Friday, July 10, 2020

"മെല്‍ബണ്‍ ഗാഥ" |കഥ-7| ആനപ്പറമ്പിലെ വേൾഡ് കപ്പ് സമർപ്പിക്കുന്ന | 'കാൽപ്പന്തിന്റെ 101 കഥകൾ' |ഇത് വരെ പറഞ്ഞത് കാല്‍പ്പന്തിലെ പടിഞ്ഞാറന്‍ കഥകളാണ്. നമ്മുടെ നാട്ടിലും പന്ത് കളിക്ക് പണ്ട് മുതല്‍ ആരാധകരുണ്ട്. ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ഒളിംപിക്‌സ് സെമി ഫൈനല്‍ കളിച്ചവരാണെന്ന സത്യം കൂട്ടുകാരില്‍ എത്ര പേര്‍ക്കറിയാം. ഒരു ഇന്ത്യന്‍ താരമാണ് ഒളിംപിക് ഫുട്‌ബോളില്‍ ഹാട്രിക് സ്വന്തമാക്കിയ ആദ്യ ഏഷ്യക്കാരന്‍ എന്ന സത്യവും എത്ര പേര്‍ക്കറിയാം. ഒളിംപിക്‌സ് ഫുട്‌ബോള്‍ സെമി കളിച്ചവരില്‍ മലയാളികളുമുണ്ടായിരുന്നു എന്ന സത്യവും ഇന്നത്തെ ലോകത്തിന് അല്‍ഭുതമായിരിക്കാം. പക്ഷേ അതാണ് യാഥാര്‍ത്ഥ്യം. ലോകകപ്പ് ചരിത്രത്തില്‍ ഇന്ത്യ പന്ത് തട്ടിയിട്ടില്ല. ഒരു തവണ അവസരം കിട്ടിയപ്പോല്‍ കളിക്കാര്‍ക്കാര്‍ക്കും അണിയാന്‍ ബൂട്ടുണ്ടായിരുന്നില്ല. ഒളിംപിക്‌സില്‍ ഇന്ത്യയെന്നാല്‍ അത് ധ്യാന്‍ചന്ദിന്റെ ഹോക്കി മാത്രമായിരുന്നെങ്കില്‍ 1956 ലെ മെല്‍ബണ്‍ ഒളിംപിക്‌സില്‍ കാല്‍പ്പന്തില്‍ ഇന്ത്യ നടത്തിയ വിസ്മയ കുതിപ്പിന്റെ കഥ കേള്‍ക്കണം. റെഡിയല്ലേ.....

മെല്‍ബണ്‍ ഗാഥ
ഒളിംപിക്‌സിന്റെ ചരിത്രത്തില്‍ ഇന്ത്യ എന്ന നമ്മുടെ രാജ്യത്തിന് വലിയ സ്വര്‍ണത്തിളക്കമില്ല. ആഗോള കായിക മാമാങ്കത്തിന്റെ തുടക്കം മുതല്‍ നമ്മുടെ രാജ്യമുണ്ട്. ഒളിംപിക്‌സിന്റെ മുഖ മുദ്രാവാക്യം കൂട്ടുകാര്‍ക്കറിയാമല്ലോ-പങ്കെടുക്കുക വിജയിപ്പിക്കുക എന്നതാണ്. ഈ മുദ്രാവാക്യം നമ്മളും ഉയര്‍ത്തിപ്പിടിക്കാറുണ്ട്. എല്ലാ ഒളിംപിക്‌സിലും പങ്കെടുത്ത് വിജയിപ്പിക്കും. മെഡലുകള്‍ കാര്യമായില്ലാതെ മടങ്ങും. ഒളിംപിക്‌സ് ചരിത്രത്തില്‍ ഇന്ത്യ ഇത് വരെ നേടിയത് ഒമ്പത് സ്വര്‍ണ മെഡലുകള്‍ മാത്രമാണ്. ഇതില്‍ എട്ടും ഹോക്കിയില്‍ നിന്നായിരുന്നു. ഹോക്കി എന്ന നമ്മുടെ ദേശീയ ഗെയിം മറ്റുള്ളവര്‍ക്ക് അപരിചിതമായ കാലത്തായിരുന്നു നമ്മുടെ ആധിപത്യം. പില്‍ക്കാലത്ത് ഹോക്കിയെ യൂറോപ്പ് പഠിച്ചപ്പോള്‍ ജര്‍മനിയും ഹോളണ്ടും ബ്രിട്ടനുമെല്ലാം ശക്തരായി മാറി. ഏക വ്യക്തിഗത സ്വര്‍ണം സ്വന്തമാക്കിയത് ഷൂട്ടര്‍ അഭിനവ് ബിന്ദ്രയായിരുന്നു. 2008 ല്‍ ചൈനയിലെ ബെയ്ജിംഗില്‍ നടന്ന ഒളിംപിക്‌സില്‍ പുരുഷന്മാരുടെ പത്ത് മീറ്റര്‍ എയര്‍ റൈഫിള്‍ ഇനത്തിലായിരുന്നു ഈ നേട്ടം. പക്ഷേ നമ്മള്‍ പറയാന്‍ പോവുന്നത് ഫുട്‌ബോളാണ്.

