2018 ഡിസംബർ 18
അറബിക്കടലിന്റെ റാണി അന്ന് പതിവിലധികം സുന്ദരിയാണ്..അവൾക്ക് ഏറ്റവും സൗന്ദര്യം വാരിക്കോരി നൽകുന്ന മഞ്ഞപ്പട്ടുടുത്ത് അണിഞ്ഞൊരുങ്ങി നിൽക്കാൻ കാരണമുണ്ട്..
അന്ന് ഇന്ത്യൻ സൂപ്പർ ലീഗിന്റെ കലാശപ്പോരാട്ടമാണ്.. അതും കേരളത്തിന്റെ കൊമ്പന്മാർ സ്വന്തം തട്ടകത്തിൽ നേരിടുന്നത് വംഗനാടൻ കടുവകളായ അത്ലറ്റിക്കോ കൊൽക്കത്തയെയാണ്. പണ്ട് മുതലേ കേരളവും ബംഗാളും ഫുട്‍ബോളിന്റെ കാര്യത്തിൽ ചേരില്ല..ഐ എസ് എൽ ഒന്നാം സീസണിൽ തങ്ങളുടെ സ്വപ്നം തല്ലിക്കെടുത്തിയ എ ടി കെ യോട് ഒരിക്കലും ചേരില്ല..
സൂര്യൻ ആഴിയിലസ്തമിക്കുന്നത് മറ്റൊരു ഉദയം ലക്ഷ്യം വെച്ചാണെങ്കിൽ അന്നത്തെ രാവിന്റെ ലക്ഷ്യമൊന്നുമാത്രം... കേരള ബ്ലാസ്റ്റേഴ്സിന്റെ കിരീടധാരണം.
അതും തങ്ങളുടെ കണ്മുൻപിൽ വെച്ചു അർഹിച്ച കിരീടം തട്ടിയെടുത്തവരെ സ്വന്തം തട്ടകത്തിൽ വിളിച്ചു വരുത്തി തകർത്തു തരിപ്പണമാക്കി തന്നെ... എല്ലാ നീരുറവകളും കടലിൽ ചെന്ന് ചേരുന്നത് പോലെ കൊച്ചി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന്, കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന്.. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന്... എല്ലാ കാല്പന്തിന്റെ നീരുറവകളും ചെന്ന് ചേരുന്നത് കലൂരിലെ ജവഹർലാൽ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ്....
കൊപ്പൽ ആശാന്റെ ടീം ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഇതുവരെ ഉള്ളതിൽ ഏറ്റവും മികച്ചതായി ആരാധകർ അഭിപ്രായപെട്ടിട്ടുള്ളത്. സീസൺ തുടക്കത്തിൽ പതിയെ തുടങ്ങി അവസാനമാകുമ്പോഴേക്ക് തങ്ങളുടെ ശക്തി വിളിച്ചോതിയ ടീം.. കലാശപ്പോരാട്ടത്തിന് നമ്മുടെ കൊമ്പന്മാർ ഇറങ്ങി..
