ചതുർരാഷ്ട്ര ടൂര്ണമെന്റും ഇന്ത്യ വിജയിച്ചു. 1953 ലെ ഇംഗ്ലണ്ട് ഫുട്ബോൾ അസോസിയേഷൻ ഇയർ ബുക്കിൽ ലോകത്തിലെ മികച്ച 10 നായകന്മാരിൽ ഒരാളായി തിരഞ്ഞെടുത്തത് മന്നയെയായിരുന്നു. 1952ലെ ഒളിമ്പിക്സിൽ ഇന്ത്യൻ ടീമിന്റെ നായകനും 1954ലെ ഏഷ്യൻ ഗെയിംസിൽ ടീമംഗവുമായിരുന്നു മന്ന.
തന്റെ ഫുട്ബോൾ ജീവിതത്തിൽ രണ്ടു മറക്കാൻ പറ്റാത്ത സംഭവങ്ങളായി അദ്ദേഹം കണ്ടിരുന്നത് ലണ്ടൻ ഒളിമ്പിക്സിൽ ഫ്രാൻസിനെതിരെ പെനാൽറ്റി പാഴാക്കിയതിന് ശേഷം രണ്ടാം ഊഴം വന്നപ്പോൾ അത് ഭയം കൊണ്ട് നിരസിച്ചതും, തന്റെ നായകത്വത്തിൽ 1950 ബ്രസീൽ ലോകകപ്പിന് അവസരം ലഭിച്ചപ്പോൾ ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ അത് നിസാരമായി കണ്ടു ഒഴിവാക്കിയതുമായിരുന്നു.
ഇന്ത്യ കണ്ട ഏറ്റവും മികച്ച ഫുട്ബോൾ നായകന്മാരിൽ ഒരാളായ സൈലെന്ദ്ര മന്നക്ക് 1971ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. 2000ൽ ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ ഫുട്ബോളർ ഓഫ് ദ മില്ലേനിയം അവാർഡും 2001ൽ മോഹൻ ബഗാൻ രത്‌ന നൽകി അദ്ദേഹത്തിന്റെ ക്ലബും ആദരിച്ചു.
കൊൽക്കത്ത ജന്മം നൽകിയ ഏറ്റവും മികച്ച ഫുട്ബോൾ ഇതിഹാസങ്ങളിൽ ഒരാളായ മന്ന 2012ൽ മരണപ്പെട്ടു.
സൗത്ത് സോക്കേഴ്‌സ് മീഡിയ വിങ്
0 comments:
Post a Comment