1956 ലെ ഒളിംപിക്‌സിന് വേദിയായത് ഓസ്‌ട്രേലിയന്‍ നഗരമായ മെല്‍ബണ്‍. ഫുട്‌ബോളായിരുന്നു ഒളിംപിക്‌സിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. അക്കാലത്ത് ഫുട്‌ബോളില്‍ ബൂട്ട് വളരെ നിര്‍ബന്ധമായിരുന്നു. ബൂട്ടില്ലാതെ കളിക്കാന്‍ അനുവദിക്കില്ല. ഇന്ത്യന്‍ താരങ്ങള്‍ ബൂട്ടുമായി പരിചയപ്പെട്ടു വരുന്ന കാലത്ത് നമ്മുടെ ടീം ശക്തമായിരുന്നു. പി.കെ ബാനര്‍ജി, നെവില്‍ ഡീസൂസ, ടി.അബ്ദുല്‍ റഹ്മാന്‍, നൂര്‍ മുഹമ്മദ്, അസിസുദ്ദീന്‍, സമര്‍ ബാനര്‍ജി, കൃഷ്ണന്‍ കിട്ടു തുടങ്ങിയവര്‍. ഇവര്‍ക്കെല്ലാം രാജ്യാന്തര അനുഭവസമ്പത്ത് കുറവായിരുന്നു. ഇന്ത്യന്‍ ഫുട്‌ബോളിനെ ഭരിച്ചിരുന്ന അഖിലേന്ത്യാ പുട്‌ബോള്‍ ഫെഡറേഷന് ഇന്ത്യന്‍ ടീമിനെ ഒളിംപിക്‌സിന് അയക്കാന്‍ തുടക്കത്തില്‍ താല്‍പ്പര്യമുണ്ടായിരുന്നില്ല. പക്ഷേ ഒളിംപിക്‌സിന് മുമ്പ് ചൈനയുടെ ഒളിംപിക് ടീമിനെതിരായ സൗഹൃദ മല്‍സരത്തില്‍ ഇന്ത്യന്‍ ഇലവന്‍ 3-1ന് ജയിച്ചതോടെ ടീമിന്റെ കരുത്ത് എല്ലാവര്‍ക്കും ബോധ്യമായി. അങ്ങനെയാണ് ഒളിംപിക് അവസരമൊരുങ്ങിയത്.
ഇന്ത്യന്‍ ഫുട്‌ബോള്‍ ചരിത്രത്തിലെ നമ്പര്‍ വണ്‍ പരിശീലകനായ സയ്യിദ് അഹമ്മദ് റഹീമായിരുന്നു ടീമിന്റെ ചുമതലക്കാരന്‍. നായകപ്പട്ടം സീനിയറായ സമര്‍ ബാനര്‍ജി. വൈസ് ക്യാപ്റ്റന്‍ കൃഷ്ണന്‍ കിട്ടു. 1952 ലെ ഒളിംപിക്‌സിലും ഇന്ത്യ കളിച്ചിരുന്നു. ആ സംഘത്തില്‍ കളിച്ചിരുന്ന നൂര്‍ മുഹമ്മദും അസിസുദ്ദീനും മെല്‍ബണ്‍ സംഘത്തിലും സ്ഥാനം നേടി. 3-5-2 എന്നതായിരുന്നു ഇന്ത്യന്‍ ഫോര്‍മേഷന്‍.

