Friday, April 3, 2020

നമ്പർ 08: പീറ്റർ തങ്കരാജ് | ഇന്ത്യൻ ഫുട്ബോൾ പത്തു ഇതിഹാസ താരങ്ങൾ



പീറ്റർ തങ്കരാജ് (ഗോൾകീപ്പർ)(1935-2008)
ഹൈദരാബാദിൽ ജനിച്ച ഇന്ത്യയുടെ സൂപ്പർമാൻ. 1935ലാണ് ജനനം. മോർണിംഗ് സ്റ്റാർ, ഫ്രണ്ട്‌സ് യൂണിയൻ ഓഫ് സെക്കന്ദരാബാദ് എന്നീ ക്ലബുകളിലൂടെയാണ് ഫുട്ബോൾ ജീവിതം ആരംഭിച്ചത്. 1953ൽ ഇന്ത്യൻ ആർമിയിൽ ചേർന്ന പീറ്റർ മദ്രാസ് റെജിമെന്റിൽ സെൻട്രൽ ഫോർവേഡ് ആയിട്ടാണ് കളി തുടങ്ങിയത് !! പിന്നീട് അവിടെ നിന്നും ടീമിന്റെ കസ്റ്റോഡിയനായി മാറുകയായിരുന്നു. 1955ലും 1958ലും മദ്രാസ് റെജിമെന്റ് ഡ്യൂറണ്ട് കപ്പ് നേടിയപ്പോളും  1960ൽ സർവീസസ് സന്തോഷ് ട്രോഫി നേടിയപ്പോഴും വലകാക്കാൻ നിയോഗിക്കപ്പെട്ടത് പീറ്റർ തന്നെയായിരുന്നു.
സർവീസിൽ നിന്ന് പുറത്തുപോയ ശേഷം തങ്കരാജ് കൊൽക്കത്ത ൻ ഭീമന്മാരായ മുഹമ്മദൻ സ്പോർട്ടിംഗ് (1960–63, 1971–72),മോഹൻ ബഗാൻ (1963–65), ഈസ്റ്റ് ബംഗാൾ (1965–71) എന്നിവയ്ക്ക് വേണ്ടി കളിച്ചു, അക്കാലത്ത് ബംഗാളിലെ  ആരാധകരുടെ പ്രിയങ്കരനായിരുന്നു പീറ്റർ തങ്കരാജ്.അതിലൂടെ തന്നെ 1963 ൽ സന്തോഷ് ട്രോഫി നേടിയ ബംഗാൾ ടീമിന്റെ ഭാഗമായിമാറാനും  അദ്ദേഹത്തിന് സാധിച്ചു. പിന്നീട് 1965 ൽ റെയിൽ‌വേയെ നയിക്കുകയും അവർക്ക് വേണ്ടി സന്തോഷ് ട്രോഫി നേടുകയും ചെയ്തു.സർവീസസ്, റയിൽവേ, ബംഗാൾ എന്നിങ്ങനെ വത്യസ്ത ടീമുകൾക്ക് വേണ്ടി സന്തോഷ് ട്രോഫി നേടാൻ പീറ്റർ തങ്കരാജിന് സാധിച്ചു.
   ചുനി ഗോസ്വാമി, പി. കെ ബാനർജി എന്നിവർക്കൊപ്പം 1960 കളിലും 70 കളിലും ഇന്ത്യൻ ടീമിന്റെ സുവർണ്ണ തലമുറയുടെ  മുഖ്യധാരയിലൊരാളായിരുന്നു പീറ്റർ തങ്കരാജ്.1955 ൽ ധാക്കയിൽ നടന്ന ചതുർരാഷ്ട്ര  ടൂർണമെന്റാണ് ഇന്ത്യൻ ടീമിനൊപ്പം അദ്ദേഹം ആദ്യമായി കളിച്ചത്. 1956 ലും 1960 ലും ഒളിമ്പിക്സിൽ ഇന്ത്യയ്ക്കായി കളിച്ചു. 1958 ലെ ടോക്കിയോ, 1962 ജക്കാർത്ത, 1966 ബാങ്കോക്ക് ഏഷ്യൻ ഗെയിംസിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു.  1962 ലെ ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ ഇന്ത്യ സ്വർണം നേടിയപ്പോൾ ഗോൾവല കാത്തതും പീറ്ററാണ്.  1958 മുതൽ 1966 വരെ ക്വാലാലംപൂരിൽ നടന്ന മെർഡേക്ക കപ്പ് ടൂർണമെന്റിൽ അദ്ദേഹം ഇന്ത്യയെ പ്രതിനിധീകരിച്ചു. യഥാക്രമം ഇസ്രായേലിലും ബർമയിലും നടന്ന 1964, 1966 ഏഷ്യൻ കപ്പുകളിൽ ഇന്ത്യക്ക് വേണ്ടി ജേഴ്സിയണിഞ്ഞു.  1958ൽ ഏഷ്യയിലെ ഏറ്റവും മികച്ച ഗോൾകീപ്പറായി അദ്ദേഹം  തിരഞ്ഞെടുക്കപ്പെട്ടു. 1967 ൽ അർജുന അവാർഡ് നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു. ഏഷ്യൻ ഓൾ-സ്റ്റാർ ടീമിനായി രണ്ടുതവണ കളിച്ച അദ്ദേഹം 1967 ൽ മികച്ച ഗോൾകീപ്പറായി തിരഞ്ഞെടുക്കപ്പെട്ടു. 1971 ൽ സജീവ ഫുട്ബോളിൽ നിന്ന് വിരമിച്ച തങ്കരാജ് പിന്നീട് കോച്ചിംഗിലേക്ക് മാറുകയായിരുന്നു. അലിഗഡ് സർവകലാശാല, വാസ്കോ ഗോവ തുടങ്ങിയ ടീമുകളുടെ പരിശീലകനായി പ്രവർത്തിച്ച അദ്ദേഹം ബൊക്കാറോ സ്റ്റീൽ പ്ലാന്റിൽ സ്പോർട്സ് ഓഫീസറായി ചേരുകയും അവിടുത്തെ ഫുട്ബോൾ അക്കാദമി ഉപദേഷ്ടാവായി മാറുകയും ചെയ്തു.
നീണ്ട ത്രോകളും വോളികളും  എടുക്കുന്നതിൽ അഗ്രഗണ്യനായിരുന്നു അദ്ദേഹം. ടീമിന്റെ കൗണ്ടർ അറ്റാക്കുക്കൾ തുടങ്ങിയിരുന്നത് അദ്ദേഹത്തിൽ നിന്നുമായിരുന്നു എന്നാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ ആയിരുന്ന ബദ്രു ബാനർജി ഓർമിച്ചിരുന്നത്.  2008 നവംബറിൽ ഇന്ത്യൻ ഫുട്‍ബോളിലെ അതികായൻ നമ്മളെ വിട്ടുപോയി. എന്നിരുന്നാലും രാജ്യം കണ്ട ഏറ്റവും മികച്ച ഗോൾകീപ്പിങ് താരമായും  സുവർണ്ണ തലമുറയിലെ ഇതിഹാസമായും അദ്ദേഹം എന്നെന്നും വാഴ്ത്തപ്പെടും.
സൗത്ത് സോക്കേഴ്സ് മീഡിയ വിങ്

0 comments:

Post a Comment

Blog Archive

Labels

Followers