പോസ്റ്റിന് കീഴിൽ ചിറക് വിരിച്ച് ഗ്രഹാം സ്റ്റാക്.. പ്രതിരോധകോട്ടയിൽ 'the best till now' എന്ന് പറയാൻ സാധിക്കുന്നചക്രവ്യൂഹം തീർത്ത ത്രിമൂർത്തികൾ.. ചങ്ക് സന്ദേശ് ജിങ്കൻ, കൊമ്പന്മാരുടെ നായകൻ ആരോൺ ഹ്യൂസ്, വല്യേട്ടൻ സെഡ്രിക് ഹെങ്ബെർട്ട് എന്നിവർ...ഹോസുവിന് സസ്‌പെൻഷൻ ആയത് കൊണ്ട് കൂടെ ഇഷ്ഫാക് അഹമ്മദും... മധ്യനിരയുടെ കടിഞ്ഞാണേന്തി കോപ്പലിന്റെ വിശ്വസ്തൻ..the silent കില്ലർ - മെഹ്താബ് ഹുസൈൻ..കൂടെ അസ്രാക് മഹമ്മദ്.. മുന്നേറ്റത്തിലേക്ക് പന്തെത്തിക്കാൻ ഫുട്ബോൾ മലയാളത്തിന് ഉത്തരമലബാറിന്റെ വരദാനങ്ങൾ.. സികെ വിനീതും ഹെഡ് മാസ്റ്റർ റാഫിയും..അക്രമണത്തിന്റെ കുത്തമുനകളാകാൻ കെർവെൻസ് ബെൽഫോർട്ടും ഡക്കെൻസ് നാസോണും. എതിരാളികൾ നിസ്സാരക്കാരല്ല.. മലയാളികൾ മനസ്സിൽ പ്രതിഷ്ഠിച്ച മൊട്ടത്തലയൻ, ഹ്യുമേട്ടൻ എന്ന ഇയാൻ ഹ്യൂം, ഹെൽഡർ പോസ്റ്റിഗ, സൗമീഹ് ഡൗട്ടി, ബോർജ ഫെർണാണ്ടസ്, സെറീനോ, റ്റിരി, പ്രീതം കോട്ടൽ, ദെബ്ജിത് മജൂംദർ എന്നിങ്ങനെ പോകുന്ന ശക്തമായ നിര..
എന്തൊക്കെ ആയാലും കൊച്ചിയെ മഞ്ഞക്കടലാക്കുന്ന ആരാധകർ ഉള്ളിടത്തോളം ഹോം ഗ്രൗണ്ടിൽ ബ്ലാസ്‌റ്റേഴ്‌സിനെ തകർക്കുക എളുപ്പമല്ല എന്ന് എതിരാളികൾക്കുമറിയാം..അതു കൊണ്ട് ആക്രമണം തന്നെയാണ് മികച്ച പ്രതിരോധം എന്ന് വിശ്വസിക്കുന്ന സ്പാനിഷ് പരിശീലകൻ ഹോസെ മോളിന അതിനനുസരിച്ച തന്ത്രങ്ങൾ മെനഞ്ഞിരുന്നു..
പത്താം മിനിറ്റിൽബെൽഫോർട്ട് നൽകിയ പാസിൽ നിന്ന് കിട്ടിയ അവസരം മുതലാക്കി റാഫിച്ച ഷൂട്ട് ചെയ്തപ്പോൾ പറന്നു വീണു കൊണ്ട് റ്റിരി ആ അപകടം ഒഴിവാക്കി. മറുതലക്കൽ പതിനേഴാം മിനിറ്റിൽ എ ടി കെ കൗണ്ടർ സ്റ്റാക്ക് തടുക്കുകയും ചെയ്തു.. പക്ഷെ കാര്യങ്ങൾ അത്ര സുഖകരമായിരുന്നില്ല.. മുപ്പത്തിയാറാം മിനിറ്റിൽ ക്യാപ്റ്റൻ ആരോൺ ഹ്യുസ് പരിക്കിനെ തുടർന്ന് സബ്സ്റ്റിട്യൂട്ട് ചെയ്യപ്പെട്ടു. പകരം എൻഡോയെ ഇറങ്ങി. എന്നാൽ ഒരു മിനിട്ടിനകം വീണ്ടും ട്വിസ്റ്റ് വന്നു. കളി തുടങ്ങി മുപ്പത്തി ഏഴാം മിനിറ്റിൽ കലൂർ സ്റ്റേഡിയം ഒന്ന് പ്രകമ്പനം കൊണ്ടു.. കലൂർ മാത്രമല്ല ബ്ലാസ്റ്റേഴ്‌സിനെ നെഞ്ചിൽ കൊണ്ട് നടക്കുന്ന ഓരോ കാൽപ്പന്ത് പ്രേമിയുടെയും ഹൃദയം ആവേശം കൊണ്ട് പൊട്ടിത്തെറിച്ചിരിക്കണം..