ഏഷ്യൻ കരുത്തന്മാരുമായി അങ്കത്തിനിറങ്ങുന്ന നമ്മുടെ ഇന്ത്യൻ U16 ചുണക്കുട്ടികൾ നന്നായി തന്നെ തുടങ്ങി. വിയറ്റ്നാമിനെതിരെ കളിയുടെ അവസാനനിമിഷങ്ങളിൽ നേടിയ പെനാൽറ്റി ഗോളിലൂടെ നീലക്കടുവകൾ വിജയം കൊയ്തു. ഇന്ത്യൻ നായകൻ വിക്രം പ്രതാപ് സിങ്ങാണ് ഗോൾ നേടിയത്. കളിയിലുടനീളം നമ്മുടെ കുട്ടികൾ മേധാവിത്തം പുലർത്തി. എന്നാൽ 'ഫിനിഷിങ്'....??
പ്രതിരോധം എന്നും നമുക്ക് വിശ്വസിക്കാവുന്ന മേഖല തന്നെയാണ്. പ്രത്യേകിച്ച് ഇന്നത്തെ കളിയിൽ നമ്മുടെ മനം കവർന്ന ഏക മലയാളി താരം ശബാസ്. വലതു പാർശ്വത്തിൽ വിള്ളലുകൾ സൃഷ്ടിച്ചുകൊണ്ട് മുന്നേറുകയും അതു പോലെതന്നെ തിരിച്ചിറങ്ങി വന്ന് പ്രതിരോധം ഭദ്രമാക്കുകയും ചെയ്യുന്ന നമ്മുടെ 'ഷാനു' ഗംഭീര പ്രകടനം തന്നെയാണ് കാഴ്ച വെച്ചത്. മധ്യനിര അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ നന്നായി പരിശ്രമിച്ചു. രവി ബഹാദൂർ റാണ എന്ന നമ്മുടെ 'RR7' നടത്തിയ സർജിക്കൽ സ്‌ട്രൈക്കുകൾ പലപ്പോഴും എതിർ ഗോൾമുഖത്ത് അപകടം സൃഷ്ടിച്ചു.എന്നാൽ ക്യാപ്റ്റൻ വിക്രം പ്രതാപ് സിങ്ങും മെൽവിനും അവസരങ്ങൾ തുലക്കുന്നതും ചില സമയങ്ങളിൽ സ്വാർത്ഥരാണോ എന്ന് തോന്നിപ്പിക്കുന്ന വിധത്തിൽ കളിക്കുന്നതുമായി കണ്ടു. ഇത് വളരെയധികം ദോഷകരമാണ്. പ്രത്യേകിച്ച് നമ്മുടെ ഇനിയുള്ള എതിരാളികൾ വളരെ ശക്തരുമാണ്.തനിക്കു കിട്ടുന്ന അവസരങ്ങൾ മുതലാക്കാൻ സാധിക്കാത്തതിൽ വിക്രം അസ്വസ്ഥനാകുന്നത് കാണാമായിരുന്നു. ഗിവ്സോണും ബികെ ഓറമും ചില ശ്രമങ്ങൾ നടത്തി നോക്കിയെങ്കിലും ഫലം കാണാനായില്ല. ഏകദേശം മികച്ച അര ഡസൻ അവസരങ്ങളോളം നമ്മുടെ കയ്യിൽ നിന്നും പോയി. വിയറ്റ്നാം ഗോൾ കീപ്പറും പ്രതിരോധ താരങ്ങളും നടത്തിയ ചില മികച്ച നീക്കങ്ങൾ ബാക്കിയുള്ള മുന്നേറ്റങ്ങളുടെ മുനയൊടിക്കുകയും ചെയ്തു.
കഴിഞ്ഞ ഒന്നു രണ്ടു വർഷമായി നമ്മൾ മികച്ച രീതിയിൽ തന്നെ പരിശീലങ്ങൾ നടത്തുകയും സൗഹൃദമത്സരങ്ങളും ടൂർണമെന്റുകളും ജയിക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്. അതിന്റെ ഫലം നമുക്ക് കളിയിൽ കാണാനുമുണ്ട്. ഇവർ ഭാവിയിലെ താരരാജാക്കന്മാർ ആണെന്ന കാര്യത്തിൽ നമുക്ക് സംശയം ഒന്നും വേണ്ട. അത്രമാത്രം മികച്ച രീതിയിൽ കുട്ടികളെ പരിശീലിപ്പിക്കുന്നതിൽ ബിബിയാനോ ഫെർണാണ്ടസ് എന്ന 'സൈലന്റ് കില്ലർ' ആത്മാർത്ഥ പുലർത്തുന്നുണ്ട്. അതിനെല്ലാം ഫലം ലഭിക്കേണ്ട സുപ്രധാന ടൂർണമെന്റ് ആണിത്.
ഫിനിഷിങ്ങിലെ ആ 'ദുർഭൂതത്തെ' കുപ്പിയിലടക്കാൻ സാധിച്ചാൽ നീലക്കടുവകളുടെ ഗർജ്ജനം ദിഗന്തങ്ങളെ കിടിലം കൊള്ളിക്കും എന്ന കാര്യത്തിൽ നമുക്ക് യാതൊരു സംശയവും വേണ്ട. എ എഫ് സി U16 ടൂർണമെന്റിൽ ഇനിയെല്ലാ മത്സരങ്ങളും വിജയിച്ചുകൊണ്ട് നമ്മുടെ നീലക്കടുവകൾ ഏഷ്യൻ രാജകുമാരന്മാരുടെ കിരീടം ഭാരതത്തിന്റെ മണ്ണിൽ എത്തിക്കട്ടെ എന്ന് ആശംസിക്കുന്നു.. പ്രാർത്ഥിക്കുന്നു..
ലേഖകൻ: റസാഖ് സൗത്ത് സോക്കേഴ്സ്
0 comments:
Post a Comment