Wednesday, September 12, 2018

ഏഷ്യൻ കിരീടപ്പോരാട്ടത്തിനൊരുങ്ങുന്ന കുട്ടിക്കടുവകൾ


മലേഷ്യയിൽ നടക്കുന്ന U16 എ എഫ് സി കപ്പിന് തയ്യാറെടുക്കുന്ന ഇന്ത്യൻ ടീമിലെ  കൗമാര താരങ്ങളെ നിങ്ങൾക്ക് പരിചയപ്പെടേണ്ടേ.
ഗോൾ കീപ്പർമാർ :
ലാൽബിയക്ലുവ ജോങ്‌ടെ, മണിക്ക് ബലിയൻ, നീരജ് കുമാർ എന്നിവരാണ് ഇന്ത്യൻ കൗമാര നിരയുടെ കാവൽക്കാർ. പൊസിഷനിങ്ങും ഫ്ലെക്സിബിലിറ്റിയും വേണ്ടുവോളമുണ്ട്. ബോളുകൾ അഡ്വാൻസ് ചെയ്തു അറ്റൻഡ് ചെയ്യാനുള്ള കഴിവും പ്രതിരോധ താരങ്ങളെ പൊസിഷനിൽ വിളിച്ചു നിർത്താനുള്ള പക്വതയും ഉള്ളത് കൊണ്ട് ഭാവിയിൽ മികച്ച താരങ്ങൾ ആകുമെന്നതിന് സംശയം ഇല്ല. നീരജ് കുമാർ ആയിരിക്കും മിക്കവാറും ആദ്യ ഇലവനിൽ സ്ഥാനം നേടുക.



പ്രതിരോധനിര :
തോയ്‌ബ സിങ്, ഗുർക്രീത് സിങ്, ഹർപ്രീത് സിങ്, ശബാസ് അഹമ്മദ്‌, സന്ദിപ് മണ്ഡി, സമീർ, ലാൽകോറിമാ, ബികാഷ്, മനീഷ് ചൗധരി എന്നിവരാണ് നീലക്കടുവകളുടെ പ്രതിരോധം കാക്കുന്നത്. എത്ര ശക്തമായ എതിർ  മുന്നേറ്റ നിര വന്നാലും പഴുതടച്ച പ്രതിരോധം ഭേദിക്കാൻ കുറച്ചു കഷ്ടപ്പെടേണ്ടി വരും. നിർണ്ണായക സമയങ്ങളിൽ ഇന്ത്യൻ  മുന്നേറ്റ നിരക്ക് കരുത്താകുന്ന 'സർജിക്കൽ സ്‌ട്രൈക്' നടത്താനും ഇവർ തയ്യാറാണ്. ഷബാസും ഹാപ്പിയും ചേർന്നുള്ള കോമ്പിനേഷൻ ഭാവിയിലെ അനസ് - ജിങ്കാൻ ദ്വയമായി കരുതാവുന്നതാണ്. അത്രക്ക് മനസ്സാന്നിധ്യവും ആത്മവിശ്വാസവും ഉള്ള രണ്ടുപേരാണിവർ.   ചുരുക്കത്തിൽ ഇവന്മാർ ചില്ലറക്കാരല്ലെന്ന് സാരം.
തോയ്‌ബയും ഗുർക്രീതുമൊക്കെ മിന്നൽ വേഗത്തിൽ മധ്യനിരക്കു മുന്നിലേക്ക് പന്തെത്തിക്കാൻ മിടുക്കരാണ്.

മധ്യനിര :
രവി റാണ, സൈലോ,എനം ജിർവാ,  ഗിവ്‌സൺ, റിക്കി, എറിക്, ശുബാം സാവന്ത്,ബുവനേഷ് എന്നിവരാണ് ഇന്ത്യൻ മധ്യ നിരയിലെ തന്ത്രങ്ങൾ മെനയുന്നത്. വേഗത, കൃത്യത, സൂക്ഷ്മത. ഇതാണ് ഇവരുടെ പ്രത്യേകത.സെറ്റ് പീസുകളിൽ മിടുക്കനായ ഗിവ്‌സൺ, ട്രിബിൾ ചെയ്തു മുന്നേറുന്നതിൽ അസാമാന്യ കഴിവുള്ള രവി റാണയും സൈലോയും പ്ലേ മേക്കർ റോളിൽ തിളങ്ങാറുള്ള റിക്കിയുമൊക്കെ ശ്രദ്ധിക്കേണ്ട താരങ്ങൾ തന്നെയാണ്.