ആദ്യ മല്‍സരത്തില്‍ തന്നെ പ്രതിയോഗികള്‍ ശക്തരായ ഹംഗറി. ഫ്രാങ്ക് പുഷ്‌ക്കാസിനെ പോലുള്ള ഇതിഹാസ താരങ്ങളുടെ നാട്. ഡയരക്ട് പാസുമായി അതിവേഗതയില്‍ കളിക്കുന്ന യൂറോപ്യന്മാര്‍. പക്ഷേ ഇന്ത്യയുടെ ഭാഗ്യത്തിന് അവസാന നിമിഷം ഹംഗറി ഒളിംപിക്‌സില്‍ നിന്ന് പിന്മാറി. രാജ്യത്തെ രാഷ്ട്രീയ പ്രതിസന്ധി കാരണമായിരുന്നു ഹംഗറിക്കാരുടെ പിന്മാറ്റം. ശക്തരായ ജപ്പാനെ രണ്ട് ഗോളിന് തകര്‍ത്ത ആതിഥേയരായ ഓസ്‌ട്രേലിക്കാരായിരുന്നു ഇന്ത്യയുടെ ക്വാര്‍ട്ടര്‍ പ്രതിയോഗികള്‍.
ലോക പ്രശസ്തമായ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലായിരുന്നു ഇന്ത്യ-ഓസ്‌ട്രേലിയ ക്വാര്‍ട്ടര്‍ ഫൈനല്‍. ഓസ്‌ട്രേലിയക്കാര്‍ കളിക്കുന്നത് ഒരു ലക്ഷത്തോളം പേര്‍ക്ക് ഇരിപ്പിടമുള്ള വലിയ വേദിയില്‍. ശാരീരികമായി ഓസ്‌ട്രേലിയക്കാര്‍ ഇന്ത്യന്‍ താരങ്ങളെക്കാള്‍ ബഹുദൂരം മുന്നില്‍. ആരും ഇന്ത്യക്ക് ഒരു സാധ്യതയും കല്‍പ്പിച്ചിരുന്നില്ല. പക്ഷേ കളി തുടങ്ങി ഒമ്പതാം മിനുട്ടില്‍ തന്നെ ഇന്ത്യ അപ്രതിക്ഷീതമായി ലീഡ് നേടുന്നു. നായകന്‍ സമര്‍ ബാനര്‍ജിയുടെ ഷോട്ട് ക്രോസ് ബാറില്‍ തട്ടിത്തെറിച്ചപ്പോള്‍ അവസരം കിട്ടിയ നെവില്‍ ഡീസൂസയുടെ ഷോട്ട് വലയിലായി. പക്ഷേ ഓസ്‌ട്രേലിയക്കാര്‍ പതറിയില്ല. എട്ട് മിനുട്ടിനിടെ അവര്‍ സമനില നേടി. പെനാല്‍ട്ടി ബോക്‌സിന് പുറത്ത് നിന്ന് ജോര്‍ജ് ആര്‍തര്‍ പായിച്ച ഫ്രീകിക്ക് സ്വീകരിച്ച് ബ്രൂസ് മോറോ പന്ത് വലയിലേക്ക് തിരിച് വിട്ടപ്പോള്‍ ഇന്ത്യന്‍ ഗോള്‍ക്കീപ്പര്‍ പീറ്റര്‍ തങ്കരാജ് നിസ്സഹായനായി. മല്‍സരത്തിന് 33 മിനുട്ട് പ്രായമായപ്പോള്‍ പി.കെ ബാനര്‍ജിയുടെ അതിവേഗ കുതിപ്പില്‍ വലത് വിംഗില്‍ നിന്നും പെനാല്‍ട്ടി ബോക്‌സ് ലക്ഷ്യമിട്ട് കൃത്യമായ പാസ്. നെവില്‍ ഡീസുസ അവിടെ കാത്തുനില്‍പ്പുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഷോട്ട് വലയില്‍. ഇന്ത്യ 2-1 ന് മുന്നില്‍. പക്ഷേ അധികം താമസിയാതെ തന്നെ ഓസ്‌ട്രേലിയക്കാര്‍ പീറ്റര്‍ തങ്കരാജിനെ കീഴടക്കി. മോറോ തന്നെയായിരുന്നു സ്‌ക്കോറര്‍. കളി 2-2.
