Sunday, September 30, 2018

ചരിത്രങ്ങൾ മാറ്റി രചിക്കാൻ കേരളത്തിന്റെ കൊമ്പൻമാർ


ന്ത്യൻ എൽക്ലാസിക്കോയോട് കൂടെ തുടങ്ങിയ ഇന്ത്യൻ സൂപ്പർ ലീഗ് അഞ്ചാം സീസണിൽ തകർപ്പൻ പ്രകടനത്തോട് കൂടെ കേരളത്തിന്റെ മഞ്ഞപ്പട്ടാളം വിജയകാഹളം മുഴക്കി..

സീസൺ തുടങ്ങുമ്പോൾ അത്ര നന്നായി കളിക്കാറില്ല, കേട്ടു  പരിചയമില്ലാത്ത കളിക്കാർ, കൊൽക്കത്തയോട് ഇത് വരെ അവരുടെ തട്ടകത്തിൽ ജയിച്ചിട്ടില്ല, കളിയുടെ അവസാന പാദങ്ങളിൽ ബ്ലാസ്റ്റേഴ്‌സ് തളരാറാണ് പതിവ്, ഡിജെ അത്ര കഴിവുള്ള കോച്ച് ആണോ......??
സംശയങ്ങൾക്കും ആശങ്കകൾക്കും വിരാമമിട്ടുകൊണ്ട് സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽതാണ്ഡവമാടിയ  കേരളത്തിന്റെ സ്വന്തം കൊമ്പന്മാരുടെ ചിന്നം വിളിയിൽ ബ്ലാസ്റ്റേഴ്‌സ് ആരാധകർ കോരിത്തരിച്ചു പോയിക്കാണും. ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് മുൻ പരിശീലകൻ കൂടിയായ സ്റ്റീവ് കോപ്പലിന്റെ എടികെയെ തകർത്തെറിഞ്ഞത്.  77ആം മിനിറ്റിൽ പോപ്ലാന്റിക്കും 86 ആം മിനിറ്റിൽ  സ്റ്റോജനോവിക്കുമാണ് ബ്ലാസ്റ്റേഴ്സിന് വേണ്ടി ലക്ഷ്യം കണ്ടത്.

ഒരു യുവനിരയെ അണിനിരത്തി തനിക്കു എന്തു ചെയ്യാനാവുമെന്ന് കിംഗ് ഡിജെ കാണിച്ചു തന്നപ്പോൾ വിമർശകരുടെ വായടഞ്ഞു പോകുകയായിരുന്നു. മറുവശത്ത് എവെർട്ടൻ, ജോൺ ജോൺസൺ, കാലു ഉച്ചേ, ബൽവന്ത്,ലിങ്‌ദോ,  ഗേഴ്സൺ പിന്നെ തന്ത്ര കുതന്ത്രങ്ങളുടെ ആശാൻ സ്റ്റീവ് കോപ്പലും അണിനിരന്നപ്പോൾ ഒരു മികച്ച ജയം ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കുമോ എന്ന് സംശയിച്ചവരാണധികവും.
മറു വശത്തു ആദ്യപകുതിയിൽ തന്നെ യുവ താരങ്ങൾ ആയ ധീരജ്, സഹൽ, റാകിപ്, ലാലു, എന്നിവരെ ഇറക്കി ഡിജെ ഞെട്ടിച്ചു.തനിക്കു നൽകിയ അവസരത്തിന് പ്രകടനത്തിലൂടെയാണ് സഹൽ നന്ദി പ്രകടിപ്പിച്ചത്.. മികച്ച അവസരങ്ങൾ സൃഷ്ടിച്ചു കൊണ്ട് സഹൽ കത്തിക്കയറി. ആദ്യ പകുതി ഗോൾ രഹിതമായി അവസാനിച്ചെങ്കിലും മികച്ച പ്രകടനത്തിലൂടെ വരാൻ പോകുന്ന കൊടുങ്കാറ്റിന്റെ സൂചന ബ്ലാസ്റ്റേഴ്‌സ് നൽകി. രണ്ടാം പകുതിയിൽ പെകുസൺ, കിസിറ്റോ, വിനീത് എന്നിവരെയും ഡിജെ പരീക്ഷിച്ചു. മികച്ച രണ്ട് ഗോളുകളും ആരാധകരുടെ മനം കുളിർപ്പിച്ച പ്രകടനവും നടത്തിയാണ് ബ്ളാസ്റ്റേഴ്സ് കളം വിട്ടത്.
ബ്ലാസ്റ്റേഴ്‌സ് നിരയിൽ എല്ലാവരും നന്നായി തന്നെ പന്ത് തട്ടി. ഹോൾഡിങ് മിഡ്ഫീൽഡർ നിക്കോള, ലാലു, റാകിപ്, എന്നിവരുടെ പ്രകടനവും എടുത്തു പറയേണ്ടതാണ്. കൊമ്പന്മാരുടെ നായകൻ ജിങ്കാനും പെസിച്ചും പ്രതിരോധത്തിൽ വന്മതിൽ തീർത്തതോടെ എടികെ ആക്രമണം മുനയൊടിഞ്ഞു പോകുകയായിരുന്നു. അനസ്, സിറിൽ, പ്രശാന്ത് എന്നിവരുടെ അഭാവത്തിലും മികച്ച പ്രകടനം കാഴ്ച വെച്ച ടീമിനെ ഇനി എതിരാളികൾ ഭയപ്പെടേണ്ടി വരും എന്ന കാര്യത്തിൽ സംശയം ഒന്നുമില്ല. ഇന്ത്യൻ സൂപ്പർ ലീഗിലെ തന്ത്രജ്ഞനായ കോച്ചുമാരിൽ ഒരാളായി ഡിജെയും വിലയിരുത്തപ്പെടും.
മുംബൈ എഫ്‌സിയുമായുള്ള അടുത്ത മത്സരം കൊച്ചിയിൽ ആണെന്നുള്ളത് ആരാധകർക്ക് കൂടുതൽ ആവേശം പകരും. സ്റ്റേഡിയം മഞ്ഞകടലാക്കാനുള്ള തയ്യാറടുപ്പിലാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകർ.

0 comments:

Post a Comment

Blog Archive

Labels

Followers