മുന്നേറ്റ നിര :
ഇന്ത്യൻ നായകൻ വിക്രം പ്രതാപ് സിങ്,രോഹിത് ധനു, ബീകെ ഓറാം, റിഡ്ജ് മെൽവിൻ, ഹർപ്രീത്, ആദർശ് റായ്, ശുബുൻഗാസാ ബസുമാറ്റാറി,ഷാനോൻ എന്നിവരാണ് ഇന്ത്യൻ ആക്രമണത്തിലെ കുന്തമുനകൾ. സ്റ്റാർ സ്‌ട്രൈക്കർ രോഹിത് ധനു, ക്യാപ്റ്റൻ വിക്രം പ്രതാപ് സിങ് എന്നിവർ തന്നെയാകും സ്‌ട്രൈക്കിങ് പൊസിഷനിൽ ആദ്യ ഇലവനിൽ ഉണ്ടാവുക. മികച്ച പന്തടക്കവും ഷൂട്ടിംഗ് പവറും ഈ കുട്ടികൾക്കുണ്ട്.ഏത് പ്രതിരോധ നിരയിലെ വിള്ളലുകളും കണ്ടെത്താൻ മിടുക്കരാണിവർ. വിങ്ങർമായി ഇറങ്ങുന്ന ബികെ ഓറമും മെൽവിനും നൽകുന്ന ക്രോസുകൾ എതിർ ടീമിന്റെ പെനാൽറ്റി ബോക്സിനകത്ത് അപകടം വിതക്കുന്നവയാണ്.
ടീമിന്റെ കരുത്ത് : എതിരാളികളെ ഭയം ഇല്ല.ആരോടും ഒരു കൈ നോക്കാൻ തയ്യാർ.തുടർച്ചയായി പല ടീമുകളുമായി(തങ്ങളേക്കാൾ കരുത്തും പ്രായവും കൂടിയവരോട് ) മത്സരിച്ചു അനുഭവപരിചയം ആവോളം ഉണ്ട്. ഏഷ്യൻ ഗ്രൗണ്ടുകളിൽ മികച്ച റെക്കോർഡാണ് ഈ കുട്ടികടുവകൾക്ക്.

ടീമിന്റെ പോരായ്മ :
ഫിനിഷിങ്. അവിടെ മാത്രമാണ് നമ്മുടെ കുട്ടികൾ അല്പമെങ്കിലും പോരായ്മ കാണിക്കുന്നത്. ഒന്നിനൊന്നു മികച്ച അവസരങ്ങൾ സൃഷ്ടിക്കുമ്പോഴും അത് വലയിലെത്തിക്കാനുള്ള അമാന്തം ഒരു തലവേദന തന്നെയാണ്.ഇത്തവണ അതിൽ നിന്നെല്ലാം മാറ്റം ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു.

അണിയറയിലെ മാന്ത്രികൻ :
ബിബിയാനോ ഫെർണാണ്ടസ് എന്ന പേര് ഇന്ത്യൻ ഫുട്ബോൾ ലോകം വളരെ അഭിമാനത്തോടെയാണ് പറയുന്നത്. കുറച്ചു കാലമായി ഇന്ത്യൻ കൗമാര നിരയുമായി ഉലകം ചുറ്റുന്ന ഇദ്ദേഹം മികച്ച ഒരു പടയെത്തന്നെയാണ് വാർത്തെടുക്കുന്നത്. ഡഗ്ഔട്ടിൽ ബഹളങ്ങൾ ഒന്നും വെക്കാതെ ശാന്തനായി നിൽക്കുന്ന ഈ മനുഷ്യനാണ് ഇന്ത്യൻ ഫുട്ബോൾ ലോകത്തെ മജീഷ്യൻ..

ഈ 'സൈലന്റ് കില്ലറും' കുട്ടികളും  ഏഷ്യൻ കൗമാര കിരീടം ചൂടി വരുന്നതിനായി കാത്തിരിക്കുന്നു.പ്രാർത്ഥിക്കുന്നു..

ലേഖകൻ: റസാഖ് സൗത്ത് സോക്കേഴ്സ് 




0 comments:

Post a Comment

Blog Archive

Labels

Followers