രണ്ടാം പകുതി ആരംഭിച്ചതും മുഹമ്മദ് കണിയന്റെ കൃത്യമായ പാസില്‍ നെവില്‍ ഡീസൂസയുടെ ഹാട്രിക്ക്. ചരിത്രം പിറന്ന നിമിഷമായിരുന്നു അത്. ഒളിംപിക്‌സ് ഫുട്‌ബോളില്‍ ആദ്യ ഹാട്രിക്ക്. 3-2 ന് ഇന്ത്യ മുന്നില്‍. അതോടെ ഗ്യാലറി നിശബ്ദമായി. ഈ അവസരത്തില്‍ വൈസ് ക്യാപ്റ്റന്‍ കൃഷ്ണന്‍ കിട്ടുവിന്റെ ഗോളുമെത്തി. അങ്ങനെ 4-2 ന് ഇന്ത്യ സെമിയില്‍.
മെഡല്‍ പോരാട്ടത്തിലെ പ്രതിയോഗികള്‍ യുഗോസ്ലാവ്യ. യൂറോപ്യന്‍ ഫുട്‌ബോളിലെ വിഖ്യാതര്‍. ആവേശകരമായിരുന്നു സെമിയങ്കം. ആദ്യ പകുതയില്‍ ഗോളില്ല. രണ്ടാം പകുതി ആരംഭിച്ചതും നെവില്‍ ഡീസുസയിലുടെ ഇന്ത്യ ലീഡ് നേടി. 52-ാം മിനുട്ടിലായിരുന്നു ഈ ഗോള്‍. ഇന്ത്യന്‍ ക്യാമ്പ് മതിമറന്ന നിമിഷം. പക്ഷേ ആ ഗോള്‍ യുഗോസ്ലാവ്യക്കാരെയാണ് ഉയര്‍ത്തിയത്. അടുത്ത പതിനഞ്ച് മിനുട്ടില്‍ പീറ്റര്‍ തങ്കരാജ് കാത്ത ഇന്ത്യന്‍ വലയില്‍ മൂന്ന് തവണ പന്ത് എത്തി. 78-ാം മിനുട്ടില്‍ മുഹമ്മദ് സലീമിന്റെ രൂപത്തില്‍ സെല്‍ഫ് ഗോളും പിറന്നതോടെ 1-4 ന് ഇന്ത്യ തകര്‍ന്നു. അപ്പോഴും ചെറിയ പ്രതീക്ഷയുണ്ടായിരുന്നു. മൂന്നാം സ്ഥാന മല്‍സരത്തില്‍ ബള്‍ഗേറിയയെ പരാജയപ്പെടുത്തിയാല്‍ വെങ്കലം ലഭിക്കുമായിരുന്നു. ആ മല്‍സരത്തിലും ടീം പക്ഷേ മൂന്ന് ഗോള്‍ വാങ്ങി തോറ്റു. മെല്‍ബണ്‍ ഒളിംപിക്‌സിലെ ടോപ് സ്‌ക്കോറര്‍ നാല് ഗോള്‍ നേടിയ നെവില്‍ ഡീസൂസയായിരുന്നു. ഇന്ത്യന്‍ സംഘത്തിലെ ഡിഫന്‍സില്‍ ശക്തനായി നിന്നത് കോഴിക്കോട്ടുകാരന്‍ ടി.അബ്ദുള്‍ റഹ്മാന്‍ എന്ന ഒളിംപ്യന്‍ റഹ്മാനായിരുന്നു. 1960 ല്‍ റോമില്‍ നടന്ന ഒളിംപിക്‌സിലും ഇന്ത്യ പങ്കടുത്തു. സയ്യിദ് റഹീം തന്നെയായിരുന്നു പരിശീലകന്‍. പി.കെ ബാനര്‍ജി നായകനും. പക്ഷേ ഫ്രാന്‍സ്, പെറു, ഹംഗറി തുടങ്ങിയവരുള്‍പ്പെടുന്ന ശക്തരുടെ ഗ്രൂപ്പിലായിരുന്നു ഇന്ത്യ. ഫ്രാന്‍സിനോട് സമനില നേടാനായെങ്കിലും പെറുവിനോടും ഹംഗറിയോടും തകര്‍ന്ന ഇന്ത്യക്ക് ആദ്യ റൗണ്ട് കടക്കാനായില്ല. ഈ ഒളിംപിക്‌സിന് ശേഷം നമ്മുടെ ഫുട്‌ബോള്‍ ടീം ഒളിംപിക്‌സിന് യോഗ്യത നേടിയിട്ടില്ല. ഇന്നും നമ്മുടെ ഫുട്‌ബോള്‍ വിരഗാഥകളില്‍ നിറയുന്നത് മെല്‍ബണും ആ സെമി ഫൈനലുമാണ്.

കമാൽ വരദൂർ 🖋️

ആനപറമ്പിലെ വേൾഡ് കപ്പ് ഒരുക്കുന്ന കമാൽവരദൂർ എഴുതുന്ന 101 ഫുട്ബോൾ കഥകൾ നിങ്ങൾക്ക് സൗത്ത് സോക്കേഴ്സിലൂടെ വായിക്കാം 

0 comments:

Post a Comment

Blog Archive

Labels

Followers