മെഹ്താബ് ഹുസൈൻ കോർണറിൽ നിന്ന് ഉയർത്തി വിട്ട പന്ത് സാക്ഷാൽ ഹെഡ്മാസ്റ്റർ റാഫിച്ചയുടെ തലയിലേക്ക്.. പോസ്റ്റിന്റെ മൂലയിലേക്ക് തലകൊണ്ട് ചെത്തിയിട്ട റാഫിച്ച ബ്ലാസ്റ്റേഴ്സിന് നിർണ്ണായക മുൻതൂക്കം നൽകി.പക്ഷെ അധികം നേരം ആഘോഷിക്കാൻ എതിരാളികൾ വിട്ടില്ല. ആദ്യപകുതി അവസാനിക്കാൻ ഒരു മിനിറ്റുള്ളപ്പോൾ അടിക്ക് തിരിച്ചടിയെന്ന കണക്ക് ഡൗട്ടിയുടെ കോർണറിൽ സെറീനോയുടെ ഗോൾ... (1-1)
ആക്രമണപ്രത്യാക്രമണങ്ങളിൽ ഇരു ടീമും അവസരങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ചു കൊണ്ടേയിരുന്നു.. എന്നാൽ കൊൽകത്തൻ ആക്രമണങ്ങൾ ഹെൻബെർട്ട് എന്നൊരു അതികായന് മുൻപിൽ തകർന്നടിഞ്ഞു..കൂടെ സപ്പോർട്ടിന് സന്ദേശ് ജിങ്കനും ഗ്രഹാം സ്റ്റാക്കും നെഞ്ച് വിരിച്ചു നിന്നപ്പോൾ സാക്ഷാൽ ഇയാൻ ഹ്യൂം പോലും തളർന്നു പോയി.. കൊണ്ടും കൊടുത്തും മത്സരം പുരോഗമിച്ചുകൊണ്ടിരുന്നു. ഇരു ടീമുകളും കളം നിറഞ്ഞു കളിക്കാൻ ശ്രമിച്ചപ്പോളും സ്‌കോർ ബോർഡ് മാത്രം ചലിച്ചില്ല.. മുഴുവൻ സമയത്തിനും എക്സ്ട്രാ ടൈമിനും അപ്പുറം കളി പെനാൽട്ടി ഷൂട്ടൗട്ടിലേക്ക് നീണ്ടു..
എൺപത്തിരണ്ടായിരത്തിലധികം കാൽപന്ത് പ്രേമികൾ സ്റ്റേഡിയത്തിലും ജനകോടികൾ പുറത്തും ആകാംഷയുടെയും പ്രാർത്ഥനയുടെയും കാത്തിരുന്നു.
അന്റോണിയോ ജർമൻ നേടിയ ഗോളിന് മറുപടി നല്കാൻ ഇയാൻ ഹ്യൂമിനായില്ല..വളരെ അനായാസമായി ഗ്രഹാം സ്റ്റാക്ക് ഹ്യൂമേട്ടന്റെ ഷോട്ട് തടുത്തിട്ടു. സ്റ്റേഡിയം ആവേശം കൊണ്ട് പൊട്ടിത്തെറിച്ചു.. ഷൂട്ടൗട്ട് മുന്നേറികൊണ്ടിരിന്നു. ബെൽഫോർട്ടും ഡൗട്ടിയും സ്‌കോർ ചെയ്തപ്പോൾ എൻഡോയെക്ക് പിഴച്ചു. പോസ്റ്റിനെ ഒഴിഞ്ഞു പോയ എൻഡോയെയുടെ ഷോട്ടിന് മറുപടിയായി ബോർജെയുടെ ഷോട്ട് വലക്കണ്ണികളെ മുത്തം വെച്ചു.സ്‌കോർ സമാസമം.. റഫീഖും ലാറയും സ്‌കോർ ചെയ്തപ്പോൾ അവസാന കിക്കിനായ് വന്ന വല്യേട്ടൻ ഹെങ്‌ബെർട്ടിലേക്കായി എല്ലാ കണ്ണുകളും.. ഏറെ അനുഭവസമ്പത്തും കേളീപാടവവുമുള്ള ഹെങ്ബെർട്ട് പോസ്റ്റിന്റെ മധ്യഭാഗത്തേക്ക് ബോൾ ചിപ്പ് ചെയ്തിട്ടു.. എന്നാൽ ശക്തമല്ലാത്ത ആ ശ്രമം വളരെ ദയനീയമായി മജൂംദറിന്റെ കാലിൽ തട്ടി തെറിച്ചു. മറുപടിക്കായി വന്ന എ ടി കെ മധ്യനിരതാരം ജ്യൂവെൽ രാജ വളരെ അനായാസം സ്‌കോർ ചെയ്തു. പെനാൽറ്റി ഷൂട്ട്‌ഔട്ടിൽ കൊൽക്കത്തൻ ടീമിന് വിജയം. മൂന്ന് സീസണിൽ രണ്ട് കിരീടം രണ്ടിലും തോല്പിച്ചത് ബ്ലാസ്‌റ്റേഴ്‌സിനെ....
മറുപുറത്ത് ദയനീയമായ കാഴ്ചകളായിരുന്നു.. പലരും കണ്ണീരടക്കാൻ പാടുപെടുന്നുണ്ടായിരുന്നു.കല്യാണവീട് മരണവീടായ പ്രതീതി. ആരെയും കുറ്റം പറയാൻ പറ്റാത്ത അവസ്ഥ.ആ പെനാൽറ്റി നഷ്ടത്തിന്റെ പേരിൽ ഒരു ബ്ലാസ്റ്റേഴ്‌സ് ആരാധകൻ പോലും ഹെങ്ബെർട്ടിനെ പഴി പറഞ്ഞു കാണില്ല.. അത്രമേൽ ആ പാവം ബ്ലാസ്റ്റേഴ്സിന് വേണ്ടി അധ്വാനിച്ചിട്ടുണ്ടെന്ന് അവർക്കറിയാം..എല്ലാം ഉള്ളിലിലൊതുക്കി അവർ തിരിച്ചു പോയി..ഞങ്ങൾ തിരിച്ചു വരുമെന്ന വിശ്വാസം മനസ്സിലുറപ്പിച്ചു തന്നെ..
ഐ എസ് എൽ സീസണുകൾ ഒരുപാട് വന്നും പോയും ഇരുന്നു. പോരാടി ജയിച്ചും പോരാടാതെ തലകുനിച്ചും ബ്ലാസ്റ്റേഴ്‌സ് ടീം നിലനിൽക്കുന്നു. സ്റ്റേഡിയം നിറച്ച കാണികൾ തന്നെ അത് ഒഴിച്ചിട്ടും കാണിച്ചു കൊടുത്തു. ബ്ലാസ്റ്റേഴ്സിന്റെ തോൽവി ഇപ്പൊ അത്രക്ക് വേദനയൊന്നും ആരാധകർക്ക് വരുത്തുന്നില്ലെന്ന് ഉറപ്പാണ്.. പക്ഷെ ഈ തോൽവി..
2014 ലെ കലാശപ്പോരാട്ടത്തിൽ കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടപ്പെട്ട ആ കിരീടത്തിന്റെ ഓർമ്മകൾ.. മറക്കില്ലൊരിക്കലും.. ആ കാഴ്ച കണ്ടു കണ്ണു നിറഞ്ഞ ബ്ലാസ്റ്റേഴ്‌സ് ആരാധകന്റെ മനസ്സിൽ നിന്നും മായില്ലൊരിക്കലും.. ആ മുറിവുണങ്ങണമെങ്കിൽ നമ്മളത് നേടണം.. രണ്ടു തവണ കൈക്കുമ്പിളിൽ നിന്ന് നഷ്ടപ്പെട്ട ആ കിരീടം.. സ്വന്തം തട്ടകത്തിൽ ഓരോ ആരാധകന്റെയും കണ്ണ് നിറയിച്ച ആ കിരീടം.. ഇന്നല്ലെങ്കിൽ നാളെ.. കാലം സാക്ഷി, ചരിത്രം സാക്ഷി... ആ കിരീടം കൊണ്ട് വന്നു വെച്ചിരിക്കും കേരളത്തിന്റെ കൊമ്പന്മാർ.. അതേ കൊച്ചിയുടെ മണ്ണിൽ... കലൂർ നെഹ്‌റു സ്റ്റേഡിയത്തിന്റെ വിരിമാറിൽ..
0 comments:
Post a Comment